ദേവാസുരം: ഭാഗം 4

Devasuram nila

രചന: നിള നിരഞ്ജൻ

ഇഷ്ടപെടില്ലന്നു അറിഞ്ഞിട്ടും ആതിയെ വിളിച്ചു നോക്കി. എത്ര വിളിച്ചിട്ടും അവൾ വിളി കേട്ടില്ല. ഇനി ഹെഡ്സെറ്റ് എങ്ങാനും വച്ച് ഇരിക്കുകയാണോ എന്നോർത്ത് അവൾ മൊബൈലിലേക്ക് വിളിച്ചു നോക്കിയെങ്കിലും അതിനും മറുപടി കിട്ടിയില്ല. അതോടെ അവൾ ഉറങ്ങുകയോ ടീവി കാണുകയോ ആണെന്ന് ആമിക്കു ബോധ്യമായി. അവൾ തളർച്ചയോടെ കട്ടിലിൽ തന്നെ കിടന്നു. ഭാഗം 4 ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോൾ ജാനകി ആമിയുടെ ഫോണിലേക്കു വിളിച്ചു. അവൾ ഫോണെടുത്തു ഹലോ എന്ന് പറഞ്ഞപ്പോൾ തന്നെ അവളുടെ ശബ്ദത്തിലെ വയ്യായ്ക അവർ തിരിച്ചറിഞ്ഞു. " എന്താ മോളെ.. നിനക്ക് തീരെ വയ്യേ?" " കുഴപ്പമില്ല അപ്പച്ചി.. " " നീ എന്തെടുക്കുവാ?" " കിടക്കുവായിരുന്നു" " നീ വല്ലതും കഴിച്ചായിരുന്നോ?" " ഞാൻ കഴിച്ചു.. " " മരുന്നോ ?" " മരുന്നും കഴിച്ചു" " തീരെ വയ്യെങ്കിൽ വിളിക്കണേ മോളെ" " ശെരി അപ്പച്ചി" ഫോൺ വച്ച് കഴിഞ്ഞും അവളുടെ തളർന്ന സ്വരം ജാനകിയുടെ മനസ്സിനെ അസ്വസ്ഥമാക്കി. ശരിക്കും ഉള്ള അവളുടെ അവസ്ഥ അറിയാൻ അവർ ഉടനെ ആതിയെ വിളിച്ചു. ഫോൺ മുഴുവൻ ബെല്ലടിച്ചു നിന്നു . ഒന്നുടെ വിളിച്ചു നോക്കിയെങ്കിലും എടുത്തില്ല. ഓഫീസിൽ ഇരുന്നാലും ഇനി സ്വസ്ഥത കിട്ടില്ലെന്ന്‌ തോന്നിയത് കൊണ്ട് അപ്പോൾ തന്നെ ഹാഫ് ഡേ ലീവ് പറഞ്ഞു വീട്ടിലേക്കു പോന്നു .

അപ്പച്ചിയോടു ഭക്ഷണവും മരുന്നും കഴിച്ചെന്നു കള്ളം പറഞ്ഞതിൽ ആമിക്കു വിഷമം തോന്നി. സത്യം പറഞ്ഞാൽ ആതിയുടെ മേൽ കുറ്റം വരും. പിന്നെ അവൾക്കു തന്നോടുള്ള ദേഷ്യം ഇനിയും കൂടും. തത്ക്കാലം അപ്പച്ചി വരുന്ന വരെ എങ്ങനെയെങ്കിലും കിടന്നു കഴിച്ചു കൂട്ടാ0. ബാക്കി കാര്യങ്ങൾ പിന്നീട് തീരുമാനിക്കാം. അവൾ വീണ്ടും കണ്ണടച്ച് ഉറങ്ങാൻ ശ്രമിച്ചു കൊണ്ടിരുന്നു. ജാനകി ഹാളിലേക്ക് കയറിയപ്പോൾ കണ്ടു ടീവി നല്ല ഉച്ചത്തിൽ വച്ച് സോഫയിൽ റിമോട്ടും കയ്യിൽ പിടിച്ചു കിടന്നുറങ്ങുന്ന ആതിയെ. അപ്പോൾ അതാണ് വിളിച്ചിട്ടു എടുക്കാഞ്ഞത്. അവൾ നേരെ ആമിയുടെ മുറിയിലേക്ക് കയറി ചെന്നു . മുറിയിലേക്ക് ആരോ കയറി വരുന്ന ഒച്ച കേട്ട് ആമി കണ്ണ് തുറന്നു നോക്കിയപ്പോൾ അപ്പച്ചിയാണ്. അവളുടെ കിടപ്പു കണ്ടപ്പോൾ തന്നെ അവർക്കു കാര്യങ്ങൾ ഏകദേശം പിടി കിട്ടി. അരികിൽ ചെന്ന് നെറ്റിയിൽ കൈ വച്ച് നോക്കിയപ്പോൾ പൊള്ളുന്ന പനിയാണ് . മുഖം മൊത്തം ക്ഷീണിച്ചു വാടിയിരിക്കുന്നു. " ഭക്ഷണവും മരുന്നുമൊക്കെ കഴിച്ചുന്നു നീ കള്ളം പറഞ്ഞതാണ് അല്ലെ?" അവൾ മുഖം കൊടുക്കാതെ കിടന്നു. " ആ ആതി നിന്നെ ഒന്ന് നോക്കിയില്ല അല്ലെ? രണ്ടെണ്ണത്തിനും ഞാൻ വച്ചിട്ടുണ്ട്.. തത്ക്കാലം നീ എണീക്കു ..നമുക്ക് ഇപ്പൊ തന്നെ ആശുപത്രിയിലേക്ക് പോകാം" തന്റെ വയ്യായ്ക മനസിലായത് കൊണ്ട് അവൾ എതിർത്തില്ല. ജാനകി അവളുടെ ഡ്രസ്സ് എടുക്കാൻ തിരിഞ്ഞപ്പോൾ ആമി എണീക്കാൻ ശ്രമിച്ചു. നേരത്തെ ഉണ്ടായ പോലെ തന്നെ അവൾക്കു തലകറക്കം അനുഭവപെട്ടു പിറകിലേക്ക് വീഴാൻ തുടങ്ങി. പെട്ടെന്ന് തന്നെ ജാനകി അവളെ താങ്ങി പിടിച്ചു കട്ടിലിലേക്ക് ഇരുത്തി.

ഇത്രയും വയ്യാത്ത ആമിയെ കൊണ്ടു ഒറ്റയ്ക്ക് തനിക്കു പോകാനാകില്ലെന്നു ജാനകിക്കു മനസിലായി. രവിയേട്ടനെ വിളിക്കാമെന്ന് വച്ചാൽ ബിസിനസ്സിന്റെ കാര്യവുമായി കുറച്ചു ദൂരേക്ക് പോയിരിക്കുകയാണ്. വിളിച്ചു വരുമ്പോളേക്കും കുറെ സമയമാകും. ഹരിയാണെങ്കിൽ ഡ്യൂട്ടിയിലുമാണ്. അവർ വേഗം ദേവന്റെ നമ്പർ ഡയല് ചെയ്തു. അപ്പുറത്തു നാല് ബെല്ലടിച്ചപ്പോളേക്കും അവൻ എടുത്തു. " എന്താ അമ്മെ?" " ഡാ നീ വേഗം വീട്ടിലേക്കു വരണം. ആമിക്ക് തീരെ വയ്യ.. ഇന്നലെ മഴ കൊണ്ടതിന്റെ ആണെന്ന് തോന്നുന്നു . നല്ല പനിയും.. പിന്നെ തലകറക്കവും ഉണ്ട്..അവളെ ആശുപത്രിയിൽ കൊണ്ട് പോകണം. എനിക്ക് ഒറ്റയ്ക്ക് പറ്റില്ല. ഞങ്ങൾ ഒരുങ്ങി നിൽക്കാം. നീ ഇപ്പോൾ തന്നെ ഇങ്ങോട്ടു വാ" " ആ.. ശെരി അമ്മെ" ജാനകിക്കു സമാധാനമായി. ദേവന്റെ കാര്യമായതു കൊണ്ട് അവൻ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ലായിരുന്നു. അവർ വേഗം അവളുടെ ഡ്രസ്സ് മാറ്റി കൊടുത്തു. പുറത്തു ബുള്ളറ്റിന്റെ ഒച്ച കേട്ടപ്പോൾ അവളെയും താങ്ങി പിടിച്ചു പുറത്തേക്കു നടന്നു. ദേവൻ വീട്ടിലേക്കു കയറിയപ്പോൾ ആമിയെയും താങ്ങി പിടിച്ചു മുറിക്കു പുറത്തേക്കു വരുന്ന അമ്മയെ കണ്ടു. വാടിയ പൂ പോലെ അമ്മയെ ചാരി വരുന്ന ആമിയെ കണ്ടപ്പോൾ ദേവന്റെ ഉള്ളിൽ ചെറിയൊരു വിങ്ങലുണ്ടായി. അവൻ വേഗം ചെന്ന് അവളെ ചേർത്ത് പിടിച്ചു . അവൾ അവനിൽ നിന്ന് അകലാൻ ശ്രമിച്ചെങ്കിലും അവൻ തന്റെ പിടി മുറുക്കി തന്നെ വച്ചു . അവളെയും കൊണ്ട് സിറ്റ്ഔട്ടിലേക്കു ഇറങ്ങിയപ്പോളാണ് അവൻ ഓർത്തത്..

വീട്ടിലെ രണ്ടു കാറുകളിൽ ഒന്ന് അച്ഛനും മറ്റേതു ഹരിയും കൊണ്ട് പോയിരിക്കുകയാണ്. ഇനിയുള്ളത് ഹരിയുടെയും ആരതിയുടെയും കല്യാണ സമയത്തു അവളുടെ വീട്ടിൽ നിന്ന് കൊടുത്തതാണ്. ഒന്ന് ആലോചിച്ചു നിന്ന ശേഷം അവൻ ആ കാറിന്റെ തന്നെ കീ എടുത്തു കൊണ്ട് വന്നു. പോകുന്ന വഴിക്കു ഹരിയെ വിളിച്ചു പറയാം. ഇത് അവനും കൂടി കൊടുത്തതാണല്ലോ. ദേവൻ ഓർത്തു. ഉച്ചമയക്കത്തിൽ നിന്നും എണീറ്റ് വീട്ടിലെ ബഹളങ്ങളൊക്കെ അറിഞ്ഞെങ്കിലും അതൊന്നും തന്നെ ബാധിക്കുന്ന വിഷയമേ അല്ല എന്ന മട്ടിൽ ഫോണും നോക്കി മുറിയിൽ ഇരിക്കുകയായിരുന്നു ആതി. അപ്പോളാണ് കാറിന്റെ ഡോർ അടക്കുന്ന ഒച്ച കേട്ടത്. അവൾ വേഗം മൊബൈൽ ബെഡിലിട്ടു പുറത്തേക്കു ഓടി. അമ്മയോടൊപ്പം ആമിയെ പിടിച്ചു പുറകിലത്തെ സീറ്റിൽ ഇരുത്തി ഡ്രൈവിംഗ് സീറ്റിലേക്ക് കയറാൻ തുടങ്ങുകയായിരുന്നു ദേവൻ. " അതെ.. എന്റെ കാറും കൊണ്ട് എങ്ങോട്ടാ ?" ദേവൻ തിരിഞ്ഞു നോക്കി. " ആമിക്കു സുഖമില്ല.. ഹോസ്പ്പിറ്റലിൽ കൊണ്ട് പോകുവാ" " ഇത് എന്റെ ആവശ്യങ്ങൾക്ക് എന്റെ അച്ഛൻ വാങ്ങി തന്ന വണ്ടിയാണ്. അല്ലാതെ വല്ലവർക്കും തോന്നുന്ന പോലെ എടുത്തു കൊണ്ട് പോകാനുള്ളതല്ല." " അങ്ങനെയൊക്കെ വിചാരിക്കണോ മോളെ? ഒരാവശ്യം വരുമ്പോൾ ഉപയോഗിക്കാനുള്ളതല്ലേ ഈ വണ്ടിയൊക്കെ? "

കാറിൽ തന്നെ ഇരുന്നു ജാനകിയാണ് അത് ചോദിച്ചത്. " അതൊന്നുമല്ല അപ്പച്ചി.. നിങ്ങൾ ഇതും കൊണ്ട് പോയാൽ എനിക്ക് എന്തെങ്കിലും ഒരാവശ്യം വന്നാൽ ഞാൻ എന്ത് ചെയ്യും? തന്നെയുമല്ല.. നാട് മുഴുവൻ തല്ലും ഉണ്ടാക്കി കള്ളും കുടിച്ചു നടക്കുന്ന ഇയാൾക്ക് എന്റെ പുതിയ വണ്ടി കൊടുത്തു വിട്ടിട്ടു അതിനു വല്ലോം പറ്റിയാൽ ആര് ഉത്തരവാദിത്വം പറയും? ഹരിയേട്ടൻ മുടക്കേണ്ടി വരും കാശ്" ദേവനെ മുഷിപ്പോടെ നോക്കി ആതി പറഞ്ഞു.അവളെ ഒന്ന് കനപ്പിച്ചു നോക്കുക മാത്രം ചെയ്തിട്ട് അവൻ വീണ്ടും ഡ്രൈവിംഗ് സീറ്റിലേക്ക് കയറാൻ തുടങ്ങി. അത് കണ്ടു ദേഷ്യം മൂത്ത ആതി അവന്റെ അടുത്തേക്ക് വന്നു അവന്റെ കയ്യിന്നു കാറിന്റെ കീ പിടിച്ചു വാങ്ങാൻ തുടങ്ങി " തന്നോടല്ലെ പറഞ്ഞത് എന്റെ വണ്ടി കൊണ്ടുപോകാൻ പറ്റില്ലാന്ന്" അവൻ ആതിയെ പിടിച്ചു ഒരു തള്ളു കൊടുത്തു . അവൾ നിലത്തിരുന്നു പോയി. അവൻ കയറി കാർ സ്റ്റാർട്ട് ചെയ്തപ്പോളെക്കും അവൾ എണീറ്റു " നീ നോക്കിക്കോ.. എന്നെ തളളി ഇട്ടു എന്റെ വണ്ടിയും കൊണ്ട് പോകുമല്ലേ?നിനക്ക് ഞാൻ വച്ചിട്ടുണ്ട്" " നീയെന്താന്നു വച്ചാൽ അങ്ങ് ചെയ്യൂ.. " അതും പറഞ്ഞു അവൻ കാറുമായി ഹോസ്പിറ്റൽ ലക്ഷ്യമാക്കി പോയി. പോകുന്ന വഴിക്കു അവൻ ഹരിയെ വിളിച്ചു ആമിയെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് വരുന്ന കാര്യം പറഞ്ഞു.

ആതിയുമായുള്ള വഴക്കിന്റെ കാര്യമൊന്നും അവൻ പറഞ്ഞില്ല. അത് അവൾ തന്നെ അവനെ വിളിച്ചു പറഞ്ഞോളുമെന്നു അവനു തോന്നി. ആതിയോടു അങ്ങനൊക്കെ പറഞ്ഞതിന്റെ പേരിൽ അവൾ എന്തായാലും പ്രശ്നമുണ്ടാക്കുമെന്നു ഓർത്തു ജാനകിക്കും ആമിക്കും ടെൻഷൻ ഉണ്ടായിരുന്നു. ഹരിയോട് പറഞ്ഞു ഇനി ഹരിയും ദേവനും തമ്മിൽ വഴക്കുണ്ടാകുമോ എന്നോർത്ത് ജാനകി ഉള്ളിൽ പേടിച്ചു. ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഹരി അവരെയും കാത്തു ക്യാഷുവാലിറ്റിയുടെ മുന്നിൽ തന്നെ ഉണ്ടായിരുന്നു. കാറിൽ നിന്ന് ദേവനും അമ്മയും കൂടി പിടിച്ചിറക്കുന്ന ആമിയെ കണ്ടപ്പോൾ തന്നെ അവൾക്കു തീരെ വയ്യെന്ന് ഹരിക്കു മനസിലായി. അവൻ വേഗം തന്നെ അവളെ ഇരുത്തി കൊണ്ട് പോകാൻ ഒരു വീൽചെയർ വരുത്തി, ക്യാഷുവാലിറ്റിയെക്കു തന്നെ കൊണ്ട് പോയി. ഹരിയുള്ളതു കൊണ്ട് ഹോസ്പിറ്റലിലെ കാര്യങ്ങളൊക്കെ എളുപ്പത്തിൽ നടന്നു, അവൾക്കു ഏറ്റവും മികച്ച പരിചരണം തന്നെ കിട്ടുകയും ചെയ്തു. അവളുടെ പനി കുറച്ചു കുറഞ്ഞപ്പോൾ അവളെ റൂമിലേക്ക് മാറ്റി.ഇന്ന് രാത്രി കിടന്നിട്ടു നാളെ ഡിസ്ചാർജ് ചെയ്യാമെന്നാണ് ഡോക്ടർ പറഞ്ഞത്. മുറിയിലേക്ക് മാറ്റിയിട്ടും പനിയുടെയും മരുന്നിന്റെയും ക്ഷീണം കാരണം ആമി മുഴുവൻ സമയവും ഉറക്കമായിരുന്നു. ഹരി ഡ്യൂട്ടി കഴിയുന്ന വരെ ഇടയ്ക്കിടെ അവളുടെ കാര്യം അന്വേഷിച്ചു കൊണ്ടിരുന്നു.ജാനകിയും ദേവനും അന്ന് രാത്രി അവളോടൊപ്പം നിൽക്കാമെന്ന് തീരുമാനമായി.

രവിശങ്കർ ഇടയ്ക്കു വിളിച്ചു വിശേഷങ്ങൾ അന്വേഷിച്ചെങ്കിലും ആതിയോ ശ്രീകുട്ടിയോ ഒരിക്കൽ പോലും ഒന്ന് വിളിച്ചു അന്വേഷിച്ചില്ല. പനിയുടെയും മരുന്നിന്റെയും ക്ഷീണത്തിൽ തളർന്നു കിടന്നു ഉറങ്ങുന്ന ആമിയെ ദേവൻ കണ്ണ് ചിമ്മാതെ നോക്കിയിരുന്നു. 'അമ്മ തൊട്ടപ്പുറത്തെ കട്ടിലിൽ ഉറങ്ങുന്നുണ്ട്. അവളുടെ തളർന്ന മുഖത്തേക്ക് നോക്കിയിരിക്കവേ അവന്റെ നെഞ്ചിൽ വല്ലാത്ത ഒരു കുറ്റബോധം വന്നു നിറഞ്ഞു. തന്റെ സ്വാർത്ഥതയായിരുന്നു ആമിയുമായുള്ള വിവാഹം. കുട്ടികാലത്തെ മനസ്സിൽ കയറിക്കൂടിയ പെണ്ണിനെ മറ്റാർക്കും വിട്ടു കൊടുക്കാൻ കഴിയാത്ത സ്വാർത്ഥത. പക്ഷെ ആമിയെ തന്നെ പോലൊരു അസുരൻ അർഹിക്കുന്നുണ്ടോ എന്ന് ഒരിക്കൽ പോലും ചിന്തിച്ചില്ല.. അവളുടെ മനസ്ഡ് കാണാൻ ഒരിക്കൽ പോലും ശ്രമിച്ചില്ല..അവൻ മെല്ലെ അവളുടെ കവിളിണകളിലും നെറ്റിയിലും തലോടി. പതിയെ തന്റെ ചുണ്ടുകൾ കൊണ്ട് അവളുടെ നെറ്റിയിൽ മൃദുവായി മുത്തി.. " എന്നോട് ക്ഷമിക്കു പെണ്ണെ.. ഒരുപാടു ഇഷ്ടമുള്ളതാണ് കൊണ്ടാണ്.. ഇങ്ങനൊക്കെ" ഇടക്കെപ്പോഴോ ആമി കണ്ണ് തുറന്നു നോക്കിയപ്പോൾ തന്റെ അടുത്ത് ഒരു കസേരയിൽ ഇരുന്നു ഉറങ്ങുന്ന ദേവനെ കണ്ടു. അടുത്തുള്ള കട്ടിലിൽ അപ്പച്ചിയും ഉറങ്ങുന്നു.

ദേവൻ തന്നെ ചേർത്ത് പിടിച്ചു വണ്ടിയിൽ കയറ്റിയതും, ആതിയോടു വഴക്കുണ്ടാക്കിയതും ഹോസ്പിറ്റലിൽ കൂട്ടിരിക്കുന്നതും ഒന്നും അവൾക്കു മനസിലായില്ല. പകയാണെന്നു ഓർത്തിട്ടു.. തന്റെ മനസ്സ് കീഴടക്കാനുള്ള ശ്രമമാണെന്ന് അവൾക്കു തോന്നി.. അങ്ങനെ പെട്ടെന്ന് മറക്കാൻ പറ്റുന്ന ഒന്നാണോ ദേവേട്ടൻ തന്നോട് ചെയ്തത്. മനസ്സ് അകന്നു നിന്നാലും ഇന്നല്ലെങ്കിൽ നാളെ ഒരു ഭർത്താവിന്റെ അവകാശം അയാൾ സ്ഥാപിക്കുക തന്നെ ചെയ്യും.. എന്നും ഇങ്ങനെ ഒരേ വീട്ടിൽ ഒരേ മുറിയിൽ അപരിചിതരെ പോലെ കഴിയാൻ സാധികില്ലലോ... അങ്ങനെ എന്തൊക്കെയോ ഓർത്തു വീണ്ടും അവൾ ഉറക്കത്തിലേക്കു തന്നെ വഴുതി വീണു. പിറ്റേ ദിവസമായപ്പോളേക്കും ആമിയുടെ പനിക്ക് നല്ല കുറവ് വന്നു. അവളെ ഡിസ്ചാർജ് ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞു. അമ്മയോട് സാധനങ്ങൾ ഒക്കെ എടുത്തു വയ്ക്കാൻ പറഞ്ഞു ദേവൻ പുറത്തേക്കു പോയി. കുറച്ചു കഴിഞ്ഞപ്പോൾ ഹരി മുറിയിലേക്ക് വന്നു.ഇന്നലെ മുതൽ അവളുടെ അസുഖം അന്വേഷിച്ചു ഇടയ്ക്കിടെ അവൻ വരുന്നുണ്ടായിരുന്നു. " ദേവൻ എവിടെ അമ്മെ?" " അവൻ പുറത്തേക്കു പോയി." ഹരി ദേവനെ അന്വേഷിച്ചു പുറത്തേക്കിറങ്ങിയപ്പോളേക്കും അവൻ ബില്ലു അടച്ച രസീതുമായി വരുന്നത് കണ്ടു. " നീ ബില്ലടച്ചോ?"

" അടച്ചു" " കാശ് ഉണ്ടായിരുന്നോ നിന്റെ കയ്യിൽ?" ദേവൻ ഒന്ന് മൂളി. ഹരി സംശയത്തോടെ അവനെ നോക്കി. ജോലി ഒന്നും ഇല്ലാത്ത കൊണ്ട് ദേവന്റെ കയ്യിൽ കാശുണ്ടാവില്ല എന്ന് അവനു അറിയാമായിരുന്നു. ബില്ല് അടക്കാമെന്നു കരുതിയാണ് അവൻ വന്നതും. ദേവന്റെ കയിൽ പെട്ടെന്ന് ഇത്ര രൂപ എങ്ങനെ വന്നുവെന്നു ഹരി അതിശയപ്പെട്ടു. ഹരിയുടെ ഡ്യൂട്ടി കഴിയാൻ കുറച്ചു സമയം കൂടി ബാക്കിയുള്ളതിനാൽ ആതിയുടെ കാർ അവിടെ ഇട്ടു ഹരിയുടെ കാറുമെടുത്താണ് അവർ തിരികെ പോയത്. വീട്ടിലെത്തിയപ്പോൾ മുറ്റത്തു ആരതിയുടെ അച്ഛന്റെ വണ്ടി കിടക്കുന്ന കണ്ടപ്പോൾ ദേവന് മനസിലായി ഇന്നലത്തെ സംഭവം ചോദിയ്ക്കാൻ വന്നതാണെന്ന്. ഹാളിൽ തന്നെ ആതിയും സോമൻ അമ്മാവനും ഗീത അമ്മായിയും ശ്രീകുട്ടിയും അച്ഛനും ഉണ്ട്. ഇവരെ കണ്ട ഉടനെ തന്നെ ആതിയുടെയും അച്ഛന്റെയും അമ്മയുടെയും മുഖം ദേഷ്യം കൊണ്ട് ചുവന്നു. ശ്രീകുട്ടിക്കു പുച്ഛം. രവിശങ്കർ സൗമ്യനായി ഇരിക്കുന്നു.ദേവൻ വന്നവരെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ സാധനങ്ങളുമായി അകത്തേക്ക് പോയി.ആമിയുടെ സാധനങ്ങളൊക്കെ ഒതുക്കി ജാനകി ആമിയോടായി പറഞ്ഞു " മോളെ.. നീ അകത്തു പോയി കിടക്കാൻ നോക്ക്.. " പിന്നെ അവരെ നോക്കി പറഞ്ഞു " നിങ്ങൾ ചായ കുടിച്ചില്ലലോ.. ഞാൻ ചായ എടുക്കാം"

" ഞങ്ങൾ ചായ കുടിക്കാൻ ഒന്നും വന്നതല്ല.. ഞങ്ങളുടെ മോളെ ഉപദ്രവിച്ചത് ചോദിയ്ക്കാൻ വന്നതാണ്.." " അതിനു ആതിയെ ആര് ഉപദ്രവിച്ചുന്ന ഗീതേച്ചി പറയുന്നേ?" " വേറെ ആരാ.. നിന്റെ താന്തോന്നിയായ മകൻ ഉണ്ടല്ലോ അസുരജന്മം .. ദേവൻ .. അവൻ തന്നെ.." അത് കേട്ട് കൊണ്ടാണ് ഡ്രസ്സ് ഒക്കെ മാറി ദേവൻ പുറത്തേക്കു വന്നത്. എന്നാൽ ഒന്നും കേൾക്കാത്ത ഭാവത്തിൽ തന്നെ മൊബൈലുമായി അവൻ തന്റെ അച്ഛന്റെ അടുത്ത് സോഫയിൽ വന്നിരുന്നു. "എന്റെ മോളുടെ കൈ കണ്ടോ?" ഗീത ആതിയുടെ വലത്തേ കൈ മുട്ട് നീട്ടി ജാനകിക്കു നേരെ പിടിച്ചു. സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാവുന്ന ഒരു വളരെ ചെറിയ പോറൽ മാത്രം കണ്ടു ചിരിക്കണോ കരയണോ എന്ന അവസ്ഥയായി ജാനകിക്കു. " അവൻ ആതിയെ മനപൂർവം ഉപദ്രവിച്ചതൊന്നും അല്ല ഗീതേച്ചി.." " അല്ലെങ്കിലും നീ നിന്റെ മകന്റെ ഭാഗമല്ലേ പറയൂ.. എന്റെ മോളൊരു പാവമായതു കൊണ്ട് മാത്രമാണ് അവൾ ഹരിയോട് ഇതൊക്കെ പറഞ്ഞു വലിയ പ്രശ്നമാക്കാത്തതു.. ഇവളെ ഇവൻ ഉപദ്രവിച്ചതതൊക്കെ ഹരി അറിഞ്ഞാലുണ്ടല്ലോ ..." " ഹരി എന്തറിയുന്ന കാര്യമാണ് അമ്മായി പറയുന്നത്?" ഗീത പറഞ്ഞു തീരുന്നതിനു മുന്നേ തന്നെ വാതിൽക്കൽ നിന്നൊരു ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ട് നോക്കി. ബാഗും കയ്യിൽ പിടിച്ചു നിൽക്കുന്ന ഹരിയെ കണ്ടു എല്ലാവരും ഒന്ന് ഞെട്ടി. ഇന്നലെ ദേവനും ആതിയുമായുണ്ടായ വഴക്കിനെ പറ്റി അറിയുമ്പോൾ എന്താവും ഹരിയുടെ പ്രതികരണം എന്നോർത്ത് ജാനകിയും ആമിയും രവിശങ്കറും ഒരു പോലെ പേടിച്ചിരുന്നു ....... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story