എനിക്കായ്: ഭാഗം 9

Enikkay vaika

എഴുത്തുകാരി: വൈഗ ലക്ഷ്മി

""അവിടെ എന്റെ അമ്മ അല്ലല്ലോ ആഹാരം ഉണ്ടാക്കുന്നത്.... 😊 ഞാൻ തന്നെ അല്ലേ... അപ്പോൾ രണ്ടും വ്യത്യാസം വരും... ഏട്ടന് ഏത് മനസിലാകില്ല... മോൻ ചാച്ചിക്കോ. രാവിലെ ജോലിക്ക് പോകേണ്ടത് അല്ലേ...."" 🎀🎀 വലിയ വ്യത്യാസം ഇല്ലാതെ തന്നെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി... കല്യാണം കഴിഞ്ഞു ആറു മാസം കഴിഞ്ഞപ്പോഴേ വിശേഷം ഇല്ലേ എന്ന ചോദ്യം കാര്യമായി കേൾക്കാൻ തുടങ്ങി എങ്കിലും അവർ രണ്ടും അത് മൈൻഡ് ചെയ്തില്ല... സമയം ആകുമ്പോൾ അവരുടെ ഇടയിലേക്ക് കുഞ്ഞ് വരും എന്ന സുജിത്തിന്റെ വാക്കിൽ അഞ്ജലി സമാധാനം കണ്ടെത്തി... ഒരു ദിവസം കോളേജിൽ നിന്ന് വന്ന അഞ്ചു കാണുന്നത് ബാത്‌റൂമിൽ വീണു കിടക്കുന്ന അമ്മയെ ആണ്... തല സൈഡിൽ ഇടിച്ചു നന്നായി ചോര പോയിട്ടുണ്ട്... ആദ്യം കണ്ടപ്പോൾ എന്ത്‌ ചെയ്യണം എന്ന് അറിയാതെ നിന്നെങ്കിലും പെട്ടെന്ന് തന്നെ ഒരു തുണി എടുത്തു അവൾ അമ്മയുടെ തലയിൽ കെട്ടി... സുജിത്തിനെ വിളിച്ചപ്പോൾ അവൻ ഫോൺ എടുക്കുന്നില്ല...

അപ്പോൾ തന്നെ അടുത്ത വീട്ടിലെ ചേട്ടനെ വിളിച്ചു ഹോസ്പിറ്റലിലേക്ക് പായുമ്പോൾ അമ്മയ്ക്ക് ഒന്നും വരുത്തരുതേ എന്ന് മാത്രം ആരുന്നു അവളുടെ പ്രാർത്ഥന... കാര്യം കീരിയും പാമ്പും ഒക്കെ ആണെങ്കിലും രണ്ട് പേർക്കും തമ്മിൽ കാണാതെ ഇരിക്കാൻ പറ്റില്ല... ഹോസ്പിറ്റൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ ആണ് സുജിത് വിളിച്ചത്... ""ജിത്തേട്ടാ... പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് വായോ.. അമ്മയ്ക്ക് വയ്യ... ഒന്ന് വീണു..."" ഒരു വിധം പറഞ്ഞു ഒപ്പിച്ചപ്പോഴേക്കും അവൾ കരഞ്ഞു പോയി... ജിത്തു ഹോസ്പിറ്റലിലേക്ക് എത്തിയപോഴേക്കും അമ്മയെ ICU വിലേക്ക് മാറ്റിയിരുന്നു.... അതിന്റെ മുന്നിൽ കോളേജിൽ നിന്ന് വന്ന ഡ്രസ്സ്‌ പോലും മാറാതെ കാവൽ ഇരിക്കുന്ന അഞ്ചുവിനെ കണ്ടതും അവന് പാവം തോന്നി... ""അഞ്ചു... എന്താ അമ്മയ്ക്ക് പറ്റിയത്??? നിന്റെ ശരീരത്തിൽ ഒക്കെ ബ്ലഡ്‌ എവിടെ നിന്നാണ്????"" ""ഞാൻ കോളേജിൽ നിന്ന് വന്നപ്പോൾ അമ്മ കുളിമുറിയിൽ വീണു കിടക്കുവാരുന്നു എട്ടാ... ഞാൻ ആകെ പേടിച്ചു പോയി... ഇവിടെ വന്നിട്ടും ഡോക്ടർ ഇത് വരെ ഞാൻ ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല...

ഏട്ടൻ ഒന്ന് ചോijദിച്ചു നോക്കുവോ????"" കരച്ചിലിന്റെ ഇടയിലും അഞ്ചു പറഞ്ഞപ്പോൾ സുജിത് ഡോക്ടറിനെ കാണാൻ വേണ്ടി പോകാൻ പോയതും ICU തുറന്നു ഡോക്ടർ പുറത്തേക്ക് വന്നതും ഒരുമിച്ചാരുന്നു... ""ഡോക്ടർ.... അമ്മയ്ക്ക് ഇപ്പോൾ????"" ""നിങ്ങൾ patient ന്റെ ആരാ???"" ""മകൻ..."" ""മ്മ്... സീ ശോഭനയുടെ കണ്ടിഷൻ കുറച്ചു ക്രിട്ടിക്കൽ ആണ്... ആളുടെ ബിപി കൂടി ബോധം പോയതാ.. ഹെഡ് ഇഞ്ചുറിയും കുഴപ്പം ഇല്ല.. സ്റ്റിച് ഉണ്ട്.. പക്ഷേ ഇ സി ജി വേരിയേഷൻ ഉണ്ട്... ബാക്കി ടെസ്റ്റുകൾ ചെയ്തപ്പോൾ ഹാർട്ടിൽ ബ്ലോക്ക്‌ കണ്ടു അഞ്ചെണം... അത് സർജറി ചെയ്യണം... വെച്ചു കൊണ്ട് ഇരുന്നാൽ പറ്റില്ല... പിന്നെ അമ്മയ്ക്ക് ഇതിന് മുൻപ്‌ നെഞ്ചു വേദന വന്നിട്ടുണ്ടോ???"" ""ഇടയ്ക്ക് വേദന അമ്മ പറയാറുണ്ട്... ഹോസ്പിറ്റലിൽ പോകാം എന്ന് പറയുമ്പോൾ അമ്മ തന്നെ പറയും ഗ്യാസിന്റെ ആണെന്ന്...."" ""ഓ... എങ്കിൽ അസിഡിറ്റി പ്രോബ്ലം ആണെന്ന് വിചാരിച്ചത് കൊണ്ട് ആയിരിക്കും നിങ്ങൾ അറിയാൻ ഇത്ര വൈകി പോയത്...

പിന്നെ സർജറി നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരുപാട് താമസിക്കാതെ നാളെ തന്നെ ചെയാം നമുക്ക്..."" ""ചെയാം ഡോക്ടർ..."" ""ok.. എങ്കിൽ ബാക്കി details സിസ്റ്റർ പറയും.. 🎀🎀 ""സിസ്റ്റർ ഞാൻ ഇപ്പോൾ എന്താ ചെയ്യണ്ടത്????"" ""നിങ്ങൾ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ല... patient ന്റെ ബ്ലഡ്‌ ഗ്രൂപ്പ്‌ O+ve ആണ്... ബ്ലഡ്‌ കൊടുക്കാൻ ആളെ അറേഞ്ച് ചെയ്യണം... പിന്നെ സർജറി ചെയ്യുന്നതിന് മുൻപ്‌ 50,000 ഇവിടെ ആദ്യം അടക്കണം.... അത് കഴിഞ്ഞു ബാക്കിയും... ഈ ഫോം ഒന്ന് ഫിൽ ചെയ്ത് തരണം... പിന്നെ നിങ്ങൾ ഇങ്ങനെ ICU ന്റെ മുന്നിൽ ഇരിക്കണം എന്ന് ഇല്ല... റൂം എടുത്തു അവിടെ പോയി റസ്റ്റ്‌ എടുക്കാം... ഇവിടെ എന്തായാലും ഇനി ആരെയും കേറ്റില്ല... എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിക്കും..."" ""ഓക്കേ.. താങ്ക്യൂ..."" 🎀🎀 ""എന്താ ജിത്തേട്ടാ അവർ പറഞ്ഞത്?? അമ്മയ്ക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്???"" ഡോക്ടർ പറഞ്ഞത് പോലെ ജിത്തു അഞ്ജലിയോട് പറഞ്ഞതും അവളുടെ കരച്ചിൽ ഒന്ന് കൂടി ഉച്ചത്തിൽ ആയി... ""അഞ്ചുട്ടി നീ ഇങ്ങനെ കരയാൻ ഒന്നുല്ല... സർജറി ചെയ്താൽ മാറും...

പക്ഷേ ഇത്ര വലിയ തുക ഞാൻ എവിടെ നിന്ന് ഒപ്പിക്കും എന്ന് ആലോചിച്ചു എനിക്ക് ഒരു പിടിയും കിട്ടുന്നില്ല പെണ്ണെ...."" ""ഏട്ടൻ ഒന്ന് ചിത്ര ചേച്ചിയെ വിളിച്ചു നോക്കിയേ... ചേച്ചിയുടെ കൈയിൽ എന്തെങ്കിലും കാണാതെ ഇരിക്കില്ല... ഒന്നും ഇല്ലെങ്കിൽ നച്ചു മോളുടെ ഉപയോഗിക്കാതെ ഇരിക്കുന്ന സ്വർണം എന്തെങ്കിലും ഉണ്ടെങ്കിൽ തരാൻ പറ്റുവോ എന്ന് ചോദിക്ക്... രണ്ട് മാസത്തിന് ഉള്ളിൽ എടുത്തു കൊടുക്കാം എന്ന് പറ... പിന്നെ ബാക്കി നമുക്ക് എവിടെ നിന്ന് എങ്കിലും ഒപ്പിക്കാം... എന്റെ സ്വർണവും ഉണ്ടെല്ലോ... ഇങ്ങനെ ടെൻഷൻ ആകല്ലേ..."" ഒരു സമാധാനത്തിനു എന്ന പോലെ അഞ്ചു പറഞ്ഞതും അവൻ അവളുടെ തോളിലേക്ക് ചാഞ്ഞു... അവന്റെ കണ്ണീർ തന്നെ പറഞ്ഞു അകത്ത് കിടക്കുന്ന ആൾ അവന് എത്ര പ്രിയപ്പെട്ടത് ആണെന്ന്... ""ഇനിയും ഇങ്ങനെ ഇരുന്നാൽ ശെരി ആകില്ല അഞ്ചു.. ഞാൻ ചിത്രയേ വിളിച്ചു ഇവിടേക്ക് വരാൻ പറയാം...

വീട്ടിൽ പോയി നിന്റെയും അമ്മയുടെയും ആവിശ്യത്തിന് ഉള്ള സാധനം എടുത്തിട്ട് വരാം... പിന്നെ റൂം എടുക്കാൻ ഉള്ള പൈസ തത്കാലം എന്റെ കൈയിൽ ഉണ്ട്.. അത് വെച്ചു ഇവിടെ ഒരു റൂമും എടുക്കാം.... 🎀🎀 സുജിത് വീട്ടിലേക്ക് പോയ സമയത്തു ചിത്ര റൂമിലേക്ക് കയറി വന്നു. ""അമ്മയ്ക്ക് ഇപ്പോ എങ്ങനെ ഉണ്ട് അഞ്ചു???"" ""നാളെ ഒരു സർജറി ഉണ്ട് ചേച്ചി... ജിത്തേട്ടൻ പറഞ്ഞില്ലേ... "" ""പറഞ്ഞു.. എന്നിട്ട് ഉണ്ണിയേട്ടൻ എവിടെ??"" ""ഏട്ടൻ ആരോടോ കുറച്ചു പൈസ ചോദിക്കാൻ പോയതാ... ഏട്ടന്റെ കൈയിൽ ഒന്നുല്ല..."" ""ആം... ഉണ്ണിയേട്ടൻ പറഞ്ഞിരുന്നു... ഉള്ള കാര്യം പറയാമെല്ലോ മോളെ.. എന്റെ കൈയിൽ ഏട്ടൻ ചോദിച്ച അത്ര പൈസ ഇല്ല... പിന്നെ ആകെ ഉള്ളത് മോളുടെ ഒരു മാല ആണ്... അത് രണ്ട് മാസത്തിനുള്ളിൽ എടുത്തു തരും എന്ന് ഉറപ്പ്‌ ഉണ്ടെങ്കിൽ മാത്രം പണയം വെച്ചാൽ മതി... കാരണം ഞങ്ങൾക്ക് ഒരു ആവിശ്യം വന്നാൽ എടുക്കണ്ടേ..."" ഇതും പറഞ്ഞു ചെറിയ ഒരു മാല അഞ്ചുവിന്റെ കൈയിൽ കൊടുത്തു തിരിഞ്ഞപ്പോൾ കണ്ടു വാതിലിൽ എല്ലാം കേട്ട് നിൽക്കുന്ന സുജിത്തിനെ... ""ഉണ്ണിയേട്ടാ ഞാൻ........""

""വേണ്ട ചിത്രേ... നീ ഇനി ഒന്നും പറയണ്ട.. അകത്ത് കിടക്കുന്നത് എന്റെ അമ്മ മാത്രം അല്ല... നിന്റെ കൂടി ആണ്... ചികിത്സക്ക് നീ ഷെയർ ഇടണം എന്ന് ഒന്നും ഞാൻ പറഞ്ഞില്ലല്ലോ... കുറച്ചു പൈസ കടം ചോദിച്ചു... അതിന് നീ തന്ന സ്വർണം കൊള്ളാം... ഞാൻ കഴിഞ്ഞ പിറന്നാളിന് നച്ചു മോൾക്ക് വാങ്ങി കൊടുത്ത മാല... നിന്നെ കുറ്റം പറയാൻ പറ്റില്ല... സ്വന്തം ചേട്ടൻ ഇനി നിന്റെ സ്വർണം ഒക്കെ പണയം വെച്ചു കടത്തിന്റെ മുകളിൽ കടം കേറി ഒന്നും എടുക്കാൻ പറ്റാതെ ആയി പോയാൽ നിനക്ക് നഷ്ടം അല്ലേ... ഇനി എന്തായാലും ഞാൻ നിന്റെ മുന്നിൽ ഒന്നും ചോദിച്ചു വരില്ല.. പിന്നെ നീ തന്ന മാല... തത്കാലം അതിന്റെ ആവിശ്യം എനിക്ക് ഉണ്ട്... പക്ഷേ നീ പറഞ്ഞത് പോലെ രണ്ട് മാസത്തിനു ഉള്ളിൽ എടുത്തു തരും ഞാൻ.... എനിക്ക് ഇപ്പോൾ അമ്മ ആണ് വലുത്... നിന്റെ ഒരു രൂപ പോലും എനിക്ക് വേണ്ട... അല്ലെങ്കിലും അച്ഛനെയും അമ്മയെയും നോക്കേണ്ടത് മോന്റെ ഉത്തരവാദിത്തവും അവരുടെ പെൻഷനും മറ്റു കാര്യങ്ങളും എല്ലാം പെണ്മക്കൾക്കും... വന്നു കയറുന്ന പെണ്ണ് അമ്മയെ പൊന്ന് പോലെ നോക്കുകയും വേണം നിന്റെ ഒക്കെ പരാതിയും കേൾക്കണം....

എന്തായാലും അമ്മയെ ഇന്ന് ആർക്കും കാണാൻ പറ്റില്ല.. നാളെ വന്നാൽ കാണാം... പിന്നെ നിനക്ക് ഇപ്പോൾ ജോലി ഒന്നും ഇല്ലെല്ലോ... ഹോസ്പിറ്റലിൽ അഞ്ചുവിന് കോളേജിൽ പോകണ്ട ദിവസം പകൽ അമ്മയുടെ കൂടേ നീ നിൽക്കണം... അഞ്ചുവിന് എക്സാം ആകാറായി.... ഇനി അളിയൻ വിടില്ല എന്ന ന്യായം പറയേണ്ട... ഞാൻ അളിയനെ വിളിച്ചിട്ട് ഉണ്ട്.... മോൾ ഇരുട്ടുന്നതിന് മുൻപ്‌ വീട്ടിൽ പോകാൻ നോക്ക്.... "" 🎀🎀 രാവിലെ സർജറിക്ക് ഉള്ള പണം അടച്ചു ഓപ്പറേഷൻ തിയേറ്റർ നു മുന്നിൽ ഇരിക്കുമ്പോൾ മുന്നോടുള്ള കാര്യങ്ങളെ കുറിച്ച് ഓർത്തു എന്ത്‌ ചെയ്യണം എന്ന് അവന് അറിയില്ലാരുന്നു... സാധാരണക്കാരന്റെ ജീവിതം തകിടം മറിയാൻ ഒരു ഹോസ്പിറ്റൽ കേസ് മതി എന്ന് അച്ഛന്റെ കാര്യം കൊണ്ട് തന്നെ അവൻ പഠിച്ചത് ആണ്... ഇപ്പോൾ അമ്മയും... എന്തിനും കൂട്ടായി അഞ്ചു ഉണ്ട് എന്നത് മാത്രം ആണ് ഏക ആശ്വാസം... ""ഇന്നത്തെ ബില്ല് അടച്ചു.. ഇനി ബാക്കി കാര്യങ്ങൾക്ക് ഒക്കെ പൈസ വേണ്ടേ.... അത്ര തുക ഏട്ടന്റെ കൈയിൽ ഉണ്ടോ???""

""കുറച്ച് ഉണ്ട്.. ബാക്കി ഒരു എത്തും പിടിയും കിട്ടുന്നില്ല അഞ്ചു ഞാൻ എവിടെ നിന്ന് ഒപ്പിക്കും എന്ന്.. എല്ലാം ആലോചിച്ചു പ്രാന്ത് പിടിക്കുന്നു... ഇന്നലെ അമ്മ വീണു ഇവിടെ കൊണ്ട് വന്നിട്ടല്ലേ ബ്ലോക്ക്‌ ന്റെ കാര്യം അറിഞ്ഞത്... അല്ലെങ്കിൽ നമ്മൾ ഒന്നും അറിയാതെ അമ്മയ്ക്ക് എന്തെങ്കിലും...."" ""ഭാഗ്യത്തിന് ഒന്നും പറ്റിയില്ലല്ലോ... ഏട്ടൻ ഇങ്ങനെ വിഷമിച്ചു ഇരിക്കല്ലേ... പൈസയുടെ ആണെങ്കിൽ ഇനി എന്റെ കൈയിൽ ഈ കമ്മലും വളകളും ഉണ്ട്... അത് കൂടി കൊണ്ട് പോയി ബാങ്കിൽ വെച്ചോ.. അല്ലെങ്കിൽ വിറ്റിട്ട് ആണെങ്കിലും കാര്യം നടക്കട്ടെ..."" ഇതും പറഞ്ഞു തന്റെ ദേഹത്തുള്ള സ്വർണം കൂടി ഒരു മടിയും ഇല്ലാതെ ഊരി തരുന്ന പെണ്ണിനെ നോക്കിയപ്പോൾ കണ്ടു, സ്വർണത്തിന്റെ പരസ്യം പോലെ നടന്നു വരുന്ന സ്വന്തം അനിയത്തിയെ... ഒന്നും പറയാൻ നിന്നില്ല എങ്കിലും ആദ്യമായി ജിത്തുവിന് ചിത്രയോട് ദേഷ്യം തോന്നി.. തന്റെ സാഹചര്യം അറിഞ്ഞിട്ട് പോലും ഒന്ന് സഹായിക്കാത്തതിന്... 🎀🎀 സർജറി കഴിഞ്ഞു രണ്ട് ദിവസത്തിനു ശേഷം അമ്മയെ റൂമിലേക്ക് കൊണ്ട് വന്നപ്പോൾ എന്തിനും സഹായി അഞ്ചു ആരുന്നു...

അവളുടെ ഒഴിഞ്ഞ കാതും കൈയും എല്ലാം കണ്ട് ആരും പറയാതെ തന്നെ മനസിലായി ജിത്തു അനുഭവിച്ച ബുദ്ധിമുട്ട്... എന്നിട്ടും ഒരു വാക്ക് കൊണ്ട് പോലും തന്നെ നോവിക്കാതെ എല്ലാ കാര്യങ്ങളും ചെയുന്ന അഞ്ചുവിനെ കണ്ട് അവർക്ക് പാവം തോന്നി.... അഞ്ചുവിന്റെ വീട്ടിൽ നിന്ന് എല്ലാവരും കാണാൻ വന്നിട്ട് തിരിച്ചു ഇറങ്ങുമ്പോൾ അനു അവളുടെ ഒരു വളയും കമ്മലും അഞ്ചുവിന് ഇട്ടു കൊടുത്തു... ""ഉണ്ണിയേട്ടൻ നിന്റെ എല്ലാം എടുത്തു തരുമ്പോൾ മാത്രം ഇത് തിരിച്ചു തന്നാൽ മതി കേട്ടോ ടി ചേച്ചി... എനിക്ക് അത്യാവശ്യം ഇടാൻ വേറെ ഉണ്ട്...പിന്നെ സ്കൂളിൽ യൂണിഫോമിന്റെ കൂടേ ഇതൊന്നും ഇടാനും പറ്റില്ലല്ലോ..."" അനു പറഞ്ഞിട്ട് അഞ്ചുവിന്റെ കവിളിൽ ഒരുമ്മ കൊടുത്തിട്ട് പുറത്തേക്ക് ഓടി... അല്ലെങ്കിൽ അഞ്ചു എല്ലാം തിരിച്ചു കൊടുത്താലോ... 😌 ഇറങ്ങാൻ നേരം അച്ഛൻ ജിത്തുവിന്റെ കൈയിൽ കുറച്ചു പൈസ കൊടുത്തു.. അവൻ വാങ്ങിയില്ല എങ്കിലും ബലമായി തന്നെ പോക്കറ്റിലേക്ക് വെച്ചു... ""അച്ഛന് അറിയാം മോന്റെ ബുദ്ധിമുട്ട്... ഇതൊന്നും നീ തിരിച്ചു തരാൻ വേണ്ടി ചെയുന്നത് അല്ല...

അച്ഛന്റെ ഒരു സമാധാനത്തിന്... ഇനി കൈയിൽ ഉള്ളത് തികയാതെ വന്നാൽ പറഞ്ഞാൽ മതി.. എവിടെ നിന്ന് എങ്കിലും നമുക്ക് ഒപ്പിക്കാം... തത്കാലം കാര്യം നടക്കട്ടെ...."" അഞ്ചു കണ്ണടച്ച് കാണിച്ചതും പിന്നെ അവൻ ഒന്നും പറയാൻ നിന്നില്ല... അവർ ഇറങ്ങി കഴിഞ്ഞപ്പോൾ കണ്ടു കണ്ണ് നിറഞ്ഞു കിടക്കുന്ന അമ്മയെ... ""എന്തിനാ എന്റെ അമ്മ ഇങ്ങനെ കരയുന്നത്??.. ഏഹ്ഹ്??"" ""ഒരിക്കൽ അച്ഛന് വേണ്ടി എന്റെ പൊന്ന് മോൻ നിന്റെ സ്വപ്‌നങ്ങൾ എല്ലാം കളഞ്ഞു പണിക്ക് പോയി.. ഇന്ന് ദാ അമ്മ കാരണം സ്വന്തം പെണ്ണിന്റെ സ്വർണം എല്ലാം കൊണ്ട് വിറ്റു... പിന്നെയും എവിടെ നിന്നൊക്കെയോ കടം... ഇതിലും ഭേദം ഞാൻ മരിക്കുന്നത് ആയിരുന്നു...."" ""അമ്മ മരിച്ചാൽ പിന്നെ എനിക്കും അഞ്ചുവിനും വേറെ ആരാ ഉള്ളത്??? എന്റെ അഞ്ചുവിനോട് വഴക്കിടാൻ അമ്മ ഉണ്ടെങ്കിൽ അല്ലേ ഒരു സന്തോഷം...

അമ്മയ്ക്ക് വേണ്ടി എത്ര കഷ്ടപ്പെടാനും എനിക്ക് ഒരു മടിയും ഇല്ല... വെറുതെ ആവിശ്യം ഇല്ലാത്ത കാര്യം ഓർത്തു ടെൻഷൻ ആകല്ലേ... രണ്ട് ദിവസം കഴിഞ്ഞു പോകാം എന്ന് ഡോക്ടർ പറഞ്ഞത് പിന്നെ അഞ്ചു ദിവസം ആയി മാറ്റും... അത് കൊണ്ട് കണ്ണ് അടച്ചു കിടന്ന് ഉറങ്ങിക്കോ... പിന്നെ ഇടയ്ക്ക് ഇങ്ങനെ ഒന്ന് ഉണ്ടായത് നന്നായി അമ്മേ... ഉള്ളിൽ സ്നേഹം ഉള്ളവർ ആരാ എന്നും, സ്വന്തം കാര്യത്തിന് വേണ്ടി മാത്രം സ്നേഹം കാണിക്കുന്നവർ ആരാ എന്നും മനസിലായെല്ലോ.... ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗം അല്ലേ... എല്ലാം നേരിട്ടെ മറ്റു.. ആരും ഇല്ലാത്തവന് കൂട്ട് ദൈവം ഉണ്ട്.. അങ്ങനെ വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടവും... പിന്നെ ആ ദൈവത്തിനു അഞ്ചുവിന്റെ അച്ഛന്റെയും, പലിശക്കാരൻ ദിവാകരൻ ചേട്ടന്റെയും, ഓട്ടോക്കാരൻ ശ്യാമിന്റെയും ഒക്കെ മുഖം ആയിരിക്കും എന്ന് മാത്രം...""......(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story