സ്ട്രീറ്റ് ഡാൻസർ💖: : ഭാഗം 3

Street dancer

രചന: തൻസീഹ് വയനാട്

അവനോടു വെല്ലു വിളി ഉയർത്തിയ പോലെ അവന്റെ പ്രണയം പൊളിക്കാൻ ഒന്നും എനിക്ക് പ്ലാൻ ഉണ്ടായിരുന്നില്ല.എന്റെ പ്ലാൻ അവനെ എന്റെ അടിമ ആക്കുക ആയിരുന്നു ഈ കാര്യങ്ങൾ പറഞ്ഞു പേടിപ്പിച്ചിട്ട്.അതെന്തായാലും വില പോകില്ല. എന്നെ ചളിയിൽ വീഴ്ത്തിയതിനു അവനു നല്ലൊരു പണി ഞാൻ വേറെ കൊടുത്തോളാം...ഇനിയും അവനെ കാണാനുള്ളത് അല്ലെ...... തുടരുന്നു ------------_____------------ തന്റെ ഇഷ്ടം ഷിബിനെ അറിയിച്ചത് മുതൽ ഹഫ്സ സ്വപ്ന ലോകത്തായിരുന്നു......ഏതു നേരവും അവനെ കുറിച്ച് വാതോരാതെയുള്ള ഫസിയുടെ സംസാരം മറ്റുള്ളവർക്ക് അരോചകമായി തുടങ്ങി....ഊണിലും ഉറക്കിലും അവന്റെ പേര് അവൾ ഉച്ചരിച്ചു കൊണ്ടേയിരുന്നു.......തന്നോട് ഉടക്കുമെങ്കിലും ഷിബിൻ നല്ലൊരു പയ്യനായിരുന്നതിനാൽ വർഷക്കു ഹഫ്സയുടെ കാര്യത്തിൽ ടെൻഷൻ ഉണ്ടായിരുന്നില്ല........ ദിവസങ്ങൾ ശര വേഗത്തിൽ കടന്നു പോയി....

എന്നാൽ ഹഫ്സക്കും ഷിബിനും നേരിട്ട് കണ്ടു സംസാരിക്കാൻ പറ്റിയ ഒരു അവസരം ഒത്തു കിട്ടിയില്ല.....സ്ട്രിക്ട് ആയി റൂൾസ് ഫോളോ ചെയ്യേണ്ട ഹോസ്റ്റലും അതിലേറെ സ്ട്രിക്ട് ആയ സ്കൂളും കടന്നു അവനെ കാണുക അസാധ്യമായിരുന്നു...വർഷയുടെ കൂടെ പള്ളിയിൽ പോയി അവൾ പ്രാർത്ഥിക്കാൻ അകത്തു കയറുമ്പോൾ പുറത്തു വെയിറ്റ് ചെയ്തു നില്കാറുള്ള ഹഫ്സയെ ഒരിക്കൽ ഹോസ്റ്റൽ വാർഡൻ കണ്ടത് വിനയായി എന്ന് പറഞ്ഞാൽ മതിയല്ലോ......അതിനു ശേഷം അവൾക്കാ ഹോസ്റ്റൽ മതിൽ കെട്ടിനുള്ളിൽ നിന്ന് പുറത്തു കടക്കണമെങ്കിൽ വ്യക്തമായ കാരണം വേണമായിരുന്നു...... ഷിബിൻ ഹഫ്സയെ കാണാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കഴിഞ്ഞില്ല......സ്കൂളിൽ ആർട്സ് ഡേ അടുക്കാനായത് കൊണ്ട് വർഷ ഒരു ഡാൻസ് സ്കൂളിൽ ചേർന്നതു കൊണ്ട് വർഷയെ കാണാനും ഷിബിന് കഴിഞ്ഞില്ല....അവസാനം പത്തൊമ്പതാമത്തെ അടവ് പ്രയോഗിക്കാൻ അവൻ തീരുമാനിച്ചു......

നേരെ വണ്ടിയെടുത്തു അവൾ പഠിക്കുന്ന സ്കൂളിലേക്ക് വിട്ടു...... ലഞ്ച് ബ്രേക്കിന്റെ സമയത്തു ഞങ്ങൾ നാല് പേരും സ്കൂളിന് പുറകുവശത്തായുള്ള വലിയ ഗുല്മോഹറിന്റെ ചുവട്ടിൽ ചെന്നിരുന്നു.....ഷിബിനെ കാണാൻ പറ്റാത്തതിലുള്ള വിഷമം ഹഫ്സയുടെ മുഖത്ത് നിന്നും എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു... ഞാനതവളോട് ചോദിക്കുകയും ചെയ്തു.....അവൾ അതേ എന്നു തലയാട്ടി....പോരാത്തതിന് കാണാൻ എന്തേലും വഴിയുണ്ടോടി എന്ന ചോദ്യവും.... "വഴിയൊക്കെയുണ്ട്.എന്റെ കൂടെ നൃത്തക്ലാസ്സിനു നീയും പോര്.നമുക്ക് അവന്റെ എസ്റ്റേറ്റിൽ പോയി തന്നെ അവനെ കാണാം" "പക്ഷെ അതിനു നിനക്ക് മാത്രം അല്ലെടി പോകാൻ അനുമതിയുള്ളൂ..." "ഇപ്രാവിശ്യം നീ ഏതേലും ഒരു ഐറ്റത്തിനു പേര് കൊടുക്ക്" "നീ എന്തുവാടി പറയുന്നേ നൃത്തത്തിന്റെ abcd അറിയാത്ത ഞാൻ ഏതു ഐറ്റത്തിനു ആണ് പേര് കൊടുക്കേണ്ടത്.

അല്ലേലും വാര്ഡന് വിശ്വസിക്കും ഞാൻ നൃത്തം കളിക്കുന്നു എന്നു പറഞ്ഞാൽ" "നീ ചെറുപ്പം മുതൽ നൃത്തം പഠിക്കുന്നുണ്ട് എന്നു വർഡനോട് അങ്ങു തള്ളണം.നീ ഏതായാലും ഇക്കൊല്ലം അല്ലെ ഈ സ്കൂളിൽ വന്നത്. നിനക്ക് നൃത്തം ഇഷ്ട്ടം ആണെന്നും. നീ ഒരു മുസ്ലിം ആയത് കൊണ്ട് വീട്ടുകാർ അനുവദിക്കാത്തത് കൊണ്ടാണ് അരങ്ങേറ്റമൊക്കെ നടത്താത്തത് എന്നു പറയണം. കുറച്ചു കണ്ണീർ ഒക്കെ കൂട്ടണം. എന്നാലെ വാര്ഡന് വീഴുകയുള്ളൂ...." "എടി ഇങ്ങനെ ഒക്കെ പറഞ്ഞാൽ ഇവൾക്ക് പുറത്തു ചാടാം പക്ഷെ പരുപാടിയുടെ അന്ന് എന്തു ചെയ്യും.നൃത്തം അറിയാത്ത ഇവൾ എന്തു ചെയ്യാനാ."(അനു) "അന്നിവളുടെ കാൽ ഒടിയും" അനുവിന്റെ സംശയത്തിന് ഞാൻ മറുപടി നൽകി. "എന്തോന്ന് ?" നിഷ ഒന്നും മനസ്സിലാകത്തെ പോലെ ചോദിച്ചു. "അന്നിവളുടെ കാൽ ഒടിഞ്ഞപോലെ അഭിനയിക്കണം .അതുകൊണ്ട് കളിക്കാൻ പറ്റില്ല. ഇനി ഇപ്പൊ ഇവൾക്ക് അല്ലറ ചില്ലറ നൃത്തത്തിന്റെ പൊടി കൈകൾ എല്ലാം ഞാൻ പറഞ്ഞു കൊടുക്കാം.

3 വയസ്സു മുതൽ എന്റെ കാലിൽ ചിലങ്കയുണ്ടല്ലോ?" "എടി ഉടായിപ്പേ....നിനക്ക് എവിടുന്നു കിട്ടുന്നു ഇമ്മാതിരി ഐഡിയകൾ ?" എന്റെ പ്ലാൻ മൊത്തത്തിൽ കേട്ടതിനു ശേഷം ഹഫ്സ താടിക്ക് കൈവെച്ചു കൊണ്ടു പറഞ്ഞു. "എടി നിനക്ക് പ്രണയിക്കണമെങ്കിൽ ഇങ്ങനെ റിസ്ക് ഒക്കെ എടുക്കേണ്ടി വരും." ഞാൻ അത് പറഞ്ഞു നിർത്തിയതും ബെൽ അടിച്ചു.എന്റെ പ്ലാൻ അവർ അംഗീകരിച്ചു കൊണ്ടു ക്ലാസ്സിലേക്ക് നടന്നു.ഞാനും അവരോടൊപ്പം പോകാൻ നിന്നപ്പോൾ ആണ് പതിയെ ഒരു തെന്നൽ തഴുകി പോയത്.ആ തെന്നലിൽ മരച്ചില്ലയിൽ പൂവിട്ട പൂക്കൾ എന്നെ ലക്ഷമാക്കി വീണു കൊണ്ടിരുന്നു....ആ പുഷ്പ വർഷത്തെ സ്വീകരിക്കാൻ ഞാൻ ഇരുകൈകളും മുന്നിലേക്ക് നീട്ടി......കൈക്കുമ്പിൾ നിറഞ്ഞിട്ടും ഗുൽമോഹർ പൂക്കൾ പൊഴിക്കുന്നത് നിർത്തിയില്ല......ചിരിച്ചു കൊണ്ട് ഞാൻ കയ്യിലിരുന്ന പൂവുകൾ മരത്തിലേക്ക് തന്നെ എറിഞ്ഞു.......മുകളിലേക്കുയർന്ന പൂക്കൾ വീണ്ടും എന്നെ തഴുകി നിലം പതിച്ചു.....

തിരികെ നടക്കാനൊരുങ്ങുമ്പോഴാണു മതിലിൽ വലിഞ്ഞു കയറിയൊരുത്തൻ സ്കൂൾ കോമ്പൗണ്ടിലേക്ക് കടക്കുന്നത് കണ്ടത്.....ഞാനുടൻ ഗുല്മോഹറിനു പിന്നിലൊളിച്ചു...ഇതാരപ്പാ എന്നും വിചാരിച്ചു നോക്കിയപ്പോൾ ദേ നിൽക്കുന്നു തേടിയ വള്ളി സ്വയം പടർന്നു ഇവിടെ എത്തി നിൽക്കുന്നു..... ഞാൻ ചെന്നപ്പോൾ അവൻ പിന്തിരിഞ്ഞു കൊണ്ടു സ്കൂളിലെ സി ബ്ലോക്കിന്‌ നേരെ നടന്നു....ഹഫ്സയുടെ ക്ലാസ് അവിടെയാകും എന്നു കരുതിയാവും.... ഒളിച്ചും പാത്തും ക്ലാസ്സുകളൊക്കെ നോക്കിയിട്ടും അവളെ കാണാത്ത നിരാശയിൽ ഷിബിൻ മടങ്ങി പോവാനായി തിരിഞ്ഞതും പിന്നിൽ നിൽക്കുന്ന എന്റെ സുന്ദര മുഖമാണ് കണ്ടത്....ദേ ചേട്ടായി വീണ്ടും എന്നെ കണ്ടു ഞെട്ടി.......പിന്നീട് അവന്റെ മുഖത്തു ഒരു സംശയ ഭാവം നിഴലിച്ചു......അത് അവനിൽ നിന്നും ചോദ്യമായി ഉയരുകയും ചെയ്തു. "നീ എന്താടി ഇവിടെ?" " ഞാൻ പഠിക്കുന്ന സ്കൂളിൽ വന്നു ഞാൻ എന്താണ് ഇവിടെ എന്ന ചോദ്യത്തിനു അല്ലാലോ ചേട്ടായീ ഇപ്പോൾ പ്രസക്തി....

ചേട്ടായി എന്താ ഇവിടെ എന്ന ചോദ്യത്തിനല്ലേ.......?" പെട്ടെന്ന് അവൻ ഒരു ഉത്തരത്തിനു വേണ്ടി ഒന്നു തപ്പി കളിച്ചെങ്കിലും എന്നോട് മറുപടി പറയുക തന്നെ ചെയ്തു. "ഞാൻ എന്റെ പെണ്ണിനെ കാണാൻ വന്നത് ആണ്." "ഓഹോ...അപ്പൊ തന്റേടം ഒക്കെ ഉണ്ടല്ലോ ശിബിൻദാസിന്....പക്ഷെ ഇത് എപ്പോഴും കാണണം...പിന്നെ തന്നെ ഞാൻ ഒന്ന് കാണണം എന്ന് വിചാരിച്ചിരിക്കുവായിരുന്നു.തനിക്ക് തന്റെ പെണ്ണിനെ കാണാൻ ഞാൻ അവസരം ഒക്കെ ഒരുക്കാം....ശനിയും ഞായറൂം നമ്മൾ അന്ന് കണ്ടില്ലേ പള്ളി അതിന്റെ അടുത്തുള്ള ശോഭ ടീച്ചറുടെ ഡാൻസ് സ്കൂളിലേക്ക് എന്നോടൊപ്പം അവളും വരും...രാവിലെ 11 to ഉച്ചക്ക് മൂന്നുവരേ നിങ്ങൾക്ക് സംസാരിക്കാനുള്ള അവസരം ഞാൻ ഒരുക്കി തരാം...." അവൾ പറഞ്ഞ കാര്യങ്ങളേ ഷിബിൻ സംശയത്തോടെ ആണ് വീക്ഷിച്ചത് .

ഇവൾ എങ്ങാനും ചതിക്കുമോ എന്ന ചിന്ത അവനുണ്ടായിരുന്നു...കാരണം ഇതുവരെ കിട്ടിയ അവസരങ്ങൾ കൊണ്ടെല്ലാം ഷിബിനു എതിരെ പാര പണിയാൻ ആണ് വർഷ നോക്കിയിട്ടുള്ളത്....അവന്റെ മനസ്സറിഞ്ഞ പോലെ അപ്പോൾ തന്നെ വർഷ അവനോടു പറഞ്ഞു. "നീ ഇപ്പൊ ചിന്തിക്കുന്നെ തനിക്ക് ഒരു പാര പണിയാൻ വേണ്ടിയാണോ പെട്ടെന്ന് ഇവൾ സഹായം കൊണ്ടു വന്നിരിക്കുന്നെ എന്നല്ലേ....? നീ ശത്രു ഒക്കെ തന്നെയാ ഇന്നലെ ചെളിയിൽ വീഴ്ത്തിയിട്ടതു വരെ ഞാൻ മറന്നിട്ടില്ല....മെയിൻ ആയിട്ട് എനിക്ക് ദേ ബോർഡിങ് സ്കൂൾ എന്ന ഈ തടവറ ഉണ്ടാക്കി തന്നതും നീയാണ്. അതിനൊക്കെ ഞാൻ പകരം വീട്ടും..പക്ഷെ അതിനുള്ള അവസരം ഇതല്ല ....ഹഫ്സ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അവളെ ഉപയോഗിച്ചു നിന്നോട് പ്രതികാരം വീട്ടാൻ ഞാൻ അത്രക്ക് തരംതാണവൾ ഒന്നും അല്ല. ...അപ്പൊ ഓക്കേ ഷിബിൻ പറഞ്ഞത് മറക്കണ്ടട്ടോ ശനിയാഴ്ച 11 മണി" എന്നും പറഞ്ഞു തന്റെ കയ്യിൽ കരുതിയ ഒരു പൂ അവന്റെ ചെവിയിൽ വെച്ചു കൊണ്ടു വർഷ ക്ലാസ്സിലേക്ക് ഓടി. ഇടക്ക് അവൾ അവനെ തിരിഞ്ഞു നോക്കി കൊണ്ടു വിളിച്ചു പറഞ്ഞു.

"അതേയ് നീ ഇപ്പൊ ഊളിയിട്ടു നോക്കുന്നത് C ബ്ലോക്കിലേക്ക് ആണ് ...അവിടെ ഹൈസ്കൂൾ ആണ്...ഞങ്ങളുടെ D ബ്ലോക്ക് അത് അപ്പുറത്താണ്....ഇവിടെ നിന്നാൽ കാണില്ല....പിന്നെ ഇത്രനേരം നീ മതിലിൽ കൂടി ഇങ്ങോട്ടു നോക്കി നിന്നപ്പോൾ ആ മരത്തിന്റെ അടുത്ത് നിന്റെ പെണ്ണുണ്ടായിരുന്നു.....ഇപ്പോൾ അങ്ങ് പോയെ ഉള്ളൂ...പക്ഷെ നിന്നെ ഞാൻ കണ്ടു,, ഈ ഞാൻ മാത്രം...അവളിപ്പോൾ ക്ലാസ്സിൽ എത്തിക്കാണും....പിന്നേയ് ഇവിടെ ഇങ്ങനെ ഒളിച്ചും പാത്തും വരണ്ട....സെക്യൂരിറ്റിയുടെ കയ്യിൽ കിട്ടിയാൽ പിന്നെ അത് മതി " ഹഫ്സ അത്രയും നേരം അവിടെ ഉണ്ടായിരുന്നെന്ന് കേട്ടതും അക്കിടി പറ്റിയെപ്പോലെ ഷിബിൻ തന്റെ തലക്ക് അടിച്ചു. അതിനിടയിൽ അവൾ ചെവിയിൽ തിരികിയ പൂവും കയ്യിൽ പിടിച്ചു.... ****** ഷിബിനെ കണ്ടു തിരിച്ചു വന്നപ്പോഴേക്കും ക്ലാസിൽ കെമിസ്ട്രി മിസ് വന്നിരുന്നു.എന്തായാലും ഇന്നലെ മുട്ടിൽ പറ്റിയ മുറിവ്കൊണ്ട് ഇന്ന് ഉപകാരമുണ്ടായി.അതും പറഞ്ഞു കയറിക്കൂടി.

ഇന്നലെ ഫർസ്റ്റേഡ് ബോക്‌സ് സ്റ്റാഫ് റൂമിൽ നിന്നും വാങ്ങിയപ്പോൾ ഈ മിസ് അവിടെ ഇല്ലാത്തത് നന്നായി. ചെന്ന ഉടനെ നിഷ എവിടെ പോയത് ആയിരുന്നെന്ന് പതിയെ ചോദിച്ചപ്പോൾ പിന്നെ പറയാം എന്ന മറുപടിയായിരുന്നു നൽകിയത്.പിന്നീട് ഇന്റർബെൽ അടിച്ചപ്പോൾ അവളുമാരോട് എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്തു.ഷിബിനെ കാണാൻ പറ്റാത്തതിൽ ഹഫ്സക്ക് നല്ല വിഷമമായിരുന്നു.ഇനി കാണാൻ നിനക്ക് നിരവധി അവസരങ്ങൾ കിടക്കുവല്ലേ എന്നു പറഞ്ഞു ഞാൻ സമാധാനപ്പെടുത്തി. ഞങ്ങളുടെ പ്ലാൻ പ്രകാരമുള്ള ഓരോകാര്യങ്ങളും ചെയ്യുകയായിരുന്നു പിന്നീട്. ഇപ്രാവിശ്യം യൂത്ത് ഫെസ്റ്റിവലിന് കുച്ചുപ്പുടിക്ക് ഹഫ്സയുടെ പേര് കൊടുത്തു. ബോർഡിങ്ങിൽ വാർഡൻ സന്ധ്യ മാമിന്റെ മുമ്പിൽ തകർത്തഭിനയിക്കാനും മറന്നില്ല.എല്ലാവരെയും ഞങ്ങൾ പറഞ്ഞ കഥ വിശ്വസിപ്പിച്ചു. പിന്നെ ശനിയാഴ്ച്ച ആകാനുള്ള കാത്തിരിപ്പിൽ ആയിരുന്നു ഹഫ്സ.വെള്ളിയാഴ്ച്ച വൈകീട്ട് പെണ്ണ് വളരെ അധികം സന്തോഷത്തിലായിരുന്നു.

ഷിബിനെ പറ്റി വാതോരാതെ സംസാരിച്ചു കൊണ്ടായിരുന്നു അവൾ ഉറങ്ങിയത്. എല്ലാവരും ഉറങ്ങി കഴിഞ്ഞു ഞാനും നിഷയും മാത്രമായി ഇരിക്കുകയായിരുന്നു.നിഷ എനിക്ക് മാത്‌സ് പ്രോബ്ലംസ് എല്ലാം പറഞ്ഞു തരുകയായിരുന്നു. പഠിക്കാൻ ഞാൻ അല്പം പുറകിലോട്ടു ആണ്.എന്റെ ട്യൂഷൻ ടീച്ചർ ആണ് നിഷ.ഇവിടെ വന്നപ്പോൾ എനിക്ക് കിട്ടിയ ബെസ്റ്റ് ഫ്രണ്ട് ആണ് അവൾ പിന്നെ അനുവും.ഞങ്ങൾ മൂന്നുപേരും കട്ട ഫ്രൻഡ്‌സ് ആയിരുന്നു.അതിനിടയിലേക്ക് ഇക്കൊല്ലം കടന്നു വന്ന ആൾ ആണ് ഹഫ്സ. ഹഫ്സ ഗൾഫിൽ ആയിരുന്നു 10 th വരെ പഠിച്ചത് അവളുടെ ഉപ്പാക്കും ഉമ്മക്കും ഒറ്റ മോൾ ആണവൾ. രണ്ടുപേരും അവിടെ സ്വന്തമായി ബിസിനസ്സ് നടത്തുകയാണ്.അവളുടെ ഉപ്പയുടെ നിർബന്ധം കൊണ്ടാണ് അവളെ ഈ സ്കൂളിൽ ചേർത്തത്.അവൾക്ക് താൽപര്യം ഉണ്ടായിരുന്നില്ല. നിഷയുടെ അപ്പ ഒരു കമാണ്ടർ ആണ്.അവളുടെ അമ്മ അവളേ പ്രസവിച്ച ഉടനെ മരിച്ചു.അച്ഛൻ വേറെ വിവാഹം കഴിച്ചിട്ടുണ്ട്.

രണ്ടാനമ്മക്ക് അവൾ ഒരു ബാധ്യത ആവതിരിക്കാൻ 3 വയസ്സിൽ തന്നെ അവളെ ഈ ബോർഡിങ്ങിലേക്ക് മാറ്റി. ഉള്ളിൽ ഒരുപാട് സങ്കടം അനുഭവിക്കുന്നത് കൊണ്ടു തന്നെ അവൾക്ക് പെട്ടെന്ന് ദേഷ്യം കയറും. അനു അവളുടെ അപ്പയും അമ്മയും സ്റ്റാറ്റസിന്റെ ഭാഗം ആയാണ് അവളെ ഇവിടെ ചേർത്തത്.5 th ൽ പഠിക്കുമ്പോൾ ആണ് ഞങ്ങൾക്ക് ഇടയിലേക്ക് അവൾ വന്നത്. അവളുടെ അച്ഛനും നാട്ടിൽ ബിസിനസ്സ് നടത്തുന്നു. പ്രോബ്ലെംസ് പറഞ്ഞു തരുന്നതിനിടയിൽ നിഷ എന്നോടായി ചോദിച്ചു. "എടി നീ ഇപ്പൊ ചെയ്യുന്നത് ഒക്കെ ശരിയാണെന്ന് തോന്നുന്നുണ്ടോ നിനക്ക്." "നീ എന്താ ഉദ്ദേശിച്ചത്?" "ഹഫ്സയുടെ പ്രണയം തന്നെ.16 വയസ്സു പോലും നമുക്ക് തികഞ്ഞില്ല.അതിന് മുൻപ് പ്രണയം ഒക്കെ.നീ അവരെ സപ്പോർട്ട് ചെയ്തു കൊണ്ടു നടത്തുന്ന ഒരു പരുപാടിയോടും ഞാൻ യോജിക്കുന്നില്ല. തെറ്റ് തന്നെയാ ഇത്.എടുത്താൽ പൊങ്ങാത്ത ഓരോ കളവും ആണ് നീ ഇന്ന് മാമിനോട് പറഞ്ഞത്.പിടിക്കപ്പെട്ടാലുള്ള അവസ്ഥ നീ ആലോചിചോ..?അതൊക്കെ പോട്ടെ ഹഫ്സയുടെ ഉമ്മക്കും ഉപ്പാക്കും അവളെ എത്രമാത്രം ജീവനാണ്. അവർ എത്ര ആത്മാര്ഥയോട് കൂടി പ്രണയിച്ചാലും അത് അവരോടു ചെയ്യുന്ന പാപമാണ്.

അച്ഛന്റെയും അമ്മയുടെയും സ്നേഹം കിട്ടാത്തവർക്കെ അത് മനസ്സിലാകൂ..എന്തായാലും നീ ഒന്നുകൂടി ആലോചിക്ക്...." ആ വാക്കുകൾ പറഞ്ഞു നിർത്തിയതും നിഷയുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു. എനിക്ക് വീണ്ടും മുഖം തരാൻ നില്ക്കാതെ അവൾ പുസ്തകം വെച്ചു തന്റെ വിരിപ്പിലേക്കു ചാഞ്ഞു പുതപ്പ് കൊണ്ട് ശരീരം മൂടി.പുതുപ്പിനുള്ളിൽ നിന്നും അവളുടെ തേങ്ങൽ എനിക്ക് കേൾക്കാമായിരുന്നു. അച്ഛന്റെയും അമ്മയുടെയും സ്നേഹം അനുഭവിക്കാൻ നിഷക്ക് ഭാഗ്യമുണ്ടായിട്ടില്ല. വെക്കേഷനിൽ പോലും അവൾ അവളുടെ അപ്പയുടെ അടുക്കൽ കൂടുതൽ നിൽക്കില്ല.അമ്മയുടെ വീട്ടിലേക്കു പോകുകയാണ് പതിവ്.. തേങ്ങൽ അടക്കിപ്പിടിച്ചു കരയുന്ന നിഷയുടെ അടുത്തു ചെന്നു അവളെ കെട്ടിപ്പിടിച്ചു ഞാൻ കിടന്നു.

അവൾ എന്റെ കൈകളേ ആ സമയം മുറുകെ പിടിക്കുന്നുണ്ടായിരുന്നു.എത്രയോ രാത്രികൾ അവളുടെ കണ്ണുനീർ എന്റെ നെഞ്ചിൽ വീണത് ആണ്.അവൾ എനിക്ക് മുന്നിൽ മാത്രമേ അവളുടെ മനസ്സ് തുറന്നിട്ടുള്ളൂ.എനിക്ക് മുന്നിൽ മാത്രമേ അവൾ കണ്ണു നിറച്ചിട്ടുമുള്ളു. നിഷയെ ആശ്വസിപ്പിക്കുമ്പോൾ എന്റെ ചിന്ത അവൾ പറഞ്ഞ വാക്കുകളിലേക്ക് കടന്നു ചെന്നു. അവൾ പറഞ്ഞതിൽ കാര്യമുണ്ടെന്നു എനിക്കും തോന്നി.എന്തു ചെയ്യും എന്ന ഒരു ആശയ കുഴപ്പം എന്റെ മനസ്സിൽ നിഴലിച്ചു. ഹഫ്സയുടെ കൂടെ നിൽക്കാം എന്നു വാക്കും കൊടുത്തു.ഇനി അവരെ ഒന്നാക്കുക അതല്ലാതെ ഒരു വഴി ഇല്ല.അവർ ഒന്നാകുമ്പോൾ അത് രണ്ടുപേരുടെ കുടുംബം അംഗീകരിക്കുകയും വേണം .അതിനുള്ള വഴിയാണ് നോക്കേണ്ടത്.അതൊക്കെ ശരിയാകും എന്ന വിശ്വാസത്തിൽ ഞാൻ നിദ്രയിലേക്ക് ആണ്ടു.....തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story