💟 സങ്കീർത്തനം 💟: ഭാഗം 17

Sangeerthanam

രചന: കാർത്തിക

 "രുദ്രേട്ടാ....." എന്നുള്ള ഋതുവിന്റെ വിളിയൊച്ച സംഗീതിന്റെ മനസ്സിൻ അലയടിച്ചു.... അവൻ ഇരുകൈകളും കോർത്ത് തലയ്ക്ക് പിറകിലായ് വെച്ച് ചെയറിലേക്ക് ഒന്നുകൂടി ചാരിയിരുന്നു. കാർമേഘങ്ങൾ ഒന്നുമില്ലാത്ത പൂർണ്ണചന്ദ്രന്റെ ശോഭയും നിറയെ നക്ഷത്രങ്ങളും നിറഞ്ഞ നീലാകാശത്തേക്ക് ആയിരുന്നു രുദ്ര സംഗീതിന്റെ നോട്ടം.... അതിൽ ഒരു കുഞ്ഞു നക്ഷത്രം ചിലപ്പോൾ തന്റെ ഋതു ആയിരിക്കും..... അവളുടെ ഓർമ്മകളിൽ അവന്റെ കണ്ണുകൾ ഈറനണിഞ്ഞു. അവളെ ആദ്യമായി കണ്ടതു മുതലുള്ള കാര്യങ്ങൾ അവന്റെ മനസ്സിൽ മിഴിവോടെ തെളിയാൻ തുടങ്ങിയിരുന്നു. വായിക്കുന്ന ശീലമുള്ളതുകൊണ്ട് സമയം കിട്ടുമ്പോഴൊക്കേ വീടിനടുത്തുള്ള ലൈബ്രറിയിലേക്ക് പോകുമായിരുന്നു സംഗീത്, അന്ന് പി ജി ചെയ്യുകയായിരുന്നു അവൻ. ആ നാട്ടിൽ അവന് പറയത്തക്ക കൂട്ടുകാർ ഒന്നുമില്ലായിരുന്നു. ആകെയുണ്ടായിരുന്ന രണ്ട് ആത്മ മിത്രങ്ങൾ കൂടെ പഠിക്കുന്ന ഹരി നാരയണനും കാശിനാഥുമാണ്.

പതിവു പോലെ ഒരു ദിവസം ലൈബ്രറിയിലേക്ക് കയറിച്ചെന്നപ്പോൾ ഒരു പെൺകുട്ടിയുടെ മാധുര്യമാർന്ന ശബ്ദമാണ് അവനെ വരവേറ്റത്. അതാരാണെന്ന് അറിയാനുള്ള ആകാംഷയിൽ അവൻ നോക്കുമ്പോൾ വെളുത്തു കൊലുന്നനെ ഏകദേശം മുട്ടറ്റം വരെ എത്തുന്ന മുടിയും വലിയ കണ്ണുകളുമൊക്കെയുള്ള ഒരു പെൺകുട്ടി അവിടിരിക്കുന്ന ചേട്ടനോട് എന്തൊ ചോദിക്കുകയാണ്, ഒന്നുടെ ശ്രദ്ധിച്ചപ്പോഴാണ് മനസ്സിലായത് അവൾ "പാതിരാസൂര്യന്റെ നാട്ടിൽ" എന്ന ബുക്കാണ് ചോദിക്കുന്നതെന്ന്. ആ ബുക്ക് ഇപ്പോൾ ഇവിടില്ലെന്നും മറ്റാരുടേയോ കൈവശമാണെന്നും തിരികെ കൊണ്ടു വരുമ്പോൾ കുട്ടിക്ക് തരാമെന്നും ആ ചേട്ടൻ മറുപടി പറഞ്ഞു. ആ ബുക്ക് ഇപ്പോൾ തന്റെ കൈവശമാണെന്ന് അപ്പോഴാണ് സംഗീത് ഓർത്തത്. അവൻ അവളെ ഒന്നുകൂടി നോക്കി ഷെൽഫിൽ കാര്യമായിട്ട് ഏതോ ബുക്ക് തിരയുകയാണ് കക്ഷി....... വല്ലാത്തൊരു കൗതുകം തോന്നി അവന്, ആദ്യമായിട്ടാണ് അവളെ കാണുന്നത് എങ്കിലും തനിക്ക് ഏറെ പ്രിയപ്പെട്ട ആരെയോ പോലെ തോന്നി..

ഏതൊക്കെയൊ ഒന്നു രണ്ട് ബുക്സും എടുത്ത് അവൾ പോയി. അവൻ ഒരു ബുക്കെടുത്തു വായിക്കാൻ വേണ്ടി ഇരുന്നു എങ്കിലും അവന് വായനയിൽ ശ്രദ്ധിക്കാനെ കഴിഞ്ഞില്ല കുറച്ച് മുന്നേ അവിടുന്നു പോയ പെൺകുട്ടിയായിരുന്നു അവന്റെ മനസ്സ് നിറയെ..... പിറ്റേ ദിവസവും അവൻ ഇല്ലാത്ത സമയം ഉണ്ടാക്കി അവിടേക്ക് പോയി അവളെ ഒരു നോക്ക് കാണാനായി, അവൾ അന്വേഷിച്ച ബുക്കും ഒപ്പം കരുതിയിരുന്നു നേരിട്ട് അവൾക്ക് കൊടുക്കാനായിട്ട്. പക്ഷെ അന്നത്തെ ദിവസം അവൾ വന്നില്ല. തുടർച്ചയായിട്ടുള്ള രണ്ട് മൂന്ന് ദിവസവും അവൾ വന്നില്ല, അവനെന്തോ വല്ലാത്ത നിരാശ തോന്നി... പിറ്റേ ദിവസവും പ്രതീക്ഷ തെറ്റിക്കാതെ അവൻ ലൈബ്രറിയിലേക്ക് പോയി. അവനെത്തി കുറച്ചു കഴിഞ്ഞപ്പോൾ അവൾ അവിടേക്ക് വന്നു, അവന്റെ മനസ്സപ്പോൾ വല്ലാതെ സന്തോഷിച്ചു. ഏതൊക്കെയോ ബുക്കുകൾ മറിച്ചു നോക്കി കൊണ്ടിരിക്കുന്ന അവളുടെ അടുത്തേക്ക് വന്ന അവൻ ഒന്നു മുരടനക്കി.

അവൾ തലയുയർത്തി നോക്കിയപ്പോൾ സുമുഖനായ ഒരു ചെറുപ്പക്കാരൻ ആരെയും ആകർഷിക്കുന്ന മുഖം, അവനവളെ നോക്കി ഒന്നു പുഞ്ചിരിച്ചു തിരികെ അവളും ചിരിച്ചു. "എന്താ.... " അവൾ മറുപടിയായി തന്റെ കയ്യിലിരുന്ന ബുക്ക് അവളുടെ നേർക്ക് നീട്ടി അവൻ, ഒരു സംശയത്തോടെ അവളതു വാങ്ങി പുസ്തകത്തിന്റെ പുറംചട്ടയിൽ എഴുതിയിരിക്കുന്ന പേര് വായിച്ചപ്പോൾ അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. " ഇത്.....?" "എന്റെ കൈവശമായിരുന്നു ഈ ബുക്ക്, താനന്ന് ആ ചേട്ടനോട് ഈ ബുക്കിനെ പറ്റി ചോദിക്കുന്നത് ഞാൻ കേട്ടിരുന്നു... അതാ ഇപ്പോൾ നേരിട്ടു തന്നെ കയ്യിൽ തന്നേക്കാമെന്ന് വച്ചത്..... ഇല്ലേൽ ഇനിയും ആരെങ്കിലും കൊണ്ട് പോയാലൊ.... " "താങ്ക്സ് ....." " ഇതിന് മുന്നേ താനിത് വായിച്ചിട്ടുണ്ടോ....." " ഇല്ല..... എന്തേ..... " "താൻ ഈ ബുക്ക് മാത്രം പ്രത്യേകം ചോദിച്ചു അതാ.... " " മം..... അതൊ.... എന്റെ ഒരു ഫ്രണ്ട് പറഞ്ഞിട്ടുള്ള അറിവാ ഇതിനെപ്പറ്റി, അന്നു മുതലുള്ള ആഗ്രഹമാണ് ഇതൊന്ന് വായിക്കണമെന്ന്..... "

" ഇത്രയ്ക്ക് ആകർഷിക്കാൻ വേണ്ടി ആ ഫ്രണ്ട് എന്താ ഈ ബുക്കിനെ പറ്റി പറഞ്ഞേ.." അവളെ വിടാനുള്ള ഭാവമില്ലായിരുന്നു അവന്, അവളുടെ സംസാരം അത്രത്തോളം അവനെ ആകർഷിച്ചിരുന്നു അതുകൊണ്ടാണ് അവളോട് ഓരോന്നും ചോദിച്ചു കൊണ്ടിരുന്നത് . അവന്റെ ആ ചോദ്യം കേട്ടതും അവളുടെ കണ്ണുകൾ ഒന്നു കൂടി വിടർന്നു, വളരെയേറെ സന്തോഷത്തോടെ അവൾ പറഞ്ഞു. "കുന്നുകളും മലകളുമില്ലാത്ത ചതുപ്പ് നിലങ്ങളും തടാകങ്ങളും നിറഞ്ഞ നാടായ ഫിൻലാന്റിനെ പറ്റിയുള്ള വിവരണമാണ് ഇതിൽ. പകലിന്റെ ദൈർഘ്യം കൂടിയ ഭൂലോകത്തിന്റെ വടക്കേ അറ്റത്തെ മനുഷ്യവാസമുള്ള ഒടുവിലത്തെ രാജ്യമായ ഫിൻലാന്റിന്റെ മനോഹരമായ കാഴ്ചകളാണ് ആണ് അദ്ധേഹം പാതിരാ സൂര്യന്റെ നാട് എന്ന യാത്ര വിവരണത്തിലൂടെ നമുക്ക് മുന്നിൽ തുറന്നു കാട്ടിയത്..... വായിച്ചു കഴിയുമ്പോൾ നമ്മളും അദ്ധേഹത്തോടൊപ്പം ആ നാട്ടിലേക്ക് ഒരു യാത്ര പോയി വന്ന ഫീലായിരിക്കും അത്രത്തോളം മനോഹരമായിട്ടാണ് ആ യാത്രയെ അദ്ധേഹം വിവരിച്ചിരിക്കുന്നതത്രേ..... ഒരിക്കൽ വായിച്ചു കഴിഞ്ഞാൽ പിന്നെയും പിന്നേയും വായിക്കണം എന്നു തോന്നും..."

അവൾ പറഞ്ഞവസാനിച്ചപ്പോൾ അത്ഭുതത്തോടെ അവനവളെ നോക്കി കാരണം, കേട്ടറിഞ്ഞ ഒന്നിനെ പറ്റി ഇത്രത്തോളം പറഞ്ഞെങ്കിൽ വായിച്ചു കഴിഞ്ഞാൽ എന്തായിരിക്കും അവസ്ഥ.... " വായിക്കാൻ ഒരു പാട് ഇഷ്ടമുള്ളയാളാണെന്ന് തോന്നുന്നുവല്ലോ..... " അവളൊന്നു ചിരിച്ചു കൊണ്ട് "അതെ...." "തന്റെ പേരെന്താ, ഇതിന് മുൻപ് ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ..." "എന്റെ പേര് ഋഷിക ശിവൻ, അച്ഛനു ട്രാൻസ്ഫർ ആയി ഇങ്ങോട്ടേക്ക് വന്നതാ.... " "ഓ അതു ശരി.... താനെന്തു ചെയ്യുന്നു.... " "ഞാൻ ഇനി ഡിഗ്രി സെക്കന്റ് ഇയർ, ഇവിടെ അടുത്തുള്ള ഗവൺമെന്റ് കോളേജിൽ അഡ്മിഷൻ ശരിയായിട്ടുണ്ട്..... ചേട്ടനെന്തു ചെയ്യുന്നു..... " '' ഞാൻ രുദ്ര സംഗീത്, ഇനി പി.ജി ക്ക് ആണ്, താൻ പറഞ്ഞ ഗവൺമെന്റ് കോളേജിൽ തന്നെയാ....." " എന്നാൽ ശരി ഞാൻ പോട്ടേ നേരം വൈകി..... " "ശരി...... കാണാം...... " ഒരു പുതിയ സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്................ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story