കൂട്ട് 💕💕💕: ഭാഗം 20

Koott

രചന: ജിഫ്‌ന നിസാർ

ഡാ... റോഷൻ തല ഉയർത്തി നോക്കി... "രണ്ടൂസം ആയല്ലോ ഈ വഴി കണ്ടിട്ട്.. എന്ത് തെമ്മാടിത്തരം ഒപ്പിക്കാൻ പോയതായിരുന്നു " അന്നമ്മച്ചി ചോദിച്ചപ്പോൾ റോഷൻ ഇളിച്ചു കാണിച്ചു.. "ദേ ചെക്കാ... ഒരു കാര്യം ചോദിക്കുമ്പോൾ ഇളിക്കല്ലേ.. എനിക്ക് ദേഷ്യം വരുന്നു " അവർ കണ്ണുരുട്ടി.. "ഇത് നല്ല കൂത്ത്.. നല്ലത് പറഞ്ഞു എന്നെ വിളിച്ചു വരുത്തിയത് ഇതിനാണല്ലേ.. ഇരുത്തി വഴക്ക് പറയാൻ.. നിങ്ങൾ അമ്മമാരുടെ സ്ഥിരം നമ്പർ ആണല്ലോ ഇത്.. ഭക്ഷണം വിളമ്പി തന്നിട്ട്... ഇരുത്തി അങ്ങ് പൊരിക്കും " റോഷൻ പറയുമ്പോൾ അന്നമ്മച്ചി ഒന്ന് ചിരിച്ചു.. കറി താ അമ്മേ " വിളമ്പി വെച്ചേക്കുന്ന ചോറ് നീട്ടി റോഷൻ കൊഞ്ചി.. അതിലവർ വീണു പോയിരുന്നു.. അവന്റെ തലയിൽ ഒന്ന് തലോടി ആ പാത്രത്തിൽ വിളമ്പി കൊടുത്തു.. അവൻ അവരെ നോക്കി കണ്ണടച്ച് കാണിച്ചു.. "ഒരാഴ്ചയായി ഇവിടെ നടക്കുന്ന വല്ലതും നീ അറിയുന്നുണ്ടോ റോഷൂ " തൊട്ടരികിലെ കസേരയിൽ ഇരുന്നു കൊണ്ട് അവരുടെ ചോദ്യം.. റോഷൻ ഇല്ലെന്ന് തലയാട്ടി. "അതെങ്ങനാ.. നേരത്തിനും കാലത്തിനും വീട്ടിൽ കയറിയാലല്ലേ വല്ലതും അറിയൂ.. വന്ന് മുഖം കാണിച്ച് ഒറ്റ ഓട്ടം അല്ല്യോ " അന്നമ്മച്ചി വീണ്ടും കലിപ്പിട്ടു..

"കാര്യം പറഞ്ഞു താ അമ്മേ" വീണ്ടും വഴക്കിനു നിൽക്കുന്നു എന്ന് കണ്ടപ്പോൾ... റോഷൻ വീണ്ടും കൊഞ്ചി കുട്ടി ആയി.. അത് മാത്രമേ ആ സമയം അവരുടെ അടുത്ത് ചിലവാക്കുകയുള്ളു എന്നവന് നന്നായി അറിയാം.. "ദയ..... ദയ കാനഡയിൽ പോവാ ന്ന്. അവിടെ അവളുടെ ആന്റി ഉണ്ട്.. അങ്ങോട്ട്.. അവിടെ എന്തോ കോഴ്സ് ചെയ്യാൻ.." അന്നമ്മച്ചി പറയുമ്പോൾ... റോഷന്റെ കൈകൾ നിശ്ചലമായി.. ഭക്ഷണം തൊണ്ടയിൽ കുടുങ്ങി.. അവൻ അവരെ നോക്കി.. "അവളോട്‌ നീ അല്ലേ പറഞ്ഞത്.. ചടഞ്ഞു കൂടി ഇരിക്കരുത് പഴയ പോലെ എനർജി ഗേൾ ആവണം എന്നൊക്കെ.. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി.. അവളിൽ വല്ലാത്തൊരു മാറ്റം. എന്റെ മോള് പഴയ പോലെ ആയി പോയിരുന്നു.. കുട്ടികളോടൊപ്പം ഈ വീട് തല കുത്തി മറിക്കും.. സജിയോടും സിബിയോടും തല്ല് പിടിക്കും.. റീനയെയും അനുവിനെയും പിറകെ നടന്നിട്ട് കളിയാക്കി കൊല്ലും.. അച്ചായന് ഡൈ ചെയ്തു കൊടുക്കും.. അങ്ങനെ അങ്ങനെ.. എല്ലാത്തിനും ഒരു മാറ്റം " അന്നമ്മച്ചി പറയുമ്പോൾ റോഷൻ അവരെ നോക്കി.. പറയുന്നത് സന്തോഷം നൽകുന്ന കാര്യം തന്നെ ആയിരുന്നു. എന്നിട്ടും പറയുന്ന അവർക്കും..

കേൾക്കുന്ന അവനും നെഞ്ചിൽ ഒരു കല്ല് കയറ്റി വെച്ച ഫീൽ.. "അത് നല്ല കാര്യം അല്ലേ അമ്മേ..." എങ്ങനെയൊക്കെയോ അവൻ പറഞ്ഞൊപ്പിച്ചു.. അവർ അവന്റെ നേരെ ദയനീയമായി നോക്കി.. അല്ലെന്ന് പതിയെ തലയാട്ടി.. "അതിനേക്കാൾ വലിയൊരു പാഠപുസ്തകം ഇവിടെ മറന്നു കളഞ്ഞിട്ട് അവൾ പിന്നെ എന്ത് പഠിക്കാൻ ആണ് റോഷൂ... പോവണ്ട എന്ന് പറഞ്ഞൂടെ ടാ നിനക്കൊന്ന്.. നീ പറഞ്ഞ അവൾ കേൾക്കും...' അന്നമ്മച്ചി അവന്റെ കയ്യിൽ പിടിച്ചു.. റോഷൻ ഒന്ന് ചിരിച്ചു.. അവന്റെ വിശപ്പ് കേട്ടു പോയിരുന്നു.. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയിട്ട് ഒരു ജോലിയുടെ കാര്യങ്ങൾ ശെരിയാക്കാൻ വേണ്ടിയുള്ള ഓട്ടത്തിൽ ആയിരുന്നു.. അതിനിടയിൽ ഇവിടെ വന്നൊന്ന് എല്ലാവരെയും കണ്ടിട്ട് ഓടി പോകും.. അതിനമ്മ വഴക്ക് പറയുമായിരുന്നു.. പക്ഷേ മനസ്സിൽ അപ്പോൾ ദയയുടെ മുഖം ആയിരുന്നു.. ഓടി തീർത്തത് മുഴുവനും അവളോടൊപ്പം ഒരു ജീവിതം മോഹിച്ചായിരുന്നു.. അവളെ തന്നെ ഏല്പിക്കാൻ ഈ കുടുംബം മൊത്തം ആഗ്രഹിക്കുന്നു എന്ന് കേട്ടപ്പോൾ.. അതിനേക്കാൾ ആഴത്തിൽ അവന്റെ ഉള്ളിലും മോഹം തളിർത്തു വെരുറപ്പിച്ചു. അവളൊപ്പം ജീവിക്കാൻ വല്ലാത്തൊരു കൊതി..

സനലും ജിബിയും ആണ് പറഞ്ഞത്.. ആയുസ്സ് കയ്യിൽ പിടിച്ചുള്ള... ഈ ആയുധം വെച്ചുള്ള കളി ഇനിയും നിനക്ക് വേണ്ടന്ന്. കുടുംബം ഉള്ളവന് ചേരാത്ത പണിയാണ് അതെന്ന്. കേട്ടപ്പോൾ ശെരിയാണ് എന്ന് തോന്നി.. ഇവിടെ ഒരുപാട് ഓഫീസ് ഉണ്ട്.. വേറെയും പല ജോലികളും ഉണ്ട്.. ഏത് വേണമെന്ന് പറഞ്ഞാലും മറുചോദ്യം ഇല്ലാതെ വെച്ച് നീട്ടുകയും ചെയ്യും.. പക്ഷേ കുരിശും വീട്ടിൽ റോഷന് വേണ്ടത് അവന്റെ പെണ്ണിനെ മാത്രമല്ലേ. അവളുടെ സ്നേഹം മാത്രമല്ലേ.. "എന്തേലും ഒന്ന് പറയെടാ മോനെ... നിനക്കൊന്നു പറഞ്ഞൂടെ ടാ. പോവണ്ടന്ന്. ഇവിടെ എല്ലാവർക്കും അതാണ്‌ ഇഷ്ടമെന്ന് " അന്നമ്മച്ചി റോഷന്റെ തോളിൽ പിടിച്ചുലച്ചു.. "എന്താണ് അമ്മേ ഞാൻ അവളോട്‌ പറയേണ്ടത്.. എന്തിന്റെ പേരിലാണ് ഞാൻ അവളെ പിടിച്ചു നിർത്തേണ്ടത്.. സന്തോഷത്തോടെ ജീവിക്കാൻ കൂടെ ഉണ്ടെന്ന് അവൾക്കു ഞാനും വാക്ക് കൊടുത്തിരുന്നു.. അവൾക്ക് വേണ്ടി നിങ്ങൾ മൊത്തം അവളുടെ കൂടെ ഉണ്ടെന്ന് അവൾക്കു ഞാനും ഉറപ്പ് കൊടുത്തിരുന്നു..

പിന്നെ എങ്ങനയാ അമ്മേ... ഞാൻ അവളോട്‌ പോണ്ടാന്ന് പറയുന്നത് " കൈ കുടഞ്ഞു കൊണ്ട് റോഷൻ എഴുന്നേറ്റു.. പാതിയിൽ നിർത്തിയ ചോറ് പാത്രത്തിൽ അന്നമ്മച്ചി വേദനയോടെ നോക്കി.. അവനേറെ ഇഷ്ടമുണ്ടായിരുന്ന മാമ്പഴപുളിശ്ശേരി ഉണ്ടായിരുന്നു.. അതുണ്ടാക്കി അവന് വേണ്ടി കാത്തു വെച്ചിരുന്നു.. പക്ഷേ..പിന്നീട് ഒരു വറ്റു പോലും അവനിറങ്ങിയില്ല.. കൈ കഴുകി തുടച്ചിട്ട് അവൻ പോയി ഹാളിലെ സോഫയിൽ കണ്ണടച്ചിരുന്നു.. അതൊന്ന് നോക്കി നിന്നിട്ട് അന്നമ്മച്ചിയും ആ അരുകിൽ ഇരുന്നിട്ട് അവന്റെ തലയിൽ തടവി കൊടുത്തു. എന്നിട്ടും അവൻ കണ്ണ് തുറന്നില്ല.. "അമ്മ പറയട്ടെ ടാ റോഷൂ അവളോട്‌.. നിന്നെ വിട്ട് പോവരുത് ന്ന്.. ഇവിടെ എല്ലാർക്കും അതാണ്‌ ഇഷ്ടമെന്ന്.." അവരുടെ ചോദ്യം.. റോഷൻ നേരെ ഇരുന്നു.. "അത് വേണ്ട അമ്മേ.. നിങ്ങളോട് ഒരു തെറ്റ് ചെയ്തു എന്നൊരു തോന്നൽ ഇപ്പഴും അവളിൽ ബാക്കി ഉണ്ടാവും. പോവരുത്... എന്നെ സ്വീകരിക്കൂ എന്ന് പറയുമ്പോൾ ഒരുപക്ഷെ അവളതു അനുസരിച്ചു എന്നും വരാം.. അത് പക്ഷേ സ്നേഹം ആണോ അമ്മേ.. കടമയും കടപ്പാടും പറഞ്ഞിട്ട് വാങ്ങി എടുക്കേണ്ട ഒന്നല്ലല്ലോ സ്നേഹം..

അതോർത്തല്ലേ ഞാൻ ഇത്രേം കാലം എന്റെ സ്നേഹം പറയാതെ മൂടി വെച്ചത് " റോഷൻ പറയുമ്പോൾ... അന്നമ്മച്ചി ഞെട്ടി കൊണ്ട് അവനെ നോക്കി... പറഞ്ഞു പോയതിലെ പാളിച്ച അപ്പോഴാണ് അവനും ഓർത്തത്.. പറയാതെ പൂത്തി വെച്ചിരുന്ന അവന്റെ പ്രണയം അവിടെ കൂട് പൊട്ടിച്ചത് അറിഞ്ഞപ്പോൾ അവന്റെ തല താഴ്ന്നു പോയിരുന്നു.. അന്നമ്മച്ചിയെ നോക്കാൻ കഴിയുന്നില്ല.. അവരുടെ കണ്ണിൽ വല്ലാത്തൊരു ഭാവം.. പിന്നെ അവൻ എന്തൊക്കെ പറഞ്ഞോഴിഞ്ഞിട്ടും അവരുടെ പിടിയിൽ നിന്നും ഊരി പോരാൻ കഴിഞ്ഞില്ല.. ഒടുവിൽ എല്ലാം... എല്ലാം പറയുമ്പോൾ.. അവന്റെ തല പിടിച്ചു താഴ്ത്തി നെറുകയിൽ ഉമ്മ കൊടുത്താണ് അന്നമ്മച്ചി സന്തോഷം അറിയിച്ചത്.. അവനും വല്ലാത്തൊരു ആശ്വാസം തോന്നിയിരുന്നു ആ നിമിഷം.. "ഇനി എന്റെ മോൻ ഒന്നും പറയേണ്ട... നിനക്കല്ലാതെ മാറ്റാർക്കാണ് റോഷൂ അവളെ ഇത്രയും സ്നേഹിക്കാൻ ആവുന്നത്.. നിന്റെ കയ്യിൽ അല്ലാതെ മറ്റെവിടെയാണ് മോനെ അവൾ സുരക്ഷിത.." അന്നമ്മച്ചി നിറഞ്ഞ കണ്ണോടെ പറഞ്ഞു. "പക്ഷേ ഒന്നും പറഞ്ഞിട്ട് അവളെ നിർബന്ധിച്ചു എന്നിലേക്ക് കൂട്ടി കെട്ടരുത് അമ്മേ.. അതെന്റെ തോൽവിയാണ്..

ഹൃദയം കൊടുത്തു സ്നേഹിച്ചാൽ... പറക്കാൻ വിട്ടാലും തിരികെ വരുമെന്നതിൽ വിശ്വസിക്കുന്നു ഞാൻ... " റോഷൻ പറയുമ്പോൾ അന്നമ്മച്ചി അവന്റെ കയ്യിൽ ചേർത്ത് പിടിച്ചു.. "എന്റെ ഇഷ്ടം അവളുടെ മുന്നിലെ തടസ്സം ആവരുത്.. അവൾക്കൊപ്പം പറക്കാൻ മനസ്സ് കൊണ്ട് ഞാൻ എന്നോ ഒരുങ്ങി കഴിഞ്ഞു.. എങ്ങോട് പറന്നാലും ഒടുവിൽ... ഒടുവിൽ എന്റെ നെഞ്ചിൽ വന്ന് പറന്നിറങ്ങുമെന്ന് വെറുതെ കരുതികോട്ടെ ഞാൻ " അവൻ അവരെ നോക്കി കണ്ണടച്ച് കാണിച്ചു... "അവൾ പോകുന്നതിന് നീരസം കാണിക്കരുത്. ആ കൂടെ തന്നെ നിൽക്കണം.. അവളുടെ സ്വപ്നം നേടി എടുക്കാൻ അനുഗ്രഹിക്കണം.. അവള് പോയിട്ട് വരട്ടെ അമ്മേ... അതാണ്‌ അവൾക്ക് ഇഷ്ടമെങ്കിൽ..." അന്നമ്മച്ചിയെ നോക്കി റോഷൻ പറഞ്ഞു.. "അമ്മ പറഞ്ഞതെല്ലാം ഞാൻ നേടി തന്നില്ലേ... അതിന്റ കണക്ക് പറയുവാ എന്ന് കരുതല്ലേ... എനിക്ക് അമ്മ ചെയ്തു തരേണ്ടത് അത് മാത്രമാണ് " റോഷൻ അവരുടെ കൈ പിടിച്ചു പറയുമ്പോൾ അന്നമ്മച്ചി അവനെ ഇറുക്കി കെട്ടിപിടിച്ചു... സമ്മതിച്ചു എന്ന് പറയാതെ പറയും പോലെ.. ❤❤❤❤❤❤❤❤❤❤❤❤❤❤ ഇവിടിങ്ങനെ തല കുനിച്ചു ഇരുന്നിട്ട് എന്താണ് റോഷാ കാര്യം.

. നീ തന്നെ അല്ലേ പറയാറ്.. അവളിൽ ചേർന്നില്ലേലും അവള് സന്തോഷമായി ജീവിക്കുന്നത് കാണുമ്പോൾ തന്നെ എന്റെ പ്രണയം പൂവണിഞ്ഞ പോലായി എന്ന്.. എന്നിട്ടിപ്പോ എന്ത് പറ്റിയെടാ നിനക്ക്.. രണ്ടു ദിവസം ആയി നിന്റെ മൗനം... " സനൽ അടുത്തിരുന്ന് പറയുമ്പോൾ.. റോഷൻ കൈകൾ കൊണ്ട് മുടിയിൽ ചികഞ്ഞു.. മുഖം നിറഞ്ഞ സങ്കടം.. തിളക്കം മാഞ്ഞ കണ്ണുകൾ.. സനലിന്റെ ഹൃദയം വേദനിച്ചു അവന്റെ ഇരിപ്പ് കണ്ടപ്പോൾ.. "ഇതാണ് മോനെ പറയുന്നത്... പെണ്ണിനെ എടുത്തു നെഞ്ചിൽ കയറ്റരുത്.. തിരിച്ചിറങ്ങി പോവില്ല പണ്ടാരങ്ങൾ.. കൊല്ലാതെ കൊല്ലും.. നീറ്റി നീറ്റി " ജിബി അവനെ നോക്കി പറഞ്ഞു.. റോഷൻ അപ്പോഴും മിണ്ടിയില്ല.. "അവള് പോയിട്ട് വരട്ടെ ടാ.. നീ ഇങ്ങനെ അവിടെ പോവാതെ ഒളിച്ചു നടന്ന.. അവള് പോവാതിരിക്കുമോ.. ഇല്ലല്ലോ.." സനൽ വീണ്ടും പറഞ്ഞു.. റോഷൻ കാലുകൾ നിലത്തേക്ക് തൂക്കി ഇട്ടു.. "വേണ്ടായിരുന്നു.. ഈ നാടകം നടത്താൻ അവളോടൊപ്പം ചേരണ്ടായിരുന്നു.. ഇതിപ്പോൾ... എനിക്കറിയില്ല.. അവൾ പോയി പഠിച്ചു വല്ല്യ ആളായി വരട്ടെ എന്ന് തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്. പക്ഷേ.. പക്ഷേ... എനിക്കെന്തോ നഷ്ടപെടുന്നത് പോലെ... ശ്വാസം കിട്ടാത്ത പോലെ.."

തല കുനിഞ്ഞു പറയുന്നവനെ സനലും ജിബിയും അലിവോടെ നോക്കി.. "വെട്ടി മുറിച്ചാലും പതറാതെ നിന്നിരുന്ന ആളാണ്‌... ഇങ്ങനെ ഒരു പെണ്ണിന്റ പേരിൽ..." ജിബി പാതിയിൽ നിർത്തി. സ്നേഹമാണ് ഏറ്റവും വലിയ മുറിവ് സമ്മാനിക്കുന്നത്.. സ്നേഹം തന്നെയാണ് ആയുധം... മരുന്നും സ്നേഹത്തിലുണ്ട്.. "പോയിട്ട് വരട്ടെ ല്ലേ.. ഞാൻ കാത്തിരിക്കുമല്ലോ.." പതിയെ റോഷൻ പറയുമ്പോൾ... അവനോടൊരു മറുപടി പറയാൻ കിട്ടിയില്ല കൂട്ടുകാർക്ക്.. മൗനം കൂട്ട് പിടിച്ചു മൂന്നാളും ഒരെ ചിന്തയിൽ ഇരുന്നു പോയി. മുറ്റത്തൊരു വണ്ടി വന്നു നിന്നപ്പോൾ.. സനലും ജിബിയും പരസ്പരം നോക്കി.. റോഷൻ അതൊന്നും അറിയാത്ത പോലെ ഇരിക്കുന്നു.. ഡാ... ജിബി റോഷന്റെ കയ്ക്കൊരു തട്ട് വെച്ച് കൊടുത്തു.. "ദേ.. നിന്റെ അമ്മ വന്നേക്കുന്നു " ജിബി പതിയെ പറയുമ്പോൾ റോഷൻ ചാടി എഴുന്നേറ്റു.. കാറിൽ നിന്നും ഓരോത്തർ പുറത്തിറങ്ങി.. റോഷൻ കുറ്റം ചെയ്ത കുട്ടിയെ പോലെ പതറി നോക്കുന്നുണ്ട്.. അങ്കിൾ... കുട്ടി പടകൾ അവനെ കണ്ടപ്പോൾ തന്നെ ഓടി വന്നിട്ട് ചുറ്റി പിടിച്ചു.. അവരോടു ഒന്ന് ചിരിച്ചിട്ട്.. അവൻ അന്നമ്മച്ചിയെ നോക്കി.. കടന്നൽ കുത്തിയത് പോലെ മുഖം കയറ്റി പിടിച്ചിരിക്കുവാ..

റീനയും അനുവും അവന്റെ നേരെ നോക്കി കൈ കാണിച്ചു.. അവൻ തിരിച്ചും.. ദേവസ്യയാണ് ഡ്രൈവർ.. "ഇവിടെ കുന്തം വിഴുങ്ങിയ പോലെ നിൽക്കാതെ അകത്തേക്ക് വിളിക്കെടാ നാറി" ജിബി അവന്റെ കാലിൽ ഒരു ചവിട്ട് കൊടുത്തു കൊണ്ട് പതിയെ പറഞ്ഞു. അപ്പോഴാണ് റോഷനും അതോർത്തത്.. അവൻ വേഗം ഇറങ്ങി ചെന്നു.. "കയറി വാ.. ചിരിച്ചു കൊണ്ട് പറയുന്നവനെ അന്നമ്മച്ചി ചിറഞ്ഞു നോക്കി.. അവൻ നോട്ടം മാറ്റി "നിന്റെ ഫോൺ എന്തിയെടാ " കടുപ്പത്തിൽ ആണ് ചോദ്യം... ദേവസ്യ ചിരിച്ചു കൊണ്ട് കാറിൽ ചാരി നിൽക്കുന്നു.. "ഫോൺ... റോഷൻ പറഞ്ഞു കൊണ്ട് കീശയിൽ കൈ വെച്ചു.. ശേഷം പാന്റിന്റെ കീശയിൽ ഉണ്ടായിരുന്ന ഫോൺ പുറത്തെടുത്തു.. സൈലന്റ് ആയിരുന്നു.. പത്തു പതിനഞ്ചു മിസ് കാൾ.. അവൻ നാവ് കടിച്ചു.. "സൈലന്റ് ആയിരുന്നു അമ്മാ.. ഞാൻ അറിഞ്ഞില്ല.. പതിയെ റോഷൻ പറഞ്ഞു.. "അതെന്താ.. നിന്റെ കണ്ണ് അടിച്ചു പോയോ " വീണ്ടും കലിപ്പിൽ അടുത്ത ചോദ്യം. അവൻ ഇല്ലെന്നു തലയാട്ടി.. "ഞാൻ ഇന്നലെ നിന്നെ വിളിച്ചപ്പോൾ.. നീ എന്നതാ എന്നോട് പറഞ്ഞത് " അന്നമ്മച്ചി അവന്റെ നേരെ കൂർപ്പിച്ചു നോക്കി.. "വൈകുന്നേരം വരാം ന്ന് "റോഷൻ കുട്ടികളെ പോലെ തല കുനിച്ചാണ് മറുപടി പറയുന്നത്. "എന്നിട്ടെന്തേ.. ഇരുട്ടി വെളുത്തതൊന്നും നീ അറിഞ്ഞില്ല്യോ " അന്നമ്മച്ചി അവന്റെ നേറെ നോക്കി കളിയാക്കി..

"മതിയെടി അന്നമ്മോ.. ആ ചെക്കൻ നിന്ന് വിയർത്തു.. നീയൊക്കെ എവിടുത്തെ ഗുണ്ടയാണെടാ " ദേവസ്യയുടെ ചോദ്യം.. ചുറ്റും കൂട്ടച്ചിരി വിരിഞ്ഞു.. റോഷനിലും. വീട്ടിലോട്ടും വരാതെ... ഫോണിലും വിളിച്ചിട്ട് കിട്ടാതെയായ അമ്മ അങ്ങ് മറന്നു കളയുമെന്ന് നീ വിചാരിച്ചോ റോഷൂ " അന്നമ്മച്ചി ചിരിച്ചു കൊണ്ട് ചോദിച്ചു.. അവരെ ഇറുക്കി പിടിച്ചു കൊണ്ട് അവൻ കണ്ണടച്ച് കാണിച്ചു.. 💞💞💞💞💞💞💞💞💞💞💞💞💞💞 അനുവും റീനയും ചായ ഉണ്ടാക്കി കൊണ്ട് വന്നു.. വേണ്ടന്ന് റോഷൻ ആവുന്നതും പറഞ്ഞു. ആര് കേൾക്കാൻ.. യാതൊരു അപരിചിതവും ഇല്ലാതെ കുട്ടികൾ അവിടെ മൊത്തം ഓടി നടന്നു..ജിബിയുടെ മേൽ ആന കളിച്ചു.. സനൽ ചിരി അമർത്തി പിടിച്ചു അവനെ കളിയാക്കി ചിരിച്ചു. ദേവസ്യ വീടും പരിസരവും നടന്നു കാണുന്ന തിരക്കിൽ ആയിരുന്നു.. അന്നമ്മച്ചി അവന്റെ കൈ വിടാതെ പിടിച്ചു കൊണ്ട് "അമ്മക്കറിയാം റോഷൂ... നിന്റെ സങ്കടം. പക്ഷേ ഒന്നും വിട്ട് പറയാനും നീ സമ്മതിച്ചു തരുന്നില്ലല്ലോ. പിന്നെ.. പിന്നെ ഞാൻ എന്ത് ചെയ്യും മക്കളെ.. എല്ലാരുടെയും സങ്കടം പിഴുത്തെടുത്തു കളയുന്ന നിന്റെ ഉള്ള് വേവുന്നത് നീ മറച്ചു പിടിച്ചാലും എനിക്ക് മനസ്സിലാവും മോനെ " അവന്റെ കവിളിൽ തലോടി അന്നമ്മച്ചി പറയുമ്പോൾ.. റോഷൻ ഒന്നും പറയാതെ ചിരിച്ചു കാണിച്ചു.. "മറ്റന്നാൾ അവൾ പോകും.. നടന്നു യാത്ര പറയുന്ന തിരക്കിലാ എന്റെ മോള്..

ഹൃദയം കയ്യിലെടുത്തു വേണം എന്ന് പറഞ്ഞാലും അത് ചെയ്തു കൊടുക്കുന്ന നിന്നോട് അവൾ എങ്ങനെ യാത്ര പറഞ്ഞു പോകും റോഷൂ.. എനിക്ക് പോലും സഹിക്കാൻ ആവുന്നില്ല " അന്നമ്മച്ചി എണ്ണി പൊറുക്കി പറയുന്നുണ്ട്.. റോഷന് ഒന്നും മിണ്ടാൻ ആയില്ല.. നാളെത്തെ ഒരു ദിവസം കൂടി കഴിഞ്ഞാൽ അവൾ പോകുമെന്ന് മാത്രം അവന്റെ കാതിൽ മുഴങ്ങി കേട്ടു.. 💞💞💞💞💞💞💞💞💞💞💞💞💞💞 ഷർട്ടിന്റ കൈ തോരുത്തു കയറ്റി കീ എടുത്തു കൊണ്ട് റോഷൻ വാതിൽ അടച്ചിറങ്ങി.. ഇന്ന് ഉറപ്പായും ചെല്ലുമ്മെന്ന് അമ്മയ്ക്ക് ഉറപ്പ് കൊടുത്തുതാണ് ഇന്നലെ മടങ്ങി പോകുമ്പോൾ.. ഒരുപാട് നേരം ഇരുന്നു സംസാരിച്ച ശേഷം ആണ് മടങ്ങിയത്. കുട്ടികൾക്കു ഒട്ടും ഇഷ്ടമില്ലായിരുന്നു തിരിച്ചു പോകുവാൻ.. പൂമ്പാറ്റകളെ പോലെ അവർ അകത്തും പുറത്തും ഓടി നടന്നു.. അവരിൽ ഒരാളായിരുന്നു ജിബിയും.. അവർ തിരിച്ചു പോയപ്പോൾ തന്നെക്കാൾ വിഷമം അവനാണ് എന്ന് വരെയും തോന്നി. ഇന്നിനി പോകാതെ വയ്യ. ഇപ്പൊ തന്നെ രണ്ടു പ്രാവശ്യം വിളിച്ചു.. ഫോണിൽ.. അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.. അതേ നിമിഷം ദയയുടെ സ്കൂട്ടി വന്നു നിന്നതും.. അവന്റെ നെറ്റി ചുളിഞ്ഞു.. ഹൃദയം മിടിക്കാൻ മറന്നു പോയത് പോലെ. നിറഞ്ഞ ചിരിയോടെ ഇറങ്ങി വരുന്നവളെ അവനും സ്നേഹത്തോടെ നോക്കി.. "പുലിയെ അതിന്റെ മടയിൽ പോയി കാണുന്നതാ ത്രിൽ എന്ന് പണ്ടാരോ പറഞ്ഞു കേട്ട് വന്നതാ.."

ചാവി കയ്യിലിട്ട് കറക്കി കൊണ്ട് ദയ പറയുമ്പോൾ റോഷൻ ചിരിയോടെ തലയാട്ടി കാണിച്ചു. വാടി കൊഴിഞ്ഞ രൂപം അല്ലായിരുന്നു അവളിൽ.. വല്ലാത്തൊരു പ്രസരിപ്പ്.. ചുണ്ടിലെ ചിരിയിലേക്ക് ആത്മ നിവൃതിയോടെ റോഷൻ നോക്കി ഇരുന്നു.മറ്റെല്ലാം മറന്നു കൊണ്ട്. "എങ്ങോട്ടാ പോവാനിറങ്ങിയത്.. ഞാൻ വന്നത് തടസ്സമായോ " Dhaya വീണ്ടും ചോദിച്ചു.. "ഏയ്... ഞാൻ വീട്ടിലോട്ട് തന്നെ ഇറങ്ങിയതാ.. കയറി വാ എന്റെ കൊട്ടാരത്തിലേക്ക് " റോഷനും ചിരിച്ചു കൊണ്ടാണ് പറഞ്ഞത്. അവൻ തിരിച്ചിറങ്ങി വാതിൽ തുറന്നു അവളെ നോക്കി. അവനൊപ്പം അവളും അകത്തേക്ക് കയറി. "ഇരിക്ക്.. ആദ്യമായി കെട്ടിയോന്റെ വീട്ടിൽ വന്നതല്ലേ.. നിലവിളക്ക് തരാനൊന്നും ഇവിടെ ആരുമില്ല കേട്ടോ. തത്കാലം ഒരു ഗ്ലാസ്‌ ചായ ഞാൻ ഉണ്ടാക്കി തരാം.. അത് വെച്ചു അഡ്ജസ്റ്റ് ചെയ്‌തോ " കണ്ണിറുക്കി കൊണ്ട് റോഷൻ പറഞ്ഞപ്പോൾ... ദയ പൊട്ടിച്ചിരിച്ചു പോയി.. അവളുടെ ചിരിയിലേക്ക് നോക്കി അവനും ഇരുന്നു.. "ഞാൻ... ഞാൻ നാളെ പോകുവാ റോഷൻ.. അറിഞ്ഞില്ലേ " ഇടയ്ക്കു എപ്പഴോ ദയ പറയുമ്പോൾ റോഷൻ പൊള്ളിയത് പോലെ അവന്റെ നേരെ നോക്കി.. അവൻ തലയാട്ടി.. "എല്ലാവരോടും യാത്ര പറഞ്ഞു..

നിന്നെ ഇന്നലെ മുതൽ കാത്തിരിക്കുന്നു.. എന്താ വീട്ടിൽ വരാതെ.. അമ്മയെ മറന്നു പോയോ പുന്നാര മോൻ " പാതി കളിയാക്കും പോലെ ദയ ചോദിച്ചു.. അവനൊന്നും മിണ്ടാൻ ആയില്ല.. മൗനം പടർന്നു കയറി രണ്ടാളിലും. ദയ പതിയെ എഴുന്നേറ്റു അവന്റെ അരികിൽ ചെന്നു നിന്നു.. "നാളെ പോയിട്ട് എന്ന് വരുമെന്ന് എനിക്കറിയില്ല.. എല്ലാം മറക്കാൻ ഒന്ന് മാറി നിൽക്കുന്നത് നല്ലതല്ലേ..' കണ്ണിലേക്കു നോക്കി അവൾ ചോദിച്ചപ്പോൾ റോഷൻ അറിയാതെ തലയാട്ടി.. "എല്ലാവരോടും യാത്ര പറഞ്ഞു പോകാം.. പക്ഷേ നിന്നോട്... നിന്നോട് ഞാൻ എന്താണ് പറയേണ്ടത് എന്നറിയില്ല.. ജീവനും ജീവിതവും എന്റെ കുടുംബവും നീയാണ് എനിക്ക് തിരിച്ചു തന്നത്.." അവളുടെ വാക്കുകൾ കേട്ടപ്പോൾ അവന് വീർപ്പു മുട്ടി.. ദയ ചുരുട്ടി പിടിച്ച കൈകൾ അവന്റെ നേർ നീട്ടി.. ആ കൈയ്യിൽ അവൻ കെട്ടി കൊടുത്ത മിന്ന്.. "തിരിച്ചേൽപ്പിക്കാതെ ഞാൻ എങ്ങനെ മടങ്ങും " പതിയെ അവൾ പറയുമ്പോൾ അവൻ ശ്വാസം എടുക്കാൻ കൂടി മറന്നു. ഹൃദയം പിടയുന്നു. ചുണ്ടിലെ വിളറിയ ചിരിയോടെ അവൻ അതെടുക്കാൻ കൈ നീട്ടി.. അതേ നിമിഷം അവളത് ചുരുട്ടി പിടിച്ചു.. "എനിക്ക്... എനിക്കിത് തന്നേക്കുവോ.. "

മുഖം നിറയെ സ്നേഹത്തോടെ അവളുടെ ചോദ്യം.. കേട്ടത് സത്യം തന്നെയോ എന്നറിയാതെ റോഷൻ അവളെ പകച്ചു നോക്കി.. "കണ്ടതും അറിഞ്ഞതും ഒന്നും അല്ല സ്നേഹം എന്ന് നീയാണ് പഠിപ്പിച്ചത്.. എന്നെ ഉള്ള് നിറയെ കൊണ്ട് നടക്കുന്നവനെ കാണാനുള്ള കണ്ണുണ്ടായില്ല.. നിന്നെ പോലെ സ്നേഹിക്കാൻ എനിക്ക്... എനിക്ക് പറ്റുമോ എന്നും അറിയില്ല.. പക്ഷേ... പക്ഷേ ഇനിയും നിന്റെ സ്നേഹം തിരിച്ചറിയാൻ കഴിഞ്ഞില്ലങ്കിൽ... ഞാൻ ഒരു മനുഷ്യൻ അല്ലാതായി പോകും റോഷൻ " ദയ കരഞ്ഞു പോയിരുന്നു.. അവളെ ഒന്ന് ചേർത്ത് പിടിക്കാൻ കൂടി ആവാതില്ലാത്ത പോലെ അവനും.. ചവരിലേക്ക് ചാരി കണ്ണടച്ച് നിന്നു. എന്നിട്ടും കണ്ണുനീർ കവിളിലേക്ക് ചാടി ഇറങ്ങി. "എത്ര തന്നെ ദേഷ്യം കാണിച്ചാലും... വഴക്കിനു വന്നാലും എന്റെ പെണ്ണല്ലേ എന്നുള്ളത് മനസ്സിൽ വെച്ചിട്ട്... ഒരിക്കലും മടുപ്പില്ലാതെ എന്നെ സ്നേഹിക്കാൻ നിനക്കല്ലാതെ മാറ്റാർക്കാ റോഷൻ കഴിയുന്നത്... "

കണ്ണ് നിറച്ചു പറയുന്നവളെ വിങ്ങലോടെ നോക്കുമ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു.. സന്തോഷം കൊണ്ട്.. "മറ്റൊരാൾക്ക്‌ മനസ്സ് കൊടുത്തു എന്ന കുറ്റം ഞാൻ ചെയ്തിട്ടുണ്ട്.. അതൊഴിവാക്കി എന്നെ സ്നേഹിക്കാൻ നിനക്കിപ്പഴും കഴിയുമെങ്കിൽ... എനിക്ക് വേണം... നിന്റെ സ്നേഹം മുഴുവനും.. എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ നിധിയാണത്..നിന്നെ കളഞ്ഞിട്ട് പോവാൻ എനിക്ക് കഴിയില്ല റോഷൻ... ഞാൻ... ഞാൻ നിന്നെ സ്നേഹിക്കുന്നു..." ദയ ചിരിച്ചു കൊണ്ട് പറയുമ്പോൾ റോഷൻ കണ്ണിമ വെട്ടാതെ അവളെ നോക്കി... "വെറുത്തു തുടങ്ങിയ ജീവിതത്തെ നമ്മൾ സ്നേഹിച്ചു തുടങ്ങുന്നത് സ്നേഹിക്കാൻ ഒരാൾ ഉണ്ടാവുമ്പോൾ ആണ്..അതും നമ്മളെ ഭ്രാന്തമായി സ്നേഹിക്കുന്നവർ ആണെങ്കിൽ ജീവിതത്തെ നമ്മളും പ്രണയിച്ചു പോകും.." ഞാൻ.... ഞാൻ ഇപ്പൊ നിന്നെ ആഗ്രഹിക്കുന്നു റോഷൻ... സ്നേഹിക്കുന്നു " അവൻ എന്തെങ്കിലും പറയും മുന്നേ ദയ അവനെ ഇറുക്കി കെട്ടിപിടിച്ചു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story