കൂട്ട് 💕💕💕: ഭാഗം 6

Koott

രചന: ജിഫ്‌ന നിസാർ

"എനിക്കിവിടെ പല പ്രശ്നങ്ങളും കാണും.. അതിലേക് തലയിടാൻ വന്നേക്കരുത്. ആദ്യം തന്നെ പറയാം. എനിക്കിങ്ങനെ ഒരു നാടകം കളിക്കേണ്ട ആവിശ്യം ഉള്ളത് കൊണ്ട് മാത്രമാണ് നിന്നെ പോലെ ഒരു തെമ്മാടിയെ കൂട്ട് പിടിച്ചത് തന്നെ. അല്ലങ്കിൽ ആ ഗേറ്റിനപ്പുറം കയറാൻ യോഗ്യത ഉണ്ടോ തനിക്കു.. അതൊന്നും മറന്നു പോവരുത്... മനസ്സിലായോ " ദയ നിന്ന് തുള്ളി വിറക്കുമ്പോഴും റോഷൻ അവളുടെ ചുവന്ന കവിളിലേക്ക് നോക്കി.. നിറഞ്ഞ കണ്ണിൽ നിന്നും ദേഷ്യം നുരയുന്നുണ്ട്. ഇതൊക്കെ തന്നെ ഇവളിൽ നിന്നും പ്രതീക്ഷിക്കുന്നുള്ളു. അത് കൊണ്ട് തന്നെ അവന്റെ ചുണ്ടിൽ ചെറിയൊരു ചിരി ഉണ്ടായിരുന്നു.. ഉള്ളെരിയുമ്പോഴും കണ്ണ് നിറയാതെ ചിരിക്കുക എന്നതും ഒരു വിപ്ലവം തന്നെ അല്ലേ..കനലെരിയുന്ന വിപ്ലവം. "ആറു മാസം... അതാണ്‌ ഞാൻ നിനക്ക് ഇവിടെ അനുവദിച്ച സമയം. അതിനുള്ളിൽ എനിക്കെന്റെ പ്രശ്നം തീർക്കണം. അല്ലങ്കിൽ... അല്ലങ്കിൽ ചിലപ്പോൾ..." ഇടറി കൊണ്ട് ദയ പറയുമ്പോൾ റോഷൻ നോട്ടം മാറ്റി. എന്തിന്റെ പേരിൽ ആണേലും ആ കണ്ണുകൾ നിറയുന്നത് അവനിപ്പഴും സങ്കടം തന്നാണ്. "നിനക്ക് ഇതൊന്നും പറഞ്ഞ മനസ്സിലാവില്ല റോഷൻ..

ബന്ധങ്ങളുടെ വില അറിയാത്ത നിന്നോട് ഞാൻ ഇവിടെ പ്രസംഗം നടത്തിയിട്ടു വല്ല കാര്യവും ഉണ്ടോ..." പരിഹാസത്തോടെ ദയ പറയുമ്പോൾ റോഷൻ ബെഡിൽ നിന്നും എഴുന്നേറ്റു.. "എനിക്കറിയില്ല... സമ്മതിച്ചു... പക്ഷേ നിനക്കറിയോ അത്...നിനക്കും അറിയില്ല ദയ... നീ ഇപ്പൊ പറഞ്ഞ ബന്ധങ്ങളുടെ വില " എത്രയൊക്കെ അടക്കി പിടിക്കാൻ നോക്കിയിട്ടും റോഷനിൽ നിന്നും പൊഴിഞ്ഞു വീണ വാക്കുകൾ കേട്ട് ദയ അവനെ തുറിച്ചു നോക്കി.. "നോക്കി പേടിപ്പിക്കല്ലേ... അങ്ങനെ ഒരു വില കൊടുത്തിരുന്നു നീ എങ്കിൽ... എന്തിന്റെ പേരിൽ ആയിരുന്നാലും... ദേ... നിന്റെ നെഞ്ചോടു ചേർന്ന് കിടക്കുന്ന ഈ മിന്ന് നീ ഒരു ലോഹ കഷ്ണം മാത്രമായി കാണില്ലായിരുന്നു " നെഞ്ചിൽ അമർന്നു കിടക്കുന്ന താലിയെ ചൂണ്ടി റോഷൻ പറയുമ്പോൾ... ദയ നെഞ്ചിലേക്ക് നോക്കി... "പറയാൻ നിനക്കൊരുപാട് ന്യായങ്ങൾ ഉണ്ടാവും ദയ.. പക്ഷേ എല്ലാം അവസാനിക്കുമ്പോൾ വെറുതെ ഒന്നോർക്കുക... ചെയ്തത് ശെരിയായിരുന്നോ എന്നത്." റോഷൻ പറയുമ്പോൾ ദയ ഒന്നും മിണ്ടാതെ അവന്റെ നേരെ നോക്കി.. "അവനവന് ആവിശ്യം വരുമ്പോൾ സൗകര്യപൂർവ്വം മറന്നു കളയാൻ ഉള്ളതാണോ ബന്ധം..

അല്ല... ഏതൊരു അവസ്ഥയിലും ചേർത്ത് പിടിക്കാൻ ഉള്ളതാ അത്.. ഇല്ലാതെ ആവണം... ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം നഷ്ടപെടണം... അന്നറിയാം... അതിന്റെ വില " അവളെ നോക്കി റോഷൻ ചെറിയ ചിരിയോടെ പറഞ്ഞു.. "പിന്നെ നീ പറഞ്ഞല്ലോ... ആവിശ്യം കഴിയുമ്പോൾ എന്റെ സ്ഥാനം ഈ ഗേറ്റിന് അപ്പുറം ആണെന്ന്.. അതറിഞ്ഞു കൊണ്ട് തന്നെ അല്ലേ ഞാൻ നിന്നോട് ചേർന്നത്... നീ മറന്നാലും ഞാനത് മറന്നു പോവില്ല.. ആ പേടിയും നിനക്ക് വേണ്ട " ദയക്ക് അവനോടു പറയാൻ ഒരു ഉത്തരവും കിട്ടിയില്ല. "ആദ്യം പറഞ്ഞത് തന്നെ ഞാൻ വീണ്ടും പറയുന്നു.. ഒന്ന് കൊണ്ടും നീ വിഷമിക്കണ്ട... ഞാൻ ഉണ്ട് നിന്റെ കൂടെ... എന്താണോ നിന്റെ ആവിശ്യം.... അത് നേടും വരെയും ഈ റോഷൻ നിന്റെ കൂടെ തന്നെ ഉണ്ടാവും... ഇതന്റെ വാക്കാണ് ദയ... അതിന് വേണ്ടി ഏതറ്റം വരെയും പോവും ഞാൻ... നിനക്ക് വേണ്ടി ആവുമ്പോൾ എനിക്ക് മുന്നിൽ..." റോഷൻ പാതിയിൽ നിർത്തി... അവന്റെ മുഖത്തെ ചിരിയിലേക്ക് ദയ വീണ്ടും നോക്കി... "ടെൻഷൻ വേണ്ട... കിടന്നോ... ഞാൻ ദാ അപ്പുറത്തുണ്ട് " ഗ്ലാസ്‌ വാതിൽ തുറന്നിട്ട്‌ ബാൽകണിയിലേക്ക് ഇറങ്ങി പോകുന്നവനെ ദയ അത്ഭുതത്തോടെ നോക്കി..

അന്വേഷിച് അറിഞ്ഞ റോഷനും ഇപ്പൊ തനിക്ക് മുന്നിൽ നിന്ന് നടന്നു പോയ റോഷനും തമ്മിൽ എന്തൊരു മാറ്റമാണ്.. അവന്റെ ആ ചങ്കുറപ്പുള്ള സ്വഭാവം കണ്ടിട്ട് തന്നെ ആണ് കൂടെ കൂട്ടിയത്.. എന്തെല്ലാം നേരിടാൻ ഉണ്ടെന്ന് അറിയില്ല.. തെമ്മാടി ആണേലും... ഒരു പെണ്ണിനെ പേടി പെടുത്തുന്ന ഒന്നും തന്നെ അവനിൽ ഇല്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ആണ് ആ മുന്നിലേക്ക് പോയത്.. അവൻ സമ്മതിച്ചു തരുമെന്ന് യാതൊരു ഉറപ്പും ഇല്ലായിരുന്നു. എന്നിട്ടും പോയത്... തനിക്കു മുന്നിൽ മറ്റൊരു വഴിയും ഇല്ലാഞ്ഞിട്ട് തന്നെ ആയിരുന്നു. ബെഡിലേക്ക് കിടന്നു കൊണ്ട് ദയ ഓർത്തു... ❤❤❤❤❤❤❤❤❤❤❤❤❤❤ തണുത്ത മാർബിൾ തറയിൽ ചുവരിൽ ചാരി ഇരിക്കുമ്പോൾ റോഷനും അത് തന്നെ ആണ് ഓർത്തത്.. എത്രയൊക്കെ ദേഷ്യം ഉണ്ടേലും.. അവളോട്‌ മാത്രം മുഖം കറുപ്പിക്കാൻ വയ്യ.. ആ നിറഞ്ഞ കണ്ണുകൾ.... അതെന്തിനാ ഇത്രയും വേദന പകരുന്നത്.. അതിന് മാത്രം ആരാണ് അവൾ തനിക്കു.. പ്രതീക്ഷിക്കാതെ പെയ്തിറങ്ങിയ ഒരു പെരുമഴയിൽ... തന്റെ കുട കീഴിയിൽ ഓടി കയറിയവൾ.. മഴ തോരുമ്പോൾ... അല്ലങ്കിൽ... മറ്റൊരു കുട കാണുമ്പോൾ അവൾ ഇറങ്ങി പോയേക്കാം...

പക്ഷേ... പക്ഷേ... അത് വരെയും അവളെ പൊതിഞ്ഞു പിടിച്ചേ പറ്റൂ.. ഒരൊറ്റ തുള്ളി പോലും ആ നെറുകയിൽ പതിയാതെ.. റോഷൻ പതിയെ ആകാശത്തിലേക്ക് നോക്കി.. നൂറായിരം നക്ഷത്രങ്ങൾ.. അതിലൊന്നിൽ അവൻ അമ്മയുടെ മുഖം തേടി പിടിച്ചു.. ഒറ്റക്കായി പോയപ്പോൾ മുതൽ കണ്ടെത്തിയ വിദ്യയാണ്.. മനസ്സിൽ ഉള്ളത് മുഴുവനും പറയാൻ ഒരാൾ.. അതിന് അമ്മയല്ലേ ഏറ്റവും നല്ലത്.. മൂളി കേട്ടോളും... തലയിൽ തലോടി അരികിൽ ഇരുന്നു കൊണ്ട് തന്നെ... "നിന്നെ പോലെയുള്ള തെമ്മാടിക്ക് ബന്ധങ്ങളുടെ വില അറിയുമോ " വീണ്ടും വീണ്ടും ദയയുടെ ചോദ്യം... കാതിൽ അലയടിച്ചു... ഉള്ളിൽ ഒരാകാശം കരയുന്നുണ്ടേലും അവൻ പതിയെ ചിരിച്ചു... ഈ വില അറിയാത്തവനാണ് ദയ.... കുഞ്ഞിലേ കണ്ടു തുടങ്ങിയ ഒരു കാഴ്ചയിൽ ഇപ്പോഴും മനസ്സ് കൊരുത്തിട്ട് പിടയുന്നത്... ഈ വില അറിയാത്തവനാണ്... സ്വന്തം പരിമിതികൾ അറിഞ്ഞിട്ട് സ്വയം ഒരു വേദന കടൽ കുടിച്ചിറക്കി.... നിന്റെ ഇഷ്ടം നേടി തരാൻ മുന്നിട്ടിറങ്ങുന്നത്... നിന്നെ മറക്കുവാൻ നീ തന്നെ ഒരു കാരണം കണ്ടെത്തി തരിക എനിക്ക്.. ഞാൻ കണ്ടെത്തിയ കാരണങ്ങളിൽ ഒക്കെയും നിന്നെ പിന്നെയും ഓർക്കുവാൻ...

കൊതിക്കുവാൻ ഉള്ള നൂറായിരം കാരണങ്ങളാണ്... ഉള്ള് നീറുമ്പോഴും പുറമെ ചിരിക്കാൻ ഞാൻ പഠിച്ചത് കൊണ്ട് എന്റെ മനസ്സ് ആർക്കും അറിയില്ല... കാണുന്നവർക്ക് മുന്നിൽ റോഷൻ എല്ലാം നേടിയവനാണ്.. തെമ്മാടിയാണ്... സന്തോഷം ഉള്ളവനാണ്.. പക്ഷേ എന്റെ വേദനകളുടെ ആഴം ആർക്കും അറിയില്ല.. "അമ്മേടെ മോൻ വീണ്ടും വീണ്ടും തോൽക്കുന്നുണ്ട് കേട്ടോ അമ്മേ " ആകാശം നോക്കി റോഷൻ പതിയെ പറഞ്ഞു... "എന്തിനാ അമ്മേ... എന്നെ മാത്രം ഇവിടെ ഇട്ടിട്ടു പോയത്.. അയാളെ പേടിക്കാതെ... എന്റെ കൈ പിടിച്ചു അന്നേ ഇറങ്ങി പൊക്കൂടാഞ്ഞോ അമ്മക്ക്... കുറച്ചു കാലം അമ്മ എന്നെ നോക്കിയാലും പിന്നെ ഞാൻ ഉണ്ടാവുമായിരുന്നല്ലോ അമ്മക്ക് തുണയായിട്ട്... എന്തിനാ അമ്മ അയാളെ സഹിച്ചു നിന്നിരുന്നത്... അത് കൊണ്ടല്ലേ... ഞാൻ... ഞാൻ ഒറ്റക്കായി പോയത് " അവന് സങ്കടം സഹിക്കാൻ കഴിയുന്നത്തിനും അപ്പുറം ആയിരുന്നു.. പതിയെ തണുത്ത തറയിലേക്ക് കിടക്കുമ്പോൾ കണ്ണുകൾ ഇറുക്കി അടച്ചു...

"അയ്യേ... അമ്മേടെ റോഷൂ കരയാ... ആൺകുട്ടികൾ കരയാൻ പാടില്ല മോനെ... കരഞ്ഞ അത് തോൽവിയാ കുഞ്ഞേ.. നിനക്ക് കൂടി ഉള്ളത് അമ്മ കരഞ്ഞു തീർത്തിട്ടില്ലേ " നെറ്റിയിൽ തണുത്ത കൈകൾ കൊണ്ട് തലോടി അമ്മ ചെവിയിൽ പറയുമ്പോലെ തോന്നി റോഷന്... ഏറെ സങ്കടം വരുമ്പോൾ കണ്ണടച്ചു കിടക്കും.. അരികിൽ അമ്മയുണ്ടെന്ന് വെറുതെ വിചാരിക്കും.. ആ കൈകൾ തലയിൽ തലോടി തണുപ്പിക്കുന്നു എന്ന് വെറുതെ മോഹിക്കും.. അവൻ കണ്ണുകൾ തുറന്നില്ല.. അമ്മയുടെ മനോഹരമായ ചിത്രം മായുമെന്ന് പേടിച്ചിട്ട്... "എന്റെ മോൻ എന്തിനാ വിഷമിക്കുന്നെ... നിന്റെ സ്നേഹം ആ കുട്ടിക്ക് അറിയില്ലല്ലോ റോഷൂ... അർഹത ഇല്ലാത്ത ഒന്നും മോഹിക്കരുത് എന്നമ്മ പഠിപ്പിച്ചു തന്നത് മറന്നോ എന്റെ മോൻ..." വീണ്ടും അമ്മയുടെ സ്നേഹ ശാസന... അവൻ ചുണ്ട് കൂർപ്പിച്ചു.. "യാചന വെക്തിത്യത്തെ ചോദ്യം ചെയ്യപ്പെടും മോനെ... പണത്തിനായാലും സ്നേഹത്തിനായാലും എന്റെ മോൻ യാചിക്കരുത്... നിനക്ക് അവകാശപെട്ടത് തടയാൻ ആരെ കൊണ്ട് ആവില്ല ടാ.. അത് നിന്നിലേക്ക് തന്നെ എത്തി ചേരും " അമ്മ മുടി ഇഴകൾ കൊതി കൊണ്ട് പറയുന്നു..

"ആരും നമ്മൾ ഉദ്ദേശിച്ചത് പോലെ ആവില്ല റോഷൂ..കാണിക്കുന്ന സ്നേഹവും തരുന്ന വിശ്വാസവും എല്ലാം വെറുതെയാണ്..എല്ലാവർക്കും സ്വന്തം ജീവിതം തന്നെയാണ് കുഞ്ഞേ വലുത്.. അതിപ്പോ പ്രണയം ആണേലും സൗഹൃദം ആണേലും..കുടുംബം ആണേലും " അമ്മയോട് എന്നപോലെ റോഷൻ പതിയെ മൂളി.. "വെറുതെ എന്റെ മോൻ വേദനിക്കരുത്.. അതിപ്പോഴും അമ്മയെ എരിയിച്ചു കളയും.. സന്തോഷമായിട്ടിരിക്കണം... അമ്മയുടെ പ്രാർത്ഥന എന്റെ മോന്റെ കൂടെ എപ്പോഴും ഉണ്ട്.." നെറ്റിയിൽ തണുത്ത സ്പർശം.. അമ്മയുടെ ചുണ്ടുകൾ ചേരും പോലെ.. റോഷൻ ചാടി എഴുന്നേറ്റു... ചുറ്റും അരണ്ട വെളിച്ചം മാത്രം.. അവൻ വീണ്ടും മുകളിലേക്ക് നോക്കി.. ആർത്തിയോടെ.... അമ്മയെ കാണാൻ... ❤❤❤❤❤❤❤❤❤❤❤❤❤❤ രാവിലെ ദയ എണീക്കും മുന്നേ തന്നെ എഴുന്നേറ്റു പോന്നിരുന്നു.. ഒരു പോള കണ്ണടക്കാൻ ആയില്ല അന്ന്.. അത് കൊണ്ട് തന്നെ വീട്ടിൽ പോയിട്ട് നന്നായി ഒന്ന് ഉറങ്ങി.. വൈകുന്നേരം ജിബിയും സനലും വന്നു വിളിച്ചപ്പോൾ ആണ് എഴുന്നേറ്റത്.. ഉറങ്ങി പോയതിന്റെ കാരണം പറഞ്ഞിട്ട് അവർ കളിയാക്കി ചിരിച്ചപ്പോൾ രണ്ടിനേം കണ്ണുരുട്ടി നോക്കി..

കുളിച്ചു വന്നപ്പോൾ.... സനൽ ചായ ഇട്ട് വെച്ചിട്ടുണ്ട്.. ഉമ്മറത്തു അവരോടു കൂടി ചൂട് ചായ ഊതി കുടിച്ചിരുന്നപ്പോൾ ഹൃദയം ശാന്തമായിരുന്നു.. ഒരുപാട് ഉത്സാഹത്തോടെ സംസാരിക്കുന്നവനെ സനലും ജിബിയും സ്നേഹത്തോടെ നോക്കി.. രാത്രി ഒരുപാട് വളർന്നിട്ടാണ് അന്നും ദയയുടെ വീട്ടിലേക്കു പോയത്.. ഒരു ദിവസം മുഴുവനും കാണാതെയായിട്ടും അവളൊന്നു വിളിച്ചില്ലല്ലോ എന്നാ പരിഭവം പറയുന്ന മനസ്സിനെ കളിയാക്കി ചിരിച്ചു അവൻ.. ഓർക്കുന്നതും... അന്വേഷിച്ചു നോക്കുന്നതും പ്രിയപ്പെട്ടവരെയല്ലേ.. റോഷൻ ആർക്കാണ് പ്രിയപ്പെട്ടവൻ.. ബൈക്ക് നിർത്തി അവൻ കയറി ചെല്ലുമ്പോൾ ആരും ഉണ്ടായിരുന്നില്ല അകത്ത്.. ഒക്കെ എവിടെ പോയോ ആവോ.. അവൻ ഓർത്തു.. ഹാളിലെ വലിയ മേശയിൽ... ഇരുന്നു എന്തോ തിന്നുന്നുണ്ട് ദയയുടെ അമ്മ... റോഷൻ വാച്ചിലേക്ക് നോക്കി.. സമയം പത്തു കഴിഞ്ഞു.. ഇവര് ഇത് വരെയും കഴിച്ചില്ലേ.. അതും ഒറ്റക്കിരുന്ന് കഴിക്കുന്നു.. മുഖത്തു നല്ല സങ്കടം ഉള്ളത് പോലെ തോന്നി റോഷന്.. "ഇവിടെ കണ്മുന്നിൽ പലതും കാണും.. അതിലൊന്നും ചെന്നു തല ഇട്ടേക്കരുത്.. നിന്റെ ആരുമല്ല ഇവിടെ ഉള്ളത്.. അതോർമ വേണം " കടുപ്പത്തിൽ ദയ പറഞ്ഞത് അവൻ ഓർത്തു..

എന്തേലും ആവട്ടെ എന്ന് കരുതി അവൻ സ്റ്റെയർ കയറാൻ തുടങ്ങി.. "കഴിച്ചായിരുന്നോ " പുറകിൽ ചോദ്യം... അവൻ അറിയാതെ തന്നെ നിന്ന് പോയി.. ഒരുപാട് മിസ് ചെയ്യുന്ന ഒരു ചോദ്യം.. അമ്മയുടെ ചോദ്യം... വല്ലതും കഴിച്ചോ കുഞ്ഞേ ന്ന്.. അവന്റെ ഹൃദയം തുടിച്ചു.. കാലുകൾ അറിയാതെ തന്നെ തിരിച്ചിറങ്ങി.. ആ മുന്നിൽ ചെന്നു നിൽക്കുമ്പോൾ വല്ലാത്ത സന്തോഷം.. വല്ലതും കഴിച്ചോ ന്ന് " വീണ്ടും ചോദ്യം.. എത്ര മരവിച്ച അവസ്ഥയിലും വിശപ്പുണർത്തുന്ന ചോദ്യം.. "ഇങ്ങോട്ട് ഇരുന്നോ " ഉത്തരം ഇല്ലാഞ്ഞിട്ടാവും അമ്മ പ്ളേറ്റ് വെച്ചിട്ട് പറഞ്ഞു.. വയറു നിറഞ്ഞ അവസ്ഥ ആണേലും അത് നിരസിക്കാൻ എന്തോ അവന് തോന്നിയില്ല.. കൈ കഴുകി... തൊട്ടാരികിലെ കസേരയിൽ തന്നെ ഇരുന്നു.. അമ്മ വിളമ്പുന്ന ഭക്ഷണം കൊതിയോടെ നോക്കി.. കഴിച്ചോ ട്ടോ " മുന്നിലേക്ക് പാത്രം നീക്കിയിട്ട് ചിരിയോടെ പറയുമ്പോൾ.... ഹൃദയം കൂടി നിറഞ്ഞ ഫീൽ.. ഓരോ ഉരുളക്കും ഒരുപാട് സ്വാദ്.. "അമ്മ എന്തേ ഒറ്റയ്ക്ക്.. ബാക്കി ഉള്ളോരൊക്കെ കഴിച്ചോ " ഒരു നിമിഷം അവർ റോഷന്റെ മുഖത്തേക്ക് തന്നെ നോക്കി.. ചോദിച്ചു പോയത് അബദ്ധമായോ എന്നാ ഭാവത്തിൽ അവനും...

അമ്മ... അമ്മ ഇവിടെ ഒറ്റക്കാണ് മോനെ... എല്ലാവർക്കും ഭയങ്കര തിരക്കല്ലേ.. അമ്മക് ഇപ്പൊ തിരക്കുകൾ ഒന്നും ഇല്ലല്ലോ " ആ ഹൃദയം പിടച്ചത് റോഷൻ പറയാതെ തന്നെ അറിഞ്ഞു... "എനിക്കിപ്പോ ഇത് ശീലമായി... ഇവിടെ ആരും ആരെയും കാത്തു നിൽക്കാറില്ല. വേണ്ടവർ വേണ്ടപ്പോൾ കഴിക്കും.. ആരെയും വിളിക്കുകപോലും ഇല്ല... വലിയൊരു മേശയിൽ... എല്ലാവരും ഒരുമിച്ചു അത്താഴം കഴിക്കാൻ ഒക്കെ ഭയങ്കര ആഗ്രഹം ആയിരുന്നു... ഇപ്പൊ അങ്ങനൊന്നും ഇല്ല..." നെടു വീർപ്പോടെ ആ അമ്മ പറയുമ്പോൾ... റോഷൻ അറിയുകയായിരുന്നു ആ വലിയ വീടിന്റെ ശീലങ്ങൾ.. ആർക്കും ആരോടും സ്നേഹം ഇല്ലാത്ത... തിരക്കുകൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന കുറച്ചു മനുഷ്യർ.. "കൊച്ചുങ്ങൾക്ക് പോലും അമ്മാമ്മയെ വേണ്ട.. അതെങ്ങനെ... ഞാൻ കഷ്ടപെട്ടു വളർത്തിയ എന്റെ മക്കൾ പോലും എന്നോട് നേരെ ചൊവ്വേ ഒന്ന് മിണ്ടീട്ടു കാലം ഒത്തിരി ആയി.." റോഷൻ അവരുടെ കയ്യിൽ അമർത്തി പിടിച്ചു.. കാണുമ്പോൾ ഒക്കെയും ഈ അമ്മ മൗനം ആയിരുന്നു.. പറയുന്നത് കേൾക്കാൻ ആരും ഇല്ലാതെയാവുമ്പോൾ... അല്ലങ്കിൽ കേൾക്കുന്നത് മനസ്സിലാവുന്ന ആരും ഇല്ലാതെയാവുമ്പോൾ അല്ലേ നമ്മൾ മൗനത്തെ കൂട്ട് പിടിക്കുന്നത്.. ഇവർക്കും അത് തന്നെ ആവും പറ്റിയത്. അവർ ഓരോന്നു പറയുമ്പോൾ അതെല്ലാം ഒന്ന് പറയാൻ ഒരാളെ അന്വേഷിച്ചു നടപ്പായിരുന്നു ആ അമ്മ എന്ന് റോഷന് തോന്നി...

"കാശ് ഒക്കെ എന്നാ ഉണ്ടായത്.. ഇപ്പൊ തോന്നുന്നു.. പണ്ടത്തെ കൂട്ട് അന്നത്തെ അരികുള്ള കാശ്മാത്രം മതിയായിരുന്നു.. അന്നൊക്കെഎന്ത് നല്ല സ്നേഹം ആയിരുന്നു..അച്ചായനും മക്കളും ഞാനും..." ഓർമയിൽ എന്നപോലെ അവരൊന്നു ചിരിച്ചു... റോഷൻ അവരെ കേട്ടിരുന്നു... കേട്ടിരിക്കല്ലല്ലേ ഏറ്റവും വലിയ കൂട്ടിരുപ്പ്... "ഇച്ചിരി കാശ് കയ്യിൽ വന്നേ പിന്നെ എല്ലാവർക്കും തിരക്കായിരുന്നു.. തമ്മിൽ മിണ്ടാൻ പോലും നേരവില്ല..അപ്പനും അതേ മക്കൾക്കും അതേ.. " അവരുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു. "മക്കളെ പെണ്ണ് കെട്ടിക്കുമ്പോൾ വിചാരിച്ചു... അവർ തിരക്കിൽ ആയാലും അവരുടെ കെട്ടിയോള്മാര് ഉണ്ടാവുമല്ലോ വല്ലതും മിണ്ടാനും പറയാനും എന്ന്.. എവിടുന്ന്... റീനക്കും അനുവിനും ഞാൻ വെറും അമ്മായിയമ്മ മാത്രം ആയിരുന്നു.. അതും നടന്നില്ല " അവർ റോഷനെ നോക്കി ചിരിച്ചു.. ഉള്ളിലെ നീറുന്ന സങ്കടം ആണ് അവർക്കത്....പറയാൻ ആരും ഇല്ല... അത് കൊണ്ട് തന്നെ കേൾക്കാൻ ഒരാൾ തയ്യാറായപ്പോൾ... വാക്കുകൾ അതിന്റെ കെട്ട് പൊട്ടിച്ചു പുറത്ത് ചാടി... "ഏലികുട്ടി ഉണ്ടായിരുന്നു അന്ന് ഇവിടെ... എന്റെ നാട്ടുകാരി ആയിരുന്നു... തിരുവല്ല.. അവൾ ഇവിടെ ജോലിക്ക് നിന്നിരുന്നു...

അവളാണ് അന്ന് എന്റെ ഒരേ ഒരു കൂട്ട്.. ഞങ്ങൾ തമ്മിൽ തമ്മിൽ ആശ്വാസം പകർന്നു... അത് മരുമകൾക്ക് പിടിച്ചില്ല... അവരുടെ ആവിശ്യം ആയിരിക്കും... അജിയും സിബിയും അവളെ പറഞ്ഞു വിട്ടു.. ഞാൻ എത്ര തടഞ്ഞിട്ടും അവരുടെ തീരുമാനം മാറ്റിയില്ല.. കണ്ടു പിടിച്ച കാരണം ആയിരുന്നു രസം... എന്റെ ആരോഗ്യത്തിനു പറ്റാത്ത പലതും ഏലികുട്ടി വെച്ചുണ്ടാക്കി തീറ്റിക്കും എന്ന് " പരിഹാസ മായിരുന്നു അന്നേരം ആ മുഖം നിറയെ.. "അങ്ങനെ ഞാൻ ഇവിടെ തീർത്തും ഒറ്റപെട്ടു.. ആർക്കും വേണ്ടാത്ത ഒരു വസ്തു...' ആത്മനിന്ദയോടെ ആ അമ്മ പറഞ്ഞപ്പോൾ റോഷൻ അവരെ ചേർത്ത് പിടിച്ചു... "ഇന്നിപ്പോൾ അമ്മ ഈ വീട്ടിൽ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും എന്റെ മക്കൾക്കും അച്ചായനും അറിയണ്ട.. അവർക്ക് കാശ് മതി.. അതിനുള്ള ഓട്ടത്തിലാണ്..എന്റെ ദയ മോള് പോലും... അമ്മയെ മറന്നു പോയ പോലാ " അവരുടെ കണ്ണുകൾ നിറഞ്ഞു.. "ഹാ... പോട്ടെ ന്നേ... അമ്മക്ക് ഇനി ഞാൻ ഉണ്ടല്ലോ കൂട്ട് ആയിട്ട്... നമ്മുക്ക് പൊളിക്കാന്ന് ." ചിരിച്ചു കൊണ്ട് റോഷൻ പറയുമ്പോൾ... അങ്ങനെ പറയാൻ ആണ് അപ്പൊ അവന് തോന്നിയത്...അവരുടെ മുഖം തെളിഞ്ഞു.. ഒത്തിരി കാലം അടക്കി പിടിച്ചതെല്ലാം തുറന്നു പറഞ്ഞപ്പോൾ കിട്ടിയ ആശ്വാസം അവരിൽ ഉണ്ടായിരുന്നു..

"നാളെ ഞാൻ ഇച്ചിരി കൂടി നേരത്തെ വരാം.. നമ്മുക്ക് ഒരുമിച്ചു അത്തായം കഴിക്കാം... നിറയെ വർത്താനം പറയാം... ഓക്കേ " റോഷൻ പറയുമ്പോൾ അവർ ചിരിച്ചു.. "ഒന്ന് പോയെടാ ചെക്കാ വെറുതെ പുളു അടിക്കാതെ... നിനക്കും തിരക്കാവും.. ഇന്നിപ്പോൾ ചുമ്മാ കേട്ടിരുന്നു എന്നേ ഒള്ളൂ.. നാളെ നിന്റെ പൊടി പോലും കാണത്തില്ല " ഒരുപാട് അടുപ്പം ഉള്ളവരോട് എന്ന പോലെ അവർ പറയുമ്പോൾ ആ വാക്കിൽ ഒളിച്ചു വെച്ച നോവ് റോഷൻ അറിഞ്ഞിരുന്നു.. "അമ്മയോട് റോഷൻ കള്ളം പറയൂല... ജീവനോടെ ഉണ്ടങ്കിൽ നാളെ ഞാൻ അമ്മയോടൊപ്പം അത്താഴം കഴിക്കും നോക്കിക്കോ " വെല്ലുവിളി പോലെ അവനും പറയുമ്പോൾ അവരുടെ കണ്ണുകൾ തിളങ്ങി.. "എന്നെ വിശ്വാസം ഉണ്ടോ എന്നെനിക്കറിയില്ല... അമ്മ ആഗ്രഹിക്കുന്ന എല്ലാം നേടി തന്നിട്ടേ ഞാൻ ഇവിടെ നിന്നും പോകൂ " വാക്തനം പോലെ റോഷൻ പറയുമ്പോൾ ആ അമ്മ മനസ്സ് നിറഞ്ഞു... തിരികെ സ്റ്റെയർ കയറി പോകുമ്പോൾ... റോഷൻ വെറുതെ തിരിഞ്ഞു നോക്കി.. പുറം കൈ കൊണ്ട് കണ്ണുകൾ തുടക്കുന്ന അമ്മയെ കണ്ടപ്പോൾ അവനും വേദനിക്കുന്ന പോലെ... അന്നവന് ആകാശത്തിനെ നക്ഷത്രത്തെ നോക്കി പറയാൻ പുതിയൊരു വിശേഷം ഉണ്ടായിരുന്നു... തനിക്കിവിടെ ഒരു അമ്മയെ കിട്ടിയെന്ന് പറയുമ്പോൾ... ആ കണ്ണുകൾ നിറഞ്ഞു പോയിരുന്നു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story