സ്ട്രീറ്റ് ഡാൻസർ💖: : ഭാഗം 7

Street dancer

രചന: തൻസീഹ് വയനാട്

അതറിയാൻ വേണ്ടി നിഷയുടെ പുറകെ ഞാൻ ചെന്നു. അവൾ എന്നിൽ നിന്നും കുറച്ചു അകലെ ആയിരുന്നു.അവളെ പിന്തുടർന്ന് ചെന്നപ്പോൾ അവൾ ലൈബ്രറിയിലേക്ക് ആയിരുന്നു കയറിയത് . ബി ബ്ലോക്കിൽ രണ്ടാമത്തെ നിലയിൽ ആയിരുന്നു ലൈബ്രറി... സ്റ്റെപ് കയറി ഞാൻ മുകളിൽ എത്തിയതും നിഷ മുകളിൽ നിന്നും താഴേക്ക് വീഴാൻ പോകുന്നത് ആണ് കണ്ടത്. ഒരു നിമിഷം തരിച്ചു പോയ ഞാൻ നിഷ എന്നലറികൊണ്ട് അവളെ പിടിക്കാൻ വേണ്ടി ഓടിയതും അവൾ താഴേക്ക് വീണിരുന്നു. ഞാൻ ഓടിച്ചെന്നു നോക്കിയപ്പോൾ താഴെ രക്തം വാർന്നൊഴുകി കിടക്കുന്ന നിഷയെയാണ് കാണാൻ കഴിഞ്ഞത്. വീഴ്ച്ചയുടെ ശബദം കേട്ടും കണ്ടും കുട്ടികൾ എല്ലാം അവിടെ തടിച്ചു കൂടുന്നുണ്ടായിരുന്നു.താഴെ നിന്നും മുകളിലേക്ക് നോക്കിയ കുട്ടികൾ കണ്ടത് എന്നെ. അവരെല്ലാം കൂടി ഞാൻ അവളെ തള്ളിയിട്ടെന്നാക്കി. ഞങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ സ്വാഭാവികമായും എല്ലാവർക്കും അറിയാം.വീണ്ടും ചെയ്യാത്ത ഒരു കാര്യത്തിന് കൂടി ശിക്ഷ അനുഭവിക്കേണ്ട അവസ്ഥ......എല്ലാവർക്കു മുന്നിലും വീണ്ടും തലതാഴ്ത്തി നിൽക്കേണ്ടി വന്നു.ഞാൻ തള്ളിയിട്ടതല്ല അവൾ വീണത് കണ്ടു ഞാൻ അവിടേക്ക് ചെന്നത് ആണെന്ന് പറഞ്ഞിട്ട് പോലും ആരും വിശ്വസിച്ചില്ല.

എന്റെ ഭാഗം നിൽക്കാൻ ഒരാൾ പോലും ആ സമയം അവിടെ ഉണ്ടായിരുന്നില്ല. നിഷയെ അപ്പോൾ തന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി.എന്നെ അന്വേഷിച്ചു പോലീസും.ചാച്ചനു പോലും തടഞ്ഞു നിർത്താൻ കഴിഞ്ഞില്ല.എന്നെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടം കൂടിയ കുട്ടികൾക്ക് നടുവിലൂടെ എന്നെ പോലീസ് കൊണ്ടു പോകുമ്പോൾ പുറകെ ചാച്ചന്റെ കാറും സ്റ്റേഷനിലേക്ക് വന്നു. കരയാൻ അല്ലാതെ എനിക്ക് മറ്റൊന്നിനും കഴിഞ്ഞില്ല. എന്തുകൊണ്ട് ചെയ്യാത്ത തെറ്റുകൾ എന്നെ തേടി എത്തുന്നു.ഇനി ഇതിനു പിന്നിലും ഷിബിൻ തന്നെയാണോ....? അറിയില്ല ഒന്നും അറിയില്ല എന്നെ ദ്രോഹിക്കാൻ കിട്ടുന്ന ഒരു അവസരം പോലും അവൻ പാഴാക്കില്ല.പക്ഷെ നിഷയുടെ ജീവൻ വെച്ചു കളിക്കാൻ വരെ ക്രൂരൻ ആണോ ഷിബിൻ. ചിന്തകൽ എന്നെ വേട്ടയടികൊണ്ടിട്ടിക്കുമ്പോൾ ആണ് പോലീസ് സ്റ്റേഷൻ എത്തിയത്.ഒരു ദയയും ഇല്ലാത്ത ഭാഷയിൽ എന്നോട് വണ്ടിയിൽ നിന്നും ഇറങ്ങാൻ ഒരു വനിത കോൺസ്റ്റബിൾ പറഞ്ഞു. അവരുടെ പുറകെ ഞാൻ ഇറങ്ങി .

കണ്ണുനീര് കണ്ണിൽ തളം കെട്ടിയത് കൊണ്ടു തന്നെ പുറത്തെ കാഴ്ചകൾ അവ്യക്തമായിരുന്നു. അകത്തേക്ക് ചെന്ന എന്നോട് അവർ ക്രൂശിച്ചു കൊണ്ടു തന്നെ പെരുമാറി. പലകേസുകളിൽ ആയി പ്രതികൾ അവിടെ ഉണ്ട്.കള്ളന്മാർ ,അനാശ്യാ സത്തിന് അറസ്റ്റ് ചെയ്തവർ.അവരുടെ കൂട്ടത്തിൽ ഈ ഞാനുമെന്നു ഓർത്തപ്പോൾ സഹിച്ചില്ല . അല്പസമയത്തിന് ശേഷം ചാച്ചനും അവിടെ എത്തി .ചാച്ചനെ കണ്ടതും ഓടിച്ചെന്നു ഞാൻ കെട്ടിപ്പിടിച്ചു കുറെ കരഞ്ഞു. എന്നെ ചാച്ചൻ അടർത്തി മാറ്റി എന്റെ കണ്ണുനീർ തുടച്ചു കൊണ്ട് സമാധാനിപ്പിച്ചു. "ചാച്ചൻ ഇല്ലേ മോളെ പിന്നെ എന്തിനാ പേടിക്കുന്നെ" "ചാച്ചാ ഞാൻ അല്ല ഞാൻ ഒന്നും ചെയ്തിട്ടില്ല." "ചാച്ചനു അറിയാം മോളെ നീ ഒന്നും ചെയ്തിട്ടില്ല എന്നു.മോൾ ഇങ്ങനെ കരയല്ലേ..." എന്നെ സമാധാനിപ്പിച്ചു കൊണ്ടു ചാച്ചൻ എസ് ഐ യെ കാണാൻ വേണ്ടി അയാളുടെ മുറിയിലേക്ക് ചെന്നു. എസ് ഐ ചാച്ചനോട് എന്തു പറഞ്ഞു എന്ന്‌ ചാച്ചന്റെ വരവിൽ നിന്നും മനസ്സിലായി.എന്നെ ഇവിടെ നിന്നും കൊണ്ടുപോകാൻ പറ്റില്ല.

നിരാശയോടെ എന്നെ നോക്കി മോൾ വിഷമിക്കേണ്ട ഇന്ന് തന്നെ ഈ രാത്രി അവസാനിക്കുന്ന വരെ ഇവിടെ കഴിഞ്ഞാൽ മതി നാളെ രാവിലെ ഞാൻ മോളെ ഇവിടെ നിന്നും ഇറക്കും.എന്നു പറയുമ്പോൾ ചാച്ചന്റെ കണ്ണും നിറഞ്ഞിട്ടുണ്ടായിരുന്നു. ചാച്ചൻ പുറത്തിറങ്ങി പലർക്കും ഫോൺ ചെയ്യുന്നുണ്ടായിരുന്നു എന്നെ രക്ഷപ്പെടുത്താൻ വേണ്ടി. അതേ സാമയത്തായിരുന്നു അവിടേക്ക് മറ്റൊരാൾ കൂടി കടന്നു വന്നത്.ഷിബിൻ. എന്നെ കണ്ടതും അവന്റെ മുഖത്തെ ഭാവം പുച്ഛം ആയിരുന്നു. അവൻ ചാച്ചനെ കണ്ടു സംസാരിച്ചു.ചാച്ചനെയും കൂട്ടി വീണ്ടും എസ് ഐ യെ കാണാൻ വേണ്ടി ചെന്നു. പക്ഷെ ഫലം ഉണ്ടായില്ല. ഷിബിൻ അപ്പോൾ തന്നെ തനിക്ക് അറിയുന്ന ഒരു വക്കീൽ ഉണ്ട് ഇവിടെ അയാൾ മുഖേനെ ഇവളെ ഇറക്കാം എന്നു പറഞ്ഞു കൊണ്ട് അയാളെ ഫോൺ ചെയ്തു പക്ഷെ അയാൾ ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല. കുറെ വട്ടം ശ്രമിച്ചിട്ടും കിട്ടാത്തത് കൊണ്ട് തന്നെ നമുക്ക് നേരിട്ട് ചെല്ലാം എന്നു പറഞ്ഞു ചാച്ചനെ കൂട്ടി വക്കീലിന്റെ അടിത്തേക്ക് തിരിച്ചു.

പോകുന്നതിനു മുൻപ് മോൾ പേടിക്കേണ്ട ചാച്ചൻ ഇന്ന് തന്നെ മോളെ ഇവിടെ നിന്നും ഇറക്കും എന്നു വീണ്ടും വീണ്ടും പറഞ്ഞു സമാധാനിപ്പിച്ചിട്ടായിരുന്നു ചാച്ചൻ പോയത്. ചാച്ചന്റെ കൂടെ സ്റ്റേഷന്റെ പുറത്തേക്ക് ഇറങ്ങുമ്പോൾ ഷിബിൻ എന്നെ ഒന്ന് തിരിഞ്ഞു നോക്കി പുച്ഛം കലർന്ന ഭാവത്തിൽ ചിരിച്ചു. അവന്റെ ആ പ്രതികാരത്തോടെയുള്ളനോട്ടം ചിരി ഇതെല്ലാം അവന്റെ പക തന്നെയാണോ എന്നു എന്നെ വീണ്ടും വീണ്ടും തോന്നിപ്പിക്കുക ആയിരുന്നു. ഭയം വീണ്ടും എന്നെ വലിഞ്ഞു മുറുകാൻ തുടങ്ങി. എങ്കിലും കണ്ണുനീരിനെ ഒതുക്കി ഞാൻ അവിടെ മൂലക്ക് ഉള്ള ബെഞ്ചിൽ ഒരു കോണ്സ്റ്റബിളിന്റെ നിർദ്ദേശ പ്രകാരം ഇരുന്നു. ചുറ്റും നോക്കുമ്പോൾ കഴുകന്റെ കണ്ണുകൾ പോലെ അവിടെ ഉള്ള ഓരോരുത്തരും എന്നെ നോക്കുകയാണ്.അവിടേക്ക് വന്ന എസ് ഐ യുടെ കണ്ണുകളും എന്നെ കൊത്തി വലിക്കുക ആയിരുന്നു. അയാൾ എന്നെ നോക്കി വശ്യമായ ചിരി നൽകി അടുത്തുള്ള സെല്ലിലേക്ക് പോയി . അവിടെ നിന്നും ആരോയെക്കെയോ ഇടിക്കുന്ന ശബ്ദം കേട്ടു... പുറമെ നിന്നും നോക്കുമ്പോൾ ആ സെൽ ശൂന്യമാണ്.അയാൾ ഇടിക്കുന്ന ശബ്ദം കേൾക്കുന്നു

എന്നല്ലാതെ ഇടികൊണ്ടു നിലവിളിക്കുന്ന ഒരാളുടെ ശബ്ദം പോലും കേൾക്കാനില്ല. അവിടെ നിന്നും വിയർത്തോലിച്ചു ഷർട്ടിന്റെ ബട്ടൻസ് ഇട്ടു കൊണ്ടു ഇറങ്ങി വന്ന എസ് ഐ കൊണ്സ്റ്റബിളിനോട് എന്നെ ആ സെല്ലിലേക്ക് മാറ്റാൻ പറഞ്ഞു... "അന്ത പൊണ്ണെ എപ്പിടി സർ അന്ത സെല്ലിൽ ?" എന്നു കൊണ്സ്റ്റബിൾ എസ് ഐ യോട് ചോദിച്ചപ്പോൾ അയാൾ പറയുന്നത് ചെയ്യാൻ അവരോടു പറഞ്ഞു. അയാളുടെ വാക്ക് അനുസരിച്ചു കൊണ്ടു എന്നോട് അവർ ആ സെല്ലിലേക്ക് കയറാൻ പറഞ്ഞു. എന്റെ നെഞ്ചു പട പട എന്നു മിടിക്കാൻ തുടങ്ങി .ഏത് കുറ്റവാളി ആയിരിക്കും അതിനകത്ത്. അവിടേക്ക് കയറാൻ മടിച്ചു നിന്ന എന്റെ നേരെ വനിതാ കൊണ്സ്റ്റബിൾ അലറി. അവരുടെ ശബ്ദം കേട്ട ഞെട്ടലിൽ ഞാൻ ആ സെല്ലിലേക്ക് വേഗം കയറി. ഞാൻ കയറിയ ഉടനെ അവർ പുറത്തു നിന്നും സെൽ പൂട്ടി .എന്റെ നെഞ്ചിലെ മിടിപ്പ് പതിന്മടങ്ങു ശക്തിയിൽ ഇടിച്ചു കൊണ്ടിരിക്കുകയാണ് . നേരം ഇരുട്ടിലേക്ക് വ്യാപിച്ചിരുന്നു ആ സമയം സെല്ലിലും ഇരുട്ട് നിറഞ്ഞിരുന്നു .പുറത്തു നിന്നുള്ള ബൾബിന്റെ നേരിയ വെട്ടം അകത്തേക്ക് ഉണ്ട്.ആ വെട്ടത്തിൽ രണ്ടു രൂപങ്ങൾ ഞാൻ കണ്ടു അവിടേം. ഒരു രൂപം സെല്ലിലെ മൂലക്ക് മുഖം മുട്ടിൽ പൂഴ്ത്തി ഇരിക്കുന്നുണ്ട്. മറ്റയാൾ എന്നെ നോക്കി തുറിച്ചു നോക്കി കൊണ്ടേ ഇരിക്കുന്നു.അയാളുടെ നോട്ടം എന്നിൽ സൂചി കുത്തുന്ന പോലെ നൂഴ്ന്നിറങ്ങുകയായിരുന്നു.

എന്റെ ഉള്ളിലെ ഭീതി വർധിച്ചു കൊണ്ടിരുന്നു.ഉള്ളിലെ ധൈര്യം സംഭരിച്ചു കൊണ്ടു ഞാൻ ആ വെട്ടത്തിൽ തന്നെ ഇരുന്നു.അയാളിൽ നിന്നും ഒരു ആക്രമണം ഉണ്ടാകുമോ എന്ന ഭയം എന്നിൽ ഉണ്ടായിരുന്നു. നേരം പോയി കൊണ്ടിരുന്നു.ചാച്ചനെ ഇതുവരെ കണ്ടില്ല.സമയം ഏകദേശം രാത്രി 10 നോട് അടുത്തപ്പോൾ ആയിരുന്നു ഞാൻ ഭയപ്പെട്ടപോലെ അയാൾ എന്നെ ലക്ഷ്യമാക്കി വശ്യമായി ചിരിച്ചു കൊണ്ട് നടന്നുവന്നു വന്നത്. അയാൾ കണ്ടപ്പോൾ അറിയാതെ തന്നെ ഞാൻ എഴുന്നേറ്റു പോയി. "ഉക്കാറുമ്മ....കൊഞ്ചം ഉതവി മട്ടും എന്ക്ക് പണ്ണിയാൽ പോതും ....ഇന്നേക്ക് മട്ടും ഉണ്ണെ എനക്ക് വേണം...." അതും പറഞ്ഞു അയാൾ എന്റെ കവിളിൽ തലോടാൻ വന്നതും ഞാൻ അയാളുടെ കൈ തട്ടി മാറ്റി. അയാളിൽ നിന്നും അകന്ന് പോയി കൊണ്ടിരുന്നു.പക്ഷെ അയാൾ എന്റെ അടുത്തേക്ക് വന്നു കൊണ്ടിരുന്നു. സങ്കടം കൊണ്ടും ഭയം കൊണ്ടും കണ്ണു നിറഞ്ഞു ഒഴുകുന്നതിനോടൊപ്പം എന്നെ വെറുതെ വിടാൻ ഞാൻ അപേക്ഷിക്കുമ്പോൾ അയാൾ എന്റെ വായ പൊത്തിപിടിച്ചു . പുറത്തു പോലീസിനെ കാണാനും ഇല്ല. ഞാൻ മൂലയിൽ ഇപ്പോഴും മുഖം പൂഴ്ത്തിയിരിക്കുന്ന ആരൂപത്തെ നോക്കി.അവനിൽ യാതൊരു അനക്കവും ഇല്ല.

"നീ എന്നെ നിനക്കിറെ ഇവൻ ഉന്നെ കപ്പാത്തും എൻട്രൂ താൻ.ഇവൻ ഒന്നുമേ പേസവേ മാട്ട...കാതും തെരിയാത്....അവൻ ഇതൊന്നുമേ കേൾക്കാതെ.... അവൻ ഒരു ലൂസ് പയ്യൻ....എങ്കിട്ടെ എസ് ഐ സർ താൻ സോല്ലിയിർക്ക് ഇപ്പിടി സെയ്യാൻ.ഇനി എതാവത് കേസ് ആണാൽ ഇത് എല്ലാമേ അന്ത കിർക്ക് പയ്യൻ സെയ്തത് താൻ...." അയാൾ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിത്തരിച്ചു പോയി. . അയാൾ അതും പറഞ്ഞു എന്നെ വലിച്ചുകൊണ്ട് ആരും ശ്രദ്ധിക്കാത്ത ഒരു കോണിലേക്ക് മാറ്റുമ്പോൾ ആയിരുന്നു പിന്നിൽ നിന്നും ചവിട്ടേറ്റ് അയാൾ തെറിച്ചു വീണത്.നോക്കുമ്പോൾ അതുവരെ അവിടെ ഇരുന്ന അവൻ അവിടെ നിന്നും എഴുന്നേറ്റിരുന്നു. നേരിയ ആ വെട്ടത്തിൽ അവന്റെ മുഖം കോപം കൊണ്ടു കത്തുന്നുണ്ടായിരുന്നു. അവന്റെ മുടി ഇഴകൾ അവന്റെ കണ്ണിനെ മറച്ചു കൊണ്ടു മുന്നിലേക്ക് വീണിരുന്നു. വീണ്ടും അവൻ അയാൾക്ക് നേരെ വന്നു കൊണ്ടു അയാളെ ക്രൂരമായി തന്നെ തല്ലി ചതച്ചു.അയാളുടെ മർമ്മം നോക്കി ആഞ്ഞു ചവിട്ടി .അയാൾ നിലത്തു നിന്നും എഴുന്നേൽക്കാൻ പോലും തയ്യാറാകാതെ അവിടെ കിടന്നു പിടഞ്ഞു. ഇടയിൽ തല ഉയർത്തി മുടി വകഞ്ഞു മാറ്റിയപ്പോൾ ഇടയിലൂടെ ഞാൻ എന്നെ രൂക്ഷമായി നോക്കുന്ന രണ്ടു പൂച്ച കണ്ണുകൾ ആണ് കണ്ടത്.

അവന്റെ മുഖം ഒരു വില്ലനെ പോലെ.....മുടി കുടഞ്ഞു കൊണ്ട് വീണ്ടും അവൻ അടിക്കാൻ തുടങ്ങിയപ്പോൾ പുറത്തു നിന്നും അയാളുടെ നിലവിളികൾ കേട്ട് പോലീസ് ഓടി വന്നു അവനെ പിടച്ചു മാറ്റി പക്ഷെ പിടി ഒതുങ്ങാൻ അവൻ തയ്യാറാകുന്നില്ലായിരുന്നു. അവർ അവനെ പിടിച്ച് ഒതുക്കിയ ശേഷം ക്രൂരമായി തല്ലാൻ തുടങ്ങി.അതെന്തോ നോക്കി നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല.തടയാൻ ചെന്ന എന്നെയും ഒരു പെണ്ണാണെന്നു നോക്കാതെ അവർ അടിച്ചിട്ടു. എന്റെ മേൽ അവരുടെ കൈ വീണതും അവൻ വീണ്ടും രോഷാകുലൻ ആയി അവരെ എല്ലാം കുടഞ്ഞു വീഴ്ത്തി. സന്ദർഭം കൂടുതൽ വശളാകുന്നതിനു മുൻപ് അവിടേക്ക് ചാച്ചനും ഷിബിനും കൂടെ ഒരു വക്കീലും വന്നിരുന്നു.ഞാൻ ചാച്ചന്റെ അടുത്തു എല്ലാ കാര്യങ്ങളും പറഞ്ഞു. എന്നെ അവിടെ നിന്നും ഇറക്കുന്ന അതേ സമയം തന്നെ ആ എസ് ഐ യുടെ ജോലിക്ക് ഒരു പണി ചാച്ചൻ നൽകിയിരുന്നു ചാച്ചന്റെ ബന്ധങ്ങൾ ഉപയോഗിച്ചു കൊണ്ടു.നേരത്തെ ചാച്ചൻ അയാളുടെ കാലു പിടിച്ചിരുന്നു .പക്ഷെ അയാൾ ഒരു വിട്ടു വീഴ്ചക്കും തയ്യാറായിരുന്നില്ല. പലരേ കൊണ്ടു വിളിപ്പിച്ചു എങ്കിലും എന്നെ പുറത്തിറക്കാൻ അയാൾ തയ്യാറായില്ല.

പോലീസ് സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഞാൻ ചാച്ചനോട് ഒന്നു മാത്രം ആയിരുന്നു പറഞ്ഞിരുന്നത് എന്നെ രക്ഷിച്ച ആ പയ്യനെ രക്ഷിക്കാൻ എങ്ങനെ എങ്കിലും.പോകുന്നതിനു മുൻപ് ഞാൻ അവന്റെ അടുക്കലേക്ക് ചെന്നു നന്ദി പറഞ്ഞിരുന്നുവെങ്കിലും എന്നെ ഒന്ന് തല ഉയർത്തി നോക്കാൻ പോലും അവൻ തയ്യാറായിരുന്നില്ല . ഇതിനിടയിൽ മൂകമായി നിൽക്കുന്ന മറ്റൊരു മുഖം ഞാൻ ശ്രദ്ധിച്ചത് ഷിബിന്റെ ആയിരുന്നു .അവന്റെ മുഖം വലിഞ്ഞു മുറുകിയിരിക്കുന്നു.അവന്റെ കണ്ണുകൾ സെല്ലിന് അകത്തേക്ക് ആയിരുന്നു. ഷിബിന്റെ ഓരോ പ്രവർത്തികളും എനിക്ക് അവനോടുള്ള സംശയം വളർത്തുകയായിരുന്നു. കൂടാതെ ചാച്ചൻ വരാൻ വൈകിയതിന്റെ കാരണം കൂടി പറഞ്ഞപ്പോൾ ചാച്ചനും അവനും അവന്റെ വണ്ടിയിൽ ആയിരുന്നു പോയത്.വക്കീലിനെ കൂട്ടി പോയപ്പോൾ വണ്ടി ബ്രെക്ക് ഡൗണ് ആയെന്നു. ****** പക്ഷെ അവിടെ കൊണ്ടൊന്നും തീരുക ആയിരുന്നില്ല.കേസ് ഇല്ലാതെ ഞാൻ രക്ഷപ്പെട്ടു.

അതിനു എനിക്ക് വേണ്ടി നിഷയുടെ വീട്ടുകാരുടെ കാൽ വരെ എന്റെ ചാച്ചൻ പിടിച്ചു . പക്ഷെ വീട്ടിലെ എല്ലാവരും കേട്ടത് എല്ലാം സത്യം ആണെന്നുള്ള വിശ്വാസത്തിൽ തന്നെ ആയിരുന്നു .ക്രൂരമായ പഴികൾ എന്നെ വീണ്ടും തേടിയെത്തി. എന്റെ അമ്മ അപ്പ.....എല്ലാവരും.... മാനസികമായി ഞാൻ തളരുകയായിരുന്നു .ജീവിതം വെറുത്ത നിമിഷം.കുടുംബത്തിന്റെ മാനം ഇല്ലാതാക്കിയ നീ ജീവിച്ചിരിക്കുന്നതിനെക്കാൾ അന്നു ആ സ്റ്റേഷനിൽ വെച്ചു അയാളുടെ കൈ കൊണ്ട് മരണ പെടുകയായിരുന്നു എന്നു അപ്പ പറഞ്ഞപ്പോൾ ആയിരുന്നു ഇതുവരെ പിടിച്ചൊതുക്കിയ മരണം എന്ന ചിന്ത എന്നിൽ ഉടലെടുത്തത്. ഇനി ഈ ഭൂമിയിൽ ജീവിതം വേണ്ട . ആത്‍മഹത്യ .ഞരമ്പ് മുറിച്ചു. പക്ഷെ ചേട്ടായി കണ്ടു.ബാത്റൂമിൽ തളർന്നു കിടന്ന എന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടു വന്നു.മരണത്തിന്റെ വക്കിൽ നിന്നും കഷ്ട്ടപ്പെട്ടുള്ള രക്ഷപ്പെടൽ..... എനിക്ക് ഇങ്ങനെ സംഭവിച്ചതിനു ചാച്ചൻ മമ്മയെയും പപ്പയെയും ഒരുപാട് ചീത്ത പറഞ്ഞു. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തതിനു ശേഷം എന്നെ ചാച്ചൻ മമ്മയുടെ വീട്ടിലേക്ക് കൊണ്ട് വരികയായിരുന്നു.ചാച്ചൻ മാത്രമായിരുന്നു എന്റെ വാക്കുകൾ വിശ്വിസിച്ചിരുന്നത്....

എനിക്ക് കൂട്ടായി നിന്നത്...... മമ്മയുടെ വീട്ടിൽ ചാച്ചനും അമ്മാമ്മയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ചാച്ചൻ വിവാഹം കഴിച്ചിട്ടില്ല.പലപ്പോഴും ഇപ്പോൾ പോലും എല്ലാവരും നിർബന്ധിക്കുന്നുണ്ട് പക്ഷെ ചാച്ചനു വിവാഹത്തോട് ഒരു താൽപര്യവും ഇല്ല. ഇവിടെ പരമ്പര്യമായുള്ള കൃഷിയും ബസിനെസ്സും എല്ലാം നോക്കി കഴിയുകയാണ്. ചാച്ചൻ മുഖേനെ ഞാൻ കെവിനും അനുവിനും സംഭവിച്ചതും അറിഞ്ഞു. അവർക്ക് ഒരു ആക്സിഡന്റ് പറ്റി.കെവിനു കാര്യമായ പരുക്ക് ഒന്നും ഇല്ലെങ്കിലും അനുവിനു അല്പം ഗുരുതരം ആയിരുന്നു.അവൾക്ക് എക്സാം എഴുതാൻ ഒന്നും പറ്റിയിരുന്നില്ല എന്നു അപ്പോൾ ആണ് ഞാൻ അറിഞ്ഞത്.അവളെ കാണണം എന്നു പറഞ്ഞപ്പോൾ ചാച്ചൻ വേണ്ട എന്നു പറഞ്ഞു. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്ത് ഇപ്പോൾ രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു.ഇന്നലെ എന്നെ കാണാൻ ഷിബിൻ മമ്മയുടെ വീട്ടിലേക്ക് വന്നിരുന്നു. അവനെ പറ്റി ഒന്നും ഞാൻ ആരോടും പറഞ്ഞിരുന്നില്ല.ചിലപ്പോൾ അവനാണ് എല്ലാത്തിനും പുറകിൽ എന്നു പറഞ്ഞാൽ ചാച്ചൻ പോലും എന്നെ വിശ്വസിക്കില്ല...അത്രക്ക് ഇഷ്ടവും വിശ്വാസവും ആണ് മമ്മയുടെ ബെസ്റ്റ് ഫ്രണ്ട്ന്റെ മോൻ ആയ അവനോട്.

ഞാനും അവനും മുറിയിൽ ഒറ്റക്കായ നിമിഷം എന്റെ സംശയങ്ങൾ അവൻ തന്നെ അവന്റെ വാക്കുകളിലൂടെ തീർത്തു തന്നു. അവൻ ഞാൻ വിചാരിച്ചതിനെക്കാൾ തെമ്മാടിയാണെന്നു ഞാൻ അറിഞ്ഞത് അപ്പോൾ ആയിരുന്നു. എനിക്ക് പോലീസ് സ്റ്റേഷനിൽ ഉണ്ടായ ആക്രമണത്തിന് പിന്നിൽ അവൻ ആയിരുന്നു എന്നവൻ സമ്മതിച്ചു.അവൻ എസ് ഐ ക്ക് കൂലി കൊടുത്തു ചെയ്യിച്ച അറ്റംപ്റ്റ് ആയിരുന്നു എന്ന്. ചാച്ചനെ മാറ്റി നിർത്തിയതും അവന്റെ ഐഡിയ തന്നെ ആയിരുന്നു. വണ്ടി ബ്രെക്ക് ഡൗണ് ആയപ്പോലെ അഭിനയിച്ചു.. അവൻ അത് ചെയ്യാനുള്ള കാരണങ്ങൾ പലതയായിരുന്നു. ഒന്ന് കെവിന്റെയും അനുവിന്റെയും അക്‌സിഡന്റ്... നിഷയെ ഞാൻ തള്ളിയിട്ടതും.പിന്നെ ഹഫ്‌സയുടെ വിവാഹം ഉറപ്പിച്ചു എന്ന്. അവനിൽ നിന്നും അവന്റെ പെണ്ണിനെ അകറ്റിയതിനു വേണ്ടിയും. ഞാൻ ഒരുപാട് ക്രൂരയാണത്രെ ....? അതുകൊണ്ടാണത്രേ എന്നെ എതിർത്ത നിഷയെ ഞാൻ തള്ളിയിട്ടത്.ക്രൂരയായ ഞാൻ ക്രൂരമായി തന്നെ ഇല്ലാത്തവണം എന്ന്.

അവൻ ആ വാക്കുകൾ പറഞതും എന്റെ കൈകൾ അവന്റെ മുഖത്തു പതിഞ്ഞു. "എന്നിലെ എന്നെ ഞാൻ തളച്ചിട്ടത് ആയിരുന്നു .പക്ഷെ എല്ലാം ക്ഷമിക്കാൻ ഇനിയും എനിക്ക് കഴിയില്ല" അടി കിട്ടിയ ഷോക്കിൽ എന്നെ രൂക്ഷമായി നോക്കുന്ന അവനോടു ഞാൻ അത്രയും പറഞ്ഞതും അവൻ എന്റെ കഴുത്തിൽ കുത്തി പിടിച്ചു .ശ്വാസം കിട്ടാതെ അവന്റെ കയ്യിൽ കിടന്നു ഞാൻ പിടഞ്ഞു. "നീ മരിക്കണം..... നിനക്ക് ജീവിക്കാൻ ഒരു അർഹതയും ഇല്ല.പലരെയും നീ ജീവച്ഛവം ആക്കിയിട്ടുണ്ടല്ലോ. നിന്റെ കൂടെ നടന്ന മൂന്നുപേർക്കും നീ നൽകിയത് എന്താ....ഓർത്തോ ഞാൻ പറഞ്ഞിട്ടുണ്ട് നിന്റെ ജീവിതം എന്റെ കയ്യിൽ തീരാൻ ഉളളത് ആണെന്ന് ...തീർന്നിരിക്കും വർഷ....." അവന്റെ ബലിഷ്ഠമായ കൈകൾ എന്റെ കഴുത്തിൽ മുറുകി കൊണ്ടിരുന്നു.ഞാൻ മരണത്തെ മുഖാമുഖം കണ്ട നിമിഷം .അതേ സമയം ചാച്ചൻ അവിടേക്ക് വന്നത് കൊണ്ടു മാത്രം അവൻ എന്നെ വിട്ടു . ചാച്ചൻ മുറിയിലേക്ക് വന്നതും അവൻ എന്റെ അടുത്ത് നിൽക്കുന്നത് ആണ് കണ്ടത്..

ചാച്ചൻ ഞങ്ങളെ തെറ്റിദ്ധരിച്ചു.വന്ന ഉടനെ ഒരു കള്ള നോട്ടത്തോടെ ചാച്ചൻ പറഞ്ഞു. "ഞാൻ സ്വർഗത്തിലെ കട്ടുറുമ്പായോ...?എന്നാലും രണ്ടു ശത്രുക്കൾക്ക് ഇടയിൽ പ്രണയമോ.....?" ചാച്ചന്റെ വാക്ക് കേട്ട് ഞങ്ങൾ രണ്ടു പേരും ഒരുപോലെ ഞെട്ടി. ഷിബിൻ ചാച്ചനെ നോക്കി ഒന്നു പുഞ്ചിരിച്ചെങ്കിലും അവൻ ഇനി എന്നോടുള്ള പക കൊണ്ടു എന്തെല്ലാം ചെയ്യും എന്നുള്ള ഭീതിയിൽ ഞാൻ അവനെ തന്നെ നോക്കുക ആയിരുന്നു.അതുകണ്ട് കൊണ്ടു ചാച്ചൻ എന്നെ കളിയാക്കി കൊണ്ടു പറഞ്ഞു. " ഇവൾ ഇപ്പോഴും ഞാൻ വന്നത് അറിഞ്ഞില്ല എന്നു തോന്നുന്നു.നിന്നിൽ തന്നെ ആണല്ലോ കണ്ണ്..." "ഇഷ്ട്ടം കൊണ്ട അങ്കിളേ ....അവൾ എന്നെ സ്നേഹിക്കുന്ന കാര്യം ഇപ്പോഴാ എന്നോട് പറയുന്നേ.... അവളെ ഞാൻ അറിഞ്ഞില്ല... എന്തായാലും ആലോചിച്ചു ഞാൻ ഒരു തീരുമാനം പറയാം...." ചാച്ചനും അവൻ ആ മറുപടി നൽകിയപ്പോൾ ഞാൻ ആകെ അമ്പരന്നു.ഇവൻ ഇതെന്തെല്ലാം ആണ് പറയുന്നേ....?എനിക്ക് നേരെയുള്ള അവന്റെ അടുത്ത അമ്പുകൾ ആണോ അവ.... അതേ അവന്റെ കണ്ണുകൾ അങ്ങനെ പറയുന്നു.എന്നെ കൊല്ലാൻ പോലും മടിക്കില്ല. അവൻ ചാച്ചനോട് യാത്ര പറഞ്ഞു മുറിയിൽ നിന്നും ഇറങ്ങിയപ്പോൾ ചാച്ചൻ എന്റെ അരികിൽ വന്നു. "എന്നാലും എന്റെ കൊച്ചുകള്ളി... പാര കൊടുത്തു കൊടുത്തു നീ അവനെ പ്രണയിച്ചല്ലേ.....?"

"ചാച്ച അങ്ങനെ ഒന്നും അല്ല...." "ഉം കിടന്നു ഉരുളണ്ട മോളെ എനിക്ക് എല്ലാം മനസ്സിലായി.നല്ല പയ്യൻ ആണ് .അന്ന് നിന്റെ അപ്പ അല്ലെ ഊട്ടിയിൽ നിന്ന് അവനെ കുടുക്കിയത്.നിന്റെ ക്ലാസ്സിൽ ആയിരുന്നല്ലേ ആ കുട്ടി." ഞാൻ അതേ എന്നു മൂളി. ചാച്ചൻ വേറെ എന്തോ അതിനെ പറ്റി ചോദിക്കാൻ വന്നപ്പോഴേക്കും ചാച്ചനു ഒരു കോൾ വന്നു.അത് അറ്റൻഡ് ചെയ്തു ചാച്ചൻ മുറിയിൽ നിന്നും പുറത്തേക്ക് പോയി. ******* അവൻ പോയത് മുതൽ എന്നെ ഭയവും ചിന്തകളും വീണ്ടും വേട്ടയാടാൻ തുടങ്ങി. നിഷക്ക് സംഭവിച്ചതും അനുവിനു സംഭവിച്ചതും ഇതിനൊക്കെ പുറകിൽ ആരാണ്....പക്ഷെ ഷിബിൻ അവനു വേണ്ടത് എന്റെ നാശം ആണ്.ഇനി അവൻ എന്തെല്ലാം ചെയ്യും.ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല എനിക്ക്. എപ്പോഴോ ഉറങ്ങി പോയി.അപ്പോൾ കണ്ട സ്വപ്നം ഇതും. എനിക്ക് കവചമായി വന്ന നിഴലിനെ മറച്ചു കൊണ്ടു ഞാൻ കണ്ട മുഖം ഇവന്റെ ആയിരുന്നു ഷിബിന്റെ...... അവനേ എനിക്ക് ഭയം ആണ്. കഴിഞ്ഞു പോയതെല്ലാം ആലോച്ചിക്കുമ്പോൾ എന്റെ തേങ്ങലിന്റെ ശക്തി കൂടുകയാണ് .

ആ സ്വപ്നം എന്റെ മുൻപിൽ ഒരു ചോദ്യ ചിഹ്നമായി മാറുമ്പോഴും ഉള്ളിൽ വലിഞ്ഞു മുറുകുന്ന ഭയം ഉറക്കത്തെ കെടുത്തി കൊണ്ടിരുന്നു..... എന്നിൽ നിന്നും എല്ലാം നഷ്ടം ആയി കൊണ്ടിരിക്കുന്നു.എന്റെ നൃത്തം...'അമ്മ അപ്പ....ചേച്ചി...ചേട്ടായി....എല്ലാവരും എന്നിൽ നിന്നും അകന്നു. ഒറ്റപ്പെടൽ വീണ്ടും മനസ്സിൽ കുമിഞ്ഞു കൂടുമ്പോൾ ഞാൻ പതിയെ കട്ടിലിൽ നിന്നും എഴുന്നേറ്റുകൊണ്ടു മുറിയിലെ ഷെൽഫിൽ വെച്ച ബൈബിളിനെ ലക്ഷ്യം ആക്കി നടന്നു..ഒരു സമാധനത്തിനു വേണ്ടി കർത്താവിനെ മനസ്സിൽ ധ്യാനിച്ചു കൊണ്ടു ബൈബിൾ തുറന്നതും എനിക്ക് മുന്നിൽ വന്ന ഏടിലെ ആ വചനം... "അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും നാശകരമായ മഹാമാരിയിൽ നിന്നും വിടുവിക്കും. തന്റെ തൂവൽ കൊണ്ടു അവൻ നിന്നെ മറക്കും;അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും;അവന്റെ വിശ്വസ്‌തത നിനക്ക് പരിചയും പലകയും ആകുന്നു" ആ വചനങ്ങളിലും മറഞ്ഞു കിടക്കുന്ന രക്ഷകൻ.......സ്വപ്നവും എന്നോട് പറഞ്ഞത് ഒരു രക്ഷകനെ പറ്റി തന്നെ....ഇതെല്ലാം എന്റെ തോന്നാലുകളിൽ ഒതുങ്ങിയാലും ഒന്നു മാത്രം എനിക്ക് അറിയാം ഇനിയും എന്റെ ജീവിതത്തിൽ ഞാൻ ഒരുപാട് അനുഭവിക്കാൻ ഉണ്ട്.... ......തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story