കൂട്ട് 💕💕💕: ഭാഗം 22

Koott

രചന: ജിഫ്‌ന നിസാർ

റോഷന്റെ തോളിൽ തല ചേർത്തിരിക്കുമ്പോൾ... കഴിഞ്ഞു പോയതെല്ലാം ദയ വെറുതെ ഓർത്തു നോക്കി.. എന്തെല്ലാം അനുഭവങ്ങൾ... സങ്കടങ്ങളായും സന്തോഷങ്ങളായും. ഒറ്റ ഒരാളിൽ മാത്രം ഒതുങ്ങി.. അവനിൽ മാത്രം സന്തോഷം ഉണ്ടെന്ന് വിശ്വസിച്ച വിഡ്ഢി.. വാശി പിടിച്ചു നേടി എടുത്തവൻ..... അവന് ഒരു മുഖമൂടി കൂടി ഉണ്ടായിരുന്നു.. ചതിയുടെ... ഇവിടൊരാൾ.... തിരിച്ചൊന്നും പ്രതീക്ഷിക്കതെ മൗനമായി പ്രണയിച്ചു.. സ്വന്തമാക്കുന്നത് മാത്രം അല്ല പ്രണയമെന്നുപ്രവർത്തിച്ചു കാണിച്ചു.. അവൾ റോഷന്റെ മുഖത്തേക്ക് പാളി നോക്കി.. അവളെ തന്നെ നോക്കി ഇരിക്കുന്നു.. കണ്ടിട്ടും കണ്ടിട്ടും കൊതി തീരാത്ത പോലെ.. "തിരിച്ചു പോവണ്ടേ.." ഇടയ്ക്കു എപ്പഴോ അവൻ ചോദിച്ചു.. അവൾ വെറുതെ മൂളി.. "വീട്ടിൽ അറിയാവോ.. ഇങ്ങോട്ടാ പോന്നതെന്ന് " റോഷൻ ചോദിച്ചു "ഇല്ല.. ഞാൻ പറഞ്ഞിട്ടില്ല " ദയ മറുപടി പറഞ്ഞു.. ഡാ.... പുറത്ത് നിന്നും സനലിന്റെ ശബ്ദം.. റോഷനെ ഒന്ന് നോക്കിയിട്ട് ദയ എഴുന്നേറ്റു.. അവനും..

അകത്തേക്ക് കയറി വന്ന സനലും ജിബിയും അവരെ രണ്ടാളെയും ഒരുമിച്ചു കണ്ടപ്പോൾ ഞെട്ടി പോയി.. റോഷനും ദയയും പരസ്പരം നോക്കി.. ചിരിച്ചു.. "ഇതെന്താണ് ഇവിടെ പരിപാടി " ജിബി കൂർപ്പിച്ചു നോക്കി.. "അതെന്തിനാ നി അറിയുന്നത് " റോഷൻ തിരിച്ചു ചോദിച്ചു.. സനൽ ചിരിച്ചു കൊണ്ട് നിൽക്കുന്നുണ്ട്. "ഓഹോ.. അങ്ങനെ ആയോ ഇപ്പൊ.. എന്റെ പൊന്ന് പെങ്ങളെ... എവിടെ വേണേലും പൊക്കോ.. പക്ഷേ പോകുമ്പോൾ ദോണ്ട്... ലവനേം കൊണ്ട് പോണന്ന് മാത്രം. ഇല്ലങ്കിൽ ഇവിടെ ഇരുന്നിട്ട് മോങ്ങി മനുഷ്യനെ വെറുതെ... ടെൻഷൻ ആക്കും ഈ തെണ്ടി " റോഷന്റെ നേരെ ചൂണ്ടി ജിബി പറയുമ്പോൾ ദയ റോഷനെ പാളി നോക്കി. അവനൊന്നു കണ്ണടച്ച് കാണിച്ചു.. പോടാ... റോഷൻ ജിബിയെ നോക്കി കണ്ണുരുട്ടി.. "നിനക്കീ ലോകത്തിലെ എന്തും എപ്പോഴും സ്വന്തമാക്കാൻ കഴിയും. പക്ഷേ... നിന്നെ സ്വന്തം പ്രാണനെ പോലെ സ്നേഹിക്കുന്ന ഇവനെ നീ വിട്ട് കളയല്ലേ.. അപേക്ഷയാണെന്ന് കൂട്ടിക്കോ "

സനൽ പറയുമ്പോൾ ദയ റോഷന്റെ കയ്യിൽ അമർത്തി പിടിച്ചു.. പിന്നെയും കുറച്ചു നേരം സംസാരിച്ചിരുന്നു അവർ.. തമ്മിൽ പാര പണിതും കളിയാക്കിയും ആ സുഹൃത്തുക്കൾ അവൾക്കൊരു അത്ഭുതം ആയിരുന്നു.. സൗഹൃദം എന്നതിനപ്പുറം അവർ തമ്മിലുള്ള ബന്ധം ഇനിയുമെങ്ങനെ വർണിക്കാൻ... "രണ്ടു പേരും ഒരിടത്തേക്കല്ലേ.. ഒരുമിച്ചു പൊയ്ക്കോടാ " പോവാൻ ഇറങ്ങിയ ദയയെയും റോഷനെയും നോക്കി സനൽ വിളിച്ചു പറഞ്ഞു.. രണ്ടും പരസ്പരം നോക്കി.. "വണ്ടി ഞങ്ങൾ എത്തിക്കാം പെങ്ങളെ ' ജിബി വിളിച്ചു പറഞ്ഞു.. ദയ ചിരിച്ചു കൊണ്ട് റോഷനെ നോക്കി.. പുറകിൽ കയറാൻ അവൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു.. അവന്റെ തോളിൽ പിടിച്ചിട്ട് ദയ കയറി ഇരുന്നു... സന്തോഷം കൊണ്ട് അവരുടെ മുഖം തിളങ്ങുന്നുണ്ട്‌ അപ്പോഴും... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 കയറി ചെല്ലുമ്പോൾ എല്ലാവരും ഹാളിൽ ഉണ്ടായിരുന്നു.. റോഷൻ ആണ് ആദ്യം ചെന്നത്.. അവനെ കണ്ടപ്പോൾ എല്ലാവരും സന്തോഷത്തോടെ ചിരിച്ചു..

അങ്കിൾ.... എവിടെ ആയിരുന്നു.. ആലി മോളാണ് ആദ്യം വന്നവന്റെ കയ്യിൽ തൂങ്ങിയത്.. പിറകെ മറ്റുള്ളവരും. റോഷൻ അവർക്കരികിൽ മുട്ട് കുത്തി ഇരുന്നു.. ആദം അവന്റെ കഴുത്തിൽ തൂങ്ങി പിടിച്ചു.. അവനെ പിടിച്ചു കൊണ്ട് തന്നെ റോഷൻ എഴുന്നേറ്റു.. "എല്ലാരും ഉണ്ടല്ലോ.. എന്താണ് വിശേഷം " റോഷൻ അന്നമ്മച്ചിയെ നോക്കി... "വിശേഷം നിനക്കറിയില്ലേ റോഷൻ... നാളെ ഇവൾ പോകുവല്ലേ " സജി ദയയെ ചൂണ്ടി കൊണ്ട് പറഞ്ഞു.. റോഷന്റെ മുഖം വാടി.. അവൻ ദയയെ നോക്കി.. "നിനക്കിവളെ എവിടുന്നു കിട്ടി റോഷൂ.. നേരം ഒത്തിരി ആയല്ലോ ഇവിടെ നിന്നും പോയിട്ട് " റോഷൻ പതിയെ ആദാമിനെ താഴെ ഇറക്കി.. "വീട്ടിൽ വന്നിരുന്നു " നിവർന്നു നിന്ന് കൊണ്ട് പതിയെ പറഞ്ഞു അവൻ. "ഓ യാത്ര പറയാൻ ആവും... അല്ലേ ദയൂസ്.." അനു ചോദിച്ചപ്പോൾ ദയ റോഷന്റെ നേരെ നോക്കി.. കണ്ണുകൾ തമ്മിൽ ഇടഞ്ഞു.. "ഇതെന്താണ്... രണ്ടാളും ഒന്നും മിണ്ടാതെ.. എന്ത് പറ്റി " സിബി എഴുന്നേറ്റു വന്നിട്ട് ദയയുടെ കുനിഞ്ഞു പോയ മുഖം വലിച്ചുയർത്തി കൊണ്ട് ചോദിച്ചു..

അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.. "എന്താ ഡാ " സിബി ആധിയോടെ ചോദിച്ചു.. റോഷൻ കൈകൾ പോക്കറ്റിൽ തിരുകി മറ്റങ്ങോ നോക്കി നിൽക്കുന്നു.. "നിനക്ക് ഇവനെ വിട്ടിട്ട് നാളെ പോവണ്ട... അല്ല്യോ മോളെ.." അന്നമ്മച്ചി എഴുന്നേറ്റു വന്നു കൊണ്ട് ദയയുടെ മുന്നിൽ വന്നു നിന്നിട്ട് ചോദിച്ചു.. ദയ നിറഞ്ഞ കണ്ണോടെ അവരെ നോക്കി.. ശേഷം ആ കണ്ണുകൾ റോഷനിൽ തറച്ചു.. "നിനക്കിവനെ വിട്ടിട്ട് പോവാൻ വയ്യ അല്ലേ.. അതല്ലേ ഇപ്പൊ നിന്റെ സങ്കടം.." അന്നമ്മച്ചി റോഷന്റെ നേരെ നോക്കി വീണ്ടും ദയയോട് ചോദിച്ചു.. മുഖം കുനിച്ചിട്ട് അവൾ തലയാട്ടി കാണിച്ചു.. "പോവണം എന്ന് പറഞ്ഞത് നീയാണ് മോളെ... നിന്റെ സന്തോഷം മാത്രം കരുതിയാണ് ഞങ്ങൾ അത് സമ്മതിച്ചു തന്നത്... ഇനി പോവണ്ട എന്നതാ നിന്റെ സന്തോഷം എങ്കിൽ... അതും അതേ മനസ്സോടെ ഞങ്ങൾ അംഗീകരിച്ചു തരും " അന്നമ്മച്ചി അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.. റോഷൻ ഒന്നും മിണ്ടാതെ നിൽക്കുന്നുണ്ട്‌.. "സ്നേഹത്തിന് അങ്ങനൊരു ശക്തി ഉണ്ട്..

അത്ര പെട്ടന്നൊന്നും ഉപേക്ഷിച്ചു പോവാൻ കഴിയില്ല നമ്മൾക്ക്..." അന്നമ്മച്ചി റോഷന്റെ കയ്യിൽ പിടിച്ചു... അല്ല്യോടാ " അവരുടെ ചോദ്യം കേട്ടപ്പോൾ അവനൊന്നു ചിരിച്ചു.. "എന്റെ റോഷൂ ഹൃദയം കൊണ്ടാണ് സ്നേഹം പങ്ക് വെക്കുന്നത്.. അവന്റെ സ്നേഹത്തിന് നേരെ ആർക്കും പെട്ടന്നൊന്നും കണ്ണടക്കാൻ ആവില്ല മോളെ.. എനിക്കറിയാമായിരുന്നു... നിനക്കിവനെ ഇട്ടിട്ടു ഒന്നിനും വേണ്ടി പോവാൻ ആവില്ലന്ന് " റോഷനെ നോക്കിയാണ് അവർ പറയുന്നത്. "എല്ലാവരിലും ഒരു ചിരിയുണ്ട്.. ദയ സിബിയുടെ തോളിൽ ചാഞ്ഞു കിടന്നു കൊണ്ട് റോഷനെ നോക്കി.. കൈകൾ കൊണ്ട് അവൻ അന്നമ്മച്ചിയെ വലിച്ചാടുപ്പിച്ചിട്ട് ആ നെറ്റിയിൽ അമർത്തി ഒരു ഉമ്മ കൊടുത്തു.. അതിലവൻ ഒരുപാട് നന്ദി ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.. "കണ്ണുകൾ കൊണ്ട് കാണുന്നതിന് പകരം ഹൃദയം കൊണ്ട് കാണുമ്പോൾ ഭംഗി ഇല്ലാത്തതായി ഈ ലോകത്ത് എന്താണ് ഉള്ളത്... എന്റെ മോന്റെ മനസ്സ് അത്രമാത്രം പവിത്രമാണ്.." അന്നമ്മച്ചിക്ക് തൊണ്ട ഇടറുന്നുണ്ട്..

"ഇനി മതിയമ്മേ.. എങ്ങോട്ടാ എന്നെ ഈ പൊക്കി കൊണ്ട് പോണേ " റോഷൻ ചിരിച്ചു കൊണ്ട് ചോദിച്ചു.. "അമ്മ പറഞ്ഞത് ശെരിയാണ് അളിയാ. നിന്നെ ഒരിക്കൽ അറിഞ്ഞവർ ആരും മറന്നു പോവില്ല.. അതിന് വേണ്ടുന്ന എന്തോ ഒന്ന് കാണുന്നവരുടെ ഹൃദയത്തിലേക്ക് നീ ആഴ്ത്തി വെക്കുന്നുണ്ട്... പറിച്ചെറിയാൻ ആവാത്ത പോലെ " സജി അവന്റെ തോളിൽ തട്ടി പറഞ്ഞു.. "ചേർന്ന് നടക്കാൻ ആളുണ്ടല്ലോ എന്ന് സമാധാനിച്ചിട്ട് കാര്യം ഇല്ല. ചേർന്ന് പോകാനുള്ള മനസ്സ് കൂടി വേണം..അല്ലങ്കിൽ എത്ര ചേർത്ത് പിടിച്ചാലും ഒറ്റ പെട്ട പോലെയാവും.. " സജി പറയുമ്പോൾ ആ വാക്കുകൾക്കുള്ളിൽ മറച്ചു പിടിച്ച നന്ദി റോഷൻ കണ്ടിരുന്നു.. "അതിന് മാത്രം ഞാൻ ഒന്നും ചെയ്തിട്ടില്ല ഇവിടെ.. ഒരിത്തിരി സ്നേഹം നൽകിയപ്പോൾ... അതിന്റെ ഒരായിരം ഇരട്ടി എന്നിലേക്ക് തിരിച്ചൊഴുക്കി തന്നവരാ നിങ്ങൾ.. തെരുവ് തെമ്മാടിത്തരം കാണിക്കുന്ന റോഷൻ ഇത് ആഗ്രഹിക്കുന്നത് തന്നെ തെറ്റല്ലായിരുന്നോ.. നന്ദി പറയേണ്ടത് ഞാൻ അല്ലേ...

അത്രയും പരിഗണന തരുന്നില്ലേ... സ്വന്തം പോലെ കാണുന്നില്ലേ..." അവന്റെ സ്വരം നനഞ്ഞു പോയിരുന്നു.. അന്നമ്മച്ചി പിടച്ചിലോടെ അവന്റെ നേരെ നോക്കി.. "സങ്കടങ്ങൾ ഉണ്ടാവണം ജീവിതത്തിൽ.. എങ്കിലേ സന്തോഷങ്ങൾ ആസ്വദിക്കാൻ കഴിയൂ.. എന്നോ എന്റെ ഉള്ളിലേക്ക് വേരിറക്കിയ എന്റെ ഇഷ്ടം... അവളെ എന്റേത് ആക്കാൻ പറ്റിയില്ലേലും... അവളെ സന്തോഷത്തോടെ കാണാൻ ഞാൻ എന്നും ആഗ്രഹിക്കുന്നു... അവിടെ ഞാൻ തന്നെ അല്ലേ ജയിക്കുന്നത് " ദയയെ നോക്കി അവൻ പറയുമ്പോൾ... ആ കണ്ണിൽ സ്നേഹം നിറഞ്ഞു.. "ഇഷ്ടമല്ലെന്ന് അവൾ എന്നോട് പറഞ്ഞിട്ടുണ്ട്... അപ്പോഴും എനിക്കിഷ്ടമാണല്ലോ എന്നാ ഞാൻ ഓർത്തത്.. അങ്ങനെ ആവാനെ എനിക്ക് കഴിയൂ " റോഷൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. ദയയുടെ തല താഴ്ന്നു പോയി.. റോഷൻ അവളുടെ അരികിൽ പോയി നിന്നു. "അടഞ്ഞ അധ്യായങ്ങൾ വീണ്ടും തുറക്കാതിരിക്കുക.. അത് നമ്മളെ വീണ്ടും, സങ്കടപെടുത്തും.നമ്മുക്കുള്ളതൊന്നും നമ്മളെ വിട്ട് പോവൂല..

നമ്മളെ വിട്ട് പോയതൊന്നും നമ്മുക്കുള്ളതുമല്ല..." റോഷൻ അവളുടെ തോളിൽ ചേർത്ത് പിടിച്ചു പറഞ്ഞു.. "എനിക്ക് വേണ്ടി ഒരിക്കലും നിന്റെ സ്വപ്നങ്ങൾ പാതിയിൽ ഉപേക്ഷിച്ചു കളയരുത്... ഒരായുസ്സ് മുഴുവനും യാതൊരു പരാതിയും ഇല്ലാതെ നിന്നെ ഞാൻ കാത്തിരിക്കും ദയ " റോഷൻ പറയുമ്പോൾ അന്നമ്മച്ചി കണ്ണുകൾ തുടച്ചു.. ദേവസ്യയുടെ പോലും കണ്ണ് നിറഞ്ഞു പോയിരുന്നു.. പറയുന്ന വാക്കുകളിലെ ആത്മാർത്ഥതയാണ് വിശ്വസത്തിന്റെ അടിത്തറ.. അവനിൽ അതുണ്ട്.. ഓരോ മനുഷ്യനും വേണ്ടത് കാരണങ്ങൾ ആണ്.. മിണ്ടാൻ ആയാലും മിണ്ടാതിരിക്കാൻ ആയാലും.. ഇവിടെ ഒരുവൻ... കാരണങ്ങൾ ഏതും ഇല്ലാതെ സ്നേഹിക്കാൻ കൊതിക്കുന്നു.. ആവിശ്യങ്ങൾക്ക് മാത്രം ബന്ധങ്ങൾ ഓർക്കുന്നവർക്കിടയിൽ നിന്നും ബന്ധം കൂടാൻ ഒരാവിശ്വവും വേണ്ടന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു.. ഒറ്റപെട്ടു പോയിട്ടുണ്ടാവും അവൻ പലപ്പോഴും.. ഒന്നിനും കൊള്ളാത്തവൻ എന്നവൻ ഒളിഞ്ഞും തെളിഞ്ഞും കേട്ടിരിക്കാം..

അപ്പോൾ ഒക്കെയും കൂടുതൽ ആവേശത്തിൽ സ്നേഹിച്ചു കൊണ്ടേയിരുന്നവൻ... മനുഷ്യനും പുസ്തകവും ഒരുപോലെ ആണെന്ന് പറയുന്നത് എത്ര നേരാണ്.. പുറം കാഴ്ചകൾ പോലെ ആയിരിക്കില്ല... ഉള്ളടക്കം.. "അപ്പൊ ഇനിയെങ്ങനെ... നീ പോകുന്നുണ്ടോ മോളെ " ദേവസ്യ ദയയോട് ചോദിച്ചു.. അവൾ വീണ്ടും റോഷന്റെ നേരെ നോക്കി.. "പോവും... പക്ഷേ ഇപ്പഴല്ല " അവന്റെ കണ്ണിലേക്കു നോക്കി അവളതു പറയുമ്പോൾ... ഏറെ തിളക്കം ഉണ്ടായിരുന്നു അവക്കെല്ലാം.. ❤❤❤❤❤❤❤❤❤❤❤❤❤❤ കാറിന്റെ ഡോർ തുറന്നു റോഷൻ ഓടുകയായിരുന്നു.. പിറകിൽ തന്നെ ജിബിയും സനലും.. ദൂരെ നിന്നും തന്നെ അവൻ കണ്ടിരുന്നു... തലയിലൊരു കെട്ടുമായി അക്ബർ ഇരിക്കുന്നത്.. ആ മടിയിൽ വാടി കുഴഞ്ഞെന്ന പോലെ കുഞ്ഞോളും.. മോനെ... അവനെ കണ്ടപ്പോൾ തന്നെ അക്ബർ കരഞ്ഞു പോയിരുന്നു.. ന്റെ കുട്ടി... I C U വിന്റെ നേരെ ചൂണ്ടി അയാൾ വിറച്ചു.. കുഞ്ഞോളുടെ തളർന്ന കണ്ണുകൾ..നെറ്റിയിൽ ചുവന്നു കിടക്കുന്ന പാടിലേക്ക് നോക്കുമ്പോൾ റോഷന് ദേഷ്യം കൊണ്ട് വിറച്ചു..

റോഷൻ രണ്ടാളെയും ചേർത്ത് പിടിച്ചു.. "ഒന്നുല്ല... ഒന്നുല്ല... കരയാതെ " അവൻ അയാളുടെ പുറത്ത് തട്ടി കൊടുത്തു കൊണ്ട് പറഞ്ഞു.. "ഡോക്ടർ... ഡോക്ടറെ കണ്ടില്ലേ " റോഷൻ ചോദിച്ചപ്പോൾ അക്ബറിക്ക തലയാട്ടി.. "അവര് ചോദിച്ചിട്ട് ഒന്നും പറയുന്നില്ല മോനെ.. എനിക്കെന്തോ... വല്ലാത്ത പേടി.." റോഷൻ കുഞ്ഞോളുടെ നേരെ നോക്കി.. ഒന്ന് കരയാൻ പോലും ആവാതില്ലാത്ത പോലെ ആ കുരുന്നിന്റെ ഇരുത്തം.. അവന്റെ ഉള്ള് പൊള്ളി.. അവൻ കൈ നീട്ടി ആ കുഞ്ഞു തലയിൽ തലോടി.. "ഉമ്മ..." അത് മാത്രം പറഞ്ഞു കൊണ്ട് അവന്റെ നേരെ ഒന്ന് നോക്കിയിട്ട് അവൾ ICU വിന്റെ നേരെ ചൂണ്ടി.. "മോളുടെ ഉമ്മ ഇപ്പൊ വരും ട്ടോ.." റോഷൻ അവളെ വാരി എടുത്തു.. ജിബിയും സനലും ചുവരിൽ ചാരിയിട്ട് എല്ലാം കാണുന്നുണ്ട്.. രാവിലെ ഷാ വന്നെന്ന് അക്ബറിക്ക വിറച്ചു കൊണ്ട് വിളിക്കുമ്പോൾ... ആ നിമിഷം തന്നെ ഓടി പോന്നിരുന്നു.. പക്ഷേ വീട്ടിൽ എത്തുന്നതിനു മുന്നേ വീണ്ടും അയാൾ വിളിച്ചു...

ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞു കൊണ്ട്.. ഷായുടെ വിളയാട്ടം... അതാണ്‌ കാരണം പറഞ്ഞത്.. റോഷന്റെ പല്ലുകൾ ഞെരിഞ്ഞമർന്നു.. "ഫാത്തിമയുടെ കൂടെ ഉള്ളവരെ ഡോക്ടർ വിളിക്കുന്നു " വാതിൽക്കൽ നിന്ന് കൊണ്ടൊരു നഴ്സ് പറയുമ്പോൾ അക്ബറിക്ക പിടഞ്ഞു കൊണ്ട് എഴുന്നേറ്റു...റോഷന്റെ നേരെ നോക്കി. കുഞ്ഞോളെ ജിബി കൈ നീട്ടി വാങ്ങി.. തളർന്നെന്ന പോലെ അവൾ അവന്റെ തോളിൽ ചാഞ്ഞു കിടന്നു.. വാ... റോഷൻ അക്ബർക്കയെ പിടിച്ചു കൊണ്ട് നടന്നു.. അയാൾ വേച്ചു പോകുന്നു.. ഡോർ തുറന്നപ്പോൾ ഡോക്ടർ അവരെ നോക്കി ചിരിച്ചു.. ഇരിക്കൂ... മുന്നിലെ കസേര ചൂണ്ടി ഡോക്ടർ പറഞ്ഞപ്പോൾ റോഷനും അക്ബറിക്കയും ഇരുന്നു.. രണ്ടാളുടെയും ഹൃദയമിടിപ്പ് പുറത്ത് കേൾക്കും പോലെ ഉച്ചത്തിൽ ആയിരുന്നു. "ഫാത്തിമയുടെ ആരാണ് " വീണ്ടും ചോദ്യം.. "ഞാൻ ഓളുടെ ഉപ്പയാണ് " അക്ബറിക്ക പതിയെ പറഞ്ഞു.. "ഞാൻ ഏട്ടനാണ് " റോഷൻ പറയുമ്പോൾ.... കരച്ചിൽ ചങ്കിൽ ഒളിപ്പിച്ചു ചിരിക്കുന്ന ഫാത്തിമയുടെ മുഖം അവന്റെ കണ്മുന്നിൽ തെളിഞ്ഞു..

"കഷ്ടം... ഇത് പോലൊരു ഉപ്പയും ഏട്ടനും ഉണ്ടായിട്ടാണോ ആ കുട്ടിയെ ഇങ്ങനെ കൊല്ലാ കൊല ചെയ്യാൻ വിട്ട് കൊടുത്തത്. ഒരു ഗർഭിണി ആണെന്നത് പോട്ടെ... ഒരു മനുഷ്യൻ ആണെന്ന് കൂടി മറന്നു പോയത് പോലെ " ഡോക്ടർ ദേഷ്യത്തോടെ പറയുമ്പോൾ... റോഷൻ കണ്ണുകൾ ഇറുക്കി അടച്ചിട് കൈകൾ ചുരുട്ടി പിടിച്ചു.. "ഇരുപതു വയസ്സാണ് അവളുടെ പ്രായം... അവളുടെ ദേഹം മൊത്തം ക്രൂരതയുടെ അടയാളം ഉണ്ട്... കണ്ടിട്ട് തന്നെ എനിക്കത്ര വേദനിക്കുന്നു എങ്കിൽ... അവളെത്ര വേദന സഹിച്ചു കാണും.." സ്വന്തം മക്കളെ എന്തിന് ഇങ്ങനെ മറ്റൊരാൾക്ക്‌ രസിക്കാൻ വിട്ട് കൊടുക്കുന്നു.. എല്ലാം സഹിക്കാൻ പറഞ്ഞു പഠിപ്പിച്ചു കൊടുത്തു പറഞ്ഞു വിടുമ്പോൾ... പറ്റില്ലെങ്കിൽ നീ ഇങ്ങോട്ട് പോരെ... ഇവിടെ ഉള്ളവർ എന്നും നിന്റെ സ്വന്തം ആണെന്ന് പറയാൻ മടിക്കുന്നത് എന്തിനാ.. അത് കൊണ്ടല്ലേ.. പലരും.. പലപ്പോഴും ആർക്കും ബാധ്യതയാവാതെ മരണം തിരഞ്ഞെടുക്കുന്നത്.. അപ്പോൾ കിടന്നു നിലവിളിച്ചു കരഞ്ഞിട്ട് എന്താ കാര്യം..ഇതിപ്പോൾ ആ പെൺകുട്ടി എത്ര പ്രാവശ്യം മരണം കൊതിച്ചു കാണും.." ഡോക്ടർ വീണ്ടും പറയുമ്പോൾ അക്ബറിക്ക കരച്ചിൽ അമർത്താൻ പാട് പെട്ടു.. അത് കണ്ടപ്പോൾ ഡോക്ടർ ഒന്ന് തണുത്തു..

"എനിക്കും ഉണ്ടൊരു മകൾ... ഞാൻ അവളെ ഓർത്തു പോയി " നെറ്റിയിൽ തടവി ഡോക്ടർ പറഞ്ഞു.. "അവൾക്കിപ്പോ... എങ്ങനെ ഉണ്ട് " റോഷൻ ഡോക്ടറെ നോക്കി.. "ഷി.... ഈസ്‌ ഫൈൻ... പക്ഷേ... അവളുടെ ഉള്ളിൽ ഉണ്ടായിരുന്ന ജീവൻ... അത് രക്ഷിക്കാൻ ആയില്ല.. ഇവിടെ കൊണ്ട് വരുമ്പോൾ തന്നെ നല്ല ബ്ലീഡിങ് ഉണ്ടായിരുന്നു.." ഡോക്ടർ പറയുമ്പോൾ... അക്ബറിക്ക കൈകൾ കൈകൾ മേലോട്ടുയർത്തി.. ആ ചുണ്ടിൽ.. പ്രാർത്ഥന മന്ത്രം മൊഴിഞ്ഞു.. "ഒരു ജീവൻ പോയെന്ന് കേൾക്കുമ്പോൾ സന്തോഷം തോന്നാൻ പാടില്ല.. പക്ഷേ... എനിക്കിപ്പോ ഒരുപാട് സന്തോഷം തോന്നുന്നു.. ആ ചെകുത്താന്റെ കുഞ്ഞിന് വേണ്ടി ഇനിയും എന്റെ കുട്ടി വേദന സഹിക്കണ്ടല്ലോ..." അക്ബറിക്ക പറയുമ്പോൾ റോഷൻ അയാളുടെ കയ്യിൽ അമർത്തി പിടിച്ചു.. "കണ്മുന്നിൽ ഇങ്ങനൊരു അനീതിക്കെതിരെ കണ്ണടക്കാൻ എനിക്കാവില്ല... ഞാൻ ഇത് പോലീസിൽ റിപ്പോർട്ട് ചെയ്യും " ഷീറ്റിലെക്ക്‌ എന്തോ എഴുതി കൊണ്ട് ഡോക്ടർ പറയുമ്പോൾ... റോഷൻ അയാളെ നോക്കി.. "അത് വേണ്ട... ഒരു പോലീസിനും അവനെ ഞാൻ വിട്ട് കൊടുക്കില്ല...

അതിൽ നിന്നെല്ലാം അവൻ ഊരി പോരും ഡോക്ടർ. അല്ലങ്കിൽ നമ്മുടെ പണം കൊണ്ട് തന്നെ ജയിലിൽ അവൻ തിന്ന് കൊഴുത്തിട്ട്... ഇനിയും ഇനിയും ക്രൂരതകൾ നടത്താൻ പ്ലാൻ ചെയ്യും... അത് വേണ്ട... അവന് വേണ്ടുന്ന ശിക്ഷ.. അതീ റോഷന്റെ കൈകൊണ്ടു കൊടുക്കണം... അതിപ്പോ ഞാൻ എന്ന ഭർത്താവിന്റെയും ഏട്ടന്റെയും കടമയാണ് എന്ന് കൂട്ടിക്കോ... ഡോക്ടർ ദയവായി ഞാൻ പറയുന്നത് കേൾക്കണം... പ്ലീസ് " റോഷൻ പറയുമ്പോൾ അവന്റെ ചുവന്നു കലങ്ങിയ കണ്ണിലേക്കു ഡോക്ടർ നോക്കി. "ഒരിക്കൽ അവനെന്റെ കയ്യിൽ നിന്നും വഴുതി പോയതാണ്..ഇനിയും അങ്ങനെ ഉണ്ടാവില്ല.. ഒരു ഉറപ്പ് ഞാൻ തരാം... അവൻ കാരണം ഇനി ഒരു പെണ്ണും കരയേണ്ടി വരില്ല..." കൈകൾ ചുരുട്ടി പിടിച്ചു കൊണ്ട് റോഷൻ പറയുമ്പോൾ.. ഡോക്ടർ പതിയെ ചിരിച്ചു.. "ശെരി.. ഞാൻ നിന്റെ കൂടെ നിൽക്കുന്നു.. എനിക്കുമുണ്ട് ഒരു മകൾ... രണ്ടു പെങ്ങന്മാരുടെ ഏട്ടനാണ് ഞാൻ... എനിക്കിങ്ങനെ ചെയ്യാനേ കഴിയൂ..."

ഡോക്ടർ റോഷന്റെ കയ്യിൽ അമർത്തി പിടിച്ചു പറഞ്ഞു.. "ഇത് പോലെ ഉള്ളവരെ നേരിടാൻ എന്തിനാണ് പോലീസ്... അവർക്ക് നിയമം നോക്കണ്ടേ... മേലുയുദ്യോഗസ്ഥന്റെ അനുമതി വേണ്ടേ... രാഷ്ട്രീയകാരനെ ഓചാനിച്ചു നില്കണ്ടേ.. ആൺകുട്ടികൾക്ക് ഇതൊന്നും വേണ്ടല്ലോ.. ചങ്കിൽ അൽപ്പം ധൈര്യം ഉണ്ടങ്കിൽ... നേരിടാൻ മനസ്സുണ്ടങ്കിൽ... അത് കടമയാണ് എന്ന ബോദ്യം ഉണ്ടങ്കിൽ... അമ്മയെ ഓർമയുണ്ടങ്കിൽ.... ഈ ലോകത്ത് ഇനിയും ഇങ്ങനെയൊക്കെ നടന്നു കൂടാ... " റോഷനെ നോക്കി... ഡോക്ടർ പറയുമ്പോൾ... അയാൾ വെറുമൊരു പച്ചയായ മനുഷ്യൻ മാത്രമായിരുന്നു.. ഒരു അച്ഛൻ ആയിരുന്നു........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story