കൂട്ട് 💕💕💕: ഭാഗം 25

Koott

രചന: ജിഫ്‌ന നിസാർ

റോഷന്റെ വീടിന് മുന്നിൽ ചെന്ന് ബൈക്ക് നിർത്തുമ്പോൾ ദയ ചിരിയോടെ അവനെ നോക്കി.. അവനൊന്നു കണ്ണടച്ച് കാണിച്ചു കൊണ്ട് ബൈക്കിൽ നിന്നും ഇറങ്ങി.. ചാവി എടുത്തു പോക്കറ്റിൽ തിരുകി കൊണ്ട് വീടിന് നേരെ നടന്നു.. ചുണ്ടിൽ ഒരു മൂളി പാട്ടുണ്ട്.. ഒരു കൈ കൊണ്ട് മുടി ഇഴകൾ കോതി ഒതുക്കുന്നവനെ ദയ സ്നേഹത്തോടെ നോക്കി.. പെട്ടന്ന് അവളുടെ കാലുകൾ നിശ്ചലമായി.. ഉമ്മറത്തു വാതിൽ തുറന്നു കൊണ്ട് ചിരിച്ചു നിൽക്കുന്ന അക്ബറിക്ക. ദയ റോഷന്റെ നേരെ ഞെട്ടലോടെ നോക്കി.. അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി ഉണ്ടായിരുന്നു... "ഞെട്ടണ്ട ദയ... രണ്ടു ദിവസം ആയി ഇവര് ഇവിടെ എത്തിയിട്ട്.. നിനക്കൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി മിണ്ടാതെ നിന്നതാ ഞാൻ " അവളുടെ തോളിൽ ചേർത്ത് പിടിച്ചു കൊണ്ട് റോഷൻ പറഞ്ഞു. അവളുടെ മുഖം വിളറി പോയിരുന്നു.. വാ ദയ... റോഷൻ വീണ്ടും അവളെ പിടിച്ചു കൊണ്ട് അകത്തു കയറി..

"കുഞ്ഞോൾ എന്തിയെ അക്ബറിക്ക " കയറുന്നതിനിടെ റോഷൻ ചോദിച്ചു.. "ഓൾക് വയ്യ മോനെ.. നല്ല പനി ഉണ്ട്.. കിടക്കുവാ " അയാൾ വിഷമത്തോടെ പറഞ്ഞു.. "എന്നിട്ടെന്തേ എന്നെ വിളിക്കാഞ്ഞേ.. പറഞ്ഞു പോയതല്ലേ ഞാൻ.. എന്ത് ആവിശ്യം ഉണ്ടേലും വിളിക്കാൻ " റോഷൻ കടുപ്പത്തിൽ ചോദിച്ചു.. "ഈ കിട്ടുന്ന സൗഭാഗ്യം തന്നെ ഞങ്ങൾ അർഹിക്കുന്നുണ്ടോ ഏട്ടാ.. ഇനിയും ഇനിയും ഞങ്ങൾക്ക്‌ വേണ്ടി... എത്രയെന്നു വെച്ച.." കുഞ്ഞോളെ എടുത്തു തളർച്ചയോടെ ഫാത്തിമ പുറകിൽ നിന്നും പറയുമ്പോൾ റോഷൻ തിരിഞ്ഞു നോക്കി.. ദയയുടെ കണ്ണിൽ പിടച്ചിൽ ഉയർന്നു.. അവളുടെ കൈകൾ റോഷന്റെ കയ്യിൽ അമർന്നു.. "നീ ഇപ്പൊ എന്താണ് എന്നെ വിളിച്ചത്.." റോഷൻ മുഖം കടുപ്പിച്ചു ചോദിച്ചപ്പോൾ ഫാത്തിമ അവന്റെ നേരെ നോക്കി.. "ഏട്ടാ ന്ന് " അവൾ പതിയെ പറഞ്ഞു.. "അതേ.. ഏട്ടനാണ്.. അത് ഞാൻ നിനക്ക് തന്ന ഔദാര്യമല്ല ഫാത്തിമ.. നിനക്കുള്ള അവകാശം ആണ്.. പക്ഷേ നിങ്ങളുടെ മനസ്സിൽ ഇപ്പഴും ഞാൻ അന്യൻ തന്നെ യാണ് എന്നെനിക്കിപ്പോ മനസ്സിലായി " റോഷൻ മുഖം തിരിച്ചു പറഞ്ഞിട്ട് ഉമ്മറത്തെ തിണ്ണയിൽ പോയിരുന്നു..

"അങ്ങനെ പറയല്ലേ... ശരീരം നൊന്തു നീറിയപ്പോഴും നിറയാത്ത എന്റെ കണ്ണ് നിറഞ്ഞത് എന്റെ ഏട്ടന്റെ സ്നേഹം കണ്ടിട്ടാണ്.. ഒന്നും പകരം തരാൻ ഇല്ലാന്നറിഞ്ഞിട്ടും... ആരും അല്ലാഞ്ഞിട്ടും വിട്ട് കളയാതെ കൂടെ കൂട്ടിയില്ലേ.. സ്വന്തം ആയിട്ട് കാണാൻ അവകാശം തന്നില്ലേ.. ഇനിയും എന്തെങ്കിലും മോഹിക്കാൻ എനിക്കിപ്പോ പേടിയാ ഏട്ടാ.." ഫാത്തിമ പറയുമ്പോൾ റോഷൻ അവളെ അലിവോടെ നോക്കി..ഒടിഞ്ഞു തൂങ്ങി പോയിരുന്നു.. എങ്കിലും ആ കണ്ണിൽ തിളക്കം തന്നെ.. "ഏട്ടൻ കൂടെ ഉണ്ട്.. ഒന്നും പേടിക്കണ്ട " അവളുടെ തോളിൽ വാടി കിടപ്പുണ്ട് കുഞ്ഞോള്.. റോഷൻ എഴുന്നേറ്റു ചെന്നിട്ട് ആ നെറ്റിയിൽ തൊട്ട് നോക്കി.. "നല്ല പനിയുണ്ടല്ലോ... ഹോസ്പിറ്റലിൽ കൊണ്ട് പോവാം " റോഷൻ അവളെ വാരി എടുത്തു കൊണ്ട് പറഞ്ഞു.. അതേ നിമിഷം തന്നെ ജിബിയും സനലും വന്നിറങ്ങി മുറ്റത്തു.. "എന്താടാ... കുഞ്ഞിന് എന്ത് പറ്റി " ജിബി കയറി വന്ന പാടെ റോഷനോട് ചോദിച്ചു..

ഫാത്തിമയെ റൂമിലേക്ക് മാറ്റും വരെയും അന്ന് ഹോസ്പിറ്റലിൽ കുഞ്ഞോള് ജിബിയുടെ കയ്യിൽ ആയിരുന്നു.. അവനാണ് ഊട്ടിയത്... ഉറക്കിയതും എല്ലാം.. "പനി ആണെടാ " റോഷൻ പറയും മുന്നേ അവൻ അവളെ എടുത്തു.. 'നല്ല പനിയുണ്ട് റോഷാ.. ഹോസ്പിറ്റലിൽ പോവാം " "പെട്ടന്ന് റെഡിയായി വാ... കാറുണ്ട് " ഫാത്തിമയെ നോക്കി ജിബി പറഞ്ഞു.. അവൾ റോഷനെ നോക്കി.. അവനും പോവാൻ പറഞ്ഞപ്പോൾ അവൾ വേഗം പോയിട്ട് റെഡിയായി വന്നു.. ഞാൻ പോയിട്ട് വരാം " ദയയെ നോക്കി പറഞ്ഞിട്ട് റോഷൻ ഇറങ്ങി.. "വേണ്ട റോഷാ.. ഞാനും ഇവനും ഉണ്ടല്ലോ.. പിന്നെ ഇവരും.. നിങ്ങൾ ഇരിക്ക്.. ഞങ്ങൾ പോയിട്ട് വരാം " ജിബി റോഷനോട് പറഞ്ഞിട്ട് കുഞ്ഞോളെയും എടുത്തു കൊണ്ട് തന്നെ മുന്നിൽ പോയി കയറി.. ഫാത്തിമ എടുത്തോളാം എന്ന് പറഞ്ഞത് അവൻ മൈന്റ് ചെയ്തത് പോലും ഇല്ല.. സനൽ ആണ് ഡ്രൈവ് ചെയ്തത്.. അവർ പോയതും.. റോഷൻ തിരികെ കയറി പോയി.. ദയ അവര് പോയ വഴിയേ നോക്കി നിൽക്കുന്നുണ്ട്..

റോഷൻ അവളെ കൈ പിടിച്ചിട്ട് അടുത്തിരുത്തി... "ഒരുപാട് സംശയങ്ങൾ ഉണ്ടല്ലോ ഈ തലയിൽ.. ഓരോന്നയിട്ട് ചോദിക്ക്... നിനക്കറിയണ്ടേ അവർ എങ്ങനെ ഇവിടെ എത്തിയെന്നു " റോഷൻ ചോദിച്ചപ്പോൾ ദയ തലയാട്ടി.. അരികിൽ ഇരുത്തി... അവൻ പറഞ്ഞു കൊടുക്കുമ്പോൾ ആ ഉടൽ വിറക്കുന്നുണ്ട്‌.. കരച്ചിൽ അവൾ അമർത്തി വെക്കുന്നുണ്ട്.. അത് ഷായെ കുറിച്ചൊർത്തല്ല എന്ന് റോഷന് ഉറപ്പായിരുന്നു.. അവനെ സ്നേഹിച്ച അവളെ ഓർത്തിട്ടാണ് എന്നവന് അറിയാം.. ആ കൈ വിരലുകൾ നിവർത്തിയും മടക്കിയും... തഴുകി തലോടിയും നോവിന്റെ വലിയൊരു കഥ... തന്നെ നോവിക്കാതെ പറയാൻ ശ്രമിക്കുന്നവനെ ദയ പ്രണയത്തോടെ നോക്കി.. പ്രണയം എന്നാൽ എന്താണ് എന്നിപ്പോൾ അവൾക്ക് ശെരിക്കും അറിയാം.. "ഫാത്തിമ ആരാണ് എന്ന് ഇവിടെ ആർക്കും അറിയില്ല.. എന്റെ സുഹൃത്തിന്റെ പെങ്ങൾ എന്നാണ് ഞാനും പറഞ്ഞത്.. അതങ്ങനെ തന്നെ നിൽക്കട്ടെ.. അഹദ് ഷാ എന്നൊരു ചെറ്റയുടെ അഡ്രെസ്സ് അവർക്കിടയിൽ ഇനി വേണ്ട..

അതവരെ വേദനിപ്പിക്കും... ഇനിയും... ഒരായുസ്സ് മുഴുവനും ഉള്ളത് അനുഭവിച്ചു തീർന്നു ആ പാവം പെണ്ണ്.. അവൾ ഇനി ജീവിക്കട്ടെ.. ആരെയും പേടിക്കാതെ...അല്ലേ " ദയയെ നോക്കി റോഷൻ പതിയെ ചോദിച്ചു.. അവൾ ഒന്ന് മൂളി.. നേർത്ത തേങ്ങലോടെ... "ജന്മം കൊണ്ടല്ല.. കർമം കൊണ്ടാണ് ബന്ധം ഉണ്ടാവേണ്ടത്.. ഞാൻ അവൾക്ക് ഏട്ടൻ ആവുമ്പോൾ.. നിനക്ക് പറ്റില്ലേ... അവൾക്കൊരു നല്ല കൂട്ടുകാരിയും അനിയത്തിയും ഒക്കെ ആവാൻ... വെന്തു പോയൊരു മനസ്സുണ്ട് അവൾക്ക്... നീറി ജീവിക്കാൻ വിടാതെ നമ്മുക്കവളെ രക്ഷപെടുത്തി എടുത്താലോ.. മ്മ് " കണ്ണിലേക്കു നോക്കി റോഷൻ ചോദിച്ചു.. നിറഞ്ഞ കണ്ണോടെ തന്നെ ദയ തലയാട്ടി.. "ആരും ഇല്ലെന്ന തോന്നൽ തളർത്തി കളയും ദയ.. കൈ നീട്ടി തരാൻ ഒരാൾ... ഒരാൾ എങ്കിലും ഉണ്ടായ.. അത് മതി... മുറിവുകൾ മറന്നിട്ട് വീണ്ടും എഴുന്നേറ്റു ഓടാൻ... അവൾക്ക് മുന്നിലെ മുള്ളുകൾ... അത് നമ്മുക്ക് എടുത്തു മാറ്റി കൊടുക്കണം... നീ ഉണ്ടാവില്ലേ എന്റെ കൂടെ " മുഖത്തേക്ക് പാറി വീണ അവളുടെ മുടി ഇഴകൾ വിരൽ കൊണ്ട് മാടി നീക്കി

അവൻ ചോദിക്കുമ്പോൾ അവൾ അവന്റ നെഞ്ചിൽ വീണു പോയിരുന്നു.. റോഷൻ ചിരിച്ചു കൊണ്ട് തന്നെ അവളെ ചേർത്ത് പിടിച്ചു... എന്തിനെന്നറിയാതെ അവന്റെ കണ്ണുകളും നിറഞ്ഞു തൂവി... ഇത്തിരി നേരം അവരങ്ങനെ തന്നെ നിന്നു.. നെഞ്ചിൽ നിന്നും നോവിന്റെ അവസാനകണികയും അലിഞ്ഞു പോകുന്നത് ദയ അറിയുന്നുണ്ട്.. തനിക്കു വേണ്ടി തുടിക്കുന്ന... ആ നെഞ്ചിൽ കാതോർത് നിൽക്കുമ്പോൾ അവളിലും പ്രണയത്തിന്റെ മായാജാലം വാതിൽ തുറക്കുന്നുണ്ട്.. അന്നോളം അറിഞ്ഞത് പോലല്ല... ആത്മാവിനാഴങ്ങളിൽ അവൻ ഒളിപ്പിച്ചു പിടിച്ച ആ ജീവനോളം വിലപ്പെട്ട പ്രണയം.... ദയ മുഖം ഉയർത്തി അവനെ നോക്കി.. റോഷൻ അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു.. "ഇനിയും ഒരുപാട് കാത്തിരിക്കണോ ഞാൻ... ആദ്യത്തെ പോലെ അല്ല കേട്ടോ.. എന്റെ മനസ്സിന് ഇപ്പൊ തീരെ ബാലൻസ് കിട്ടുന്നില്ല.. ഈ കണ്ണിലെ പ്രണയം... എനിക്കിപ്പോ കണ്ടു നിൽക്കാൻ ആവുന്നില്ല " ചിരിച്ചു കൊണ്ട് തന്നെ റോഷൻ പറയുമ്പോൾ ദയയുടെ മുഖം ചുവന്നു പോയി..

അവൾ അവനിൽ നിന്നും കുതറി മാറി.. കൈകൾ മാറിൽ കെട്ടി റോഷനും കാണുന്നുണ്ട് ആ മുഖം നിറഞ്ഞ പ്രണയചുവപ്പ്.. "നിനക്ക് വീട് കാണണ്ടേ ദയ " റോഷൻ ചോദിച്ചപ്പോൾ ദയ തലയാട്ടി.. "എങ്കിൽ വാ " അവൻ പറഞ്ഞു.. 'ഞാൻ... ഞാൻ കണ്ടോളാം " ദയ തിടുക്കത്തിൽ പറഞ്ഞു കൊണ്ട് അകത്തേക്ക് ഓടുമ്പോൾ റോഷൻ ചിരിയോടെ നോക്കി നിന്നു... ചെറിയൊരു അടുക്കളയിൽ... അടുക്കി വെച്ചിരിക്കുന്നു. മൂന്നു മുറികളും... ഒരു ഹാളും.. നീളൻ വരാന്തയിൽ മുറ്റത്തു നിറഞ്ഞു നിൽക്കുന്ന മരങ്ങളുടെ തണുപ്പുണ്ട്... ഇത്തിരി സ്ഥലം ഉള്ളത് ചുറ്റും മതില് കെട്ടി തിരിച്ചിട്ടുണ്ട്.. അടുക്കള വാതിൽ തുറക്കുമ്പോൾ ഇരച്ചെത്തിയ കാറ്റിൽ ദയ കണ്ണുകൾ അടച്ചു പിടിച്ചു.. ഒഴിഞ്ഞു കിടക്കുന്ന നീണ്ട ഗ്രൗണ്ട് ആണ്.. അതിനും അപ്പുറത്തെ നിറഞ്ഞ റബ്ബർ മരങ്ങൾ.. "ഇഷ്ടായോ " കാതിനരുകിൽ പതിയെ റോഷന്റെ ചോദ്യം.. ഞെട്ടി തിരിഞ്ഞവളെ അവൻ ചേർത്ത് പിടിച്ചു.. പിറകിൽ നിന്നും അവളുടെ തോളിൽ താടി ചേർത്ത് നിൽക്കുമ്പോൾ ദയ ഇട്ടിരുന്ന ടോപ്പിൽ ഇറുക്കി പിടിച്ചു.. "പറ... ഇഷ്ടയോ.."

വീണ്ടും അവൻ ചോദിച്ചു.. അവൾ പതിയെ മൂളി... എങ്കിൽ ഇവിടെ കൂടിയാലോ ഇന്ന് " അവൻ ചിരിച്ചു കൊണ്ട് ചോദിക്കുമ്പോൾ ദയ തിരിഞ്ഞു നോക്കി.. "നിനക്കിഷ്ടമല്ലങ്കിൽ..." എനിക്കിഷ്ടമാണ്... അവൻ മുഴുവനും പറയും മുന്നേ ദയ പറഞ്ഞു... "ഇത് പോലെ തന്നെ ആയിരുന്നോ ആദ്യം വീട് " ദയ ചോദിച്ചു.. "ഏറെക്കുറെ... അച്ഛനെ കൊന്നിട്ട് ഞാൻ ജയിലിൽ ആയിരുന്നു.. കുട്ടികളുടെ ജയിലിൽ.. ജുവനൽഹോം എന്നൊക്കെ ഭംഗിക്ക്‌ വേണേൽ പറയാം കേട്ടോ.. പക്ഷേ ജയിലാണ് അതും... ചുറ്റിനും ഒരു മതില് കെട്ടി പൊക്കി... ചെയ്തു പോയ തെറ്റുകൾ മറക്കാൻ അവസരം തരാതെ... കുഞ്ഞ് കുഞ്ഞു പാളിച്ചകൾക്ക് പോലും ഭയങ്കരമായി ശിക്ഷ തരുന്ന... നിസ്സഹായത മുതലെടുത്തു കൊണ്ട് വീണ്ടും വീണ്ടും മനസ്സ് മടുപ്പിക്കുന്ന ജയിൽ..." റോഷൻ പറയുമ്പോൾ ദയ അവന്റെ നേരെ നോക്കി.. അവൻ ഒന്ന് കണ്ണടച്ച് കാണിച്ചു.. "എന്റെ അമ്മയെ കൊന്നപ്പോൾ അച്ഛന് കുറ്റബോധം തോന്നിയില്ല.. അച്ഛനെ കൊന്നതിനു എനിക്കും അതില്ല.. ഇപ്പോഴും..

ഞാൻ ഇങ്ങനെ ആയി തീരാൻ കാരണം തന്നെ അച്ഛൻ ആയിരിക്കും.. എന്നും തല്ലും വഴക്കും... എന്റെ അമ്മേടെ കണ്ണീരും " അവൻ പതിയെ അകന്നു മാറി... വാതിൽ പടിയിലെ സ്റ്റെപ്പിൽ ഇരുന്നു.. കൈ പിടിച്ചു വലിച്ച് അവളെയും വലിച്ചിരുത്തി.. അവൻ ഇരിക്കുന്നതിന്റെ നേരെ മുകളിൽ ഉള്ള സ്റ്റെപ്പിൽ അവളും ഇരുന്നു.. "അന്നും ആ ഗ്രൗണ്ട് ഉണ്ട്... അതിനപ്പുറത്തെ വലിയ മരങ്ങൾ തൈ ചെടികൾ ആയിരുന്നു.. സ്കൂൾ വിട്ട് വരുമ്പോൾ അമ്മ നീട്ടിയ ചായ വലിച്ചു കുടിച്ചിട്ട് നേരെ ഓടും കളിക്കാൻ.. ഞാൻ കളിക്കുന്നത് നോക്കി.. ഇവിടെ ഇരിക്കും എന്റെ അമ്മ... ഇടയ്ക്കിടെ ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കൈ ഉയർത്തി കാണിക്കും.. ജയിച്ചു വരാൻ... അതായിരുന്നു അന്നത്തെ ഏറ്റവും മനോഹരമായ കാഴ്ച " ദൂരെ ഗ്രൗണ്ടിൽ നോക്കി റോഷൻ പറയുമ്പോൾ ആ മുഖത്തെ സങ്കടം... ദയ കാണുന്നുണ്ട്.. "പല കള്ള് കുടിയൻമാരുടെ മക്കളെ പോലെ തന്നെ... എന്റെയും ഏറ്റവും വലിയൊരു പ്രാർത്ഥനയായിരുന്നു അന്നൊക്കെ....

കള്ളിന്റെ മണം ഇല്ലാത്ത ഒരു ദിവസം... എന്റെ അമ്മയുടെ കരച്ചിൽ കേൾക്കാതെ... ഞാൻ കേൾക്കാതിരിക്കാൻ അമർത്തി പിടിച്ചു കരയുന്ന എന്റെ അമ്മയോന്ന് ചിരിച്ചു കാണാൻ എല്ലാം... ഒന്നും ഒന്നും നടന്നില്ല... ചവിട്ടി കൊല്ലുമ്പോൾ പോലും അച്ഛന് കള്ളിന്റെ മണവും അമ്മയ്ക്ക് കണ്ണീരും ആയിരുന്നു..." റോഷൻ പതിയെ പറയുമ്പോൾ ദയ അവന്റെ തലയിൽ തലോടി.. "മതി... മതി റോഷൻ.. എനിക്കിത് വയ്യ കേട്ടോണ്ടിരിക്കാൻ " ഇടർച്ചയോടെ ദയ പറഞ്ഞു.. റോഷൻ അവളുടെ നിറഞ്ഞ കണ്ണിലേക്കു നോക്കി.. അവന്റെ ചുണ്ടിൽ പക്ഷേ ഒരു കുഞ്ഞു ചിരിയുണ്ട്.. "സന്തോഷം നമ്മുക്ക് ആരോടും പറയാം ദയ... സങ്കടം അങ്ങനെയല്ല.. അത് നമ്മൾക്കും നമ്മളും പ്രിയപ്പെട്ടവരോട് മാത്രം പറയാൻ തോന്നും.. ജിബിക്കും സനലിനും ഒഴിച്ച്.. വേറെ ആർക്കും അറിയില്ല... എന്റെ മനസ്സിൽ ഞാൻ അടക്കി പിടിച്ച ഈ സങ്കടകടൽ.. ഇപ്പൊ നിന്നോട് പറയാൻ തോന്നുന്നു.. എന്താ എന്നറിയുവോ... എന്റെ യല്ലേ...

എന്റെ സ്വന്തം അല്ലേ നീയും " റോഷൻ അവളുടെ നീളൻ വിരലുകൾ കോർത്തു പിടിച്ചു.. "അതേ... നിന്റെയാണ്... നിന്റെ മാത്രം ആണ് " അവന്റെ കണ്ണിൽ നോക്കി ദയ പറയുമ്പോൾ റോഷൻ വേഗം നോട്ടം മാറ്റി... ദൂരേക്കു നോക്കി.. ആ ഹൃദയം തുടിക്കുന്നത് അവൾ അറിയുന്നുണ്ട്.. സ്വന്തമാണ് എന്നറിയാം... എങ്കിലും എന്റെയല്ലേ എന്ന് ചോദിക്കുമ്പോൾ... നിന്റെ മാത്രം ആണെന്ന് കേൾക്കാൻ വല്ലാത്തൊരു സുഖമല്ലേ... "ഞാൻ ഒരു കൊലപാതകം ചെയ്തിട്ടുണ്ട്.. സ്വന്തം അച്ഛനെ...എനിക്ക് അതിന് ന്യായം ഉണ്ട് പറയാൻ... പക്ഷേ.. പക്ഷേ.. നിനക്ക് തോന്നുന്നുണ്ടോ... ഇപ്പൊ... എന്നെ വേണ്ടായിരുന്നു എന്ന്.. എല്ലാം അറിഞ്ഞപ്പോൾ " റോഷൻ മങ്ങിയ ചിരിയോടെ അവളെ നോക്കി... "ഇല്ല... എനിക്ക് കുറ്റബോധം തോന്നുന്നു... എന്നെ ഇത്രയും സ്നേഹിക്കുന്ന ഈ മനസ്സ് ഞാൻ നേരത്തെ അറിഞ്ഞില്ലല്ലോ എന്ന്... അത്രമാത്രം ഞാൻ നിന്നെ ഇപ്പൊ സ്നേഹിക്കുന്നുണ്ട് റോഷൂ " ആ കൈയിൽ അമർത്തി പിടിച്ചു കൊണ്ട് ദയ പറയുമ്പോൾ...

റോഷൻ ചിരിയോടെ അവളുടെ കവിളിൽ തട്ടി.. "എന്റമ്മ എന്തൊരു പാവം ആയിരുന്നു.. പേടിയാണോ നിസ്സഹായവസ്‌ഥയാണോ എന്നെനിക്കറിയില്ല... ആരോടും എതിർത്തു പറയാൻ അമ്മക്കറിയില്ല..പലപ്പോഴും നമ്മളെ തളർത്തുന്നത് നമ്മൾ തന്നെയാണ്... നമ്മുടെ പേടികൾ... വാശികൾ... ദേഷ്യങ്ങൾ എല്ലാം കൂടി ചേർന്നിട്ട്..." റോഷൻ വീണ്ടും പറഞ്ഞു.. "ഒരുപാട് നിഷ്കളങ്കരും പാവങ്ങളും ആവരുത് ആരും..അങ്ങനെ ആവുമ്പോൾ ചുറ്റും ഉള്ളവർ നമ്മളെ ചവിട്ടി രസിക്കും.. തുറന്നു പറയേണ്ടത് അങ്ങനെ ചെയ്യണം... പ്രതികരണം വേണ്ടടത്തു അങ്ങനെ ചെയ്യണം... എന്റെ അമ്മയ്ക്ക് ഇതിന് രണ്ടിനും ആയില്ല... വയറ്റിലൊരു കുഞ്ഞിനേം വെച്ചിട്ട്.... എന്റമ്മ എല്ലാം വിട്ടെറിഞ്ഞു പോയി..." റോഷൻ പറയുമ്പോൾ ദയക്ക് കരച്ചിൽ വന്നിട്ട് വയ്യായിരുന്നു... "അച്ഛൻ അത് മറച്ചു പിടിച്ചു..

ആരും അനേഷിച്ചു നോക്കിയതും ഇല്ല... അതിലാണ് എന്റെ രോഷം മുഴുവനും ഇളകിയത്.. ഞാൻ ഒരു ഏഴാം ക്ളാസുകാരനിൽ നിന്നും ഇറങ്ങി വന്നിട്ട് എന്റെ അമ്മയുടെ മകൻ മാത്രം ആയിരുന്നു അപ്പൊ... എന്റെ കൂടെ ജീവിക്കാൻ.... സന്തോഷത്തോടെ ജീവിക്കാൻ അമ്മ ഒരുപാട് കൊതിച്ചു പോയിരുന്നു... നടന്നില്ല..." റോഷൻ അവളെ നോക്കി... അവന്റ മുഖം പിടിച്ചിട്ട് നെറ്റിയിൽ ഒരുമ്മ കൊടുത്തവൾ നെഞ്ചിൽ അമർത്തി പിടിച്ചു.. അവന്റെ ഉള്ളു പൊള്ളുന്നത് അവൾ അറിയുന്നുണ്ട്... "ആരും അറിയാതെ നമ്മൾ ഉള്ളിലൊതുക്കി വെച്ച സങ്കടങ്ങൾ മാന്തി എടുത്തു ദൂരെ കളയാനും.. നമ്മളെ സന്തോഷത്തിലേക്ക് നയിക്കാനും കഴിയുന്ന സൗഹൃദം കിട്ടുക എന്നതാ ഏറ്റവും വലിയൊരു സൗഭാഗ്യം.. ജിബിയും സനലും എനിക്കെന്റെ രണ്ടു കൈകൾ പോലാണ്.. എന്നെ പോലെ തന്നെ... ഈ വഴിയിൽ എത്തിപ്പെട്ടതാണ്..." റോഷൻ വീണ്ടും പറഞ്ഞു.. ദയ പതിയെ മൂളി.. "ഒറ്റക്കായി പോകുന്നവരെ കാണുമ്പോൾ അവരിൽ ഞാൻ എന്നെ കാണാറുണ്ട്.. ആ പഴയ ഏഴാം ക്ലാസ്സുകാരൻ മാത്രം ആയി പോവാറുണ്ട് ഇപ്പോഴും " റോഷൻ കണ്ണടച്ചു കാണിച്ചു കൊണ്ട് പറഞ്ഞു.. ആ കണ്ണുകൾ കലങ്ങി ചുവന്നു പോയിരുന്നു...

എങ്കിലും അവൻ കരയുന്നില്ല... "ഒരാളെ വളർത്താനും തളർത്താനും അവന്റെ കുടുംബം തന്നെ മതിയെന്ന് പറയുന്നത് എത്ര നേരാണ്... പഠിച്ചു നല്ലൊരു ജോലി വാങ്ങിയിട്ട് എന്റെ അമ്മയെ ചിരിയോടെ കാണാൻ ആഗ്രഹിച്ച ഞാൻ തെമ്മാടിയായി... ആർക്കും വേണ്ടാത്ത... തെരുവ് തെമ്മാടി " റോഷൻ പറഞ്ഞു. 'ഇപ്പൊ അങ്ങനെ അല്ലല്ലോ... ഈ മനസ്സൊന്നു അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ആർക്കാണ് എന്റെ റോഷൂനെ മാറ്റി നിർത്താൻ ആവുക... അത്രയും.... അത്രയും നല്ലവൻ ആണ് എന്റേയീ തെമ്മാടി " ദയ പറയുമ്പോൾ... റോഷൻ അവളെ നോക്കി ഇമ ചിമ്മാതെ ഇരുന്നു.. "കണ്ടത് മറക്കാൻ കണ്ണിനായാലും കൊണ്ടത് മറക്കാൻ ഹൃദയം ഒരുക്കമല്ല... ഇന്നും ഇടക്കിടെ കുത്തി നോവിച്ചു രസിക്കും ഓർമകൾ... ഓർമകൾ തന്നെയല്ലേ ഏറ്റവും വീര്യം കൂടിയ ലഹരി " അവൾ മടക്കി വെച്ച കാലിലേക്ക് മുഖം ചേർത്ത് കിടന്നിട്ട് റോഷൻ പറഞ്ഞു.. "എല്ലാം അംഗീകരിക്കാൻ ഉള്ള മനകരുതാണ് ആദ്യം വേണ്ടത്... ഉള്ളത് മതി ജീവിക്കാൻ എന്നൊരു നിലപാട് എടുത്ത മതി..

കൂടുതൽ കിട്ടുന്നത് എന്തും ബോണസ് ആണെന്ന് മനസ്സിലാക്കി മുന്നോട്ട് പോവുക.. നഷ്ടപെട്ടതൊന്നും നമ്മുടെ ആയിരുന്നില്ല എന്ന് കരുതുക... ഫാത്തിമയെ കാണുമ്പോൾ നീ അഹദിനെ ഓർക്കരുത്... അത് നിന്നോടും അവളോടും ചെയ്യുന്ന ക്രൂരതയാണ്... എനിക്കറിയാം.. നിനക്ക് കഴിയും... " ദയയെ നോക്കി റോഷൻ പറയുമ്പോൾ അവൾ ചിരിച്ചു കൊണ്ട് കണ്ണ് ചിമ്മി കാണിച്ചു.. "സുഖം തേടി പോകുന്നവർക്ക് ഒരിക്കലും ഒരാളെയും ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയില്ല ദയ... ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ഒരിക്കലും സുഖം തേടി പോവുകയും ഇല്ല.." റോഷൻ പറഞ്ഞു.. "എനിക്കിപ്പോ മനസ്സിലാവും റോഷൂ..." ദയ പതിയെ പറഞ്ഞു.. കഴിഞ്ഞു പോയതെല്ലാം നല്ലതിനാണ് എന്ന് നമ്മുക്ക് ചിന്തിക്കാൻ കഴിഞ്ഞാൽ... കൈ വിട്ട് പോയതെല്ലാം നഷ്ടങ്ങൾ അല്ലെന്ന് കരുതി ജീവിക്കാൻ സാധിക്കുമെങ്കിൽ... ജീവിതം കുറച്ചു കൂടി കളറാവും... അനുഭവങ്ങൾ ആണ് ട്ടോ " റോഷൻ അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചുലച്ചു കൊണ്ട് പറഞ്ഞു.. വേദനിച്ചൂട്ടോ...

മുഖം ചുള്ക്കി ദയ പറഞ്ഞപ്പോൾ റോഷൻ കള്ളച്ചിരിയോടെ അവളെ നോക്കി.. "ഇങ്ങടുത്തു വാ... വേദന മാറ്റി തരാം " റോഷൻ പറയുമ്പോൾ ദയ ചാടി എഴുന്നേറ്റു.. വേണ്ട.... അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു.. "വേണ്ടങ്കിൽ വേണ്ട.. നീ സഹിച്ചോ " അവനും എഴുന്നേറ്റു... കുഞ്ഞോളെ ഹോസ്പിറ്റലിൽ നിന്നും തിരിച്ചു കൊണ്ട് വരും വരെയും അവർക്ക് സംസാരിക്കാൻ ഒത്തിരി വിഷയങ്ങൾ ഉണ്ടായിരുന്നു.. അവനിലേക്കുള്ള... അകലത്തിലേക്ക്... സ്നേഹം കൊണ്ടൊരു പാലം പണിതു തീർത്തു റോഷനും.. തിരിച്ചു വന്നപ്പോൾ.... ആ കളി ചിരികളിൽ അലിഞ്ഞപ്പോൾ... മറ്റെല്ലാ വേദനകളും അവരെല്ലാം മറന്നു പോയിരുന്നു.. പനിയെല്ലാം വിട്ട് കുഞ്ഞോൾ കൂടി ഉഷാറായി.. രാത്രിയിൽ ഭക്ഷണം പോയി വാങ്ങിക്കാം എന്ന് തീരുമാനം എടുത്തിരുന്നു.. അന്നമ്മച്ചിയെ വിളിച്ചിട്ട് ഇന്ന് വരുന്നില്ലെന്ന് പറയാൻ റോഷൻ മറന്നില്ല.. ഫാത്തിമയും അക്ബറിക്കയും പെട്ടന്ന് തന്നെ അവരിൽ ഒരാളായത് പോലെ.. അകൽച്ചകൾ ഏതും ഇല്ലാതെ ദയയും കൂടിയപ്പോൾ....

സന്തോഷം മാത്രം ആയിരുന്നു ആ നിമിഷങ്ങൾ... ഇടയ്ക്കിടെ റോഷൻ നോക്കുമ്പോൾ ദയ ചുവന്നു പോകുന്നുണ്ട്.. അത് പറഞ്ഞു കൊണ്ട് അവളെ ജിബി കളിയാക്കിയപ്പോൾ അവൾ ഫാത്തിമയുടെ പിറകിൽ ഒളിച്ചു... സ്വന്തം കൂടപ്പിറപ്പ് എന്ന പോലെ ഫാത്തിമ അവളെ ചേർത്ത് പിടിക്കുമ്പോൾ... റോഷന്റെ നെഞ്ചിൽ മഞ്ഞു പൊഴിയും പോലെ... ഭക്ഷണം വാങ്ങിക്കാൻ പോയപ്പോൾ... ദയക്ക് മാറി എടുക്കാൻ കൂടി ഉള്ളത് റോഷൻ വാങ്ങി കരുതിയിരുന്നു.. ചാടി മറിയാൻ കുഞ്ഞോളെ വിടാതെ ജിബി അവളെ എടുത്തു കൊണ്ട് നടന്നു.. "കുഞ്ഞിനെ വിടെടാ... അവൾ ഇപ്പൊ ഒക്കെ ആണെന്ന് സനൽ പറഞ്ഞപ്പോൾ.. "ഇല്ലെടാ... അവൾക്ക് നല്ല ക്ഷീണം ഉണ്ട്... എവിടെയെങ്കിലും തടഞ്ഞു വീഴും എന്റെ മോള്... അല്ലേടാ " എന്ന് പറഞ്ഞവൻ ആ നെറ്റിയിൽ ചുണ്ട് ചേർത്തു.. റോഷൻ ഫാത്തിമയെ നോക്കി.. ആ കണ്ണിൽ വല്ലാത്തൊരു നിർവൃതി... അത്രയും സ്നേഹം ആ കുഞ്ഞിന് സ്വന്തം അച്ഛൻ കൂടി കൊടുത്തു കാണില്ല... കളിയും ചിരിയുമായി... തമ്മിൽ കളിയാക്കി ചിരിച്ചും പറഞ്ഞും ആ രാത്രി പുലരുമ്പോൾ... ദയക്ക് തന്നോടുള്ള അവസാന അകലത്തേയും... റോഷൻ മായ്ച്ചു കളഞ്ഞിരുന്നു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story