💟 സങ്കീർത്തനം 💟: ഭാഗം 33

Sangeerthanam

രചന: കാർത്തിക

സംഗീതിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൾ പുറത്തേക്ക് പോയി സ്റ്റയർ ഇറങ്ങാൻ തുടങ്ങും മുൻപ് പുറകിൽ നിന്ന് കാശിമോൾ ചിന്നൂന്ന് ഉറക്കെ വിളിച്ചത് കേട്ട് തിരിഞ്ഞു നോക്കുമ്പോൾ ഹരിയേട്ടൻ ഉറക്കച്ചടവോടെ മോളേയും എടുത്ത് വരുന്നതാണ് കണ്ടേ. കീർത്തി താഴേക്കാണെങ്കിൽ ഈ കുറുമ്പിയെ കൂടി കൊണ്ട് പൊയ്ക്കോ, ആകെ ഒരു അവധി ദിവസം ആണ് കിട്ടുന്നേ... "മോള് വാടാ...." അവളേയും എടുത്ത് താഴേക്ക് പോയി. കീർത്തി കരുതിയിരുന്നതിനേക്കാൾ സ്നേഹവും സന്തോഷവും അവരെല്ലാവരും അവൾക്ക് നൽകി അതവളിൽ മനം നിറച്ചു. വീട്ടിലേക്കുള്ള വിരുന്നും എല്ലാമായി ഒരാഴ്ച കടന്നു പോയിരുന്നു., ദേവിക നോട്ട്സ് എല്ലാം കീർത്തിയുടെ വാട്ട്സ്ആപ്പിലേക്ക് അയച്ചുകൊടുത്തിട്ടുണ്ടായിരുന്നു. രാത്രി റൂമിലേക്ക് വന്ന സംഗീത് കാണുന്നത് ബുക്കും തുറന്നു പിടിച്ച് ഇരുന്ന് ഉറക്കം തൂങ്ങുന്ന കീർത്തിയെയാണ്. "ഡീ.... " സംഗീതിന്റെ ഒച്ച കേട്ട് അവൾ ചാടിവീണ് എഴുന്നേറ്റു. "നീയെന്താ ബുക്കും തുറന്നു വച്ച് ഉറങ്ങുന്നോ.... കല്ല്യാണം കഴിഞ്ഞതുകൊണ്ട് ഉഴപ്പാം എന്ന് മോൾക്ക് വല്ല ഉദ്ധേശ്യവും ഉണ്ടെങ്കിൽ അതങ്ങ് മായ്ച്ച് കളഞ്ഞേക്ക്.... " സംഗീത് ദേഷ്യത്തോടെ പറഞ്ഞു. " സോറി.. ഞാൻ അറിയാതെ ഉറങ്ങിപ്പോയതാ ഏട്ട...."

അവന്റെ ദേഷ്യം കണ്ട് കീർത്തി അറിയാതെ പറഞ്ഞു പോയി " ഉം... " കടുപ്പിച്ച് ഒന്നു മൂളി കൊണ്ട് സംഗീത് ബാൽക്കണിയിലേക്ക് പോയി. അവൾ ബാക്കി എഴുതാനും തുടങ്ങി.... പിറ്റേന്ന് കോളേജിൽ പോകാനുള്ളതുകൊണ്ട് കീർത്തി നേരത്തെ എഴുന്നേറ്റു അടുക്കളയിലേക്ക് ചെന്നു. ഓരോന്നും പറഞ്ഞ് അമ്മയ്ക്ക് കൂട്ടായ് അച്ഛനും ഉണ്ടായിരുന്നു അടുക്കളയിൽ ക്ലാസിൽ പോകുന്നതു കൊണ്ട് ഒന്നും ചെയ്യണ്ടാന്ന് അമ്മ പറഞ്ഞെങ്കിലും അവൾ അതൊന്നും കേൾക്കാതെ ആയമ്മയെ സഹായിച്ച് അവിടെ തന്നെ നിന്നു. ബ്രേക്ക് ഫാസ്റ്റ് കഴിച്ച് കഴിഞ്ഞ് രണ്ടു പേരും പോകാനിറങ്ങുമ്പോൾ അമ്മ കയ്യിലൊരു ടിഫിൻ ബോക്സും ആയി വന്നു " ഇതു ഉച്ചത്തേക്കുള്ള ഫുഡ് ആണ് മോൾക്ക്.... രുദ്രൻ പിന്നെ കാന്റീനിൽ നിന്നു കഴിച്ചോളും, കൊണ്ട് പോകാൻ പറഞ്ഞാലും കേൾക്കില്ല.... " "അയ്യോ.... അമ്മേ വേണ്ടാരുന്നു ഞാൻ കാന്റീനിൽ നിന്നും കഴിക്കുമായിരുന്നല്ലോ.... " "അതൊന്നും സാരമില്ല നീയിത് കൊണ്ട് പൊയ്ക്കോ....." അതും വാങ്ങി അവരോട് യാത്ര പറഞ്ഞ് രണ്ടു പേരും പോകാനിറങ്ങി

"നോട്ട്സ് ഒക്കെ എഴുതി കംപ്ലീറ്റ് ചെയ്താരുന്നോ നീയ്..... " പോകും വഴിക്ക് അവൻ ചോദിച്ചു. " എഴുതി കഴിഞ്ഞു പക്ഷെ പഠിക്കാൻ പറ്റിയില്ല..... " " ഉം....." അവനോട് യാത്ര പറഞ്ഞ് ഗേയ്റ്റ്ന് മുന്നിലായി അവളിറങ്ങി.. ക്ലാസിലേക്ക് ചെല്ലുമ്പോൾ എല്ലാം പുസ്തകത്തിൽ മുഖം പൂഴ്ത്തി ഇരിക്കുന്നു.... ദേവുവും അങ്ങനെ തന്നെ "എന്താടി ഇത്ര കാര്യാമായി എല്ലാവരും പഠിക്കുന്നേ.... " "ഡീ... അത് ഞാൻ നിന്നോടു പറയാൻ മറന്നതാ ഇന്നലെ... അഭി സർ ക്ലാസ് ടെസ്റ്റ് പറഞ്ഞിരുന്നു. കഴിഞ്ഞാഴ്ച പഠിപ്പിച്ച ടോപ്പിക്ക്..... " ദേവു ഒരു ഇളിഞ്ഞ ചിരിയോടെ പറഞ്ഞു. "ഡീ.... ദുഷ്ടേ.... ഞാനാണെങ്കിൽ കല്ല്യാണത്തിരക്കിൽ നല്ലതുപോലെ പഠിച്ചിട്ടും ഇല്ലാ അത്.... ആ എന്തെങ്കിലും ആവട്ടെ.... " സംഗീത് ക്ലാസിലേക്ക് വന്നപ്പോൾ കീർത്തി ഡെസ്പ് ആയിട്ടിരിക്കുന്നതാണ് കണ്ടത്. ഇടയ്ക്ക് ആരും ശ്രദ്ധിക്കാതെ വന്ന് അവളോട് ചോദിച്ചു.. അവൻ വഴക്ക് പറയുമെന്ന് പേടിച്ച് അവൾ മിണ്ടാതിരുന്നപ്പോൾ ദേവു ആണ് മറുപടി പറഞ്ഞേ... പ്രതീക്ഷിച്ചത് പോലെ അവൻ അവളെ കൂർപ്പിച്ച് ഒന്നു നോക്കി, "മാർക്ക് എങ്ങാനും കുറഞ്ഞാൽ നിന്റെ ചെവി ഞാൻ പൊന്നാക്കും.... നോക്കിക്കോ...."

പക്ഷേ ഭാഗ്യത്തിന് അഭിസർ ടെസ്റ്റ് നടത്തിയില്ല അന്ന്. ഉച്ചയ്ക്ക് അമ്മ കൊടുത്തു വിട്ട ഭക്ഷണം ദേവുവും ആയി ഷെയർ ചെയ്തു കഴിച്ചു. അതിനു ശേഷം കീർത്തി ലൈബ്രറിയിലേക്ക് പോകാനായി ഇറങ്ങി, അപ്പോൾ എതിരെ അഭി നടന്നു വരുന്നുണ്ടായിരുന്നു. "ക്ലാസിൽ വച്ച് ചോദിക്കാൻ പറ്റിയില്ല... കുറച്ചു ദിവസം ആബ്സെന്റ് ആയിരുന്നല്ലോ... എന്ത് പറ്റിയതാ..... " അഭി അവളോട് ചോദിച്ചു. " അത്.... എന്റെ കല്ല്യാണമായിരുന്നു സർ...." അതു കേട്ടതും അഭിയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു. "ഓഹ്.... ആണോ..." " ഉം....." "വൈകിയെന്നറിയാം എന്നാലും ഹാപ്പി മാരീഡ് ലൈഫ്.... ഞാൻ കാരണം തന്റെ ലൈഫ് സ്പോയിൽ ആയി എന്നൊരു വിഷമം എനിക്ക് ഉണ്ടായിരുന്നു. ഇനി അതു വേണ്ടല്ലോ.... " അത്രയും പറഞ്ഞ് അഭി നടന്നു നീങ്ങി കീർത്തി നോക്കുമ്പോൾ ദൂരെയായി തങ്ങളെയും വീക്ഷിച്ച് നിൽക്കുന്ന സംഗീതിനെ അവൾ കണ്ടത്. അവൾ ചിരിച്ചു കൊണ്ട് അവനടുത്തേക്ക് പോകാനാഞ്ഞതും സംഗീത് മുഖം തിരിച്ച് അവിടുന്ന് പൊയ്ക്കളഞ്ഞു. "എന്റെ ദൈവമേ ഇന്നത്തേക്കുള്ള വകയായി...."

കീർത്തി പിറുപിറുത്തു കൊണ്ട് തിരികെ ക്ലാസിലേക്ക് തന്നെ പോയി "എന്താടി പെട്ടെന്ന് തിരികെ വന്നത്.... നിന്റെ മുഖമെന്താ വല്ലാതെയിരിക്കുന്നേ..... " ദേവികയുടെ ചോദ്യത്തിന് അവൾ അവിടെ നടന്നതൊക്കെ പറഞ്ഞു.. വൈകുന്നേരം ക്ലാസ് കഴിഞ്ഞ് ഗ്രൗണ്ടിൽ സംഗീതിനെ കാത്തിരിക്കുമ്പോഴും കീർത്തി ടെൻഷനിലായിരുന്നു ഏട്ടൻ പിണങ്ങിക്കാണുമോ, ദേഷ്യത്തിലാണോ എന്നൊന്നും അവൾക്കറിയില്ല. ഓരോന്നും ആലോചിച്ചിരിക്കേ സംഗീത് അവൾക്കടുത്തേക്ക് വന്നു പോകാമെന്ന് പറഞ്ഞു പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും മുഖത്ത് ഉണ്ടായിരുന്നില്ല ആൾക്ക് എന്നത് അവൾക്ക് ഒരാശ്വാസമായി തോന്നി. "അഭിയുമായി എന്തായിരുന്നു ഉച്ചയ്ക്ക്..... " പോകും വഴിക്ക് സംഗീത് അവളോട് ചോദിച്ചു "കുറച്ചു ദിവസം ക്ലാസിൽ വരാതിരുന്നത് എന്താണ് എന്നാ ചോദിച്ചേ... " "നീയെന്തു പറഞ്ഞു..... " "എന്റെ കല്ല്യാണമായിരുന്നു എന്ന്...... "

"എന്ത്..... " " ആ... അതെ...." പിന്നീട് അവർ അവിടെ സംസാരിച്ച കാര്യങ്ങൾ അവനെ പറഞ്ഞു കേൾപ്പിച്ചു. പിന്നീട് സംസാരം ഒന്നുമുണ്ടായില്ല. വീട്ടിലെത്തുമ്പോൾ അച്ഛനും അമ്മയും അവരേയും പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു അന്നത്തെ വിശേഷങ്ങൾ അറിയാനായി... കീർത്തിയുടെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്. സംഗീതിന്റെ തന്നോടുള്ള സ്നേഹവും കെയറിംഗും ഒക്കെ അവളെ അവനോട് അടുപ്പിക്കുവായിരുന്നു. കോളേജിൽ വച്ചും മറ്റാരും അറിയാതെ സംഗീതിന്റെ പ്രണയത്തോടെയുള്ള നോട്ടവും പുഞ്ചിരിയും ഒക്കെ അവൾക്കായി കിട്ടി കൊണ്ടിരുന്നു. എന്നാൽ ഇതൊക്കെ അനഘ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകളിൽ പകയെരിഞ്ഞു. ആ വർഷത്തിലെ ആദ്യ സെമിന്റെ എക്സാം റിസൾട്ടു വന്നപ്പോൾ പതിവുപോലെ കീർത്തി തന്നെ യായിരുന്നു ടോപ്പർ.. അതിൽ അവളെക്കാൾ ഏറെ സന്തോഷം സംഗീതിനായിരുന്നു. എല്ലാവരും അവളെ അഭിനന്ദിച്ചു. ചിലവ് ചെയ്യണം എന്നു പറഞ്ഞ് ദേവിക കീർത്തിയേയും പിടിച്ചു കാന്റീനിലേക്ക് പോയി.. കൂട്ടത്തിൽ അച്ചുവിനേയും വിളിച്ചു...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story