ദേവാസുരം: ഭാഗം 9

Devasuram nila

രചന: നിള നിരഞ്ജൻ

" കത്തിച്ചു കളഞ്ഞേക്കാനാ പറഞ്ഞേക്കുന്നത്.." അത് കേട്ടപ്പോൾ ബന്ധനസ്ഥനായവരുടെ മുഖം പിന്നെയും ഭയത്താൽ നിറയുന്നത് ദേവൻ കണ്ടു. " എവിടെയാ?? ഇവിടെ തന്നെയോ?" " ഇവിടെ വേണ്ട.. വേറൊരു സ്ഥലം ബോസ് കണ്ടു വച്ചിട്ടുണ്ട്.. അവിടെ വച്ച് മതി.. അപ്പൊ എങ്ങനാ.. പണി നടത്തുവല്ലേ?" ഭാഗം 9 മൂന്നാലു മണിക്കൂറുകൾക്കു ശേഷം പണിയൊക്കെ തീർത്തു പിരിഞ്ഞു പോകാൻ ഒരുങ്ങുമ്പോഴാണ് പരുന്തു ചോദിച്ചത് " മൂർഖാ .. നിന്റെ കയ്‌ക്കെന്താ പറ്റിയത്?" മൂര്ഖനെന്നുള്ളത് ആ കൂട്ടത്തിൽ ദേവന്റെ വിളിപ്പേരാണ്. അവരുടെ കൂട്ടത്തിലെ ഏറ്റവും വിഷമേറിയതും അതിനാൽ തന്നെ ഏറ്റവും അപകടകാരിയുo അവൻ ആണെന്നുള്ളത് കൊണ്ട് തന്നെയാണ് അങ്ങനൊരു പേര്.. ആൾക്കാരെ റാഞ്ചാൻ നിഷാന്തിനുള്ള പ്രത്യേക കഴിവ് കൊണ്ടാണ് അവനു പരുന്തു എന്നുള്ള പേര് വീണത്.

അങ്ങനെ ഓരോരുത്തരുടെയും പ്രത്യേകതകൾ വച്ച് അഞ്ചു പേർക്കും ഓരോ വിളിപ്പേരുകൾ. തങ്ങളുടെ ജോലികൾ ചെയ്യുമ്പോൾ അവരുടെ ശരിക്കുള്ള പേര് മറ്റാരും കേൾക്കാതിരിക്കാനും ഈ വിളിപ്പേര് ഉപകാരപ്പെടും. പരുന്തിന്റെ ചോദ്യം കേട്ടാണ് ബുള്ളെറ്റിലേക്കു കയറാനൊരുങ്ങിയ ദേവൻ തന്റെ കയ്യിലേക്ക് നോക്കുന്നത്. തന്റെ വലത്തേ കയ്യിൽ നിന്ന് രക്തം നന്നായി പോകുന്നുണ്ട്.. നോക്കിയപ്പോൾ അത്യാവശ്യം നല്ലൊരു മുറിവും കൈവെള്ളയിൽ പറ്റിയിട്ടുണ്ട്.. നേരത്തെ പെട്രോൾ കന്നാസ് എടുത്തപ്പോൾ കൈ ഒന്ന് പോറിയ പോലെ തോന്നിയിരുന്നു.. ഇപ്പോളാണ് ഇത്ര വലിയ മുറിവാണെന്നു കാണുന്നട്ജു.. വേദനയും അറിഞ്ഞില്ല.. ഒരു പക്ഷെ മരവിച്ചു പോയത് കൊണ്ടാകാം... ഛെ .. നാശം " ആകെ കുഴപ്പമായല്ലോ.. ബ്ലഡ് അവിടെയൊക്കെ വീണിട്ടുണ്ടാവില്ലേ?" " ഹമ്മ് .. എന്തായാലും നീ വിട്ടോ മൂർഖാ .. തത്ക്കാലം ഒരു തുണി കൊണ്ട് കൈ ഒന്ന് വച്ച് കെട്ടിക്കോ..

ഇവിടം ഞങ്ങൾ ക്ലീൻ ചെയ്തോളാം.. " ആരോ ഒരു തുണി കൊണ്ട് കൊടുത്ത് കൊണ്ട് കൈ കെട്ടി അവരോടു യാത്ര പറഞ്ഞു ദേവൻ ബുള്ളെറ്റുമെടുത്തു വീട്ടിലേക്കു പോയി. നിഷയുടെ ഫോൺ വന്നതിനു പുറമെ ദേവൻ വീട്ടിൽ നിന്ന് പോയിട്ട് ഇപ്പോൾ നാലഞ്ചു മണിക്കൂറായി. എത്ര ശ്രമിച്ചിട്ടും ഒരു പോള കണ്ണടക്കാൻ കഴിയാതെ ആമി വെറുതെ കിടന്നു. ദേവൻ ഇത് വരെയായിട്ടും വരാത്തത് അവളെ വല്ലാതെ ഭയചകിതയാക്കി. വിമല അപ്പച്ചിയെയോ ഹരിയേട്ടനെയോ വിളിച്ചുണർത്തി പറഞ്ഞാലോ എന്ന് വരെ ആലോചിച്ചു. പക്ഷെ അവരെയും കൂടി വെറുതെ ഭയപെടുത്തണമല്ലോ എന്നോർത്ത് അവൾ തന്നെ അത് വേണ്ടായെന്നും വച്ചു .മൊബൈൽ എടുത്തു ദേവന്റെ നമ്പറിലേക്കു ഡയൽ ചെയ്യാൻ പലതവണ ഒരുങ്ങിയതാണ്..പക്ഷെ എന്തോ ഒന്ന് അവളെ അതിൽ നിന്നും പിന്തിരിപ്പിച്ചു..എന്ത് ചെയ്യണം എന്നാലോചിച്ചു അങ്ങനെ കിടക്കുമ്പോഴാണ് പുറത്തു ബുള്ളറ്റിന്റെ ഒച്ച കേട്ടത്..

ഉടനെ അവൾ പുതപ്പു കഴുത്തു വരെ മൂടി ഒരു വശം തിരിഞ്ഞു കണ്ണുകളടച്ചു ഉറങ്ങുന്ന പോലെ കിടന്നു..അവനു വേണ്ടി ഇത്രയും നേരം അവൾ ഉറങ്ങാതെ ഇരിക്കുകയായിരുന്നു എന്ന് അവൻ അറിയണ്ട..അവൻ മുറിയിൽ കയറിയതും.. കട്ടിൽ കടന്നു ബാത്റൂമിലേക്കു പോകുന്നതും അവൾ ശബ്ദങ്ങളിലൂടെ അറിഞ്ഞു.. അവൾ മെല്ലെ കണ്ണ് തുറന്നു നോക്കി..ബാത്‌റൂമിൽ മാത്രമേ ലൈറ്റ് ഇട്ടിട്ടുള്ളു. വാതിൽ അടച്ചിട്ടില്ല, വാഷ്‌ബേസിനിൽ നിന്ന് കൈ കഴുകുകയാണ്.. ഇടക്കെപ്പോഴോ അവൻ ഒന്ന് നീങ്ങിയപ്പോൾ അവൾ ഞെട്ടി പോയി.. വെള്ളത്തോടൊപ്പം കയ്യിൽ നിന്ന് ചുവന്ന നിറത്തിൽ എന്തോ ഇറ്റിറ്റു വീഴുന്നു.. ചോര .. കൈ മുറിഞ്ഞിരിക്കുകയാണ്. അവന്റടുത്തേക്കു എഴുനേറ്റു പോകണോ വേണ്ടയോ എന്ന് മനസ്സിൽ കുറെ ചിന്തിച്ചു. പിന്നീട് വാശി ജയിച്ചപ്പോൾ അവിടെ തന്നെ കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൻ ബാത്‌റൂമിൽ നിന്ന് ഇറങ്ങുന്നത് കണ്ടപ്പോൾ അവൾ വീണ്ടും കണ്ണടച്ച് കിടന്നു.

അലമാരി തുറക്കുന്നതിന്റെയും എന്തെക്കെയോ മാറ്റുന്നതിന്റെയുമൊക്കെ ഒച്ച കേൾക്കാനുണ്ട് . ഡ്രസ്സ് മാറാൻ ആവുമെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് കുറച്ചു സമയത്തിന് ശേഷവും അവന്റെ തപ്പൽ അവസാനിക്കാത്തപ്പോൾ ഫസ്റ്റ് എയ്ഡ് ബോക്സ് തപ്പുന്നതാവുമെന്നു അവൾക്കു തോന്നി. കഴിഞ്ഞ ദിവസസം അലമാരി അടുക്കിയപ്പോൾ അത് മുകളിലത്തെ തട്ടിൽ ഇരിക്കുന്നത് കണ്ടതാണ്. അവൾ പിന്നെയും കണ്ണ് തുറന്നു നോക്കി. അവളുടെ ഉറക്കം കളയണ്ട എന്ന് കരുതി ആണെന്ന് തോനുന്നു അപ്പോളും ബാത്റൂമിലെ ലൈറ്റ് മാത്രമേ ഉള്ളു. അവൻ താഴത്തെ തട്ടിലാണ് തപ്പി കൊണ്ടിരിക്കുന്നത്. എന്തെങ്കിലും ആവട്ടെ എന്ന് കരുതി അവൾ വീണ്ടും കണ്ണടച്ചെങ്കിലും മനസാക്ഷി ഇല്ലാത്തവളെ പോലെ പെരുമാറുന്നതിനു മനസ്സ് കുറ്റപ്പെടുത്തി. അവന്റെ കയ്യിൽ നിന്നും ഇറ്റു വീണുകൊണ്ടിരുന്ന ചോരയുടെ ചിത്രം മുന്നിൽ തെളിഞ്ഞപ്പോൾ പിന്നെ അവൾക്കു പിടിച്ചു നിൽക്കാനായില്ല. " ഫസ്റ്റ് എയ്ഡ് ബോക്സ് ആണ് തപ്പുന്നതെങ്കിൽ അത് അവിടെയല്ല "

അവൻ ഞെട്ടി തിരിഞ്ഞു നോക്കി. അവൾ എണീറ്റ് കിടക്കുകയാണെന്ന് അവൻ അറിഞ്ഞില്ല. തനിക്കെന്താണ് വേണ്ടതെന്നു ഇവൾക്ക് എങ്ങനെ മനസിലായി. " അത് ആ മുകളിലത്തെ തട്ടിലാണ് ഇരിക്കുന്നെ" അതും പറഞ്ഞു നട്ടപ്പാതിരക്കു അടിയുമുണ്ടാക്കി കയ്യും മുറിച്ചു ബാക്കി ഉള്ളവന്റെ ഉറക്കം കൂടി കളയാനായിട്ടു കയറി വന്നേക്കുവാനെന്നു പിറുപിറുത്തു കൊണ്ട് അവൾ കണ്ണടച്ച് കിടന്നു. കുറച്ചു നേരം കഴിഞ്ഞും ഉറക്കം വരാതായപ്പോൾ വീണ്ടുമൊന്നു കണ്ണ് തുറന്നു നോക്കിയപ്പോൾ കണ്ട കാഴ്ച കണ്ടു അറിയാതെ അവൾക്കു ചിരി പൊട്ടി. വലത്തേ കയ്യിലെ മുറിവിൽ ഇടത്തെ കൈ കൊണ്ട് ബാൻഡേജ് ചുറ്റാനുള്ള ശ്രമത്തിലാണ് ദേവൻ. കുറച്ചു നേരം അവന്റെ തത്രപ്പാട് നോക്കി കിടന്നിട്ടു അവൾ എണീറ്റ് ലൈറ്റ് ഇട്ടു അവന്റെ അടുത്തേക്കു ചെന്ന് അവനു നേരെ കൈ നീട്ടി.അവൻ ബാൻഡേജ് അവളുടെ കയ്യിലേക്ക് വച്ച് കൊടുത്തു.

തന്റെ മുറിവിൽ ബാൻഡേജ് വച്ച് കെട്ടുന്ന ആമിയെ അവൻ നോക്കികൊണ്ട്‌ നിന്നു . തന്റെ മാറോടൊപ്പം ഉയരമേ അവൾക്കുള്ളു.. നെഞ്ചിൽ തല ചായ്ച്ചു നിന്നാൽ അവൾക്കു തന്റെ ഹൃദയമിടിപ്പുകൾ വ്യക്തമായി കേൾക്കാൻ കഴിയും.. എന്നെങ്കിലും നീയെന്റെ നെഞ്ചിലങ്ങനെ ചായുമോ പെണ്ണെ? അവന്റെ കയ്യിലെ മുറിവ് വച്ച് കെട്ടി ഒന്നും മിണ്ടാതെ അവൾ വീണ്ടും കട്ടിലിനടുത്തേക്കു നീങ്ങി. പെട്ടെന്നാണ് പിറകിൽ നിന്നും ദേവന്റെ പിടിത്തം അവളുടെ കൈകളിൽ വീണത്.. അവൾ ദേഷ്യത്തോടെ ചോദ്യ ഭാവത്തിൽ അവനെ തിരിഞ്ഞു നോക്കി " ഇനിയും എന്താ വേണ്ടത്? മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല?" "അങ്ങനൊന്നുമല്ല .. നേരത്തെ നീയെന്തോ എന്നോട് പറയാൻ തുടങ്ങിയില്ലേ .. അതെന്താ??" "നേരത്തെയോ?? എപ്പോൾ?? " ആമി അറിയാത്ത ഭാവം നടിച്ചു.. " ഞാൻ പുറത്തു പോകുന്നതിനു മുന്നേ നീയെന്തോ എന്നോട് പറയാൻ വന്നില്ലേ?? അതെന്താണെന്നു ചോദിച്ചത്"

ഓ .. അപ്പോൾ ഞാൻ പറയാൻ വന്നത് എന്താണെന്നു അറിയണം എന്നൊക്കെ ഉണ്ട്.. എന്നിട്ടാണ് ഒരു പെണ്ണ് വിളിച്ചപ്പോഴേക്കു ചാടി ഓടി പോയത്.. അങ്ങനിപ്പോ അറിയണ്ട.. ആമി മനസ്സിലോർത്തു " ആണോ?? എനിക്കൊര്മയില്ലലോ.. അപ്പോൾ എന്തെങ്കിലും പറയാൻ വന്നതാവും.. ഇപ്പോൾ ഓർക്കുന്നില്ല" "ആണോ.. എന്നാൽ നീ കിടന്നോ" അവൾ കട്ടിലിൽ കയറി ഭിത്തിയുടെ സൈഡിലേക്ക് തിരിഞ്ഞു കണ്ണടച്ച് കിടന്നു. " ഞാൻ വിചാരിച്ചു നീയെന്നെ ബര്ത്ഡേ വിഷ് ചെയ്യാൻ വന്നതാവുമെന്നു" ആമി ഞെട്ടി പിടഞ്ഞു എഴുനേറ്റു അവനെ തന്നെ നോക്കി. ഈശ്വര ഇയാൾ ഇതെങ്ങനെ അറിഞ്ഞു? അവളുടെ മുഖഭാവം കണ്ടു ദേവന് ചിരി വന്നു. അവൻ കട്ടിലിൽ അവളുടെ അടുത്ത് വന്നിരുന്നു അവളുടെ മുഖത്തേക്ക് നോക്കി " ആണോ?" " എ .. എന്ത് ?" " എന്നെ വിഷ് ചെയ്യാൻ വന്നതായിരുന്നോന്നു? ആണെങ്കിൽ ഇപ്പോൾ പറഞ്ഞോ..

ഒരിച്ചിരി ലേറ്റ് ആയതു സാരമില്ല" ഓഹോ.. അപ്പൊ ഞാൻ വിഷ് ചെയ്യണമെന്നൊക്കെ ആഗ്രഹമുണ്ട്. അങ്ങനിപ്പോ മോൻ സുഖിക്കണ്ട.. " ഞാൻ ആരേം വിഷ് ചെയ്യാനൊന്നും വന്നതല്ല" ദേവന് തെല്ലൊരു നിരാശ തോന്നി. " ആണോ.. എന്നാൽ പിന്നെ കിടക്കാം.. പറയാൻ വന്നതു ഓര്മ വരുമ്പോൾ പറഞ്ഞാൽ മതി" " ഏതാ ആ പെണ്ണ്??" തന്റെ വായിൽ നിന്ന് വന്ന വാക്കുകൾ കേട്ട് ആമി തന്നെ ഞെട്ടി പോയി..ചോദിക്കണമെന്ന് ഓർത്തതല്ല.. പക്ഷെ താൻ പോലും അറിയാതെ വാക്കുകൾ പുറത്തേക്കു വന്നതാണ്. കിടക്കാൻ തുടങ്ങുകയായിരുന്നു ദേവൻ അവളുടെ ചോദ്യം കേട്ട് ഒന്ന് അമ്പരന്നു " പെണ്ണോ?" ഒന്നുമാറിയത് പോലുള്ള അവന്റെ ചോദ്യം കേട്ടപ്പോൾ ആമിക്കു ദേഷ്യമാണ് വന്നത് " നേരത്തെ ഫോണിൽ വിളിച്ച ആ പെണ്ണ്?" ദേവന്റെ മുഖത്ത് അപ്പോഴും അതെ അമ്പരപ്പ് തന്നെ കണ്ടതും ആമിയുടെ ദേഷ്യം ഇരട്ടിയായി.. "

ഞാൻ കണ്ടതാണ് നേരത്തെ നിങ്ങളുടെ ഫോണിലേക്കു നിഷ എന്ന് പേരുള്ള പെൺകുട്ടിയുടെ കാൾ വന്നത്.. അവൾ വിളിച്ചിട്ടല്ലേ ആരോടോ അടിയുണ്ടാക്കാൻ നിങ്ങൾ രാത്രി ഇറങ്ങി പോയത്? ഇതിനു മുൻപും പല പ്രാവശ്യം നിങ്ങളുടെ ഫോണിലേക്കു അവളുടെ കാൾ വരുന്നത് ഞാൻ കണ്ടിട്ടുണ്ട്.." ആമി അരിശത്തോടെ അത്രയും പറഞ്ഞു നിർത്തിയതും ദേവന്റെ അമ്പരപ്പ് ഒരു പൊട്ടിചിരിയിലേക്കു വഴി മാറി. അവന്റെ ചിരിയും കൂടി കണ്ടപ്പോൾ ആമിയുടെ മുഖം ചുവന്നു.. പോക്രിത്തരം കാണിക്കുന്നതും പോരാ.. ചോദിക്കുമ്പോൾ കളിയാക്കുന്നു.. " നിന്നോടാരാ പറഞ്ഞത് എന്നെ വിളിക്കുന്നത് പെണ്ണാണെന്ന്??" " പിന്നെ നിഷ എന്നത് ആണുങ്ങളുടെ പേരാണോ??" " നിഷ എന്നത് ആണിന്റെ പേരല്ല.. പക്ഷെ നിഷാന്ത് എന്ന് പേരുള്ള ഒരു ആണിനെ നിഷ എന്ന് ചുരുക്കി വിളിക്കാം" ആമി അവൻ പാഞ്ഞത് ഒട്ടും വിശ്വാസമില്ലാത്ത പോലെ അവനെ തന്നെ നോക്കി. അത് മനസിലാക്കിയിട്ടെന്ന പോലെ ദേവൻ ബെഡിൽ നിന്നും എഴുനേറ്റു ചാർജ് ചെയ്യാൻ വച്ചിരുന്ന അവന്റെ മൊബൈലും എടുത്തു വീണ്ടും അവളുടെ അടുത്ത് വന്നിരുന്നു.

എന്നിട്ടു ഫോൺ അവൾക്കു കാണാൻ പാകത്തിന് അവളുടെ മുന്നിലേക്ക് നീട്ടി പിടിച്ചു. നിഷ എന്ന പേരിൽ സേവ് ചെയ്തിരുന്ന നമ്പർ എടുത്തു സ്പീക്കർ ഓൺ ആക്കി ഡയല് ചെയ്തു. നാലഞ്ചു ബെല്ലുകൾക്കപ്പുറം അപ്പുറത്തു നിന്ന് ഫോൺ എടുത്തു. ആമി ശ്വാസമടക്കി പിടിച്ചിരുന്നു " പറയെടാ" അപ്പുറത്തു നിന്ന് ഘനഗംഭീരമായ ഒരു പുരുഷശബ്ദം " ഒന്നുമില്ലെടാ.. വീടെത്തിയോ എന്നറിയാൻ വിളിച്ചതാണ്.." " എത്തിയില്ല.. എത്തുന്നു" " ശെരി" ഫോൺ കട്ട് ആയി. ദേവൻ ഇപ്പൊ എന്തായി എന്ന ഭാവത്തിൽ ആമിയെ ഒന്ന് നോക്കി. അവളാണെങ്കിൽ ആകെ ചമ്മി ഇരിപ്പാണ്. " അത്.. പിന്നെ.. ഞാൻ.." " നീ???" " ഒന്നുമില്ല" അതും പറഞ്ഞു അവൾ ബെഡിന്റെ ഒരു വശത്തായി അവനിൽ നിന്ന് അകന്നു മാറി കിടന്നു. അവനും ഫോൺ തിരികെ വച്ച് ബെഡിന്റെ ഇപ്പുറത്തെ വശത്തായി വന്നു കിടന്നു. ഉറക്കത്തിലേക്കു പോകുമ്പോഴും ദേവന്റെ ചുണ്ടിൽ ഒരു ചെറിയ ചിരി ഉണ്ടായിരുന്നു.

പിറ്റേ ദിവസം കേരളം മുഴുവൻ ഉണർന്നത് മനുഷ്യമനഃസാക്ഷിയെ നടുക്കിയ രണ്ടു കൊലപാതകങ്ങൾക്ക് സാക്ഷിയാകാനാണ്. കോഴിക്കോട്ടെ പ്രശസ്തമായ ഹോസ്പിറ്റലിന്റെ ഉടമയായ ബഷീർ അഹമ്മദിന്റെ മകൻ റയാൻ ബഷീറിനെയും എറണാകുളത്തെ മേമൻ ചാരിറ്റി ഹോസ്പിറ്റലിന്റെ ഉടമ വര്ഗീസ് മേമന്റെ മകൻ എബിൻ വര്ഗീസിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . മൃതുദേഹങ്ങൾ രണ്ടും കത്തി കരിഞ്ഞ നിലയിലായിരുന്നു. അവരുടെ അച്ഛന്മാരായ ബഷീറും വർഗീസും സുഹൃത്തക്കളായതു കൊണ്ട് റയാനും എബിനും ചെറുപ്പം മുതലേ നല്ല കൂട്ടുകാരായിരുന്നു. സംഭവസ്ഥലത്തു നിന്ന് റയാന്റെ പേഴ്സ് കിട്ടുകയും അതിലുള്ള ഐഡന്റിറ്റി കാർഡിൽ നിന്ന് റയാനെ തിരിച്ചറിയുകയും അത് വഴി മറ്റേ ആൾ എബിനാണെന്നു സ്ഥിതീകരിക്കുകയുമായിരുന്നു. അത്യാവശ്യമായി എബിനെ കാണാൻ പോകുകയാണെന്നു പറഞ്ഞാണ് റയാൻ കോഴിക്കോട്ടു നിന്ന് പോന്നതെന്നു അവന്റെ വീട്ടുകാർ പറയുന്നു. റയാൻ എറണാകുളത്തു എത്തിയെന്നും അവനെ കാണാൻ പോകുകയാണെന്നും പറഞ്ഞാണ് എബിൻ വീട്ടിൽ നിന്നും ഇറങ്ങിയത്.

എന്താണ് അവർക്കു ഫോണിൽ സംസാരിക്കാനല്ലാതെ നേരിൽ കാണേണ്ട ആവശ്യമെന്നു ആർക്കും അറിയില്ല. ഈ വാർത്ത കേട്ടപ്പോൾ മുതൽ ആമിക്കു വല്ലാത്ത ഒരു അസ്വസ്ഥത തോന്നി തുടങ്ങി. ഇന്നലെ ദേവേട്ടന് വന്ന ഫോണിൽ ആരെയൊക്കെയോ പിടിച്ചു വച്ച കാര്യമൊക്കെ പറയുന്നുണ്ട്. അതിനു ശേഷമാണു അവൻ പോയി കയ്യും മുറിച്ചു വന്നത്. ഈ കൊലപാതകങ്ങൾ നടന്നിരിക്കുന്നത് എറണാകുളത്താണ്.. മരിച്ചവരിൽ ഒരാൾ കോഴിക്കോടുകാരനാണ്. തന്റെ പനി കഴിഞ്ഞ ഇടയ്ക്കു ദേവേട്ടൻ കോഴിക്കോട് പോയി മൂന്നു ദിവസം തങ്ങിയതും ഓർത്തപ്പോൾ എന്തോ പൊരുത്തക്കേട്.അത് പോലെ കൊട്ടേഷൻ സംഘത്തിന്റെ പണിയാണെന്നും ഒക്കെ വാർത്തയിൽ പറയുന്നു. ദേവേട്ടന് ഇതിൽ എന്തെങ്കിലും പങ്കുണ്ടാവുമോ?? ഏയ് ഉണ്ടാവില്ല.. രണ്ടു കൊച്ചു ചെറുക്കൻമാരെ കത്തിച്ചു കളയാനും മാത്രം ദുഷ്ടനാണോ തന്റെ ഭർത്താവു.. അല്ല എന്ന് വിശ്വസിക്കാൻ തന്നെയാണ് അവൾ ഇഷ്ടപെട്ടത്.

എങ്കിലും എന്തോ ഒരു അസ്വസ്ഥത ഉള്ളിൽ കൂടു കൂട്ടിയിരുന്നു. മരിച്ച രണ്ടു പേരും ചെറുപ്പക്കാരായതു കൊണ്ടും രണ്ടു പേരുടെയും അച്ഛന്മാർ നല്ല സ്വാധീനമുള്ളവരായതു കൊണ്ടും വാർത്ത പെട്ടെന്ന് തന്നെ മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റി . ഇത് ചെയ്തവരെ കണ്ടെത്താനായി പോലീസ് പരക്കം പാഞ്ഞു തുടങ്ങി.ലോക്കൽ പോലീസിന്റെ അന്വേഷണം എങ്ങും എത്തുന്നില്ലന്നു കണ്ട ബഷീറും വര്ഗീസും തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ഈ കേസ് ക്രൈം ബ്രാഞ്ചിലേക്കു മാറ്റി. ക്രൈം ബ്രാഞ്ചിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥനെ തന്നെ തങ്ങളുടെ മക്കളുടെ കൊലപാതകിയെ കണ്ടെത്താനായി രംഗത്തിറക്കണമെന്നു അവർ ആവശ്യപ്പെട്ടു. അതിനായുള്ള ചരട് വലികളും ആരംഭിച്ചു.

ഒരു ദിവസം പതിവ് പോലെ വീട്ടിൽ ഹരിയോടും അച്ഛനോടും ഒപ്പം ഇരുന്നു വാർത്ത കാണുമ്പോഴാണ് ആ ബ്രേക്കിംഗ് ന്യൂസ് വന്നത്.. "പ്രമാദമായ റയാന്റെയും എബിന്റെയും ഇരട്ട കൊലപാതകം അന്വേഷിക്കാൻ ക്രൈം ബ്രാഞ്ചിലെ ഏറ്റവും പ്രഗത്ഭനായ ഒരു ഉദ്യോഗസ്ഥൻ തന്നെ വരുന്നു. ഏറ്റെടുത്ത കേസുകൾ മുഴുവനും തെളിയിച്ചിട്ടുള്ള, രാഷ്ട്രീയമോ സ്വാധീനമോ കൈക്കൂലിയോ ഒന്നും ഏശാത്ത നൂറു ശതമാനം ആത്മാർത്ഥതയുള്ള ക്രൈം ബ്രാഞ്ച് ഡി.വൈ .സ്.പി അൻവർ അലി. ആ പേരും അതിനോടപ്പം ടി വി സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന ചിത്രവും കണ്ടപ്പോൾ ദേവന്റെ ഓർമ്മകൾ വളരെ വർഷങ്ങൾ പിറകിലേക്ക് പോകുകയും അതിൽ അസ്വസ്ഥനാവുകയും ചെയ്തു.... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story