കൂട്ട് 💕💕💕: ഭാഗം 7

Koott

രചന: ജിഫ്‌ന നിസാർ

"ഓക്കേടാ... നിങ്ങൾ കഴിച്ചിട്ട് കിടന്നോ.. ഞാൻ പോയി... രാവിലെ കാണാം" ഷർട്ടിന്റ കൈ മടക്കി കൊണ്ട് കടന്ന് വന്ന റോഷനെ നോക്കി ജിബിയും സനലും അമർത്തി ചിരിച്ചു.. ഫോണും ... പേഴ്സും ജീൻസിന്റെ പോക്കറ്റിൽ തിരുകി കയറ്റി റോഷൻ നോക്കിയപ്പോൾ രണ്ടാളും പരസ്പരം നോക്കി ചിരി അമർത്തി... "എന്താടാ... രണ്ടാൾക്കും ഒരു കള്ളലക്ഷണം " റോഷൻ അരയിൽ കൈ കുത്തി നിന്നിട്ട് അവരെ ചൂഴിഞ്ഞു നോക്കി. "ഒന്നും ഇല്ലേ..." ജിബി നോട്ടം മാറ്റി കൊണ്ട് പറഞ്ഞു.. "അതേയ്... നമ്മൾ തമ്മിൽ കാണാൻ തുടങ്ങീട്ട് വർഷം കുറെ ആയില്ലേ. എനിക്കറിയാം നിങ്ങളെ. അപ്പൊ അത് വിട്.. എന്നിട്ട് കാര്യം പറ " റോഷൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. "അല്ല...പാതിരാത്രി മതില് ചാടി ഭാര്യ വീട്ടിൽ പോകുന്നവൻ ഇന്ന്.. പതിവില്ലാതെ... വളരെ നേരത്തെ.... ആട്ട മുണ്ട്... ആട്ടമുണ്ട്.." സനൽ ചിരിച്ചു കൊണ്ട് പറയുമ്പോൾ റോഷന്റെ കണ്ണുകൾ കൂർത്തു.. "ഓ... എന്താ ഒരു കണ്ടു പിടിത്തം... ഒന്ന് പേയെടാ... ഞാൻ ഇന്ന് നേരത്തെ ചെല്ലാം ന്ന് വാക്ക് കൊടുത്ത്... അത് കാത്തിരിക്കുന്ന ഒരാളുണ്ട് അവിടെ... ഞാൻ ചെല്ലുന്നതും കാത്തു..." പറയുമ്പോൾ പോലും റോഷന്റെ കണ്ണിൽ സ്നേഹം ആയിരുന്നു..

"ആ... അത് തന്നെ അല്ലേ ഞങ്ങളും പറഞ്ഞത് " ജിബി തിരിച്ചു ചോദിച്ചു.. "ആണോ... എങ്കിൽ നന്നായി പോയി... എനിക്കിപ്പോ നിങ്ങളോട് സംസാരിക്കാൻ സമയം ഒട്ടും ഇല്ല.. രാവിലെ കാണാം.. പോട്ടെ..."അവരെയും നോക്കി ഒന്ന് ഇളിച്ചു കാണിച്ചു കൊണ്ട്...തിരക്കിട്ട് ഇറങ്ങി പോകുന്നവനെ വീണ്ടും വീണ്ടും അവർ കളിയാക്കി ചിരിച്ചു.. ഒരുവേള.... അത് അവനും ആസ്വദിച്ച പോലെ... ചിരിച്ചു കൊണ്ട് തന്നെ വണ്ടി എടുത്തു പോയി... ❤❤❤❤❤❤❤❤❤❤❤❤❤❤ അകത്തേക്ക് നടക്കുമ്പോൾ അവൻ വാച്ചിലേക്ക് നോക്കി.. ഇന്നും പത്തു മണി ആവാൻ ആയിട്ടുണ്ട്.. ചെറിയൊരു ജോലി ഉണ്ടായിരുന്നു.. അത് തീർത്തു വരുമ്പോൾ.... പ്രതീക്ഷിച്ചതിലും വൈകി.. അമ്മ കാത്തിരിക്കുന്നു എന്നോർക്കുമ്പോൾ തോന്നിയ ഊർജ്ജം വളരെ വലുതായിരുന്നു. അതേ ആവേശത്തിൽ തന്നെ ആണ് ഓടി വന്നത്.. കാത്തിരിക്കും എന്ന് ഉറപ്പാണ്.. ആ കണ്ണിലെ തിളക്കം ഇന്നലെ തന്നെ കണ്ടതാണ്.. ഇന്നലത്തെ പോലെ തന്നെ...

ഒച്ചയും അനക്കവും ഒന്നും തന്നെ ഇല്ല.. ഹാളിലെ മേശയിൽ... തന്നെ കാത്തെന്ന പോലെ ഇരിക്കുന്നു അന്നമ്മച്ചി... അവനുള്ളം ആർദ്രമായി.. വാതിലിൽ നിന്ന് കൊണ്ട് തന്നെ റോഷൻ അവരെ അലിവോടെ നോക്കി.. താൻ നൽകിയ വാക്ക് വിശ്വസിച്ചു കാത്തിരിക്കുന്നു.. ആ അമ്മയുടെ ഏകാന്തത എത്രത്തോളം ഭീകരമായിരിക്കും.. റോഷൻ പതിയെ ചെന്നിട്ട്... അവരുടെ തോളിൽ ചേർത്ത് പിടിച്ചു.. അവർ ഞെട്ടി കൊണ്ട് തല ഉയർത്തി നോക്കി... റോഷൻ ചിരിച്ചു കൊണ്ട് കണ്ണടച്ച് കാണിച്ചു.. അതേ നിമിഷം തന്നെ അവർ മുഖം വെട്ടിച്ചു.. "അത് കൊള്ളാലോ... എന്റെ അമ്മയിവിടെ കാത്തിരിപ്പാണ് എന്നോർത്ത്ഞാൻ ഓടി വന്നിട്ട്...ഇങ്ങനാണേ ഈ കളിക്ക് ഞാൻ ഇല്ല കേട്ടോ " അവർ അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി... അവനും പിണക്കത്തോടെ തൊട്ടടുത്തുള്ള കസേരയിൽ ഇരുന്നു.. "മണിക്കൂർ ഒന്നായി.. ഞാൻ ഇവിടെ കുത്തി ഇരിക്കുന്നു..." കുറച്ചു നേരത്തെ മൗനം മുറിച്ചു കൊണ്ട് അവർ പറയുമ്പോൾ റോഷൻ അവരുടെ കയ്യിൽ പിടിച്ചു.. "സോറി അമ്മേ... കുറച്ചു കൂടി നേരത്തെ വരാൻ ഉദ്ദേശിച്ചതാ.. പറ്റിയില്ല... ഇപ്രാവശ്യം ഒന്ന് ക്ഷമിക്കേന്നേ "

റോഷൻ പറയുമ്പോൾ അവരുടെ ചുണ്ടിൽ ചിരി പടർന്നു.. "നീ കഴിച്ചോ..." അമ്മ ചോദിച്ചപ്പോ റോഷൻ ഇല്ലെന്നു തലയാട്ടി.. പ്ളേറ്റ് എടുത്തു വെച്ചിട്ട് അവർ ഭക്ഷണം വിളമ്പി.. ഇതെന്തോന്നാ " തന്റെ പാത്രത്തിൽ വിളമ്പിയ നൂഡിൽസ് കണ്ടിട്ട് റോഷൻ നെറ്റി ചുളിച്ചു.. "എനിക്കറിയാൻ പാടില്ല.. ഇതിന്റെ പേരൊന്നും.ഇവിടുത്തെ പരിഷ്കാരി സെർവന്റ് ഇതൊക്കെയേ ഉണ്ടാകൂ.." ചിരിച്ചു കൊണ്ട് അവർ പറഞ്ഞു.. "ഏലികുട്ടി പോയെ പിന്നെ വായ്ക്ക് രുചിയായിട്ട് വല്ലോം കഴിക്കണം എന്നുണ്ടെങ്കിൽ ഞാൻ തന്നെ കയറി വെച്ചുണ്ടാക്കണം.. ഞാൻ പറയുന്നത് മാത്രം അവള് മനഃപൂർവം ഉണ്ടാക്കില്ല...രാജി അവൾക്ക് തോന്നുന്നതേ ഉണ്ടാക്കൂ.. ഇഷ്ടം ആയാലും ഇല്ലേലും അത് കഴിക്കും ഇവിടെ ഉള്ളൊര് " മുന്നിലെ മറ്റൊരു പാത്രത്തിൽ നിന്നും നല്ല ചൂടുള്ള കഞ്ഞി സ്വന്തം പാത്രത്തിൽ ഒഴിച്ച് കൊണ്ട് അമ്മ പറയുമ്പോൾ റോഷൻ അവരെ തന്നെ നോക്കി... അൽപ്പം തടിയുള്ള മുഖത്ത് കണ്ണട നന്നായി ചേരുന്നുണ്ട്... തടിയുള്ള ശരീരം തന്നെ ആണ്...

കഴുത്തിൽ ഒരു കുഞ്ഞു മാലയിൽ കുരിശ് കൊരുത്തിട്ടിരുന്നു... വെളുത്ത കൈകളിൽ ഓരോ വളയും... മറ്റ് അലങ്കാരം ഒന്നും ഇല്ലാഞ്ഞിട്ടും എന്തൊരു ചന്തമാണ് ഇപ്പോഴും ഈ മുഖത്ത് നിറയെ.. "എനിക്കും കൂടി കൊറച്ചു കഞ്ഞി താ അമ്മേ... ഈ ചവറൊക്കെ കഴിച്ച എങ്ങനെ വിശപ്പ് മാറും " റോഷൻ പറയുമ്പോൾ അവർ ഒന്ന് ചിരിച്ചു.. "എനിക്കും അങ്ങനെ തന്നെ... അത് കൊണ്ട് എനിക്ക് വേണ്ടത് ഞാൻ തന്നെ ഉണ്ടാക്കും... രാജിക്കതു പിടിക്കില്ല... സെർവന്റ് ആണേലും ചിലപ്പോൾ ഇവുടുത്തെ റാണി അവളാണ് എന്നാ അവളുടെ വിചാരം.. അതിന് വളം വെച്ചു കൊടുക്കാൻ ഇവിടുത്തെ കൊച്ചമ്മമാരും " പുച്ഛം ആയിരുന്നു അവരുടെ മുഖം നിറയെ.. "ആ പൊടികുഞ്ഞുങ്ങൾക്ക് ഇമ്മാതിരി ഭക്ഷണം കൊടുക്കല്ലേ മക്കളെ ന്ന് ഞാൻ ഒരുപാട് പറഞ്ഞു.. ആര് കേൾക്കാൻ... അതുങ്ങൾക്ക് എന്നും അസുഖം ആണ്.. അപ്പൊ എടുത്തോണ്ട് ഹോസ്പിറ്റലിൽ ഓടും... കൊറച്ചു മരുന്നും കുത്തി നിറയ്ക്കും..." രോഷത്തോടെ അവർ പറയുന്നുണ്ട്... റോഷൻ മിണ്ടാതെ ഇരുന്നു... "വളരുന്ന ശരീരത്തിന് വേണ്ടുന്ന വല്ലതും കൊടുക്കണ്ടേ കുഞ്ഞുങ്ങൾക്ക് ആരോഗ്യം ഉണ്ടാവാൻ.. അത് ചെയ്യില്ല...

അങ്ങാടിയിൽ കിട്ടുന്ന എല്ലാം വാങ്ങി കൊടുക്കും.. അത് കൊണ്ട് എന്ത് കാര്യം.. പണത്തിന്റെ ഹുങ്ക്... അല്ലാതെ എന്താ." എത്ര സിമ്പിൾ ആയിട്ടാണ് ഇവര് സംസാരിക്കുന്നത് എന്നാണ് റോഷൻ ഓർത്തത്. റോഷന്റെ മുന്നിലേ പാത്രത്തിലേക്കും അവർ കഞ്ഞി ഒഴിച്ച് കൊടുത്തു... ചൂടുള്ള കഞ്ഞിയും പയറും.. വല്ലാത്ത രുചി ഉണ്ടായിരുന്നു അതിന്.. "അമ്മക്ക് തന്നെ വില ഇല്ലാത്തിടത് അമ്മയുടെ വാക്കുകൾ ആര് കേൾക്കാൻ.." നോവോടെ അവർ പറയുമ്പോൾ റോഷൻ ആ കൈയിൽ പിടിച്ചു. "വേഗം കഴിച്ചോ... അല്ലങ്കിൽ ഇപ്പൊ വരും... നിന്നെ ഇവിടെ നിന്നും എങ്ങനെ പുറത്ത് ചാടിക്കും എന്നായിരിക്കും പിന്നെ ഇവുടുത്തെ രാജാക്കൻമാരുടെ ആലോചന " പതിയെ അവർ പറയുമ്പോൾ റോഷൻ ഉറക്കെ ചിരിച്ചു.. "പിന്നെ.... അതിന് അവരുടെ അപ്പൻ വിചാരിച്ചപോലും പറ്റത്തില്ല അതിന്. ഇത് അമ്മേടെ ഏലികുട്ടി അല്ല.. റോഷനാ.. അതവർക്കും ശെരിക്ക് അറിയാം " റോഷൻ മീശ പിരിച്ചു കൊണ്ട് പറഞ്ഞു. "എന്റെ അച്ചായനെ പറയുന്നോടാ " കണ്ണുരുട്ടി കൊണ്ട് അന്നമ്മച്ചി റോഷന്റെ തോളിൽ ചെറുതായി അടിച്ചു... അവൻ വീണ്ടും ചിരിച്ചു. "റോഷൻ എന്നാ പേര്. അല്ലേ...

എനിക്കറിയില്ല മോനെ കുറിച്ച് ഒന്നും.. ആരും പറഞ്ഞതുമില്ല... ദയ....മൂത്തത് രണ്ടും ആൺകുട്ടികൾ ആയപ്പോൾ ഞാൻ ഒത്തിരി പ്രാർത്ഥന നടത്തിയിട്ട് കിട്ടിയതാ അവളെ... അവളുടെ ഓരോ വളർച്ചയിലും ഞാൻ ഒരുപാട് സന്തോഷിച്ചിരുന്നു... അച്ഛനും ആങ്ങളമാരും ആവിശ്യത്തിലും കൂടുതൽ പുന്നാരിച്ചപ്പോഴും ഞാൻ ആയിരുന്നു വിലക്കിയത്. വല്ലാത്ത വാശികാരി ആയിരുന്നു അവൾ... അങ്ങനെ ആക്കി എടുത്തു... എല്ലാരും കൂടി " ദേഷ്യമോ സങ്കടമോ എന്നറിയാത്ത ഒരു ഭാവം ആയിരുന്നു അവരിൽ അപ്പോൾ.. "അവർക്കിടയിൽ എന്റെ വാക്കുകൾ ആര് കേൾക്കാൻ. എന്റെ മോൾക്കും അമ്മ കുറ്റക്കാരിയായി... അവളുടെ കല്യാണം ഞാൻ എന്തോരും സ്വപ്നം കണ്ടിട്ടുണ്ട്.. ഒരു തെരുവ് തെമ്മാടിയെ അവൾ സ്വീകരിക്കുന്നു എന്നറിഞ്ഞും ഞാൻ ഒരുപാട് എതിർത്തു..." ഉള്ളിലെ വേദന അവർ പറയുമ്പോൾ റോഷൻ ആ മുഖത്തു തന്നെ നോക്കി... അവരും പറഞ്ഞു കഴിഞ്ഞിട്ടാണ് റോഷനെ നോക്കിയത്.. ആ മുഖത്തു ഒരു വല്ലായ്മ പടർന്നു.. അവൻ പക്ഷേ ചിരിച്ചു കൊണ്ട് കണ്ണടച്ച് കാണിച്ചു... "അവളുടെ ഭാവി ആലോചിച്ച് എനിക്ക് ഉറക്കം പോലും ഇല്ലാത്ത അവസ്ഥയായി..പക്ഷേ എനിക്കിപ്പോ തോന്നുന്നു...

എന്റെ മോളുടെ സെലക്ഷൻ തെറ്റിയിട്ടില്ല... നീ ആരോ ആയി കൊള്ളട്ടെ.. നിന്റെ ജോലി എന്തോ ആയി കൊള്ളട്ടെ.. നിനക്ക് ആരും അല്ലാതെയിരുന്നിട്ടും എന്നെ നീ പരിഗണിച്ചു എങ്കിൽ... അത്രയും നല്ലൊരു മനസ്സ് നിന്നിലുണ്ട്... എന്റെ മോളുടെ കാര്യത്തിൽ ഇനി എനിക്ക് പേടി ഇല്ല..." കൈകൾ കൊണ്ട് റോഷന്റെ കവിളിൽ തലോടി അവർ പറയുമ്പോൾ അവന്റെ ഉള്ളിൽ സന്തോഷം നിറഞ്ഞു തൂകി.. "വാശികാരി ആണ്... എനിക്കറിയാം അവളുടെ മുന്നിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടാവും നിന്നെ സ്വീകരിച്ചു എങ്കിൽ.. സ്വന്തം വാശി ജയിക്കാൻ വേണ്ടി ഏതറ്റം വരെയും പോകും ദയ..." റോഷൻ അപ്പോഴും ചിരിച്ചു... "അമ്മ ഒന്നും കൊണ്ടും പേടിക്കണ്ട.. അവൾക്കെന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടെൽ.... അവളെ സംരക്ഷിക്കാൻ ഞാൻ ബാധ്യസ്ഥനാണ്... ഞാൻ ഉണ്ടാവും..." വാക്ക് കൊടുത്തത് അവൻ ഹൃദയത്തിൽ നിന്ന് തന്നെ ആയിരുന്നു.. പിന്നെയും എന്തൊക്കെയോ അവർ പറഞ്ഞു... ആർത്തിയോടെ തന്നെ... അതെല്ലാം അവനും കേട്ടിരുന്നു.... ❤❤❤❤❤❤❤❤❤❤❤❤❤❤❤ റോഷൻ കയറി ചെല്ലുമ്പോൾ.... ദയ മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്..

വാതിൽക്കൽ നിന്ന് കൊണ്ട് ഒരു നിമിഷം അവൻ അവളെ നോക്കി.. അയഞ്ഞ ഒരു ഫാന്റും ബനിയനും ആണ് വേഷം... പാറി പറന്ന നീളം കുറഞ്ഞ മുടി ഇഴകൾ... അവന്റെ സാന്നിധ്യം അറിഞ്ഞപ്പോൾ അവൾ നടത്തം നിർത്തി അവനെ സൂക്ഷിച്ചു നോക്കി.. ആ മുഖത്തു ദേഷ്യം പടർന്നു... ഇന്ന് ഇനി എന്താവും കാരണം... റോഷൻ ഓർത്തു.. അവൻ അകത്തു കയറിയിട്ട് വാതിൽ അടച്ചു.. "നിനക്കെത്ര പറഞ്ഞാലും മനസ്സിലാവില്ല എന്നുണ്ടോ " ദയ ചീറും പോലെ ചോദിച്ചു... "പറഞ്ഞത് എന്താണ് എന്നൂടി പറ... എന്നിട്ട് പറയാം ഉത്തരം.. " അവനും കൈകൾ പോക്കറ്റിൽ തിരുകി അവളെ നോക്കി.. "എന്തായിരുന്നു താഴെ പരിപാടി..." കണ്ണുകൾ കൂർപ്പിച്ചു കൊണ്ട് അവൾ ചോദിച്ചു.. അപ്പോൾ അതാണ്‌ കാര്യം... അമ്മയോടൊപ്പം ഇവൾ കണ്ടു കാണും.. "ഒരുപാട് ആളുകൾ സ്വന്തം ആയി ഉണ്ടായിട്ടും ഒറ്റക്കായി പോയൊരു പാവം അമ്മ ഉണ്ടായിരുന്നു താഴെ... കണ്ടിരുന്നോ..." റോഷൻ ചിരിച്ചു കൊണ്ട് ചോദിച്ചു..

ദയ ദേഷ്യത്തോടെ അവനെ നോക്കി.. "കണ്ട് കാണില്ല... കണ്ടിരുന്നു എങ്കിൽ അവർ ഇന്ന് അത്രേം വേദനയോടെ ആ മനസ് എനിക്ക് മുന്നിൽ തുറക്കില്ലായിരുന്നുവല്ലോ..." ഇപ്രാവശ്യം പുച്ഛം ആയിരുന്നു അവന്റെ സ്വരത്തിൽ.. "നമ്മള് മുൻപ് എന്നോട് വല്ല്യ വായിൽ ബന്ധത്തിനെ കുറിച്ച് പ്രസംഗം നടത്തിയിരുന്നു... ഓർക്കുന്നുണ്ടോ " കളിയാക്കി കൊണ്ട് അവൻ ചോദിച്ചപ്പോൾ ദയ ചുവന്നു പോയി.. "ഇതെന്റെ വീടാണ്... താഴെ എന്റെ അമ്മയാണ്.... ഇവിടങ്ങനെ പലതും കാണും . അതിലൊക്കെ കയറി വല്ല്യ ഷോ കാണിക്കാൻ ആയിരിക്കും ഉദ്ദേശം.." ദയയുടെ പരിഹാസ മുള്ളുകൾ റോഷനെ ചുറ്റി വരിഞ്ഞു... "ഷോ കാണിച്ചു കയ്യടി നേടാൻ... നിന്നെ പോലെ ഞാൻ നാടകം കളിക്കുന്നില്ലല്ലോ ദയ... മകളുടെ ഭർത്താവിന്റെ പേര് മാത്രം ആ അമ്മക്ക് അറിയാം... വേറൊന്നും അറിയില്ല... എന്തൊരു വിധിയാണ് " ഇപ്രാവശ്യം അവന്റെ മുഖത്തു നോവ് പടർന്നു... "എല്ലാവരും വല്ല്യ ആളുകളായി.. നിറയെ തിരക്കായി.. സത്യം തന്നെ.. പക്ഷേ ആ ആളാവാൻ... തിരക്കിൽ പെട്ടു പോവാൻ മാത്രം വളർന്നു വലുതാവാൻ ആ അമ്മ എത്ര കഷ്ടപെട്ടിട്ടുണ്ടാവാം..." ദയ ചുണ്ടിന്റെ കോണുകൾ വക്രിച്ചു കോണ്ട് അവന്റെ നേരെ നോക്കി..

"എനിക്കവർ ആരും അല്ല... ഞാൻ അവർക്കും. എന്നിട്ടും എന്നോട് നിറയെ സംസാരിച്ചു... ഒപ്പം ഭക്ഷണം കഴിച്ചു... ഞാൻ കൊടുത്തൊരു വാക്ക് വിശ്വസിച്ചു... എനിക്ക് വേണ്ടി കാത്തിരുന്നു..." റോഷൻ പറയുമ്പോഴും ദയയുടെ മുഖത്തെ ഭാവം മാറിയില്ല... "എന്താ അതിന് കാരണം... അറിയുവോ... നിങ്ങൾ മക്കളാണ്... നിങ്ങളുടെ അച്ഛനാണ്... ചേർത്ത് പിടിക്കേണ്ടതിനെ മാറ്റി നിർത്തുന്നു..." "ഇത്രേം വേദനിക്കാൻ സ്വന്തം അമ്മ അല്ലല്ലോ... ഞങ്ങളുടെ അമ്മയെ സ്നേഹിക്കാൻ പുറത്തൂന്ന് ആളെ നിയമിക്കുന്നില്ല, തത്കാലം "" പരിഹാസത്തോടെ തന്നെ ദയ പറഞ്ഞു. "ഞാൻ ആണ് നിന്നെ ഇവിടെ വലിച്ചു കയറ്റിയത്.. ആ ഞാൻ പറയുന്നത് നീ അനുസരിക്കണം. ഇല്ലങ്കിൽ... പുറത്ത് ചാടുക്കാനും എനിക്കറിയാം " ദയ വിരൽ ചൂണ്ടി പറയുമ്പോൾ... റോഷൻ ഉറക്കെ ചിരിച്ചു.. "ആവിശ്യം എനിക്കല്ല ദയ... നിനക്കാണ്.. ഇപ്പൊ ഈ നിമിഷം പോവാൻ പറഞ്ഞാലും ഞാൻ ഇറങ്ങി പോവും... പക്ഷേ ഒരു കാര്യം ഞാനും ഉറപ്പിച്ചു വെച്ചിട്ടുണ്ട്.. അതിപ്പോ എന്റെ ആവിശ്യം ആണ്..." റോഷൻ പറയുമ്പോൾ ദയ അവന്റെ നേരെ നോക്കി.. "ആ അമ്മക്ക്... അവരുടെ ആഗ്രഹം പോലെ എല്ലാം നേടി കൊടുത്തിട്ടേ റോഷൻ ഇവിടെ നിന്നും പോകൂ... നിന്നെ അടക്കം..."

കൈ ചൂണ്ടി അവൻ പറയുമ്പോൾ... ആ മുഖം കണ്ടപ്പോൾ... അവൻ പറഞ്ഞത് പോലെ തന്നെ ചെയ്യുമെന്ന് അവൾക്കും ഉറപ്പായി.... ശക്തമായ ബന്ധങ്ങൾക്ക് വേണ്ടത് മനോഹരമായ മുഖങ്ങളല്ല.... വിശാലമായ ഹൃദയം കൊണ്ടാണ് ബന്ധം വളർത്തേണ്ടത്... വിശ്വാസം ആണ് വളമാകേണ്ടത്... "ഓവർ ആയിട്ട് ഷൈൻ ചെയ്യണ്ട റോഷൻ..മര്യാദക്ക് അടങ്ങി ഒതുങ്ങി കഴിഞ്ഞോളുക..." ദയ വീണ്ടും പറഞ്ഞു.. "ഞാൻ ഒരിക്കലും നിന്റെ വഴിയിൽ തടസ്സം ആവില്ല ദയ.. നീ പേടിക്കണ്ട. ഇപ്പൊ എനിക്കും ഒരു ലക്ഷ്യം ഉണ്ട്.. മറ്റാർക്കും ശല്യം ആവാതെ ഞാൻ അത് ചെയ്തു തീർക്കും... ആര് എതിർത്താലും.." അവസാനം റോഷൻ കടുപ്പത്തിൽ പറയുമ്പോൾ ദയ ദേഷ്യം കൊണ്ട് കത്തി... അവനാവട്ടെ ആ ദേഷ്യഅതിനുള്ളിൽ പോലും സ്നേഹം തിരഞ്ഞു..... ചിലരങ്ങനെയാണ്... അമിത പ്രകടനം ഒന്നും കാണിക്കില്ല. പക്ഷേ തരുന്ന സ്നേഹം ചങ്കിൽ തട്ടി ആയിരിക്കും... ആ അമ്മയ്ക്ക് മകളെ തിരിച്ചു നൽകുന്നതിനോടപ്പം എനിക്കും നിന്നെ തിരികെ വേണം ദയ....

തിരിഞ്ഞു നടക്കുമ്പോൾ റോഷൻ അതായിരുന്നു ഓർത്തത്.. എന്നിലേക്ക് ചേർത്ത് വെക്കാനല്ല... എന്റെ സ്വപ്നങ്ങളെ കുളിരണിയിച്ച നിന്റെയാ അഹങ്കാരമില്ലാത്ത ചിരി കാണുവാൻ.. അന്നെന്നെ ഏറെ സന്തോഷിപിച്ച ആ നിഷ്കളങ്കത ഒന്നൂടെ കാണുവാൻ.. ഇനിയും ജീവിച്ചിരിക്കുവാൻ ഒരു കാരണം വേണ്ടേ എനിക്കും... മാറ്റാരിലും എനിക്ക് നിന്നെ കണ്ടെത്താൻ ആവില്ല.. ആർക്കും പകരമാവാൻ കഴിയാത്തൊരു വിടവ് ഉണ്ടാക്കിയിട്ടുണ്ട് നീ എന്നിൽ.. ചേർന്നിരിക്കില്ലെന്ന് ഉറപ്പുണ്ടായിട്ടും... അങ്ങനെ ആയെങ്കിൽ എന്ന് കൊതിച്ചു പോവാറില്ലേ പലതും നമ്മൾ... അത്രമേൽ ആഴത്തിൽ ഓർമകൾ സമ്മാനിച്ചത്.. അത് പോലെയാണ് എനിക്ക് നീ.. ബാൽകണിയിലെ ഊഞ്ഞാൽ പടിയിലേക്ക് ഇരിക്കും മുന്നേ റോഷൻ ഒന്നൂടെ ദയയെ പാളി നോക്കി.. കൈകൾ കൂട്ടി തിരുമ്പി അവൾ അപ്പോഴും നടക്കുന്നുണ്ട്.. റോഷൻ കണ്ണുകൾ മുറുകെ അടച്ചു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story