വേനൽമഴ...🍂💛: ഭാഗം 54

venal mazha

രചന: റിൻസി പ്രിൻസ്‌

സ്വയം മറന്നവൾ അവന്റെ മാറിൽ ചേർന്നു കഴിഞ്ഞു.....ആ നിമിഷം അവന്റെ ഇരുകൈകളാൽ അവളെ അവൻ പുണർന്നു, അവളെ വാരിപ്പുണരാൻ കൈകൾ മതിയാവില്ലെന്ന് അവനു തോന്നി , മനസിന്റെ ഭാരം പെയ്തുതീർന്ന ആ വേനൽമഴയുടെ കുളിർ രണ്ടുപേരും നനഞ്ഞു... ഇരുവരും സ്വയം മറന്ന് പുണർന്ന് നിമിഷങ്ങളായിരുന്നു... മനസ്സിലുള്ള ഭാരം മുഴുവൻ ഇറക്കിവെച്ച് ഒരു മഴ നനയുന്നത് പോലെ അവന്റെ മാറിൽ അവൾ വിശ്രമത്തിൽ ആഴ്ന്നു... സ്വപ്നത്തിൽ പോലും സരയു വിചാരിക്കാത്ത ഒരു നിമിഷമായിരുന്നു അത്...മിഥുനാവട്ടെ അത് പ്രണയസാക്ഷാത്കാരത്തിന്റെ നിമിഷവും.... " കുഞ്ഞേ.....! പുറത്തുനിന്ന് ലക്ഷ്മിയമ്മ കതകിൽ തട്ടിയപ്പോഴാണ് രണ്ടുപേർക്കും സുബോധം വന്നത്... പെട്ടെന്നവൾ അവനിൽനിന്നും അകന്നു.... പിന്നെ അവന്റെ മുഖത്തേക്ക് നോക്കാനുള്ള മടിയോടെ പോയവൾ വാതിൽ തുറന്നു.... മുന്നിൽ നിൽക്കുന്നവളുടെ രൂപം കണ്ട് ഒരു നിമിഷം ലക്ഷ്മിക്ക് പരിഭ്രാന്തി ആയി... " അയ്യോ എന്ത് പറ്റി മോളെ..? എന്തെങ്കിലും വയ്യാകയുണ്ടോ.? അവളുടെ നെറ്റിയിൽ തൊട്ട് നോക്കിക്കൊണ്ട് ലക്ഷ്മി ചോദിച്ചു...... " ഒന്നുമില്ല ലക്ഷ്മി അമ്മേ.... എനിക്ക് ഇന്നലെ ഉറങ്ങാൻ പറ്റിയില്ല, അതുകൊണ്ട് ആണ്.... പിന്നെ ഇതുവരെ കുളിച്ചിട്ടില്ല,

അതിന്റെ ഒരു ബുദ്ധിമുട്ട് വേറെ... മറ്റു കുഴപ്പമൊന്നുമില്ല, " നിങ്ങൾ ഇന്നലെ ഇവിടെ ആണോ കിടന്നത്....? ഇത്ര നേരമായിട്ടും മോളെയെയും മോനെയെയും താഴേക്ക് കാണാത്തത് കൊണ്ട് ഞാൻ മുകളിലേക്ക് കയറി വന്നത്... അരുന്ധതി കുഞ്ഞാണെങ്കിൽ വലിയ പേടി, നിങ്ങൾക്ക് എന്തുപറ്റി എന്ന് കരുതി.. മോനിന് രാത്രിയിൽ എന്തെങ്കിലും ആവശ്യം വേണ്ടി വന്നതാണോ എന്ന് അറിയില്ലല്ലോ.... അതാ ഞാൻ വന്നത്, കണ്ണൻ മോനെ കുഴപ്പമൊന്നുമില്ലല്ലോ... ആവലാതിയോടെ ലക്ഷ്മി ചോദിച്ചു.... " എനിക്കൊരു കുഴപ്പമില്ല ലക്ഷ്മിയമ്മേ..... പെട്ടെന്ന് പുറത്തേക്ക് മിഥുൻ എത്തി, "അരുന്ധതി കുഞ്ഞു പേടിച്ചിരിക്കുകയാണ്... രണ്ടാളും കുളിച്ചിട്ട് താഴേക്ക് വാ, ചായ ഇങ്ങോട്ട് കൊണ്ടുവരട്ടെ.... "വേണ്ട ഞങ്ങൾ വരാം.... ലക്ഷ്മി പോയതും സരയുവിന്റെ മുഖത്തേക്ക് അവനൊന്നു നോക്കി, നാണം തുളുമ്പി നിൽക്കുന്ന ആ മുഖം അവന് ഒരു പുതിയ കാഴ്ചയായിരുന്നു, ആ നോട്ടം അഭിമുഖീകരിക്കാൻ കഴിയാതെ അവൾ മുഖം മാറ്റി കളഞ്ഞു.... തിരിഞ്ഞു പോകാൻ തുടങ്ങിയവളുടെ കൈത്തണ്ടയിൽ പിടിച്ച് അവൻ തന്റെ നെഞ്ചോട് ചേർത്തു, പിന്നെ ആ മുഖത്തേക്ക് നോക്കി.... " ഇത്രയും നാണത്തിന്റെ ആവശ്യമൊന്നുമില്ല.. ?ഉണ്ടോ....? കളി പോലെ അവൻ ചോദിച്ചു... " വീട് കണ്ണേട്ടാ, ഞാൻ പോയി കുളിച്ചിട്ടു വരട്ടെ....

അവൾ അവനിൽ നിന്ന് അകലാൻ ഒന്ന് ശ്രെമിച്ചു... " അതിനൊക്കെ ഇഷ്ടം പോലെ സമയം ഉണ്ടല്ലോ, ഇപ്പോൾ ഇവിടെ നിൽക്ക്... ഞാൻ ഒന്ന് കണ്ണ് നിറച്ചു കാണട്ടെ.... ആദ്യായിട്ട് എന്നോട് ഇഷ്ടം തോന്നിയത് എന്നാടോ ..? ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ അവളുടെ മുഖത്തേക്ക് നോക്കി ചോദിക്കുന്നവനെ കണ്ണിമചിമ്മാതെ അവൾ നോക്കി നിന്നു.... പിന്നെ ഒന്നും പറയാതെ അവരിൽ നിന്നും മുഖം മാറ്റി, " എനിക്ക് അറിഞ്ഞുകൂടാ.... അവന്റെ പതിഞ്ഞ ചിരി ആ മുഖത്തേക്ക് നോക്കാതെ അവൾ അറിഞ്ഞു... " ഒരു സ്മൂച്ച് ആയാലോ..? ഇടം കണ്ണിറുക്കി മേൽചുണ്ട് കടിച്ചവൻ ഒരു തമാശ പോലെ ചോദിച്ചപ്പോൾ, അവളുടെ മുഖം പരിഭ്രാന്തിയിൽ നിറഞ്ഞിരുന്നു.... അവനെ ഒന്ന് നീക്കിയതിനു ശേഷം അവന്റെ കരവലയത്തിൽ നിന്നും ഓടി അവൾ പെട്ടെന്ന് ബാത്റൂമിൽ ഉള്ളിലേക്ക് കയറി, "ഡീ നിൽക്കവിടെ.... അവൻ പിടിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും അവൾ കതകടച്ചു കളഞ്ഞിരുന്നു... രണ്ടുപേരുടെയും ചുണ്ടിൽ ഒരേ നിമിഷം ഒരു പുഞ്ചിരി മോട്ടിട്ടു... കുറച്ച് സമയം കൂടി അവിടെനിന്ന് ശേഷം ചെറുപുഞ്ചിരിയോടെ അവൻ മുറിയിലേക്ക് പിൻവാങ്ങി.... അതുവരെ ശരീരത്തെ ബാധിച്ചിരുന്ന വേദനകൾക്ക് എല്ലാമോരു ശമനം വന്നത് പോലെ അവനു തോന്നി...

പ്രണയത്തിന്റെ മാന്ത്രികതയ്ക്ക് ഇത്രയ്ക്ക് ശക്തിയുണ്ടോ.? തനുവിലെ വേദനകളെ പോലും മായിക്കാൻ കഴിയുന്ന മരുന്നാണ് സ്നേഹം... അവളുടെ കണ്ണിൽ കുറച്ച് മുൻപ് താൻ കണ്ട നിഷ്കളങ്കതയും ആത്മാർഥതയും തന്നെ പുതിയൊരു ജീവിതത്തിലേക്ക് നയിക്കുകയാണെന്ന് അവനു തോന്നി.... പ്രതീക്ഷയുടെയും പ്രത്യാശയുടെയും നാളങ്ങൾ വീണ്ടും തനിക്ക് മുൻപിൽ തെളിയുന്നത് മിഥുൻ അറിയുകയായിരുന്നു.... ഒരിക്കൽ ഇരുളിൽ മാഞ്ഞുപോയ സ്വപ്നങ്ങൾ വീണ്ടും പുതുനാമ്പുകൾ വിടർത്തുന്നത് ഒരു കൗതുകത്തോടെ അതിലുപരി സമാധാനത്തോടെ അവൻ അറിഞ്ഞു.... ഇവൾക്ക് വേണ്ടി ആയിരുന്നൊ ഇത്ര കാലം താൻ കാത്തിരുന്നത്.. എല്ലാം ഒരു നിമിത്തമായിരുന്നു, അവിചാരിതമായി എങ്കിലും അവളെ സനൂപ് തനിക്ക് മുൻപിൽ പരിചയപ്പെടുത്തി തന്നതും പിന്നെ അവൾ തനിക്ക് എല്ലാമെല്ലാം ആയി മാറിയതും എല്ലാം ഒരു നിമിത്തമായിരുന്നു.... ഈശ്വരൻ എത്ര കുറുക്കുവഴികളിലൂടെയാണ് നമ്മുടെ ഇണയെ നമ്മളിലേക്ക് എത്തിക്കുന്നതെന്ന് അവൻ ചിന്തിക്കുകയായിരുന്നു....

മിഥുൻ മേനോൻ എന്ന നടന്റെ ആരാധിക പോലും അല്ലാത്ത ഒരു പെൺകുട്ടി, മിഥുൻ മേനോൻ എന്ന നടന്റെ സ്റ്റാർഡം എന്തെന്ന് തിരിച്ചറിയാൻ സാധിക്കാത്ത ഒരു നിഷ്കളങ്കയായ പെൺകുട്ടി, അവളാണ് മിഥുൻ എന്ന വ്യക്തിയെ മാത്രം സ്നേഹിച്ചത്. ഇന്ന് അവന്റെ സർവ്വം ആയി മാറിയിരിക്കുന്നത്.. തിരിച്ചു കുളിച്ചിറങ്ങിയ മിഥുൻ തലയിൽ ഹെയർ ജെൽ പുരട്ടി കൊണ്ടിരുന്നപ്പോഴാണ് അകത്തേക്ക് കയറി സരയു വന്നത്, "എത്തിയോ...? ഞാൻ വിചാരിച്ചു ഇന്നു മുഴുവൻ ആ ബാത്റൂമിന്റെ ഉള്ളിൽ തന്നെ അടച്ചിരിക്കുമെന്ന്... ഞാനെന്തിനാ അവിടെ തന്നെ ഇരിക്കുന്നത്, "തന്റെ പോക്ക് കണ്ട് ഞാൻ വിചാരിച്ചു അങ്ങനെ.... " അത് കണ്ണേട്ടൻ എന്നോട് അനാവശ്യം പറഞ്ഞിട്ടല്ലേ...? " എന്ത് അനാവശ്യം..? എന്റെ ആവശ്യം നിനക്ക് അനാവശ്യം ആയിരിക്കും.... ഒരു കള്ള ചിരിയോടെ അവൾക്ക് അരികിലേക്ക് നീങ്ങി വന്നവൻ പറഞ്ഞു.... അവന്നിൽനിന്നും അവൾ പതിയെ പിന്നോട്ടു നടന്നു... നടന്നവൾ ചുമരിൽ തട്ടി നിന്നപ്പോൾ, ഇരു കൈകളാൽ അവളെ ബന്ധിച്ചു കഴിഞ്ഞിരുന്നു അവൻ... അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി, അവളുടെ അധരത്തിന്റെ മുകളിൽ ചെറിയ വിയർപ്പുതുള്ളികൾ പൊടിഞ്ഞിരിക്കുന്ന കാഴ്ച, അവനിലെ പുരുഷനെ ഉണർത്താൻ കഴിവുള്ളതായിരുന്നു....

അവളുടെ മുടിയിൽ നിന്നും വമിക്കുന്ന ഗന്ധവും കെട്ടിവച്ചിരിക്കുന്ന തോർത്തിൽ നിന്നും പുറത്ത് ചാടി നിൽക്കുന്ന അളകങ്ങളും എല്ലാം അവളോടു തോന്നിയ വികാരത്തെ വർദ്ധിപ്പിക്കാനുള്ള കാരണങ്ങളായിരുന്നു, ഒരു കുസൃതി ചിരിയോടെ അവളിലേക്ക് അവന്റെ അധരങ്ങൾ നീണ്ടു വന്നപ്പോൾ അവൾ പെട്ടെന്ന് അവനിൽ നിന്നും താഴേക്കു ഊർന്നു മാറിയിരുന്നു, ഒരു പൊട്ടിച്ചിരിയോടെ അവനിൽ നിന്നും രക്ഷപ്പെടാൻ തുടങ്ങുന്നവളെ ഒറ്റ കൈ കൊണ്ട് തന്നെ അവൻ തന്നിലേക്ക് വലിച്ചടുപ്പിച്ചു, അവളെ തന്റെ കരവലയത്തിൽ ചേർത്ത ശേഷം ഒന്ന് സൂക്ഷിച്ചുനോക്കി, ഏറെ പ്രണയത്തോടെ... ഒരുപാട് നേരം ആ മിഴികളെ നേരിടുവാൻ അവൾക്കും സാധിക്കുന്നുണ്ടായിരുന്നില്ല... "കണ്ണേട്ടാ... സമയം ഒരുപാടായി, വിട്.... അവൾ പറഞ്ഞു... " എനിക്ക് തൃപ്തികരം ആയിട്ടുള്ള എന്തെങ്കിലും ഒന്ന് ഇവിടെ സംഭവിച്ചാൽ അപ്പോൾ വിടും.... ചുണ്ടിൽ സ്വതവേ കാണുന്ന ആ കള്ളച്ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവൾ അവന്റെ മുഖത്തേക്ക് നോക്കി..... പിന്നെ ഒന്നും പറയാതെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു, ഇരു കൈകൾ കൊണ്ട് അവനെ ഒന്നുകൂടി ഗാഢമായി പുണർന്നു.... അതാണ് തന്റെ ലോകം എന്ന് അവനോട് പറയാതെ പറയുന്നത് പോലെ...

അവളുടെ ആ പ്രവർത്തി അവനെ സന്തോഷത്തിന്റെ കൊടുമുടിയിൽ കൊണ്ടുചെന്നു നിർത്തിയിരുന്നു.... "എനിക്ക് ഏറ്റവും തൃപ്തികരം ഇതാണ്... ഇങ്ങനെ ഈ നെഞ്ചിൽ ചേർന്ന് എന്നും നിൽക്കണം.... അതിനുള്ള ഭാഗ്യം എനിക്ക് ഉണ്ടെങ്കിൽ അത് മാത്രം മതി ഈ ജന്മം മുഴുവൻ എനിക്ക്.... താഴ്ന്നുപോയവളുടെ മുഖത്തെ തന്റെ ചൂണ്ടുവിരലാൽ ഉയർത്തി അവളുടെ മുഖത്തേക്ക് നോക്കി അവൻ ആർദ്രമായി ചോദിച്ചു... " ഇനിയും വിശ്വാസം കുറവുണ്ടോ എന്നെ... അതോ ഞാൻ ഇടയ്ക്ക് വെച്ച് ഇട്ട് പോകുന്നു എന്ന ഭയം ഉണ്ടോ..? അതോ ഞാൻ ഈ കാണിക്കുന്നത് ഒക്കെ അഭിനയമാണെന്ന് തോന്നുന്നുണ്ടോ..? മുഴുവൻ പറഞ്ഞു തീരുന്നതിനു മുൻപേ അവളുടെ വലം കയ്യിലെ വിരലുകൾ അവന്റെ ചുണ്ടിൽ ഒരു ഒരു മാർഗ്ഗ തടസ്സം സൃഷ്ടിച്ചിരുന്നു "എനിക്ക് യോഗ്യതയുണ്ടോ...? അത് ഇപ്പോഴും അറിയില്ല, അതുമാത്രമാണ്.... " എന്നെ സംബന്ധിച്ച് ഈ ലോകത്ത് ആരെകാളും യോഗ്യത എല്ലാംകൊണ്ടും നിനക്ക് മാത്രമാണ്.... ഈ നെഞ്ചിലെ മിടിപ് അവസാനിക്കുന്ന നാൾ വരെ നിന്നെ ഇങ്ങനെ ചേർത്തു നിർത്തും....

അവളുടെ മുഖം കൈകുമ്പിളിൽ എടുത്തവൻ പറഞ്ഞു.. " ഈ മിടിപ്പ് അവസാനിച്ചാൽ പിന്നെ ഒരു സെക്കൻഡ് പോലും ഞാൻ ഈ ഭൂമിയിൽ ഉണ്ടാവില്ല.... അവനിലേക്ക് ഒരിക്കൽ കൂടി കുറുകി നിന്ന് പറഞ്ഞവളെ ഒരു അത്ഭുതത്തോടെയാണ് അവൻ നോക്കിയത്.... വീണ്ടും ആ മുഖത്തേക്ക് നോക്കിയവൻ ഒരു അമ്പരപ്പോടെ ചോദിച്ചു... " അത്രയ്ക്ക് ഇഷ്ടമാണോ തനിക്ക് എന്നെ...? ഒന്നും മിണ്ടാതെ കാലിലെ പെരുവിരലിൽ നിന്നുയർന്നവൾ അവന്റെ നെറ്റിയിൽ ഏറെ മൃദുലമായ ഒരു ചുംബനം നൽകി.... അവന്റെ ചോദ്യത്തിന് മറുപടി എന്നതുപോലെ.... അവന്റെ മിഴികൾ ആ നിമിഷം താനേ അടഞ്ഞു പോയിരുന്നു, ആ മുറിയിലേക്ക് കടന്നു വരാൻ ഒരു നിമിഷം വെളിച്ചം പോലും മടിച്ചുനിന്നു.............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story