സ്ട്രീറ്റ് ഡാൻസർ💖: : ഭാഗം 28

Street dancer

രചന: തൻസീഹ് വയനാട്

എന്നു പറഞ്ഞു അവന്റെ മറുപടിക്ക് പോലും നിൽക്കാതെ അധികാരത്തോടെ അവന്റെ കൈ പിടിച്ചു ഞാൻ അവിടെ നിന്നും നടക്കാൻ ശ്രമിച്ചു എങ്കിലും അവൻ അവിടെ നിന്നും അനങ്ങിയില്ല. തുടരുന്നു ___---------------____ പക്ഷെ ഞാനും വിട്ടു കൊടുത്തില്ല. അവന്റെ മുറിവുള്ള കയ്യിൽ അമർത്തി പിടിച്ചു വലിച്ചു നടന്നു.അവൻ വേദനകൊണ്ട് പുളയുന്നത് കണ്ടപ്പോൾ ഞാൻ എന്റെ കൈ കുറച്ചു അയച്ചു. അവനുമായി നേരെ ചെന്നത് എന്റെ മുറിയിലേക്ക് ആയിരുന്നു.മുറിയിലെ വാതിൽ അടച്ചു കൊണ്ടു അവനെ ഞാൻ അടിമുടിയൊന്നു നോക്കി. അവന്റെ നോട്ടം രൂക്ഷമായിരുന്നു. "എന്തിനാടി വാതിൽ അടച്ചത്...?" കട്ട കലിപ്പിൽ അവൻ എന്നോട് ചോദിച്ചപ്പോൾ ഞാൻ ദേഷ്യത്തോടെ അവന്റെ അടുത്തു ചെന്നു കൊണ്ട് അവന്റെ കയ്യിൽ അഡാർ നുള്ളു വെച്ചു കൊണ്ടു തുടർന്നു.. "നീ എന്നോട് മിണ്ടാതെ ഇരിക്കും ല്ലേ....?" "ഒന്നു പോടി...." എന്റെ വാക്കിനു യാതൊരു വിലയും ഇല്ലാത്ത പോലെ മുഖത്തു പുച്ഛം കലർത്തി അവൻ അത് പറഞ്ഞതും എന്റെ ദേഷ്യം ഒന്നു കൂടി വർധിച്ചു .

"പോടി എന്നോ....?" "ആ അതേ....ഞാനും നീയും തമ്മിൽ ഒരു ബന്ധവും ഇല്ല എല്ലാം ക്ലോസ്ഡ്..നീ എനിക്ക് വേണ്ടി ചെലവാക്കിയ എല്ലാ തുകയും ഈ വിവാഹം കഴിഞ്ഞതിനു ശേഷം എനിക്ക് കിട്ടുന്ന പ്രോഫിറ്റിൽ നിന്നും നൽകാം." അവന്റെ ആ വാക്കുകൾ എന്റെ ഉള്ളിൽ ശരിക്ക് കൊണ്ടു. "അപ്പൊ ഇത്രയേ ഉള്ളു ല്ലേ...." ഞാൻ ഇടറുന്ന ശബ്ദത്തോടെ അവനോട് ചോദിച്ചപ്പോൾ. "ആ ഇത്രയേ ഉള്ളു.." എന്നവൻ പറഞ്ഞു അവിടെ നിന്ന് പോകാൻ നിന്നതും ഞാൻ അവന്റെ കൈകൾ പിടിച്ചു അവൻ എന്ത് എന്നർഥത്തിൽ എന്നെ നോക്കിയപ്പോൾ എന്റെ കണ്ണു നീര് തുടച്ചു കൊണ്ടു ഞാൻ അവന്റെ അടുത്തേക്ക് നീങ്ങി നിന്നു ...... അവന്റെ ആ പൂച്ചകണ്ണുകളിൽ തന്നെ കണ്ണുകൾ ചേർത്തു നിൽക്കുമ്പോൾ എന്റെ നോട്ടം ദയനീയമായിരുന്നു.അവന്റെ കണ്ണുകൾ ചലനമറ്റ പോലെ വീക്ഷിക്കുന്ന ആ നിമിഷം എന്റെ അധരങ്ങൾ അവന്റെ അധരങ്ങളോട് ചേർന്നു... അപ്രതീക്ഷിതമായുള്ള എന്റെ പ്രവൃത്തിൽ അവന്റെ മിഴികൾ വിടരുന്നുണ്ടായിരുന്നു.ഞാൻ അവന്റെ കൈകളിൽ എന്റെ കൈകൾ ചേർത്തു പിടിച്ചു നിന്നു.

അല്പസമയത്തിന്‌ ശേഷം ഞാൻ അവനിൽ നിന്നും അടർന്നു മാറി ചെറു മന്ദഹാസത്തോടെ അവനെ നോക്കിയപ്പോൾ അവനപ്പോഴും അമ്പരപ്പോടെ നിൽക്കുകയായിരുന്നു... "ഇഷ്ടമാണ് ഒരുപാട്..." അവളുടെ നാവ് എന്റെ കാതുകളിൽ അവ മന്ത്രിച്ച നിമിഷം ഒരു കോരിത്തരിപ്പായിരുന്നു.നേരത്തെ ഇച്ചിരി പിടിവാശി കാണിച്ചതും പിണങ്ങി നടന്നതും അവളെ ഒന്നു കളിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു.ഇന്നലെ അവളെ ഒരു ഫ്രൻഡ്‌ ആയി കാണാൻ മനസ്സിനെ പാകപ്പെടുത്തിയിരിക്കുകയായിരുന്നു.ഇന്ന് ഇവിടെ വന്നപ്പോൾ ആദ്യം കണ്ടത് ചാച്ചനെ ആയിരുന്നു ചാച്ചൻ എന്നോട് അവളോട് സംസാരിച്ച കാര്യമെല്ലാം പറഞ്ഞു. അവളുടെ മനസ്സ് ഏകദേശം മാറിയിട്ടുണ്ടെന്നും നിന്നെ അവൾ പ്രണയിക്കാൻ ആരംഭിക്കുമെന്നും പറഞ്ഞപ്പോൾ ഞാനും അവൾ എന്നോട് ഇഷ്ടം പറയുന്ന സന്ദർഭത്തിനു വേണ്ടി കാത്തിരിപ്പിലായിരുന്നു. അവളെന്റെ അധരങ്ങളിൽ ചുംബിച്ചപ്പോൾ ശരീരമാകെ ഒരു മിന്നൽ പിണർപ്പ് പടർന്ന പോലെയായിരുന്നു.ഒരിക്കലും പ്രതീക്ഷിച്ചില്ല.

"എന്താടാ ചെക്കാ ഇങ്ങനെ നോക്കുന്നെ.. .." അവൾ എന്നോടായി ചോദിച്ചപ്പോൾ ഞാൻ പുഞ്ചിരിച്ചു തലതാഴ്ത്തി അവളെ അടിമുടിയൊന്നു നോക്കി കൊണ്ടു പറഞ്ഞു. "ഷോ നിക്ക് നാണം ആയി....." "എന്തോ എങ്ങനെ ...? ഇപ്പൊ അവന്റെ പിണക്കം ഒക്കെ മാറീല്ലേ....?" കട്ടകലിപ്പിൽ അവൾ എന്നോട് ചോദിച്ചപ്പോൾ ഞാൻ അവൾക്കു നേരെ നനഞ്ഞ ചിരി നൽകി. "അത് ..........എന്നാലും നീ എന്നോട് ഇഷ്ടം പറഞ്ഞില്ലേ....?" ഞാൻ അത് പറഞ്ഞതും അവൾ എന്റെ കയ്യിൽ നല്ലപോലെ പിച്ചി.. "ആ...എന്നതാടി....വേദനിക്കുണു..." അവൾ പിച്ചിയ ഭാഗത്തു തടവിക്കൊണ്ടു അവളോടായി പറഞ്ഞു . "വേദനിക്കണം.എന്നെ വേദനിപ്പിച്ചത് അല്ലെ....?അല്ല ഇന്നലെ എവിടെ ആയിരുന്നു...." ഞാൻ റോഷനോട് അത് ചോദിച്ചപ്പോൾ അവന്റെ മുഖഭാവം മാറുന്നത് കണ്ടു.അതുവരെ ചിരിച്ചു കൊണ്ടിരുന്ന അവന്റെ മുഖത്തു എന്തോ ദുരൂഹത പടർന്ന പോലെ.പക്ഷെ അതിനെ പെട്ടെന്ന് മാറ്റി വീണ്ടും പുഞ്ചിരിച്ചു കൊണ്ടു എന്നോട് പറഞ്ഞു . "ഞാൻ ഇന്നലെ......ഇന്നലെ ഇല്ലേ ഒരു കള്ളനെ പിടിക്കാൻ പോയത് ആയിരുന്നു...." "കള്ളനെയോ....?" "അതേ വലിയൊരു കള്ളനെ...." "അപ്പൊ കള്ളനെ പിടിക്കാൻ പോയിട്ട് കിട്ടിയത് ആയിരുന്നല്ലേ നെറ്റിയിലെ ഈ മുറിവ്.എന്നിട്ട് കള്ളനെ കിട്ടിയോ.....?"

"കിട്ടി...." "ആരാ കള്ളൻ....." "അത് നീ അറിയും.... just wait and see....." "അതെന്താ ഇപ്പൊ പറഞ്ഞാൽ...." "അത് പറയാൻ പറ്റൂല്ല മുത്തേ...." "പറയണം ഇപ്പൊ പറയണം...." ഞാൻ അവനോടു കൊഞ്ചിക്കൊണ്ട് ചോദിച്ചപ്പോൾ അവന്റെ മുഖത്തു കോപം നിറഞ്ഞു . "വർഷ നിന്റെ കുട്ടികളിക്ക് എല്ലാം ഞാൻ നിക്കും...പക്ഷെ ഈ പറഞ്ഞത് ഞാൻ കാര്യത്തിൽ ആണ്.പറയാം... പക്ഷെ ഇപ്പോൾ അല്ല... മനസ്സിലായോ...?" അവൻ പറഞ്ഞത് കേട്ട് ഞാൻ അനുസരിച്ചപോലെ തലയാട്ടി. റോഷന്റെ മാറ്റം ..ഇതുവരെ കളിച്ചു ചിരിച്ചിരുന്ന ചെക്കൻ എത്രപെട്ടന്ന് ആണ് സീരിയസ് ആയെ..?അപ്പൊ പ്രശ്നം ഗുരുതരം ആണ്.എന്നാലും ഏതു കള്ളൻ...ആലോചിച്ചു തല പുണ്ണാക്കേണ്ട അവൻ തന്നെ പറയാം എന്നു പറഞ്ഞത് അല്ലെ.....?അല്ലേലും ഈ ഡിക്ടറ്റീവ് പണിയൊന്നും മ്മക്ക് ചേരൂല്ല. "എന്തോന്നടി ഈ ആലോചിച്ചു നിൽക്കുന്നെ...?" റോഷൻ എന്റെ തലയിൽ തട്ടിക്കൊണ്ടു ചോദിച്ചു.ഇപ്പൊ കലിപ്പ് മാറിയിട്ടുണ്ട്.അവന്റെ ആ മാറ്റം കണ്ടപ്പോൾ ഞാൻ അവനോടായി ചോദിച്ചു. "അല്ല റോഷ നീ അന്യനു കളിക്കുവാണോ.....?" എന്റെ ചോദ്യം കേട്ട് അവൻ ഒന്നു ചിരിച്ചു.എന്നിട്ട് എന്റെ അരികിലേക്ക് കുറച്ചു കൂടി നീങ്ങി വന്നു എന്റെ മുടിയിൽ തലോടി .ഞാൻ പതിയെ അവന്റെ നെഞ്ചിൽ ചാഞ്ഞു.

"അല്ല വർഷ ഈ മുടി നമുക്ക് കളയണ്ടേ ഇനി.......?" അവൻ അത് ചോദിച്ചപ്പോൾ ആണ് എനിക്ക് അതിനെ കുറിച്ചു ഓർമ്മ...ഞാൻ ഞെട്ടി അവന്റെ നെഞ്ചിൽ നിന്നും തല ഉയർത്തി. "അയ്യോ....ഇനി എന്താ ചെയ്യ....?" "വെല്ലുവിളിക്കാൻ ആരാ നിന്നോട് പറഞ്ഞേ....?" "അതിപ്പോ അന്നാലോചിച്ചോ ഇങ്ങനെ നടക്കും എന്ന്....എന്തയാലും ചാച്ചനോട് അല്ലെ വെല്ലുവിളിച്ചത്... സാരല്ല..." ഞാൻ നിസ്സാരമായി പറഞ്ഞപ്പോൾ റോഷൻ എന്നെ പേടിപ്പിച്ചു. "അങ്ങനെയൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല മോളെ..ചാച്ചൻ ഈ മുടിയും കൊണ്ടേ പോകു...." "റോഷ ചുമ്മാ പേടിപ്പിക്കല്ലേ....?" "എടി പേടിപ്പിച്ചത് അല്ല ...പറഞ്ഞു ന്നെയുള്ളൂ ചാച്ചൻ കാര്യത്തിലാണ്... എന്തായാലും വരുന്നിടത്തു വെച്ചു കാണാം...." അവൻ അത് പറഞ്ഞതും ഞാൻ ചിന്തയിൽ മുഴുകി.ചാച്ചൻ അങ്ങനെ ചെയ്യോ...?ഏയ് ഇല്ല..വെറുതെ പറഞ്ഞതാവും.ഞാൻ നഖം കടിച്ചു ടെന്ഷനോടെ അവയോരൊന്നും ഓർത്തു നിൽക്കുമ്പോളായിരുന്നു റോഷൻ ചിരിക്കുന്നത് കേട്ടത്.. "എന്നാലും എന്റെ ബുദ്ദൂസെ... നീ അല്ലാണ്ട് ആരേലും ഇതൊക്കെ വിശ്വസിക്കോ..ചാച്ചൻ ചുമ്മാ പറഞ്ഞത് ആണെന്ന് ഏതു ചെറിയ കുട്ടിക്കും ആലോചിച്ചു നോക്കിയാൽ മനസ്സിലാകും....."

ഞാൻ ചിരിക്കുന്നതിനടയിൽ അത് പറഞ്ഞപ്പോൾ അവൾ എന്നെ തറപ്പിച്ചൊന്നു നോക്കി.എനിക്ക് ചിരിയടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.അവൾക്ക് വന്ന ദേഷ്യത്തിന് അവൾ എന്നെ അടിക്കാൻ ചെന്നപ്പോൾ ഞാൻ അവളെ ആ മുറിയിൽ ഇട്ടു വട്ടം കറക്കി. അവളുടെ കയ്യിൽ പെട്ടപ്പോൾ അടിയിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ഞാൻ എന്റെ കൈ വേദനിക്കുന്ന പോലെ അഭിനയിച്ചു. അവൾ വെപ്രാളത്തോടെ എന്താ പറ്റിയത് എന്നു ചോദിച്ചു കൊണ്ടു തടവാൻ തുടങ്ങി.അവളെ വീണ്ടും പറ്റിക്കാൻ അപ്പോൾ തന്നെ നെറ്റിയിലെ മുറിവും വേദനിക്കുന്നു എന്ന തരത്തിൽ അഭിനയിച്ചപ്പോൾ അവൾ വീണ്ടും ടെന്ഷന് അടിച്ചു കൊണ്ടു ആ മുറിവ് നോക്കാൻ തുടങ്ങിയപ്പോൾ അടക്കിപ്പിടിച്ചിരുന്ന എന്റെ ചിരി പുറത്തു വന്നു. അപ്പോൾ തന്നെ ദേഷ്യത്തോടെ എന്റെ കൈവിട്ടു കൊണ്ടു നടന്നു പോകാൻ തുടങ്ങിയ അവളെ ഞാൻ കൈ പിടിച്ചു വലിച്ചു എന്റെ മാറോടണപ്പിച്ചു കൊണ്ടു അവളുടെ മുടിയിഴകളിൽ പതിയെ തലോടി.എന്റെ നെഞ്ചിൽ തല ചായ്ച് കൊണ്ടു.... ഹൃദയതാളം കേട്ടു കൊണ്ടവൾ നിന്നു . ******

ചന്തം ചാർത്തൽ പരുപാടി തുടങ്ങാൻ ആയിട്ടുണ്ട്.എല്ലാവരും എത്തിച്ചേർന്നെങ്കിലും വർഷയെ കാണുന്നില്ല.അവളെ അന്വേഷിച്ചു നടക്കുമ്പോൾ ആയിരുന്നു പുറകിൽ നിന്നും ആരോ തട്ടി വിളിച്ചത്.തിരിഞ്ഞു നോക്കിയപ്പോൾ വർഷ സെറ്റ് സാരിയിൽ എന്റെ മുൻപിൽ നിൽക്കുന്നു. "നീ ഇത്ര പെട്ടെന്ന് ഡ്രസ് മാറിയോ.....?" "പിന്നെ ചന്തംചാർത്തൽ തുടങ്ങുവല്ലേ .അമ്മാമ്മ ഡ്രസ് മാറ്റാൻ പറഞ്ഞു ..." "എന്തായാലും നല്ല ചന്തമുണ്ട് കാണാൻ.ഒരു ആനചന്തം...." "പോടാ..... ആ പിന്നെ ടാ നമ്മൾ പ്രണയിചാലും മ്മൾ ഫ്രൻഡ്‌സ് തന്നെയാട്ടോ....?" "എന്തോന്ന്....?" അവൾ പറതിന്റെ പൊരുൾ മനസ്സിലാകാത്ത പോലെ ഞാൻ അവളോടായി ചോദിച്ചു. "അതായത് നമ്മൾ എപ്പോഴും ആ പഴയ വർഷയും റോഷനും തന്നെ ആവണം. മനസ്സിലായോ..." "എനിക്കും അത് തന്നെയാ പറയാൻ ഉള്ളത്.ഒരുമാതിരി കാമുകിമാരെ പോലെ ഞാൻ ഏതേലും പെണ്ണുങ്ങളോടൊക്കെ സംസാരിക്കുമ്പോൾ അസൂയ കൊണ്ടു വരരുത്...." അർത്ഥം വെച്ച തരത്തിൽ ഞാൻ അത് പറഞ്ഞപ്പോൾ അവൾ എന്നെ അടിമുടി നോക്കി. "ശരി പൂച്ചക്കണ്ണ...പക്ഷെ അമിതമായാൽ അമൃതവും വിഷം ഓർക്കുന്നത് നല്ലതാ...." "ഓ...." "ആ....."

ഞങ്ങൾ ഓരോന്നു പറഞ്ഞു കൊണ്ടിരിക്കുമ്പോളേക്കും പരുപാടി തുടങ്ങിയിരുന്നു.വിവാഹത്തിന് വേണ്ടി ചെക്കനെ ഒരുക്കുന്ന ചടങ്ങാണ് ചന്തംചാർത്തൽ. പ്രത്യേക ക്ഷണിതാവായി ശൗരക്കാർ സദസ്സിൽ എത്തി മാളവരോട് അനുവാദം വാങ്ങി ചെക്കനെ ഭംഗി വരുത്തുന്ന ചടങ്ങാണ്. മാർത്തോമൻ ഗാനവും ഉയരുന്നുണ്ടായിരുന്നു അവിടം. ചിരിയുലൂടെയും സന്തോഷത്തിലൂടെയും ചേട്ടയിയുടെ ചന്തം ചാർത്തൽ കഴിഞ്ഞു ഇപ്പൊ കലാപരുപാടികൾ ആരംഭിച്ചിരിക്കുകയാണ്. കുടുംബത്തിൽ ഉള്ളവരേ തന്നെ പാട്ടും ഡാൻസും എല്ലാം.എല്ലാരും ആഘോഷ തിമിർപ്പിൽ നിൽക്കുമ്പോൾ ആണ് റോഷൻ സ്റ്റേജിലേക്ക് കടന്നു വരുന്നത് കണ്ടത്.റോഷൻ മാത്രമല്ല കൂടെ ചാച്ചിയും.എന്തേലും വെറൈറ്റി പ്രോഗ്രാം അവതരിപ്പിക്കാൻ ആകും എന്നു കരുതി ഞാൻ കാതോർത്തിരുന്നപ്പോൾ റോഷൻ കയ്യിൽ മൈക്ക് എടുത്തു പറഞ്ഞു... "എന്റെ കൂടെ നിൽക്കുന്ന ആളെ നിങ്ങൾക്ക് എല്ലാവർക്കും അറിയാല്ലോ...?ഒരു ക്ലാസിക്കൽ ഡാൻസർ ഒക്കെയാണ്.ഇവിടെ അടുത്തത് ഇനി അരങ്ങേറാൻ പോകുന്നത് ഇവരുടെ ശിഷ്യയുടെ ഒരു ചെറിയ നൃത്തം ആണ്..." റോഷൻ മൈക്കയിൽ അങ്ങനെ പറഞ്ഞപ്പോൾ ആരാ ഇപ്പൊ ചാച്ചിയുടെ ശിഷ്യ ഞാൻ അല്ലാതെ എന്നു ചിന്തിച്ചു പോയി.

ദൈവമേ ഇനി ഞാൻ എങ്ങാനും.എന്നെ ആണോ അവർ വിളിക്കുന്നെ....? എന്നു വേവലാതി പെട്ടിരിക്കുന്ന എന്റെ സംശയം ശരിയാത്തക്കവണ്ണം ചാച്ചി റോഷനിൽ നിന്നും മൈക്ക് വാങ്ങി കൊണ്ട് പറഞ്ഞു. "വർഷ ....നിന്നോട് ആണ് വരാൻ പറഞ്ഞത്....വാ...." ചാച്ചിയിൽ നിന്നും ആ പേര് കേട്ടതും എല്ലാവരും എന്നെ തന്നെ നോക്കി.അപ്പയും അമ്മയും ചേച്ചിയും ചേട്ടനുമെല്ലാം എന്നെ തന്നെ തറപ്പിച്ചു നോക്കുമ്പോൾ ചാച്ചി വന്നു എന്നെ പിടിച്ചു സ്റ്റേജിലേക്ക് കൊണ്ടു പോയി... "ചാച്ചി....ഞാൻ എന്ത് കാണിക്കാൻ ആണ്.അപ്പാപ്പൻ കണ്ടാൽ..." എന്നെ കൊണ്ട് പോകുന്നതിനിടയിൽ ഞാൻ ചാച്ചിയോട് ചോദിച്ചപ്പോൾ ചാച്ചി പറഞ്ഞു. "അപ്പച്ചന്റെ കാര്യം ആലോചിച്ചു നീ ഭയപ്പെടേണ്ടെ അത് ഞാൻ നോക്കിക്കോളം..." എന്നെയും കൂട്ടി സ്റ്റേജിലേക്ക് കയറിയ ചാച്ചി മ്യൂസിക് ഓണാക്കാൻ പറഞ്ഞു കൊണ്ട് എന്നെ അവിടെ നിർത്തികൊണ്ടു അവിടെ നിന്നും ഇറങ്ങി. കുറച്ചപ്പുറത്തായി നിൽക്കുന്ന റോഷനെ നിസ്സഹായമായി നോക്കിയപ്പോൾ അവൻ എനിക്ക് ഇളിച്ചു കാണിച്ചു. രണ്ടാളും കൂടി ചേർന്നു കൊണ്ടുള്ള പണിയാല്ലേ....? ഇനി അപ്പാപ്പൻ കണ്ടാൽ എന്താകും സ്ഥിതി. പക്ഷെ ഞാൻ അവിടെ മൊത്തം അപ്പാപ്പനെ കണ്ണുകൾ കൊണ്ടു പരധിയപ്പോൾ കണ്ടില്ലായിരുന്നു.എവിടെ പോയിക്കാണും എന്നു ചിന്തിച്ചു നിൽക്കുമ്പോൾ ചാച്ചി എന്നോട് നൃത്തം തുടങ്ങാൻ പറഞ്ഞു .

മനസ്സിൽ ധൈര്യം സംഭരിച്ചു കൊണ്ടു സാരി തലപ്പു കുത്തി വെച്ച് എന്നെ തേടി വന്ന നാദത്തിനൊപ്പം ഞാൻ ചിലങ്ക കെട്ടി ചുവടു വെച്ചു.. നൃത്തം ചെയ്യുമ്പോൾ എന്റെ മനസ്സ് എത്ര സന്തോഷവദിയാണ്..പക്ഷെ അതിനോടപ്പം ഭയം നുരന്തു പൊന്തുന്നുണ്ടായിരുന്നു.എന്നാൽ നിമിഷങ്ങൾ കടന്നു പോകവേ എന്നിലെ ഭയം എങ്ങോ പോയി. മനസ്സറിഞ്ഞു ഞാൻ നൃത്തം ചെയ്തു. എന്റെ ചുവടുകൾ നിന്നപ്പോൾ സദസ്സിൽ നിന്നും കയ്യടി ഉയർന്നു....മമ്മയെയും അപ്പയെയും നോക്കിയപ്പോൾ അവരുടെ മുഖത്തും ഒരു പുഞ്ചിരിയുണ്ട്. അതുകണ്ടപ്പോൾ കണ്ണിൽ നിന്നും ആനന്ദ കണ്ണുനീർ പൊഴിഞ്ഞു. എല്ലാം കണ്ടു മന്ദഹസിച്ചു കൊണ്ട് എന്റെ ചാച്ചനും തൊട്ടടുത്തായി റോഷനും നിൽക്കുന്നുണ്ടായിരുന്നു. ഞാൻ ചാച്ചന്റെ അടുക്കലേക്ക് പോകാൻ നിന്നതും ചാച്ചി എന്നെ തടഞ്ഞു കൊണ്ടു ചോദിച്ചു. "വർഷ ഭാവങ്ങൾ എല്ലാം മറന്നു തുടങ്ങിയോ....?ഒന്നു രണ്ടിടത്തു പിഴവുകൾ സംഭവിച്ചിട്ടുണ്ട്. എല്ലാം തുടങ്ങണം വീണ്ടും...." "ചാച്ചി ഞാൻ എങ്ങനെയാ.... ?" "അപ്പച്ചനെ ഓർത്തു നീ പേടിക്കേണ്ടെന്നു ഞാൻ പറഞ്ഞിട്ടുണ്ട്.....നീ നൃത്തം തുടരും ..ഇനി ഇതിനെപ്പറ്റി ഒരു സംസാരം വേണ്ട കേട്ടല്ലോ....?" ചാച്ചിക്ക് മുന്നിൽ ശരി എന്ന് ഞാൻ തലയാട്ടി നിൽക്കുമ്പോൾ ആയിരുന്നു രാഹുലേട്ടന്റെ ശബ്ദം മൈക്കിൾ നിന്നും ഉയർന്നത്..

അവതാരകൻ ആയി നിന്നത് രാഹുലേട്ടൻ ആയിരുന്നു.എന്നെ നൃത്തം അവതരിപ്പിക്കാൻ മാത്രം സ്റ്റേജിലേക്ക് കയറിയത് ആയിരുന്നു റോഷൻ. "സുഹൃത്തുക്കളെ നിങ്ങൾക്ക് എല്ലാവർക്കും ഒരു love story കേൾക്കണോ...? നമ്മുടെ കൂട്ടത്തിൽ ഒരു സുന്ദരനായ കാമുകനുണ്ട്. The Young bachelor.പ്രണയത്തിന് വേണ്ടി താൻ ഇനി കെട്ടത്തെ ഇല്ല എന്നു പറഞ്ഞു നടക്കുന്ന വ്യക്തിയാണ് അദ്ദേഹം. അയാളുടെ പേര് സേവിയർ....അദ്ദേഹം അദ്ദേഹത്തിന്റെ തന്നെ ലൗ സ്റ്റോറി നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ്.... welcome sir.... " ചാച്ചന്റെ പേര് വിളിച്ചപ്പോൾ എല്ലാവരും അത്ഭുദത്തോടെ ചാച്ചനെ നോക്കുമ്പോൾ ചാച്ചൻ അന്തംവിട്ട് വായയും തുറന്നു നിൽപ്പാണ്. "ഞാനോ...." പാവം സ്വയം അവരോടായി ചോദിച്ചപ്പോൾ തൊട്ടടുത്തു നിന്ന റോഷൻ കയ്യടിച്ചു.അത് കണ്ടു എല്ലാവരും കയ്യടിച്ചു.ചാച്ചൻ ആകെ കിളിപോയ അവസ്ഥയിലും. ചാച്ചന്റെ ആ അവസ്ഥ കണ്ടപ്പോൾ അറിയാതെ ചിരിച്ചു പോയി. സ്റ്റേജിലേക്ക് റോഷൻ കൊണ്ടു വരുന്ന ചാച്ചനെ കലിപ്പ് നിറഞ്ഞ ഭാവത്തോടെ നോക്കുകയാണ് മമ്മയും അമ്മാമ്മയും.അവർക്കെല്ലാം ചാച്ചൻ നിസ്സഹായമായ മുഖത്തോടെ എനിക്ക് ഒന്നും അറിയില്ല എന്ന് പറയാൻ ശ്രമിക്കുന്നുണ്ട്.

എന്റെ തൊട്ടടുത്തു നിൽക്കുന്ന ചാച്ചിയുടെ മുഖഭാവം കണ്ടപ്പോഴും ചാച്ചിയും ഒട്ടും പ്രതീക്ഷിക്കാതെ നടക്കുന്ന സംഭവം ആണ് ഇതെന്ന് മനസ്സിലായി.അവിടെ നിന്നും പോകാൻ നിന്ന ചാച്ചിയെ ഞാൻ പിടിച്ചു നിർത്തി. ചാച്ചനു പറയാനുള്ളത് ചാച്ചി കേൾക്കണം.. ****** റോഷ ഈ പണി എനിക്ക് തരേണ്ടിയിരുന്നില്ല എന്ന മുഖഭാവത്തോടെ എന്നെ നോക്കുന്ന സേവിയർ സാറിനു അവിഞ്ഞൊരു ചിരി നൽകി ഞാൻ മൈക്ക കൊടുത്തു. "ടാ റോഷ......" അദ്ദേഹം ദയനീയമായി എന്നെ വിളിച്ചു. "സർ സാറിനു അമ്മക്ക് മുന്നിൽ മനസ്സ് തുറക്കാൻ കിട്ടിയ അവസരം ആണ്.അത് കളയണ്ട..തുറന്നു സംസാരിച്ചോളൂ..." ഞാൻ അദ്ദേഹത്തെ നിര്ബന്ധിപ്പിച്ചപ്പോൾ വേണം വേണ്ട എന്ന അവസ്ഥയിൽ നിൽക്കുകയായിരുന്നു സേവിയർ സർ...ഞാൻ മൈക്ക് അദ്ദേഹത്തിന് കൈമാറുന്ന നേരം തന്നെ സദസ്സിലേക്ക് അവിടേക്ക് ഔസേപ്പച്ചൻ കടന്നു വരുന്നുണ്ടായിരുന്നു.അയാൾ നടന്നു വരുന്നത് കണ്ടതും സേവിയർ സർ വേവലാതിയോടെ പറഞ്ഞു. "എടാ ആ കള്ളകെളവൻ വരുന്നുണ്ട്...ഇതൊക്കെ കേട്ടിട്ടു വേണം അയാൾ കയ്യിലെ തോക്കും എടുത്തു എന്റെ നേരെ വരാൻ...." "കുന്തം ചെയ്യും...ഒന്നു പോകാൻ പറ.... നിങ്ങൾ ഒക്കെ എന്തിനാ അയാളെ ഇങ്ങനെ പേടിക്കുന്നെ...?എല്ലാവരും തന്നെ ഭയക്കണം എന്ന ചിന്തയുള്ള ഒരാളും .അതിനനുസരിച്ചു ആടാൻ വേറെ ചിലരും..

.ഇപ്പൊ സർ ഇഷ്ടപ്പെട്ട ആളുടെ പേരൊന്നും പറയണ്ട...'അമ്മ അറിയാനുള്ള കാര്യങ്ങൾ ചുരുക്കി അവതരിപ്പിക്കുക അത്രമാത്രം.....ok...." അത്രയും പറഞ്ഞു കൊണ്ട് സർന്റെ കയ്യിൽ മൈക്ക് കൊടുത്തു കൊണ്ടു ഞാൻ അവിടെ നിന്നും ഇറങ്ങി. അപ്പോഴേക്കും വർഷയുടെ അപ്പാപ്പൻ മുൻ നിരയിൽ വന്ന് ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ സൈഡിലേക്ക് മാറി നിന്നു. സേവിയർ സർ സംസാരിച്ചു തുടങ്ങി. "എനിക്കിട്ടൊരു യമണ്ഡൻ പണിയാണ് ഇവന്മാർ ഒക്കെ കൂടി തന്നത്.... അതിനുള്ളത് അവർക്കിട്ട് കൊടുത്തോളാം...എന്തയാലും പറഞ്ഞു തുടങ്ങാം.വലിയ രസം ഉള്ളതോ ന്യൂ ജനറേഷന് ഇഷ്ടപെടുമോ എന്നൊന്നും അറിയൂല്ല..." സർ സാറിന്റെ ആ പ്രണയ കഥ പറഞ്ഞു തുടങ്ങി ..ആദ്യം പുറകിൽ നിന്നും ചെറുപ്പക്കാർ ആയ പിള്ളേരുടെ ചെറിയ കളിയാക്കൽ ഉണ്ടായിരുന്നു. സർ ന്റെ വാക്കുകളുടെ ഗൗരവം ഏറി വരുന്നതിനനുസരിച്ചു അവരെല്ലാം നിശ്ശബ്ദമായി.എല്ലാവരിൽ ആകാംഷ വർധിച്ചു...അമ്മയാണ് നായിക എന്നു തോന്നാത്ത തരത്തിൽ ആയിരുന്നു സർ പറഞ്ഞിരുന്നത്.......ചെറുപ്പം തൊട്ടുള്ള ഇഷ്ടം അവൾ തന്റെ ബന്ധു ആണെന്നും ഒപ്പം ഡാൻസർ ആണെന്നും എല്ലാം മറച്ചു വെച്ചു..കഥ പറഞ്ഞു നിർത്തിയപ്പോൾ ചിലരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

"അവരിപ്പോ എവിടെയാ എന്നറിയോ....?" പുറകിൽ നിന്നും ഒരാൾ. ചോദിച്ചപ്പോൾ സർ ഒന്നു പുഞ്ചിരിച്ചു. "എന്റെ കണ്മുന്നിൽ തന്നെയുണ്ട്... പക്ഷെ ഒരുപാട് അകലെയാണ് മനസ്സു കൊണ്ടു...." "ഇത്രക്ക് അവരെ സ്നേഹിക്കാൻ എന്തായിരുന്നു കാരണം...." വിവേക് ആയിരുന്നു ചോദിച്ചത്... "പലപ്പോഴും ഞാൻ എന്നോട് ചോദിച്ചത് തന്നെ.ഒരു ഉത്തരം മാത്രം അറിയില്ല...ഒരുപാട് ഇഷ്ടം ആണെന്ന് അറിയാം...കാത്തിരിക്കും അവൾ എന്നെ മനസിലാക്കുന്ന വരെ..." സർ അത് പറഞ്ഞു നിർത്തിയതും അവിടെ ഉയര്ന്ന ആർപ്പു വിളിയും കയ്യടിയും.വർഷയുടെ മമ്മ നിറഞ്ഞ കണ്ണുകൾ തുടക്കുന്നുണ്ട്.....കഥകളിൽ കേട്ട പ്രണയ കഥ നേരിട്ടു കേട്ടപ്പോൾ വിശ്വസിക്കാൻ ആവാതെ ഇരിക്കുന്ന ചിലരും ഉണ്ട്. അമ്മയുടെ മുഖം മാത്രം എന്തോ മൂടിവെച്ച പോലെ...ആ ഭാവം വ്യക്തമല്ല ....ആ കണ്ണുകളിൽ പോലും ഒരിറ്റു കണ്ണുനീർ ഇല്ല.ഇനിയും 'അമ്മ സേവിയർ സർ നെ മനസ്സിലാക്കിയില്ലേ.. അവരെ ഒന്നിപ്പിക്കാനുള്ള ഒരു ശ്രമം എന്നോണം നടത്തിയത് ആയിരുന്നു ഇത്. ഒന്നും മിണ്ടാതെ ഒരു ഭാവ മാറ്റവും ഇല്ലാതെ 'അമ്മ അവിടെ നിൽക്കുമ്പോൾ മറ്റൊരാൾ കൂടി അതേ ഭാവത്തിൽ ഇരിക്കുന്നുണ്ടായിരുന്നു ഔസേപ്പച്ചൻ...ഞാൻ അയാളെ തന്നെ ശ്രദ്ധിച്ചു നിന്നപ്പോൾ അയാൾ എന്നെയും നോക്കി.പിന്നീട് ഒന്നും മിണ്ടാതെ അവിടെ നിന്നും എഴുന്നേറ്റ് പോവുകയായിരുന്നു. ഞാനും പിന്നീട് പരിപാടിയിലേക്ക് തിരിഞ്ഞു അവരുടെ കുടുംബത്തിന്റെ ആദ്യ കാലം മുതലുള്ള സംഭവ ങ്ങൾ ഫോട്ടോയിൽ ചേർത്ത വീഡിയോയിലൂടെ ഫുൾ സ്ക്രീനിൽ കാണിച്ചു.ഉത്സവ പ്രതീതിയോടെ അന്നത്തെ പരുപാടി കഴിയുമ്പോഴും ഒരുനാൾ മാത്രമായിരുന്നു വർശക്ക് കൊടുത്ത വാക്കുകൾ പാലിക്കാനുള്ള സമയം........തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story