കൂട്ട് 💕💕💕: ഭാഗം 1

Koott

രചന: ജിഫ്‌ന നിസാർ

"കുരിശും വീട്ടിൽ ദേവസ്യയുടെ മകൾ...ദയയെ നിന്റെ ഭാര്യയായി സ്വീകരിക്കാൻ നിനക്ക് സമ്മതമാണോ " ഫാദർ കുര്യൻ ചോദിക്കുമ്പോൾ റോഷൻ തന്റെ വലതു ഭാഗത്തു അണിഞ്ഞൊരുങ്ങി... ഒരു ദേവത പോലെ നിന്നിരുന്ന ദയയെ പാളി നോക്കി.. അവന്റെ നോട്ടം കണ്ടിട്ട് അവൾ പരിഹാസത്തോടെ ചുണ്ട് കോട്ടി.. അത് കണ്ടപ്പോൾ റോഷൻ പതിയെ ഒന്ന് മീശ പിടിച്ചിട്ട് അവളെ നോക്കി കണ്ണിറുക്കി കാണിച്ചു.. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.. "പറയൂ... സമ്മതമാണോ " ഫാദർ ഒന്നൂടെ ചോദ്യം ആവർത്തിച്ചു. റോഷൻ ചുറ്റും നോക്കി. പല മുഖങ്ങൾ... പലതിനും പല ഭാവങ്ങൾ.. കുറെ അത്ഭുതം.. കുറെ പുച്ഛം... കുറെ പരിഹാസം... കുറച്ച് ഏറെ അസൂയ... സ്നേഹം.... അതെവിടെയും കണ്ടില്ല. കവല ചട്ടമ്പി റോഷനോട് അല്ലങ്കിലും ആർക്കാണ് സ്നേഹം തോന്നുക.. ആർക്കാണ് അനുകമ്പ തോന്നുക..

അവന് ചിരി വന്നിരുന്നു.. ചുണ്ടുകൾ കടിച്ചു പിടിച്ചിട്ട് അവന്റെ നോട്ടം തങ്ങി നിന്നത്... അയാളിൽ ആണ്.. ദയയുടെ അച്ഛൻ... ദേവസ്യ... ഇരുവശത്തും അയാളുടെ മക്കൾ... സിബി.. സജി..ദയയുടെ പ്രിയപ്പെട്ട ഇച്ചായൻസ്. കർത്താവിന്റെ രൂപത്തിൽ നോക്കി കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് അവളുടെ അമ്മ.അന്നമ്മ. തൊട്ടടുത്തുതന്നെ അവരുടെ കുടുംബം.. എല്ലാ മുഖത്തും തന്നെ നോക്കുമ്പോൾ ദേഷ്യം ആണോ പരിഹാസമാണോ എന്ന് തിരിച്ചറിയാത്ത ഭാവം. തറവാട്ടിൽ ഒരേ ഒരു പെൺ തരി ഉള്ളത്... അവൾക്കീ ചട്ടമ്പിയെ മാത്രം കല്യാണം കഴിക്കാൻ കഴിയൂ എന്ന് ആവർത്തിച്ചു പറയുമ്പോൾ... അവളോടുള്ള അളവറ്റ ഇഷ്ടത്തിന്റെ പുറത്താണ് ഇങ്ങനെ ഒരു പ്രഹസനം..അവളുടെ കുടുംബം. എന്നിട്ടും അവർ പരമാവധി മുടക്കാൻ നോക്കി.. പലരീതിയിൽ... പലവട്ടം. "കെട്ടുവാണേൽ അതവനെ... റോഷന്റെ പെണ്ണായിട്ട്..

അല്ലേൽ എനിക്ക് ഈ ജന്മം ജീവിതം വേണ്ട.. അറുത്തു മുറിച്ചു കൊണ്ട് ദയ പറയുമ്പോൾ... അവളുടെ വാശി അറിയാവുന്ന അവർ പിന്നെ എന്ത് ചെയ്യാൻ... റോഷൻ വീണ്ടും നോട്ടം ദയയിൽ കോരുത്തിട്ടു. മുഖത്തെ പുച്ഛം തെളിഞ്ഞു കാണാം.. തനിക്കു മാത്രം കാണും. മറ്റുള്ളവരുടെ കണ്ണിൽ ദയയുടെ സ്വപ്നസാഫല്യമാണ് ഇവിടെ നടക്കുന്നത്. സത്യം ആർക്കും അറിയില്ല.. ശെരിക്കും ഇത് തന്റെയും സ്വപ്നം ആയിരുന്നില്ലേ.. സ്വപ്നം കാണാൻ തുടങ്ങിയാ പ്രായം മുതൽ ഉള്ളിൽ ഊറി കൂടിയ നിറമുള്ള സ്വപ്നം.. നാട്ടിലെ അറിയപ്പെടുന്ന സ്കൂളിന്റെ തൊട്ടരികിൽ ആയിരുന്നു വീട്... കള്ള് ഷാപ്പ് നടത്തുന്ന... വറീതിന്റെയും മേരിയുടെയും വീട്. അവരുടെ ഒരേ ഒരു മകൻ... റോഷൻ.. അന്തി കള്ള് മൂക്കറ്റം മോന്തി... പാവം അമ്മയെ എടുത്തിട്ട് അടിച്ചും തൊഴിച്ചും രസിക്കുന്ന..... വറീത് മകൻ റോഷന്റെയും മേരിയുടെയും പേടി സ്വപ്നം ആയിരുന്നു.. കുറച്ചകലെ ആണ് അവൻ പഠിക്കുന്ന സർക്കാർ സ്കൂൾ.. തൊട്ടടുത്തുള്ള സ്കൂളിൽ പോവാൻ ഉള്ള കാശൊന്നും അവന്റെ അമ്മയുടെ കയ്യിൽ ഇല്ല..

അവിടെ പണക്കാർക്ക് മാത്രം പ്രവേശനം.. അര പട്ടിണിയും കൊണ്ടാണ് ജീവിതം. എങ്കിലും.... എന്റെ മോൻ പഠിച്ചൊരു നിലയിൽ എത്തിയിട്ട് വേണം അമ്മക്ക് സമാധാനമായിട്ട് ജീവിക്കാൻ....എന്ന്... എന്നും രാത്രിയിൽ മടിയിൽ കിടത്തി തലയിൽ തലോടി അമ്മ പറയുമ്പോൾ വല്ലാത്തൊരു ഊർജ്ജം ഉള്ളിൽ നിറയാറുണ്ട് കുഞ്ഞ് റോഷന്റെ.. അമ്മയുടെ വയറിൽ അമർത്തി ഉമ്മ വെച്ചു കൊണ്ട് കിടക്കും... അപ്പോൾ.അവന്റെ പൂച്ച കണ്ണുകൾ തിളങ്ങും. പിന്നീട് എപ്പോഴോ.... വില കൂടിയ കാറിൽ...തൊട്ടടുത്തുള്ള സ്കൂളിൽ വന്നിറങ്ങിയാ...രണ്ടു സൈഡിൽ മുടി കെട്ടി.... ഭംഗിയുള്ള യൂണിഫോം ധരിച്ച ഒരു പെൺകുട്ടിയെ ശ്രദ്ധിക്കാൻ തുടങ്ങി... എന്നും രാവിലെ അവൾ വരുന്നത് കാത്തിരിക്കാൻ തുടങ്ങി. ഒന്നിനും അല്ല... വെറുതെ അങ്ങനെ നോക്കി നിൽക്കുന്നത് പോലും ഉള്ളിൽ സന്തോഷം ആയിരുന്നു. അവളെ കാത്തിരുന്ന്....

വൈകി എത്തുന്ന ദിവസം തന്റെ ടീച്ചറുടെ കയ്യിൽ നിന്നും കിട്ടുന്ന അടിക്ക് പോലും വല്ലാത്തൊരു നോവ്... കാലങ്ങൾ ആരെയും കാത്തു നിന്നില്ല... അച്ഛനെ പേടിച്ചും അമ്മക്ക് കൊടുത്ത വാക്ക് ഓർത്തും ജീവിതം അങ്ങനെ മുന്നോട്ട് നീങ്ങി.. അച്ഛൻ നാൾക്ക് നാൾ കുടിയനായി... കുടുംബം മറന്നവൻ ആയി... നിനക്കൊരു അനിയത്തി വരാൻ പോകുന്നു എന്ന് അമ്മ കവിളിൽ ഉമ്മ തന്ന് കൊണ്ട് പറയുമ്പോൾ... എന്തോ അമ്മയുടെ കണ്ണിൽ പേടി ആയിരുന്നു.. അതച്ഛനെ ആണ്... തിങ്ങി ഞെരുങ്ങി മുന്നോട്ട് പോകുന്നതിനിടെ ഇനി ഒരു കുഞ്ഞു കൂടി... അതായിരിക്കും അമ്മയുടെ വേവലാതി. അന്ന് താൻ ഏഴാം ക്ലാസ്സിൽ ആണ്... അന്ന് തോന്നിയത് പോലൊരു സന്തോഷം ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ല... അമ്മ അത് പറഞ്ഞത് മുതൽ ഉള്ളിൽ ഒരു വല്യേട്ടൻ ഉണർന്നു കഴിഞ്ഞിരുന്നു.. അച്ഛൻ പതിവുപോലെ തന്നെ നാല് കാലിൽ ആണ് വന്നത്.. അന്ന് അമ്മ പതിവിലും കൂടുതൽ ഒതുങ്ങി നടന്നു. എന്നിട്ടും എന്തിനോ ഉറഞ്ഞു തുള്ളിയ അച്ഛന്റെ ചവിട്ടിൽ അമ്മയുടെ ഉള്ളിലെ കുരുന്നു ജീവൻ ചോര തുള്ളികളായി പൊഴിഞ്ഞു വീണു...

ഒരുപാട് ഉപദ്രവം സഹിച്ചത് കൊണ്ടായിരിക്കും.. അതിനെ അതി ജീവിക്കാൻ അമ്മയ്ക്കും ആയില്ല.. നല്ല രീതിയിൽ മകനോപ്പം ജീവിക്കാനുള്ള മോഹം ബാക്കി യാക്കി..... മരവിച്ച പോലെ ഇരിക്കുന്ന മകനെ ഒറ്റക്കാക്കി അമ്മയും.... താളം തെറ്റിയ മനസ്സിന്റെ പകയാണോ.... അമ്മയില്ലാത്ത മരവിപ്പാണോ... അതോ പാതി വഴിയിൽ നിലച്ചു പോയൊരു വല്യേട്ടന്റെ നോവാണോ... ചെറിയൊരു കത്തിയിൽ അച്ഛനെ കോർക്കുമ്പോൾ.... കൈ വിറച്ചത് പോലുമില്ല.. ജീവനില്ലാത്ത അമ്മ ആയിരുന്നു കണ്ണിൽ.. മുഖം ഇല്ലാത്ത അനിയത്തി ആയിരുന്നു നെഞ്ചിൽ.. അന്ന് മുതൽ റോഷൻ തെമ്മാടി ആണ്... വെറുക്കപെട്ടവൻ ആണ്.. കുറ്റം ഏറ്റു പറഞ്ഞു.കുട്ടി ആയത് കൊണ്ടായിരിക്കും... വലിയ ശിക്ഷ ഉണ്ടായില്ല. ശിക്ഷ കഴിഞ്ഞു വരുമ്പോൾ... കാട് പിടിച്ച വീടിന്റ അവശിഷ്ടങ്ങൾ മാത്രം ബാക്കി.. എല്ലാത്തിനോടും വെറുപ്പ് മാത്രം.. എല്ലാവർക്കും തന്നോടും വെറുപ്പ് മാത്രം.. അച്ഛനെ കൊന്നവൻ... കൊന്നത് എന്തിന് എന്നാരും ചോദിച്ചില്ല. അമ്മയെ ചവിട്ടി കൊന്നത് അച്ഛൻ മറച്ചു പിടിച്ചത്...

പിന്നീട് തിരുത്താൻ പോയില്ല.. അന്ന് മുതൽ തെരുവിൽ ആണ്... എന്ത് ജോലിയും ചെയ്യും.. പക്ഷേ തെമ്മാടിത്തരം കാണിക്കുന്നവനെ വിളിച്ചത് കൂലിക്ക് തല്ലാൻ ആണെന്ന് മാത്രം. ഒടുവിൽ അതിൽ തന്നെ പിടിച്ചു നിന്നു.. ഇച്ചിരി കാശ് കയ്യിൽ വന്നപ്പോൾ... വീടൊക്കെ പൊളിച്ചു നന്നാക്കി.. ഇപ്പൊ തെരുവിൽ കിടക്കേണ്ട.. അതിനിടയിൽ വീണ്ടും കണ്ടിരുന്നു... ഒരിക്കലും മറക്കാതെ കാത്തു വെച്ച ആ ഉണ്ട കണ്ണിയെ... അവൾ വളർന്നു സുന്ദരി ആയി പോയി.. ചിരിക്കുമ്പോൾ കവിളിൽ തെളിഞ്ഞു വന്ന കറുത്ത മറുക് അവളുടെ ഭംഗി കൂട്ടി.. "ചുമ്മാ നോക്കി വെള്ളം ഇറക്കണ്ട റോഷ... അത് പണചാക്കാ... ദേവസ്യയുടെ ഒരേ ഒരു മോള്...ദയ.മെഡിസിൻ പഠിക്കാൻ പോവാൻ നിക്കാ ന്നാ പറയുന്നേ..." തന്റെ നോട്ടം കണ്ടപ്പോൾ... കൂടെ ഉണ്ടായിരുന്ന സനൽ ചിരിച്ചു കൊണ്ട് പറഞ്ഞു. ദയ.. അന്നാണ് അവളുടെ പേര് പോലും അറിയുന്നത്.. സ്നേഹിക്കാൻ അല്ലേലും എന്തിനാണ് ഒരു പേര്.. സ്നേഹത്തിന് സ്നേഹം എന്നൊരു മനോഹരമായ പേരില്ലേ.. അവനും ജിബിയും റോഷനും ആണ് ടീം.. ചങ്കുറപ്പുള്ള ടീം.. നാട്ടുകാരുടെ ഭാഷയിൽ.... എമ്പോക്കികൾ.. നെറികെട്ട കൂട്ടം.... തെമ്മാടികൾ.. വിശേഷങ്ങൾ അനവധിയാണ്..

"എന്റെ മോനെ... നീ ഇതൊന്ന് പറ... എന്നിട്ട് വേണം അടുത്ത ചടങ്ങ് നടത്താൻ " തോളിൽ തട്ടി കൊണ്ട് ഫാദർ പറയുമ്പോൾ റോഷൻ ഞെട്ടി... അത് ശെരി.... എല്ലാവർക്കും തന്റെ സമ്മദം അറിയാനുള്ള ആകാംഷയിൽ ആണ്. താൻ സമ്മദം അല്ലെന്ന് പറയുമെന്ന് വെറുതെ മോഹിച്ചു നിൽക്കുന്നു ദയയുടെ അച്ഛനും ഇച്ചായൻമാരും.. "എനിക്ക് നൂറു വട്ടം സമ്മദം ആണച്ചോ " മീശയുടെ തുമ്പിൽ പിരിച്ചു... ദയയെ നോക്കി പൂച്ച കണ്ണുകൾ ഇറുക്കി റോഷൻ പറയുമ്പോൾ.... അവൾ അവന്റെ നേരെ ഒന്ന് നോക്കി.. അവനൊന്നു ചിരിച്ചു കാണിച്ചു.. അവളതു പുച്ഛിച്ചു തള്ളി. അപ്പോഴും അവന്റെ ചുണ്ടിൽ ചിരി ആയിരുന്നു... പിന്നെ അവളുടെ സമ്മദം ചോദിക്കുമ്പോൾ റോഷൻ കണ്ണിമ വെട്ടാതെ അവളെ നോക്കി... "എനിക്ക് സമ്മദമാണെന്ന് പറയുന്ന ദയയെ... അവൻ സ്നേഹത്തോടെ "എനിക്കൊരു സഹായം ചെയ്യുവോ.... വെറുതെ വേണ്ട. നല്ല കാശ് തരാം " മുഖം നിറഞ്ഞ ടെൻഷനോടെ തനിക്കു മുന്നിൽ വന്നു നിൽക്കുന്ന അവളുടെ രൂപം... കുഞ്ഞു നാളിൽ നിറമുള്ള കാഴ്ചയായിരുന്ന ആ ഉണ്ടകണ്ണിയുടെ രൂപം...

ഞെടിഇടയിൽ രണ്ടും അവന്റെ കണ്മുന്നിൽ നിറഞ്ഞു.. തനിക്കൊരിക്കലും എത്തി പിടിക്കാൻ കഴിയാത്തൊരു ആകാശം ആണ് അവളെന്ന് മനസ്സിലായപ്പോൾ.... ഹൃദയം കൊണ്ട് തന്നെ തിരിഞ്ഞു നടന്നിരുന്നു. ചേറിൽ പുതിഞ്ഞ റോഷന്റെ ജീവിതത്തിൽ.... അവളെ പോലെ ഒരാളെ കൂടി തളച്ചിടാൻ...അതിന് വയ്യായിരുന്നു. കൈ കരുത്തു കൊണ്ട് എത്ര ശ്രമിച്ചാലും നേടി എടുക്കാൻ കഴിയാത്ത ഒന്നാണല്ലോ സ്നേഹം... പിന്നെയും പിന്നെയും ദയയെ കാണാൻ ഇട വന്നപ്പോൾ എല്ലാം... ആരും അറിയാതെ കണ്ണുകൾ അവളിൽ തറച്ചു.. ഹൃദയം പിറകോട്ടു വിളിക്കുമ്പോൾ വാശികാരൻ ആയൊരു കുട്ടിയെ പോലെ.. കുട്ടികാലം മുതൽ... ഹൃദയം തുരന്ന ആ കണ്ണുകളിൽ തന്നെ കാണുമ്പോൾ പടരുന്ന വെറുപ്പിലേക്ക് പോലും സ്നേഹത്തോടെയാണ് നോക്കിയത്... മതിമറന്നു അവളിളെ നോക്കുമ്പോൾ അന്നത്തെ അതേ കുട്ടിയാണ് താനെന്നു വെറുതെ തോന്നി... അന്നവൾ മുന്നിൽ വന്നപ്പോൾ... വെറുപ്പോടെ തന്നെ തന്നോട് സഹായം ചോദിച്ചപ്പോൾ.... ഒരിക്കലും അവളുടെ ആവിശ്യം അംഗീകരിക്കാൻ ആവാഞ്ഞിട്ട് കൂടി അവളോട്‌ സമ്മതിച്ചു എന്ന് പറയുമ്പോൾ....

ഉള്ളിൽ ഊറി കൂടിയ നോവ് മനഃപൂർവം കുടിച്ചിറക്കി.. അവളുടെ ആവിശ്യം മുഴുവനും മൂളി കേൾക്കുമ്പോൾ.... എതിർത്തൊരു വാക്ക് കൂടി പറയാൻ ആയില്ല.. കണ്ണുകൾ ആ ഉണ്ടകണ്ണിൽ തുളച്ചു കയറി.. ഹൃദയം കുളിര് കൊണ്ടു.... തെമ്മാടി ആയ റോഷൻ അങ്ങനെ അവളുടെ ഭാവി വരനായി. കേട്ടവർ അത്ഭുതം കൊണ്ട് വാ പൊളിച്ചു.. "എന്നാലും എന്റെ റോഷാ.. നീ ഇതങ്ങനെ ഒപ്പിച്ചു " ജിബി പറയുമ്പോൾ അവനോടും ഒന്നും പറഞ്ഞില്ല.. അല്ലങ്കിലും ഒന്നും ആരോടും പറയരുത് എന്ന് വാക്ക് വാങ്ങി അവൾ പോയത് മുതൽ... റോഷൻ നല്ല കുട്ടി ആണ്.. ഒരിക്കലും ഈ ജന്മം കെട്ടി ആടാൻ കഴിയാത്തൊരു വേഷം.. അവളുടെ പാതി ആയിട്ട്... സമയപരിധിയും അവൾ തന്നിട്ടുണ്ട്.. അത് വരെയും.... താനിത് വയ്യെന്ന് പറഞ്ഞാലും അവൾക്ക് തന്റെ സ്ഥാനത്തു വേറെ ഒരാളെ സംഘടിപ്പിക്കാൻ വലിയ താമസം ഒന്നും ഉണ്ടാവില്ല.. പക്ഷേ കൂടെ നിൽക്കുമ്പോൾ.... ഇടയിൽ എപ്പഴോ കണ്ടു മറന്നൊരു സ്വപ്നം പൂവണിയുന്ന പോലാവും തനിക്കത്.. അത്രയും കൊതിച്ചു പോയിട്ടില്ലേ...

എതിർപ്പ് പറഞ്ഞവരെ എല്ലാം അവൾ തന്നെ നേരിട്ടു... കട്ടക്ക് പിടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ... ഇവൾക്ക് എന്ത് കൊണ്ടും റോഷന്റെ പെണ്ണാവാൻ യോഗ്യത ഉണ്ടെന്ന് തോന്നി.. അത്രയും വീര്യം... ഇന്നിപ്പോൾ മനസമ്മതം ചോദിക്കാൻ ഇവിടെ കൂടുന്നത് വരെയും സ്വപ്നം പോലെ.. അത്യാവശ്യം വലിയൊരു ചടങ്ങ് തന്നെ.. ഒരേ ഒരു മകളുടെ വിവാഹം... അതിപ്പോ വരൻ താനായതു കൊണ്ട് മാത്രം ആയിരിക്കും ഇത്രഎങ്കിലും ചെറുതായി പോയത്.. ഇതാണ് എന്റെ മരുമകൻ എന്ന് തന്റെ നേരെ ചൂണ്ടാൻ ദയയുടെ കുടുംബം മൊത്തം അറച്ചു നിൽക്കുന്നു.. നാളെ രാവിലെ.... മിന്നു കെട്ട്... ഇതിപ്പോൾ വെറുതെ ഒരു ചടങ്ങ് നടത്തുന്നു.. സമ്മദം ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ നടത്തുന്ന ചടങ്ങിൽ.... അവളുടെ കുടുംബം മൊത്തം... സമ്മദമില്ലായ്മയുടെ കറുത്ത മൂട് പടം മുഖത്ത് ഒട്ടിച്ചു വെച്ചിട്ടുണ്ട്.. 'ഹലോ... കയ്യിൽ തോണ്ടി ദയ വിളിക്കുമ്പോൾ റോഷൻ വീണ്ടും ഞെട്ടി.. അതറിഞ്ഞ പോലെ അവളുടെ ചുണ്ടിൽ പരിഹാസം മിന്നി.. "കഴിഞ്ഞു... ഇനി ചുമ്മാ വീട്ടിൽ പോയിരുന്നു സ്വപ്നം കണ്ടോ " തൊട്ടരികിൽ നിന്നിട്ട് ദയ പറയുമ്പോൾ റോഷൻ അവളെ നോക്കി.. പൂച്ച കണ്ണിൽ നോക്കി അവളും... തുടരും..

Share this story