കൂട്ട് 💕💕💕: ഭാഗം 9

Koott

രചന: ജിഫ്‌ന നിസാർ

"നീ ഒന്നവിടെ നിന്നേ " പിറകിൽ നിന്നും ദേവസ്യ... ദയയുടെ അച്ഛൻ പറയുമ്പോൾ റോഷൻ തിരിഞ്ഞു.. അമ്മയെ കാണാൻ വന്നതാ... ഇങ്ങേര് ഇവിടെ ഉണ്ടെന്ന് അറിഞ്ഞില്ല... ഇന്ന് പള്ളിയുറക്കം നേരത്തെ തീർന്നോ ആവോ " അവിടെ നിന്ന് അവൻ പിറുപിറുത്തു.. "എന്താ നിന്റെ ഉദ്ദേശം " ഗൗരവം നിറഞ്ഞ ചോദ്യം.. പാതി നരച്ച അയാളുടെ മീശയും മുടിയും..... ചുളിവ് വീണതെങ്കിലും ഉറച്ച ശരീരം... മുഖത്തെ മാറാത്ത ഗൗരവം... ബനിയനും മുണ്ടും ആണ് വേഷം.. കഴുത്തിൽ വലിയൊരു മാല തൂങ്ങി കിടക്കുന്നു... "ചോദിച്ചത് കേട്ടില്ലേ " വീണ്ടും കടുപ്പത്തിൽ ചോദ്യം കേട്ടപ്പോൾ അവൻ സ്കാൻ ചെയ്യുന്നത് തത്കാലം നിർത്തി.. അമ്മയെ ഇത്തിരി സ്നേഹിക്കുന്നത് ഈ മൂരാച്ചിക്ക് പിടിക്കുന്നുണ്ടാവില്ല.. അതാണ്‌ ഈ ചോദ്യം ചെയ്യൽ... "അങ്ങനെ.... ഒന്നും ഇല്ല... ഞാൻ വെറുതെ " റോഷൻ പറയുന്നതിന്റെ ഇടയിൽ തന്നെ ദേവസ്യ ഒന്ന് അമർത്തി മൂളി.. "അത് തന്നെ ആണ് ഞാനും ചോദിച്ചത്... ഒന്നും അല്ലാതെ ഇത്രേം നടന്നത് പോരെ..

ഇപ്പൊ ഒരു കുടുംബം ആയില്ലേ... ഇനിയും ഇങ്ങനെ കൂലി തല്ല് പിടിച്ചു നടന്നാൽ ശരിയാവില്ല.. എനിക്ക് ഒറ്റ മോളാണ്.. അവൾ ആഗ്രഹിച്ചത് കൊണ്ട് മാത്രമാണ് നീ ഇവിടെ കയറി പറ്റിയത് എന്ന് നിനക്ക് തന്നെ അറിയാവല്ലോ " ദേവസ്യ പറയുമ്പോൾ റോഷൻ നോട്ടം മാറ്റി.. ഇതായിരുന്നോ.. അവൻ മനസ്സിൽ ഓർത്തു... "അത്രയും സ്നേഹം അവളോട്‌ ഉണ്ടായിരുന്നു എന്ന് വേണം നീ മനസ്സിലാക്കാൻ.. അങ്ങനെ ഉള്ളപ്പോൾ എന്റെ മോളുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു നിൽക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ " അയാൾ വീണ്ടും ചോദിച്ചു.. റോഷൻ ഒന്നും മിണ്ടാതെ തന്നെ നിന്നു.. ഈ കളിയിൽ പാതിയിൽ ഇറങ്ങി പോവേണ്ട ഞാൻ എന്തിനാണ് ഹേ ഇതെല്ലാം കേൾക്കേണ്ടത് എന്നായിരുന്നു അവൻ അപ്പോൾ ഓർത്തത്.. "കേൾക്കാൻ മാന്യത ഉള്ളൊരു ജോലി നിനക്ക് ഉണ്ടായിരുന്നു എങ്കിൽ... എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് നിന്റെ കാര്യത്തിൽ... അവളുടെ ഹൃദയം പിടയുന്നത് ആലോചിക്കാൻ പോലും പറ്റാത്തത് കൊണ്ടാണ് ഈ വിവാഹം നടന്നത്.മറ്റൊരു വിവാഹം കഴിക്കില്ല എന്നവൾ പറഞ്ഞാൽ... അത് അങ്ങനെ തന്നെ ആവും.. ഈ ജന്മം മുഴുവനും... അത്രയും ഉറപ്പുണ്ട് അവളുടെ വാക്കിന് "

അഭിമാനം ആയിരുന്നോ അയാളിൽ.. റോഷൻ തല ചെരിച്ചു നോക്കി... "അത് ഉറപ്പല്ല മനുഷ്യ... ചീഞ്ഞ വാശിയാണ്.... ഒട്ടും നല്ലതല്ല അത്.." റോഷൻ മനസ്സിൽ പറഞ്ഞു... "നിന്റെ മുഖത്തെ ഈ പുച്ഛം ഉണ്ടല്ലോ... എനിക്ക് മനസ്സിലാവും റോഷൻ... ഇനിയെങ്കിലും നന്നായി ജീവിക്കൂ... നീ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ബന്ധം ആണ് എന്റെ മോളുടെ... ഇവിടുത്തെ പണം കണ്ടിട്ട് തന്നെ ആവും നീ എന്റെ മകളെ വളച്ചൊടിച്ചു വിവാഹം വരെയും എത്തിച്ചത് " പരിഹാസം പോലെ അയാൾ പറയുമ്പോൾ റോഷൻ അയാളെ തുറിച്ചു നോക്കി... കുഞ്ഞു നാൾ മുതൽ... യാതൊരു ശല്യവും ചെയ്യാത്ത തന്റെ സ്നേഹത്തിനു വിലയിട്ടത് പോലെ തോന്നി അവന്.. "ഇനി അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.. പോയ ബുദ്ധി ആന വലിച്ചാലും കിട്ടില്ല എന്നല്ലേ... ഒരുപാട് ബിസിനസ് സ്ഥാപനം ഉണ്ട് എനിക്ക്.. അതിൽ ഒന്നിൽ കയറി പറ്റുക.. ജോലി ഒക്കെ പഠിച്ചെടുക്കാം... എന്തായാലും കൂലി തല്ലിനോളം റിസ്ക് വരില്ല അതിന്.മാന്യമായൊരു തുക ശമ്പളം കിട്ടും...

ആൾകാരോട് പറയാൻ നല്ലൊരു ജോലിയും ആവും.. എന്റെ മകൾ നിന്നെ വേണ്ടന്ന് പറയുവോളം നിന്റെ മാന്യത ഇപ്പൊ എന്റെ കുടുംബത്തിന്റെ മൊത്തം പ്രശ്നം ആണല്ലോ " വീണ്ടും കളിയാക്കൽ.. റോഷൻ കൈകൾ പോക്കറ്റിൽ തിരുകിയിട്ട് പതിയെ ചിരിച്ചു.... ബുദ്ധിമുട്ടാണ് " പതിയെ ഉറപ്പോടെ റോഷൻ പറയുമ്പോൾ ദേവസ്യയുടെ കണ്ണുകൾ ചുവന്നു... "എന്തോന്ന് " അയാൾ അവനെ ചുഴിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു.. "അച്ഛൻ ഇപ്പൊ പറഞ്ഞ ജോലിക്ക് പോവാൻ എനിക്ക് ബുദ്ധിമുട്ട് ആണ് എന്ന്.. ഞാൻ എന്താണ്... എന്റെ ജോലി എന്താണ് എന്നൊക്കെ എന്റെ ഭാര്യക്ക് നന്നായി അറിയാം. അവൾക്കില്ലാത്ത പ്രശ്നം പിന്നെ നിങ്ങൾക്ക് എന്തിനാ..." റോഷൻ ചോദിച്ചു.. അയാൾക് ദേഷ്യം വന്നിരുന്നു... "പിന്നെ... കളക്ടർ ഉദ്യോഗം ആണല്ലോ.. ആരുടെയെങ്കിലും കത്തി മുനയിൽ തീരാൻ ഉള്ളതാ.. അപ്പഴാ അവന്റെ ഒരു അഹങ്കാരം.. നല്ല വല്ല ജോലിം എടുത്തിട്ട് നാല് കാശുണ്ടാക്കി ജീവിതം സെറ്റാക്കാൻ നോക്കുന്നതിനു പകരം അവന്റെ ഒരു ബുദ്ധിമുട്ട്...' ദേവസ്യ റോഷനെ നോക്കി ചുണ്ട് കോട്ടി... "എനിക്കങ്ങനെ വല്ല്യ കാശ്കാരൻ ആവണ്ട..

കയ്യിൽ ഇച്ചിരി കാശ് വരുമ്പോൾ നിങ്ങളുടെ പോലെ ബന്ധങ്ങൾ മറന്നാലോ... സംസാരിക്കാൻ പോലും സമയം ഇല്ലാത്ത തിരക്ക് ആയാലോ... കാശ്.. കാശ്.. എന്ന് പറഞ്ഞു ജീവിതം മൊത്തം ഓടിയിട്ട് അവസാനം ഇത്തിരി രോഗം ബാക്കിയായി... വെറുതെ നല്ല പ്രായം കളയാൻ റോഷനെ കിട്ടൂല... എനിക്കെന്റെ പെണ്ണിനെ സ്നേഹിച്ചു ജീവിക്കണം... അവളെ കേൾക്കാൻ സമയം വേണം... അവൾക്കൊപ്പം ഇരിക്കാൻ സമയം വേണം... അവളുടെ കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ നടത്തി കൊടുക്കണം.. അങ്ങനെ എന്തേല്ലാം ചെയ്യാനുണ്ട്.." റോഷൻ അയാളുടെ കണ്ണിലേക്കു നോക്കി പറഞ്ഞു... ദേവസ്യ ഒന്നും പറഞ്ഞില്ല.. എങ്കിലും അയാൾ അവന്റെ നേരെ നോക്കിയില്ല... "ഒരിച്ചിരി സ്നേഹം ഞാൻ വെച്ച് നീട്ടിയപ്പോ... സ്വന്തം മക്കളെ പോലെ എന്നേ സ്നേഹിക്കുന്ന ഒരമ്മയെ ഞാൻ ഇവിടെ കണ്ടു... അവരുടെ ഭർത്താവ് ഭയങ്കര കാശുകാരനാ.. മക്കളും മരു മക്കളും... എന്തിന് ഇത്തിരിയോളം പോന്ന പേര കുട്ടികൾ പോലും ഒന്ന് തിരിഞ്ഞു നോക്കാൻ കഴിയാത്ത തിരക്കുകാരാ... " റോഷൻ ചിരിച്ചു കൊണ്ട് പറയുമ്പോൾ ദേവസ്യയുടെ നെറ്റി ചുളിഞ്ഞു... കണ്ണിൽ സംശയം നിറഞ്ഞു... "സംശയിക്കണ്ട.... ഞാൻ പറഞ്ഞത് നിങ്ങൾ ഉദ്ദേശിച്ച ആളെ തന്നെയാണ്.. നിങ്ങളുടെ സ്വന്തം ഭാര്യ... എന്റെ അമ്മ " അതേ ചിരിയോടെ തന്നെ റോഷൻ പറഞ്ഞു.. അയാളുടെ ചുണ്ടിൽ പരിഹാസം തെളിഞ്ഞു...

"ഓ... മരുമോൻ കൊള്ളാലോ..അകത്തു കയറി പറ്റിയത് പോലെ ഇനി ഇപ്പൊ ഇവിടെ ഉള്ളോരുടെ മനസ്സിൽ കൂടി കയറി പറ്റണം... അതിന് കണ്ടു പിടിച്ച വഴി കൊള്ളാം..." പുച്ഛത്തോടെ അയാൾ പറഞ്ഞിട്ടും അവന്റെ മുഖത്തെ ചിരി മാഞ്ഞില്ല.. "അന്നമ്മക്ക് ലോകവിവരം ഇല്ല കൊച്ചനെ... നിന്നെ കുറിച്ച് ഒന്നും അറിയാത്തുമില്ല... മറ്റുള്ളവരുടെ വാക്കുകൾ പെട്ടന്ന് വിശ്വസിച്ചു പോകും ആ മണ്ടി... അവളെ കയ്യിലെടുത്തു എന്നാണോ നീ വീമ്പ് പറയുന്നത് " അയാൾ ഉറക്കെ ചിരിച്ചു... റോഷൻ ആ ചിരിയിലേക്ക് സഹതാപത്തോടെ നോക്കി.. "അച്ഛന് ഒരു കാര്യം അറിയോ... നിങ്ങളിപ്പോ കളിയാക്കി ചിരിച്ചത് നിങ്ങളെ തന്നെയാ..." റോഷൻ പറയുമ്പോൾ അയാൾ അവനെ തുറിച്ചു നോക്കി... "ലോകം കാണാത്ത വിധം അവരുടെ ചുറ്റും മതിലുകൾ തീർത്തിട്ട്... അവർക്ക് ലോകവിവരം കുറവാണ് എന്ന് പറയുമ്പോൾ... തോറ്റു പോകുന്നത് നിങ്ങളെന്ന ഭർത്താവ് അല്ലേ...." ചിരിയോടെ തന്നെ റോഷൻ ചോദിച്ചു... അയാളുടെ കണ്ണുകൾ ചുരുങ്ങി... "എന്റെ അച്ചായൻ മുൻപ് എന്നോട് ഒത്തിരി സംസാരിക്കുമായിരുന്നു... ഒത്തിരി കാശൊക്കൊ ആയപ്പോൾ... ഒന്നിനും സമയം ഇല്ലാത്ത തിരക്കായിരുന്നു 'എന്ന് ആ അമ്മ എന്നോട് ഹൃദയം തകർന്നാണ് അച്ഛാ പറഞ്ഞത്...

അതിൽ അവരുടെ പരിഭവം ഉണ്ടായിരുന്നു... സ്നേഹം ഉണ്ടായിരുന്നു.." റോഷൻ പറയുമ്പോൾ ദേവസ്യയുടെ ചിരി മാഞ്ഞു... "സ്വന്തം ഭർത്താവിന്റെ സ്നേഹം കൊതിക്കാത്ത ഭാര്യമാർ ഉണ്ടാവില്ല... തിരക്കിൽ നമ്മൾ ആണുങ്ങൾ അലിയുമ്പോൾ ഒറ്റക്കായി പോവുന്നുണ്ട് അച്ഛാ... ഒരിത്തിരി നേരം തനിക്കു വേണ്ടിയും അവർ നീക്കി വെച്ചിരുന്നുവെങ്കിൽ എന്നവരും കൊതിക്കുന്നുണ്ട്..." റോഷൻ ചിരിച്ചു കൊണ്ട് തന്നെ ആണ് പറയുന്നത്... "പിന്നെ നിങ്ങൾ പറഞ്ഞല്ലോ... എന്റെ അമ്മ മണ്ടി ആണെന്ന്..എന്നെ കുറിച്ച് ഒന്നും അറിയില്ലെന്ന്.... അത് പറഞ്ഞ നിങ്ങളാണ് ശെരിക്കും മണ്ടൻ... എന്താണ് എന്നറിയുവോ " റോഷൻ ചോദിച്ചു.. അറിയാതെ തന്നെ ദേവസ്യ ഇല്ലെന്ന് തലയാട്ടി... "ആ അമ്മക്ക് ഉള്ളിലെ സ്നേഹം നിങ്ങൾ കാണുന്നില്ല... ആ സ്നേഹം ഉള്ളത് കൊണ്ടാണ് ഇത്രയും നിങ്ങൾ അവഗണിച്ചിട്ടും ഇപ്പോഴും വിളി പുറത്ത് ഓടി എത്തുന്നത്...ഒരേ ഒരു മകളുടെ ഭർത്താവിനെ കുറിച്ച് അവർക്കൊന്നും അറിയാത്തത്... നിങ്ങൾ അറിയിക്കാഞ്ഞിട്ടല്ലേ... അവരുടെ അഭിപ്രായം ചോദിക്കാഞ്ഞിട്ടല്ലേ... അവർക്കും ഉണ്ടായിരുന്നു മകളെ കുറിച്ച് സ്വപ്നങ്ങൾ... ആഗ്രഹങ്ങൾ... അഭിപ്രായങ്ങൾ....വേവലാതികൾ... എന്തേ....

നിങ്ങളത് കണ്ടില്ല... അവർ നിങ്ങളുടെ ഭാര്യ അല്ലേ.... നിങ്ങളുടെ ഭാരം അല്ലല്ലോ... നിങ്ങളുടെ മക്കളുടെ അമ്മയല്ലേ..."റോഷനിൽ ദേഷ്യം ഉണ്ടായിരുന്നു അപ്പോൾ... പതിയെ ദേവസ്യ സോഫയിൽ ഇരുന്നു പോയി... "എനിക്കിവിടെ കയറി പറ്റാൻ പ്രതേകിച്ചു അടവുകൾ ഒന്നും വെണ്ട... എന്നെ മാത്രം മതിയെന്ന് പറഞ്ഞ ഒരുത്തി ഇവിടെ ഉള്ളടത്തോളം ഞാൻ ഇവിടെ തന്നെ ഉണ്ടാവും... " അവൻ വീണ്ടും പറഞ്ഞു.. "അപ്പൊ പറഞ്ഞു വന്നത്... കൂടെ ഉള്ളവരെ പരിഗണിക്കാൻ മടിക്കും നാല് കാശ് കയ്യിൽ വരുമ്പോൾ... റോഷന് അത് വേണ്ട.. അതിവിടുത്തെ നിങ്ങളുടെ പണം കണ്ടിട്ടൊന്നും അല്ല കേട്ടോ.." ദേവസ്യ അവന്റെ നേരെ മുഖം ഉയർത്തി നോക്കി... "എന്നെ സ്നേഹിച്ചും വിശ്വസിച്ചും... എന്റെ കൂടെ കൂടിയ എന്റെ പെണ്ണിനെ സ്നേഹിക്കാൻ പണം ഒരു തടസ്സം ആണെന്ന് ഇവിടെ വന്ന് നിങ്ങളെ കണ്ടപ്പോൾ എനിക്ക് മനസ്സിലായി... അങ്ങനെ ഞാൻ അങ്ങനെ ചെയ്യില്ല... എന്റെ പെണ്ണിന് ഞാൻ വില കൊടുത്താലേ.... ഞാൻ സ്നേഹിച്ചാലേ എന്റെ മക്കളും നാളെ അവളെ വില കൊടുക്കൂ... സ്നേഹിക്കൂ... അതെന്റെ കടമയാണ്... ആ കൈകൾ പിടിക്കുമ്പോൾ ഞാൻ അവൾക്ക് കൊടുത്ത വാക്ക്‌...

തനിച്ചാക്കില്ലാ എന്നത്.... അതെന്റെ മരണം വരെയും എനിക്ക് പാലിക്കണം... " റോഷൻ ഉറപ്പോടെ പറയുമ്പോൾ അയാൾക്ക് ശബ്ദം നഷ്ടം വന്നിരുന്നു... അത് വരെയും ചെയ്ത അപരാതങ്ങൾ പല്ലിളിച്ചു കാണും പോലെ... മാറ്റി നിർത്തലുകൾ.... സ്നേഹകുറവുകൾ... എല്ലാം അയാൾക്കപ്പോൾ കാണാമായിരുന്നു... "പണം വരും പോകും.. പക്ഷേ ഒരിത്തിരി സ്നേഹം കൊടുത്ത... ഒന്ന് തളർന്നിരിക്കുമ്പോൾ... അത് പലിശ സഹിതം തിരിച്ചു കിട്ടും... നിങ്ങളെ പോലെ വല്ല്യ പഠിപ്പില്ല.. ലോക വിവരവും ഇല്ല.. പക്ഷേ അനുഭവങ്ങൾ ഒത്തിരി ഉണ്ട്.. എനിക്കീ ജോലിയും കൂലിയും സ്റ്റാറ്റസും ഒക്കെ തന്നെ മതിയെന്നെ....കൂടുതൽ കാശ് കിട്ടിയ അഹങ്കാരി ആയി പോയാലോ.. എനിക്കെന്റെ പെണ്ണിനെ മറക്കാൻ വയ്യ " റോഷൻ വീണ്ടും പറഞ്ഞു... "പിന്നെ ഒത്തിരി കാശ് ഉണ്ടായിട്ടൊന്നും ഒരു കാര്യവും ഇല്ല.. ഒന്ന് വീണു പോയ.. കാശ് കൊണ്ട് ഒരു വേലക്കാരിയെ വെക്കാൻ പറ്റും.. പക്ഷേ അവർ അവരുടെ കടമ പോലെ... ചടങ്ങ് പോലെ കാര്യങ്ങൾ ചെയ്യുകയും ചെയ്യും... ചേർത്ത് പിടിച്ച.... വീണു പോകുമ്പോൾ സ്വന്തം പാതി ഉണ്ടാവും പൊന്ന് പോലെ നോക്കാൻ.. അന്ന് പക്ഷേ അവർ നമ്മുടെ കാര്യങ്ങൾ ചെയ്തു തരുമ്പോൾ കുറ്റബോധം ഇല്ലാതെ ആ മുഖത്തോട്ട് നോക്കാൻ പറ്റണം എങ്കിൽ സ്നേഹത്തോടെ ഇന്നുകളിൽ തന്നെ ചേർത്ത് നിർത്തണം "

റോഷൻ പറയുമ്പോൾ അയാളിൽ അവസാനത്തെ വീര്യവും ചോർന്നു പോയിരുന്നു... ഒന്നും മിണ്ടാനില്ലാത്ത പോലെ തല കുനിച്ചു.. "മക്കളൊക്കെ വിരുന്നുകാരനെ പോലാണ്... എന്നും തമ്മിൽ തുണയായി നിൽക്കേണ്ടത് ഭാര്യയും ഭർത്താവും തന്നെയാണ്.. അത് കണ്ടാണ് മക്കൾ പഠിക്കേണ്ടത്... ആ സ്നേഹമാണ് അവരുടെ ജീവിതത്തിലും പകർത്തേണ്ടത്...." "എനിക്ക് പണകാരൻ ആവണ്ട അച്ഛാ... നല്ലൊരു മനുഷ്യൻ ആയാൽ മതി... സഹ ജീവികളോട് സ്നേഹം ഉള്ള മനുഷ്യൻ " പറഞ്ഞു തീർത്തു റോഷൻ തിരിച്ചു നടന്നിട്ടും അവൻ കൊരുത്തിട്ടയാ ചൂണ്ടയിൽ അയാളുടെ മനസ്സ് പിടഞ്ഞു... തിരിഞ്ഞു നോക്കി പോവുമ്പോൾ അവനും കണ്ടിരുന്നു ആകുലത നിറഞ്ഞ ആ മുഖം... ❤❤❤❤❤❤❤❤❤❤❤❤❤❤❤ അടുക്കളപുറത്തെ വരാന്തയിൽ ആണ് അവന്റെ അന്വേഷണം അവസാനിച്ചത്.. മുറ്റത്തെ കോഴികൾക്ക് തീറ്റ കൊടുത്ത് കൊണ്ട് അവിടെ ഇരിപ്പുണ്ട്.. അവൻ അന്വേഷിച്ചു നടന്ന ആള്.. അവന്റെ അമ്മ.. കോഴികളോട് പോലും വർത്താനം പറയുന്നുണ്ട്.. വഴക്ക് പറയുന്നുണ്ട്... കളിയാക്കി ചിരിക്കുന്നുണ്ട്.. അവൻ കുറച്ചു സമയം അവിടെ തന്നെ നിന്നിട്ട് അവരുടെ കളി ചിരികൾ നോക്കി.. ഒറ്റയാകുമ്പഴല്ലേ ചുറ്റും ഉള്ള നിശ്ചലമായ പലതിനും ജീവൻ കൊടുക്കുന്നത്... ഒറ്റയാകുമ്പഴല്ലേ കനവുകൾ മരവിച്ചു പോകുന്നത്...

ഒറ്റയാകുമ്പഴല്ലേ ഹൃദയത്തിൽ ഇനിയാരും കടന്നു ചെല്ലാത്തയിടങ്ങളിൽ ഓർമകൾ ചിക്കി ചികയുന്നത്‌.... അതേ.... ഒറ്റക്കാവുകയെന്നാൽ... ഓർമകൾ കൊണ്ട് മുറിവേറ്റ് പിടയുന്നു എന്ന് കൂടിയാണ്... റോഷൻ അവരുടെ അരികിൽ പോയിരുന്നു...തോളിൽ തല ചേർത്ത് ചേർന്നിരുന്നു... "ഭക്ഷണം കഴിച്ചോ ടാ " തിരിഞ്ഞു നോക്കാതെ തന്നെ അവരുടെ ചോദ്യം... റോഷൻ അത്ഭുതത്തോടെ തല ഉയർത്തി നോക്കി.. "ഞാൻ ആണെന്ന് എങ്ങനെ അറിഞ്ഞു " അതേ അത്ഭുതം അവന്റെ സ്വരത്തിലും ഉണ്ടായിരുന്നു.. "ഈ അടുക്കളപുറത്ത് എന്നെ തേടി വരാൻ നീ മാത്രം ഒള്ളൂ റോഷൂ " അവന്റെ തലയിൽ തലോടി വാത്സല്യത്തോടെ അന്നമ്മച്ചി പറഞ്ഞു.. അവന്റെ ശരീരം മൊത്തം ഒരു കുളിര് പടർന്നു കയറി... ഒന്നും മിണ്ടാതെ അൽപ്പസമയം ഇരുന്നു... രണ്ടാളും.. "ഇന്ന് നിന്റെ തല്ല് പിടി നേരത്തെ കഴിഞ്ഞോ ടാ ചെറുക്കാ " കുറുമ്പോടെ അന്നമ്മച്ചി ചോദിച്ചു... "കഴിഞ്ഞിട്ടൊന്നും അല്ലന്നേ... എന്റെ പെണ്ണുംപിള്ള വിളിച്ചു.. വരാൻ പറഞ്ഞിട്ട് " റോഷൻ നാണം അഭിനയിച്ചു കൊണ്ട് പറഞ്ഞു..

"മ്മ്... നടന്നത് തന്നെ... എന്റെ മോൻ കൊറച്ചു പാട് പെടും... അവളെ.... എന്റെ മോളാണ്.. എനിക്കറിയാം.." അന്നമ്മച്ചി കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.. "അവൾക്കേ... ഒന്നല്ല. മൂന്നാല് എല്ല് കൂടുതൽ ഉണ്ട്.. ആദ്യം മോൻ അതൊന്ന് ഓടിക്കാൻ ശ്രമിച്ചു നോക്ക്.. നടന്ന നിന്റെ ഭാഗ്യം " അന്നമ്മച്ചി വീണ്ടും ചിരിച്ചു കൊണ്ട് പറഞ്ഞു... "ഏയ്.. എന്റെ പെണ്ണ് പാവാ.. ഇല്ലാത്തത് പറഞ്ഞ ഉണ്ടല്ലോ..." റോഷൻ കണ്ണുരുട്ടി.. "ഓഹോ.. അങ്ങനായോ... എന്നിട്ട് കെട്ടിയോള് വിളിച്ചിട്ട് നീ എന്നാത്തിനാ ടാ എന്റെ തോളിൽ ചാരി ഇരിക്കാൻ വന്നേക്കുന്നെ " അവൻ ചാരി കിടക്കുന്ന തൊള് വെട്ടിച്ചു കൊണ്ട് അവർ പറയുമ്പോൾ റോഷൻ അവരെ ഇറുക്കി കെട്ടിപിടിച്ചു.. "അതോ... അതുണ്ടല്ലോ... ആരോടും പറയണ്ട... എനിക്കേ... അവളെകാളും ഇഷ്ടം അവളുടെ അമ്മയെ ആണ് " അവൻ ഉറക്കെ പൊട്ടിച്ചിരിച്ചു... അവന്റെ അമ്മയും.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story