വേനൽമഴ...🍂💛: ഭാഗം 59

venal mazha

രചന: റിൻസി പ്രിൻസ്‌

പെട്ടെന്ന് മൊബൈൽ എടുത്തു നോക്കി സമയം രണ്ടുമണിയോടെ അടുത്തിരിക്കുന്നു, ഈ സമയത്ത് ആരാണെന്ന് ചിന്തിച്ചാണ് അവൻ വാതിൽ തുറന്നത്.. മുൻപിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ അവന് ഒരേപോലെ ഞെട്ടലും അത്ഭുതവും തോന്നി. മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഒരിക്കൽ കൂടി കണ്ണുകൾ തിരുമ്മി നോക്കി മിഥുൻ. താൻ കണ്ടത് ഒരു സ്വപ്നം ആണോ എന്ന് അറിയുവാനുള്ള തിരിച്ചറിവായിരുന്നു അത്. " സ്വപ്നം അല്ല കണ്ണേട്ടാ ഞാൻ തന്നെയാ.... അവളുടെ മറുപടിയാണ് അവനെ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവന്നത്, " താൻ ഇവിടെ..... ഈ സമയത്ത്..? എനിക്കൊന്നും മനസ്സിലാകുന്നില്ല, കുറച്ചു മുൻപേ നമ്മൾ ഫോൺ വിളിച്ചു നിർത്തിയതല്ലേ ഉള്ളു... അവൻ തല ചൊറിഞ്ഞു.. " അതെ കണ്ണേട്ടന് ഒരു സർപ്രൈസ് തരാം എന്ന് വിചാരിച്ച് ആണ് പറയാതിരുന്നത്... അപ്പോൾ ഞാൻ എയർപോർട്ടിൽ ആയിരുന്നു... " താൻ എന്തൊക്കെ ആണ് ഈ പറയുന്നത്, ചുമ്മാ തമാശ പറയാണോ..? " എന്റെ കണ്ണേട്ടാ ഇത് ഞാൻ തന്നെയാ, കണ്ണേട്ടന്റെ സരയു... അവളുടെ അവസാനത്തെ വരികൾ അവനിൽ സംശയത്തിന്റെ അവസാന തരിയും നീക്കി കളഞ്ഞിരുന്നു.... " എനിക്ക് ഒന്നും മനസ്സിലാവുന്നില്ല... താൻ ഇവിടെ വരെ ഒറ്റയ്ക്ക് വന്നുവന്നോ...?

തന്റെ മനസ്സിലെ സംശയം അവൻ അവളോട് ആയി പങ്കുവച്ചു.... " തന്നെയോ...? ഇതൊക്കെ പറഞ്ഞത് അമ്മയാണ്. കണ്ണേട്ടനോട് പറയണ്ട എന്ന് തന്നെയാണ് അമ്മ പറഞ്ഞത്...ബെന്നിചേട്ടനെ വിളിച്ചു ടിക്കറ്റ് ബുക്ക് ചെയ്തു, ഞാൻ പറഞ്ഞത് എനിക്ക് ഒറ്റയ്ക്ക് വരാൻ പേടിയാണെന്ന്, " താൻ ഒറ്റയ്ക്കാണോ ഫ്ലൈറ്റിൽ ഇവിടെ വരെ വന്നത്...? " ഒറ്റയ്ക്ക് അമ്മയെന്നെ വിടില്ലല്ലോ...? അനന്ദേട്ടൻ ഒപ്പം ഉണ്ടായിരുന്നു. ( മിഥുന്റെ അമ്മാവന്റെ മോൻ ) പിന്നെ ബെന്നി ചേട്ടൻ ഉണ്ടാരുന്നു എയർപോർട്ടിൽ. അപ്പോൾ അനന്തേട്ടൻ പറഞ്ഞു കണ്ണേട്ടന് ഒരു സർപ്രൈസ് കൊടുക്കാം എന്ന്. ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല... " ദൈവമേ തന്റെ വീടിനും എന്റെ വീടിനും പുറത്ത് ലോകം കണ്ടിട്ടില്ലാത്ത ഒരു പെണ്ണിനെ ആണോ ഇവരെല്ലാവരും കൂടി ഫ്ലൈറ്റിൽ വിട്ടത്, അവൻ ചിരിച്ചു.. " അങ്ങനെയൊന്നും പറയണ്ട,, ഒന്നുമല്ലെങ്കിലും കണ്ണെട്ടനോടൊപ്പം ഇത്രയും കാലം ഞാൻ ജീവിച്ചതല്ലേ, അപ്പൊൾ കുറച്ച് എക്സ്പീരിയൻസ് ഒക്കെ എനിക്ക് ഉണ്ടാവില്ലേ..? ആദ്യം ഫ്ലൈറ്റിൽ കയറിയ പേടിയൊക്കെ മാറിയിരുന്നു. ഇപ്പോൾ രണ്ടാമത്തെ വട്ടം കയറിയപ്പോൾ അതിലും കുറച്ചുകൂടി മാറി, " ശരിക്കും ഞാൻ സർപ്രൈസായി... ഇതിനപ്പുറം ഇനി ഞെട്ടാൻ ബാക്കിയൊന്നുമില്ല,

ഏതായാലും എന്റെ ഭാര്യ പുറത്തുനിന്ന് ഇങ്ങനെ വിഷമിക്കാതെ അകത്തേക്ക് കയറി വാ... അവൻ അവളെ ചേർത്തുപിടിച്ചു സ്നേഹപൂർവ്വം അകത്തേക്കു ക്ഷണിച്ചു. ഒരു ചിരിയോടെ അവൾ അകത്തേക്ക് കയറി, ഈ കാഴ്ച കണ്ട് അപ്പുറത്തെ കോട്ടേജിൽ വളരെ ദേഷ്യത്തോടെ ഒരാൾ നില്ക്കുന്നുണ്ടായിരുന്നു. കുറേ നേരമായിട്ടും മിഥുനെ കാണാഞ്ഞു അവനോട് ഒറ്റയ്ക്ക് സംസാരിക്കാൻ വേണ്ടി അവനെ തേടി നടന്നതായിരുന്നു അവൾ, അപ്പോഴാണ് ഈ കാഴ്ച കാണുന്നത്... ഈ കാഴ്ച അവളെ നന്നേ തളർത്തി കളഞ്ഞിരുന്നു. ആരുമില്ലാതെ ഒറ്റക്ക് സംസാരിച്ചാൽ മിഥുന് തന്നോടുള്ള ദേഷ്യത്തിൽ കുറച്ചയവ് വരുമെന്നും എങ്ങനെയെങ്കിലും ഇതുമായി സംസാരിച്ച് വീണ്ടും പുതിയൊരു ജീവിതം തുടങ്ങണമെന്നുമുള്ള തീരുമാനത്തിലായിരുന്നു ശിഖ. അതുകൊണ്ടുതന്നെ അതിനു വേണ്ടി ഏതറ്റം വരെ പോകാനും അവർ തയ്യാറായിരുന്നു അവൾ... അവളെ അവനുവേണ്ടി സമർപ്പിക്കുവാൻ വേണ്ടി പോലും, അതിനുവേണ്ടി അവനെ ആകർഷിക്കാൻ പാകത്തിനുള്ള പ്രത്യേകമായ വേഷത്തിലായിരുന്നു അവൾ എത്തിയിരുന്നത്... തിരിച്ചു മുറിയിൽ എത്തി കണ്ണാടിയിലേക്ക് നോക്കയവൾക്ക് അവളോട് തന്നെ പുച്ഛം തോന്നി...

ഇനി ഒരിക്കലും അവന്റെ ജീവിതത്തിലേക്ക് തനിക്ക് ഒരു മടക്കയാത്രയില്ല എന്ന് നിലക്കണ്ണാടിയിലെ രൂപം അവളെ ഓർമ്മിപ്പിച്ചു... അതിൽ വളരെ തെളിമയോടെ സരയുവിന്റെ മുഖം തെളിഞ്ഞതും അവൾക്ക് കണ്ണാടി പൊട്ടിച്ചു കളയാൻ മാത്രം ദേഷ്യം തോന്നിയിരുന്നു.. മിഥുനെ പോലെ ഒരാൾക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത വ്യക്തിത്വമാണ് സരയുവിന്റെ ആദ്യകാഴ്ചയിൽ ശിഖയ്ക്ക് തോന്നിയിരുന്നു. രണ്ടുവശവും ചീകിയുള്ള മുടി പകുപ്പും അതിന്റെ നടുവിലായി പടർത്തി ഉള്ള സിന്ദൂരവും, എണ്ണമയം നിലനിൽക്കുന്ന ഷാംപൂ കണ്ടിട്ടുപോലുമില്ലാത്ത നീളൻ മുടിയും ഒക്കെ എങ്ങനെയാണ് മിഥുനെ ആകർഷിച്ചതെന്ന സംശയം ആയിരുന്നു അവളുടെ മനസ്സിൽ നിലനിന്നിരുന്നു. തനിക്കറിയാവുന്ന മിഥുന്റെ സങ്കല്പങ്ങൾക്ക് യാതൊരുവിധത്തിലും ചേരാത്ത ഒരു പെണ്ണ്. അവളെ അവൻ അത്രമാത്രം സ്നേഹിക്കുന്നുവെന്ന് അവൾക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. അവളെ ഒട്ടും കാണാൻ പറ്റാത്തത് കൊണ്ട് ആയിരിക്കും അവന്റെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോലും അവളെ ക്ഷണിച്ചത് എന്നായിരുന്നു അവൾ കരുതിയത്.. ഇപ്പോൾ ഇരുവരും എന്ത് ചെയ്യുകയായിരിക്കുമെന്ന ചിന്ത അവളെ കൂടുതൽ ഭ്രാന്തെടുപ്പിക്കുന്ന അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിച്ചു.

ഒരുപക്ഷേ അവൾ ഇപ്പോൾ അവന്റെ കരവലയങ്ങളിൽ ആയിരിക്കും. അവന്റെ ചുംബനങ്ങൾ ഏറ്റുവാങ്ങി, അല്ലെങ്കിൽ അവന്റെ കുസൃതികളെ താലോലിച്ചുകൊണ്ട്... അങ്ങനെയൊരു ചിന്ത അവളെ വല്ലാത്ത അവസ്ഥയിലാണ് കൊണ്ടുചെന്നെത്തിച്ചത്, ഒരു നിമിഷം അവൾക്ക് അവളെ തന്നെ നഷ്ടമാകുന്നത് പോലെ തോന്നി... ബാഗിൽ നിന്നും വോഡ്കയുടെ കുപ്പിയെടുത്ത് തുറന്ന് അല്പം വെള്ളം കൂടി ചേർത്ത് അവൾ കുടിച്ചു, തുടരെത്തുടരെ തുടർന്നുകൊണ്ടിരുന്നു... ബോധം മറയുവോളം അവൾ ആ പ്രവർത്തി ചെയ്തു, അവസാനം എപ്പോഴോ അവളെ നിദ്ര പുൽകി. " എന്നാലും ശരിക്കും താൻ എന്നെ ഞെട്ടിച്ചുകളഞ്ഞു, എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല താൻ ഇങ്ങനെ ഇവിടെ വന്ന്... അവളെ അരികിൽ പിടിച്ചിരുത്തി കൈയ്യിൽ തഴുകി പറഞ്ഞവൻ.. " ഇവിടെ വരുന്നതുവരെ ഞാൻ അനുഭവിച്ച ടെൻഷൻ പറഞ്ഞാൽ കണ്ണേട്ടന് മനസ്സിലാവില്ല, ആകപ്പാടെ മനസ്സിൽ ഒരു സമാധാനം ഇല്ല... എന്ത് കഷ്ടപ്പാട് സഹിച്ചാലും കണ്ണേട്ടനെ കാണാല്ലോ എന്ന് മാത്രേ ചിന്തിച്ചള്ളൂ... " അത്രയ്ക്ക് കാണാൻ പറ്റില്ലയിരുന്നെങ്കിൽ എന്നോട് പറഞ്ഞാൽ പോരായിരുന്നോ, ഞാൻ തന്നെ കൊണ്ടല്ലേ വരു... അലിവോടെ പറഞ്ഞു അവൻ...

" ഞാൻ വരണം എന്ന് വിചാരിച്ചതല്ല എന്റെ വിഷമം ഒക്കെ കണ്ടിട്ട് അമ്മ ടിക്കറ്റും കാര്യങ്ങളൊക്കെ ബുക്ക് ചെയ്തത്, കണ്ണനോട് ഞാൻ പറയാം എന്ന് പറഞ്ഞപ്പോൾ അമ്മ പറഞ്ഞു വേണ്ടെന്ന്... ഇല്ലെങ്കിൽ ഞാൻ കണ്ണനോട് എന്തെങ്കിലും മറച്ചുവെക്കുമോ...? " എന്തായിരുന്നു തന്റെ വിഷമം..? എന്നെ കാണാതെ അവിടെ എന്തൊക്കെ കാണിച്ചു കൂട്ടിയിട്ടാണ് അമ്മ രാത്രിക്ക് രാത്രി ടിക്കറ്റെടുത്ത് ഇവിടേക്ക് വിട്ടത്.... " ഞാൻ ഒന്നും കാണിച്ചു കൂട്ടിയില്ല കണ്ണേട്ടാ... എനിക്ക് വിഷമം ആണെന്ന് പോലും അമ്മയോട് പറഞ്ഞില്ല, ഞാൻ പുറത്തേക്ക് ഇറങ്ങാതെ ഇരുന്നപ്പോൾ അമ്മയ്ക്ക് തോന്നിയിട്ടുണ്ടാകും എനിക്ക് സങ്കടം ആണെന്ന്, കുറേനേരം എന്നെ വിളിച്ച് സംസാരിച്ചു. പിന്നെ എന്നോട് ചോദിച്ചു ഞാൻ വേണ്ടെന്ന് പറഞ്ഞില്ല, പക്ഷേ ടിക്കറ്റ് ബുക്ക് ചെയ്തു എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ എതിർത്തത് ആണ്... " വന്നത് നന്നായി ഞാനും മിസ്സ്‌ ചെയ്തു... വിഷമിക്കേണ്ട ഇനി ഞാൻ ഒരിടത്തും തന്നെ തനിച്ചാക്കി പോകില്ല, നമുക്ക് ഷൂട്ടിംഗ് കഴിഞ്ഞിട്ട് എവിടെയെങ്കിലും കുറച്ചു ദിവസത്തെ ട്രിപ്പ് പോകാം... കാശ്മീരിന് പോയാലോ..? നല്ല സൂപ്പർ സ്ഥലം ആണ് .. അടിപൊളി തണുപ്പും, നെഞ്ചോടു ചേർത്തു പിടിച്ച് അവൻ പറഞ്ഞപ്പോൾ അവൾ കൂർപ്പിച്ചു നോക്കി...

" എന്ത് പറഞ്ഞാലും അവസാനം എന്തെങ്കിലും കോനിഷ്ട്ട് ഉണ്ടാവുമല്ലോ, നമ്മുടെ ഹണിമൂൺ ട്രിപ്പ് ആണെന്ന് കരുതിയാൽ മതി...! കല്യാണം കഴിഞ്ഞെങ്കിലും നമ്മൾ പരസ്പരം സ്നേഹം അറിഞ്ഞതും പറഞ്ഞതൊക്കെ അടുത്തകാലത്ത് അല്ലേ, അപ്പൊൾ പിന്നെ ഇതൊക്കെ ആകാം... അവളുടെ കയ്യിൽ പിടിച്ച് അവൻ നെഞ്ചിലേക്കിട്ടു... " ഒക്കെ അല്ലെ...? മുഖത്തോട് മുഖം അടുപ്പിച്ചു അവൻ ചോദിച്ചു.. " ഉവ്വ്...! കണ്ണേട്ടൻ ഉറങ്ങിക്കോളൂ, ഞാൻ പോയി കുളിച്ചിട്ട് വന്നു കിടന്നോളാം... " നേരം വെളുക്കാൻ കുറച്ചു മണിക്കൂറുകൾ കൂടി ഉള്ളൂ, അതിന് ഇടയിൽ നീ ഇപ്പോൾ കുളിച്ചോന്ന് അറിയാൻ ഇവിടെ ആരും വരാൻ പോകുന്നില്ല, രാവിലെ കുളിച്ചാൽ മതി... " ഞാൻ എവിടെ കിടക്കും, തറയിൽ കിടക്കട്ടെ കണ്ണേട്ടാ... " ഇനി ആ പരിപാടി ഒന്നും പറ്റില്ല.. എന്റെ ഒപ്പം അങ്ങ് കിടന്നാൽ മതി, പിന്നെ ഞാനും തറയിൽ കിടക്കും, അത് വേണോ...? അവന്റെ ചോദ്യത്തിൽ അവൾ ശരിക്കും പെട്ട് പോയിരുന്നു..........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story