കൂട്ട് 💕💕💕: ഭാഗം 4

Koott

രചന: ജിഫ്‌ന നിസാർ

അലങ്കരിച്ച കാറിൽ ദയ വന്നിറങ്ങിയ തൊട്ടടുത്തുള്ള നിമിഷം തന്നെയാണ് റോഷനും എത്തിയത്.. വെള്ള ഷർട്ടും മുണ്ടും... നീണ്ട മുടി ഇഴകൾ പിന്നിലേക്ക് കൊതി ഒതുക്കി വെച്ചിട്ടുണ്ട്.. കരുത്തുറ്റ കയ്യിലെ വെള്ളി ചെയ്ൻ വെയിലേറ്റ് തിളങ്ങി.. തൊട്ടു മുന്നിൽ നിന്നിട്ട് ചിരിയോടെ തന്നെ നോക്കുന്ന റോഷനെ കണ്ടപ്പോൾ ദയയുടെ മുഖം ദേഷ്യം കൊണ്ട് ഒന്നൂടെ ചുവന്നു.. പറഞ്ഞത് പോലെ തന്നെ... അവൻ അവന്റെ രീതിയിൽ വന്നിരിക്കുന്നു.. അതാണ്‌ അവളെ ചൊടിപ്പിച്ചത്.. അവൾക്കും... അവൾക്കൊപ്പം വന്നിറങ്ങിയവർക്കും ഒരേ ഭാവം... ഒരേ പുച്ഛം.. റോഷൻ അതൊന്നും കണ്ടില്ല.. അവന്റെ കണ്ണിൽ ദയ മാത്രം ഉണ്ടായിരുന്നുള്ളു.. അവളെ മാത്രമേ അവനപ്പോൾ കണ്ടിരുന്നുള്ളു.. അത്രമേൽ കൊതിപ്പിക്കുന്ന ഒരു സ്വപ്നം പോലെ.. വെറുതെ പോലും മനസ്സിൽ സങ്കൽപ്പിച്ചു വെച്ചിട്ടില്ല... അവൾ അവന്റെ പെണ്ണായിട്ട്... മാറി നിന്നു സ്നേഹിച്ചു... എപ്പോഴും സന്തോഷത്തിന്റെ ആ ചിരിക്കൾ അവളിൽ കാണുന്നതാണ് തന്റെ സന്തോഷം.. നരച്ചു പോയ തന്റെ ബാല്യത്തിലെ.... ഇത്തിരിയെങ്കിലും സന്തോഷം നൽകിയ കുഞ്ഞു ദയയുടെ ചിത്രം അവനോർമ വന്നു ആ നിമിഷം..

ഒരുപാട് അഭരണങ്ങൾ ഒന്നും തന്നെ അണിഞ്ഞിട്ടില്ല.. മിതമായ മേക്കപ്പ്... ലളിതമായി വർക്കുകൾ ചെയ്ത മന്ത്രകോടി..... മുടിയിൽ കൊരുത്തിട്ട പൂക്കൾ... നെറുകയിൽ ചൂടിയ കിരീടം... റോഷൻ അവളെ അടിമുടി നോക്കി കാണുന്ന തിരക്കിലായി പോയി.. അത് കൊണ്ട് തന്നെ അരികിൽ വന്നിട്ട് അടക്കി ചിരിക്കുന്നവരെ അവൻ കണ്ടതുമില്ല.. "ഹലോ... തോളിൽ തട്ടി അവളുടെ ഇച്ചായന്റെ വിളിയിൽ അവൻ ഞെട്ടി പോയി.. "ഇപ്പോഴും അങ്ങട് വിശ്വസം വന്നിട്ടില്ല അല്ല്യോ... അല്ല. നിന്നെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഒറ്റയടിക്ക് ലോട്ടറി അടിച്ച പോലെ അല്ലെ.." പുച്ഛത്തോടെ സജി റോഷന്റെ നേരെ നോക്കി.. അവൻ ഒന്നും മിണ്ടാതെ ദയയെ നോക്കി കണ്ണിറുക്കി കാണിച്ചു.. "ഞങ്ങൾ തന്നെ കൊഞ്ചിച് വഷളാക്കി വെച്ചതാ പെണ്ണിനെ.. അത് കൊണ്ട് ഇപ്പൊ നിന്നെ പോലെ ഒരു തെമ്മാടിയെ അളിയാ ന്ന് വിളിക്കേണ്ട ഗതികേട് ആയി പോയി " അപ്പോഴും തീരാത്ത അമർഷത്തോടെ സിബിയും അവനെ തുറിച്ചു നോക്കി. റോഷനും ദേഷ്യം വരുന്നുണ്ട്... ദയയുടെ കണ്ണിലെ പേടി... അവൻ കൈകൾ ചുരുട്ടി പിടിച്ചു അത് കണ്ടപ്പോൾ.. കുരിശും വീടിന്റെ പണകൊഴുപ്പ് മുഴുവനും അവിടെ കാണുന്നുണ്ട്..

അനാവശ്യമായ അലങ്കാരത്തിലേക്ക് റോഷൻ പുച്ഛത്തോടെ നോക്കി... ചുറ്റും കൂടിയവരൊക്കെ അവരെ നോക്കുന്നുണ്ട്.. ആളുകൾ വന്നു തുടങ്ങിയിട്ടേ ഒള്ളു.. "ഇന്നെങ്കിലും നല്ലൊരു ഡ്രസ്സ്‌ ഇട്ടൂടെ ടോ തനിക്ക്.. ഇതൊരുമാതിരി...മനഃപൂർവം ആണ് സിബി ഇവൻ... നമ്മളെ നാണം കെടുത്താൻ വേണ്ടി " സജി പല്ല് കടിച്ചു..കൊണ്ട് അനിയനോട് പറയുമ്പോൾ റോഷന് വിറച്ചു കയറി.. ഇനിയും മിണ്ടാതെ നിൽക്കാൻ വയ്യ.. റോഷൻ... ബൈക്കിൽ നിന്നും ഇറങ്ങി.. മുണ്ട് മടക്കി കുത്തി.. "കോട്ടും സൂട്ടും ഇട്ട റോഷനെ അല്ലല്ലോ പെങ്ങള് സ്നേഹിച്ചത്... അന്നും റോഷന്റെ വേഷവും രീതിയും ഇതൊക്കെ തന്നെ ആയിരുന്നു.. ഇനി അങ്ങോട്ടും ഇങ്ങനെ തന്നെ ആവും.. അതിന് അളിയൻ.... ഇവിടെ കിടന്നു കുരച്ചു ചാടിട്ട് ഒരു കാര്യവും ഇല്ലന്നേ... റോഷൻ മാറാൻ പോവുന്നില്ല... കേട്ടോടാ... അളിയൻ മാരെ " അവസാനം ഈണത്തിൽ പറയുന്ന റോഷനെ നോക്കുമ്പോൾ സജിയുടെ മുഖം ദേഷ്യം കൊണ്ട് കൂർത്തു.. അയാൾക്ക് മാത്രം അല്ല.. പിറകിൽ നിന്നിരുന്ന ദേവസ്യയുടെ മുഖവും കടുത്തു... സിബിയുടെ ഭാര്യ റീനയും സജിയുടെ ഭാര്യ അനുവും തമ്മിൽ തമ്മിൽ നോക്കി അമർത്തി ചിരിക്കുന്നുണ്ട്..

ദയയുടെ അമ്മ ദേവസ്യയെ പേടിയോടെ നോക്കുന്നുണ്ട്. അച്ഛന്റെ കൈകൾ ദയ അമർത്തി പിടിച്ചു.. അവൾക് നല്ല പേടി ഉണ്ടായിരുന്നു.. ഇതിപ്പോൾ ഇവൻ ഇവിടെ ഷോ കാണിച്ച് അലസി പിരിഞ്ഞു പോയാൽ താൻ വിചാരിച്ചത് ഒന്നും നടക്കില്ല.. ഇങ്ങനെ ഒരു സീൻ പേടിച്ചിരുന്നു... അത് കൊണ്ട് തന്നെയാണ് അവനോട് ഇന്നലെ അങ്ങനെ ആവിശ്യപെട്ടത്.. അവൾക്ക് റോഷനോട് ദേഷ്യം തോന്നി.. "അഹങ്കാരി.." ദേവസ്യ കുറച്ച് ഉറക്കെ തന്നെ പറഞ്ഞു.. "അതേലോ... റോഷൻ അഹങ്കാരി മാത്രം അല്ല.. തെമ്മാടി... തല്ലി പൊളി.. അങ്ങനെ എന്തെല്ലാം വിശേഷണം ബാക്കി ഉണ്ടന്നോ... മോളോട് ചോദിക്കൂ.. പറഞ്ഞു തന്നോളും " റോഷൻ ദയയെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞു.. ദയ വിളറി പോയി.. "പ്ലീസ് " ശബ്ദം വരാതെ അവൾ അവനോടു കെഞ്ചി.. ആ കണ്ണിലെ അപേക്ഷ... റോഷന്റെ ദേഷ്യം അലിഞ്ഞു പോയിരുന്നു.. "വാ... ഇനിയും അവിടെ നിൽക്കുന്നത് പന്തിയല്ലെന്നു തോന്നിയ അവൾ അവന്റെ കൈയിൽ പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു.. അവൾ പിടിച്ച കയ്യിലേക്ക് റോഷൻ ആവേശത്തോടെ നോക്കി.. ഹൃദയം മുഴുവനും കുളിരുന്ന പോലെ.. ❤❤❤❤❤❤❤❤❤❤❤❤❤❤❤

മന്ത്രകോടിയിൽ നിന്നും പറിച്ചെടുത്ത നൂലിഴകളിൽ... മിന്ന് കൊരുത്തിട്ട്... ആ താലി ദയയുടെ കഴുത്തിൽ അണിയിക്കുമ്പോൾ... മനസ്സറിഞ്ഞു സന്തോഷിച്ച ഒരേ ഒരാൾ... അത് താൻ ആണെന്ന് റോഷന് തോന്നി.. തൊട്ടരികിൽ നിൽക്കുന്നവളുടെ നിറഞ്ഞ കണ്ണുകൾ... അരികിലുള്ള അവളുടെ കുടുംബത്തിന്റെ ദേഷ്യം നുരയുന്ന മുഖം.. ആശീർവദിക്കാൻ എന്നപോലെ എത്തിയവരുടെ കണ്ണിലെ അസൂയ... എല്ലാം അവനും തിരിച്ചറിയാൻ കഴിഞ്ഞു... എങ്കിലും... ഉള്ളിൽ നിറഞ്ഞ സന്തോഷം അവനെ കുളിരണിയിക്കുന്നുണ്ട്. അവനിതൊരു സ്വപ്നം പോലാണ്.. ഉടഞ്ഞു പോകുമെന്ന് ഉറപ്പുണ്ടായിട്ടും അത്രമേൽ ഇഷ്ടത്തോടെ... മനോഹരമായി അവൻ നെയ്തു കൂടിയ... സ്വപ്നം.. അവൻ അവളെ ഒന്ന് പാളി നോക്കി. ആ നെഞ്ചിൽ പതിഞ്ഞു കിടന്നു.. താൻ അണിയിച്ച താലി.. അവൾക്ക് അവളിലെ സന്തോഷം നേടി കൊടുക്കാൻ റോഷന്റെ സമ്മാനം. അവൻ പതിയെ ചിരിച്ചു.. നീ എത്ര ശ്രമിച്ചാലും കാണാത്തൊരു മഴയാണ് ഞാൻ. ദയ.. ഞാൻ എത്ര പെയ്താലും നനയാത്തൊരു ഇലയാണ് നീയും.. ഫോട്ടോ ഗ്രാഫർ അവളോട്‌ ചേർന്ന് നിൽക്കാൻ പറയുമ്പോൾ... ആ മുഖത്തെ ദേഷ്യം... അതവനിൽ നോവ് പടർത്തി..

ഇനിയും എന്തെല്ലാം നോവുകൾ ബാക്കി വെച്ചിട്ടുണ്ട്.. നീയും നിന്റെ കുടുംബവും.. ചേർത്ത് പിടിച്ചിട്ട് ചിരിച്ചു നിൽക്കുമ്പോൾ റോഷൻ അതാണ്‌ ഓർത്തത്.. രണ്ടോ മൂന്നോ ഫോട്ടോകൾ എടുത്തു കഴിഞ്ഞു റോഷൻ തന്നെ അയാളോട് മതിയാക്കാൻ പറഞ്ഞു.. ദയയുടെ കണ്ണിലെ ദേഷ്യം തന്നെ ആയിരുന്നു അതിന് കാരണം.. എടുത്തു തുടങ്ങിയതല്ലേ ഒള്ളൂ സർ... ഇത് പോലൊരു നിമിഷം മിസ് ചെയ്യരുത്. ഭാവിയിൽ കാത്തു വെക്കാനുള്ള മുഹൂർത്തമല്ലേ.. " ഫോട്ടോഗ്രാഫർ പയ്യന്റെ രോദനം.. റോഷന് ചിരി വന്നു.. അറിയാടോ.. ഈ നിമിഷമില്ലേ.. ഇനിയൊരിക്കലും റോഷന്റെ ജീവിതത്തിൽ ആവർത്തിക്കാത്ത നിമിഷമാണിത്.. ആവർത്തിക്കാത്ത കുറെ നല്ല നിമിഷങ്ങളുടെ പേരല്ലേ ആയുസ്സ് എന്നത്. പൂർണ മനസ്സോടെ ഈ നിമിഷത്തെ ഞാൻ... ഞാൻ മാത്രം അനുഭവിക്കട്ടെ.. ഇതിലെ നോവുകളെ സ്വീകരിക്കട്ടെ.. ഈ ജീവിതം.... ഏറിയ ആറു മാസം മാത്രം കാണത്തൊള്ളൂ സഹോദരാ... അവൻ മനസ്സിൽ പറഞ്ഞു.. അവൻ ദയയെ നോക്കി.. ഉള്ളിലെ ടെൻഷൻ കൊണ്ടായിരിക്കും... അവൾ വല്ലാതെ തളർന്നു പോയത് പോലെ തോന്നി അവന്.. ആളും ആരവങ്ങളും ഒന്നും... അവൾ അറിയുന്നില്ല.. കൈ വിരലുകൾ മടക്കിയും നിവർത്തിയും...

റോഷൻ അവളെ അലിവോടെ നോക്കി.. 'കഴിയുമെങ്കിൽ നിന്റെ ഹൃദയത്തിൽ എനിക്കും കൂടി ഒരിടം താ ദയ... ഒരു പരിജയകാരൻ ആയിട്ടെങ്കിലും..അവകാശം സ്ഥാപിക്കാനല്ല.. തനിച്ചായി പോകുന്നു എന്ന് തോന്നുമ്പോൾ എല്ലാം മറന്നിട്ട് ഒന്ന് ചേർന്നിരിക്കാൻ ഒരിടം.. എനിക്കും നിനക്കും... സ്റ്റേജിൽ അലങ്കരിച്ച ഇരിപ്പിടത്തിൽ അവളുടെ അരികിൽ പോയിരുന്നു റോഷൻ.. ദയ... അവൻ പതിയെ വിളിച്ചപ്പോൾ... അവൾ തിരിഞ്ഞു നോക്കി.. മഷി എഴുതിയ ആ കണ്ണുകൾക്കുള്ളിലെ നോവാഴങ്ങളിലേക്ക് അവനും വേദനയോടെ നോക്കി... "നീ ഇങ്ങനൊരു നാടകം നടത്താൻ കൂട്ട് വരുമോ എന്ന് ചോദിച്ചപ്പോൾ തന്നെ ഞാൻ ഒരു വാക്ക് തന്നിരുന്നു നിനക്ക്.. മറന്നു പോയോ ദയ നീ അത് " റോഷൻ പതിയെ ചോദിച്ചു... ദയ ഒന്നും മിണ്ടിയില്ല.. "എന്ത് തന്നെ ആയാലും... എന്തിന് വേണ്ടിയാണോ നീ ഇത്രയും വേദനിക്കുന്നത്... ആ വേദന ഞാൻ തീർത്തു തന്നിരിക്കും എന്നത്....മറന്നുവല്ലേ..." റോഷൻ ഉറപ്പോടെ പറയുമ്പോൾ ദയ അവന്റെ നേരെ നോക്കി.. അവളുടെ കണ്ണുകൾ തിളങ്ങി.. "ഇങ്ങനെ വിഷമിക്കല്ലേ... ഞാൻ ഉണ്ടല്ലോ... ഞാൻ നേടി തരാം... ഈ കണ്ണുകൾ നിറയ്ക്കല്ലേ..

ഇവിടെ കൂടിയവർക്ക് ഇത് നമ്മുടെ സ്വപ്നങ്ങൾ പൂവണിയുന്ന നിമിഷമാണ്.. നിന്റെ ഈ വാടിയ മുഖം അവരിൽ സംശയം ഉണർത്തും... അത് അപകടമാണ് ദയ... നിന്റെ സ്വപ്നത്തിലേക്കുള്ള യാത്ര... മുടക്കം വരും.. അത് വേണോ " റോഷൻ ചിരിയോടെ തന്നെ ആണ് ചോദിക്കുന്നത്.. അവളുടെ കണ്ണിലെ പിടച്ചിൽ... അവന്റെ ഹൃദയമാണ് പിടഞ്ഞത്... "ഒന്നും കൊണ്ടും പേടിക്കണ്ട.. എന്നേ വിശ്വാസം ഉണ്ടെങ്കിൽ... സന്തോഷമായിട്ടിരിക്ക്.. നമ്മുക്ക് തേടി പിടിക്കാം..." റോഷൻ പറയുമ്പോൾ ദയയുടെ ചുണ്ടിലും ചിരി മിന്നി.. അതായിരുന്നു അവനും വേണ്ടത്.. ഒന്നിനും വേണ്ടിയും... ആർക്ക് വേണ്ടിയും ആ സന്തോഷം ഇല്ലാതെയാവരുത്.. അതേ അവനും മോഹിച്ചോള്ളൂ... നിന്റെ ഈ മുഖം ഒരിക്കൽ എനിക്കും സന്തോഷം നൽകിയ കാഴ്ചയായിരുന്നു.. കാത്തിരിക്കാനുള്ള കാരണമായിരുന്നു.. ഞാൻ വളരുമ്പോൾ എന്നോടൊപ്പം അറിയാതെ വളർന്നു വലുതായി പോയൊരു സ്വപ്നം ആയിരുന്നു... എത്രയൊക്കെ ഞാൻ ചേർന്ന് നിന്നാലും നിനക്കെന്നെ വേണ്ടാതെയാവുംമെന്നു അറിഞ്ഞിട്ട് തന്നെയാണ് ദയാ... കാരണം എന്റെ ഇഷ്ടം... അതിനാഴം ഒന്നും നിനക്കറിയില്ല.. നിനക്ക് പ്രിയപ്പെട്ടത് വേറെ പലതുമല്ലേ...

ആ ചിരിയിലേക്ക് നോക്കി റോഷൻ ഓർത്തു.. തിങ്ങി ഞെരിങ്ങിയ ആൾക്കൂട്ടത്തിനെ റോഷൻ വെറുതെ നോക്കി.. അസൂയ.... കുശുമ്പ്... ആ ഭാവം തോന്നാൻ പണക്കാരൻ പാവപെട്ടവൻ എന്നൊന്നും ഇല്ല... കോട്ടും ടൈയ്യും കെട്ടിയവന്റെ കണ്ണിലും തന്നോടുള്ള മുഴുത്ത അസൂയ... ദേഷ്യം.. ദേവസ്യയുടെ മരുമകൻ..... ദയയുടെ ഭർത്താവ്...ആ പദവി... അതഗ്രഹിച്ചവർ... താഴെ നിന്നും തന്നെ ദേഷ്യത്തോടെ നോക്കുന്നത് കണ്ടപ്പോൾ റോഷൻ ചിരിച്ചു.. അവൻ കൊടുത്ത ധൈര്യം കൊണ്ടായിരിക്കും... ദയയുടെ ചുണ്ടിലും ചിരിയുണ്ട് പിന്നെ.. സ്റ്റെജിൽ കയറി വരുന്നവരോട് ചിരിച്ചു കൊണ്ടാണ് സംസാരം മുഴുവനും... നിറഞ്ഞ മനസ്സോടെ അവനും അത് നോക്കി കണ്ടിരുന്നു.... ❤❤❤❤❤❤❤❤❤❤❤❤❤❤❤ "എന്തറിഞ്ഞിട്ടാണ് ബ്രോ " കെട്ടിപിടിച്ചു കൊണ്ട് ധ്രുവിക്ക് കാതിൽ ചോദിച്ചപ്പോൾ റോഷൻ ഞെട്ടി പോയി.. അടർന്നു മാറിയ അവന്റെ ചുണ്ടിലും ചിരി... അത് പക്ഷേ വേദന നിറഞ്ഞതായിരുന്നു.. "എല്ലാം അറിഞ്ഞിട്ടാണ് ബ്രോ " റോഷനും കണ്ണടച്ച് കാണിച്ചു കൊണ്ട് പറഞ്ഞു.. അവളുടെ കൂട്ടുകാർ ആണ്.. എല്ലാവരും ഉണ്ട്.. സോനാ... നിമിഷ.. സമീർ.. അജയ്... അലൻ.. എല്ലാവർക്കും സങ്കടം തന്നെ.. അവരെ കണ്ടപ്പോൾ വീണ്ടും ദയയുടെ കണ്ണിൽ വേദന വിരിഞ്ഞ പോലെ....

റോഷൻ ചിരിച്ചു കൊണ്ട് തന്നെ വിശേഷം പറഞ്ഞു.. അവർക്ക് അവൻ ഒരു അത്ഭുതം തന്നെ ആയിരുന്നു.. നഷ്ടപെടുമെന്ന് ഉറപ്പുണ്ടായിട്ടും... ഇയാളുടെ കണ്ണിൽ സ്നേഹമാണല്ലോ " ധ്രുവിക്ക് അതായിരുന്നു... അത് കണ്ടിട്ടായിരുന്നു അവനോടു അങ്ങനെ ചോദിച്ചത്.. ദയ തന്നെ പറഞ്ഞിരുന്നു അവരോട് . ഇങ്ങനെ ഒരു നാടകം നടത്തുന്ന കാര്യം.. അന്നത്തെ പോലെ... അവർ പരമാവധി അവളെ തടയാൻ നോക്കി... പക്ഷേ അവൾക്ക് മുന്നിൽ ഷാ യിലേക്ക് ഒരു വഴി.. അത് മാത്രം ആയിരുന്നു ഈ വിവാഹം.. അതിനപ്പുറം ഒന്നുമില്ല. അവരോടു സംസാരിക്കുന്നു എങ്കിലും റോഷന്റെ കണ്ണുകൾ ദയയെ തഴുകി... കുറച്ചു മുന്നേ താൻ കൊടുത്ത വാക്കിന്റെ വീര്യം അവളിൽ തീർന്ന് പോയിരുന്നു... ഒരാളിൽ എനർജി നിറക്കാൻ.... ധൈര്യം നിറക്കാൻ... സന്തോഷം നിറക്കാൻ... എല്ലാം നമ്മുടെ ഒരു വാക്ക് മാത്രം മതി.. പറയുന്ന വാക്കിന്റെ അർഥമല്ല...അത് ഉപയോഗിക്കുന്ന രീതിയിലാണ് ആ മായാജാലം ഒളിച്ചിരിക്കുന്നത്... അത് അവനും നന്നായി അറിയാം.. കാരണം... നല്ലൊരു വാക്ക് കേൾക്കാൻ കൊതിച്ചൊരു കുട്ടി അപ്പോഴും അവന്റെ ഉള്ളിൽ മുറവിളി കൂട്ടുന്നത് അവനറിയാം.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story