വേനൽമഴ...🍂💛: ഭാഗം 61

venal mazha

രചന: റിൻസി പ്രിൻസ്‌

"ഞാൻ പറഞ്ഞല്ലോ കൂടുതലായിട്ട് ഒന്നും എനിക്ക് പറയാനില്ല. മിഥുനെ എനിക്ക് വേണം, അവന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകാൻ നിനക്ക് എത്ര രൂപ വേണങ്കിലും അത് ഞാൻ തരും, അതല്ല ഈ രണ്ടുമൂന്നു മാസത്തിന്റെ ഇടയിൽ നീ അവന്റെ കൂടെ കിടന്നിട്ട് ഉണ്ടെങ്കിൽ അതിന്റെ കൂടി കൂട്ടി പറഞ്ഞാൽ മതി, ആ പണം ഞാൻ തരാം... ഇതിൽ കൂടുതൽ സഹിച്ച് നിൽകാൻ സരയുവിന് സാധിക്കുമായിരുന്നില്ല, ശിഖ ഒട്ടും പ്രതീക്ഷിക്കാതെയാണ് സരയുവിന്റെ കരങ്ങൾ അവളുടെ കവിളിൽ പതിഞ്ഞത്.. "ഇത്ര നേരം നീ പറഞ്ഞതൊക്കെ ഞാൻ കേട്ട് നിന്നത് ഒരുകാലത്ത് ആ മനുഷ്യൻ ജീവനു തുല്യം നിന്നെ സ്നേഹിച്ചിരുന്നു എന്ന് എനിക്ക് അറിയാവുന്നതുകൊണ്ട് ആണ്... പക്ഷേ ഇപ്പൊൾ നീ പറഞ്ഞത് നിന്റെ സംസ്കാരമാണ്, നീ കാണിക്കുന്ന പ്രവർത്തികളാണ്.... ആ തട്ടിൽ എന്നെ നീ അളക്കണ്ട....വിവാഹരാത്രിയിൽ തന്നെ മറ്റൊരുതന്നോടൊപ്പം കിടക്ക പങ്കിടുന്നത് നിന്റെ സംസ്കാരമാണ്, വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം ജീവിക്കുന്ന എന്റെ മാനത്തിനു വില പറയാൻ നീ വരണ്ട....

കണ്ണേട്ടൻ എന്നോട് നിങ്ങൾക്കിടയിൽ നടന്ന കാര്യങ്ങളെ പറ്റി ഒന്നും പറഞ്ഞിട്ടില്ലായിരുന്നെങ്കിൽ ഒരുപക്ഷേ നീ പറഞ്ഞത് കേട്ട് ഞാൻ നിന്നേനെ.... ജീവനുതുല്യം സ്നേഹിച്ച ഒരു പുരുഷൻ മറ്റൊരു പെൺകുട്ടിയുടെ സ്വന്തമാക്കുമ്പോൾ ആർക്കും തോന്നുന്ന ഒരു ദേഷ്യമായി മാത്രമേ അതിനെ ഞാൻ കാണാമായിരുന്നുള്ളൂ, പക്ഷേ ഇത് അങ്ങനെയല്ലല്ലോ..... നീ ആത്മാർത്ഥമായി സ്നേഹിച്ച ഒരു പുരുഷനെ വഞ്ചിച്ചാണ് നീ ഇപ്പോൾ എന്റെ മാനത്തിനു വില പറയുന്നത്..... അവൾക്കു മുൻപിൽ താൻ ചെറുതാവുന്നത് പോലെ തോന്നിയിരുന്നു ശിഖയ്ക്ക്... തന്നെ കുറിച്ചുള്ള എല്ലാ സത്യങ്ങളും അവൻ അവളോട് പങ്കുവച്ചിട്ടുണ്ട്, " ഞാൻ ഇതുവരെ ആരോടും പുറത്തിറങ്ങി പോകാനോ അല്ലെങ്കിൽ എന്റെ കണ്മുൻപിൽ നിന്ന് പോകാനോ പറഞ്ഞിട്ടില്ല, അത് എന്റെ രീതിയല്ല, നിങ്ങളെ പോലെ ഇത്രയും വൃത്തികെട്ട ഒരു സ്ത്രീയോട് സംസാരിക്കുന്നത് തന്നെ എനിക്ക് മോശമാണ്, അതുകൊണ്ട് ദയവുചെയ്ത് ഈ മുറിയിൽ നിന്ന് പുറത്തു പോണം.... ദേഷ്യത്തോടെ അവൾ പുറത്തേക്ക് തിരിഞ്ഞപ്പോൾ വാതിൽക്കൽ എല്ലാം കേട്ടുകൊണ്ട് നിൽക്കുന്ന മിഥുനെ ആണ് കണ്ടത്, ഒരു നിമിഷം സരയുവും ഒന്ന് അമ്പരന്ന് പോയിരുന്നു....

താൻ ചെയ്ത് തെറ്റായിപ്പോയോന്നും അവന് തന്നോട് ദേഷ്യം തോന്നിയിട്ടുണ്ടാകുമോ എന്നൊക്കെ ഒരു മാത്ര അവൾ സംശയിച്ചു, അവന്റെ മുഖത്തേക്ക് ഒന്ന് ദഹിപ്പിച്ച് നോക്കിയ ശേഷം ശിഖ പറഞ്ഞു... " നമ്മുടെ കഴിഞ്ഞ കാലമെല്ലാം വൃത്തിക്ക് ഇപ്പൊൾ വച്ചുകൊണ്ടിരിക്കുന്ന വെപ്പാട്ടിയുടെ മുൻപിൽ പറഞ്ഞു കൊടുത്തിട്ടുണ്ടല്ലോ സൂപ്പർസ്റ്റാർ, സരയൂന്നോടുള്ള ദേഷ്യത്തിൽ അങ്ങനെ പറയാനാണ് ശിഖയ്ക്ക് തോന്നിയത്.....പറഞ്ഞത് മാത്രമേ അവൾക്ക് ഓർമ്മയുണ്ടായിരുന്നുള്ളു, ശ്വാസം എടുക്കുമുൻപ് മിഥുന്റെ കൈയ്യ് അവളുടെ കാരണത്ത് പതിഞ്ഞു കഴിഞ്ഞിരുന്നു, " എല്ലാവരും നിന്നെപ്പോലെ ആണെന്ന് വിചാരിക്കരുത്... അവളുടെ കാലുകഴുകി കുടിക്കാൻ പോലുമുള്ള യോഗ്യത നിനക്കില്ല, ഇത്തരം സംസ്കാരശൂന്യമായ വാക്കുകൾ മേലാൽ എന്റെ ഭാര്യയെ പറ്റി നീ ഉപയോഗിക്കരുത്.... ഉപയോഗിച്ചാൽ ഇനി ഞാൻ നിന്നെ തല്ലില്ല, കൊല്ലും.... അത്രയും പറഞ്ഞ് മുറിക്ക് അകത്തേക്ക് കയറി വാതിൽ വലിച്ചടച്ചു അവൻ.... അപമാനഭാരത്താൽ ഉരുകുന്നത് പോലെയാണ് ശിഖയ്ക്ക് തോന്നിയത്, അകത്തേക്ക് കയറി മിഥുൻ ആകെപ്പാടെ സരയുവിനെ ഒന്നു നോക്കി, എന്ത് ചെയ്യണമെന്നറിയാതെ അത്ഭുതപ്പെട്ട് നിൽക്കുകയാണ് അവൾ... " ഇങ്ങോട്ട് കൈ നീട്ടിക്കേ...!

ഗൗരവത്തോടെയാണ് അവൻ പറഞ്ഞത്, ഒരു നിമിഷം അവളിൽ ഭയം നിറഞ്ഞിരുന്നു... മടിച്ചുമടിച്ച് അവൾ കൈ നീട്ടി, " കൊടു കൈ.. അവൾക്ക് ഒരു ഷേക്ക് ഹാൻഡ് നൽകി അവൻ... " ഇങ്ങനെ വേണം..! താൻ എന്നെ ഞെട്ടിച്ചു കളഞ്ഞല്ലോ, ഇത്രയും ഡയലോഗ് തന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് ഞാൻ വിചാരിച്ചില്ല... തന്നെ ഇത്രമാത്രം പ്രേവൊക്ക് ചെയ്യാൻ വേണ്ടി എന്താണ് അവൾ പറഞ്ഞത്... കുറച്ചു കാര്യങ്ങൾ ഒക്കെ ഞാൻ കേട്ടു, "ഒരുപാട് മോശമായിട്ട് ആണ് സംസാരിച്ചത്, അതുകൊണ്ടാണ് ഞാൻ അങ്ങനെയൊക്കെ ചെയ്തത്, ഞാനിതുവരെ ഒരാളെയും കൈനീട്ടി അടിച്ചിട്ടില്ല.... കുറ്റബോധത്തോടെ സരയു പറഞ്ഞു... " അടി നടന്നോ...? " അപ്പോ അത് കണ്ടില്ലേ...? " അതൊന്നും ഞാൻ കണ്ടില്ല, ഞാൻ ഡയലോഗ് മാത്രമേ കേട്ടുള്ളൂ, അപ്പൊൾ ആദ്യമായിട്ട് താൻ ഒരാളെ കൈ നീട്ടി അടിക്കാൻ ഉള്ള ഭാഗ്യം ശിഖയ്കായിരുന്നു, താൻ ഒരാളെ അടിച്ചു എന്ന് ഒന്നും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല, അതുപോട്ടെ എവിടെയാണ് അടിച്ചത്..? കയ്യിലോ തോളിലോ.? " കളിയാക്കല്ലേ കണ്ണേട്ടാ, ഞാൻ കവിളിൽ ആണ് അടിച്ചത്,

" താനോ...,?കോമഡി ആണോ.? ഒന്നും മനസ്സിലാകാതെ അവൻ അവളെ മുഴുവനായി നോക്കി ചോദിച്ചു.... " കോമഡി ഒന്നുമല്ല സത്യായിട്ടും ഞാൻ അടിച്ചു.... " എന്താണ് അവൾ പറഞ്ഞത്...? പെട്ടെന്ന് അവന്റെ മുഖത്ത് ഗൗരവം നിറഞ്ഞു, " അത് പിന്നെ... " പറ എന്താണ് പറഞ്ഞത്....? " നമ്മൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച്, അത് എനിക്ക് പറയാൻ അറിയില്ല, പറയാൻ കൊള്ളില്ല... ആ രീതിയിലാണ് സംസാരിച്ചത്, നമ്മൾ ഒരുമിച്ചു താമസിച്ചതിന് ഒക്കെ എനിക്ക് കാശ് തരാമെന്ന് പറഞ്ഞു, ഞാൻ കണ്ണേട്ടന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന്...അത് കേട്ടപ്പോൾ എനിക്ക് പെട്ടെന്ന് ദേഷ്യം വന്നു, അവൾ പറഞ്ഞത് വളരെ മോശമായ രീതിയിലാണ്... " അവൾ പറഞ്ഞ രീതി എനിക്ക് മനസ്സിലായി,ദേഷ്യത്തിന്റെ പുറത്താണെങ്കിലും ഒരു പെൺകുട്ടിയെ കൈനീട്ടി അടിച്ചതിൽ ഒരു വിഷമം ഉണ്ടായിരുന്നു, അത് മാറിക്കിട്ടി... താനും ആവശ്യത്തിന് കൊടുത്തല്ലോ, അതുമതി... അവൾക്ക് കിട്ടാനുള്ളത് കിട്ടി, ഇങ്ങനെയുള്ള കാര്യങ്ങൾ ഒക്കെ പറയുമ്പോൾ ഇങ്ങനെ തന്നെയാണ് പ്രതികരിക്കേണ്ടത്...

. ഒരു തെറ്റുമില്ല, അതൊക്കെ കഴിഞ്ഞു ഇനി അതിന്റെ പേരിൽ താൻ വിഷമിക്കേണ്ട... അവൾ എന്തുവേണേലും പറഞ്ഞോട്ടെ, നമുക്കറിയാം നമ്മളെ ...മിഥുൻ മേനോന് ഇനി ഈ ജീവിതത്തിൽ ഒരൊറ്റ ഭാര്യയെ ഉള്ളൂ, അത് മിസ്സ്സ്സ് സരയു മിഥുൻ ആണ്.... ആ ബന്ധത്തെ പണംകൊണ്ട് അളക്കാൻ പറ്റില്ല, ഈ ജന്മവും വരും ജന്മങ്ങളിൽ ഒക്കെ ഞാൻ ബുക്ക് ചെയ്തു വെച്ചിരിക്കുന്നത് ഈ ഒരാളെ മാത്രമാണ്... അവളുടെ തോളിലൂടെ കയ്യിട്ട് അവളെ ചേർത്ത് അവൻ പറഞ്ഞപ്പോൾ ആ മുഖം പെട്ടെന്ന് വിടർന്നിരുന്നു.... " ഞാനേ കുറച്ചു ബ്രേക്ക് എടുത്ത് പോന്നതാ.... ഒരാൾക്ക് പനി, അതുകൊണ്ട് ടെസ്റ്റ്‌ ചെയ്യാൻ പോയിരിക്കുകയാണ്, കോവിഡ് ആണോന്നറിയാൻ, ഇനി അത് കഴിഞ്ഞിട്ട് ഷൂട്ടിങ് ഉണ്ടാവുള്ളൂ.... വേഗം റെഡിയായി വന്നാൽ നമുക്കൊന്ന് പുറത്തുപോകാം, താൻ ഒന്നും കഴിച്ചില്ലേ...? " ഇല്ല... ഞാൻ കഴിക്കാൻ തുടങ്ങിയപ്പോഴാണ് ശിഖ വന്നത്, " എങ്കിൽ പിന്നെ വേഗം ഫുഡ് കഴിക്ക്... " എനിക്ക് വിശക്കുന്നില്ല.... നമുക്ക് പെട്ടെന്ന് പോയിട്ട് വരാം, അവൾക്ക് ഒന്ന് നടക്കാൻ തോന്നി...

" അതൊക്കെ പിന്നെ... ആദ്യം ഫുഡ്, " എനിക്ക് വിശക്കുന്നില്ല കണ്ണേട്ടാ... " വാ പെണ്ണേ.... അവൻ നിർബന്ധം പിടിച്ച് അടച്ചു വച്ചിരിക്കുന്ന ഭക്ഷണം എടുത്തു അവൾക്കായി നീട്ടി... അവൾ കൈ നീട്ടിയതും അവൻ അത് മാറ്റി, " ഇന്നൊരു ചേഞ്ച് ഞാൻ വാരി തരാം... " എന്തോന്ന്... അയ്യേ.... " എന്ത് അയ്യേ... ഇതൊക്കെ ഒരു പ്രിവിലേജ് ആണ് മോളെ.... ഇന്നെന്റെ കുട്ടി ഒരുപാട് വിഷമിച്ചില്ലേ.... അവൾ വന്നു ആവശ്യമില്ലാത്ത എന്തൊക്കെയോ പറഞ്ഞു നിന്റെ മനസ്സ് മൊത്തം ഓഫാക്കി, അതിനുള്ള ഒരു പരിഹാരം... അവൻ തന്നെ ഇഡ്ഡലി മുറിച്ച് ചമ്മന്തിയിൽ മുക്കി അവൾക്ക് നേരെ നീട്ടി... സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടു... " എന്തുപറ്റി.... ഏറെ ആർദ്രതയോടെ അവൻ ചോദിച്ചു, " സന്തോഷംകൊണ്ട്... ഇത്രത്തോളം ഇതുവരെ ആരും എന്നെ സ്നേഹിച്ചിട്ടില്ല,എന്റെ അച്ഛനും അമ്മയും പോലും.... ചെറുചിരിയോടെ അവളുടെ കണ്ണുനീർ തുടച്ച് അവൻ അവളുടെ നെറ്റിയിൽ ഒരു കരുതൽ മുദ്ര ചാർത്തി... ഏറെനേരം അവന്റെ മാറിൽ അങ്ങനെ ചേർന്നിരുന്നു അവൾ... ഒരു കുഞ്ഞ് പ്രാവ് കുറുകും പോലെ.... ഏറെ സമയങ്ങൾക്ക് ശേഷം അവൻ തന്നെയാണ് മുൻകൈ എടുത്ത് അവളെ റെഡിയാക്കാൻ പറഞ്ഞയച്ചത്, റെഡിയായി അവനൊപ്പം അവൾ പുറത്തേക്കിറങ്ങി....

" നമ്മൾ എങ്ങനെ പോകും..? വണ്ടി ഒന്നുമില്ലല്ലോ.. സരയു ചോദിച്ചു... " അത് സാരമില്ല, " ഏട്ടനെ ആളുകളൊക്കെ കാണില്ലേ..? "അത് അങ്ങ് കേരളത്തില്, ഇത് ഹൈദരാബാദ് അല്ലേ... ഇവിടെ എന്നെ കണ്ടാൽ ഒരുപാട് പേർക്ക് മനസിലാവില്ല... പിന്നെ ഇവിടെ മലയാളികളും വളരെ കുറച്ചു പേരെ ഉള്ളൂ, അതുകൊണ്ട് ഇറങ്ങി നടക്കുന്നതിനൊക്കെ ഒരു പ്രൈവസി ഉണ്ട്. ഇന്ന് നമ്മൾ റോഡിലൂടെ നടക്കും കുറെ നേരം, പിന്നെ നമ്മൾ സ്ട്രീറ്റ് ഫുഡ് കഴിക്കും, സിനിമ കാണും, പിന്നെ ഒരു സർപ്രൈസ് ഉണ്ട്... ഉത്സാഹത്തോടെ അവൻ പറഞ്ഞു.. " അതെന്താ.... ആകാംഷയോടെ അവൾ ചോദിച്ചു.. " അത് സസ്പെൻസ്... പെട്ടെന്നാണ് ബെന്നി അവർക്കരികിലേക്ക് വന്നത്, " റെഡിയാണ് സർ... മിഥുന്റെ കയ്യിലേക്ക് ഒരു താക്കോൽ കൊടുത്തു അയാൾ .. അത് വാങ്ങി അവൻ പുറത്തേക്ക് നടന്നു.. അവന്റെ അരികിലേക്ക് നടന്നപ്പോഴാണ് പുറത്ത് നിർത്തിയിട്ടിരിക്കുന്ന ബുള്ളറ്റ് സരയു കണ്ടത്... ഒരു നിമിഷം അത്ഭുതം നിറഞ്ഞു അവളിൽ.......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story