കൂട്ട് 💕💕💕: ഭാഗം 10

Koott

രചന: ജിഫ്‌ന നിസാർ

ഉറങ്ങി കിടക്കുന്നവളെ റോഷൻ കണ്ണിമ വെട്ടാതെ നോക്കി ഇരുന്നു.. "എന്തൊരു നിഷ്കളങ്കതയാണ് ഉറങ്ങി കിടക്കുമ്പോ.. അല്ലാത്ത സമയം മൊത്തം താടക... എന്താണ് ദയ നിന്റെ പ്രശ്നം... എന്തിനാണ് നീ സ്വയം ഉരുകി തീരുന്നത്.." അവൻ പതിയെ പറഞ്ഞു.... അവളെ തലോടാൻ കൈകൾ പതിയെ നീട്ടി.. പക്ഷേ അവനത് ചെയ്യാതെ കൈ പിൻവലിച്ചു.. തന്നോട് സംസാരിക്കാൻ പോലും ഇഷ്ടമല്ല അവൾക്ക്.. അവളറിയുന്നില്ല എങ്കിലും സമ്മദം ഇല്ലാതെ ആ വിരൽ തുമ്പിൽ പിടിക്കുന്നത് പോലും തെറ്റാണ് എന്ന് തോന്നി അവന്.. AC യുടെ കുളിരുണ്ട്... എല്ലാം മറന്നുറങ്ങുന്നവളെ അവൻ വാത്സല്യത്തോടെ നോക്കി.. അത്രയും സ്നേഹം പകർന്നു നൽകാൻ പ്രപ്‌തിയുള്ള ഒരമ്മയുടെ മകളാണ് ദയ നീ.. പിന്നെയും എവിടെയാ നിനക്ക് പിഴച്ചു പോയത്.. എവിടെയാണ് നീ ഇടറി വീണത്.. വീണു പോകുമ്പോൾ കൈ നീട്ടുവാൻ ഒരു കുടുംബം മുഴുവനും ഉണ്ടായിരുന്നു നിന്റെ പിറകിൽ... നീ അത് അറിയുന്നില്ല... ഇപ്പോഴും.. നോക്കി ഇരിക്കുമ്പോൾ അവനവളോട് ഒരുപാട് സ്നേഹം തോന്നി... അത് പോലും അവനെ പേടിപ്പിച്ചു.. ഒരിക്കൽ തിരിഞ്ഞു നടക്കേണ്ടവനാണ്...

അന്നിതൊക്കെ കാരമുള്ള് തറച്ചു കയറിയത് പോലെ വേദനിപ്പിക്കും.. എനിക്കീ ഓർമകൾ മാത്രം മതി.... മുന്നോട്ട് ജീവിക്കാൻ.. നീ എന്റെ ആണെന്നുള്ള തോന്നലിൽ ഒരായുസ്സ് മുഴുവനും റോഷൻ ജീവിച്ചു തീർക്കും... അതാണ് എന്റെ പ്രണയം.... പ്രണയം ഒരു മഴ പോലെയാണ്.. ചിലരിൽ അത് തകർത്ത് പെയ്യും.. ചിലരെ അത് തകർത്തു കളയും.. എനിക്കൊരുപാട് ഇഷ്ടമാണ് നിന്നെ... പക്ഷേ... നിന്നിലേക്ക് ഇറങ്ങി വരാൻ... എന്നിലേക്കു ചേർത്ത് നിർത്താൻ... എനിക്ക് പേടിയാണ്... നീ നിനക്കിഷ്ടമുള്ളവനിലേക്ക് മടങ്ങി പോവുമ്പോൾ ഭ്രാന്ത് പിടിക്കുമോ എന്നാ പേടി.. അവൻ അവളെ തന്നെ നോക്കി ഇരുന്നു.. എന്തിനോടെങ്കിലും സ്നേഹം കൂടി വരുമ്പോൾ മനസ്സ് നിയന്ത്രിക്കാൻ പഠിക്കണം.. ഇല്ലെങ്കിൽ വേദന ആയിരിക്കും എന്നൊക്കെ അറിയാം.. ഈ മുഖം കാണുമ്പോൾ തന്റെ മനസ്സ് ആർദ്രമാവുന്നുണ്ട്.. നിന്നോട് ദേഷ്യം കാണിക്കുമ്പോൾ പോലും ഉള്ളിലെ സ്നേഹത്തെ തടഞ്ഞു നിർത്താൻ ഞാൻ പാട് പെടുന്നുണ്ട് ദയ... അവൻ പതിയെ ചിരിച്ചു... നീ മരണം വരെയും എനിക്കെന്റെ സ്വപ്നമായിരിക്കും... മാറ്റാർക്കോ സ്വന്തവും.. ആ ഓർമ പോലും നോവിക്കുന്നു.. റോഷൻ പതിയെ എഴുന്നേറ്റു..

ബെഡിന് അറ്റത്തു മടക്കി വെച്ചിരുന്ന പുതപ്പെടുത്തിട്ട് അവൻ അവളെ പുതപ്പിച്ചു കൊടുത്തു... ബാൽകണിയിലെ വാതിൽ തുറന്നിട്ട്‌ അങ്ങോട്ട്‌ ഇറങ്ങി... ഉച്ച വെയിലിന്റെ തിളക്കം മാഞ്ഞിരുന്നു... വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ ഇങ്ങോട്ട് ഓടി വരാൻ തോന്നുന്നു... ഇവിടേക്ക് വലിച്ചു കൊണ്ട് പോരുന്ന എന്തോ ഒന്ന് ഉള്ളിൽ അലിഞ്ഞു ചേർന്നത് പോലെ... അവന്റെ മുഖത്തൊരു ചിരി തെളിഞ്ഞു... ആരുടേയും കണ്ണ് നിറച്ചിട്ട് ഇന്ന് വരെയും ഒന്നും നേടിയിട്ടില്ല... ഇന്ന് വരെയും.. ആവും പോലെ സഹായം ചെയ്തിട്ടേ ഒള്ളൂ.. തനിച്ചായി പോയ വേദന.. അത് ശെരിക്കും അറിയാവുന്നത് കൊണ്ട് തന്നെയാണ്.. ഒറ്റപെട്ടു പോകുന്നവരെ അലിവോടെ ചേർത്ത് പിടിക്കുന്നത്.. ഇവിടെ നിന്നും പോവുന്നതിന് മുന്നേ അമ്മയുടെ മുഖത്തു നോവിന്റെ കാർമേഘങ്ങൾ മായ്ച്ചു കളയണം.. പകരം അവിടെ സ്നേഹത്തിന്റെ പൂക്കൾ വിരിയട്ടെ... സന്തോഷത്തിന്റെ ചിരികൾ തളിരിടട്ടെ... അവൻ ഓർത്തു കൊണ്ട് ചുവരിൽ ചാരി ഇരുന്നു... എല്ലാം... ഒരിക്കൽ എല്ലാം ഇവിടെ ഉള്ളവർ അറിയും.. അന്ന് റോഷൻ ഇവരുടെ കണ്ണിൽ വീണ്ടും തെമ്മാടി ആയേക്കാം.. അവന് ഉള്ളിലൂടെ ഒരു നോവ് പാഞ്ഞു.. എന്റെ അമ്മ... ദയയെ വിട്ടിട്ട് പോകുമ്പോൾ അമ്മയെ കൂടി വിട്ടിട്ട് പോണം... ഹൃദയം കൊളുത്തി വലിക്കുന്ന വേദന.. റോഷൻ കണ്ണുകൾ ഇറുക്കി അടച്ചു... ❤❤❤❤❤❤❤❤❤❤❤❤❤❤❤

ധൃതിയിൽ കയറിചെല്ലുമ്പോൾ കുട്ടികൾ ഓടി കളിക്കുന്ന ശബ്ദം മാത്രം ഉണ്ടായിരുന്നുള്ളു.. അവൻ ഹാളിലൂടെ കണ്ണോടിച്ചു.. എവിടെ പോയോ ആവോ.. രണ്ടു ദിവസം കോയമ്പത്തൂർ ആയിരുന്നു... ഒരാവിശ്വത്തിന് വേണ്ടി പോകുമ്പോൾ പറഞ്ഞിട്ട് പോകാൻ സമയം കിട്ടിയില്ല.. ദയയെ വിളിച്ചു പറഞ്ഞു... ഒന്ന് മൂളി... അത്ര തന്നെ.. എവിടെ പോയാലും അവൾക്കെന്താ.. അവൾക്കാരാണ് റോഷൻ... അവളുടെ ഒരു തുറുപ്പ് ചീട്ട് മാത്രം.. "അമ്മയോട് ഒന്ന് പറയണേ ദയ "എന്ന് പറയുമ്പോൾ... ഓ എന്നൊരു നീട്ടൽ.. പക്ഷേ കണ്മുന്നിൽ അവളുടെ മുഖത്തു വിരിഞ്ഞ പരിഹാസം കാണാൻ ആ അടുത്ത് ഉണ്ടാവണം എന്നില്ലായിരുന്നു അവന്.. ടേബിളിൽ ഇരുന്ന ജെഗിൽ നിന്നും ഇത്തിരി വെള്ളം എടുത്തു കുടിച്ചിട്ട്.... അവൻ അടുക്കളയിൽ എത്തി നോക്കി.. ശബ്ദം കേൾക്കുന്നുണ്ട്.. പുറത്ത് നിന്നും.. പിള്ളേരോട് ആണെന്ന് തോന്നുന്നു.. അവന്റെ മുഖത്തൊരു ചിരി വിരിഞ്ഞു.. ആ ശബ്ദത്തിന് പോലും തന്നിലൊരു ആശ്വാസം പകരാൻ കഴിയുന്നുണ്ടല്ലോ എന്നാണ് അവൻ ഓർത്തത്..

ഒറ്റക്കിരുന്നു കരയാൻ ഒരിടം.... ഓടി ചെന്ന് കെട്ടിപിടിക്കാൻ ഒരാൾ... ജീവിതത്തിൽ മറക്കാതെ കരുതി വെക്കേണ്ടുന്ന രണ്ടു സാധനങ്ങൾ... അവൻ അടുക്കളയിൽ കയറി.. അത് കണ്ടിട്ടാവും രാജി അന്തം വിട്ട് നോക്കുന്നുണ്ട്.. അവളുടെ ലോകത്ത് അതിക്രമിച് കയറിയ അവന്റെ നേരെ ദേഷ്യം നിറഞ്ഞ മുഖം കണ്ടിട്ട് റോഷൻ ചിരിച്ചു.. വരാന്തയിൽ ഇറങ്ങിയപ്പോൾ കണ്ടിരുന്നു.. അമ്മാമ്മയും മക്കളും മാത്രം ഉള്ളൊരു ലോകം.. കയ്യിലുള്ള പപ്പായ ചെത്തി അവർക്ക് കൊടുക്കുമ്പോൾ എന്ത് സന്തോഷം ആണ് ആ മുഖം നിറയെ.. അവർ നീട്ടുന്നത് വാങ്ങി കഴിച്ചിട്ട് പിള്ളേര് മുറ്റം മുഴുവനും ഓടി കളിക്കുന്നു.. സ്വാതന്ത്രത ആസ്വദിക്കുന്നു.... പൊട്ടിച്ചിരിക്കുന്നു... അവർക്ക് പിറകിലെ കെട്ട് പൊട്ടിയ പോലെ... റോഷൻ ചിരിച്ചു കൊണ്ട് അന്നമ്മച്ചിയുടെ അരികിൽ പോയിരുന്നു.. മുഖം കൂർപ്പിച്ചു പിടിച്ചു എന്നല്ലാതെ അവനോടു മിണ്ടുന്നില്ല.. നോക്കുന്നുകൂടി ഇല്ല... "അമ്മേ " റോഷൻ പതിയെ വിളിച്ചു.. തിരിഞ്ഞ് നോക്കുന്നില്ല... കുട്ടികൾ അവന്റെ നേരെ കൈ കാണിച്ചു... അവരുടെ കളിയിൽ തന്നെ മുഴങ്ങി.. "സോറി അമ്മേ... പെട്ടന്ന് പോവേണ്ടി വന്നത് കൊണ്ടല്ലേ.. ഇവിടെ വന്നിട്ട് പറയാൻ സമയം കിട്ടിയില്ല.. ദയയോട് ഞാൻ പറഞ്ഞിരുന്നു " റോഷൻ തോളിൽ ചേർത്ത് പിടിച്ചു പറഞ്ഞു... "ദയയോട് നീ പറയും... അവൾ നിന്റെ ആണല്ലോ... ഞാൻ നിന്റെ ആരാ ടാ... ആരെങ്കിലും ആണെങ്കിൽ അല്ലേ എന്നോട് പറയൂ...

അല്ല... ആരും അല്ല... എല്ലാരും ഒരുപോലാ.. ഒരുപാട് ഇഷ്ടം ആണെന്നൊക്കെ പറയും.... പക്ഷേ..." ആ സ്വരം ഇടറിയ പോലെ... റോഷന്റെ ചങ്ക് പൊടിഞ്ഞു.. അവന്റെ തല കുനിഞ്ഞു... ആ സ്വരത്തിലെ ഇടർച്ച.... നെഞ്ച് പൊട്ടും പോലെ.. സ്നേഹം ആണത്... തമ്മിലുള്ള കറയില്ലാത്ത സ്നേഹം... "ഞാൻ എന്തോരും കാത്തിരുന്നു... നിനക്കും അമ്മയെ വേണ്ടാത്ത അത്രയും തിരക്കാണോ റോഷൂ.... പറഞ്ഞതൊക്കെയും അമ്മയെ പറ്റിക്കാൻ ആയിരുന്നോ... കാണാതെ ആയപ്പോൾ എനിക്ക് തോന്നിയ പിടച്ചിൽ എങ്ങനാ കുഞ്ഞേ ഞാൻ നിന്നോട് പറഞ്ഞു തരിക " അവൻ അവരെ ഇറുക്കി കെട്ടിപിടിച്ചു... കവിളിൽ ചുണ്ട് ചേർത്തു.. "അമ്മയെ മറന്നെന്നു തോന്നിയ റോഷൻ മരിച്ചെന്നു കരുതണം.... " അവൻ പറയുമ്പോൾ അവർ അവന്റെ കണ്ണിലേക്കു നോക്കി... "സത്യം..... പറയാതെ പോയത് തെറ്റാണ്... പക്ഷേ പെട്ടന്ന്.. പോവേണ്ടി വന്നത് കൊണ്ടാണ് അമ്മേ... അല്ലാതെ മറന്നിട്ട് പോയതല്ല ഞാൻ..." അവൻ പറയുമ്പോൾ ആ മുഖത്തെ നോവ് പതിയെ മായും പോലെ...

"ഇന്നാ... കഴിച്ചോ.. നമ്മടെ തോട്ടത്തിലെയാ.. ഞാൻ ഉണ്ടാക്കിയതാ " പഴുത്ത പപ്പായ കഷ്ണം അവന്റെ നേരെ നീട്ടിയിട്ട് അന്നമ്മച്ചി ചിരിച്ചു കൊണ്ട് പറയുമ്പോൾ അവന്റെയും മനസ്സ് നിറഞ്ഞു... എത്ര പെട്ടന്നാണ് അമ്മഭാവങ്ങൾ മാറുന്നത്.. നോവയും സ്നേഹമായും.. "നല്ല മധുരം ഉണ്ടല്ലോ... അമ്മ ഉണ്ടാക്കിയത് കൊണ്ടാവും.." കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് റോഷൻ പറയുമ്പോൾ ആ മുഖം നിറഞ്ഞ സന്തോഷം അവനും നോക്കി ഇരുന്നു.. മക്കളുടെ കളി ചിരിയിലേക്ക് നോക്കി ഇരുന്നു അവൻ... ആലിയ " റീനയുടെ അലർച്ച കേട്ടാണ്.... റോഷൻ ഞെട്ടി പോയത്.. അന്നമ്മച്ചിയുടെ കണ്ണിലും പിടച്ചിൽ... പിള്ളേർ ഇപ്പൊ മൂത്രമൊഴിക്കും എന്നാ പരുവത്തിൽ ആണ്... "നിന്നോട് ആരാ ടി പുറത്തിറങ്ങാൻ പറഞ്ഞത് " റീന വീണ്ടും അലറി.. കുഞ്ഞുങ്ങൾ അന്നമ്മച്ചിയെയും റോഷനെയും പതറികൊണ്ട് നോക്കി.. "എന്നതാ നിന്റെ കയ്യിൽ...' ആദം കയ്യിലെ പപ്പായകഷ്ണം പുറകിലേക്ക് നീക്കി പിടിച്ചു.. അന്നമ്മച്ചി റോഷന്റെ നേരെ ദയനീയമായി നോക്കി.. അവൻ അവരെ ഒന്ന് ചേർത്ത് പിടിച്ചിട്ട്... കണ്ണടച്ച് കാണിച്ചു.. റീന ചാടി ഇറങ്ങി മുറ്റത്തേക്ക്.. 'കണ്ണിൽ കണ്ടതൊക്കെ വാരി വലിച്ചു കഴിച്ചിട്ട് വല്ല അസുഖവും വരുത്തി വെക്കാൻ...

കളയെടാ അങ്ങോട്ട്.." അദാമിന്റെ കുഞ്ഞ് തുടയിൽ റീനയുടെ കൈകൾ പതിഞ്ഞു.. അവളുടെ കണ്ണിലെ ദേഷ്യം ആളി കത്തി.. കുട്ടികൾ ഒടിഞ്ഞു തൂങ്ങിയ പോലെ നിൽക്കുന്നു.. റോഷൻ എഴുന്നേറ്റു.... അന്നമ്മച്ചിയെ അവൻ തന്നെ പിടിച്ചിട്ട് എഴുന്നേൽപ്പിച്ചു.. "ആരാ ടി ഇത് തന്നത്..." നിമ്മി മോളാടാണ് ഇപ്രാവശ്യം അലർച്ച.. അവൾ പേടിയോടെ... അന്നമ്മച്ചിയെ നോക്കി.. റീനയുടെ കണ്ണുകളും അവരിൽ തേടിഎത്തി.. "ഓഹോ... നിങ്ങൾ ആയിരുന്നു അല്ലേ.. പിള്ളേർ വേണ്ടാത്തത് കഴിക്കുമ്പോ വേണ്ടന്ന് പറയേണ്ട ആളാണ്‌.. ഇതൊക്കെ കഴിച്ചു വല്ലതും പറ്റിയ ഓടാൻ നിങ്ങൾ ഉണ്ടാവില്ല.. കൊടുത്തേക്കുന്നു " റീന വീണ്ടും ചാടി തുള്ളി.. "അങ്ങനെ വേണ്ടാത്തത് ഒന്നും അല്ല മോളെ.. പപ്പായ അല്ലേ.. പിള്ളേര് തിന്നേണ്ട സാധനം തന്നാ " അന്നമ്മച്ചി പതുക്കെ പറയുമ്പോൾ റീനയുടെ കത്തുന്ന നോട്ടം... "പിന്നെ... ഇവിടെ ചോറും കറിയും വെച്ച് ശീലിച്ച നിങ്ങൾക്ക്‌ അറിയാവല്ലോ പിള്ളേർ എന്ത് കഴിക്കണം... കഴിക്കണ്ട എന്ന്..." അവളുടെ പുച്ഛം... അന്നമ്മച്ചി റോഷന്റെ നേരെ നോക്കി...വിളറിയ ചിരിയോടെ.. അവനിൽ ദേഷ്യം വിറച്ചു കയറുന്നുണ്ട്.. അവൻ അവരെ കൂടുതൽ ചേർത്ത് പിടിച്ചു.

കുഞ്ഞുങ്ങൾ ഏതാണ്ട് വലിയ തെറ്റ് ചെയ്തത് പോലെ പേടിച്ചു വിറച്ചു നിൽക്കുന്നു.. എല്ലാം ആലി മോളുടെ പിറകിൽ പതുങ്ങി നിൽക്കുന്ന പോലെ.. റോഷന് അവരോടു അലിവ് തോന്നി.. "എന്റെ റീനമാഡം... ഇത് മാത്രം ഒന്നും അല്ല.. ഇവര് ഇവിടെ വേറെ പലതും വെച്ചുണ്ടാക്കി കുട്ടികളെ തീറ്റിക്കും.. ഞാൻ വേണ്ടന്ന് പറഞ്ഞാലും കേൾക്കില്ല.. അവരുടെ ഹെൽത്തിന് വേണ്ടത് ഞാൻ ഇവിടെ ഉണ്ടാക്കി വെച്ച പോലും... അവരെ കൊണ്ട് അത് കഴിപ്പിക്കാതെ... പറമ്പിൽ നിന്നും കിട്ടുന്ന വേരും പടലും വരെയും കുട്ടികൾക്ക് കൊടുക്കും... ഇതിപ്പോൾ തുടങ്ങീട്ട് കുറച്ചായി " രാജിയുടെ സാക്ഷി മൊഴി... റീനയുടെ മുഖം ഒന്നൂടെ കടുത്തു.. റോഷൻ രാജിയെ നോക്കി.. ഏതോ ഒരു സംതൃപ്തി നിറഞ്ഞ മുഖം.. അവന് ആ മുഖം നോക്കിയൊന്ന് കൊടുക്കാൻ തോന്നി.. "അത് ശെരി... ഞങ്ങൾ അറിയാതെ കുട്ടികളെ കൊല്ലാനുള്ള പുറപ്പാട് ആയിരുന്നു അല്ലേ തള്ളേ നിങ്ങക്ക്... ഇത്രേം പ്രായം ആയില്ലേ.. ഇപ്പഴും ചെറുപ്പകാരി ആണെന്നാ വിചാരം " റീന പറയുമ്പോൾ അന്നമ്മച്ചി വിറച്ചു പോയി.. റോഷന് അത് അറിയാൻ കഴിഞ്ഞു.. "എന്റെ കുഞ്ഞുങ്ങൾ അല്ലേ മോളെ.. ഞാൻ എങ്ങനെ അതുങ്ങളെ...."

അവർക്ക് കരച്ചിൽ വരുന്നുണ്ട്... "റോഷൻ കൈ ചുരുട്ടി കണ്ണടച്ച് പിടിച്ചു.. "ഓ... എന്നിട്ടാണോ ഇങ്ങനെയൊക്കെ ചെയ്യുന്നത് " റീന വിരൽ ചൂണ്ടി ചോദിക്കുമ്പോൾ റോഷന്റെ അവസാന പിടിയും വിട്ടിരുന്നു.. "പപ്പായ വിഷമുള്ള ഇനം ആണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത് " റോഷൻ കടുപ്പത്തിൽ ചോദിച്ചു... "അത് ചോദിക്കാൻ നീ ആരാടാ... നീയേ... ദയയുടെ വാലിൻ തുമ്പിലെ കാര്യം നോക്കിയ മതി... ഇവിടെ ഭരിക്കണ്ട " റീന അവന്റെ നേരെ തിരിഞ്ഞു.. "അത് കൊള്ളാലോ... ഞാൻ ആരാണെന്ന് ചേച്ചിക്ക്‌ അറിയില്ല അല്ലേ... നമ്മളൊക്കെ ഒരേ അവകാശികൾ ആണ് ചേച്ചി ഇവിടെ... വന്ന് കയറിയവർ... നിങ്ങൾക്കുള്ള അതേ അവകാശം ഇവിടെ എനിക്കുമുണ്ട്... നമ്മളെക്കാൾ ഒരുപാട് അവകാശം കൂടുതൽ ദേ.... ഈ അമ്മയ്ക്കും ഉണ്ട് " റോഷൻ അന്നമ്മച്ചിയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.. റീന ഒന്ന് ചുണ്ട് കോട്ടി... രാജിയുടെ മുഖത്തും പുച്ഛം.. "സ്വന്തം പോലെ കരുതണ്ട.. അതിന് മാത്രം വലുപ്പമൊന്നും നിങ്ങളുടെ ഹൃദയത്തിനില്ല എന്നെനിക്കറിയാം..

പക്ഷേ ഈ അമ്മ... അവർ ഈ വീടിന്റെ നാഥായാണ്.... അവകാശിയാണ്.. നിങ്ങൾ അത് അംഗീകരിച്ചാലും ഇല്ലേലും... അത് മാറില്ല..." റോഷൻ പറയുമ്പോൾ അന്നമ്മച്ചി അവനോട് കൂടുതൽ ഒട്ടി നിന്നു.. "ഇവർക്കുള്ള പാതി സ്നേഹം പോലും ഈ മക്കളോട് നിങ്ങൾക്കില്ല എന്ന് ഞാൻ പറയും... കാരണം നിങ്ങൾക്ക് ഇവര് നിങ്ങളുടെ ആക്ഞ്ഞ നടപ്പാക്കാൻ വേണ്ടിയുള്ള യന്ത്രങ്ങളാണ്.." റോഷൻ പിള്ളേരെ ചൂണ്ടി പറഞ്ഞു.. "അത് നീ ആണോടാ തീരുമാനിക്കുന്നത്... അടുക്കളയിൽ കയറി ദേ.. ഇവരെ നീ കയ്യിൽ എടുത്തു കാണും... പക്ഷേ റീനയെ അതിന് കിട്ടില്ല... നിന്നെ പോലെ ഒരു തെമ്മാടി ഈ കുടുംബത്തു കേറാൻ തന്നെ കാരണം ആ നശിച്ചവളാ... അതങ്ങനെ... അവളുടെ ഒടുക്കത്തെ വാശിക്ക് കൂട്ട് നിൽക്കുന്ന പുന്നാര അപ്പനും ആങ്ങളമാരും.." റീന നിന്ന് പുകഞ്ഞു.. റോഷൻ റിനയുടെ അരികിൽ നടന്നു ചെന്നു.. അവന്റെ നോട്ടത്തിൽ അവൾ പേടിച്ചു പോകുന്നുണ്ട്.. പക്ഷേ അത് പുറത്ത് കാണിച്ചില്ല.. "റോഷൻ തെമ്മാടിത്തരം കാണിക്കുന്നവൻ തന്നെയാ.. പക്ഷേ എനിക്ക് ഇപ്പൊ തോന്നുന്നു നിങ്ങളുടെ മുന്നിൽ ഞാൻ ചെയ്യുന്നതൊക്കെ എത്ര നിസാരം.." അവൻ കളിയാക്കി കൊണ്ട് പറഞ്ഞു..

"നിങ്ങളുടെ മക്കൾ ആയിരിക്കും.. പക്ഷേ ഇത് ഇവരുടെ കൂടെ പേരക്കുട്ടികളാ..അതുങ്ങളെ തടഞ്ഞു വെച്ചത് കൊണ്ടോ അമ്മയെ അകറ്റി നിർത്തിയത് കൊണ്ടോ അത് ഇല്ലാതെയാവില്ല.. ഈ അമ്മ കഷ്ടപെട്ടു വളർത്തി വലുതാക്കി നിങ്ങൾക്ക് തന്നത് കൊണ്ടല്ലേ ഇവരുടെ മകൻ നിങ്ങൾക്ക് ഭർത്താവ് ആയത്... അതൊക്കെ സൗകര്യപൂർവ്വം മറന്നു അല്ലേ.. ഈ മക്കളിൽ നിങ്ങൾ കാണിക്കുന്ന അതേ അവകാശം സ്വന്തം മക്കളിൽ ഈ അമ്മയ്ക്കും ഇല്ലേ.." റോഷൻ ചോദിച്ചു... റീന ഒന്നും മിണ്ടാതെ നിന്നു.. എങ്കിലും മുഖം ദേഷ്യം കൊണ്ട് വിറക്കുന്നു... "സ്നേഹം കൊടുത്താലേ സ്നേഹം കിട്ടൂ ചേച്ചി.. അമ്മ അവരെ സ്നേഹിച്ചു... അവർക്കത് പെട്ടന്ന് മനസ്സിലായി.. സ്വന്തം കൈകൊണ്ട് നിങ്ങൾ വല്ലതും കുട്ടികൾക്ക് കൊടുത്തിട്ടുണ്ടോ വെച്ചുണ്ടാക്കി... ഇല്ലല്ലോ.. അതിന് നിങ്ങക്ക് സമയം ഇല്ല.." റോഷൻ തിരിഞ്ഞിട്ട് രാജിയെ നോക്കി... അവൾ വിളറി പോയി.. "ഒരവസരം കിട്ടിയപ്പോൾ ഒന്ന് കുത്തി അല്ലേ.. കൊള്ളാം... " അവൻ മീശ പിരിച്ചു.. "ഈ മക്കളുടെ ആരോഗ്യത്തെ കുറിച്ച് ഈ അമ്മയേക്കാൾ കരുതൽ ആണല്ലേ നിങ്ങൾക്ക്.. കിട്ടുന്ന കാഷിന്റ നന്ദി ആവും " റോഷൻ ചോദിച്ചു.. "ഞാൻ ഉള്ളതല്ലേ പറഞ്ഞത്... ഇവര് ഇവിടെ " രാജി വിക്കി..

. "നിർത്തിക്കോ... ഞാൻ എന്തോ ചെയ്യുമെന്ന് എനിക്ക് പറയാൻ അറിയില്ല.. ഒരു പരോപകാരി വന്നേക്കുന്നു.. നിങ്ങൾക്കൊക്കെ എന്ത് ദ്രോഹം ആണ് എന്റെ അമ്മ ചെയ്തത്... സ്നേഹിച്ചു എന്നതോ... എങ്ങനാ അവർ നിങ്ങളുടെ ശത്രു ആയത് " അവൻ അലറും പോലെ ചോദിച്ചു.. രാജി വിറച്ചു പോയിരുന്നു... "ശമ്പളം തരുന്നവരോട് നന്ദി കാണിക്കാൻ ഇനി മേലാൽ എന്റെ അമ്മക്കെതിരെ വല്ലതും പറഞ്ഞ.... അത് ഞാൻ അറിഞ്ഞ... നിനക്കറിയില്ല റോഷൻ ആരാണ് എന്ന്..." ദേഷ്യം കൊണ്ട് വിറച്ച അവന്റെ മുഖത്തേക്ക് നോക്കാൻ തന്നെ രാജി പേടിച്ചു... "നിനക്ക് ശമ്പളം തരുന്നവരെ അല്ല നീ ബഹുമാനിക്കേണ്ടത്... അനുസരിക്കേണ്ടത്... അതിനവരെ വളർത്തി വലുതാക്കി ഇപ്പഴും അവർക്ക് വേണ്ടി പ്രാർത്ഥന നടത്തി കാത്തിരിക്കുന്ന ആ അമ്മയെയാണ്... മനസ്സിലായോ " രാജി അറിയാതെ തന്നെ തലയാട്ടി... പിറകിൽ നിന്നൊരു കയ്യടി... റോഷൻ തല ചെരിച്ചു നോക്കി... സിബിയാണ്.. മുഖം നിറഞ്ഞ പരിഹാസം.. "തെരുവ് തെമ്മാടി ഒരു പെണ്ണ് കെട്ടിയപ്പോൾ പുണ്യാളൻ ആയേക്കുവാ.. അല്ലേ "

പുച്ഛത്തോടെ സിബിയുടെ ചോദ്യം.. അതേ പുച്ഛം റീനയുടെ മുഖത്തും.. റോഷൻ ഒന്ന് ചിരിച്ചു... എന്നിട്ട് അവന്റെ നേരെ ചെന്നു.. "റോഷൻ തെരുവിൽ തെമ്മാടിത്തരം കാണിക്കുന്നവൻ തന്നെയാ.. പക്ഷേ വേലക്കാരിക്ക് പോലും വിലയില്ലാതെ വായിൽ തോന്നുന്നത് വിളിച്ചു പറയാൻ... റോഷൻ അവന്റെ അമ്മയെ ഇട്ട് കൊടുക്കില്ല... അടിച്ചു മോന്തേടെ ഷൈപ്പ് ഞാൻ മാറ്റും " സിബിയുടെ കണ്ണിലേക്കു നോട്ടം കുത്തി ഇറക്കി റോഷൻ പറഞ്ഞു സിബിയുടെ കണ്ണിലും ദേഷ്യം നുരഞ്ഞു.. അവന്റെ കണ്ണുകൾ അന്നമ്മച്ചിയിൽ തറച്ചു.. "എന്നാത്തിനാ ഇവനെ പറയുന്നേ... എല്ലാം ചെയ്തു വെച്ചിട്ട്... ഇങ്ങനെ നിന്ന മതിയല്ലോ.. നിങ്ങക്ക് എന്നതിന്റെ കേടാ.. അടങ്ങി ഒതുങ്ങി ഇരിക്കാൻ ഉള്ളതിന്... പിള്ളേരെ കൂടി ചീത്തയാക്കാൻ " സിബി ചീറി കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു.. "അമ്മ ഒന്നും ചെയ്തില്ലടാ മോനെ.. പിള്ളേർക്ക് ഇച്ചിരി പപ്പയാ കണ്ടിച്ചു കൊടുത്തു... നല്ലതാ.. കേടായി എങ്കിൽ ഞാൻ കൊടുക്കുവോ... എന്റെ കൊച്ചുങ്ങളല്ലേ മക്കളെ " കൈകൾ മലർത്തി അന്നമ്മച്ചി പറയുമ്പോൾ റോഷന്റെ പിടി വിട്ട് പോയിരുന്നു... "നല്ലത്... അവർക്ക് വേണ്ടത് കൊടുക്കാൻ അവരുടെ അമ്മമാരുണ്ട്... അമ്മ എന്നാത്തിനാ വെറുതെ....

കണ്ണീ കണ്ടതൊക്കെ ഒലിപ്പീരു കാണിച്ചു കൊടുത്ത് വല്ലതും പറ്റി പോയ ഞങ്ങൾ വേണം കൊണ്ട് ഓടാൻ " സിബി പറഞ്ഞു തീരും മുന്നേ അവന്റെ മുഖം അടച്ചൊരു അടി വീണിരുന്നു.. ചുവരിൽ തെറിച്ചു പോയി അവൻ.. മുന്നിൽ നിന്ന് വിറക്കുന്ന അച്ഛന്റെ നേരെ അവൻ പകപ്പോടെ നോക്കി.. ആ മുഖം ദേഷ്യം കൊണ്ട് ചുവന്നു പോയിരുന്നു.. അത്രമാത്രം ദേഷ്യം അയാളിൽ അവനൊരിക്കലും കണ്ടിട്ടില്ല.. റോഷൻ പോലും ഞെട്ടി കൊണ്ട് ദേവസ്യയെ നോക്കി.. ആ കണ്ണുകൾ പക്ഷേ വിങ്ങി കരയുന്ന അന്നമ്മച്ചിയിൽ ആയിരുന്നു.. റീന പതിയെ പിറകോട്ടു വലിയുന്നുണ്ട്.. രാജി ഓടണോ നിക്കണോ എന്നറിയാത്ത ഭാവം.. "അങ്ങനെ എടുത്തു ഓടാൻ മാത്രം നിന്നെയൊക്കെ ഒന്ന് വളർത്തി എടുക്കാൻ അവള് കൊറച്ചൊന്നും അല്ലെടാ കഷ്ടപെട്ടത് " വീണ്ടും കൈകൾ ഉയർത്തി അവന്റെ തോളിൽ ഉറക്കെ അടിച്ചു കൊണ്ട് അയാൾ പറയുമ്പോൾ... അന്നമ്മച്ചി മുഖം ഉയർത്തി നോക്കി.. പെയ്യാൻ വെമ്പി നിൽക്കുന്ന കാർമേഘത്തെ പോലെ.. റോഷൻ മാറിൽ കൈകൾ കെട്ടി ആ മുഖത്തേക്ക് തന്നെ നോക്കി.. അവന് വല്ലാത്തൊരു ആശ്വാസം തോന്നി.. "ഇനി മേലാൽ.. ആരെങ്കിലും... ആരെങ്കിലും ഇവിടെ എന്റെ ഭാര്യയെ ചോദ്യം ചെയ്ത..."

വിരൽ ചൂണ്ടി ചുറ്റും നോക്കി അയാൾ പറഞ്ഞു... "എനിക്കുള്ള അതേ അവകാശം ഇവിടെ എന്റെ ഭാര്യക്കുമുണ്ട്... അവളെ അനുസരിച്ചു ജീവിക്കാൻ പറ്റുന്നവർ മാത്രം ഇവിടെ നിന്ന മതി.. അല്ലാത്തവർക്ക് എവിടെ എന്ന് വെച്ച പോവാ.. ആരും തടയില്ല.. ബാക്കിയുള്ള ജീവിതത്തിൽ എനിക്ക് അവളും അവൾക്ക് ഞാനും മതി.. ഞങ്ങൾ ജീവിക്കും " വല്ലാത്തൊരു ഉറപ്പ് ഉണ്ടായിരുന്നു ആ ശബ്ദം നിറയെ... റോഷൻ പതിയെ ചിരിച്ചു കൊണ്ട് അമ്മയെ നോക്കുന്നുണ്ട്.. ഭർത്താവിന്റെ പ്രകടനം കാണുന്ന ആ കണ്ണിലെന്തു തിളക്കം.. മധുവിധു നാളിൽ എപ്പഴോ നഷ്ടം വന്നതാവും അവർക്കത്..അതവർക്ക് കിട്ടിയ അംഗീകാരം ആണ്... കൊടുത്ത സ്നേഹത്തിനുള്ള അംഗീകാരം... "ഞാനും നീയും ഒന്നും അല്ല ശെരിക്കും ഇവിടുത്തെ അവകാശി... അത് നിന്റെ അമ്മയാണ്... ഈ വീടോരുക്കാൻ അവൾ ഓടി പിടഞ്ഞത്തിന്റെ പാതിപോലും നമ്മൾ ചെയ്തിട്ടില്ല.." ദേവസ്യ സ്നേഹത്തോടെ.... കരുണയോടെ ഭാര്യയെ നോക്കി... ശേഷം ആ നോട്ടം റോഷനിൽ തങ്ങി... അവന് മാത്രം വായിച്ചെടുക്കാൻ പറ്റിയൊരു ചിരിയോടെ അയാളുടെ ഹൃദയം മന്ത്രിച്ചു... നന്ദി... എനിക്കെന്നിലെ... ഭർത്താവിനെ കാണിച്ചു തന്നതിന്.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story