ദേവാസുരം: ഭാഗം 5

Devasuram nila

രചന: നിള നിരഞ്ജൻ

" ഹരി എന്തറിയുന്ന കാര്യമാണ് അമ്മായി പറയുന്നത്?" ഗീത പറഞ്ഞു തീരുന്നതിനു മുന്നേ തന്നെ വാതിൽക്കൽ നിന്നൊരു ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ട് നോക്കി. ഓഫീസിൽ ബാഗും കയ്യിൽ പിടിച്ചു നിൽക്കുന്ന ഹരിയെ കണ്ടു എല്ലാവരും ഒന്ന് ഞെട്ടി. ഇന്നലെ ദേവനും ആതിയുമായുണ്ടായ വഴക്കിനെ പറ്റി അറിയുമ്പോൾ എന്താവും ഹരിയുടെ പ്രതികരണം എന്നോർത്ത് ജാനകിയും ആമിയും രവിശങ്കറും ഒരു പോലെ പേടിച്ചിരുന്നു . ദേവൻ മാത്രം യാതൊരു കൂസലും ഇല്ലാതെ ഇരിക്കുകയാണ്.ഹരി ഹാളിലേക്ക് കയറി എല്ലാവരെയും നോക്കി ഒന്നുടെ ചോദിച്ചു " ഞാൻ എന്തറിയുന്ന കാര്യമാണ് അമ്മായി പറയുന്നത്?" ദേവനും ജാനകിയും ഹരിയോട് ഒന്നും പറഞ്ഞിട്ടില്ലാന് അതോടെ ആതിക്കും അച്ഛനും അമ്മക്കും മനസ്സിലായി. അതോടെ ഗീത വളരെ ദയനീയമായി കരഞ്ഞു കൊണ്ട് അവനോടു പറഞ്ഞു "മോനെ.. ഇവിടെ നടക്കുന്നതൊന്നും നീ അറിയാത്ത കൊണ്ടാണ്. ഇന്നലെ ഈ ദേവൻ നമ്മുടെ ആതിയെ ഉപദ്രവിച്ചു. അത് ചോദിയ്ക്കാൻ വന്നപ്പോൾ നിന്റെ 'അമ്മ ഞങ്ങളെ തന്നെ കുറ്റം പറയുന്നു" ഹരി ഒന്നും മിണ്ടിയില്ല. അവന്റെ പ്രതികരണം എന്താണെന്നു അറിയാതെ ജാനകിയും രവിശങ്കറും വെപ്രാളത്തോടെ നിന്നു . അകത്തു എല്ലാം കേട്ട് കൊണ്ട് കിടന്ന ആമിയും പേടിച്ചിരുന്നു

ഹരി ഇപ്പോൾ ദേവനെ വഴക്കു പറയുമെന്നുമെന്നോർത്തു ആതിയും ശ്രീകുട്ടിയും അന്യോന്യം നോക്കി കണ്ണിറുക്കി. ഗീത തുടർന്നു " നിന്റെ ഭാര്യയല്ലേ ഇവൾ.. ഇവളെ ഉപദ്രവിക്കാൻ ഇവനെന്താണ് അവകാശം? ഇത്തവണ ഹരി മൗനം വെടിഞ്ഞു. " എന്റെ സഹോദരൻ എന്ന അവകാശം. ഈ വീട്ടിലെ മൂത്ത മകൻ എന്ന അവകാശം. പിന്നെ അവൻ മനഃപൂർവം ആതിയെ ഉപദ്രവിക്കുമെന്നു ഞാൻ വിശ്വസിക്കുന്നില്ല. ഇനി അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനു തക്കതായ എന്തെങ്കിലും കാരണം ഉണ്ടായിട്ടുണ്ടാവും. " ഒന്ന് നിർത്തി ആതിയേം അവളുടെ വീട്ടുകാരെയും പാടെ അവഗണിച്ചു അവൻ ദേവന് നേരെ തിരിഞ്ഞു " എന്താടാ ഇന്നലെ ഉണ്ടായേ?" ദേവൻ കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു. അവൻ പറഞ്ഞു കഴിഞ്ഞപ്പോൾ ഗീത വീണ്ടും ഹരിയുടെ നേരെ തിരിഞ്ഞു "കണ്ടോ.. ഈ കാർ നിന്റെയും ആതിയുടേം ആവശ്യങ്ങൾക്കായി ഞങ്ങൾ വാങ്ങി തന്നതാണ്. അത് ആരുടേം അനുവാദമില്ലാതെ എടുത്തു കൊണ്ട് പോകാൻ ഇവനു ആരാ അധികാരം കൊടുത്തേ? ഇവന്റെ ഭാര്യയെ ആശുപത്രിയിൽ കൊണ്ട് പോകണമെങ്കിൽ അവൻ സ്വന്തമായി കാര് വാങ്ങണം. അത് ചോദിച്ചതിനാണ് അവൻ എന്റെ മോളെ കൊല്ലാൻ നോക്കിയത്" ഹരി അവരെ നോക്കി ഒന്ന് ചിരിച്ചു " കയ്യിൽ ഇത്തിരി പോറൽ പറ്റിയാൽ ആരും മരിച്ചു പോവോന്നും ഇല്ല. പിന്നെ ഈ വീട്ടിൽ ഒരു വണ്ടി ഉണ്ടെങ്കിൽ അത് എല്ലാവരുടെയും ആവശ്യത്തിന് ഉപകരിക്കുന്നതായിരിക്കണം.

അല്ലാതെ ഒരാളുടെ മാത്രം ആവശ്യങ്ങൾക്ക് വേണ്ടി ആവരുത്. ആ കാർ ദേവൻ ഒരു അത്യാവശ്യത്തിനു എടുത്തുന്നു വച്ചു എന്താ കുഴപ്പം നിങ്ങൾക്കൊക്കെ?എന്റെ ആവശ്യങ്ങൾക്ക് തത്ക്കാലം ഇവിടെ വണ്ടി ഉണ്ട്. എനിക്ക് നിങ്ങളുടെ വണ്ടി വേണ്ട. ആതിയുടെ മാത്രം ആവശ്യത്തിനെന്നും പറഞ്ഞു ഇവിടെ ഒരു വണ്ടി വേണമെന്നില്ല. ഇന്ന് തിരിച്ചു പോകുമ്പോൾ അതും കൂടി അമ്മാവൻ കൊണ്ട് പോയ്കൊള്ളു. ഇനി ഇതിന്റെ പേരിൽ ഒരു പ്രശ്നം ഈ വീട്ടിൽ ഉണ്ടാവരുത്" ഹരിയുടെ ശബ്ദം ഉറച്ചതായിരുന്നു. തീരുമാനവും. അവൻ ആ കാറിന്റെ കീ അവരുടെ മുന്നിലേക്ക് ഇട്ടു കൊടുത്തു. " അപ്പോൾ എന്റെ മോൾക്ക് ഈ വീട്ടിൽ ഒരു വിലയുമില്ല?" അതിനു മറുപടി പറഞ്ഞത് ജാനകിയാണ് " കല്യാണം കഴിഞ്ഞു വരുന്ന വീട്ടിൽ പെണ്ണിന് വിലയുണ്ടാവുന്നതു കുറെ പൊന്നോ പണമോ കാറോ ഒന്നും കൊണ്ട് വരുമ്പോളല്ലാ ..മറിച്ചു ആ വീട്ടിലുള്ളവരോടുള്ള അവളുടെ സ്നേഹവും കരുതലും പെരുമാറ്റവും കൊണ്ട് അവൾ ആ വില നേടിയെടുക്കുകയാണ് ചെയ്യുന്നത്. അത് ഗീതേച്ചിക്കു അറിയാവുന്ന കാര്യമല്ലേ? " " അപ്പൊ എന്റെ മോളുടെ പെരുമാറ്റം മോശമാണെന്നാണോ നീ പറഞ്ഞു വരുന്നത്?" " ഗീതേച്ചിക്കു തന്നെ അങ്ങനെ തോന്നുന്നെങ്കിൽ പിന്നെ ഞാൻ എന്ത് പറയാനാ" ജാനകി കൂസലില്ലാതെ പറഞ്ഞു.

അതോടെ ഗീതയുടെ വായടഞ്ഞു. ഹരിയുടെ ഭാഗത്തു നിന്നും തങ്ങൾക്കു അനുകൂലമായ ഒരു പ്രതികരണം ഉണ്ടാവുന്നില്ല എന്ന് കണ്ട സോമനും ഗീതയും പോകാനായി ഇറങ്ങി. ഇറങ്ങിയപ്പോൾ ഹരി പറഞ്ഞു " പോകുമ്പോൾ അമ്മാവനും അമ്മായിയും മോൾക്ക് കൊടുത്ത കാറും കൂടി കൊണ്ട് പൊയ്ക്കോളൂ" " അയ്യോ മോനെ.. അത് ഞങ്ങൾ നിങ്ങള്ക്ക് തന്നതല്ലേ? വല്ലവരും ആ വണ്ടി എടുത്തു കൊണ്ട് പോയി ചീത്ത ആക്കിയാൽ നീ തന്നെ കാശു മുടക്കേണ്ടി വരുമല്ലോ എന്നൊക്കെ ഓർത്താണ് ആതിയും ഞങ്ങളും അങ്ങനൊക്കെ പറഞ്ഞത്" " അങ്ങനെ ദേവൻ എടുത്തു കൊണ്ട് പോയി കേടായാൽ ഞാൻ കാശു മുടക്കിക്കോളാം. മേലിൽ ഈ കാറിന്റെ പേരിൽ നിങ്ങളോ ഇവളോ ഇവിടെ പ്രശ്നമുണ്ടാക്കരുത്" അതും പറഞ്ഞു ഹരി അകത്തേക്ക് പോയി. അവൻ പോയതിനു പിറകെ എല്ലാവരും പലവഴിക്ക് പിരിഞ്ഞു. അവളുടെ അമ്മയും അച്ഛനും പോയി കഴിഞ്ഞപ്പോൾ ആതി മുറിയിലേക്ക് ചെന്നു .. ഹരി കുളിക്കാൻ പോകാനായി തുടങ്ങുകയായിരുന്നു. " ഹരിയേട്ടൻ എന്നാലും എന്റെ അച്ഛനോടും അമ്മയോടും അങ്ങനെ പറയരുതാരുന്നു.അവര് നമ്മളോടുള്ള സ്നേഹം കാരണം വാങ്ങി തന്ന വണ്ടി അല്ലെ? അവർക്കു വിഷമമായി കാണും" " ഞാൻ അവരോടു തെറ്റായി എന്തെങ്കിലും പറഞ്ഞെന്നു എനിക്ക് തോന്നുന്നില്ല"

" അല്ലെങ്കിലേ ഈ വീട്ടിൽ ആർക്കും എന്നെ ഇഷ്ടമല്ല.. അപ്പച്ചിക്കും ചെറിയച്ഛനും ഒക്കെ ആമിയെ ആണ് ഇഷ്ടം.. ഇപ്പൊ എനിക്ക് ശരിക്കും മനസിലായി ഇവിടെ എനിക്ക് ഒരു സ്ഥാനവുമില്ലെന്ന് " " എല്ലാവര്ക്കും ആമിയെ ഇഷ്ടമെങ്കിൽ അത് അവളുടെ സ്വഭാവം കൊണ്ടാണ്. നിന്റെ സ്വഭാവം നന്നായാൽ നിന്നെയും ഇഷ്ടപെടും" അതും പറഞ്ഞു ഹരി ബാത്റൂമിലേക്കു കയറി. തിരികെ വീട്ടിലെത്തിയിട്ടും ഗീതക്ക് ദേഷ്യം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. സ്വന്തം ആങ്ങളയുടെ മകളേക്കാൾ ജാനകിക്കും രവിശങ്കറിനും താത്പര്യം ആമിയോടാണ്.പണ്ട് എല്ലാവരും ഒരുമിച്ചു താമസിച്ചിരുന്ന കാലം തൊട്ടേ ഗീതക്ക് ആമിയെ ഇഷ്ടമല്ല. സൗന്ദര്യത്തിലും, പഠിപ്പിലും, പെരുമാറ്റത്തിലും, കലകളിലും എല്ലാം ആമി ആതിയേക്കാൾ മുന്നിലായതു തന്നെ കാരണം.ആതിയെ ഹരിയെക്കൊണ്ട് കല്യാണം കഴിപ്പിക്കണമെന്നായിരുന്നു ഗീതയുടെ ആഗ്രഹം, അത് സാധിച്ചു.ദേവന് ആമിയെ മതിയെന്ന് പറഞ്ഞപ്പോൾ സന്തോഷമായി.ആമി ജോലിയും കൂലിയുമില്ലാത്ത കള്ളുകുടിയന്റെ കൂടെ ജീവിക്കുമ്പോൾ അവളുടെ മുന്നിൽ തന്നെ തന്റെ മകൾ ഒരു ഡോക്ടറിന്റെ കൂടെ സുഖമായി ജീവിക്കുമല്ലോ എന്നോർത്ത് സന്തോഷിച്ചതാണ്. പക്ഷെ ആ വീട്ടിലും ഇപ്പോൾ ആമിക്കാണ് സ്ഥാനം. അവൾക്കു അവിടെ ഒരു കുറവും ഇല്ലായെന്നാണ് അറിയാൻ കഴിഞ്ഞത്. കല്യാണം കഴിഞ്ഞതിൽ പിന്നെ ഒരു ദിവസം പോലും ദേവൻ കുടിച്ചിട്ട് വന്നിട്ടില്ലന്നാണ് അറിഞ്ഞത്.

ഇനി അവൾ അവനെ എങ്ങാനും നന്നാക്കി എടുത്താൽ പിന്നെ അവളാവും എല്ലാരുടെയും കണ്ണിലുണ്ണി.അവളെ എങ്ങനെയെങ്കിലും ആ വീട്ടിൽ നിന്നും പറഞ്ഞു വിടണം. എല്ലാവരും അവളെ വെറുക്കണം. അത് പോലെ തന്നെ ദേവനെയും ഹരിയേയും അകറ്റുകയും വേണം. എന്നാലേ ഹരിയെ തങ്ങളുടെ വരുതിക്ക് കൊണ്ട് വരാൻ സാധിക്കൂ. വരട്ടെ..എന്തെങ്കിലും ഒരു അവസരം വരാതെ ഇരിക്കില്ല. അന്ന് അവൾക്കിട്ടു നല്ല ഒരു പണി തന്നെ കൊടുക്കണം. അതും ഓർത്തു നല്ലൊരു അവസരം വരുന്നതും കാത്തു അവർ ഇരുന്നു. രണ്ടു ദിവസം കൊണ്ട് ആമിയുടെ പനി കുറഞ്ഞു പഴയ പോലെ ഉഷാറായി. വീണ്ടും അവൾ വീട്ടുജോലികൾ ഏറ്റെടുത്തു. കാറിന്റെ സംഭവത്തിന് ശേഷം ആതിക്കു തന്നോടുള്ള ദേഷ്യം വല്ലാതെ കൂടിയത് അവൾ മനസിലാക്കിയെങ്കിലും കാര്യമാക്കൻ പോയില്ല. ആമിക്കു സുഖമില്ലാതിരുന്ന രണ്ടു ദിവസം കുറെ സമയമൊക്കെ ദേവൻ വീട്ടിൽ കഴിച്ചു കൂടിയെങ്കിലും അവൾക്കു സുഖമായതോടെ അവൻ വീണ്ടും പഴയ പടിയായി. തോന്നിയ പോലെ പോക്കും വരവും.പെട്ടെന്നാണ് അവൻ എന്തോ അത്യാവശ്യത്തിനു കോഴിക്കോട് പോകണം എന്ന് പറഞ്ഞു വന്നത്. എന്താണ് കാര്യമെന്ന് എല്ലാവരും ചോദിച്ചെങ്കിലും ഒരു ആവശ്യമുണ്ടെന്നു പറഞ്ഞു പോയി മൂന്നു ദിവസത്തിന് ശേഷമാണു അവൻ തിരികെ വന്നത്. ആമി ഒന്നും ചോദിയ്ക്കാൻ പോയില്ലെങ്കിലും കോഴിക്കോട് പോയി

മൂന്നു ദിവസം താങ്ങാനും മാത്രം അവനു എന്ത് അത്യാവശ്യമാണെന്ന് അവൾ ഓർത്തു.അവന്റെ മേൽ ഒരു കണ്ണ് വയ്ക്കാൻ അവൾ മനസ്സിൽ ഉറപ്പിച്ചു. അന്നത്തെ ഓ.പി കഴിഞ്ഞു റൗണ്ട്സിനായി ഇറങ്ങിയതാണ് ഹരി. നാളെ ഒരു ഹാർട്ട് സര്ജറി ഉണ്ട്. ഒരു ചെറുപ്പക്കാരനാണ്. ജെയിംസ്. 25 വയസ്സ് ഉള്ളു. അവനെ രണ്ടു ദിവസം മുന്നേ തന്നെ അഡ്മിറ്റ് ആക്കിയിരുന്നു. റൂമിൽ ചെന്ന് അവനെ നോക്കി അവനു കുഴപ്പമൊന്നുമില്ലയെന്നു ഉറപ്പു വരുത്തി ഹരി ലിൻസി സിസ്റ്ററിനെ കാണാനായി നഴ്സസ് സ്റ്റേഷനിലേക്ക് ചെന്നു . ഹരിയോടൊപ്പം സർജറിക്ക്‌ മിക്കവാറും ഉണ്ടാവാറു ലിൻസി സിസ്റ്റർ ആണ്. ജെയിംസിനെ സർജറിക്ക്‌ പാകപ്പെടുത്തുന്നതിന്റെ ഉത്തരവാദിത്തവും സിസ്റ്ററിനാണ്. ഹരിയെ കണ്ടപ്പോൾ സിസ്റ്റർ എഴുനേറ്റു വന്നു. " നാളത്തെ സർജറിയുടെ പ്രെപറേഷൻസ് ഒക്കെ റെഡി അല്ലെ ലിൻസി?" " എല്ലാ കാര്യങ്ങളും ഓക്കെ ആണ് ഡോക്ടർ.. പക്ഷെ " " എന്താ?" " പേഷ്യന്റിന്റെ ബ്ലഡ് ഗ്രൂപ്പ് ഓ നെഗറ്റീവ് ആണ്. വളരെ വിരളമാണ്. നമ്മുടെ ബ്ലഡ് ബാങ്കിൽ ഈ ഗ്രൂപ്പ് ബ്ലഡ് ഇല്ല. കുറച്ചു വീട്ടുകാർ സംഘടിപ്പിച്ചു തന്നിട്ടുണ്ട്.. പക്ഷെ കുറച്ചു കൂടി ആവശ്യം വരുമെന്നാണ് തോന്നുന്നത്. " " അവരോടു ബ്ലഡ് വേണമെന്ന് നേരത്തെ പറഞ്ഞിരുന്നതല്ലേ?" " പറഞ്ഞിരുന്നു ഡോക്ടർ.. പക്ഷെ അവരെക്കൊണ്ടു ഇത്രയുമേ പറ്റിയുള്ളൂ" " ഇനിയിപ്പോ എന്താ ചെയ്യുക? ഇനിയും എത്ര കുപ്പി കുറവുണ്ട് ?" " ഒരു രണ്ടാളെയും കൂടി സംഘടിപ്പിക്കാൻ പറ്റിയാൽ.. ഒരാളെ അവർ അറേഞ്ച് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്..

ഒരാളും കൂടി വേണം" ഹരി ഒന്നാലോചിച്ചു. എന്നിട്ടു പറഞ്ഞു " ഞാനൊന്നു നോക്കട്ടെ" അവൻ ഉടനെ തന്നെ ഫോൺ എടുത്തു ദേവനെ വിളിച്ചു. " ഡാ നീ എവിടെയാ?" " പുറതാണു...എന്താ?" " നിനക്കു നാളെ രാവിലെ എന്തേലും പരിപാടി ഉണ്ടോ?" " ജോലിയും കൂലിയുമില്ലാത്തവർക്കു എന്ത് പരിപാടി...എനിക്ക് പ്രത്യേകിച്ച് ഒന്നുമില്ല. എന്താ?" " ഒരു അര്ജന്റ് സർജറി വന്നിട്ടുണ്ട്. ചെറുപ്പക്കാരനാണ്. 25 വയസ്സ്.ചിലപ്പോൾ ബ്ലഡ് ആവശ്യമായി വരാൻ സാധ്യത ഉണ്ട്. പക്ഷെ പേഷ്യന്റിന്റെ ഗ്രൂപ്പ് ഓ നെഗറ്റീവ് ആണ്. അത് ബ്ലഡ് ബാങ്കിൽ ഇല്ല.ഒരാൾ റെഡി ആണ്. പിന്നെ ഇനിയും ഒരാളും കൂടി വേണം. നമ്മുടെ രണ്ടു പേരുടെയും ആ ഗ്രൂപ്പ് തന്നെയല്ലേ. നീ ഒന്ന് വരണം. നിർബന്ധമായും കൊടുക്കേണ്ടി വരണമെന്നില്ല. ആവശ്യമായി വന്നാൽ ആള് വേണ്ടേ?" ദേവൻ ചെല്ലാമെന്നു സമ്മതിച്ചു ഫോൺ വച്ചു .

പിറ്റേ ദിവസം രാവിലെ കാര്യങ്ങളൊക്കെ ആമിയോട് ധരിപ്പിച്ചു ദേവനെ കൃത്യ സമയത്തു എണീപ്പിച്ചു പറഞ്ഞു വിട്ടേക്കണമെന്നു പറഞ്ഞിട്ടാണ് ഹരി പോയത്. ഹരി പറഞ്ഞ സമയത്തു തന്നെ ദേവൻ ഓപ്പറേഷൻ തീയേറ്ററിന് മുന്നിലെത്തി. അപ്പോൾ ഹരി തീയേറ്ററിലേക്ക് കയറിയിരുന്നു. അതിനു മുന്നിൽ കുറച്ചു മാറി അവന്റെ ബന്ധുക്കളാകണം ഒരു പത്തു പേരോളം വരുന്നവർ പ്രാർത്ഥനയുമായി ഇരിക്കുന്നു. ബ്ലഡ് കൊടുക്കാൻ ഹരി പറഞ്ഞിട്ട് വന്നതാണെന്ന് പറഞ്ഞപ്പോൾ അവനോടു അവിടെ വെയിറ്റ് ചെയ്യാനും ആവശ്യം വരികയാണെങ്കിൽ വിളിക്കുകയും ചെയ്യാമെന്ന് പറഞ്ഞു. രണ്ടു മണിക്കൂറോളം അതേ ഇരുപ്പു തുടർന്നപ്പോൾ അവനു മടുത്തു. ഒരു ചായ കുടിച്ചു വരാമെന്നു സിസ്റ്ററിനോട് പറഞ്ഞു ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ ഫോൺ നമ്പറും കൊടുത്തു അവൻ ക്യാന്റീനിലേക്കു നടന്നു. അവിടുന്ന് വിളിയൊന്നും വരാത്തത് കൊണ്ട് പതുക്കെ ചായ ഒക്കെ കുടിച്ചു ഒരു അര മണിക്കൂറിനു ശേഷമാണു അവൻ തിരിച്ചെത്തിയത്. തിരിച്ചു ദേവൻ ഓപ്പറേഷൻ തീയേറ്ററിന് അടുത്തെത്തിയപ്പോഴേ അവിടുന്ന് വലിയ ഒച്ചയും ബഹളവുമെല്ലാം അവൻ കേട്ടു ...... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story