ദേവാസുരം: ഭാഗം 32 | അവസാനിച്ചു

Devasuram nila

രചന: നിള നിരഞ്ജൻ

രാത്രി ദേവന്റെ കൂടെ ആമി നിന്നോളാം എന്ന് പറഞ്ഞു. ആതിയോടു വീട്ടിൽ പോയിട്ട് ഹരിയുടെ കൂടെ ജാനകി നിന്നോളാം എന്നു പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല. അങ്ങനെ വീണ്ടും അവർ നാല് പേരും മാത്രമായപ്പോൾ ദേവൻ ചോദിച്ചു.. " ഞാൻ ചെയ്തത് തെറ്റായെന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ?" അവൻ അവരുടെ ഓരോരുത്തരുടെയും മുഖത്തേക്ക് നോക്കി.. "ഇല്ല ദേവേട്ടാ.. ദേവേട്ടൻ ചെയ്തത് ശരിയാണെന്നേ ഞാൻ പറയൂ.." കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം ആതിയാണ് അത് പറഞ്ഞത്. ആമിയും അവൾ പറഞ്ഞതിനെ ന്യായീകരിക്കുന്ന പോലെ തലയാട്ടി. ദേവൻ ഹരിയെ നോക്കി.. " ഞാൻ ഒരു ഡോക്ടർ ആണ്.. ഒരു ജീവൻ രക്ഷിക്കുന്നതിനെ അല്ലാതെ എടുക്കക്കുന്നതിനെ ന്യായീകരിക്കാൻ എനിക്കു കഴിയില്ല. പക്ഷെ ഒരു സമൂഹത്തിനെ മയക്കുമരുന്നിന് അടിമയാക്കുന്ന.. ഒരു കുഞ്ഞിനെ പോലും കൊന്നു അതിന്റെ അവയവങ്ങൾ വിറ്റു പൈസ ഉണ്ടാക്കുന്ന..മനസാക്ഷിയുടെ അംശം പോലും ഇല്ലാതെ ഒന്നുമറിയാത്ത മനുഷ്യരെ കൊന്നൊടുക്കുന്നവന്മാരെ ഇതല്ലാതെ എന്ത് ചെയ്യണമെന്ന് എനിക്കും അറിയില്ല.. " ദേവന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. " എബിനെയും റയാനെയും നിയമത്തിനു വിട്ടുകൊടുത്തിരുന്നെങ്കിൽ അവരുടെ അച്ചന്മാർ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് അവരെ രക്ഷപെടുത്തിയേനെ..

സ്വന്തം മക്കൾ എന്ത് തെറ്റ് ചെയ്താലും മാതാപിതാക്കൾ അത് ന്യായീകരിക്കുമല്ലോ.. പക്ഷെ ഇപ്പോൾ അവരുടെ മക്കളെ കൊന്നത് റോയ് മേമൻ ആണെന്ന് അറിയുമ്പോൾ അതെ സ്വാധീനം ഉപയോഗിച്ച് അവർ അയാൾക്ക്‌ ശിക്ഷ വാങ്ങി കൊടുത്തോളും.. അങ്ങനെ എല്ലാവരുടെയും കാര്യത്തിൽ ഒരു തീരുമാനം ആയിക്കൊള്ളും" അത് ശരിയാണെന്നു എല്ലാവര്ക്കും തോന്നി. പിന്നെയും എന്തൊക്കെയോ വർത്തമാനം പറഞ്ഞിരുന്നതിനു ശേഷം അവരെല്ലാം കിടക്കാൻ തീരുമാനിച്ചു. ഹരിയും ദേവനും അവരുടെ ബെഡുകളിൽ കിടന്നു. അവിടെയുള്ള ബൈ സ്റ്റാന്ഡേഴ്സ് ബെഡിൽ ആതിയോടു കിടന്നോളാൻ ആമി പറഞ്ഞു. ആമി സോഫയിലാണ് കിടന്നതു.. ദേവന്റെ ബെഡിന്റെ എതിർവശത്തായിരുന്നു സോഫ.. മുറിയിലെ ചെറിയ വെളിച്ചത്തിൽ ദേവൻ കണ്ണു തുറന്നു ആമിയെ നോക്കി കിടന്നു. ആമിയും ഉറങ്ങാതെ കിടക്കുകയായിരുന്നു. ദേവന്റെ നോട്ടം തന്റെ മുഖത്താണെന്നു മനസിലാക്കി അവൾ കണ്ണുകൾ അടച്ചു കിടന്നു. കുറച്ചു കഴിഞ്ഞു കണ്ണ് തുറന്നു നോക്കുമ്പോഴും അവന്റെ നോട്ടം അവളുടെ മുഖത്തായിരുന്നു. അത് കണ്ടു അവൾ പിന്നെയും കണ്ണുകൾ അടച്ചു.. ദേവൻ അപ്പുറത്തെ ബെഡുകളിലേക്കു നോക്കി.. ഹരിയും ആതിയും ഉറക്കമാണെന്നു ഉറപ്പിച്ചു ദേവൻ തന്റെ ഫോൺ എടുത്തു.

അന്ന് ഹരിയേയും ദേവനെയും രക്ഷിക്കാൻ വന്ന ദേവന്റെ കൂട്ടുകാർ ദേവന്റെ ഫോൺ എടുത്തു മാറ്റിയിരുന്നു. ഇന്ന് അവനെ കാണാൻ വന്നപ്പോൾ അവർ അവനു അത് തിരികെ കൊടുത്തിട്ടാണ് പോയത്.തന്റെ ഫോണിൽ മെസ്സേജിന്റെ പതിഞ്ഞ ടോൺ കേട്ടപ്പോൾ ആമി അതെടുത്തു നോക്കി.. " എന്റടുത്തേക്കു വാ" " ഇല്ല" " പ്ളീസ്.. എനിക്ക് തല വേദനിക്കുന്നു.. മരുന്ന് വേണം" അവൾ സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി. അവൻ തലയിൽ വേദന ആണെന്ന പോലെ അവളെ തന്റെ തലയിൽ തൊട്ടു കാണിച്ചു. അവൾ ഹരിയേയും ആതിയെയും ഒന്ന് നോക്കിയ ശേഷം എഴുനേറ്റു അവന്റെ അടുത്തേക്ക് ചെന്നു . അവന്റെ മരുന്നെടുത്തു അവന്റെ നേരെ നീട്ടി. അവൻ ആ ഗുളിക വാങ്ങി ടേബിളിലേക്കു തിരിച്ചു വച്ച ശേഷം അവളുടെ കയ്യെടുത്തു തന്റെ നെറ്റിയിൽ വച്ചു "എനിക്ക് ഈ മരുന്ന് മതി.." അവൾ ഒരു ചിരിയോടെ അവന്റെ അടുത്തിരുന്നു. " ഇതേ.. വെറും പൊലീസല്ല.. കള്ള പോലിസാ" അവൻ അവളുടെ മുഖം തന്നോടടുപ്പിച്ചു.. അവൾ ഒരു കൈ അവന്റെ നെഞ്ചിൽ വച്ചു " വേണ്ടാട്ടോ.. അപ്പുറത്താളുണ്ട് " " ഇല്ലെന്നേ.. അവരൊക്കെ ഉറക്കമാ" അവൻ അവളുടെ മുടിയിഴയിലൂടെ പിന്കഴുത്തിൽ കയ്യിട്ടു പിടിച്ചു അവളുടെ മുഖം തന്നിലേക്കടുപ്പിച്ചു. "

മനസ്സിൽ യാതൊരു ഭാരവുമില്ലാതെ നിന്നെ ഒന്ന് അടുത്ത് കിട്ടാൻ കൊതിച്ചു എത്ര നാളായെന്നു അറിയോ പെണ്ണെ?" അവന്റെ കണ്ണുകളിലെ പ്രണയവും വാക്കുകളിലെ ആഗ്രഹവും അവളുടെ ഉള്ളിലേക്കും പടർന്നു.. അവന്റെ ചുണ്ടുകളെ സ്വീകരിക്കാനായി തയ്യാറായി അവളും കണ്ണുകളടച്ചു തയ്യാറായി..പെട്ടെന്നാണ് അവരുടെ അപ്പുറത്തു നിന്ന് പതിഞ്ഞ ഒരു ചിരി കേട്ടത്.. അവർ രണ്ടാളും ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ അവരെ നോക്കി വായ പൊത്തി ചിരിക്കുന്ന ആതിയെയും ഹരിയെയുമാണ് കണ്ടത്., " പാടില്ല.. പാടില്ല.. നമ്മെ നമ്മൾ..." ഹരി അവരെ നോക്കി പാടി. " ഉറങ്ങുന്ന പോലെ അഭിനയിച്ചു കിടന്നാൽ കുറച്ചു കഴിയുമ്പോൾ ഇവിടെ എന്തെങ്കിലുമൊക്കെ നടക്കുമെന്ന് ഹരിയേട്ടൻ പറഞ്ഞിരുന്നു" ആതി ചിരിച്ചു കൊണ്ട് പറഞ്ഞു.. " നാളെ തന്നെ എനിക്ക് വേറെ റൂം വേണം" എന്ന് പറഞ്ഞു ദേവൻ കണ്ണടച്ച് കിടന്നു. ചമ്മിയ ചിരിയോടെ ആമിയും സോഫയിൽ പോയി കണ്ണടച്ച് കിടന്നു. അവരെ നോക്കി ചിരിയോടെ ഹരിയും ആതിയും കിടന്നു. ഒരു മാസത്തോളം ഹരിക്കും ദേവനും ഹോസ്പിറ്റൽ കഴിയേണ്ടി വന്നു. ആ സമയം കൊണ്ട് റോയ് മേമനെയും കൂട്ടരെയും അൻവറും കൂട്ടരും കോടതിയിൽ ഹാജരാക്കി റിമാൻഡിൽ വാങ്ങിയിരുന്നു. തനിക്കു ചതിവ് പറ്റി എന്ന് മനസിലായെങ്കിലും പണി ഏതു വഴി ആണ് വന്നതെന്ന് അയാൾക്ക്‌ മനസിലായില്ല.

ദേവൻ പറഞ്ഞ പോലെ തന്റെ മക്കളെ കൊന്നവർക്കു ശിക്ഷ വാങ്ങിക്കൊടുക്കാൻ വര്ഗീസും ബഷീറും തങ്ങളുടെ സ്വാധീനം മുഴുവനും ഉപയോഗിച്ചു . അൻവറിന്റെ പണി അങ്ങനെ എളുപ്പവുമായി. ഹോസ്പിറ്റലിൽ കഴിയുന്ന സമയമൊക്കെയും ദേവന്റെ മനസ്സ് ആമിയോടൊത്തു ഒറ്റയ്ക്ക് സമയം ചിലവഴിക്കൻ കൊതിക്കുകയായിരുന്നു. അത് അവൻ പലപ്രാവശ്യം കണ്ണുകൾ കൊണ്ടും വാക്കുകൾ കൊണ്ടും അവളെ അറിയിക്കുന്നുണ്ടായിരുന്നു. അവളും അത് ആഗ്രഹിക്കുന്നുണ്ടെങ്കിലും പ്രകടിപ്പിച്ചില്ല. അവരെ ഡിസ്ചാർജ് ചെയ്തു വീട്ടിൽ കൊണ്ട് വന്ന ദിവസം അവരെ കാണാൻ അമ്മൂമ്മ വന്നിട്ടുണ്ടായിരുന്നു. ഇനിയിപ്പോൾ അമ്മൂമ്മ ശ്രീക്കുട്ടിയുടെ കല്യാണം കഴിഞ്ഞു തിരിച്ചു പോവുന്നുള്ളു എന്ന തീരുമാനത്തിലാണ് വന്നത്. അത് കേട്ടപ്പോൾ എല്ലാവര്ക്കും സന്തോഷമായി. ഗീതയും സോമനും നന്ദനത്തിൽ എത്തിയിട്ടുണ്ടായിരുന്നു. ദേവൻ അവർ വിചാരിച്ചതു പോലെ ചട്ടമ്പി അല്ലാത്തതും ശ്രീകുട്ടിക്കു ഇത്രയും വലിയ കുടുംബത്തിൽ നിന്ന് കല്യാണ ആലോചന വന്നതും ഗീതക്ക് തീരെ ദഹിക്കുനുണ്ടായിരുന്നില്ല. പക്ഷെ ആതിയോടു പറഞ്ഞു കുത്തിത്തിരുപ്പു ഉണ്ടാക്കാനുള്ള പദ്ധതിയൊന്നും നടക്കുന്നുമില്ല. അത് കൊണ്ട് എല്ലാവരുടെയും സന്തോഷം കണ്ടു ഒട്ടും സന്തോഷമില്ലാതെ അവർ ഇരുന്നു. ഉച്ചക്ക് എല്ലാവരും കൂടി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ശ്രീക്കുട്ടി അത് പറഞ്ഞത് "

ടീവിയിൽ ദേവേട്ടൻ പോലീസാണെന്നു പറഞ്ഞപ്പോൾ അമ്മൂമ്മ ഞെട്ടി പോയി കാണുമല്ലോ അല്ലെ?" അമ്മൂമ്മ ദേവനെയും ദേവൻ അമ്മൂമ്മയേയും നോക്കി ചിരിച്ചു " ആക്ച്വലി അമ്മൂമ്മക്ക്‌ നേരത്തെ അറിയാമായിരുന്നു ഞാൻ പോലീസാണെന്നു.." എല്ലാവരും അത്ഭുദത്തോടെ രണ്ടാളെയും മാറി മാറി നോക്കി. " അന്ന് എന്റെയും ആമിയുടെയും കല്യാണത്തെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുന്ന സമയത്തു അമ്മൂമ്മ ഇവിടെ വന്നില്ലേ ഈ കല്യാണം നടക്കില്ലെന്നു പറയാൻ.. അന്ന് ഞാൻ അമ്മൂമ്മയോടു മാത്രം എല്ല സത്യങ്ങളും പറഞ്ഞിരുന്നു. അതിനു ശേഷമാണു അമ്മൂമ്മ കല്യാണത്തിനു സമ്മതിച്ചത്.." "പിന്നെ നിങ്ങളൊക്കെ എന്ത വിചാരിച്ചതു.. ഒരു കവലച്ചട്ടമ്പിക്ക് ഞാൻ എന്റെ കൊച്ചിനെ കൊടുക്കുമെന്നു?" അമ്മൂമ്മ ചോദിച്ചു.. "പോലീസുകാരൻ ആണെന്നെ ഉള്ളു.. സ്വഭാവം ഇപ്പോഴും കവലച്ചട്ടമ്പിയുടെ തന്നെയാ.." ഹരി അത് പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു. ഗീതയുടെ മുഖം മാത്രം വീർത്തിരുന്നു " 'അമ്മ അറിഞ്ഞിട്ടും 'അമ്മ ഞങ്ങളോട് പറയാതിരുന്നത് മോശമായിപ്പോയി.. " " മനഃപൂർവം തന്നെയാ പറയാതിരുന്നത്.. ഇവൻ ജോലിയും കൂലിയും ഇല്ലാത്തവൻ ആണെന്ന് ഓർത്തല്ലേ നീ ആമിമോളെ ഇവന് കെട്ടിക്കാൻ സമ്മതിച്ചത്.. ഇവൻ വലിയ ആപ്പീസർ ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ നീ അത് മുടക്കില്ലായിരുന്നോ?"

ആ ഒരു ചോദ്യത്തിൽ ഗീതയുടെ വായടഞ്ഞു. എല്ലാവരും കഴിച്ചു കഴിഞ്ഞപ്പോൾ ആമി പ്ലേറ്റ് എല്ലാം എടുത്തു കഴുകി വയ്ക്കുകയായിരുന്നു. അപ്പോഴാണ് ഗീത അങ്ങോട്ടേക്ക് വന്നത്.. " അതേയ്.. ഇനി മുതൽ വീട്ടു പണി ഒക്കെ നീ ഒറ്റയ്ക്ക് ചെയ്താൽ മതി.. ആതിക്കു വയ്യാതിരിക്കുവാ.. അവളുടെ പ്രസവം കഴിയുന്ന വരെ നീ ഇനി ക്ലാസിനു ഒന്ന് പോകണ്ട.. അവളെ നോക്കാൻ ഇവിടെ ആരെങ്കിലും വേണ്ടേ?" " അത് അമ്മയാണോ തീരുമാനിക്കുന്നെ?" ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയാ ഗീത ആതിയെ കണ്ടു പറഞ്ഞു " മോളെ.. നിനക്ക് വേണ്ടിയാ ഞാൻ.." " വേണ്ട.. 'അമ്മ പറയാതെ തന്നെ ഇവിടെ എല്ലാവരും എന്നെ നന്നായി നോക്കുന്നുണ്ട്.. ഞാൻ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോൾ മുതൽ ഇവിടെ ആരും എന്നെ കൊണ്ട് ഒരു പണിയും ചെയ്യിപ്പിച്ചിട്ടില്ല. പിന്നെ ആമി എന്ത് ചെയ്യണമെന്ന് തീരുമാനിക്കാൻ ഇവിടെ വേറെ ആൾക്കാരുണ്ട്.." ഗീത ഒന്നും പിന്നെ പറയാൻ നിന്നില്ല. അന്നത്തെ ദിവസം എല്ലാവരുടെയും ചിരിയും കളിയുമായി പോയി. രാത്രി തന്റെ മുറിയിൽ ആമിക്കു വേണ്ടി അക്ഷമനായി കാത്തിരിക്കുകയായിരുന്നു ദേവൻ. പണിയെല്ലാം ഒതുക്കി മുറിയിലെത്തിയ ആമി അവനെ ഒന്ന് നോക്കി ഡ്രെസ്സുമെടുത്തു മേല് കഴുകാനായി ബാത്‌റൂമിൽ കയറി. ഷവറിനു കീഴിൽ നിൽക്കുമ്പോൾ അവൾക്കറിയാമായിരുന്നു

ഇന്നത്തെ രാത്രി തങ്ങൾ രണ്ടു പേരും കാത്തിരുന്ന ആ രാത്രി ആയിരിക്കുമെന്ന്. ആ ചിന്ത വന്നപ്പോൾ അവൾ തന്റെ മുടി അഴിച്ചു ഷവറിനു മുന്നിലേക്ക് പിടിച്ചു. സാധാരണ രാത്രിയിൽ മേല് മാത്രം കഴുകാറുള്ള ആമി അന്ന് കുളിച്ചിറങ്ങി വരുന്നത് ദേവൻ കണ്ടു. അവൾ കണ്ണാടിയിൽ നോക്കി മുടി ചീകാൻ തുടങ്ങിയപ്പോഴേക്കും അവൻ പിറകിൽ നിന്ന് വന്നു അവളെ കെട്ടിപിടിച്ചു " ഇന്നെന്താ ആമിക്കുട്ടി പതിവില്ലാതെ രാത്രിയിൽ ഒരു കുളിയൊക്കെ?" " അതെന്താ എനിക്ക് കുളിക്കാൻ പാടില്ലേ?" " അങ്ങനല്ല.. ഞാൻ വിചാരിച്ചു എനിക്ക് വേണ്ടിയാണെന്ന്.." " അതെങ്ങനെ?" " അതോ.. നിന്നിൽ നിന്ന് വരുന്ന ഈ സോപ്പും കൂടിച്ചേർന്ന ഗന്ധം കൊണ്ട് എന്നെ മത്തുപിടിപ്പിക്കാൻ.." വയറ്റിലുള്ള അവന്റെ കൈ മുറുകുന്നതും അവന്റെ ശരീരം തന്റെ പുറത്തു അമര്ന്നതും അവൾ അറിഞ്ഞു. അവൻ പതിയെ അവളുടെ നനഞ്ഞ മുടി മുന്നിലേക്കിട്ടു അവളുടെ കാതോരം ചുണ്ടുകൾ ചേർത്തു " പിന്നെ..ഈ കഴുത്തിൽ ചേർന്നിരിക്കുന്ന വെള്ളത്തുള്ളികൾ എനിക്കിങ്ങനെ ചുണ്ടു കൊണ്ട് ഒപ്പിയെടുക്കാൻ" അവന്റെ ചുണ്ടുകൾ അവളുടെ പിന്കഴുത്തിൽ അമർന്നു തുടങ്ങിയപ്പോൾ അവൾ കണ്ണുകൾ ഇറുക്കി അടച്ചു.. അവന്റെ ചുണ്ടുകൾ അവളുടെ പിന്കഴുത്തിലാകെ അലഞ്ഞു നടന്നു..

അവളെ തിരിച്ചു നിർത്തി പതിയെ അവളുടെ കഴുത്തിനടിയിലേക്കു മുഖം അമർത്തി.. അവൾ വിരലുകൾ കൊണ്ട് അവന്റെ മുടിയിഴകളിൽ അമർത്തി പിടിച്ചു.. അവന്റെ കൈകൾ അവളുടെ നഗ്മയെ വയറിനെ തഴുകി അവളിലെ വികാരങ്ങളെ ഉണർത്തികൊണ്ടിരുന്നു.. ഇനിയും അവളിലേക്ക്‌ ചേരാതെ തനിക്കാവില്ലന്നു മനസിലായപ്പോൾ അവൻ അവളെ വാരിയെടുത്ത് കട്ടിലിലേക്ക് നടന്നു.. കട്ടിലിൽ കിടത്തി അവൻ അവളോട് ചേർന്ന് കിടന്നു.. "ഞാൻ എടുത്തോട്ടെ നിന്നെ മുഴുവനായും?" അതിനു മറുപടിയെന്നോണം അവൾ അവന്റെ കഴുത്തിലൂടെ കയ്യിട്ടു ചുറ്റി പിടിച്ചു അവന്റെ ചുണ്ടുകളിലേക്കു തന്റെ ചുണ്ടുകൾ ചേർത്തു . കുറച്ചു നേരത്തിനു ശേഷം ചെറിയ തളർച്ചയോടെ ദേവൻ ആമിയുടെ മാറിൽ മുഖമണച്ചു കിടക്കുമ്പോഴാണ് അവൾ ചോദിച്ചതു.. " ദേവേട്ടൻ വലിയ പൊലീസല്ല? എന്റെ അച്ഛനെയും അമ്മയെയും കണ്ടു പിടിചു തരുമോ?" അവൻ അതിശയത്തോടെ മുഖമുയർത്തി അവളെ നോക്കി. ആദ്യമായാണ് അവളുടെ അച്ഛനമ്മമാരെ പറ്റി അവൾ എന്തെങ്കിലും ചോദിക്കുന്നത്.. " എന്താ പെട്ടെന്ന് അങ്ങനെ തോന്നാൻ? എന്റെ സ്നേഹം കുറഞ്ഞു പോകുന്നുണ്ടോ? " അതല്ല.. വെറുതെ അങ്ങനെ തോന്നി.." " അതിപ്പോ നിന്നെ ഗുരുവായൂർ അമ്പലനടയിൽ നിന്ന് കിട്ടി എന്ന് മാത്രമല്ലേ നമുക്കറിയൂ.. മുത്തശ്ശൻ ഒരിക്കലും അതിനെ പറ്റി ആരോടും ഒന്നും പറഞ്ഞിട്ടില്ല.. ചോദിക്കാമെന്ന് വച്ചാൽ പുള്ളിക്കാരൻ ഇപ്പോൾ ഇല്ല താനും..

ഇത്രയും കുറഞ്ഞ വിവരം വച്ച് എനിക്ക് ഒന്നും ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല.. പിന്നെ ചെയ്യാൻ പറ്റുന്ന ഒരു കാര്യമുണ്ട്.." എന്താണെന്ന മട്ടിൽ അവൾ അവനെ നോക്കി " എന്റെ നെഞ്ചിലെ ശ്വാസം നിലയ്ക്കുന്ന വരെ നിന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ അവർ നിന്നെ സ്നേഹിക്കുന്നതിലും നൂറിരട്ടി ഞാൻ സ്നേഹിച്ചോളാം.. അത് മതിയോ?" അവളുടെ കണ്ണുകൾ നിറഞ്ഞു..ആ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയിൽ നിന്നും അവനു മനസിലായി അവൾക്കത് മതി എന്ന്.. സ്നേഹത്തോടെ അവളുടെ നിറുകയിൽ ചുംബിച്ചു അവൻ അവളെ തന്റെ നെഞ്ചോടു ചേർത്ത് പൊതിഞ്ഞു പിടിച്ചു. ആ നെഞ്ചിന്റെ മിടിപ്പ് കേട്ടുകൊണ്ട് അവൾ ഉറങ്ങി.. പിന്നീടുള്ള ദിവസങ്ങൾ നന്ദനത്തിൽ എല്ലാ അർത്ഥത്തിലും സന്തോഷം നിറഞ്ഞു നിന്നു . ദേവൻ രണ്ടാഴ്ചയും കൂടെ കഴിഞ്ഞപ്പോൾ ജോലിക്കു കയറി. അവനു എറണാകുളത്തു തന്നെ കമ്മീഷണർ ആയി പോസ്റ്റിങ്ങ് കിട്ടി. ഹരിയും ജോലിക്കു പോയി തുടങ്ങി.. മേമൻ ഹോസ്പിറ്റലിൽ നിന്ന് രാജി വയ്ക്കാൻ അവൻ തീരുമാനിച്ചിരുന്നെങ്കിലും വര്ഗീസ് മേമൻ തന്നെ നേരിട്ട് വിളിച്ചു അവനോടു ജോലിയിൽ തുടരാൻ അപേക്ഷിച്ചപ്പോൾ അവൻ ആ തീരുമാനം വേണ്ടാന്നു വച്ചു .

ഹരിയുടെ ജോലിയോടുള്ള ആത്മാർത്ഥത ഇപ്പോൾ എല്ലാവരും അറിഞ്ഞത് കാരണം അവൻ ഇപ്പോൾ നല്ല തിരക്കാണ് .. ആമി തന്റെ പഠനവും വീട്ടുജോലികളുമായി കഴിയും ദേവൻ ജോലി കഴിഞ്ഞു വരുന്നതു വരെ.. വന്നു കഴിഞ്ഞാൽ അവനു എല്ലാത്തിനും അവൾ തന്നെ വേണം.. കുറച്ചു നാൾ സാഹചര്യങ്ങൾ കാരണം അന്യോന്യം കൊടുക്കാൻ പറ്റാത്ത പ്രണയം മുഴുവൻ ഇപ്പോൾ ഇരട്ടിയായി തിരിച്ചു കൊടുക്കുന്ന തിരക്കിലാണ് രണ്ടാളും.. അവൾക്കു ഒരു ജോലിയാകുന്നത് വരെ തങ്ങളുടെ ഇടയിലേക്ക് ആരും വെണ്ട എന്ന തീരുമാനം അവർ എടുത്തിരുന്നു.. ആതി ഏഴാം മാസത്തിലെ ചടങ്ങും കഴിഞ്ഞു അവളുടെ വീട്ടിലാണ്.. അവൾക്കു പോകാൻ ഇഷ്ടമില്ലായിരുന്നെങ്കിലും ഇനി അതും കൂടി വേണ്ടാന്നു പറഞ്ഞാൽ ഗീതക്ക് വിഷമമാകും എന്നു പറഞ്ഞു ജാനകി അവളെ നിർബന്ധിച്ചു പറഞ്ഞയക്കുകയായിരുന്നു. ശ്രീക്കുട്ടിയുടെ കോഴ്സ് തീരാൻ ഇനിയും 4 മാസം കൂടിയുണ്ട്.. അത് കഴിഞ്ഞു ഏറ്റവും അടുത്തുള്ള ശുഭ മുഹൂർത്തത്തിൽ അവളുടെ കല്യാണം തീരുമാനിച്ചു വച്ചിരുന്നു. അമ്മൂമ്മയും ജാനകിയും രവിയുമെല്ലാം മക്കളുടെയും കൊച്ചു മക്കളുടെയും സന്തോഷവും ചിരിയും എല്ലാം കണ്ടു ഹാപ്പി ആണ്.. 2 വര്ഷങ്ങള്ക്കു ശേഷം ------------------------

ദേവൻ ഹോസ്പിറ്റലിൽ ഓടിയെത്തുമ്പോൾ ആമിയെ ലേബർ റൂമിലേക്ക് കയറ്റി എന്ന വാർത്തയാണ് കിട്ടിയത്.. ആമിക്കു ഒരാഴ്ച കഴിഞ്ഞായിരുന്നു തീയതി പറഞ്ഞിരുന്നത്.. അവൻ ചെല്ലുമ്പോൾ എല്ലാവർ ലേബർ റൂമിനു മുന്നിലുണ്ട്.. അവൻ അപ്പോഴും പോലീസ് യൂണിഫോമിൽ തന്നെ ആയിരുന്നു. രവിയുടെ മടിയിലിരുന്ന് 2 വയസ്സുകാരൻ അദ്വൈത് എന്ന അമ്പാടി നല്ല കളിയാണ്. അവനെ കണ്ടപ്പോൾ ഉടനെ " ദേവച്ച" എന്ന് വിളിച്ചോണ്ട് അവന്റെ നേരെ കൈകൾ നീട്ടി.. അവൻ കുഞ്ഞിനേയുമെടുത്തു രവിയുടെ അടുത്തായിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ മനസമാധാനം കിട്ടാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി. അവന്റെ ടെൻഷൻ കണ്ടു ഹരിയും സിധുവും അടക്കി ചിരിക്കുന്നുണ്ടായിരുന്നു " വലിയ പോലീസ് ആണ് പോലും.. മൂർഖനാണെന്നോ അണലിയാണെന്നോ ഒക്കെയാ പറച്ചിൽ.. ഇപ്പൊ കണ്ടില്ലേ.. എലിയെ പോലെ നടക്കുന്നത്.. ആതിയും ശ്രീകുട്ടിയും കൂടി അവരെ നോക്കി പേടിപ്പിച്ചു . കുറച്ചു നേരം കഴിഞ്ഞപ്പോൾ ലേബർ റൂമിന്റെ വാതിൽ തുറന്നു നേഴ്സ് പുറത്തേക്കു വന്നു.. ദേവൻ ഓടി ചെന്നു " അവന്തിക പ്രസവിച്ചു.. പെൺകുട്ടികളാണ് .. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു..

കുട്ടികളെ ഇപ്പോൾ കൊണ്ട് വരും കേട്ടോ" ബ്ലാങ്കറ്റിൽ പൊതിഞ്ഞു തന്റെ കയ്യിലേക്ക് തന്ന തന്റെ പൊന്നോമനകളെ ദേവൻ കണ്ണെടുക്കാതെ നോക്കി നിന്നു . ദേവന്റെ കയ്യിൽ ഇരിക്കുന്ന കുഞ്ഞുങ്ങളെ നോക്കുമ്പോൾ പണ്ട് ദേവനെയും ഹരിയേയും ഇത് പോലെ തന്റെ കയ്യിലേക്ക് ഏറ്റു വാങ്ങിയത് രവിശങ്കർ ഓർത്തു. ആമിയെ മുറിയിലേക്ക് മാറ്റിയപ്പോൾ അവൻ അവളെ കാണായി അകത്തേക്ക് കയറി. കട്ടിലിൽ തളർന്നു കിടക്കുന്ന ആമിയുടെ മുഖത്ത് അപ്പോഴും ചിരിയുണ്ടായിരുന്നു. അവൻ ആമിയുടെ കൈകൾ തന്റെ കൈകളിൽ എടുത്തു നെറ്റിയിൽ ചുംബിച്ചു.... ആമിയുടെ ചൂടും പറ്റി ഉറങ്ങുന്ന അവരുടെ പൊന്നോമനകൾ അപ്പോൾ ഉറക്കത്തിൽ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. [ഇനി അവർ എല്ലാം ഹാപ്പിയായി ജീവിച്ചോട്ടെ.. എന്റെ ഈ കഥ വായിച്ചു നന്ദനത്തിലെ എല്ലാ അംഗങ്ങളെയും സ്നേഹിച്ച എനിക്ക് എഴുതാൻ പ്രചോദനമായ എല്ലാവർക്കും ഒരുപാടു നന്ദി.. കഥ ഇഷ്ടമായെങ്കിൽ ഇന്ന് എനിക്ക് വേണ്ടി രണ്ടു വാക്ക് കുറിക്കുമെന്നു പ്രതീക്ഷിക്കുന്നു.. ഇനിയൊരു കഥ എപ്പോഴാണ് മനസ്സിൽ വരിക എന്നറിയില്ല.. അങ്ങനൊന്നും വരുമ്പോൾ വീണ്ടും എഴുതാം..] 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story