സ്ട്രീറ്റ് ഡാൻസർ💖: : ഭാഗം 14

Street dancer

രചന: തൻസീഹ് വയനാട്

" ഒറ്റപ്പെടലിനെക്കാൾ എന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നത് ആത്മാർത്ഥമായി വിശ്വസിച്ച ഒരാളുടെ ചതിയാണ്.." എന്റെ ചുമലിൽ നിന്നും തല ഉയർത്തി അവൻ പറഞ്ഞു തുടങ്ങി... തുടരുന്നു ___-------------____ "ആരുടെ ചതി?" എന്നെത്തേടി അവളുടെ ചോദ്യമെത്തിയപ്പോൾ എന്റെ ഉള്ളിലെ വിങ്ങൽ അവളോട്‌ പറയാൻ ഞാനും തയ്യറായിരുന്നു. തിരശീല ഇല്ലാതെ പാഞ്ഞു കൊണ്ടിരിക്കുന്ന റോഡിലേക്ക് നോക്കി ഞാൻ അവളോട്‌ പറഞ്ഞു തുടങ്ങി... ആരും ഇല്ലാത്ത എന്റെ ജീവിതത്തിലേക്ക് തണലായി വന്നവൾ എന്റെ കീർത്തി....കേട്ടു മടുത്ത ഒരുപ്രണയ കഥയാവാം ഞങ്ങളുടേതും....കേൾവിക്കാർക്ക് മാത്രമേ മടുക്കു അനുഭവിച്ച എന്റെ ഉള്ളിൽ ഇപ്പോഴും നീറ്റൽ ആണ്.... ഓർഫനേജിലെ സിസ്റ്റേഴ്‌സ് ഒരിക്കലും ഒരു അമ്മയുടെ കുറവ് അറിയിക്കാതെയായിരുന്നു എന്നെ വളർത്തിയിരുന്നത്... എങ്കിലും അച്ഛനും അമ്മയും ഇല്ലാത്ത വിഷമം മനസിൽ തളം കെട്ടി നിന്നിരുന്നു.വലുതാകും തോറും ആ വിഷമത്തെ ഞാൻ അകറ്റി നിർത്തി.എന്നെ വേണ്ടാത്തത് കൊണ്ടായിരുന്നില്ലേ അവർ എന്നെ ഉപേക്ഷിച്ചത് . പഠിക്കാൻ എന്തോ ഒരു വാശി ആയിരുന്നു എനിക്ക്.നല്ലപോലെ പഠിച്ചു

.പത്താം ക്ലാസ്സും Plus two വും മികച്ച വിജയം തന്നെയായിരുന്നു.ഇനി ഏത് കോഴ്‌സ് എന്നു ചിന്തിച്ചു നിൽക്കുമ്പോളായിരുന്നു ചാട്ടേഡ് അക്കൗണ്ടിങ്ങിനോട് ഒരു ഇഷ്ട്ടം തോന്നിയത്. എനിക്ക് അഡ്മിഷൻ ശരിയായത് കോഴിക്കോട് ആയിരുന്നു കോളേജിൽ വെച്ചായിരുന്നു എന്റെ ജീവിതത്തിലേക്ക് അവൾ കടന്നു വന്നത് .'കീർത്തി'. ഒരു തമിഴ് പെൺകൊടി...ഊട്ടിയിൽ ആയിരുന്നു അവളുടെ വീട്....ആദ്യ കാഴ്ചയിൽ തന്നെ എനിക്ക് അവളെ ഇഷ്ട്ടമായി...എന്നിൽ ആദ്യമായിരുന്നു പ്രണയമെന്ന ആ വികാരം...കുറച്ചു കാലം അകലെ നിന്നവളെ ഞാൻ പ്രണയിച്ചു. അടുത്തു ചെല്ലാനും ഇഷ്ട്ടം പറയാനും എന്തോ ഉള്ളിൽ ഒരു ഭയമായിരുന്നു.അവളുടെ അടുത്തേക്ക് ഇഷ്ട്ടം പറയാൻ ചെല്ലുമ്പോൾ എന്റെ കൈ വിറക്കും ഹൃദയം പട പട മിടിക്കും.....ശരീരമാസകലം വിയർക്കും... പറയാതെ പലതവണ ഞാൻ പിന്തിരിഞ്ഞു പോന്നിട്ടുണ്ട്. ഒരുവർഷം ഞാൻ അവളെ അകലങ്ങളിൽ നിന്നും സ്നേഹിച്ചു.. ഒരിക്കൽ ഉള്ള ധൈര്യം സംഭരിച്ചു കൊണ്ട് ഞാൻ അവളോട് എന്റെ ഉള്ളിലെ പ്രണയം പറഞ്ഞു.

എന്നെയും അവൾക്ക് ഇഷ്ടമായിരുന്നു എന്നവൾ ആ നിമിഷം ഒരു പുഞ്ചിരിയിലൂടെ അറിയിച്ചു . ജീവനായിരുന്നു എനിക്കവൾ. പ്രണയിച്ചു.അവളെ ഞാൻ ഒരുപാട് പ്രണയിച്ചു. എനിക്ക് മാസം ലഭിക്കുന്ന തുകയിൽ നിന്നും ഞാൻ അവൾക്കു വേണ്ടിയും ചിലവഴിച്ചു.ഒഴിവു ദിവസങ്ങളിൽ ഞങ്ങൾ ഔട്ടിങിന് പോകുമായിരുന്നു.ഒരു ദിവസം മൊത്തം അവളുടെ കൂടെ... പഠിക്കാൻ പുറകിലായിരുന്ന അവൾക്ക് ഞാൻ പഠനത്തിലും help ചെയ്തു. കോളേജിൽ എല്ലാം ഞങ്ങളുടെ love story പാട്ടായിരുന്നു.....പലരും ഞങ്ങളുടെ സ്നേഹം കണ്ടു അസൂയയോടെ നോക്കിയിട്ടുണ്ട്. എന്റെ പിടിച്ച കിട്ടാത്ത ദേഷ്യത്തെ നിയന്ത്രിക്കാൻ അവൾ മതിയായിരുന്നു... എന്റെ ഒറ്റപ്പെടലിൽ വലിയ ഒരു സാന്ത്വനമായിരുന്നു അവൾ.എന്നും എന്റെ കൂടെ ഉണ്ടെന്നും എന്നെ അവൾക്ക് ഒരുപാട് ഇഷ്ടവുമാണെന്നു എല്ലാം എന്റെ വെറുമൊരു തെറ്റിദ്ധാരണ മാത്രമായിരുന്നു എന്നെനിക്ക് പിന്നീട് ആണ് മനസ്സിലായത്

.അവൾ എന്നെ വെറുതെ use ചെയ്യുകയായിരുന്നു. അവളുടെ ചതി ഞാൻ മനസ്സിലാക്കിയത് ഈ അടുത്താണ്. കോളേജ് കഴിഞ്ഞിട്ടും ഞങ്ങൾ ബന്ധം തുടർന്നിരുന്നു .അവൾക്ക് ചില പേപ്പേഴ്‌സ് എഴുതിയെടുക്കാൻ ഉള്ളത് കൊണ്ട് ജോലിയൊന്നും സെറ്റ് ആയില്ല.എനിക്ക് കോളേജ് റിക്രൂയിട്ട്മെന്റിലൂടെ ജോബ് ലഭിക്കുകയായിരുന്നു അതും ഈ നാട്ടിൽ തന്നെ. എന്റെ സാലറിയിൽ നിന്നും ഞാൻ അവൾക്ക് വേണ്ടി ചിലവാക്കിയിരുന്നു.എന്തിനേറെ പറയുന്നു ജോലി പോയതിനു ശേഷവും എനിക്ക് കിട്ടുന്ന നക്കാപ്പിച്ച ക്യാഷ് അവൾക്ക് വേണ്ടി ആയിരുന്നു ചിലവാക്കിയത്.. . ജോലി പോയ സമയം അവൾ എന്നെ ആശ്വസിപ്പിക്കേണ്ടതിനു പകരം കുറെ ദേഷ്യപ്പെടുകയായിരുന്നു. അവളിലെ മാറ്റങ്ങൾ അവിടെ നിന്നും എനിക്ക് മനസ്സിലാകാൻ തുടങ്ങി. അവളുടെ യഥാർത്ഥ മുഖം ഞാൻ അറിഞ്ഞത് ഒരിക്കൽ അവളെ ഞാൻ എന്റെ കൂടെ കോളേജിൽ പഠിച്ചിരുന്ന അഭിഷേഖിന്റെസ്റ്റാറ്റസിൽ കണ്ടു സ്റ്റാറ്റസിൽ കണ്ടു എന്നു പറയുമ്പോൾ അവൻ എടുത്ത സെൽഫിയിൽ അവന്റെ പുറകിലുള്ള കണ്ണാടിയിൽ അവന്റെ ഓപ്പോസിറ്റ് അവൾ ഇരിക്കുന്നതായി ആയിരുന്നു.

അവർ അത് ഫോട്ടോ എടുത്തപ്പോൾ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. അവൾ എന്നോട് അതിനു തൊട്ടു മുൻപ് വിളിച്ചപ്പോൾ പോലും അവനെ കാണാൻ പോകുന്ന കാര്യം ഒന്നും പറഞ്ഞിരുന്നില്ല.ഞാൻ അവളെ അപ്പോൾ തന്നെ വിളിച്ചു അവൾ എവിടെയെന്ന് ചോദിച്ചു.അവളുടെ മറുപടി വീട്ടിൽ തന്നെയുണ്ട് എന്നായിരുന്നു. പക്ഷെ ആ സ്റ്റാറ്റസിൽ അവൻ now ബാംഗ്ലൂർ with my love എന്ന് എഴുതിയിട്ടുണ്ടായിരുന്നു. മനസ്സിൽ പല സംശയങ്ങളും കടന്നു വന്നു. എങ്കിലും അവളെ അവിശ്വസിക്കാൻ എനിക്ക് കഴിയില്ലായിരുന്നു.അത്രക്കും ഇഷ്ടവും വിശ്വാസവും ആയിരുന്നു എനിക്കവളെ... പക്ഷെ അവൾ എന്നോട് എന്തിന് നുണ പറഞ്ഞു. ബാംഗ്ലൂരിൽ പോയ കാര്യം എന്തിന് മറച്ചു വെച്ചു. അഭിഷേക് ചെന്നൈ ആയിരുന്നു വർക് ചെയ്തിരുന്നത്. അവനെ കാണാൻ ഞാൻ ചെന്നൈയിലേക്ക് പോയി പിറ്റേദിവസം. അവൻ ബാംഗ്ലൂരിൽ നിന്നും വന്നോ എന്നു അവനെ വിളിച്ചു ഉറപ്പു വരുത്തിയിട്ടായിരുന്നു പോയത്.ഞാൻ അടുത്തേക്ക് വരുന്ന കാര്യം അവനോട് പറഞ്ഞിരുന്നില്ല. ഉള്ളിലെ സംശയം അകറ്റാൻ വേണ്ടി ആയിരുന്നു ആ യാത്ര.അവിടെ ചെന്ന് അവനെ കണ്ടു.

.അവനോടു കാര്യങ്ങൾ ചോദിച്ചപ്പോൾ അവൻ ഉരുണ്ടു കളിക്കുക യായിരുന്നു.അവസാനം അവനെ പിടിച്ചൊന്നു കുടഞ്ഞപ്പോൾ അവൻ സത്യങ്ങൾ ഓരോന്നും പറയാൻ തുടങ്ങി. കീർത്തിയും അവനും തമ്മിൽ ഇഷ്ടത്തിൽ ആണെന്നും ,ഞാനുമായുള്ള റിലേഷൻ തുടരുമ്പോൾ തന്നെ അവർ രണ്ടു പേരും പ്രണയത്തിൽ ആയിരുന്നെന്നും.അവർ തമ്മിൽ മറ്റു പലതും നടന്നിട്ടുണ്ടെന്നും എല്ലാം. എല്ലാം കേട്ടപ്പോൾ ഞാൻ ആകെ തളർന്നു പോയി.ഒന്നു പിറകോട്ടു ചിന്തിച്ചപ്പോൾ അവൾ എന്നെ വെറുതെ use ചെയ്യുക മാത്രമായിരുന്നു എന്നു മനസ്സിലായി.അവളുടെ ആവശ്യങ്ങൾ നിറവേറ്റാൻ മാത്രമുള്ള ഉപകരണം. എങ്കിലും ഇത്രയും വർഷം....? ഈ ലോകത്തു മറ്റെന്തിനേക്കാളും ഞാൻ അവളെ സ്നേഹിച്ചിരുന്നു.ഇഷ്ടപ്പെട്ടിരുന്നു.എന്നിട്ടും അവൾ ചെയ്തതോർത്തപ്പോൾ എന്റെ ഉള്ളു നീറി പുകഞ്ഞു.എനിക്കെന്റെ കണ്ണുനീരിനെ നിയന്ത്രിക്കാൻ ആയില്ല. അവളെ കണ്ടു നേരിട്ടു തന്നെ ഈ ബന്ധം അവസാനിപ്പിക്കണം അതിനു വേണ്ടി ഞാൻ അവളെ കാണാൻ ഊട്ടിയിലേക്ക് പുറപ്പെട്ടു... അവളെ കണ്ടു.. എനിക്ക് പറയാൻ ഉള്ളത് മുഴുവൻ അവളോട്‌ പറഞ്ഞു.

അവളോടുള്ള ദേഷ്യം മുഴുവൻ എന്റെ വാക്കുകളിൽ പ്രകടമായിരുന്നു. അവളുടെ മുഖം നോക്കി ഒന്നടിക്കാൻ എന്റെ കൈ ഉയർന്നെങ്കിലും അതിനു കഴിഞ്ഞില്ല എനിക്ക്.അവളെ കണ്ടു തിരികെ വരുമ്പോൾ ആ ബന്ധം പൂർണമായും ഉപേക്ഷിച്ചിരുന്നു.പക്ഷെ ആകെ ഒരു തകർച്ചയുടെ വാക്കിലായിരുന്നു ഞാൻ...ജീവിതം മടുത്ത നിമിഷം.... അവിടെ നിന്ന് തിരികെ വരുമ്പോൾ ആണ് എന്നെ പോലീസ് അറസ്റ്റ് ചെയ്തത് മോഷണ ശ്രമത്തിന്‌.ട്രെയിനിൽ എന്റെ അടുത്തിരുന്ന സ്ത്രീയുടെ മാല ഞാൻ എടുത്തു എന്നു പറഞ്ഞു. ഒരുപാട് സങ്കടത്തിന്റെ ഇടയിൽ ആ കുറ്റം കൂടി എന്റെ മേലേക്ക് വന്നു.ആദ്യം ക്ഷമിച്ചു എങ്കിലും പിന്നീട് ദേഹത്തു അവിടെ കൂട്ടം കൂടി നിന്ന ആളുകൾ കൈ വെച്ചപ്പോൾ ഞാൻ തിരിച്ചടിച്ചു. അതിനിടയിൽ സംഭവം നോക്കാൻ വന്ന പോലീസിനെയും അടിച്ചു പോയി. പോലീസിനെ തല്ലിയതിന്റെ പകയായിട്ട ആണ് അന്ന് അവർ എന്നെ ലോക്കപ്പിൽ ഇട്ടത് പോലീസ് എന്നെ തല്ലി ചതച്ചപ്പോളും ഞാൻ ഒന്നും പ്രതികരിക്കാതെ ഇരുന്നു.ഞാൻ മറ്റൊരു അവസ്ഥയിലേക്ക് എത്തിയിരുന്നു അപ്പോൾ എല്ലാം.

അന്നവിടെ നീയും എത്തിപ്പെട്ടു.പിന്നെ നടന്നത് എല്ലാം നിനക്ക് അറിയാമല്ലോ. പോലീസിനെ തല്ലിയതിനുള്ള ദേഷ്യത്തിൽ ആണ് നിന്നെ നശിപ്പിച്ചു ആ കുറ്റം എന്റെ തലയിൽ ഇടാനുള്ള അവരുടെ ശ്രമവും. അവിടെ നിന്നും നിന്റെ സഹായത്താൽ ഇറങ്ങി.പിന്നീട് ഇതുവരെയുള്ള ദിവസങ്ങൾ എങ്ങനെയാ ഞാൻ ജീവിച്ചേ എന്നു എനിക്ക് പോലും അറിയില്ല.മരിക്കാൻ വരെ തോന്നിയിട്ടുണ്ട് എങ്കിലും പിടിച്ചു നിന്നു. "അവളെ ഞാൻ എത്രമാത്രം സ്നേഹിച്ചു എന്നു എനിക്ക് പോലും അറിയില്ല വർഷ..അത്രക്ക് ഇഷ്ട്ടം ആയിരുന്നു. ..." ***** എല്ലാം പറയുമ്പോഴും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. അവൻ പറഞ്ഞതെല്ലാം കേട്ടപ്പോൾ അവനോടു സഹതാപത്തേക്കാൾ കൂടുതൽ സ്നേഹമായിരുന്നു തോന്നിയത്. "ഇതെല്ലാം ആരോടെങ്കിലും ഒന്നു തുറന്നു പറയാൻ മനസ്സിലെ ഭാരം ഇറക്കാൻ ഒരുപാട് ആയി ആഗ്രഹിക്കുന്നു...ഞാൻ ആരോടാണ് ഇതെല്ലാം ഒന്നു പറയുക....?" അവൻ എന്നോട് പറഞ്ഞു. "അപ്പോൾ ഇര്ഫാനും രാഹുലേട്ടനും അവർക്കൊന്നും അറിയില്ലേ ഈ കാര്യങ്ങൾ. ..?" "ഇല്ല കാര്യങ്ങൾ ഇങ്ങനെ ആണെന്ന് എന്നൊന്നും അവർക്ക് അറിയില്ല.കീർത്തിയും ഞാനും പിരിഞ്ഞു എന്നുമാത്രമേ പറഞ്ഞിട്ടുള്ളൂ.

അതുകൊണ്ടാ അന്ന് എന്നെ പോലീസ് സ്റ്റേഷനിൽ കണ്ട കാര്യം അവരോടു പറയരുത് എന്ന് പറഞ്ഞത്....." വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ വീണ്ടുമവൻ തേങ്ങലിനെ കൂട്ടുപിടിച്ചപ്പോൾ ഞാൻ അവന്റെ മുമ്പിലേക്ക് ചെന്നു അവന്റെ മുഖം എന്റെ കൈക്കുമ്പിളിൽ കോരിയെടുത്തു.അവനിൽ നിന്നും അടർന്നിറങ്ങിയ കണ്ണുനീർ തുള്ളികൾ തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു . "അയ്യേ....എന്താ ഇത്..മ്മടെ ഈ റൗഡി ഇങ്ങനെ കരയാൻ പറ്റോ...?കരയല്ലെട്ടോ...?വിഷമങ്ങൾ എല്ലാം എല്ലാവർക്കുമുണ്ടാവും. അതിനെ നമ്മൾ എങ്ങനെ മറികടക്കുന്നു എന്നതാണ് കാര്യം. കഴിഞ്ഞത് എല്ലാം കഴിഞ്ഞു. ഇനി വരാനിരിക്കുന്നത് മാത്രം നോക്കിയാൽ മതി. നിന്നെ ചതിച്ച അവളുടെ പേരിൽ നീ ഇനി ഒരിക്കലും കരയരുത്..അവളുടെ ചാപ്റ്റർ ഇവിടെ ക്ലോസ് ആയി.......അത്രമാത്രം...കേട്ടല്ലോ....." അവൻ ഞാൻ പറഞ്ഞത് അംഗീകരിച്ചപോലെ തലയാട്ടി. "തലയാട്ടിയാൽ പോര...ഇനി അവളുടെ പേരിൽ കരയരുത് കേട്ടല്ലോ....?" "ആടി... ഇനി കരയില്ല...." "പറച്ചിൽ മാത്രമേ ഉള്ളു കണ്ണു ദേ വീണ്ടും നിറയുന്നു...." നിറയുന്ന അവന്റെ കണ്ണുകൾ നോക്കി ഞാൻ പറഞ്ഞു "ഒരുപാട് സ്നേഹിച്ചു പോയില്ലെടി... മറക്കാൻ പറ്റണ്ടേ...?"

അവൻ പറഞ്ഞത് കേട്ട് ഞാനൊന്നു പുഞ്ചിരിച്ചു. "അതൊക്കെ വിട് അതങ്ങനെ കനലായി ഉണ്ടാവും ......." ഒന്നു നിർത്തിയ ശേഷം അവൻ എന്നോടയി പറഞ്ഞു. "സമയം ഒരുപാട് ആയില്ലേ നിനക്ക് വീട്ടിൽ എത്തണ്ടെ.....?" "ഓഹ് അത് കുഴപ്പം ഒന്നുല്ല...നമുക്ക് ഓരോന്നെല്ലാം പറഞ്ഞു നടന്നു തന്നെ പോകാം" "ഏയ് സമയം ഒരുപാട് ആയി ഓട്ടോ വിളിക്കാം... " എന്നവൻ പറഞ്ഞതും റോഡിലൂടെ ഞങ്ങളെ പാസ്സ് ചെയ്ത് പോയ ഒരു കാർ റിവേഴ്‌സ് എടുത്തു തിരികെ വരുന്നത് ആണ് കണ്ടത്. കാർ ഒന്നു സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് അത് ചാച്ചന്റെ കാർ ആണെന്ന് പിടികിട്ടിയത്. "കർത്താവേ ചാച്ചന്റെ കാർ..." എന്നും പറഞ്ഞു ഞാൻ തലയിൽ കൈവെച്ചു നിന്നു. കൃത്യം ഞങ്ങൾക്ക് മുമ്പിൽ തന്നെ ചാച്ചൻ കാർ കൊണ്ടു വന്നു നിർത്തി . ഗ്ലാസ് താഴ്ത്തി എന്നെ നോക്കിയ ചാച്ചനു നേരെ ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു. ചാച്ചന്റെ നോട്ടം നല്ല കലിപ്പിലാണ്.പിന്നെ ഒന്നും നോക്കിയില്ല ഞാൻ പോയി ബാക്ക് ഡോർ തുറന്നു കാറിൽ കയറാൻ നിന്നതും ചാച്ചൻ കനത്തോടെ എന്നോട് ചോദിച്ചു.

"നിന്നോട് ആരാ കാറിൽ കയറാൻ പറഞ്ഞത്..." "ചാച്ചാ......" ഞാൻ നിസ്സഹായമായി വിളിച്ച നേരം ചാച്ചൻ ഡോർ തുറന്നു കാറിൽ നിന്നും പുറത്തേക്കിറങ്ങി. ചാച്ചന്റെ മട്ടും ഭാവവും കണ്ടപ്പോൾ എൻറെയുള്ളിൽ ഭയം നിറഞ്ഞു . "ഇവൻ അന്ന് പോലീസ് സ്റ്റേഷനിൽ നിന്നെ രക്ഷിച്ച പയ്യൻ അല്ലെ....?" ചാച്ചൻ റോഷനെ നോക്കിക്കൊണ്ടു ചോദിച്ചു. ഞാൻ അതേ എന്നു തലയാട്ടിയതും ചാച്ചൻ അവന്റെ അടുത്തേക്ക് നടന്നു.അവന്റെ അടുത്തെത്തിയതും അതുവരെ കനത്തിൽ ഇരുന്ന മുഖം ഒന്നു അഴഞ്ഞു. അവനോടു പുഞ്ചിരിച്ചു കൊണ്ടു ചാച്ചൻ പറഞ്ഞു. " എത്ര നന്ദി പറഞ്ഞാലും തീരില്ല എന്നറിയാം .നിന്നെ പിന്നീട് കാണാനോ ഒന്നിനും കഴിഞ്ഞില്ല.ഒരു പാട് നന്ദിയുണ്ട് എന്റെ മോളെ രക്ഷിച്ചതിന്...." എന്നും പറഞ്ഞു അവനെ ഒന്നു കെട്ടിപ്പിടിച്ചു വീണ്ടും കാറിലേക്ക് വന്ന് കയറിയപ്പോൾ അറിയാതെ ഞാൻ വിചാരിച്ചു പോയി ചാച്ചൻ വല്ല സൈക്കോയും ആണോ എന്ന്... "എന്തോന്നാടി നോക്കി നിൽക്കുന്നെ വന്നു കയറ്?" ചാച്ചൻ എനിക്ക് നേരെ അത് പറഞ്ഞതും ഞാൻ വേഗം ബാക്കിൽ കയറാൻ നിന്നപ്പോൾ ചാച്ചൻ എന്നോട് ഫ്രണ്ടിൽ കയറാൻ പറഞ്ഞു.ഞാൻ ഫ്രണ്ടിൽ വന്നു കയറി. കാറിൽ കയറിയ മുതൽ ചാച്ചന്റെ മുഖത്തു കലിപ്പ് ഭാവമാണ്.ഒന്നും സംസാരിക്കുന്നില്ല

"എന്താ ചാച്ചാ ഒന്നും മിണ്ടാത്തത്...? ഞാൻ പതിയെ ചാച്ചനോട് ചോദിച്ചപ്പോൾ ചാച്ചൻ കുറച്ചു ശൗര്യത്തിൽ എന്നോട് ചോദിച്ചു. "നീ ആ പയ്യനെ സ്നേഹിക്കുന്നുണ്ടോ...?" "ഏത് പയ്യനെ?" ചാച്ചൻ റോഷനെ പറ്റിയാണ് പറഞ്ഞതെന്ന് മനസ്സിലായി കൊണ്ടു തന്നെ ഞാൻ ചോദിച്ചു. "നിന്നെ രക്ഷിച്ചില്ലേ....എന്താ അവന്റെ പേര്.....?" "റോഷൻ..." "ആ റോഷനെ തന്നെ. നിനക്ക് ഇഷ്ടമാണോ അവനെ..?" "ഇഷ്ട്ടം ആണെങ്കിൽ....?" ഞാൻ അത് ചുമ്മാ പറഞ്ഞു ചാച്ചനെ ഒന്നു ഇടം കണ്ണിട്ട് നോക്കിയപ്പോൾ ചാച്ചന്റെ മുഖം ഒന്നുകൂടി കനപ്പിച്ചു വെച്ചിരിക്കുകയാണ് അത് കേട്ട്. "അപ്പൊ ഷിബിൻ.....?" ചാച്ചൻ എന്നോടായി ചോദിച്ചു. "ശിബിനോ....?" ഞാൻ ഒന്നും മനസ്സിലാകാത്ത പോലെ ചാച്ചനെ നോക്കി. "ഷിബിനെ നിനക്ക് ഇഷ്ട്ടം അല്ലെ എന്ന് ..." "ചാച്ചൻ ഇതെന്തൊക്കെയ പറയുന്നേ ..അന്നവൻ വീട്ടിൽ വന്നു ചാച്ചനോട് പറഞ്ഞത് ചാച്ചൻ വിശ്വസിച്ചിരിക്ക ഇപ്പോഴും... ചാച്ചന് അറിയോ...?എനിക്ക് ഈ അവസ്ഥ വരാൻ കാരണം അവൻ ആണ് ഷിബിനാണ്. എന്നെ ഇല്ലാതാക്കാൻ നടക്കുവാ അവൻ..." "നീ എന്തൊക്കെയാ വർഷ പറയുന്നേ..?" ഞാൻ പറഞ്ഞത് വിശ്വസിക്കാൻ കഴിയാതെ ചാച്ചൻ എന്നോട് ചോദിച്ചു. "സത്യം ആണ് ചാച്ചാ"

"ഷിബിൻ എന്തിനുവേണ്ടി നിന്നെ ഇല്ലാതാക്കാൻ നടക്കുന്നു.എനിക്ക് അറിയാം അവനെ.അവൻ അങ്ങനെ ഒന്നും ചെയ്യില്ല." "ആരും വിശ്വസിക്കില്ല ചാച്ചാ അവനെ പറ്റി പറഞ്ഞാൽ അമ്മയോ ചാച്ചനോ ആരും...നിങ്ങൾക്ക് ഒക്കെ അവനെ അത്ര വിശ്വാസം ആണ്.അതുകൊണ്ടാ ഒന്നും പറയാതിരുന്നത് ഞാൻ." "എന്താണെങ്കിലും നീ തെളിച്ചു പറ വർഷ..." എന്നു ചാച്ചൻ പറഞ്ഞപ്പോൾ ഞാൻ ആദ്യം മുതലുള്ള ഓരോ കാര്യങ്ങളും ചാച്ചനോട് പറഞ്ഞു.എല്ലാം കേട്ട് ചാച്ചന്റെ മുഖത്തു ഒരു അന്ധാളിപ്പ് ആയിരുന്നു. "മോളെ ഇതൊന്നും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.." "ചാച്ചനും ഈ കാര്യങ്ങൾ ഒന്നും വിശ്വസിക്കാൻ കഴിഞ്ഞില്ലല്ലോ ഇനി അമ്മയോട് ചാച്ചൻ ഇക്കാര്യങ്ങൾ എല്ലാം പറഞ്ഞാലും മമ്മ യും വിശ്വസിക്കില്ല. എല്ലാവർക്കും അവനെ അത്രമാത്രം വിശ്വാസമാണ്.അവനെ പേടിച്ചു ഞാൻ എനിക്ക് കാവലിനായി ഗുണ്ടയാണെന്നു കരുതി കൊട്ടേഷൻ കൊടുക്കാൻ ചെന്നത് ആണ് റോഷന്റെ അടുക്കൽ." റോഷനെ പറ്റിയുള്ള കാര്യങ്ങളും ഞാൻ ചാച്ചനോട് പറഞ്ഞു.

അവന്റെ പ്രണയത്തിന്റെ കാര്യം ഉൾപ്പെടെ. എല്ലാം അറിഞ്ഞ ശേഷം ഷിബിനെ ഒന്നു വ്യക്തമായി ചാച്ചനുകാണാണം എന്നു പറഞ്ഞപ്പോൾ ഞാൻ ചാച്ചനെ തടഞ്ഞു. "വേണ്ട ചാച്ചാ ...ചാച്ചൻ അറിഞ്ഞു എന്നവൻ അറിയണ്ട. ഇനിയും അവൻ എനിക്ക് നേരെ ഒന്നും ചെയ്യില്ല എന്റെ കൂടെ റോഷൻ ഉണ്ട്...." ഞാൻ ആത്മവിശ്വാസത്തോടെ അത്രയും പറഞ്ഞപ്പോൾ ചാച്ചൻ എന്നെ ഇമവെട്ടാതെ നോക്കുകയായി രുന്നു.ഞാൻ എന്താ എന്നു ചോദിച്ചപ്പോൾ ഒന്നും ഇല്ല എന്നു പറഞ്ഞു ചാച്ചൻ പുഞ്ചിരിച്ചു കൊണ്ടു ഡ്രൈവിങ്ങിലേക്ക് ശ്രദ്ധ തിരിച്ചു. ******* എല്ലാ കാര്യങ്ങളും ചാച്ചനോട് പറഞ്ഞത് കൊണ്ടു തന്നെ അവർ 5 പേരുടെയും ജോലിയുടെ കാര്യം ചാച്ചൻ ശരിയാക്കിക്കോളാം എന്നു പറഞ്ഞു. ജോലി സെറ്റ് ആയ കാര്യം അപ്പോൾ തന്നെ അവരെ വിളിച്ചു പറഞ്ഞു ഫോൺ വെച്ചതും റോഷന്റെ കോൾ എന്നെ തേടിയെത്തി.......തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story