കൂട്ട് 💕💕💕: ഭാഗം 3

Koott

രചന: ജിഫ്‌ന നിസാർ

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല... റോഷന് ദേഷ്യവും സങ്കടവും വന്നു... അവൻ എഴുന്നേറ്റ് പുറത്തെ തിണ്ണയിൽ വന്നിരുന്നു. പുറത്തെ കട്ട പിടിച്ച ഇരുട്ടിലേക്ക് വെറുതെ നോക്കി ഇരുന്നു.. വെളിച്ചത്തിന്റെ നിഴൽ പോലുമില്ല.... സങ്കടം ആയാലും... സന്തോഷം ആയാലും..അതൊന്ന് പറയാൻ ഒരാളുണ്ടാവണം.. ആ സന്തോഷം ഇരട്ടിയാക്കാൻ... സങ്കടം പാതിയാക്കാൻ.. റോഷൻ ഒറ്റക്കാണ്... അമ്മ പിരിഞ്ഞത് മുതൽ റോഷന് ബന്ധങ്ങളില്ല. കൊലയാളി എന്നൊരു പട്ടം നെറ്റിയിൽ ചാർത്തി തന്നത് മുതൽ.... ബന്ധം കൂടാൻ എല്ലാവർക്കും പേടിയായിരുന്നു.. ഒറ്റപെട്ടു പോയൊരു കുഞ്ഞിന്റെ പേടി ആരും അറിഞ്ഞതുമില്ല. കൊഴിഞ്ഞു വീണ ഇന്നലകൾ മുറിവുകൾ പോലെ നെഞ്ചിലുണ്ട്.. വരാനിരിക്കുന്ന നാളെകളിൽ പോലും പ്രതീക്ഷയുടെ നേരിയ പാളികൾ പോലുമില്ല.. ഇന്നുകൾക്കും വല്ലാത്ത ഭാരം.. അവൻ കൈകൾ കൊണ്ട് മുടി കോതി ഒതുക്കി... ദയ.... നേർത്തൊരു തണുപ്പ് ഹൃദയം മുഴുവനും പടർന്നു കയറും പോലെ... ഇരിട്ടിയിൽ എവിടെയോ ഒരു മിന്നാമിന്നി വെളിച്ചം പകർന്നു... അവൾക്ക് അവളുടെ പ്രണയം നേടാൻ... ഞാൻ എന്റെ പ്രണയത്തെ കൊന്നു കളയുന്നു..

വരണ്ടൊരു ചിരി അവന്റെ ചുണ്ടിൽ തെളിഞ്ഞു... എവിടെ ആയിരുന്നാലും... ആരുടെ കൂടെ ആയിരുന്നാലും നീ സന്തോഷമായിരിക്കട്ടെ എന്ന് ആശംസിക്കുവാനെ എനിക്ക് കഴിയൂ ദയ... ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലെന്ന്‌ അറിഞ്ഞു കൊണ്ട് തന്നെ... എന്റെ ഇന്നലകളിലെ മധുരമായ നിന്നെ... ഞാനും യാത്രയാക്കട്ടെ... ഒരുമിച്ചൊരു ജീവിതം ഉണ്ടാവില്ല എന്നറിഞ്ഞിട്ടും.... ഒരിക്കലും എനിക്ക് സ്വന്തമാക്കാൻ ആവില്ലെന്ന് അറിഞ്ഞിട്ടും... പിന്നെയും എന്തിന് നീ എന്നിൽ ഇത്രയും പൂത്തുലഞ്ഞു എന്നെനിക്കറിയില്ല.. മറഞ്ഞിരുന്നു നിന്നെ സ്നേഹിക്കാൻ... എനിക്ക് മുന്നിൽ തടസ്സമില്ലല്ലോ... "എനിക്കൊരു പ്രണയമുണ്ട് " ദയയുടെ വാക്കുകൾ... അവന്റെ കാതിൽ മുഴങ്ങി.. കൈകൾ കൊണ്ട് അവൻ നെറ്റിയിൽ അമർത്തി പിടിച്ചു.. സ്വന്തമാക്കാനും വയ്യ... വിട്ട് കളയാനും വയ്യ.. ഹൃദയം മുഴുവനും മുള്ള് കൊള്ളും പോലെ... "വെറുതെ വേണ്ട.. നല്ല കാശ് തരാം... " ദയയുടെ കണ്ണിലെ പുച്ഛം ശെരിക്കും അറിഞ്ഞിരുന്നു.... അവളതു പറയുമ്പോൾ.. റോഷൻ ജീവിതത്തിൽ കണ്ടു മുട്ടിയ മിക്കവർക്കും മുഖമൂടി ഉണ്ടായിരുന്നു.. നിനക്കുമതെ... സ്വന്തം ആവിശ്യം നടന്നു കിട്ടുംവരെയുള്ള സ്നേഹത്തിന്റെ മുഖമൂടി.. അവന് ചിരി വന്നു...

ആ വേദനയിലും.. ഓർത്തു നീറാൻ ഒത്തിരി ഉണ്ടെങ്കിലും... ഇത്തിരിയെങ്കിലും ഉള്ള സന്തോഷത്തിലാണ് റോഷൻ ചിരിക്കാൻ പഠിച്ചത്.. ഇനിയും അത് അങ്ങനെ തന്നെ ആവും.. എല്ലാം നേടിയിട്ട് നീ ഇറങ്ങി പോകുമ്പോൾ... അറിയില്ലെനിക്ക്..സഹിക്കാൻ ആവുമോ എന്ന്... പക്ഷേ തടഞ്ഞു നിർത്താൻ എനിക്ക് ആവില്ലെന്ന് ശെരിക്കും അറിയാം.. അത് നിന്നെ ഓർത്താണ്... എത്ര മാത്രം ഒറ്റപെട്ടു പോയാലും മറ്റൊരാളെ ശല്യം ചെയ്യാതിരിക്കുക എന്നത് ഞാനും പഠിച്ചു വെച്ചിട്ടുണ്ട് ദയ.... കാരണം... ഒറ്റപെടലിനെക്കാൾ വേദനയാണ്.. ഒഴിവാക്കലുകൾക്ക്... അവൻ എഴുന്നേറ്റു മുറ്റത്തേക്ക് ഇറങ്ങി... നേരം പുലരാൻ ഇനി അതികം സമയമില്ല.. ദയ.... അവൾ തീരുമാനം മാറ്റി കാണുമോ ഇനി.. അവനോർത്തു.. ഇല്ല... അത്രമാത്രം നിസ്സഹായമായൊരു അവസ്ഥയിൽ ആയിരുന്നു അന്നവൾ.. മനസ്സറിഞ്ഞു നീ എന്നേ നിന്റെ പാതിയായി തെരഞ്ഞെടുത്തുവെങ്കിൽ.... ഇന്നീ നിമിഷം ഏറ്റവും സന്തോഷമുള്ള വെക്തി ഞാൻ ആവുമല്ലോ.. ഇതിപ്പോൾ.... തൊണ്ട പഴുത്തത്ത് പോലെ... സഹിക്കാം എന്നല്ലാതെ വേറെന്ത് ചെയ്യാൻ... റോഷൻ പതിയെ നടന്നു...... ഉറക്കം അന്നവനെ തിരിഞ്ഞു നോക്കിയത് കൂടി ഇല്ലായിരുന്നു... ❤❤❤❤❤❤❤❤❤❤❤❤❤❤

അവളെയും.... ഫോണിലെ ഫോട്ടോയിലേക്ക് കണ്ണുനീർ ഒഴുകി പടർന്നു.. "ഷാ.... എവിടെയാണ് നീ... അറിയുന്നുണ്ടോ.. ഞാൻ ഇവിടെ ജീവനോടെ എരിയുന്നത്.." വാക്കുകൾ ഹൃദയത്തിൽ പിടച്ചു ദയക്ക്.. ഫോൺ സ്ക്രീനിലെ... സുന്ദരമായ ചിരിയോടെ നിൽക്കുന്ന ചെറുപ്പക്കാരൻ... അഹദ് ഷൈൻ... എന്ന അവളുടെ ഷാ... "നിന്റെ ഈ ചിരി എന്നേ മരിക്കാൻ കൂടി അനുവദിക്കുന്നില്ലല്ലോ ഷാ... എപ്പോഴത്തെയും പോലെ... എന്നെ പറ്റിക്കാൻ മാറി നിൽക്കുന്നതല്ലേ നീ.. പക്ഷേ.. പക്ഷേ ഇത് ഇത്തിരി നീണ്ടു പോയല്ലോ.. ഇനിയും തിരിച്ചു വരാറായില്ലേ..." ഫോട്ടോയിൽ തലോടി മൗനമായി തന്നെ ദയ തേങ്ങി... മെഡിസിൻ പഠിക്കാൻ കോയമ്പത്തൂരിൽ ആദ്യം എത്തിയപ്പോൾ തോന്നിയ തളർച്ച.. ഒരാഴ്ച എടുത്തു അതൊന്ന് നേരെ ആവാൻ.. അമ്മയുടെ ചട്ടകൂട് പൊട്ടിച്ചു കടന്ന സന്തോഷം മാക്സിമം എൻജോയ് ചെയ്യുക എന്നൊരു ഉദ്ദേശം കൂടി ഉണ്ടായിരുന്നു അത്രയും ദൂരേക്ക് പോകുമ്പോൾ.. ഒരുപാട് കൂട്ടുകാർ... ഒന്നിനും നിയന്ത്രണം ഇല്ലാത്ത കോളേജ്... അവിടേക്കു പുതുതായി വന്ന അധ്യാപകൻ ആയിരുന്നു അഹദ്... വെളുത്തു തുടുത്ത... എപ്പോഴും ചുണ്ടിൽ ഒരു കള്ള ചിരി ഉണ്ടായിരുന്ന... എല്ലാവരോടും ഒത്തിരി സംസാരിക്കാൻ ഇഷ്ടമുള്ള..

. അഹദ് പിന്നെ എങ്ങനെ തന്റെ പ്രാന്ത് ആയി പോയത്.. അറിയില്ല.. അവനെ കാണുമ്പോൾ തിളങ്ങുന്ന ഒത്തിരി കണ്ണുകളിൽ ഒരു ജോഡി മാത്രം ആയിരുന്നു തന്റേത് എന്നറിഞ്ഞു.. ഒരു വാശി പോലെ ആയിരുന്നു പിന്നെ.. അവനെ നേടി എടുക്കാൻ.. മറ്റെല്ലാം മറന്നു.. അഹദ് തന്റെ അധ്യാപകൻ ആണെന്ന്.. അവനെ ഒരിക്കലും തന്റെ കുടുംബം അംഗീകരിച്ചു തരില്ലെന്ന്... ഒരുപാട് ഡെഡിക്കേറ്റ് ചെയ്താൽ മാത്രം വിജയിക്കുന്ന മെഡിക്കൽ വിദ്യാർത്ഥിനി ആണ് താനെന്ന്... എല്ലാം... എല്ലാം മറന്നു പോയി.. പകരം അവനിൽ ലയിക്കാൻ മാത്രം കൊതിച്ചു.. വശികരണം പോലുള്ള അവന്റെ ചിരി ലഹരിയായിരുന്നു... അവനിലേക്കുള്ള ദൂരം എങ്ങനെ കുറയ്ക്കുമെന്ന് മാത്രം ചിന്തിച്ചു കൂട്ടിയ രാവുകൾ... പകലുകൾ.. കൂട്ടുകാർ വിവരം കണ്ട് പിടിച്ചു... അത്രമാത്രം മാറ്റങ്ങൾ പ്രകടമായിരുന്നു തന്നിൽ... "എനിക്കവനെ നേടി താ " എന്ന് കൂട്ടുകാരോട് കെഞ്ചി പറയുമ്പോൾ അവരും പകച്ചുപോയി.. ഇതിത്രയും വളർന്നു പോയത് ഓർത്ത് ആയിരിക്കണം.. എന്നിട്ടും... ചേർത്ത് പിടിച്ചിട്ട് വരാനുള്ളത് മുഴുവനും അവർ സ്നേഹത്തോടെ പറഞ്ഞു തന്നിരുന്നു.. അഹദ് ഷൈൻ എന്നൊരു പേരിൽ മാത്രം അറിയാവുന്ന വെക്തി..

നാട് അറിയില്ല... വീട് അറിയില്ല... വീട്ടിൽ അവനൊരു കുടുംബം ഉണ്ടോ എന്നും അറിയില്ല... "ഇതൊന്നും അറിയണ്ട... എനിക്ക് അവനെ മതി... ഇല്ലങ്കിൽ ഞാൻ മരിച്ചു കളയും..." അലറി കൊണ്ട് താൻ പറയുമ്പോൾ... അവരും നിസ്സഹായരായിരുന്നു പിന്നെ... എത്രയൊക്കെ പാഞ്ഞു നടന്നിട്ടും അഹദ് എന്ന പേരിനപ്പുറത്തേക്ക് ഒന്നും അറിയാൻ കഴിഞ്ഞില്ല ആർക്കും... തന്റെ അവസ്ഥയിൽ എന്ത് പറഞ്ഞിട്ടും ഒന്നും ഏൽക്കില്ലെന്ന് അറിഞ്ഞു തന്നെ ആവും.... ഷായോട് സംസാരിക്കാൻ അവർ തീരുമാനം എടുത്തത്.. ധ്രുവിക്കും സോനയും ഷായോട് സംസാരിക്കാൻ പോകുമ്പോൾ ഹൃദയം DJ കളിക്കുകയായിരുന്നു.. ഒരുവേള... ടെൻഷൻ സഹിക്കാൻ വയ്യാതെ താൻ മരിച്ചു പോവുമെന്ന് പോലും തോന്നി.. തിരിച്ചു വരാൻ അവർ വൈകുന്ന ഓരോ നിമിഷവും ഒരു ഭ്രാന്തിയെ പോലെ ആയിരുന്നു... "സാറിന് നിന്നോട് സംസാരിക്കാൻ ഉണ്ട്.. നാളെ രാവിലെ ലൈബ്രറിയിൽ കാത്തു നിൽക്കാൻ പറഞ്ഞു.." സോന പറയുമ്പോൾ.... വീണ്ടും ഹൃദയം തുള്ളി വിറച്ചു പോയിരുന്നു.. അതെന്തിനായിരിക്കും... ഇഷ്ടമല്ലെന്ന് പറയാൻ ആവുമോ.. അന്നത്തെ തന്റെ അവസ്ഥ കണ്ടിട്ടാണ്.. അന്നവരെല്ലാം ഒരുപോള കണ്ണടക്കാതെ കാവലിരുന്നത്... വെരുകിനെ പോലെ അന്ന് രാത്രി മുഴുവനും നടന്നു തീർത്തു.. "ഇത്രയും സ്നേഹം തോന്നാൻ മാത്രം എന്താണ് ദയ സാറിന്റെ പ്രതേകത.. എനിക്കെന്തോ അയാളുടെ രീതി...

എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉള്ളത് പോലെ... എന്തോ മറച്ചു വെക്കും പോലെ... കള്ളത്തരം ഒളിച്ചു നിൽക്കുന്ന അയാളുടെ ചിരി.. ദയ... നീ ഒന്നൂടെ ആലോചിച്ചു നോക്ക് എടാ... എനിക്കെന്തോ പേടി തോന്നുന്നു.." സോന കയ്യിൽ പിടിച്ചു പറയുമ്പോൾ അവളെ തുറിച്ചു നോക്കി... "അവളെ നോക്കി പേടിപ്പിക്കല്ലേ ദയ... സോനാ പറഞ്ഞത് സത്യം ആണ്.. എനിക്കും തോന്നിയിട്ടുണ്ട്.. അയാളുടെ ആ ചിരി.. അതിലൊരു കള്ളത്തരം ഉണ്ടെന്ന്.." സോനയെ സപ്പോർട്ട് ചെയ്തിട്ട് നിമിഷ പറയുമ്പോൾ... അവരെ കൊല്ലാനുള്ള ദേഷ്യം തോന്നി.. "ഒന്നൂടെ ആലോചിച്ചു നോക്കെടോ... തന്റെ ലൈഫ് സ്പോയിൽ ചെയ്യരുത്... ശെരിക്കും ആലോചിച്ചു വേണം തീരുമാനം എടുക്കാൻ " അജയ് കൂടി പറഞ്ഞപ്പോൾ.. ചെവി പൊതിഞ്ഞു പിടിച്ചു ബെഡിൽ അമർന്നു കിടന്നു.. അഴിഞ്ഞുലഞ്ഞ മുടി മാടി ഒതുക്കി ധ്രുവിക്ക്... തലോടി.. പക്ഷേ അവനൊന്നും പറഞ്ഞില്ല.. അത് നോക്കി തൊട്ടരികിൽ തന്നെ സമീറും... പത്തു മണിക്ക് തുറക്കുന്ന ലൈബ്രറിക്ക് മുന്നിൽ എട്ടിനു മുന്നേ വന്നു സ്ഥാനം പിടിച്ചു... ഹൃദയം നെഞ്ച് തുളച്ചു പുറത്ത് വരുമെന്ന് പേടിച്ചു... പിന്നെയും മണിക്കൂറുകൾ കഴിഞ്ഞാണ് ഷാ വന്നത്.. എന്നും കാണാറുള്ള ആ കൊല്ലുന്ന ചിരി അപ്പോഴുമുണ്ട്... ഓടി ചെന്നിട്ടു ആ നെഞ്ചിൽ വീഴാനാണ് തോന്നിയത്... എനിക്കിഷ്ടമാണ്.. എന്റെ ജീവനാണ് എന്നുറക്കെ വിളിച്ചു പറയാൻ ഉള്ളം കൊതിച്ചു..

പക്ഷേ ഒന്നിനും ആവാത്ത വിധം തളർന്നു തൂങ്ങി പോയി.. കൈ പിടിച്ചിട്ട് ബെഞ്ചിൽ ഇരുത്തി.. കുടിക്കാൻ വെള്ളം തന്നു.. പാറി പറന്നു കിടക്കുന്ന മുടി ഇഴകൾ ചെവിക്ക് പിറകിൽ ഒതുക്കി വെച്ചു.. "എന്തിനാ കരയുന്നെ " കള്ളച്ചിരിയോടെ തന്നെ നിറഞ്ഞ കണ്ണിലേക്കു നോക്കി ഷാ ചോദിച്ച നിമിഷം.. നിയന്ത്രണം അതിന്റെ വേലി പൊളിച്ചു.. ഇറുക്കി ഇറുക്കി കെട്ടിപിടിച്ചു കരയുമ്പോൾ പുറത്ത് തലോടി തണുപ്പിച്ചു.. "എന്നെ കുറിച്ച് എന്തറിഞ്ഞിട്ടാ ദയ " കാതരികിൽ പതിയെ ചോദിച്ചു.. "എനിക്കൊന്നും അറിയണ്ട... എനിക്കിഷ്ടമാണ്.. ഇല്ലാതെ വയ്യ.. ഞാൻ മരിച്ചു പോവും ".. വീണ്ടും മുറുകെ കെട്ടിപിടിച്ചു.. ആളും... ദയ കണ്ണുകൾ അമർത്തി തുടച്ചു.. അന്നത്തെ ആ ദേഹത്തിന്റ ചൂട് ഇന്നും അറിയാൻ കഴിയും.. ആ ഗന്ധമിന്നും ആസ്വദിക്കാൻ കഴിയും... കണ്മുന്നിൽ ആ കള്ളച്ചിരി ഇന്നും തെളിയാറുണ്ട്.. മത്സരിച്ചു സ്നേഹിച്ചു... ആളെ കുറിച്ച് ഒന്നും ചോദിച്ചില്ല... പേടിയായിരുന്നു... നഷ്ടപെടുമോ എന്ന പേടി പലപ്പോഴും ഭ്രാന്ത് പിടിപ്പിച്ചു.. എനിക്കിഷ്ടമാണെന്ന് ഓരോ വീർപ്പിനും ഷായോട് പറഞ്ഞു.. അപ്പോഴും അവൻ ചിരിക്കും.. അതേ കള്ളചിരി.. പതിയെ പതിയെ ചുറ്റുമുള്ളതെല്ലാം വിസ്മരിക്കാൻ തുടങ്ങി..

അവനിൽ തുടങ്ങി അവനിൽ അവസാനിക്കാൻ മാത്രം ജീവിച്ചു.. ലക്ഷ്യം മറന്നു... വീട് മറന്നു.. തന്നെ പോലും മറന്നു പോയിരുന്നു.. കൂട്ടുകാരിൽ നിന്നും പതിയെ അകന്നു.. അവർ അടുക്കാൻ ശ്രമിച്ചപ്പോൾ ഓടി അകന്നു.. ഒക്കെയും ഷാക്ക് വേണ്ടി.. അവന്റെ ചിരിയിൽ ലയിക്കാൻ വേണ്ടി.. അവൻ എന്ത് ആവിശ്യപെട്ടാലും എതിർവാക്ക് പോലും പറയാതെ അനുസരിച്ചു.. ഇന്നിപ്പോൾ എവിടെ എന്നു പോലും അറിയില്ല.. ദയ ഒന്ന് തേങ്ങി.. മാസങ്ങൾ കഴിഞ്ഞു.. ഒന്നും അറിയാത്തവനെ... അഹദ് ഷാ എന്നൊരു പേര് മാത്രം വെച്ചിട്ട് എവിടെ പോയി അനേഷിച്ചു കണ്ടു പിടിക്കും.. അറിയില്ലായിരുന്നു.. അവനൊന്നു പിണങ്ങുന്നത് പോലും സഹിക്കാൻ ആവില്ല.. ആ പിണക്കം പേടിച്ചിട്ട് അവന് വേണ്ടി എന്തേല്ലാം ചെയ്തു.. എന്നിട്ടും.... ഡിപ്രഷൻ അടിച്ച് ഹോസ്റ്റലിൽ മരണം മോഹിച്ചു കിടന്നപ്പോൾ... വീണ്ടും അവനെ തേടി ഇറങ്ങാൻ കൂട്ടുകാർ തന്നെ ഉണ്ടായിരുന്നുള്ളു.. താൻ ഷാക്ക് വേണ്ടി ആട്ടി ഓടിച്ച തന്റെ കൂട്ടുകാർ.. നിരാശയായിരുന്നു.. അവന്റെ അരികിൽ പോലും എത്തി പെടാൻ കഴിഞ്ഞില്ല.. കോളേജിൽ നിന്ന് പോലും ഒരു വിവരവും കിട്ടാത്ത അവസ്ഥ.. ആകെ കൈ വിട്ട് പോകും പോലെ... "നിനക്ക് ഉണ്ടായിരുന്ന ഇഷ്ടം സാറിനും ഉണ്ടങ്കിൽ...

തീർച്ചയായും തിരിച്ചു വരും ദയ.. നീ കാത്തിരിക്കൂ.. ഇപ്പൊ മറ്റൊന്നും ഓർക്കേണ്ട.. നന്നായി പഠിക്കൂ.. ഇപ്പോഴും വൈകിയിട്ടില്ല.." ചേർത്ത് പിടിച്ചിട്ട് സമീർ പറയുമ്പോൾ അവന്റെ തോളിൽ വീണു കരഞ്ഞു പോയിരുന്നു.. മറക്കാൻ ശ്രമിച്ചു... കൂടുതൽ തെളിച്ഛമോടെ ഓർക്കാൻ കഴിഞ്ഞു എന്ന് മാത്രം.. പഠനം പാതി വഴിയിൽ ഉപേക്ഷിച്ചു മടങ്ങി... ഇനി അതിന് പറ്റില്ലെന്ന് ഉറപ്പായിരുന്നു. അത് പക്ഷേ വിഡ്ഢിതമായി പോയി.. വീട്ടിൽ കല്യാണത്തിന് മുറവിളി കൂട്ടി തുടങ്ങി.. പഠനം എന്ന് പറഞ്ഞിട്ട് പിന്നെ മാറി നിൽക്കാൻ വയ്യാത്ത അവസ്ഥ... തനിക്കു സമയം വേണം.. ഷായെ തിരഞ്ഞു കണ്ട് പിടിക്കാൻ.. അവനിലേക്ക് ചേരാൻ ഒരു കാരണം വേണം.. രണ്ടിനും ശക്തമായ ഒരു കൂട്ട് വേണം.. അത് കൊണ്ട് തന്നെയാണ് റോഷനെ തിരഞ്ഞെടുത്തത്.. പണത്തിന് വേണ്ടി എന്തും ചെയ്യുന്നവൻ.. അവനെ വിശ്വസിച്ചു കൂടെ കൂട്ടാം എന്ന് അന്വേഷിച്ചു നോക്കിയപ്പോൾ മനസ്സിലായി... പിന്നീട് ഒരു ബാധ്യതയാവരുത്.. അതിനു അവൻ തന്നെ യാണ് ബെസ്റ്റ് ഓപ്ഷൻ.. പ്രണയത്തിനും ബന്ധത്തിനും പുല്ല് വില കൊടുക്കുന്നവൻ... വീട്ടിൽ റോഷൻ തന്റെ പ്രണയമാണെന്ന് വരുത്തി തീർത്തു.

കുഞ്ഞു നാൾ മുതൽ അവൻ അറിയാതെ അവനെ പ്രണയിക്കുന്ന... നായിക.. അവനില്ലാതെ ജീവിക്കാൻ വയ്യാത്ത നായിക.. അവന്റെ സ്നേഹമല്ലാതെ മറ്റൊന്നും മോഹിക്കാത്ത നായിക.. പിഴച്ചു പോയ അവന്റെ വഴിയിൽ ഇനി ഒരു വിളക്കാവും എന്ന് ഉറക്കെ പറയുന്ന നായിക.. അതായിരുന്നു പിന്നെ ദയ.. അവനും അത് അംഗീകരിച്ചു.. അത് കൂടുതൽ എളുപ്പമാക്കി കാര്യങ്ങൾ. എന്നിട്ടും പരമാവധി അവർ റോഷനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.. ഒടുവിൽ ഇവിടം വരെയും... നീ അറിയുന്നുണ്ടോ ഷാ.. നിനക്ക് വേണ്ടിയാണ്.. നിന്നിലേക്ക് ചേരാൻ വേണ്ടിയാണ്... ആരും ചെയ്യാത്ത കാര്യം വരെയും ദയ ചെയ്യുന്നത്.. എവിടെയാണ് നീ മറഞ്ഞത്.. എന്താണ് ഞാൻ ചെയ്തു പോയ തെറ്റ്.. നിന്നെ എന്റെ പ്രാണനോളം സ്നേഹിച്ചു എന്നതോ.. നിന്നിലേക്ക് മാത്രം ഒതുങ്ങി പോയൊരു മനസ്സിനുടമയാണ് ഞാൻ എന്നതോ... ഷായുടെ ഫോട്ടോ അടക്കി പിടിച്ചു കൊണ്ട് ദയ കണ്ണുകൾ ഇറുക്കി അടച്ചു.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story