ദേവാസുരം: ഭാഗം 6

Devasuram nila

രചന: നിള നിരഞ്ജൻ

ബ്ലഡ് കൊടുക്കാൻ ഹരി പറഞ്ഞിട്ട് വന്നതാണെന്ന് പറഞ്ഞപ്പോൾ അവനോടു അവിടെ വെയിറ്റ് ചെയ്യാനും ആവശ്യം വരികയാണെങ്കിൽ വിളിക്കുകയും ചെയ്യാമെന്ന് പറഞ്ഞു. രണ്ടു മണിക്കൂറോളം അതേ ഇരുപ്പു തുടർന്നപ്പോൾ അവനു മടുത്തു. ഒരു ചായ കുടിച്ചു വരാമെന്നു സിസ്റ്ററിനോട് പറഞ്ഞു ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ ഫോൺ നമ്പറും കൊടുത്തു അവൻ ക്യാന്റീനിലേക്കു നടന്നു. അവിടുന്ന് വിളിയൊന്നും വരാത്തത് കൊണ്ട് പതുക്കെ ചായ ഒക്കെ കുടിച്ചു ഒരു അര മണിക്കൂറിനു ശേഷമാണു അവൻ തിരിച്ചെത്തിയത്. തിരിച്ചു ദേവൻ ഓപ്പറേഷൻ തീയേറ്ററിന് അടുത്തെത്തിയപ്പോഴേ അവിടുന്ന് വലിയ ഒച്ചയും ബഹളവുമെല്ലാം അവൻ കേട്ടു .

 തികച്ചും നിശബ്ദത പാലിക്കേണ്ടിടത്തെ ഒച്ചയും ബഹളവും എന്താണെന്നറിയാൻ അങ്ങോട്ട് ചെന്നപ്പോൾ അവിടെ ചെറിയ ആൾകൂട്ടം ആയിട്ടുണ്ട്. അടുത്ത് ചെന്നപ്പോൾ കണ്ടു ഹരിയേയും മറ്റൊരു ഡോക്ടറെയും ഹരിയോടൊപ്പം മിക്കവാറും സര്ജറിക്ക് ഉണ്ടാവാറുള്ള ലിൻസി സിസ്റ്ററെയും ആ ചെറുപ്പക്കാരന്റെ ബന്ധുക്കൾ തടഞ്ഞു വച്ചിരിക്കുകയാണ്. ഇവർ എന്തൊക്കെയോ അവരെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും കേൾക്കാതെ വളരെ ദേഷ്യത്തിൽ ഇവരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയാണ്. അവന്റെ അമ്മ ആണെന്ന് തോന്നുന്നു കരഞ്ഞു കൊണ്ട് ബെഞ്ചിൽ ഇരിപ്പുണ്ട്.ദേവൻ നോക്കി നിൽക്കെ ബന്ധുക്കളിലൊരുവൻ ഹരിയുടെ കുത്തിന് പിടിക്കുകയും തല്ലാൻ കയ്യോങ്ങുകയും ചെയ്തതോടെ അവൻ ചെന്ന് അയാളെ ശക്തിയായി തളളി മാറ്റി. പക്ഷെ "നീയൊക്കെ കൂടി ഞങ്ങളുടെ കൊച്ചിനെ കൊന്നു" എന്ന് പറഞ്ഞു അയാൾ വീണ്ടും ഹരിയുടെ നേരെ പാഞ്ഞടുത്തു. ഹരിക്കു ഒന്നും വരാതിരിക്കാനായി അപ്പോളേക്കും ദേവൻ ഹരിയുടെ മുന്നിൽ തന്നെ നിലയുറപ്പിച്ചിരുന്നു. ഹരിയെ അക്രമിക്കാനായി വരുന്ന ഓരോ ആളുകളെയും അവൻ തള്ളി മാറ്റികൊണ്ടിരുന്നു. ഹരി ആകെ മരവിച്ച അവസ്ഥയിലായിരുന്നു. അവന്റെ ഔദ്യോഗിക ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം ആദ്യമായിട്ടായിരുന്നു. ദേവന്റെ പിറകിൽ നിന്ന് കൊണ്ട് തങ്ങളെ ഉപദ്രവിക്കാൻ വരുന്നവരോട് കാര്യങ്ങൾ പറഞ്ഞു

മനസ്സിലാക്കാൻ അവൻ ആവുന്നത് ശ്രമിക്കുന്നുണ്ടെങ്കിലും ആരും അത് കേൾക്കാനേ തയ്യാറാകുന്നില്ലായിരുന്നു.പ്രശ്നം ഗുരുതരമാകുന്നു എന്ന് തോന്നിയപ്പോഴേക്കു നഴ്സിംഗ് സ്റ്റേഷനിൽ നിന്ന് വിളിച്ചു പറഞ്ഞു ഹോസ്പിറ്റൽ അധികൃതരും സെക്യൂരിറ്റിയും എല്ലാം എത്തി. അക്കൂട്ടത്തിൽ ഹോസ്പിറ്റലിന്റെ ഉടമസ്ഥന്റെ മകനായ എബിൻ വര്ഗീസും ഉണ്ടായിരുന്നു. എബിൻ അടക്കമുള്ളവർ ബന്ധുക്കളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ വല്ലാതെ ദേഷ്യപ്പെട്ടു കൊണ്ടേ ഇരുന്നു. ഒരു കുഴപ്പവുമില്ല എല്ലാം ഓക്കെ ആണ് എന്ന് പറഞ്ഞു സർജറിക്ക്‌ കയറ്റിയ തങ്ങളുടെ മകൻ മരിച്ചത് ഡോക്ടറുടെ ഭാഗത്തു നിന്നുണ്ടായ പിഴവ് മൂലമാണെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. എന്നാൽ സർജറിക്കിടെ ബി.പി വല്ലാതെ കൂടുകയും നിയന്ത്രിക്കാൻ പറ്റാതെ വരികയും ചെയ്തത് കൊണ്ടാണ് മരണം സംഭവിച്ചതെന്ന് ഹരിയും കൂട്ടരും ഉറപ്പിച്ചു പറഞ്ഞു. ഇങ്ങനെയുള്ള റിസ്കുകൾ സർജറിയിൽ ഉണ്ടാവാമെന്നും അത് മുൻകൂട്ടി പറയാൻ കഴിയില്ലെന്നും ഇതൊരു കോംപ്ലിക്കേറ്റഡ് സർജറി ആണെന്ന് ആദ്യമേ വീട്ടുകാർക്ക് വാണിംഗ് കൊടുത്തിരുന്നുവെന്നും അവർ പറഞ്ഞു. പക്ഷെ അവർ എന്തൊക്കെ പറഞ്ഞിട്ടും ജയിംസിന്റെ ബന്ധുക്കൾ അടങ്ങാത്ത കൊണ്ട് അവസാനം പോലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കി വിട്ടത്. പുറത്തേക്കു പോകുമ്പോളും അവരിലൊരുവൻ പറയുന്നത് ദേവന്റെ കാതിൽ പതിഞ്ഞു " എന്റെ മോനെ കൊന്നതാന്..

ഓപ്പറേഷന് കേറ്റുമ്പോളും പറഞ്ഞതാ ഒരു കുഴപ്പവുമില്ലെന്ന്.. നോക്കിക്കോ.. ഒരെണ്ണത്തിനെയും ഞാൻ വെറുതെ വിടില്ല.. ഡോക്ടറിനെയിം മുതലാളിയേം ഒന്നും.. എല്ലാത്തിനേം കാണിച്ചു കൊടുക്കും" എല്ലാവരെയും മാറ്റി കഴിഞ്ഞപ്പോൾ ഹരി വീണ്ടും തീയേറ്ററിലേക്ക് കയറാനൊരുങ്ങി. പെട്ടെന്ന് ലിൻസി സിസ്റ്റർ പറഞ്ഞു " ഡോക്ടർ മുറിയിലേക്ക് പൊയ്ക്കോളൂ..ചിലപ്പോ അവരിനിയും വന്നാലോ ? തത്കാലം ബാക്കി കാര്യങ്ങൾക്കു വിനോദ് ഡോക്ടറെ വിളിക്കാം" അവിടുത്തെ മറ്റൊരു സര്ജനാണ് ഡോക്ടർ വിനോദ്.മാനേജ്‍മെന്റും അത് തന്നെ പറഞ്ഞതോടെ ഹരി ദേവനോടൊപ്പം മുറിയിലേക്ക് പോയി. മുറിയിലെത്തിയപ്പോൾ ദേവൻ ചോദിച്ചു " എന്താടാ പറ്റിയത്?" " അറിയില്ലെടാ.. സര്ജറിക്കിടെ പെട്ടെന്ന് അവന്റെ ബി.പി കൂടി. എന്നെ കൊണ്ട് പറ്റുന്ന പോലൊക്കെ ഞാൻ ശ്രമിച്ചു. പക്ഷെ രക്ഷിക്കാനായില്ല. സര്ജറിക്ക് മുന്നേ ഞാൻ എല്ലാം വിശദമായി നോക്കിയതാണ്. വിനോദും നോക്കിയതാണ്. എല്ലാം നോർമൽ ആയിരുന്നു. എന്താണ് അവന്റെ ബിപി പെട്ടെന്ന് അങ്ങനെ ഉയരാൻ കാരണമെന്നു എനിക്ക് മനസിലാവുന്നില്ല." ദേവൻ ഒന്നുംമിണ്ടിയില്ല. ഹരി വല്ലാതെ ഉലഞ്ഞിരിക്കുകയാണെന്നു അവനു മനസിലായി. അത് കൊണ്ട് കുറച്ചു നേരം കൂടി അവന്റെ കൂടെ അവിടിരിക്കാൻ തീരുമാനിച്ചു.

മുറിയിലെത്തിയ ഉടനെ തന്നെ ഹരി വേഷം മാറി കയ്യും മുഖവുമൊക്കെ കഴുകാൻ പോയി. തിരിച്ചെത്തി ദേവനോടൊപ്പം ഒരു ചായ കുടിക്കാൻ തുടങ്ങുമ്പോഴാണ് ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്. നോക്കുമ്പോൾ വാതിലിനിടയിലൂടെ ഒരു കുഞ്ഞു മുഖം തങ്ങളെ നോക്കി ചിരിക്കുന്നു. ദേവന് കൗതുകം തോന്നി. പക്ഷെ നേരത്തെ പരിചയമുള്ളപോലെ അവളെ കണ്ടപ്പോൾ ആ ക്ഷീണത്തിലും അറിയാതെ ഹരിയുടെ മുഖത്ത് ഒരു ചിരി പടർന്നു. " ആഹാ.. ഇതാരാ ഏയ്ഞ്ചൽ മോളോ?ഇതെപ്പോള വന്നേ?" " ഞാൻ വന്നിട്ട് കുറെ നേരമായി.. ഡോക്ടർ അങ്കിൾ എവിടെയാരുന്നു?" " അങ്കിളിനെ കുറച്ചു ജോലിയുണ്ടാരുന്നു.. മോള് വാ" അവൻ കൈ കാട്ടി ആ കുഞ്ഞിനെ അകത്തേക്ക് വിളിച്ചു. അത് കണ്ടതും ഒരു സങ്കോചവും കൂടാതെ ആ മിടുക്കി ഉള്ളിലേക്ക് കയറി വന്നു അവന്റെ മടിയിൽ ഇരിപ്പുറപ്പിച്ചു. എന്നിട്ടു ദേവനെ നോക്കി. " ഇതാരാ?" " ഇത് അങ്കിളിന്റെ ബ്രദർ ആണ്.. ദേവൻ അങ്കിൾ. മോളുടെ ഡാഡിയും മമ്മിയും എവിടെ? " മമ്മി പുറത്തുണ്ട്.. ലിൻസി ആന്റിയോട്‌ വർത്താനം പറയുവാ.." " ഡാഡിയോ?" അവൾ ചെറിയ ബാൻഡേജ് ഒട്ടിച്ച ഒരു കുഞ്ഞി കൈ അവനു നേരെ നീട്ടി " എന്നെ കുത്തി വച്ചു . അത് കൊടുക്കാൻ പോയി" ബ്ലഡ് ടെസ്റ്റ് ചെയ്യാൻ എടുത്തതാവുമെന്നു അവനു തോന്നി.

അത് നോക്കവേ അറിയാതെ ഉള്ളിലെവിടെയോ ഒരു നോവ് വന്നു നിറഞ്ഞു. പെട്ടെന്ന് ഒരു മുപ്പതിനോടടുത്തു പ്രായം തോന്നിക്കുന്ന സ്ത്രീ വാതിലിൽ മുട്ടി അകത്തേക്ക് കയറി വന്നു. " ഡോക്ടറിന്റെ മുറി തുറന്നു കിടക്കുന്നത് കണ്ടതും എന്റെ കൈ വിടുവിച്ചു ഓടിക്കളഞ്ഞു" അവര് ചിരിച്ചു കൊണ്ട് പറഞ്ഞു. ചുണ്ടിൽ ചിരിയുണ്ടെങ്കിലും കണ്ണുകളിൽ വിഷാദമാണെന്നു ദേവന് തോന്നി. " ഡോക്ടറിനെ കണ്ടോ?" " കണ്ടു.. രണ്ടു മാസത്തിനുള്ളിൽ ചെയ്യാം.. വേറെ കുഴപ്പമൊന്നും ഇല്ലന്നാ പറഞ്ഞെ" ഹരി തലയാട്ടി. പെട്ടെന്ന് ലിൻസി സിസ്റ്റർ മുറിയിലേക്ക് വന്നു ഏയ്ഞ്ചലിന്റെ അമ്മയെ ഡോക്ടർ വിളിക്കുന്നുണ്ടെന്നു പറഞ്ഞു. കുഞ്ഞു അവിടെ ഇരുന്നോട്ടെന്നു ഹരി പറഞ്ഞത് കൊണ്ട് അവർ ഡോക്ടറിനെ കാണാനായി പോയി. ഹരി മോളോട് ഓരോ കാര്യങ്ങളും ഒക്കെ പറഞ്ഞുകൊണ്ടിരുന്നു. ഹരിയുടെ മടിയിൽ ഇരുന്നു അവൾ കൊഞ്ചുന്നതു ദേവൻ നോക്കി കൊണ്ടിരുന്നു. ഹരിയുടെ മനസ്ഡ് കഴിഞ്ഞ സംഭവങ്ങളിൽ നിന്ന് മുക്തമായി തുടങ്ങി എന്ന് അവനു മനസിലായി.കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ ഡാഡിയും മമ്മിയും വന്നു ഹരിയോട് കുറച്ചു നേരം സംസാരിച്ച ശേഷം മോളെയും കൊണ്ട് പോയി. " സർജറി ആണോ" ദേവൻ ചോദിച്ചു. " അതെ.." " ആർക്കു ?? ആ കുഞ്ഞിനോ?"

" മ്മ്മ് .. ഹാർട്ടിനാ .. പാവപെട്ട വീട്ടിലെ കുട്ടിയാണ്. സര്ജറിക്ക് ഒരു 7 ലക്ഷം രൂപ ചെലവ് വരും. ഇവിടുത്തെ ചാരിറ്റി മുഖേന അത് 4 ലക്ഷം ആക്കി കുറച്ചിട്ടുണ്ട്. രണ്ടു മാസത്തിനുള്ളിൽ പൈസ റെഡി ആകാമെന്നാണ് ആ കുട്ടിയുടെ അച്ഛൻ പറയുന്നത് " " അത്രയും നാൾ വച്ചോണ്ടിരുന്നാൽ പ്രശ്നമില്ല?" " തത്ക്കാലം മരുന്നൊക്കെ കൊടുത്തിട്ടുണ്ട്.. രണ്ടു മാസം ഒന്നും കുഴപ്പമില്ല.സർജറി ഞാനാണ് ചെയ്യുന്നത്. അത് കൊണ്ട് ഇടയ്ക്കു എന്നെയും കാണാൻ വരും. നല്ല മിടുക്കി കുട്ടിയ. എന്നെ ഭയങ്കര ഇഷ്ടമാണ്" സാധാരണ രോഗികളോട്‌ അടുപ്പം കാണിക്കാറില്ലെങ്കിലും ആ കുട്ടിയോട് ഹരിക്കു എന്തോ അറ്റാച്ച്മെന്റ് ആയിട്ടുണ്ടെന്നു ദേവന് മനസിലായി. കുറച്ചു സമയം കൂടി ഓരോന്നൊക്കെ പറഞ്ഞു ഹരിയുടെ കൂടെ ഇരുന്നിട്ട് ദേവൻ ഇറങ്ങി. പോകുന്ന വഴിക്കു ലിൻസി സിസ്റ്റർ ദേവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ഹരിയെ കാണാൻ പലപ്പോഴും ഇവിടെ വരുന്നത് കൊണ്ട് സിസ്റ്ററിനു അവനെ അറിയാം. തിരിച്ചും ഒരു പുഞ്ചിരി നൽകി അവൻ നടന്നകന്നു. ദേവൻ പോയി കഴിഞ്ഞപ്പോൾ വീണ്ടും ഹരിയുടെ മനസ്സ് കഴിഞ്ഞ ഓപ്പറേഷനിലേക്കു പോയി. എവിടെയാണ് തന്റെ കണക്കുകൂട്ടലുകൾ തെറ്റിയതെന്നു അവനു എത്ര ആലോചിച്ചിട്ടും മനസിലായില്ല.താനും അതിനു ശേഷം വിനോദും രാവിലെ നോക്കിയപ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നു. കുറച്ചു കോംപ്ലിക്കേറ്റഡ് സർജറി ആണെങ്കിലും കുഴപ്പങ്ങൾ ഒന്നുമില്ലാതെ കഴിഞ്ഞു പോകുമെന്ന് താൻ വിശ്വസിച്ചതാണ്.

അത് കൊണ്ടാണ് വീട്ടുകാർക്ക് ആത്മവിശ്വാസം പകരുന്നതും. ഇങ്ങനുള്ള സർജറികളിൽ ഇത് പോലുള്ള സംഭവങ്ങൾ ഉണ്ടാകാമെന്നു എല്ലാവരും പറഞ്ഞു സമാധാനിക്കുമ്പോളും അത് അംഗീകരിക്കാൻ അവന്റെ മനസ്സ് തയ്യാറാകുന്നുണ്ടായിരുന്നില്ല. ജെയിംസ് എന്ന 25 വയസ്സുള്ള ചെറുപ്പക്കാരൻ മേമൻ ചാരിറ്റി ഹോസ്പിറ്റലിൽ സർജറിക്കിടെ മരിച്ചത് വലിയ വാർത്തയായി. ജയിംസിന്റെ ബന്ധുക്കൾ വീഴ്ച ആരോപിച്ചു ഹോസ്പിറ്റലിനും ഡോക്ടർമാർക്കും എതിരെ കേസ് കൊടുത്തു. എന്നാൽ അന്വേഷണ സംഘം അത് ഡോക്ടറിന്റെ ഭാഗത്തു നിന്നുള്ള വീഴ്ച അല്ലായെന്നും സർജറിക്കിടെ ഉണ്ടായ രക്തസമ്മർദമാണെന്നും വിലയിരുത്തി ആ കേസ് ക്ലോസ് ചെയ്തു. കേസിന്റെ ഭാഗമായി പലപ്പോഴും ഹരിയെ ചോദ്യം ചെയ്യുകയും മറ്റും ചെയ്തത് അവനു വലിയ വിഷമമുണ്ടാക്കി. അവന്റെ ആ വിഷമ സമയത്തു ദേവനടക്കം വീട്ടിൽ എല്ലാവരും അവനോടൊപ്പം നിന്ന് അവനു ധൈര്യം പകരുകയും സമാധാനിപ്പിക്കുകയും ചെയ്തു. ലോക്കൽ പോലീസ് ഹോസ്പിറ്റലിന് അനുകൂലമായി കേസ് ക്ലോസ് ചെയ്തത് പക്ഷെ ജയിംസിന്റെ വീട്ടുകാർ അംഗീകരിച്ചില്ല. അവർ കൈക്കൂലി കൊടുത്തു അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നായിരുന്നു അവർക്കു പരാതി.

കേസ് വീണ്ടും അന്വേഷിക്കണമെന്ന് പറഞ്ഞു ജയിംസിന്റെ അച്ഛനും ബന്ധുക്കളും ഹോസ്പിറ്റലിന് മുന്നിൽ സമരം തുടങ്ങിയതോടെ അത് വീണ്ടും വലിയ വർത്തയായി. എന്നാൽ ജയിംസിന്റേതു സർജറിക്കിടെ നടന്ന ഒരു സ്വാഭാവിക മരണമാണെന്നും ലോക്കൽ പോലീസിന്റെ അന്വേഷണം ശരിയായ രീതിയിൽ തന്നെ ആയിരുന്നെന്ന്നും പുനർ അന്വേഷണം ആവശ്യമില്ല എന്നുമാണ് കോടതിയും വിലയിരുത്തിയത്. അതിനു ശേഷവും സമരം അവസാനിപ്പിക്കാൻ തയ്യാറാകാതിരുന്ന ജയിംസിന്റെ ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി സമരം അവസാനിപ്പിച്ചു. അറസ്റ്റ് ചെയ്യപെടുമ്പോഴും "തന്റെ മകൻ മരിച്ചത് ആശുപത്രിക്കാരുടെ കുറ്റം കൊണ്ടാണെന്നും, അത് മറച്ചു വയ്ക്കാൻ കാശു കൊടുത്തു കേസ് ഒതുക്കിയതാണെന്നും, ഇത് ചെയ്തവരൊക്കെയും അനുഭവിക്കുമെന്നും" ജയിംസിന്റെ അച്ഛൻ കരഞ്ഞു കൊണ്ട് വാർത്തയിൽ പറഞ്ഞത് ഹരിക്കും ഒരു വേദനയായി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ പുതിയ വാർത്തകൾ വന്നപ്പോൾ ജെയിംസും എല്ലാവരുടെയും ഓർമകളിൽ നിന്നും അപ്രത്യക്ഷമായി.. അവന്റെ വീട്ടുകാരുടെ ഒഴിച്ച്...... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story