കൂട്ട് 💕💕💕: ഭാഗം 5

Koott

രചന: ജിഫ്‌ന നിസാർ

"ഒരു പെണ്ണിനെ മിന്നും കെട്ടി വീട്ടിൽ ആക്കിയത് കൊണ്ട് ഒരു ഭർത്താവിന്റെ കടമ കഴിഞ്ഞോ റോഷാ.. സമയം നോക്ക്.. പത്തു കഴിഞ്ഞു. നീ ചെല്ലുന്നതും കാത്തു ഇരിപ്പില്ലേ ആ പെങ്കൊച്... എഴുന്നേറ്റു പോടാ " സനൽ റോഷന്റെ കയ്യിൽ തട്ടി പറഞ്ഞു... വെറും നിലത്ത് മലർന്ന് കിടപ്പാണ് അവൻ. അവന്റെ വീട്ടിൽ.. ഒരു വിധം ഊരി പോരുകയായിരുന്നു.. ഇത്രേം ഭീകരമാണ് കല്യാണം എന്ന് ഇന്നാണ് അറിഞ്ഞത്.. അറിയുന്നവരോടും അറിയാത്തവരോടും ഇളിച്ചു കാണിച്ചു ഊപാട് ഇളകി.. മസിൽ പിടിച്ചും ഇരുന്നു നോക്കി.. സ്റ്റേജിൽ കയറി വരുന്നവർ കൈ നീട്ടി കൊണ്ട് ഇളിച്ചു കാണിക്കുമ്പോൾ തിരിച്ചും അത് തന്നെ ചെയ്യുകയെ നിവർത്തിയുണ്ടായിരുന്നുള്ളു.. അവരുടെ കണ്ണിൽ ഭാഗ്യവാൻ ആണല്ലോ.. ആ ഒരു കുത്തൽ ഉണ്ടായിരുന്നു പലരുടെയും ചിരിക്കു പിന്നിൽ. വൈകുന്നേരം ദയയുടെ വീട്ടിൽ കയറി എന്നേ ഒള്ളൂ... പെട്ടന്ന് തന്നെ ചാടി ഇറങ്ങി പോന്നു.. വല്ലാത്ത ഒരു വീർപ്പു മുട്ടൽ പോലെ.. തനിക്കു ചേരാത്ത സ്ഥാനം... കോമാളിയെ പോലെ... നോക്കുന്ന കണ്ണിൽ എല്ലാം പരിഹാസം പോലെ.. അത് കണ്ടു നിൽക്കാൻ വയ്യായിരുന്നു.. "എന്നാലും എന്റെ റോഷാ... ആ കുട്ടി എന്ത് കണ്ടിട്ടാ..

നിന്നെ ആരും അറിയാതെ പ്രണയിച്ചു പോലും... എനിക്കതാ മനസ്സിലാവാത്തത് " ജിബി അത്ഭുതം അടക്കാതെ തന്നെ പറഞ്ഞു.. "ആളും തരവും നോക്കാതെ ഇങ്ങനെയൊക്കെ പ്രണയം ഉണ്ടാവുമോ. അതും നിന്നെ പോലെ ഒരാളോട്.. എനിക്കെന്തോ.. അത്ര വിശ്വാസം പോരാ.. എടാ...അവള് ഇനി നിന്നെ കൊണ്ട് എന്തെങ്കിലും ആവിശ്യം നടന്നു കിട്ടാൻ വേണ്ടി ആന്നോ..." ജിബി വീണ്ടും ചോദിച്ചു.. റോഷൻ എഴുന്നേറ്റു ഇരുന്നു...ചുവരിൽ ചാരി..ഒന്നും പറഞ്ഞില്ല.. അതവൾക്ക് കൊടുത്ത വാക്കാണ്.. പതിയെ ചിരിച്ചു.. "അത് കേട്ട് തുള്ളാൻ അവളുടെ കുടുംബം മുഴുവനും.. നല്ല രണ്ടു അടി വെച്ച് കൊടുത്തിട്ട് മകളെ പറഞ്ഞു തിരുത്താൻ ഉള്ളത്തിന്... ദോണ്ട്... ഇവനെ ആനയിച്ചു തറവാട്ടിൽ കയറ്റിയേക്കുവാ.. പൊങ്ങൻമാര് " ജിബി ചുണ്ട് കോട്ടി... "അല്ല റോഷാ... അവന്മാർക്ക് ബോധം ഇല്ലെന്ന് കരുതാം.. നീ എന്ത് കണ്ടിട്ടാ അവളെ തലയിൽ എടുത്തു വെച്ചത്.. നിനക്ക് ഇമ്മാതിരി വികാരം ഒക്കെ ഉണ്ടോ ടോ.. തെമ്മാടി " സനൽ റോഷന്റെ തോളിൽ അടിച്ചു കൊണ്ട് പറഞ്ഞു.. റോഷൻ ഒന്നും മിണ്ടാതെ അവരെ നോക്കി മീശ പിരിച്ചു കാണിച്ചു..കണ്ണിറുക്കി "എന്താ അവന്റെ ഒരു ഇളി...

പെണ്ണുങ്ങളെ കാര്യം പറയുന്നതേ ഇഷ്ടമില്ലാത്ത ആളാണ്.. ആ പേരും പറഞ്ഞു നീ ഞങ്ങളെ എന്തോരും ചീത്ത വിളിച്ചുണ്ടെടാ നാറി.. എന്നിട്ടിപ്പോ ഒരു പെണ്ണു ഇഷ്ടം പറഞ്ഞത്.. അവൻ വെള്ളം തൊടാതെ അങ്ങ് വിഴുങ്ങി വന്നിരിക്കുന്നു.." ജിബി റോഷനെ കൂർപ്പിച്ചു നോക്കി.. അവൻ അപ്പോഴും ചിരിച്ചു.. ഈ ലോകത്തിലെ റോഷന്റെ രണ്ടു ബന്ധം... അതിവരാണ്... സാഹചര്യം കൊണ്ട് എത്തി പെട്ടത് കുപ്പതൊട്ടിയിൽ ആണേലും... തമ്മിൽ ഒരിക്കലും ഒറ്റി കൊടുക്കാത്ത സൗഹൃദം.. അത് തന്നെ അല്ലേ സൗഹൃദം മനോഹരമാക്കുന്നത്.. അത്യാവശ്യം കുരുത്തകേട് കയ്യിലുണ്ട് ജിബിക്കും സനലിനും.. കള്ളായും പെണ്ണായും.. പക്ഷേ... റോഷന് ഇത് രണ്ടുമില്ല.. കണ്ണ് നിറഞ്ഞ അമ്മയുടെ ചിത്രമാണ് അവന് കള്ള്... ഉള്ളുരുകിയ അമ്മയുടെ തേങ്ങലാണ് അവന് പെണ്ണ്.. അവരെത്ര നിർബന്ധിച്ചു വിളിച്ചാലും ആ വഴിയിൽ ഒരിക്കലും അവൻ നടന്നിട്ടില്ല.. "ഓ... റോഷൻ അല്ലേലും ഗുണ്ടകളിലെ നല്ല കുട്ടി അല്ലേ... കള്ളില്ല പെണ്ണില്ല... കൂലി തല്ല് ആണേലും കാശ് കിട്ടിയ നേർ പാതി ഇപ്പഴും അനാഥലയത്തിൽ എത്തിക്കുന്ന പുണ്യാളൻ... നീ എങ്ങനാടോ ഈ വഴിയിൽ എത്തിയെ...

നിനക്ക് പള്ളീൽ അച്ഛൻ ആവാൻ നല്ല ഭാവി ഉണ്ടായിരുന്നു " ജിബി പറഞ്ഞപ്പോൾ റോഷൻ പൊട്ടിച്ചിരിച്ചു.. അവരോടപ്പം ആകുമ്പോൾ മാത്രം അവനുള്ളിലെ കടൽ ശാന്തമാവാറുണ്ട്.. പൊട്ടി ചിരിക്കാറുണ്ട്.. മറ്റെല്ലാം മറന്നു കൊണ്ട് തന്നെ.. ആ ചിരിയിലേക്ക് ജിബിയും സനലും സന്തോഷത്തോടെ നോക്കി.. "മതിയെടാ... പോവാൻ നോക്ക്.. എന്തൊക്കെയായാലും ഇന്ന് നിന്റെ കല്യാണരാത്രി അല്ലേ.. ദേവസ്യ നിന്നോടുള്ള ദേഷ്യം കൊണ്ട് ഗെറ്റ് പൂട്ടും.. മരുമോൻ ആദ്യദിവസം തന്നെ മതില് ചാടേണ്ടി വരും " സനൽ കളിയാക്കി... "എല്ലാം ഞാൻ ഒരിക്കൽ പറയാം.. അന്ന് എന്നോടൊപ്പം നിന്നെക്കണേ രണ്ടാളും " ജിബിയുടെ തോളിൽ കയ്യിട്ടു റോഷൻ പറഞ്ഞു.. "അത് പിന്നെ പറയാൻ ഉണ്ടോ റോഷാ.. നീ ഇപ്പൊ പോയിട്ട് വാ " സനൽ ചിരിച്ചു കൊണ്ട് പറഞ്ഞു.. അതെന്താണ് എന്നവർ ചോദിച്ചതെ ഇല്ല.. റോഷൻ പതിയെ എഴുന്നേറ്റു അകത്തേക്ക് നടന്നു... കുളിയൊക്കെ കഴിഞ്ഞു ഡ്രസ്സ്‌ മാറ്റി അവൻ തിരിച്ചു വന്നപ്പോഴും ജിബിയും സനലും അവിടെ തന്നെ ഉണ്ടായിരുന്നു..

ഒക്കെ ടാ.. രാവിലെ കാണാം.. " കൈ കാണിച്ചു കൊണ്ട് റോഷൻ ബൈക്കിൽ കയറി.. ശുഭരാത്രി " ജിബി ഉറക്കെ വിളിച്ചു പറയുമ്പോൾ റോഷൻ ചിരിച്ചു കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു.. ❤❤❤❤❤❤❤❤❤❤❤❤❤❤ ഗേറ്റ് തുറന്നു തന്നെ കിടക്കുന്നു.. റോഷൻ ബൈക്ക് ഓടിച്ചു കയറ്റി.. പൂരപറമ്പിൽ ചെന്ന പോലെ തോന്നി അവന് പെട്ടന്ന്.. അത്രയും പ്രകാശം പൂരിതം.. തലയെടുപ്പോടെ കുരിശും വീട്.. ബഹളമെല്ലാം അമർന്നിരുന്നു.. റോഷൻ ഒരു നിമിഷം ബൈക്കിൽ തന്നെ ഇരുന്നു.. അകത്തും കാത്തിരിക്കാൻ ആരാണ്.. സിറ്റൗട്ടിൽ ആരും ഇല്ല.. ഹാളിലേക്കുള്ള വാതിൽ തുറന്നിട്ട്‌ വെച്ചിട്ടുണ്ട്.. തന്നോടുള്ള ദേഷ്യത്തിനു എല്ലാം അടച്ചു പൂട്ടി കളയുമെന്ന് കരുതിയിരുന്നു.. അവൻ പതിയെ ഇറങ്ങി.. മുണ്ട് മടക്കി കുത്തി അകത്തേക്ക് നടന്നു.. ഒരു വല്ലായ്മ തന്നെ പൊതിയുന്നുണ്ട്.. അതവൻ അറിയുന്നുമുണ്ട്. "കാലാവധി തീരും വരെയും താൻ എന്റെ വീട്ടിൽ താമസിക്കണം.. ഒരു ബുദ്ധിമുട്ടും വരാതെ ഞാൻ നോക്കിക്കോളാം..

" ദയയുടെ വാക്കുകൾ ഓർമ വന്നവന്.. എല്ലാം നിനക്ക് വേണ്ടിയാണ് എന്റെ പ്രണയമേ... ഒരിക്കലും തിരിച്ചു കിട്ടില്ലന്നറിഞ്ഞിട്ടും ഉണ്ടെന്നൊരു തോന്നലിലേക്ക് ഞാൻ നിന്നെ ചേർത്ത് വെക്കുന്നുണ്ട് ദയാ.. അവൻ മുടി കൊതി ഒതുക്കി കൊണ്ട് അകത്തേക്ക് കയറി... ഹാളിലെ സെറ്റിയിൽ സജിയും സിബിയും ഇരിക്കുന്നു.. "നശിപ്പിച്ചു.. ഇപ്പൊ ചൊറിഞ്ഞു തുടങ്ങും " നെറ്റിയിൽ കൈ ചേർത്ത് റോഷൻ പിറുപിറുത്തു.. അവനെ കണ്ടപ്പോൾ അവരുടെ ചുണ്ടിലും പരിഹാസം മിന്നി.. "അളിയൻ എന്താ വൈകിയത്.. മിന്ന് കെട്ട് കഴിഞ്ഞത് മറന്നു പോയോ " സജി എഴുന്നേറ്റു കൊണ്ട് ചോദിച്ചു.. "ഏയ്... ഇന്നത്തെ തല്ല് പിടി കഴിഞ്ഞു പോന്നപ്പോ നേരം വൈകി പോയതാവും... ചേട്ടാ" സിബിയും സജിയെ പിന്തുണച്ചു റോഷനെ കളിയാക്കി.. എന്നിട്ടും അവൻ മിണ്ടാതെ നിന്നു.. അവരോട് സംസാരിക്കാൻ നിന്നാൽ ശെരിയാവില്ല...എന്നവന് തോന്നി.. "കേട്ടോ സിബി... അളിയന്റെ ജോലി എന്താ എന്ന് ഇന്ന് കൂടിയവർ ചോദിച്ചപ്പോൾ എന്റെ തൊലി ഉരിഞ്ഞു പോയി.. കൂലി തല്ല് എന്ന് പറയാൻ ഒക്കുവോ.." സജി പല്ല് കടിച്ചു... "ഞാനും അതേ.. റീനയുടെ ബന്ധുക്കൾ മുഴുവനും ചോദിച്ചു... അവർക്ക് ഇവനെ അറിയാത്തത് കൊണ്ട് ഭാഗ്യം ആയി.. വല്ലാതെ നാണം കെട്ടില്ല ഞാൻ " സിബി ദേഷ്യത്തോടെ റോഷനെ നോക്കി... റോഷന്റെ നിയന്ത്രണം വിട്ട് തുടങ്ങിയിരുന്നു..

അവൻ കൈകൾ ചുരുട്ടി പിടിച്ചു.. "അല്ലേലും ഇങ്ങനെ ഒരു അവസരം കിട്ടിയ ആരാണ് വെറുതെ കളയുക.. അല്ലെടോ.. തല്ല് കൊള്ളി.." സജി വീണ്ടും പറഞ്ഞപ്പോൾ റോഷൻ വെട്ടി തിരിഞ്ഞു... അവന്റെ കണ്ണിലെ തീഷ്ണത.... അവരൊന്നു പതറി പോയി.. നേർക്ക് നേർ അവനോടു ഒരു വാക്ക് മിണ്ടാൻ പോലും ധൈര്യം രണ്ടു പേർക്കുമില്ല. ഇപ്പോഴും. ഇതിപ്പോൾ അവനൊന്നും നിലവിട്ട് പറയില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ്.. മാത്രമല്ല... അവനിപ്പോ തങ്ങളുടെ വീട്ടിലാണ്..അതും ഒരു ധൈര്യമാണ്. "പെങ്ങളെ കെട്ടി എന്നത് നേര് തന്നെ. എന്ന് കരുതി റോഷനെ കേറി ചൊറിയാൻ വന്ന... ചേട്ടത്തിമാർക്ക് വേറെ കെട്ട്യോന്മാരെ തിരയേണ്ടി വരും.. കേട്ടോ " കടുപ്പത്തിൽ റോഷൻ തിരിച്ചു പറയുമ്പോൾ അവരുടെ മുഖം വിളറി പോയി.. "എനിക്ക് നിങ്ങളുടെ പെങ്ങളെ കെട്ടിച്ചു തായോ എന്ന് നിലവിളിച്ചോണ്ട് വന്നോടോ അളിയന്മാരെ ഞാൻ നിങ്ങളുടെ വീട്ടു മുറ്റത്ത് .. ഇല്ലല്ലോ.." റോഷൻ ദേഷ്യത്തോടെ പറയുമ്പോൾ അവരുടെ ഉത്തരം നിലച്ചു പോയിരുന്നു. "അവൾ അങ്ങനെ ഒരു വിവരകേട് കാണിക്കുമ്പോൾ... ഇവിടുത്തെ പൂത്ത കാശും ഞങ്ങളുടെ നിലയും വിലയും ഒക്കെ കണ്ടിട്ട് തന്നെ അല്ലെടോ നീ ഈ കളി മൂപ്പിച്ചു വിട്ടത് "

സജി റോഷന്റെ നേരെ ചീറി... അവനൊന്നു ചുണ്ട് കോട്ടി.. "റോഷന് ആരുടേയും ഔദാര്യം കിട്ടിയിട്ട് വേണ്ടെടോ.. കൂലിതല്ല് ആണേലും അതിനൊരു അന്തസ്സ് കാണുന്നുണ്ട് ഞാൻ.. ചെന്നിട്ട് ശെരിക്കും അന്വേഷിച്ചു നോക്കിയ അറിയാൻ പറ്റും.. റോഷൻ ന്യായമല്ലാത്ത ഒന്നിനും വേണ്ടി... അതിനി എത്ര കാശ് തന്നിട്ടായാലും... ചെയ്യില്ല.." കയ്യിലെ ചെയ്ൻ മുകളിലേക്ക് വലിച്ചു കയറ്റി അവൻ സജിയുടെ അരികിൽ എത്തി.. "പിന്നെ നിങ്ങടെ നിലയും വിലയും.. അതൊന്നും പറയണ്ട... അതാണ്‌ നല്ലത്... നിങ്ങടെ അപ്പൻ... ദേവസ്യ പോലും അറിയാതെ നീ ഒക്കെ കൊണ്ടു നടക്കുന്ന സെറ്റപ്പ്... കെട്ടിയ പെണ്ണിന് അറിയാതെ ഒളിച്ചു കളിക്കുന്ന.... മ്മ് മ്മ്....നിങ്ങൾക്ക് തമ്മിൽ അറിയാവോ അളിയൻസേ " പതിയെ റോഷൻ ചോദിക്കുമ്പോൾ സജിയും സിബിയും ഞെട്ടി പോയി.. "പേടിച്ചു പോയി അല്ലേ.. റീന കൊച്ചമ്മയും അനു കൊച്ചമ്മയും അറിയാതെ നിങ്ങളുടെ ഈ അണ്ടർ ലൈൻ വലി റോഷന് അറിയാം കേട്ടോ... തെളിവ് സഹിതം മുന്നിൽ നിരത്തും ഞാൻ എന്നോട് കളിക്കാൻ വന്ന " മീശ പിരിച്ചു.... ചിരിച്ചു കൊണ്ട് റോഷൻ പറയുമ്പോൾ അവർ രണ്ടാളും വിയർത്തു പോയിരുന്നു.

"എന്താ അത് വേണോ... നിങ്ങൾ രണ്ടാളും എല്ലാം അറിഞ്ഞിട്ടും തമ്മിൽ തമ്മിൽ മറച്ചു പിടിച്ചു രസിക്കുന്ന പോലെ ആവില്ല അത് ... കുടുംബം കുളം തൊണ്ടും ഞാൻ... പറഞ്ഞില്ലെന്നു വേണ്ട " റോഷന്റെ കണ്ണിൽ തീ പാറും പോലെ തോന്നി സജിക്കും സിബിക്കും.. "എന്റെ പെണ്ണുണ്ട് ഇവിടെ... അവൾക്ക് എന്നെ വേണ്ടാതെയാവുന്ന നാൾ വരെയും റോഷൻ ഇവിടെ തന്നെ കാണും.. എനിക്കെതിരെ ഇനിയും ഓരോന്നു പറഞ്ഞു വരുമ്പോൾ രണ്ടാളും ഓർക്കണം... റോഷനെ തളർത്താൻ നിങ്ങൾക്കീ മൂപ്പ് പോരാ ന്ന്.. കേട്ടോടാ അളിയന്മാരെ " ഈണത്തിൽ റോഷൻ പറയുമ്പോൾ രണ്ടാളും തല ഉയർത്തി നോക്കിയതേ ഇല്ല. "നിങ്ങളെ പോലെ... മിന്ന് കെട്ടിയ പെണ്ണിനെ വീട്ടിൽ ഇരുത്തിയെച്ച് തോന്നിയ പോലെ മറ്റു പെണ്ണുങ്ങളുമായി രസിക്കാൻ റോഷൻ പോയിട്ടില്ല. ഇത് വരെയും. ദയ എന്നേ ഇഷ്ടമാണെന്ന് പറഞ്ഞു... അത് എനിക്കും അങ്ങനെ തന്നെ ആയിരുന്നത് കൊണ്ട് ഞാൻ അവളെ സ്വീകരിച്ചു... നിങ്ങടെ കണ്ണിൽ അത് വലിയൊരു തെറ്റ് തന്നെ ആയിരിക്കും.. പക്ഷേ റോഷൻ ചതിച്ചു എന്നാരും പറയുകേല... അളിയന്മാർക്ക് മനസ്സിലായികാണും എന്ന് വിചാരിക്കുന്നു " കൈകൾ കൂപ്പി റോഷൻ കളിയാക്കി. "

റോഷന് അന്നും ഇന്നും എന്നും ഒരു പ്രണയമേ ഒള്ളു.. ഒരു പെണ്ണേ ഒള്ളൂ. കുടുംബത്തെ ചതിക്കാൻ യാതൊരു മടിയും ഇല്ലാത്ത നിനക്കൊന്നും അതൊരിക്കലും പറഞ്ഞ മനസ്സിലാവില്ല." ഇതൊക്കെ ഞാൻ എങ്ങനെ അറിഞ്ഞു എന്നായിരിക്കും ഇപ്പൊ നിങ്ങടെ സംശയം അല്ലേ... അതാണ്‌ ഞാനും പറഞ്ഞത്... നിങ്ങളീ കാണുന്നതൊന്നും അല്ല റോഷൻ. അതിനുമപ്പുറം ഞാൻ എന്ന വ്യക്തിയെ കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല.. എത്ര ശ്രമിച്ചാലും അറിയാനും പോകുന്നില്ല " റോഷൻ പതിയെ ചിരിച്ചു. "അപ്പൊ നിലയും വിലയും.... ഒരു തീരുമാനം ആയില്ലേ... എന്നാ ഞാൻ അങ്ങോട്ട്‌... എന്റെ പെണ്ണവിടെ കാത്തു നിൽക്കും.. പോട്ടെ..." കള്ള ചിരിയോടെ റോഷൻ തിരിഞ്ഞു നടക്കുമ്പോൾ പിറകിൽ രണ്ടും പല്ല് കടിച്ചു പൊട്ടിച്ചു. "ഹാ.. പിന്നൊരു കാര്യം.. റോഷൻ വീണ്ടും തിരിച്ചു വന്നു.. "ഞാൻ എനിക്ക് തോന്നുമ്പോൾ വരും... പോകും.. മേലാൽ..." അവൻ ചൂണ്ടിയ വിരലിലേക്ക് സജിയും സിബിയും തുറിച്ചു...നോക്കി "വരരുത്... പറ്റുമെങ്കിൽ എന്റെ മുന്നിൽ പോലും " റോഷൻ പോയി മറഞ്ഞിട്ടും അവന്റെ സ്വരം കാതിൽ അലയടിക്കും പോലെ.. പരസ്പരം നോക്കാതെ രണ്ടും രണ്ടിടത്തേക്ക് വലിഞ്ഞു...

എന്നാലും ആരും അറിയാതെ കൊണ്ട് നടന്നതൊക്കെ ഇവൻ എങ്ങനെ അറിഞ്ഞു. കാശിന്റെ ബലത്തിൽ.. തെറ്റുകൾ ആണെന്ന് തോന്നിയതെ ഇല്ല.. മറ്റാർക്കും അറിയില്ലെന്ന് വെറുതെ വിചാരിച്ച ബന്ധങ്ങൾ. അത് ഒരാളിൽ ഒതുങ്ങിയില്ല....അവിഹിതം ആയിരുന്നു എന്നറിഞ്ഞു കൊണ്ട് തന്നെ ചെയ്യുന്ന തെറ്റ്.. കർത്താവെ... അത് റീനയും അനുവും അറിയുമ്പോൾ.. ആ ഓർമയിൽ പോലും രണ്ടും വിറച്ചു പോയിരുന്നു... ❤❤❤❤❤❤❤❤❤❤❤❤❤ ദൈവമേ... ഇവളുടെ റൂം ഇനി ഞാൻ എങ്ങനെ കണ്ടു പിടിക്കാനാണ് " റോഷൻ നിന്ന് നെറ്റി ഉഴിഞ്ഞു. മുകളിൽ ആവാൻ ആണ് സാധ്യത. അവനാ വലിയ ഡെയിനിങ്ഹാളിൽ നിന്നൊന്ന് കറങ്ങി നോക്കി.. ഒച്ചയും അനക്കവും ഒന്നും കേൾക്കുന്നില്ലല്ലോ. ബാക്കി ഉള്ളതൊക്കെ ഉറങ്ങി പോയോ ആവോ. ആരോട് ചോദിക്കും.. ഓഓഓ... സ്വന്തം ഭാര്യയുടെ റൂം ഏതെന്ന് എങ്ങനെ ചോദിക്കും കർത്താവെ ഞാൻ.. സ്വന്തം....അതോർത്തപ്പോൾ അവന്റെ ഉള്ളിലൂടെ ഒരു തണുപ്പ് കടന്ന് പോയി.

കണ്ണുകൾ നാല് പാടും കറങ്ങി.. റോഷൻ പതിയെ സ്റ്റെയർ കയറാൻ തുടങ്ങി.. "ഓ വന്നോ ഭർത്താവ്. സ്നേഹനിധിയായ ഭർത്താവിനെ കാണാഞ്ഞിട്ടാണോ എന്തോ ഭാര്യ ഒന്നും കഴിച്ചില്ല ഇന്നേരം വരെയും.." റീനയുടെ സ്വരം കേട്ടപ്പോൾ റോഷൻ പതിയെ തിരിഞ്ഞു നോക്കി.. ടേബിളിൽ എന്തോ വെച്ച് കൊണ്ട് പറയുന്നതാണ്. "റൂമിലോട്ടു കൊണ്ട് പോയി ഊട്ടി കൊടുക്കണേ.. അതാണ്‌ പുന്നാര ഭാര്യയുടെ രീതി " കളിയാക്കി കൊണ്ട് റീന പറയുമ്പോൾ ഒന്നും മിണ്ടാതെ തന്നെ റോഷൻ മുകളിലേക്ക് കയറി പോയി. ആ പോക്ക് നോക്കി താഴെ റീനയും ഉണ്ടായിരുന്നു.. പരിഹാസത്തോടെ. ❤❤❤❤❤❤❤❤❤❤❤❤❤❤ അഞ്ചു മുറികൾ ഉണ്ട് മുകളിൽ.. ഇതിൽ ഏതാന്ന് വെച്ചിട്ടാണ് തുറന്നു നോക്കുന്നത്.. റോഷൻ ചുറ്റും കണ്ണോടിച്ചു.. ശൂ.. ഒരു കുഞ്ഞു ചൂളം വിളി... അവൻ പതിയെ തിരിഞ്ഞു നോക്കി.. പാതി തുറന്നൊരു വാതിലിൽ നിന്നും പുറത്തേക്ക് നീളുന്ന ഒരു കുഞ്ഞി തല... ചുണ്ടിൽ വിടർന്ന ചിരിയോടെ ഒരു കൊച്ചു പെൺകുട്ടി..

റോഷനും ചിരിച്ചു കൊണ്ട് അവളുടെ അരികിൽ എത്തി.. മുട്ട് കുത്തി ഇരുന്നു.. "എന്താ അങ്കിൾ ചുറ്റി തിരിയുന്നെ.." ചോദ്യം കേട്ടപ്പോൾ റോഷന് ചിരി വന്നു. "എന്താ ഈ കാന്താരിപെണ്ണിന്റെ പേര്.." അവൻ അവളുടെ മൂക്കിൽ പിടിച്ചു കൊണ്ട് ചോദിച്ചു. ആലിയ... ചിരിച്ചു കൊണ്ടാണ് പറയുന്നത്.. അവൾക്ക് പിറകിൽ രണ്ടു മൂന്ന് കുഞ്ഞി തലകൾ കൂടി പ്രത്യക്ഷപെട്ടിരുന്നു.. "ആഹാ.. ഇവിടെ വേറെയും ആൾക്കാരുണ്ടോ " റോഷൻ മൂക്കിൽ വിരൽ ചേർത്തിട്ട് ചിരിച്ചു കൊണ്ട് ചോദിച്ചു. "ഇത് നക്ഷത്ര... ഇത് ആദം.. ഇത് അഖിൽ.. ആലികുട്ടി തന്നെയാണ് പരിജയപെടുത്തുന്നത്.. റോഷൻ ചിരിച്ചു കൊണ്ട് നാല് പേരെയും നോക്കി... അവരും അവനോടു ചിരിച്ചു കാണിച്ചു.. "നിങ്ങൾ അങ്കിളെ ഒന്ന് സഹായിക്കുമോ " റോഷൻ സ്വകാര്യം പോലെ ചോദിച്ചു.. പറയൂ... എന്താ കാര്യം " ആലി ഗൗരവത്തോടെ റോഷനെ നോക്കി. അവളുടെ ഭാവം കണ്ടപ്പോൾ അവന് ചിരി വന്നു. "ഇതിലെതാണ് ദയയുടെ റൂം..." അവൻ ചുറ്റും ചൂണ്ടി കൊണ്ട് ചോദിച്ചു.. "അയ്യേ അങ്കിളിന് അത് അറിയില്ലേ " ആദം അവനെ കളിയാക്കി... റോഷൻ സങ്കടം അഭിനയിച്ചിട്ട് ഇല്ലെന്ന് തലയാട്ടി.. താഴെ നിന്നും റീന എന്തോ ഉറക്കെ പറഞ്ഞു കൊണ്ട് കയറി വരുന്നത് അറിഞ്ഞപ്പോൾ ആലി ഒഴിച്ച് ബാക്കി എല്ലാം റൂമിലേക്ക് തിരികെ വലിഞ്ഞു.. "ദാ.. ആ അറ്റത്തെ റൂം ആണ് ട്ടോ.. അങ്കിൾ പൊക്കോ.. അമ്മ വരുന്നുണ്ട്..

ഇനിം ഉറങ്ങാതെ ഇവിടെ കണ്ട പിന്നെ..." ധൃതിയിൽ പറഞ്ഞു കൊണ്ട് വാതിൽ ചാരി ആലിയ കയറി പോയി.. റോഷൻ പതിയെ എഴുന്നേറ്റു.. ആലിയ ചൂണ്ടിയ റൂമിന് നേരെ നടന്നു.. കാലുകൾക്ക് വല്ലാത്ത ഭാരം പോലെ.. പതിയെ വാതിൽ തള്ളി തുറക്കുമ്പോൾ അതേ ഭാരം ശരീരം മൊത്തം പടർന്നു കയറി അവന്. മനസ്സിൽ ആഗ്രഹച്ച ആള് തന്നെ പങ്കാളിയാവുക എന്നാ മഹാഭാഗ്യവാൻ ആണിന്ന് താനും. റോഷന് വെറുതെ ഒരു വേദന തോന്നി.. മുറിയിൽ സീറോ ബൾബിന്റെ അരണ്ട നീല പ്രകാശം മാത്രം.. റോഷൻ അകത്തേക്ക് നോക്കി.. വിശാലമായ റൂം.. ഹോട്ടൽ മുറികളെ പോലെ.. അത്രയും വൃത്തി.. വലിയൊരു കണ്ണാടി ഉണ്ട് ഭിത്തിയിൽ.. പെട്ടന്ന് ശ്രദ്ധ കിട്ടുന്നിടത്തു തന്നെ.. ഒരരുകിലെ ഗ്ലാസ് വാതിൽ.. കർട്ടൻ ഒരു വശത്തേക്ക് നീങ്ങി കിടക്കുന്നു... അത് കൊണ്ട് തന്നെ അപ്പുറത്തെ ബാൽകണി കാണാം. വലിയ അലമാര...... ചുവരിൽ ദയയുടെ പല വിധത്തിലുള്ള ഫോട്ടോസ്... ആ നീല വെളിച്ചത്തിൽ തിളങ്ങി.. റോഷൻ ചുറ്റും കണ്ണോടിച്ചു.. വലിയ ബെഡിൽ.... മുഖം കാൽമുട്ടിൽ ചേർത്ത് ചടഞ്ഞിരിക്കുന്ന ദയയിൽ അവന്റെ മിഴികൾ ഉടക്കി.. പതിയെ അകത്തു കയറി അവൻ വാതിൽ അടച്ചു..

അതടയുന്ന ശബ്ദം കേട്ടിട്ടാണ്... ദയ മുഖം ഉയർത്തി നോക്കുന്നുണ്ട്..വീണ്ടും അതേ ഇരുപ്പിലേക്ക് മടങ്ങി. കവിളിൽ കണ്ണീർ പാടുകൾ.. ആ മങ്ങിയ വെളിച്ചതിലും റോഷൻ കണ്ടിരുന്നു... ദയ.... ബെഡിൽ ഇരുന്നു കൊണ്ട് തന്നെ അവൻ വിളിച്ചു.. അവൾ നോക്കിയത് കൂടി ഇല്ല.. "ഭക്ഷണം കഴിച്ചില്ലെന്നു പറഞ്ഞു... എഴുന്നേറ്റു വാ ദയ... അല്ലങ്കിലേ നീ ഇന്ന് വല്ലാതെ ക്ഷീണിച്ച പോലെ ആയിരുന്നു.. അതിന്റെ കൂടെ ഭക്ഷണം കഴിക്കാതിരുന്ന എങ്ങനാ.. വാ ദയാ " റോഷൻ പറഞ്ഞിട്ടും അവൾ അനങ്ങിയില്ല.. ദയാ... അവൻ പതിയെ അവളുടെ കയ്യിൽ പിടിച്ചു.. ഞെട്ടിയാ പോലെ അവൾ അവന്റെ നേരെ തുറിച്ചു നോക്കി.. റോഷൻ കൈ പിൻവലിച്ചു... "ഭക്ഷണം കഴിച്ചിട്ട് കിടക്ക് ദയ " റോഷൻ വീണ്ടും പറഞ്ഞു.. "എന്നോട് കൽപ്പിക്കാൻ താൻ ആരാടോ.. ഭർത്താവിന്റെ അവകാശം സ്ഥാപിക്കാൻ ആണോ തന്റെ പുറപ്പാട്.. ദയയുടെ ഭർത്താവിന്റെ റോള്... ആ വാതിൽ അടയുന്നത്തോടെ അങ്ങ് ഊരി കളഞ്ഞേക്ക്... അവൻ വന്നേക്കുന്നു " ദേഷ്യം കൊണ്ട് അവൾ നിന്ന് കത്തുമ്പോൾ..... റോഷനും വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു.. "ജീവിതം മുഴുവനും ഇവിടെ കഴിയാൻ വല്ല ആഗ്രഹവും ഉണ്ടങ്കിൽ.. അത് വെറുതെയാ..എനിക്കൊരു ആവിശ്യം ഉണ്ട്. അത് തീരുന്ന അന്ന് നീ ഈ പടിക്ക് പുറത്താണ്.. മറക്കണ്ട " വിരൽ ചൂണ്ടി ദയ പറയുമ്പോൾ.... ഒരുപാട് പറയാൻ ഉണ്ടായിട്ടും റോഷൻ ഒന്നും മിണ്ടാതെ അവളെ നോക്കി ഇരുന്നു...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story