വേനൽമഴ...🍂💛: ഭാഗം 52

venal mazha

രചന: റിൻസി പ്രിൻസ്‌

തന്നോട് സംസാരിക്കുന്നതും മിഥുനല്ലന്നു അവൾക്ക് തോന്നിയിരുന്നു, ഇതുവരെ കാണാതെയുള്ള രൂപവും ഭാവവും ഒക്കെയാണ്, ഉള്ളിൽ കിടക്കുന്ന മദ്യമാണ് ഇത്രയും കാര്യങ്ങൾ പറയാനുള്ള ശക്തി പോലും അവന് പകർന്നുനൽകിയതെന്ന് തോന്നിയിരുന്നു.... അവന്റെ മുഖത്തേക്ക് നോക്കി കണ്ണുചിമ്മാതെ നിൽക്കുകയായിരുന്നു അവൾ... അവൻ പറഞ്ഞ വാക്കുകളൊക്കെ അത്രമേൽ ഒരു അമ്പരപ്പ് നിറച്ചു കഴിഞ്ഞിരുന്നു അവളിൽ, " ഈ ലോകത്തിലെ ഏറ്റവും മോശപ്പെട്ട വികാരമാണ് സ്നേഹമെന്ന് പറയുന്നത്.. ഒരിക്കലും ആരെയും സ്നേഹിക്കാൻ പാടില്ല, ആരെയും വിശ്വസിക്കാൻ പാടില്ല, എല്ലാവർക്കും അവരവരുടെ ജീവിതമാണ് വലുത്... അത് അങ്ങനെ തന്നെയാണ്, എനിക്ക് ആണെങ്കിലും തനിക്ക് ആണെങ്കിലും, അങ്ങനെ തന്നെയാണ്, പക്ഷേ നമ്മൾ ഒരാളെ സ്നേഹിച്ചു കഴിഞ്ഞാൽ ഈ തത്വങ്ങളോന്നും നമ്മുടെ മനസ്സിൽ ഉണ്ടാകില്ല, ആ സ്നേഹം നമുക്ക് തിരിച്ചു കിട്ടാതെ വരുമ്പോൾ മാത്രമാണ് നമുക്ക് അത് എത്ര ഭീകരമാണെന്ന് മനസ്സിലാവുന്നത്.... പക്ഷേ ഒരാൾ നമ്മളെ തിരിച്ചു സ്നേഹിക്കണമെന്ന് വാശി പിടിക്കാൻ പറ്റില്ല, അങ്ങനെ ഒരു നിയമം കൂടി വേണമായിരുന്നു, നമ്മളെ സ്നേഹിക്കുന്നവർ ഒക്കെ നമ്മളെ സ്നേഹിക്കണമെന്ന്...

അങ്ങനെയാണെങ്കിൽ എത്രയോ പേരുടെ കണ്ണുനീരിന് ഒരു പരിഹാരം കിട്ടിയേനെ... പുറത്തു നിന്ന് നോക്കുന്നവർക്ക് എന്താ മിഥുൻ മേനോൻ പണക്കാരനാണ്, കോടികൾ എണ്ണംപറഞ്ഞ വാങ്ങുന്ന ഒരു സൂപ്പർ സ്റ്റാർ, കോടികളുടെ കാർ, വീട്, അവധിക്കാല വസതികൾ എല്ലാം കൊണ്ടും സമ്പന്നന്... പക്ഷേ സ്നേഹം കൊണ്ട് മാത്രം ദരിദ്രനാണ്, ഈ ലോകത്തിൽ എന്നെ സ്നേഹിക്കാൻ ആരും ഉണ്ടായിട്ടില്ല.... അച്ഛന്റെ ബിസിനസ്സുകൾ കണ്ടാണ് വളർന്നുവന്നത്... ആ സമയത്ത് അച്ഛനും അമ്മയ്ക്കും എന്നെക്കാൾ താൽപര്യം കുടുംബത്തിന്റെ പേര് നിലനിർത്താൻ ആയിരുന്നു. അതിന് എന്നെക്കൊണ്ട് ബോർഡിങ്ങിൽ ചേർത്തു..... പിന്നെ അച്ഛന്റെ സ്നേഹം കിട്ടിയിട്ടില്ല, ഏതാണ്ട് പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തിരിച്ചു വിളിച്ചു കൊണ്ടിരുന്നത്, ആ സമയത്ത് അച്ഛനും അമ്മയും തമ്മിലുള്ള ആത്മബന്ധം എന്നോട് അവർ രണ്ടുപേരും കാണിച്ചിട്ടില്ല.... പിന്നെ ഒരുത്തിയെ പ്രേമിച്ചു... എട്ടുവർഷത്തെ പ്രേമം, ആത്മാർത്ഥമാണെന്ന് ഞാൻ വിശ്വസിച്ചു.... പക്ഷെ അവൾക്ക് വലുത് മറ്റു പലതും ആയിരുന്നു. എത്ര സ്നേഹിച്ചു എന്നറിയോ.? ഒരുപാട് സ്വപ്നം കണ്ടു, വലിയ സാമ്പത്തിക ശേഷി ഒന്നും ഉണ്ടായിരുന്നില്ല അവൾക്ക്... അതൊന്നും ആർക്കും പ്രശ്നമായിരുന്നില്ല,

അച്ഛനില്ലാത്ത കുട്ടിയായിരുന്നു, കോളേജിൽ പഠിക്കുന്ന കാലത്ത് തന്നെ എനിക്ക് അവളുടെ ക്യാരക്റ്റർ ഇഷ്ടം ആയിരുന്നു...പാർട്ട് ടൈം ആയിട്ട് ജോലി ചെയ്തായിരുന്നു പഠിച്ചത്.... പഠിക്കുന്ന കാലത്തെ ചെറിയ മോഡലിംഗും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു, പിന്നീട് എപ്പോഴോ ഇഷ്ടം തോന്നി, അത് തുറന്നു പറഞ്ഞു... പിന്നെ ഞാനാ ഉറപ്പുകൊടുത്തു എന്റെ ജീവിതത്തിൽ ഒരു വിവാഹം ഉണ്ടെങ്കിൽ അവൾക്കൊപ്പം ആയിരിക്കും എന്ന്.... ഞാൻ സിനിമയിലൊക്കെ എത്തിയപ്പോൾ അവൾക്ക് പേടിയായിരുന്നു, ഞാൻ അവളെ മറക്കുന്നുന്നു... ആ ഒരു ഭയം അവൾക്ക് വല്ലാതെ വർദ്ധിക്കുന്നതുകൊണ്ട് മോഡലിങ്ങിൽ നിന്നും അവളെ കൂടി ഞാനെന്റെ ഫീൽഡിൽ കൊണ്ടുവന്നത്.... സിനിമയിലെത്തി കഴിഞ്ഞപ്പോ പേടി മാറി, അതോടൊപ്പം അവളും മാറി, പക്ഷേ ഞങ്ങളുടെ ബന്ധത്തിന് ചെറിയ അകൽച്ചകൾ ഉണ്ടായി... എങ്കിലും ഉലച്ചിൽ തട്ടിയില്ല, സിനിമയിലെ പല ആളുകളിൽ നിന്നും പല കഥകളും അവളെപ്പറ്റി കേട്ടു, ഒന്നും വിശ്വസിച്ചില്ല, ഭയങ്കര വിശ്വാസം ആയിരുന്നു... എന്നോട് അടുത്ത സുഹൃത്തുക്കൾ തന്നെ പറഞ്ഞു ഈ ബന്ധം വേണ്ടെന്ന്, അതും ഞാൻ കേട്ടില്ല.... അമ്മ പറഞ്ഞു വേണ്ടന്ന് ... പക്ഷെ വാശി പിടിച്ചു... അവസാനം എന്റെ നിർബന്ധത്തിന് വഴങ്ങി എല്ലാവരും സമ്മതിച്ചു ,വിവാഹം ആഡംബരമായി നടന്നു, അന്ന് രാത്രി ഞങ്ങൾക്ക് രണ്ടുപേർക്കും താമസിക്കാൻ വേണ്ടി ഒരു ആഡംബര റിസോർട്ടും തെരഞ്ഞെടുത്തു....

ഞങ്ങൾ ഹോട്ടൽ വന്നതിനുശേഷം ഡ്രസ്സ് ഒക്കെ മാറി തിരിച്ച് റിസോർട്ടിലേക്ക് പോകുന്നതിനു മുൻപ് അവളെ ഹോട്ടൽ ആക്കി ഞാൻ അമ്മേ ഒന്ന് കാണാൻ വേണ്ടി വന്നതാ,തിരിച്ചു മുറിയിലേക്ക് ചെല്ലുമ്പോൾ ഞാൻ കാണുന്നത് അച്ഛന്റെ പ്രായമുള്ള ഒരു സംവിധായകനും ഒത്ത് കിടക്ക പങ്കിടുന്ന എന്റെ ഭാര്യയെയാണ്.... ആ വെളിപ്പെടുത്തലിൽ സരയു ഞെട്ടി പോയി.... " എല്ലാം ക്ഷമിച്ചേനെ ഞാൻ... പക്ഷേ ഞാൻ അണിഞ്ഞ താലി കഴുത്തിലിട്ടു കൊണ്ട് ആ വിവാഹദിവസം തന്നെ അങ്ങനെ ചെയ്യാൻ അവൾക്ക് എങ്ങനെ തോന്നിയെന്ന് എനിക്കറിയില്ല.... കല്യാണത്തിന് മുൻപ് അവൾ എന്തായിരുന്നെങ്കിലും അതെന്നെ ബാധിക്കുന്ന വിഷയമായിരുന്നില്ല..... അവൾ ആർക്കൊപ്പം എവിടെയൊക്കെ പോയിട്ടുണ്ടെന്ന് ഞാൻ കേട്ടു, അതൊന്നും ഞാൻ കാര്യമാക്കിയിരുന്നില്ല, വിവാഹത്തിനുശേഷം അവളെന്റെ ആയിരിക്കണമെന്ന് മാത്രമേ ഞാൻ ആഗ്രഹിച്ചിരുന്നുള്ളൂ.... പക്ഷേ ഈ ഒരു രീതിയിലുള്ള പ്രവർത്തി ഏത് പുരുഷനാണ് സഹിക്കുന്നത്....? ഞാൻ ഒന്നും ചെയ്തില്ല ഒരു വിഡ്ഢിയെ പോലെ ആ മുറിയിൽ നിന്നും ഇറങ്ങി... പക്ഷെ എന്റെ കൈയിൽ അവളുടെ കഴുത്തിൽ കിടന്ന താലി ഉണ്ടായിരുന്നു .... എല്ലാ നഷ്ടങ്ങളും എനിക്കുണ്ടായ നശിച്ച രാത്രി, അവിടുന്ന് ഞാൻ നേരെ പോയി ഒരു ബാറിലേക്ക് ആണ്... ബോധം മറയുന്നതുവരെ ഞാൻ കുടിച്ചു, തിരിച്ച് ഞാൻ വണ്ടിയിൽ യാത്ര ചെയ്തു, നഷ്ടങ്ങൾ ആയിരുന്നു ആ രാത്രി മുഴുവനായും.....

എന്റെ ജീവിതത്തിന്റെ ഒരു കറുത്ത അദ്ധ്യായമായിരുന്നു അത്.... ഒരിക്കലും ഞാൻ ഓർക്കാൻ ഇഷ്ടപ്പെടാത്ത ആഗ്രഹിക്കാത്ത ദിവസം, ജീവിതത്തിൽ പൂർണ്ണമായും ഞാൻ തോറ്റു പോയ ഒരു ദിവസം, കുറേക്കാലം ഞാൻ ഡിപ്രഷനിലേക്ക് പോയി, സനൂപ് ആണ് അതിൽ നിന്ന് എന്നെ രക്ഷിച്ചത്, പിന്നെയാണ് അമ്മയ്ക്ക് ക്യാൻസർ ആണെന്ന് അറിയുന്നത്, ജീവിതത്തിൽ രണ്ടാമത് തോറ്റുപോയത് അവിടെയാണ്.... ആ നിമിഷം മുതൽ അമ്മയ്ക്ക് എന്തെങ്കിലും സന്തോഷം നൽകണമെന്ന് തോന്നി, അങ്ങനെയാണ് ഇങ്ങനെ ഒരു പൊട്ടബുദ്ധി വരുന്നത്.... അന്നേരവും മറ്റൊന്നും ചിന്തിച്ചിരുന്നില്ല, പക്ഷേ തന്നെ വിവാഹം കഴിച്ചു കഴിഞ്ഞു തന്റെ ചില കോളിറ്റികളെന്നെ വല്ലാതെ ആകർഷിച്ചു, പലവട്ടം എനിക്ക് അമ്മയെ ഓർമ്മ വന്നു.... അമ്മയുടെ എന്തൊക്കെയോ സിമിലാരിറ്റി തനിക്ക് ഉണ്ടെന്നു തോന്നി, ഏതൊരു പുരുഷനും അവന്റെ പെണ്ണിൽ തേടുന്നത് സ്വന്തം അമ്മയെ തന്നെയാണ്. ... അമ്മയുടെ വാത്സല്യം, അമ്മയുടെ സ്നേഹം അതൊക്കെ ഒരു ഭാര്യയിൽ നിന്ന് ഒരു പുരുഷൻ ആഗ്രഹിക്കും, അത് തനിക്ക് തരാൻ കഴിയുമെന്ന് തോന്നി.... ആ ചിന്ത എപ്പോഴോ പ്രണയമായി വളർന്നു തുടങ്ങിയിരുന്നു, പലവട്ടം പറയാൻ ശ്രമിച്ചു, പക്ഷേ പറയാൻ പറ്റില്ല.... ഒരുപക്ഷേ എന്റെ ഈഗോ ആയിരിക്കാം, ഇപ്പോൾ തന്നെ ഞാൻ കഴിച്ചിരിക്കുന്ന ഉറപ്പിലാണ് തന്നോടു സംസാരിക്കുന്നത്, ഇല്ലെങ്കിൽ ഒരിക്കലും ഇങ്ങനെ ഒരു തുറന്ന സംസാരം നമുക്കിടയിൽ ഉണ്ടാവില്ല, പക്ഷേ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് സരയു....

നീ ഇല്ലാതെ എനിക്ക് പറ്റില്ല....! അന്ന് എനിക്ക് വേണ്ടി ആശുപത്രിയിൽ വച്ച് നിന്റെ കണ്ണ് നിറഞ്ഞപ്പോൾ ഞാൻ ഒരുപാട് പ്രതീക്ഷിച്ചു, ആ കണ്ണുനീരിന്റെ അർത്ഥം എന്നോടുള്ള പ്രണയമാണെന്ന്, പക്ഷേ അത് താലികെട്ടിയ ഒരാളോടുള്ള വെറും ഒരു പരിഗണന മാത്രമാണ് എന്ന് അറിഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല... അതുകൊണ്ടാ ഞാൻ ഇത്രയും ഒരു അകൽച്ച കാണിച്ചത്, അവൾക്ക് അരികിലേക്ക് നീങ്ങി വന്നവനിൽ നിന്നും ഒരടി അകലം അവൾ പിന്നോട്ട് മാറിയിരുന്നു, " പേടിക്കേണ്ട താലികെട്ടിയതിന്റെ അധികാരത്തിലും ഉള്ളിൽ കിടക്കുന്ന മദ്യത്തിന്റെ ബലത്തിലും നിന്റെ അനുവാദമില്ലാതെ നിന്റെ ശരീരത്തിൽ ഒന്ന് സ്പർശിക്കുക പോലും ഇല്ല ഞാൻ.... അവൻ അത് പറഞ്ഞപ്പോൾ മുഖത്തേക്കടിച്ച ശ്വാസത്തിൽ ഏതോ വിലകൂടിയ മദ്യത്തിന്റെ ഗന്ധമുണ്ടെന്ന് അവൾക്ക് മനസ്സിലായിരുന്നു.... അവൾ അവനിൽ നിന്നും മുഖം മാറ്റി കളഞ്ഞു, അവന്റെ കൈ തന്റെ മാറിൽ കിടന്നിരുന്ന താലിയിൽ അമർന്നപ്പോൾ ഒരു നിമിഷം അവളോന്ന് ഭയന്നു.... " ഇതിനു സരയൂ നൽകുന്ന വില എത്ര വലുതാണെന്നു എനിക്കറിയാം, അതുകൊണ്ടാണല്ലോ ഇനി മറ്റൊരു പുരുഷനെ ഈ സ്ഥാനത്തേക്ക് കാണാൻപോലും പറ്റില്ലന്ന് പറഞ്ഞത്.... ആ അവകാശം എങ്കിലും എനിക്ക് ഉണ്ടാവുമല്ലോ, അതുമതി.... താൻ ചെല്ല്.... പോയി കിടക്ക്...!

തിരിഞ്ഞുനിന്ന് അവൻ പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ യാന്ത്രികമായി അവൾ മുറിക്ക് പുറത്തേക്ക് ഇറങ്ങി നടന്നിരുന്നു, അവൻ ഉള്ള് തുറന്നപ്പോൾ ഒരു മഴ പെയ്തു തോർന്നതുപോലെയാണ് അവൾക്ക് തോന്നിയത്.... അവന്റെ അനുഭവങ്ങൾ അവളിൽ വേദനകൾ നിറച്ചിരുന്നുവെങ്കിലും അവന്റെ തുറന്നുപറച്ചിലുകൾ ഉള്ളിനുള്ളിൽ അവളിൽ പുതുവസന്തങ്ങൾ തളിർക്കാൻ കാരണമായിരുന്നു, ഒരു വേനൽമഴ പെയ്തൊഴിഞ്ഞ പോലെ..... ഒരു കുളിർ വന്ന് നിറഞ്ഞത് അവൾ അറിഞ്ഞിരുന്നു, രാവിലെ അല്പം താമസിച്ചാണ് മിഥുൻ ഉണർന്നത്..... കണ്ണുതുറന്ന് ബെഡിൽ കിടന്നുകൊണ്ട് തലേദിവസത്തെ കാര്യങ്ങളെപ്പറ്റി അവൻ ഒന്ന് ചിന്തിച്ചു നോക്കി...ഒരുനിമിഷം അവന് ജാള്യതയും അതോടൊപ്പം തന്നെ കുറ്റബോധവും തോന്നി, എന്തൊക്കെയാണ് ഇന്നലെ താൻ അവളോട് പറഞ്ഞത്.... അവന് തല പെരുക്കുന്നത് പോലെ തോന്നി.... മുഖം ഒന്ന് കഴുകി നേരെയവൻ അപ്പുറത്തെ മുറിയിലേക്ക് ചെന്നു... കതക്ക് പൂട്ടിയിട്ടുണ്ടായിരുന്നില്ല അവൻ വാതിൽ തുറന്നപ്പോൾ ഒരു ജീവനുള്ള രൂപം മാത്രമായി ഇരിക്കുകയാണ് സരയൂ, കാലിൽ മുഖം ഒളിപ്പിച്ചിട്ടുണ്ട്, വിളിക്കണോ വേണ്ടയോന്ന് ഒന്നു സംശയിച്ചതിനുശേഷം അവൻ മെല്ലെ വിളിച്ചു... " സരയൂ.... തല ഉയർത്തി നോക്കിയവൾ ഇന്നലെ രാത്രി ഒരുപോള കണ്ണടച്ചില്ലെന്ന് ആ വീർത്തു കിടക്കുന്ന കൺപോളകൾ തെളിയിച്ചു............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story