കൂട്ട് 💕💕💕: ഭാഗം 16

Koott

രചന: ജിഫ്‌ന നിസാർ

ചുവരിൽ ചാരി മറ്റെല്ലാം മറന്നിരിക്കുന്നവളെ റോഷൻ സ്നേഹത്തോടെ നോക്കി.. ഉള്ളിലേക്ക് അരിച്ചെത്തുന്ന വേദന.. മറ്റൊരാളെ ഓർത്തു നീറുന്ന ഇവളെ... ഇനിയും എന്തിനാണ് മനസ്സേ നീ ഇങ്ങനെ സ്നേഹിക്കുന്നത്.. ആ ഉള്ളിൽ ഒരു സുഹൃതായി പോലും റോഷൻ ഇല്ല... ജീവിച്ചു തീർക്കുന്ന ഓരോ നിമിഷവും ഓർമകൾ ആവുമെങ്കിൽ.. കണ്ട് മുട്ടുന്ന ഓരോ മനുഷ്യനും ഓരോ പാഠപുസ്തകങ്ങളാണ്.. അവനും ചുവരിൽ ചാരി അവളെ നോക്കി നിന്ന് പോയി.. അതൊന്നും അറിഞ്ഞിട്ടില്ല ആള്.. വിഷാദം നിഴലിക്കുന്ന കണ്ണുകൾ.. ചിരി മറന്നു പോയ ചുണ്ടുകൾ.. നിനക്ക് തോന്നുന്നുണ്ടോ ദയ.... നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ ആവുമെന്ന്. ഓർക്കുമ്പോൾ തന്നെ പേടിയാണ്. നിന്നിൽ അല്ലാതെ മറ്റെവിടെയാണ് ഞാൻ എന്റെ സന്തോഷം കണ്ടെത്തേണ്ടത്.. നിന്നോടൊപ്പം ഈ കുടുംബം കൂടി ഉപേക്ഷിച്ചു മടങ്ങണം എന്നോർക്കുമ്പോൾ പിടയുന്ന എന്റെ മനസ്സ് ആരാണ് അറിയുന്നത്.. നീ ഇല്ലാതെ... നിന്നെ കുറിച്ചോർക്കാതെ... ഇണക്കങ്ങളും പിണക്കങ്ങളും ഇല്ലാതെ... എനിക്കറിയാം നിനക്കൊരിക്കലും അംഗീകരിക്കാൻ കഴിയില്ല... റോഷൻ എന്നാ തെമ്മാടിയെ...

എനിക്കൊരിക്കലും മാറാനും കഴിയില്ല.. ഈ തെമ്മാടിയിൽ നിന്നും.. ചേർന്നിരുന്നത് കൊണ്ടോ ചേർത്ത് വെച്ചത് കൊണ്ടോ സ്നേഹിക്കണമെന്നോ സ്നേഹിക്കപെടണമെന്നോ ഇല്ലല്ലോ. മറുവശം ഉള്ള ആൾക്ക് അത് അനുഭവിക്കാൻ കഴിയുമ്പോ അല്ലേ സ്നേഹം പൂർണമാവുന്നത്.. അപ്പോൾ മാത്രം അല്ലേ സ്നേഹം എന്താണ് എന്ന് രണ്ടാളും അറിയുന്നത് അല്ലാത്തയിടങ്ങളിൽ... അത് വെറുമൊരു വാക്കല്ലേ.. ജീവിതത്തിൽ നിന്നും പ്രിയപ്പെട്ട ഒരാളെ ഇറങ്ങി പോവാൻ അനുവദിക്കും മുൻപ്... അയാളില്ലാതെ ജീവിക്കാൻ നമ്മളെ നമ്മൾ പ്രാപ്തമാക്കണം.. എനിക്ക് അറിയാം അത്. പക്ഷേ എങ്ങനെ... ഏത് മരുന്ന് വെച്ചാണ്... കുഞ്ഞു നാൾ മുതൽ എന്റെ ഉള്ളിലേക്ക് ഇരച്ചു കയറി വന്ന... നീ എന്നാ മുറിവിനെ ഞാൻ കരിയിച്ചു കളയേണ്ടത്... ഏത് മരുന്നാണ് സ്വയം നീറി പുകയുമ്പോൾ... ഞാൻ അതൊന്ന് നിലക്കാൻ വേണ്ടി എന്നിൽ പൊതിയേണ്ടത്.. വേണ്ടായിരുന്നു ദയ.. എന്തിന്റെ പേരിൽ ആയിരുന്നാലും നിന്നിലേക്ക് ഞാൻ എന്നെ ചേർത്ത് വെക്കണ്ടായിരുന്നു.. മാറി ഇരുന്നു സ്നേഹിച്ച മതിയായിരുന്നു എനിക്ക്.. ഇതിപ്പോൾ കൂടുതൽ ആഴത്തിൽ എന്നെ നോവിക്കയല്ലേ.. വരിഞ്ഞു മുറുക്കുകയല്ലേ..

തിരിച്ചിറങ്ങി പോവാതിരിക്കാനുള്ള കാരണം തേടുകയല്ലേ... റോഷൻ വീണ്ടും വീണ്ടും അവളിലേക്ക് കണ്ണുകൾ കുത്തി ഇറക്കി. ദയ.. വിളിക്കുമ്പോൾ അവൾ തല ചെരിച്ചു നോക്കി.. മങ്ങിയ ചിരി.. "എന്ത് പറ്റി.. സുഖമില്ലേ.. താഴേക്കു കണ്ടില്ല " റോഷൻ അവളുടെ അരികിൽ ഇരുന്നു കൊണ്ട് ചോദിച്ചു.. ദയ അവന്റെ നേരെ സൂക്ഷിച്ചു നോക്കി.. റോഷൻ നെറ്റി ചുളിച്ചു... അവളുടെ നോട്ടം കണ്ടപ്പോൾ.. "എന്താടോ " അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു.. ഒന്നുല്ല... ദയ പതിയെ പറഞ്ഞു. "പിന്നെന്തേ ഭക്ഷണം കഴിക്കാൻ വന്നില്ല.. താഴെ എല്ലാവരും ഉണ്ടായിരുന്നു " റോഷൻ പറയുമ്പോൾ ദയ പതിയെ ചിരിച്ചു... "എല്ലാവരെയും തമ്മിൽ പിടിച്ചു കെട്ടി അല്ലേ.. എനിക്ക് മനസിലാവുന്നില്ല റോഷൻ.. നിങ്ങളെ.. എങ്ങയാണ് അരും അല്ലാത്തിരുന്നിട്ടും... ഇങ്ങനെയൊക്കെ സ്നേഹിക്കാൻ കഴിയുന്നത്.." അവൾ ചോദിക്കുമ്പോൾ റോഷൻ കണ്ണിറുക്കി ചിരിച്ചു.. എല്ലാം ആയ ഒരാൾക്കു വേണ്ടിയല്ലേ ദയ.. അവൻ മനസ്സിൽ പറഞ്ഞു "പിരിഞ്ഞിരിക്കാൻ അല്ലല്ലോ കൂടുതൽ ഭംഗി...

കൂട്ട് കൂടാൻ അല്ലേ " റോഷൻ ചോദിക്കുമ്പോൾ ദയ തലയാട്ടി... "അതേ... പിരിഞ്ഞിരിക്കുമ്പോൾ ഉണ്ടാകുന്ന വേദന... അത് വിരഹം തന്നവർ അറിയുന്നുണ്ടോ " അവളുടെ ഓർമകൾ.. അത് ഷായിൽ ചെന്ന് തറച്ചു കാണും.. റോഷൻ നോട്ടം മാറ്റി.. "എനിക്കെന്തോ റോഷൻ... വല്ലാത്തൊരു നിരാശ.. എന്തോ എന്നെ പേടിപ്പെടുത്തുന്ന പോലെ... എനിക്കെന്തോ അപകടം വരും പോലെ.. ഉറങ്ങാൻ പോലും പറ്റുന്നില്ല..." കൈകൾ കൊണ്ട് തലയിൽ താങ്ങി ദയ പറയുമ്പോൾ റോഷൻ അവളെ അലിവോടെ നോക്കി.. തന്നെ പോലെ തന്നെ... ആരോടും പറയാൻ ആവാത്തൊരു സങ്കടം കൊണ്ട് നീറുന്നുണ്ട് ഈ പാവം പെണ്ണും.. ഒന്നും പറയാതെ മനസ്സിലാക്കുന്നവർ ഉണ്ട്. എല്ലാം പറഞ്ഞിട്ടും ഒന്നും മനസ്സിലാക്കാത്തവരും ഉണ്ട്.. എനിക്ക് പക്ഷേ നിന്നെ മനസ്സിലാവും ദയ.. ഞാൻ അല്ലങ്കിൽ മാറ്റാരാണ് നിന്റെ വേദന അറിയുന്നത്.. നീ എന്റെ സന്തോഷമായിരുന്നു.. ഇപ്പഴേന്റെ വേദനയും.. "ഷായെ കുറിച്ചോർത്താണോ... എങ്കിൽ അത് വേണ്ട കേട്ടോ... നിനക്ക് തന്ന വാക്ക് പാലിക്കാനുള്ള ഓട്ടത്തിൽ ആയിരുന്നു ഞാനും.." റോഷൻ പറയുമ്പോൾ ദയ ചാടി എഴുന്നേറ്റു.. ആ കണ്ണിൽ മിന്നിയ പൂത്തിരിയിലേക്ക് റോഷനും ചിരിയോടെ നോക്കി..

നീ സന്തോഷമായിട്ടിരിക്കുക.. അതേ എനിക്കും വേണ്ടൂ.. അവന്റെ മനസ് മന്ത്രിച്ചു. "എന്നിട്ട്... എന്നിട്ട് കണ്ടു പിടിച്ചോ... കണ്ടു പിടിച്ചോ റോഷൻ. ഷാ എവിടെ എന്ന് അറിഞ്ഞോ..." ആവേശം കൊണ്ടായിരിക്കും... ദയയുടെ സ്വരത്തിന് വിറയൽ.. "അതേന്ന്... റോഷൻ ഒരു കാര്യം ഏറ്റ... അത് നടത്തിയിരിക്കും..." അവനും ചിരിച്ചു കൊണ്ട് പറയുമ്പോൾ... ദയ അവനെ ഇറുക്കി കെട്ടിപിടിച്ചു.. പെട്ടന്ന് ആയത് കൊണ്ട് തന്നെ റോഷൻ ഞെട്ടി പോയിരുന്നു.. തന്നിലേക്ക് ഇറുക്കി ചേർന്ന അവളെ ഒന്ന് ചേർത്ത് പിടിക്കാൻ പോലും ആവാതെ അവൻ തളർന്നിരുന്നു പോയി.. "താങ്ക്സ് റോഷൻ... എനിക്കറിയില്ല എങ്ങനെ നന്ദി പറയണം എന്ന്.. എന്ത് നൽകണം എന്ന്... താങ്ക്സ്.... താങ്ക്സ് " കാതോരം ദയ പറയുമ്പോൾ... റോഷൻ അറിഞ്ഞിരുന്നു അവളുടെ ഉള്ളിലെ സന്തോഷം മുഴുവനും...എത്ര പെട്ടന്നാണ് ആളുടെ മൂഡ് മാറിയത്.. മുഖം സന്തോഷം കൊണ്ട് തിളങ്ങുന്നത്. "എങ്ങനെ... എങ്ങനെ സാധിച്ചു.. ഞാനും ഒരുപാട് ശ്രമിച്ചു.. പക്ഷേ നടന്നില്ല.. ഇതങ്ങനെ സാധിച്ചു റോഷൻ " അടർന്നു മാറി കൊണ്ട് ദയ പറയുമ്പോൾ... അവളുടെ നിറഞ്ഞ കണ്ണിലേക്കു റോഷൻ വെറുതെ നോക്കി.. "ഈ റോഷൻ ആരാന്നാ നിന്റെ വിചാരം "

അവൻ മീശ പിരിച്ചു കൊണ്ട് പറയുമ്പോൾ "തെരുവ് തെമ്മാടി " കുറുമ്പോടെ പറഞ്ഞിട്ട് ദയ ഉറക്കെ പൊട്ടിച്ചിരിച്ചു... റോഷനും അവളുടെ ചിരിയിൽ ലയിച്ചു ചേർന്നിരുന്നു.... ആ നിമിഷം. ❤❤❤❤❤❤❤❤❤❤❤❤❤❤ "റോഷൂ... അപ്പൊ... അപ്പോൾ അവള്... അവള് ചതിക്കയായിരുന്നോ മോനെ " അന്നമ്മച്ചിയുടെ സ്വരത്തിലെ വിറയൽ... റോഷൻ അവരെ ചേർത്ത് പിടിച്ചു.. "ഒരിക്കലും അല്ല അമ്മേ.. അവൾക്കു വേറെ വഴിയില്ലയിരുന്നു... " റോഷൻ പറയുമ്പോൾ മറ്റെല്ലാ മുഖത്തും നിർവചിക്കാൻ ആവാത്തൊരു ഭാവം അവനും കണ്ടിരുന്നു.. ദയ ഷായെ സ്നേഹിക്കുന്നതും... അതിന് വേണ്ടി നടത്തിയ നാടകമാണ് ഈ കല്യാണം എന്നൊക്കെ അവരോടു പറഞ്ഞു... വിശ്വാസം വരാത്തൊരു ഭാവം... "ഞങ്ങളോട് പോട്ടെ... നിന്നോട് ഇത്രയൊക്കെ ചെയ്തിട്ടും... നിനക്കെങ്ങനെ റോഷൻ... അവളോട്‌..." സജി പാതിയിൽ നിർതിയിട്ട് അവന്റെ നേരെ നോക്കി. "അതിന് അവളെന്നെ ചതിച്ചിട്ടില്ല സജിച്ചായ.. എന്നോട് എല്ലാം പറഞ്ഞിരുന്നു... ഷയെ കണ്ടെത്തി കൊടുക്കുമെന്ന് ഞാൻ അവൾക്കു വാക്ക് കൊടുത്തിരുന്നു " ചിരിച്ചു കൊണ്ട് തന്നെയാണ് റോഷൻ പറയുന്നത്... "എന്നാലും മോനെ... എന്റെ... ദയമോൾ...

അവൾക്ക് ഇത്രേം ധൈര്യം ഒക്കെ ഉണ്ടോ " ദേവസ്യ റോഷനോട് ചോദിച്ചു.. "നമ്മുക്ക് മുന്നിൽ മറ്റൊരു നിവർത്തിയും ഇല്ലാതെയാവുമ്പോൾ... അപ്പോൾ നമ്മളൊക്കെ ഭയങ്കര ധൈര്യം ഉള്ളവർ ആകും അച്ഛാ..." റോഷൻ അയാളെ നോക്കി പറഞ്ഞു.. എല്ലാവരും ഉണ്ട്.. റോഷൻ വിളിച്ചു കൂട്ടിയതാണ്.. ദയയും കുട്ടികളും ഉറങ്ങി കഴിഞ്ഞു.. റീനയും അനുവും ചുവരിൽ ചാരി വിഷമത്തോടെ നിൽക്കുന്നു.. കേട്ട വാർത്ത അവരെ അപ്പാടെ തളർത്തി കളഞ്ഞുവെന്ന് റോഷന് തോന്നി.. "എനിക്കിത് നിങ്ങളോട് മറച്ചു വെക്കാമായിരുന്നു. ആരും അറിയാതെ ഷായെ കണ്ട് പിടിച്ചിട്ട് അവളെ ഏൽപ്പിച്ചു തിരിച്ചു പോവാം.. പക്ഷേ നിങ്ങൾ അറിയണം.... എല്ലാം " റോഷൻ എല്ലാവരെയും ഒന്ന് നോക്കി.. "ദയ പഠിപ്പ് നിർത്തി പോരാൻ കാരണം എന്തെന്ന് നിങ്ങൾ അന്വേഷിച്ചു നോക്കിയോ... അതിന് താല്പര്യം കാണിക്കാതെ അവളെ കല്യാണത്തിന് നിർബന്ധിച്ചു... ഇങ്ങനൊരു വഴി അവൾ തിരഞ്ഞെടുക്കാൻ കാരണം ശെരിക്കും അതല്ലേ..." റോഷന്റെ ചോദ്യം... "ചോദിച്ചു... എല്ലാവരും ചോദിച്ചു റോഷാ... ഇനി പഠിക്കുന്നില്ലെന്ന് മാത്രം പറഞ്ഞോഴിഞ്ഞു അവൾ " സിബി ആയിരുന്നു.. റോഷൻ പതിയെ ചിരിച്ചു.. "അവൾക്ക് പറയാൻ തോന്നും പോലെ ചോദിച്ചിട്ടുണ്ടാവില്ല സിബിച്ചായ..

കടമ പോലെ ചോദിച്ചു... അതിനവൾ കടമ പോലൊരു ഉത്തരം പറഞ്ഞു.. അത്ര തന്നെ..." റോഷൻ പറയുമ്പോൾ അവരെല്ലാം പരസ്പരം നോക്കി... "നിങ്ങൾ കൂടെ നിൽക്കില്ലെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു... ഞാൻ അവളെ ന്യായികരിക്കാൻ നോക്കുവല്ല കേട്ടോ.. അവൾ ചെയ്തത് തെറ്റ് തന്നെ... പക്ഷേ സ്നേഹം തെറ്റല്ലല്ലോ... സാവധാനം പറഞ്ഞാൽ... ചിലപ്പോൾ ചെയ്യുന്നതിന്റെ ഭാവിഷ്യത്തു അവളെ നിങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കാൻ ആവുമായിരുന്നു... ശരിയല്ലേ.." ചിരിച്ചു കൊണ്ട് റോഷൻ ചോദിച്ചു... "അങ്ങനെ ചെയ്തില്ല.. അപ്പോൾ അവൾക്കു പറ്റിയ ചെക്കനെ അന്വേഷിച്ചു നിങ്ങൾ... അത്രയും താല്പര്യത്തോടെ പഠിക്കാൻ പോയവൾ ഒരു കാര്യവും ഇല്ലാതെ നിർത്തി പോരില്ലെന്ന് നിങ്ങളിൽ ആർക്കും തോന്നിയില്ല... അവളെത്ര വാശി പിടിച്ചാലും... ശെരിക്കും ദയയോട് സ്നേഹം ഉണ്ടായിരുന്നു എങ്കിൽ... എന്നെ പോലെ ഒരാളുടെ കയ്യിൽ... അവളുടെ ഭാവി ഏല്പിക്കാൻ ആവുമായിരുന്നോ.." റോഷൻ ചോദിക്കുന്നത്... ചിരിച്ചു കൊണ്ടാണ്.. പക്ഷേ അവരുടെ മുഖം വിളറി വെളുത്ത പോലെ ആയിരുന്നു.. "കടമ പോലെ ഒന്നും ചെയ്യരുത്... ഒരുമയോടെ വേണം എല്ലാം ചെയ്യാൻ... അമ്മയെ ആദ്യം അകറ്റി...

പക്ഷേ അമ്മേ... അവൾ അകറ്റി നിർത്തിയാലും... ദയ നിങ്ങളുടെ മോളല്ലേ... അവളിലെ മാറ്റങ്ങൾ നിങ്ങൾ അറിയണ്ടേതല്ലായിരുന്നോ... അതിനുള്ള പരിഹാരം കല്യാണം ആയിരുന്നോ " അവൻ അന്നമ്മച്ചിയെ നോക്കി.. അവരുടെ കണ്ണുകൾ നിറഞ്ഞു... "കരയാൻ വേണ്ടി അല്ല അമ്മേ... അവൾ ചെയ്തതിനെ ചോദ്യം നിങ്ങളിൽ ആർക്കും അധികാരം ഇല്ലെന്ന് പറഞ്ഞതാ ഞാൻ... അവളോട്‌ ചേർന്ന് നിന്നിട്ട് നിങ്ങളാരും നിങ്ങളുടെ അധികാരം അവളോട്‌ ചെയ്തിട്ടില്ല.." അന്നമ്മച്ചി അവന്റെ നേരെ നോക്കി... റോഷൻ അവരെ ഇറുക്കി പിടിച്ചു... "പക്ഷേ... മോനെ... ഊരും പേരും അറിയാത്ത ഒരാളെ... എനിക്കെന്തോ പേടി തോന്നുന്നു " ദേവസ്യയുടെ ശബ്ദം നിറഞ്ഞ പേടി... അത് ഒരു അച്ഛന്റെ അവകാശമാണ്.. മകളുടെ കാര്യത്തിൽ.. "എനിക്ക് മനസ്സിലാവും അച്ഛാ... തെരുവിൽ തെമ്മാടിത്തരം കാണിച്ച എന്റെ കയ്യിലേക്ക്... അത് എന്തിന്റെ പേരിൽ ആയിരുന്നാലും അച്ഛൻ അവളെ ഏല്പിച്ചു തന്നില്ലേ... എന്നെ കുറിച്ചുള്ളത് എല്ലാം അന്വേഷിച്ചു നടത്തിയതാണോ അത്. അല്ലല്ലോ.. ദയയുടെ വാശി... സന്തോഷം... ഇതൊക്കെ ആയിരുന്നു മുന്നിൽ.. അല്ലേ " റോഷൻ ചോദിച്ചു... ദേവസ്യ മറുപടി പറഞ്ഞില്ല..

അത് അവൻ പറഞ്ഞത് പോലെ തന്നെയാണ് പിന്നെ എന്ത് മറുപടി പറയാൻ.. "അപ്പോൾ ഷാ.... ദയയുടെ വാശിയാണ്... സന്തോഷമാണ്... അതിനൊപ്പവും നിൽക്കുക... അവനെ നേടാൻ വേണ്ടിയാണ് അവൾ ഇത്രയും ബുദ്ധിമുട്ട് സഹിച്ചത്...' റോഷൻ പറഞ്ഞു.. ആരും ഒന്നും മിണ്ടുന്നില്ല.. ആ ഹൃദയങ്ങളിൽ ഒക്കെയും ഒരു കടൽ ഇളകി മറിയുന്നത് റോഷൻ അറിയുന്നുണ്ട്.. അതിപ്പോൾ സ്നേഹം കൊണ്ട് തന്നെയാണ് എന്നതും അവനറിയാം.. "നാളെ ഞാനും ദയയും പോവുന്നുണ്ട്.. അവനരികിലേക്ക് കൊണ്ട് പോകും എന്നത് എന്റെ വാക്കാണ്... ഇത്രേം നാൾ അന്വേഷിച്ചു നടപ്പായിരുന്നു..." പറയുമ്പോൾ റോഷൻ ആരെയും നോക്കിയില്ല. "നിനക്ക് അവളെ വിട്ട് പോവാതിരുന്നു കൂടെ റോഷൂ... അവൾക്ക് കിട്ടാവുന്ന ഏറ്റവും നല്ല പങ്കാളി.. അത് നീ തന്നെ ആയിരിക്കും മോനെ... അമ്മക്കുറപ്പുണ്ട്.. നിനക്ക്.. നിനക്കവളെ ഒട്ടും ഇഷ്ടമെല്ലെടാ " അന്നമ്മച്ചി അവന്റെ നേരെ മുഖം ഉയർത്തി ചോദിച്ചു.. അവനൊന്നു ചിരിച്ചിട്ട്... ആ മുടിയിൽ പതിയെ തലോടി.ഇഷ്ടമാണ് എനിക്കവളെ.. ഈ ലോകത്തിലെ എല്ലാം കൂട്ടി വെച്ചാലും എനിക്കെന്റെ പെണ്ണിനോടുള്ള ഇഷ്ടത്തിന് പകരമാവില്ല അമ്മേ... "പക്ഷേ അമ്മേ... ദയയുടെ ഇഷ്ടം ഷാ യാണ്...

പിന്നെങ്ങനെ ഞാൻ " അവൻ ചോദിച്ചു.. മറ്റെല്ലാ കണ്ണിലും അവനാ ചോദ്യം കണ്ടിരുന്നു.. "ഇഷ്ടം... മിന്ന് കെട്ടിയ നിന്നെ മാറ്റി നിർത്തി ഇഷ്ടകാരനൊപ്പം പോവാൻ മാത്രം അതപതിച്ചോ എന്റെ മോള്... അത്രേം വിവരം ഇല്ലാത്ത വെറും പൊട്ടിയാണോ ദയ... കെട്ടിയ മിന്നിന്.... അതിനൊരു പവിത്രത ഉണ്ട് റോഷൂ... അത് കളഞ്ഞിട്ടു പോവുന്നവർ... അവരെത്ര മോശകാരാണ് എന്ന് അവർ അറിയുന്നുണ്ടോ " അന്നമ്മച്ചി രോഷത്തോടെ വിളിച്ചു പറയുന്നുണ്ട്.. ചുറ്റും ഉള്ള പല തലകളും കുനിഞ്ഞു പോയിരുന്നു.. "മനസ്സറിഞ്ഞു കെട്ടാത്തിടത്തോളം അവളുടെ കഴുത്തിൽ തൂങ്ങുന്നതൊരു ലോഹകഷ്ണം മാത്രം ആണമ്മേ.. അങ്ങനെയേ കാണാവൂ.. അവള് അവളുടെ ഇഷ്ടം നേടാൻ കണ്ടു പിടിച്ചൊരു പിടി വള്ളി മാത്രം... മറ്റൊന്നും അവൾ ഓർക്കില്ല... അതിന് പറ്റിയ ഒരു മാനസിക അവസ്ഥയിൽ അല്ല അവൾ.." റോഷൻ പറഞ്ഞു.. "നിനക്ക്.... നിനക്ക് സങ്കടം ഇല്ലേ റോഷൻ " റീന പതിയെ ചോദിച്ചു.. "എന്തിന് ചേച്ചി... എന്നോട് എല്ലാം പറഞ്ഞിട്ടാണ്... ഞാനും എല്ലാം അറിഞ്ഞിട്ടാണ് അവളുടെ കൂടെ നിന്നത്... സങ്കടം പിന്നെ എന്തിനാ.. പക്ഷേ സന്തോഷം ഉണ്ട്... റോഷൻ എന്ന് കേൾക്കുമ്പോൾ... ഉറഞ്ഞു തുള്ളിയിരുന്ന നിങ്ങളുടെ സ്നേഹം...

അതെനിക്ക് കിട്ടിയില്ലേ.." റോഷൻ പറയുമ്പോൾ.... എല്ലാവരുടെയും മുഖം നിറഞ്ഞ മ്ലാനതയായിരുന്നു... "എന്നോടുള്ള സ്നേഹം കൊണ്ടാണേലും അവളോട്‌ നിങ്ങൾ ദേഷ്യം കാണിക്കരുത്.. ദയ എന്നും സന്തോഷമായിരിക്കട്ട എന്നായിരിക്കണം നിങ്ങളുടെ മനസ്സിൽ മുഴുവനും..." റോഷൻ എല്ലാവരോടുമായി പറഞ്ഞു.. "നിനക്ക് അവളോട്‌ ഒന്ന് പറഞ്ഞൂടെ റോഷാ.. നീ പറഞ്ഞ അവള് കേൾക്കും. ഈ സങ്കടമൊക്കെ കുറച്ചു കഴിയുമ്പോൾ മാറും. നിന്റെ കൂടെ അവൾ സന്തോഷവതിയായിരിക്കും.. അതിവിടെ ഞങ്ങൾക്ക് എല്ലാവർക്കും ഉറപ്പുണ്ട്... നാളെ... നാളെ പോവണോ..." സജിയാണ്... റോഷൻ ചിരിച്ചു കൊണ്ട് അവരെ നോക്കി. "ഒരു കാര്യം അറിയോ സജിച്ചായ... അവൾക്ക് അവളുടെ സ്നേഹം നേടാൻ വേണ്ടിയാണ്... ഞാൻ ഒരു തെമ്മാടി ആണെന്ന് അറിഞ്ഞിട്ടും... ഞാൻ കൊടുത്തൊരു വാക്കിന്റെ ബലത്തിൽ... എനിക്കൊപ്പം ഒരു മുറിയിൽ കിടക്കാൻ അവൾക്ക് വിശ്വാസം ഉണ്ടായത്... കഴുത്തിൽ ഞാൻ കെട്ടിയ മിന്ന് ഉണ്ടായെന്നിരിക്കെ... എനിക്കവളോട് എന്തും ചെയ്യാമായിരുന്നു... അതവൾക്കും അറിയാം.. എന്നിട്ടും അവൾ എന്നെ വിശ്വസിച്ചു... ഞാൻ കൊടുത്ത വാക്കിനെ മുറുകെ പിടിച്ചു.. എന്തിന്റെ പേരിലാണ് ആ വാക്ക് ഞാൻ തെറ്റിക്കുന്നത്...

ചതിക്കയല്ലേ അത്..." അവൻ ഒന്ന് നിർത്തി ചുറ്റും കണ്ണോടിച്ചു.. ആരും ഒന്നും മിണ്ടുന്നില്ല... "ഇഷ്ടം നേടിയെടുക്കാൻ ഒക്കെ ഈസിയാണ്.. വിശ്വാസം... അത് നേടിയെടുക്കാൻ ഇത്തിരി പ്രയാസം ആണ്.. അവൾ എന്നെ വിശ്വസിക്കുന്നുണ്ട്.. ഷായിലേക്ക് എത്താൻ ഞാൻ സഹായിക്കും എന്നത്... അതെനിക്ക് പാലിച്ചേ മതിയാവൂ.. അതിനി എത്ര പ്രയാസം ആണേലും ഞാൻ അത് ചെയ്യും... അവൾക്ക് വേണ്ടി... ഇഷ്ടം ഉള്ളവർക്ക് വേണ്ടിയാവുമ്പോൾ... ഒന്നും നമ്മളെ പുറകോട്ട് വലിക്കില്ല... എത്ര റിസ്ക് എടുത്തും നടത്തി കൊടുക്കും " അവന്റെ സ്വരത്തിലെ നോവ്... അതാർക്കും മനസ്സിലായില്ല.. "നാളെ ചെല്ലുമ്പോൾ അവിടെ എന്താണ് കാത്തിരിക്കുന്നത് എന്ന് അറിയില്ല... അത് എന്ത് തന്നെ ആയാലും... നിങ്ങൾ ഓരോത്തരും കൂടെ തന്നെ ഉണ്ടെന്നും... നിങ്ങൾക്കവൾ അത്രയും പ്രിയപ്പെട്ട ഒന്നാണ് എന്നും ഒരു ഉറപ്പ് നാളെ പോവാൻ നേരം അവൾക്ക് കൊടുക്കണം.. അതിന് വേണ്ടിയാണ് ഞാൻ ഇത് നിങ്ങളോട് പറഞ്ഞത് തന്നെ..." എല്ലാവരും അവന്റെ നേരെ നോക്കി.. "കാത്തിരിക്കുന്നത് എന്ത് തന്നെ ആയാലും അത് സ്വീകരിക്കാൻ അവളെ പോലെ നിങ്ങളും റെഡിയായി നിൽക്കണം... അവളോട്‌ കൂടെ തന്നെ...

അവള് സന്തോഷമായിരിക്കട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്ന കുടുംബം തനിക്കു പിറകിൽ ഉണ്ടെന്ന് അറിയുന്ന ആളുടെ... ഉള്ളിലെ ആത്മ വിശ്വാസം... അതിന്റെ കണക്ക് പറയവുന്നതിലും എത്രയോ അധികമാണ് " റോഷൻ അന്നമ്മച്ചിയെ നോക്കി... സങ്കടം കൊണ്ട് വിങ്ങുന്നു... ആ മുഖം.. എന്നോട് ക്ഷമിക്കണം അമ്മേ... ഇത്രയും സങ്കടം എന്റെ പെണ്ണിന്റ ഉള്ളിലും ഞാൻ കാണുന്നുണ്ട്.. എന്റെ ഉള്ളിലെ സങ്കടത്തിന്റെ കണക്കുകൾ എന്നെ പേടിപ്പിക്കുന്നില്ല... പക്ഷേ അവളുടെ മരവിച്ച കണ്ണുകൾ... അതെന്നെ കൊളുത്തി വലിക്കുന്നു.. മുള്ള് കമ്പി പോലെ.. എനിക്കിതു ചെയ്തെ മതിയാവൂ.. അവരുടെ തലയിൽ തലോടി റോഷൻ മൗനമായി പറഞ്ഞു. "അപ്പോൾ... ഇനിയെന്നും കൂടെ ഉണ്ടാവും എന്നെനിക്ക് നീ നൽകിയ വാക്കോ റോഷൂ.. അവളെ വിട്ടറിഞ്ഞിട്ട് നീ പോകുമ്പോൾ... എന്നെ കൂടി ഉപേക്ഷിച്ചു പോകും അല്ലേ " അന്നമ്മച്ചി ഇടറി കൊണ്ട് ചോദിച്ചു.. അവർക്കെല്ലാം ആ ചോദ്യം ബാക്കിയുണ്ട്.. അതവന് തോന്നി.. "അങ്ങനെ മറന്നു കളഞ്ഞു ഞാൻ പോകുമെന്ന് അമ്മക്ക് തോന്നുന്നുണ്ടോ... ദയയെ മുന്നിൽ നിർത്തിയല്ല റോഷൻ അമ്മയെ സ്നേഹിച്ചത്... ചേർത്ത് പിടിച്ചത്.. ഇപ്പോഴും നെഞ്ചിൽ ചേർത്ത് പിടിക്കുന്നത് " അവരെ ചേർത്ത് പിടിച്ച അവന്റെ കൈകൾ ഒന്നൂടെ മുറുകി... "എല്ലാം ഞാൻ മുന്നേ അറിഞ്ഞതല്ലേ.. എനിക്കറിയാവുന്നതല്ലേ ഒരിക്കൽ ഞാൻ ഇറങ്ങി പോവേണ്ടി വരുമെന്ന്..

എന്നിട്ടും എനിക്ക് സ്നേഹിക്കാൻ പാകത്തിന് അമ്മയെന്നെ പിടിച്ചു നിർത്തിയില്ലേ... ഒന്ന് കാണാതെയാവുമ്പോൾ പിടയാൻ മാത്രം ഇഷ്ടം എന്റെ ഉള്ളിലേക്ക് പകർന്നു വെച്ചില്ലേ.. അതൊന്നും മരുമകൻ ആണെന്ന് കരുതിയല്ലല്ലോ... എന്റെ മോനെ എന്ന് വിളിച്ചത് ഹൃദയം കൊണ്ടല്ലേ... ആ അമ്മയെ മറന്നിട്ട്.... ഞാൻ..." റോഷൻ അവരുടെ നെറുകയിൽ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു... "ദയക്ക് അവളുടെ ഇഷ്ടം നേടാൻ കൂട്ട് നിൽക്കുന്നു എന്നു കരുതി.... നിങ്ങളെ ഞാൻ മറന്നു കളയുമെന്ന് കരുതുന്നുണ്ടോ... അത് വേണ്ട... തെരുവ് തെമ്മാടിത്തരം കാണിച്ചു നടക്കുന്ന റോഷന്റെ ഹൃദയം കവർന്ന കുറച്ചു ബന്ധങ്ങൾ ആണ് നിങ്ങൾ... ഓരോത്തരും എനിക്കിപ്പോ പ്രിയപ്പെട്ടവരാണ്.. ഒരിക്കലും ഉപേക്ഷിച്ചു കളയാൻ കഴിയാത്ത വിലപ്പെട്ട നിധികാളാണ് " നിറഞ്ഞ ചിരിയോടെയാണ് അവൻ പറയുന്നത്.. റീന നിറഞ്ഞ കണ്ണോടെ അവന്റെ നേരെ നോക്കി ചിരിച്ചു.. അനുവിനും സങ്കടം തന്നെ... മുഖം വിങ്ങി ചുവന്നു.. സജിയും സിബിയും തല കുനിച്ചിരിക്കുന്നു.. ദേവസ്യ റോഷന്റെ നേരെ നോക്കി ഇരിക്കുന്നു.. അന്നമ്മച്ചിയെ അവൻ അപ്പോഴും നെഞ്ചിൽ ചേർത്ത് പിടിച്ചിട്ടുണ്ട്.. നെഞ്ചോടു ചേർത്ത് പിടിച്ചിട്ട് പറയുമ്പോൾ... അതെത്ര വേദനിപ്പിക്കും എങ്കിലും.... അതൊരിക്കലും തളർത്തി കളയില്ലെന്ന് അവന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story