ദേവാസുരം: ഭാഗം 7

Devasuram nila

രചന: നിള നിരഞ്ജൻ

ദിവസങ്ങൾ പിന്നെയും കടന്നു പോയി. നന്ദനത്തിൽ ആരുടേയും ജീവിതത്തിൽ പ്രത്യേകിച്ച് വല്യ മാറ്റങ്ങളൊന്നുമില്ലാതെ കടന്നു പോവുകയായിരുന്നു. ഇതിനിടയിൽ ജാനകി ആമിയെ നിർബന്ധിച്ചു ഡ്രൈവിംഗ് പഠിക്കാനായി അയച്ചു തുടങ്ങി. ആ വീട്ടിൽ ജാനകിക്കും ആമിക്കും ഒഴിച്ച് ബാക്കി എല്ലാവര്ക്കും ഡ്രൈവിംഗ് അറിയാം. ആതിയും ഹരിയും ഇടയ്ക്കിടെ ഭക്ഷണം കഴിക്കാനും സിനിമക്കുമെല്ലാം പോകും. ദേവൻ ആമിയെ എവിടെയും കൊണ്ട് പോകാറില്ല. അവൾക്കു അവന്റെ കൂടെ പോകാനും താത്പര്യമില്ല.തന്നെയുമല്ല ആതി അവൾക്കു തോന്നുമ്പോളെല്ലാം അവളുടെ കാറുമെടുത്തു അവളുടെ വീട്ടിലോ പാർലറിലോ കൂട്ടുകാരുടെ അടുത്തോ ഒക്കെ പോകും. ആമി മാത്രമാണ് വീട്ടിൽ ഒതുങ്ങി പോകുന്നത്. ഇതൊക്കെ കൊണ്ടാണ് ജാനകി അത് ചെയ്തതെങ്കിലും അന്നത്തെ കാറിന്റെ പ്രശ്നത്തിൽ തന്നെ തോല്പിക്കാനാണ് അപ്പച്ചി അങ്ങനെ ചെയ്യുന്നതെന്നാണ് ആതിക്കു തോന്നിയത്.

തന്നെയുമല്ല അവൾക്കു ലൈസൻസ് കിട്ടിയാൽ മിക്കവാറും ചെറിയച്ഛന്റെ കാറ് അവൾക്കു ഓടിക്കാനായി കൊടുക്കുമെന്നതും ആതിയെ ചൊടിപ്പിച്ചു .ഡ്രൈവിങ്ങിനു പോകുമ്പോൾ അത്യാവശ്യത്തിനു വിളിക്കാനും പറയാനുമൊക്കെ ആമിക്ക് ഒരു മൊബൈലും ജാനകി വാങ്ങി കൊടുത്തു. സ്മാർട്ട് ഫോണാണ് വാങ്ങി കൊടുത്തെങ്കിലും വിളിക്കാൻ മാത്രമേ ആമി അത് ഉപയോഗിച്ചിരുന്നുള്ളു. ആതി എത്രയൊക്കെ കിണഞ്ഞു ശ്രമിച്ചിട്ടും ഹരിയെ ദേവനിൽ നിന്നോ അവന്റെ വീട്ടുകാരിൽ നിന്നോ അകറ്റാൻ അവൾക്കു സാധിച്ചില്ല.അവളുടെ സ്വതസിദ്ധമായ കുശുമ്പിനൊപ്പം ഗീതയുടെ കുരുട്ടു പിടിച്ച ഉപദേശങ്ങളും കൂടി ആയപ്പോൾ ആതിക്കു ആമിയോട് വല്ലാത്ത ദേഷ്യമായി. ഒരു ദിവസം ആമിയുടെ ഡ്രൈവിംഗ് ക്ലാസ് കഴിഞ്ഞപ്പോൾ ഉച്ചയായി.

ഉച്ച വെയിലിന്റെ കാഠിന്യം അവളെ വല്ലാതെ തളർത്തിയിരുന്നു. ഒരു തണുത്ത ജ്യൂസ് കുടിക്കാമെന്നു കരുതി അവൾ അടുത്തുള്ള ജ്യൂസ് പാർലറിൽ കയറി. ഓർഡർ കൊടുത്തു അത് വരാനായി വെയിറ്റ് ചെയ്തു ചുറ്റുമൊന്നു കണ്ണോടിച്ചപ്പോളാണ് ഏറ്റവും അറ്റത്തുള്ള ടേബിളിൽ ഒരു ചെറുപ്പക്കാരനോടൊപ്പം പരിചയമുള്ള ഒരു മുഖം ശ്രദ്ധയിൽ പെട്ടത്. താൻ കണ്ടെങ്കിലും ശ്രീക്കുട്ടി തന്നെ കണ്ടിട്ടില്ലായെന്നു അവൾക്കു ഉറപ്പായിരുന്നു. ഇവൾക്ക് ഈ സമയത്തു ക്ലാസ്സില്ലേ? ക്ലാസ് കഴിയാൻ ഏതായാലും സമയമായിട്ടില്ല. ഇനി നേരത്തെ വിട്ടതാണോ? അതോ ക്ലാസ് കട്ട് ചെയ്തു വന്നു ഇരിക്കുന്നതാണോ? ഏതാ അവളുടെ കൂടെയുള്ള ഈ ചെറുക്കൻ? അങ്ങനെ പലതരം ചോദ്യങ്ങൾ അവളുടെ ഉള്ളിലൂടെ കടന്നു പോയി.ജ്യൂസ് വന്നു അത് കുടിച്ചു കൊണ്ടിരിക്കുന്ന സമയം ഒക്കെയും ആമി അവരെ തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

അവരുടെ പെരുമാറ്റത്തിൽ നിന്ന് അവർ തമ്മിൽ ഇഷ്ടത്തിലാണെന്നു അവൾക്കു തോന്നി. കുറച്ചു കഴിഞ്ഞപ്പോൾ അവർ എണീറ്റു .ആമി തന്റെ മുഖം കാണാത്ത പോലെ തിരിഞ്ഞിരുന്നു. അവന്റെ വേഷവിധാനങ്ങളിൽ നിന്ന് വല്യ തരക്കേടില്ലാത്ത പോലെയാണ് ആമിക്കു തോന്നിയത്.ബില്ലും കൊടുത്തു ശ്രീക്കുട്ടി അവന്റെ ബൈക്കിനു പിന്നിലിരുന്നു പോകുന്നത് ആമി കണ്ടു. തിരിച്ചു പോരുന്ന വഴി ഇപ്പോൾ കണ്ട കാര്യം വീട്ടിൽ ആരോടെങ്കിലും പറയണോ എന്നാണ് അവൾ ആലോചിച്ചതു. ശ്രീകുട്ടിക്കു തന്നോട് ദേഷ്യമായതു കൊണ്ട് അവളോട് നേരിട്ട് ചോദിയ്ക്കാൻ പറ്റില്ല.അപ്പച്ചിയോടോ ചെറിയച്ഛനോടോ പറയാം.. പക്ഷെ താൻ വിചാരിക്കുന്ന പോലെയൊന്നുമല്ല , ഇവർ വെറും സുഹൃത്തുക്കളാണെങ്കിൽ അത് മതി ശ്രീകുട്ടിക്കു തന്നോട് ദേഷ്യം കൂടാൻ.

അപ്പച്ചിക്കും ചിലപ്പോൾ തെറ്റിദ്ധാരണ ആവും. ആതിയും ശ്രീകുട്ടിയും കൂട്ടുകാരായതു കൊണ്ട് ഒരു പക്ഷെ ആതിക്കു അറിയാമായിരിക്കും. അവളോടും പക്ഷെ താൻ ചോദിച്ചിട്ടു കാര്യമൊന്നുമില്ല. പിന്നെയുള്ളത് ദേവേട്ടനും ഹരിയേട്ടനുമാണ്. അവരുടെ കുഞ്ഞനിയത്തിയുടെ കാര്യം പറയുമ്പോൾ എങ്ങനെയാവും പ്രതികരിക്കുക എന്നറിയില്ല. ദേവേട്ടനാണെങ്കിൽ എടുത്തുചാട്ടം ഇച്ചിരി കൂടുതലാണ്. തത്ക്കാലം ഇത് തന്റെ മനസ്സിൽ തന്നെയിരിക്കട്ടെ. ഒരുപക്ഷെ ഇനി അവളായിട്ടു തന്നെ വീട്ടിൽ പറയാൻ ഇരിക്കുകയാണെങ്കിലോ... താനായിട്ടു പറയേണ്ട ഒരു സാഹചര്യം വരികയാണെങ്കിൽ അപ്പോൾ പറയാം.. പണികളെല്ലാം ഒന്ന് ഒതുങ്ങി എന്ന് തോന്നിയപ്പോൾ ആമി തന്റെ നടുവ് നിവർത്തി ഹാളിനു ചുറ്റും കണ്ണോടിച്ചു.

എല്ലാം അടുക്കി പെറുക്കി വൃത്തിയായി എന്നുറപ്പു വരുത്തി അവൾ തന്റെ മുറിയിലേക്ക് നടന്നു. മുറിയിൽ ദേവൻ കിടന്നു മൊബൈലിൽ കുത്തുന്നുണ്ട്.. അവൾ വന്നതോ തന്റെ ഡ്രെസ്സും എടുത്തു ബാത്‌റൂമിൽ കയറുന്നതും ഒന്നും അവൻ ശ്രദ്ധിച്ചില്ല..കുളിക്കാനായി ഷവറിനു കീഴിൽ നിൽക്കുമ്പോഴും ആമി ദേവനെ പറ്റിയാണ് ചിന്തിച്ചു കൊണ്ടിരുന്നത്. ഇന്ന് ദേവന്റെയും ഹരിയുടെയും ബെർത്ഡേയ് ആണ്. ഹരിയുടെ കുറച്ചു ഫ്രണ്ട് നെയും പിന്നെ ആതിയുടെ അച്ഛനെയും അമ്മയെയും കൂടെ കൂട്ടി ചെറിയൊരു പാർട്ടി വൈകിട്ട് അറേഞ്ച് ചെയ്തിട്ടുണ്ട്. ദേവൻ പുറത്തേക്കു പോയാൽ പിന്നെ എപ്പോഴാണ് വരുന്നതെന്ന് അറിയില്ലാത്ത കൊണ്ട് അവനെ പുറത്തെങ്ങും പോകാൻ സമ്മതിക്കാതെ ഹരി വീട്ടിൽ തന്നെ പിടിച്ചിരുത്തിയിരിക്കുകയാണ്.

രാവിലെ ആമി അമ്പലത്തിൽ പോകാനായി ഇറങ്ങിയപ്പോൾ ഹരിയുടെയും ദേവന്റെയും പേരിൽ പ്രത്യേകം ‌വഴിപാട് കഴിക്കണം എന്ന് പറഞ്ഞു പൈസ കൊടുത്തു വിട്ടിരുന്നു. അപ്പച്ചി പറഞ്ഞ പോലെ മാത്രം വഴിപാട് കഴിച്ചു വരാനാണ് അവൾ തീരുമാനിച്ചിരുന്നതെങ്കിലും അവിടെയെത്തിയപ്പോൾ ദേവന് വേണ്ടി അവളുടെ വകയും ഒരു വഴിപാട് കഴിക്കാതിരിക്കാൻ അവളെ കൊണ്ടായില്ല. ദുശീലങ്ങളൊക്കെ മാറി അവനു നല്ല ബുദ്ധി തോന്നാൻ പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു. അവനോടുള്ള തന്റെ മനസ്സിലെ ദേഷ്യം പതുകെ ഉരുകി തുടങ്ങുകയാണോ എന്ന് ചെറിയൊരു സംശയം തോന്നാതെ ഇരുന്നില്ല ആമിക്കു. എന്നാലും വീട്ടിൽ എല്ലാവരും അവനെ വിഷ് ചെയ്തപ്പോളും ആമി മാത്രം മാറി നിന്നു . ദേവൻ അത് ശ്രദ്ധിച്ചതായി പോലും തോന്നുന്നില്ല.

ഉച്ചക്ക് ജാനകിയും ആമിയും കൂടി ഉണ്ടാക്കിയ ചെറിയ സദ്യ കഴിക്കുമ്പോഴും ദേവൻ അവളെയും അവൾ ദേവനെയും മൈൻഡ് ചെയ്യാതെ തന്നെ ഇരുന്നതേ ഉള്ളു. പിറന്നാളായിട്ടു താനൊന്നും വിഷ് പോലും ചെയ്യാത്തതിൽ ദേവന് തെല്ലും വിഷമം ഇല്ലാലോ എന്നാലിച്ചാച്ചപ്പോൾ ആമിക്കു ചെറിയ ദേഷ്യം തോന്നാതെ ഇരുന്നില്ല. അവനു തന്നെ വിലയില്ലെങ്കിൽ തനിക്കു അങ്ങോട്ട്ടും ഇല്ല എന്ന് തീരുമാനിചാണ് ആമി കുളിച്ചിറങ്ങിയത്. പുറത്തു നിന്നും ഉള്ള ചിരിയിലും സംസാരത്തിലും നിന്ന് സോമൻ ചെറിയച്ഛനും ഗീത ചിറ്റയും എത്തിയിട്ടുണ്ടെന്നു ആമിക്കു മനസിലായി. പാർട്ടിക്ക് ഇടാൻ വേണ്ടി ഹരി ആതിക്കു വാങ്ങി കൊടുത്ത പുതിയ നെക്‌ളേസ്‌ സെറ്റിന്റെ വിശേഷം പറച്ചിലാണ് കേൾക്കുന്നത്. അത് കിട്ടയപ്പോൾ മുതൽ ആതി നിലത്തൊന്നും അല്ല. ആമി വേഗം അപ്പച്ചി കല്യാണശേഷം തനിക്കു വാങ്ങി തന്ന ഒരു പാർട്ടി വെയർ ചുരിദാർ എടിത്തിട്ടു.. കണ്ണിൽ കരിമഷിയെഴുതി...

ഒരു പൊട്ടും തൊട്ടു.. സീമന്തരേഖയിൽ ഒരു നുള്ളു സിന്ദൂരവും അണിഞ്ഞു , മുടി കുളിപ്പിന്നൽ ആക്കിയിട്ടു പുറത്തിറങ്ങി. വൈകിട്ടത്തെ പാർട്ടിക്ക് വേണ്ടിയുള്ള ഭക്ഷണം പുറത്തു നിന്നാണ് പറഞ്ഞിരുന്നത്. ആതി വില കൂടിയ പാർട്ടി വെയർ ചുരിദാറിലും ഹരി വാങ്ങി കൊടുത്ത ആഭരണത്തിലും തിളങ്ങി നിന്നിരുന്നു. താലി മാലയും ഓരോ കയ്യിലും ഓരോ വളയും മാത്രം ഇട്ടു വരുന്ന ആമിയെ കണ്ടതും ഗീതയുടെ മുഖത്ത് ഒരു പുച്ഛച്ചിരി വിരിഞ്ഞു. അവൾ അത് കാര്യമാക്കാതെ അപ്പച്ചിയോടൊപ്പം ഓരോരോ പണികളിൽ മുഴുകി. എല്ലാവരും ചായ കുടിച്ച കപ്പുകൾ കഴുകി വയ്ക്കുമ്പോഴാണ് ആമിയെ ജാനകി ഹാളിലേക്ക് വിളിക്കുന്നുണ്ടെന്നു ശ്രീക്കുട്ടി വന്നു പറഞ്ഞത്. ആമി ചെല്ലുമ്പോൾ കയ്യിലൊരു കവറുമായി ജാനകി നിൽക്കുകയായിരുന്നു.അവളെ കണ്ടപ്പോൾ അത് അവളുടെ കയ്യിൽ വച്ച് കൊടുത്തു " ഇത് ഞാനും രവിയേട്ടനും കൂടി വാങ്ങിയതാണ്..

നിനക്ക് വേണ്ടി.. ഇന്നത്തെ പാർട്ടിയിൽ അണിയാൻ .. ഇഷ്ടപ്പെട്ടോ എന്ന് നോക്ക്.." അവൾ അമ്പരപ്പോടെ കവർ തുറന്നപ്പോൾ അതിലൊരു ജ്വല്ലറി ബോക്സ് ഉണ്ടായിരുന്നു. അവൾ ജാനകിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ തുറക്കാൻ എന്ന മട്ടിൽ അവർ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. തുറന്നു നോക്കിയ അവൾ ഞെട്ടി പോയി.ഹരി ആതിക്കു വാങ്ങി കൊടുത്ത പോലത്തെ ഒരു നെക്‌ലേസ് സെറ്റ് അപ്പച്ചി തനിക്കായി വാങ്ങി തന്നിരിക്കുന്നു. ആതിയുടെ മുന്നിൽ താൻ ചെറുതാവാതെ തലയുയർത്തി നില്ക്കാൻ. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. " ഇഷ്ടപ്പെട്ടോ?" ഒന്നും പറയാനാവാതെ അവൾ തലയാട്ടി " എന്നാൽ പോയി ഇട്ടിട്ടു വാ" അവൾ നിറകണ്ണുകളോടെ അതുമായി മുറിയിലേക്ക് പോയി. ഇതൊക്കെ കണ്ടു ആകെ ഞെട്ടി നിൽക്കുകയാണ് ഗീതയും ആതിയും . അവളുടെ മുന്നിൽ പുതിയ നെക്‌ലേസ് അണിഞ്ഞു ഗമയിൽ നിന്നതാണ്..

ഇപ്പോളത്തെ അത് പോലെ തന്നെ പുതിയൊരെണ്ണം അവൾക്കും വാങ്ങി കൊടുത്തിരിക്കുന്നു. സ്വന്തം വീട്ടിലെ കുട്ടിയായ ആതിയെക്കാളും ജാനകി ആമിയെ സ്നേഹിക്കുന്ന കണ്ടു ഗീതക്കും ദേഷ്യം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോൾ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത് ദോഷമേ വരുത്തൂ എന്നറിയുന്നത് കൊണ്ട് അവർ ഇരുവരും ക്ഷമിച്ചു. ഇതൊക്കെ കണ്ടും കേട്ടും സങ്കടവും ദേഷ്യവും സഹിക്കാൻ പറ്റാത്ത ഒരാൾ കൂടി ഉണ്ടായിരുന്നു.. ശ്രീക്കുട്ടി.. തന്റെ അച്ഛനും അമ്മയും തനിക്കു തരാതെ ആമിക്കു വാങ്ങി കൊടുത്തത് അവൾക്കു സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.. അതിഥികൾക്കിടയിലൂടെ ജ്യൂസും പിടിച്ചു നടക്കുന്ന ആമിയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു ദേവൻ.

ഇടയ്ക്കിടയ്ക്ക് ഹരി അവനെ വിളിച്ചു തന്റെ വന്നിരിക്കുന്ന കൂട്ടുകാർക്കൊക്കെ പരിചയപെടുത്തുന്നുണ്ടെങ്കിലും തന്റെ ശ്രദ്ധ വീണ്ടും വീണ്ടും ആമിയിലേക്കു പാളിപോകുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. പുതിയ ചുരിദാറിലും അമ്മയും അച്ഛനും വാങ്ങി കൊടുത്ത ആഭരണത്തിലും അവൾ സുന്ദരിയായിരിക്കുന്നു. നേരത്തെ കുളിച്ചിറങ്ങി വന്നു യാതൊരു ആഭരണങ്ങളോ മേയ്‌ക്കപ്പോ ഇല്ലാതെ ഒരുങ്ങിയിറങ്ങി പോകുന്ന ആമിയെ അവൻ കട്ടിലിൽ ഇരുന്നു ശ്രദ്ധിച്ചിരുന്നു. ഒരു തരി കണ്മഷിയും, പൊട്ടും സിന്ദൂരവും മാത്രം അണിഞ്ഞിട്ടും ഇവൾ എങ്ങനെ ഇത്ര സുന്ദരിയായിരിക്കുന്നു എന്ന് അപ്പോൾ തന്നെ അവൻ അമ്പരന്നതാണ്. അവൾ പക്ഷെ തന്നെ ശ്രദ്ധിക്കുന്നേ ഇല്ല. പിറന്നാൾ ആയി രാവിലെ എല്ലാവരും വന്നു വിഷ് ചെയ്തപ്പോളും അവൾ മാത്രം വന്നില്ല.

താൻ അത് മൈൻഡ് ചെയ്യാതെ പോലെ നടന്നെങ്കിലും അവൾ വന്നു വിഷ് ചെയ്യണമെന്ന് ഉള്ളാലെ ആഗ്രഹിച്ചിരുന്നു. കേക്ക് കട്ട് ചെയ്യാം എന്ന് പറഞ്ഞു ഹരി വന്നു വിളിച്ചപ്പോളാണ് ചിന്തകളിൽ നിന്ന് ദേവൻ ഉണർന്നത്. കുഞ്ഞു നാളിലെ തൊട്ടുള്ള ശീലം പോലെ ദേവനും ഹരിയും ഒരുമിച്ചാണ് കേക്ക് കട്ട് ചെയ്യാൻ നിന്നതു. പിറകിലേക്ക് മാറി നിൽക്കുകയായിരുന്ന ആമിയെ ജാനകി ദേവന്റെ അടുത്ത് വിളിച്ചു നിർത്തി. ആതി ആദ്യമേ ഹരിയുടെ അടുത്ത് സ്ഥാനം ഉറപ്പിച്ചിരുന്നു. കേക്ക് കട്ട് ചെയ്തു കഴിഞ്ഞു ആദ്യമേ ഹരി ദേവന്റെയും ദേവൻ ഹരിയുടെയും വായിൽ വച്ച് കൊടുത്തു. രണ്ടാമത്തെ പീസ് കട്ട് ചെയ്തു ദേവന്റെ കയ്യിൽ വച്ച് മറ്റാർക്കും കേൾക്കാത്ത പോലെ അത് ആമിക്ക്കു കൊടുക്കാൻ ദേവനോട് പറഞ്ഞു ഹരി കേക്കുമായി ആതിയുടെ നേരെ തിരിഞ്ഞു. ഹരി ആതിയുടെ വായിൽ കേക്ക് വച്ച് കൊടുക്കുമ്പോൾ ചെറിയൊരു മടിയോടെ ദേവൻ കേക്കുമായി ആമിയുടെ നേരെ തിരിഞ്ഞു.

അവൻ എന്താണ് ചെയ്യാൻ വരുന്നതെന്ന് മനസിലായ ആമിയും ഒന്ന് പരുങ്ങി. കുറച്ചു മടിയോടെയെങ്കിലും ദേവൻ ആമിയുടെ ചുണ്ടിനടുത്തേക്കു നീട്ടിയ കേക്ക് അവൾ സ്വീകരിച്ചു..ഒപ്പം അവന്റെ കൈ പിടിച്ചു ബാക്കിയുള്ള കേക്ക് അവന്റെ വായിലേക്ക് വച്ച് കൊടുക്കുകയും ചെയ്തു. അത് കണ്ടു ഹരിയും ജാനകിയും രവിശങ്കറും സന്തോഷം കൊണ്ട് കയ്യടിച്ചു. ദേവൻ ബാക്കി ഉള്ളവർക്ക് കേക്ക് കൊടുക്കാൻ തുടങ്ങിയപ്പോഴേക്കും ആമി അവിടെ നിന്നും മാറി മറ്റു ജോലികളിലേക്ക് തിരിഞ്ഞു. കേക്ക് കട്ടിങ് കഴിഞ്ഞതോടു കൂടി ഹരിയും ആതിയും ഫോട്ടോ സെഷൻ തുടങ്ങി. ഹരിയോട് ചേർന്ന് നിന്നും കെട്ടിപ്പിടിച്ചും പല പോസുകളിലും ആതി ഫോട്ടോ എടുക്കുന്നത് കണ്ടു കൊണ്ട് ആമി അടുക്കളയിലേക്കു പോയി. പോകുന്ന വഴി അവൾ പിറുപിറുത്തു " ഇവിടെ ചിലർക്ക് ഒന്ന് അടുത്ത് വന്നു നില്ക്കാൻ പോലും മടിയാണ്.. അടുത്ത് വന്നാൽ ഞാനെന്താ കടിക്കോ?" .... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story