വേനൽമഴ...🍂💛: ഭാഗം 63

venal mazha

രചന: റിൻസി പ്രിൻസ്‌

എനിക്ക് കണ്ണേട്ടനെ മുറുക്കി കെട്ടിപ്പിടിച്ചു ഉമ്മ തരാൻ തോന്നുന്നു, അവന് മാത്രം കേൾക്കാവുന്ന വിധത്തിൽ അവൾ പറഞ്ഞു... " അതിന് ഇപ്പോൾ തന്നെ സൗകര്യം ഉണ്ടാക്കാം, അവളുടെ കയ്യിൽ പിടിച്ച് അവൻ പുറത്തേക്ക് നടന്നപ്പോൾ അവൾ അമ്പരന്ന് പോയിരുന്നു.. അവൻ അവളുമായി അല്പം മാറിനിന്നു, "ഇനി താ...! അവൻ ഏറെ പ്രണയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു, " എന്ത്.... " നീയല്ലേ പറഞ്ഞത് നിനക്ക് ഇപ്പോൾ എന്തോ തരാൻ തോന്നുന്നുവെന്ന്.... " ഇവിടെവച്ചോ, അമ്പറപ്പോടെ അവൾ ചോദിച്ചു.. " ഇവിടെ കുഴപ്പം ഇല്ല, തോന്നുന്ന ആഗ്രഹങ്ങൾ ഒന്നും ബാക്കി വയ്ക്കാൻ പാടില്ല, അതൊക്കെ പെട്ടന്ന് തന്നെ തീർക്കണം, " ഒന്ന് പോയേ കണ്ണേട്ടാ നേരവും കാലവും നോക്കാതെ ആണോ ഇതൊക്കെ പറയുന്നത്, " അപ്പോൾ നീ തരുന്നില്ല.. ഓക്കേ നോ പ്രോബ്ലം, ചെന്നിട്ട് റെഡി ആക്കാം.... പറഞ്ഞു സമയം ഒരുപാടായി നമുക്ക് പോയാലോ, ചെറുചിരിയോടെ അവൻ ചോദിച്ചപ്പോൾ അവൾ നാണത്തോടെ തലയാട്ടി... തിരികെയുള്ള യാത്രയിൽ രണ്ടുപേരും മൗനത്തിൽ ആയിരുന്നുവെങ്കിലും പ്രണയത്തിന്റെ മധുരം നിറഞ്ഞ മൗനം ഇരുവർക്കും വലിയ സന്തോഷം തന്നെയാണ് നൽകിയത്,നിശാഗന്ധി പൂക്കാൻ വെമ്പി നിൽക്കുന്ന ആ നിശയിൽ ഇരുവരിലും അനഘമായൊരു ആത്മദാഹം നിറഞ്ഞു നിന്നു.... റൂമിലേക്ക് ചെന്നതും രണ്ടുപേരും ക്ഷീണിതരായിരുന്നു, കുളി കഴിഞ്ഞ് മുറിയിലേക്ക് ഇറങ്ങി വന്നവളെ അവൻ ഒറ്റ വലിയിൽത്തന്നെ തന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു...

പാതി ഈറൻ മുടി കാണാവുന്ന രീതിയിൽ കെട്ടിവച്ചിരിക്കുന്ന അവളുടെ തോർത്തിനിടയിലൂടെ പാതി ചുരുണ്ട മുടിയിഴകൾ പുറത്തേക്ക് എത്തി നോക്കുന്നു.... അധരങ്ങൾക്ക് നടുവിലായി രണ്ട് ജലത്തുള്ളികൾ സ്ഥാനം പിടിച്ചിരിക്കുന്നു.... ആ ജലത്തുള്ളികൾ താൻ ആയിരുന്നുവെങ്കിലെന്ന് ഒരു നിമിഷം അവൻ ആഗ്രഹിച്ചു പോയി,അത്രമേൽ അവനിലെ വികാരങ്ങളെ ഉണർത്താൻ ആ പെണ്ണിന്റെ സാന്നിധ്യത്തിന് സാധിച്ചിരുന്നു... യഥാർത്ഥ വ്യക്തിയിലേക്ക് എത്തുമ്പോഴാണ് പ്രണയം പൂർണമാവുന്നത്, ഇതിനുമുൻപ് എത്രയോ പെൺകുട്ടികളെ കണ്ടിരിക്കുന്നു, ശിഖയോട് പോലും ഇതുവരെ തോന്നാത്ത ഒരു അനുഭൂതിയാണ് അവൾ അരികിൽ നിൽക്കുമ്പോൾ, താൻ ഒന്നുമല്ലാതെ അവളിലേക്ക് ചുരുങ്ങി പോകുന്നത് പോലെ, തന്റെ ഉലകം തന്നെ അവൾ ആയി മാറുന്നത് പോലെ, ഇന്നുവരെ തോന്നിയിട്ടില്ലാത്ത പുതുവികാരങ്ങൾക്ക് താൻ അടിമപെടുന്നത് പോലെ... എന്നാണ് നീ എന്നിലെ എന്നെ സ്വന്തമാക്കിയത്..? സിരകളിൽ പടർന്നു തുടങ്ങിയ പ്രണയം അതിന്റെ ഇണയെ കണ്ടെത്തിയിരിക്കുന്നു, അനുഭൂതി മാത്രം പകരുന്ന നിമിഷങ്ങൾ... ഇടുപ്പിലൂടെ കൈ ചേർത്ത് അവൻ അവളെ തന്നിലേക്ക് ചേർത്തുനിർത്തി, പ്രതിരോധിക്കാൻ ഇഷ്ട്ടപെടാതെ ഒരു അപ്പൂപ്പൻതാടി പോലെ ഭാരമില്ലാതെവൾ അവനിലേക്ക് ചേർന്ന് നിന്നു... ചോദ്യങ്ങളും ഉത്തരങ്ങളുമില്ലാതെ ഒരു നിമിഷം അവളുടെ അധരങ്ങളിൽ ഒരു കവിത രചിച്ചു....

മനോഹരമായ അക്ഷരങ്ങളാൽ അവനാ കവിതയുടെ അക്ഷരങ്ങൾ അവളുടെ അധരങ്ങളിൽ കോറിയിട്ടു, പ്രണയനിർഭരമായ നിമിഷങ്ങൾക്കിടയിൽ എപ്പോഴൊക്കെയോ അവളുടെ വിരലുകൾ അവന്റെ മുഖത്ത് ഒഴുകിനടന്നു, നീളൻ വിരലുകളാൽ അവന്റെ മുഖത്തവളും ഒരു ചിത്രം വരച്ചു, ഇതുവരെ അറിയാത്ത വികാരങ്ങൾ ആത്മാവിൽ അവളറിഞ്ഞു..ഇതുവരെ അരുവിയായി പല വഴി ഒഴുകിയതെല്ലാം അവനെന്ന പുഴയിൽ എത്താൻ ആണെന്ന് അവളും അറിഞ്ഞു... തന്നെ പ്രണയിനിയാക്കിയവനെ ഏറെ നാണത്തോടെ അവൾ നോക്കി, മിഴികളിൽ നിറഞ്ഞുനിൽക്കുന്ന പ്രണയം ഇരുവരെയും പുതിയൊരു ലോകത്തേക്ക് ആനയിച്ചു.... പരസ്പരം തങ്ങളെ നഷ്ടപ്പെട്ട് തുടങ്ങുന്നത് അവർ അറിഞ്ഞു...തങ്ങളുടെ പ്രണയം വിവരിക്കാൻ തൂലികയിൽ വാക്കുകൾ ഇല്ലന്ന് അവർക്ക് തോന്നി..! " സരയു... ഐ വാണ്ട്‌ യു... പ്രണയം തിങ്ങിയ മിഴികളോടെ അവൻ അത് പറഞ്ഞപ്പോൾ ഒരു നിമിഷം അവൾ ഒന്ന് പതറിപ്പോയി, " നിന്റെ പൂർണമായി അനുവാദത്തോടെ ഞാൻ നിന്നെ സ്വന്തമാക്കിക്കോട്ടെ.... ഒരിക്കൽ കൂടി അവനാ ചോദ്യമാവർത്തിച്ചപ്പോൾ അവളുടെ മുഖത്ത് ഞെട്ടൽ പ്രകടമായിരുന്നു... മറുത്തൊന്നും പറയാതെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞവൾ അവന്റെ മുഖത്ത് കൈവിരലുകളാൽ തലോടിക്കൊണ്ട് പറഞ്ഞു, " ഇഷ്ടക്കുറവ് കൊണ്ടല്ല പക്ഷേ എനിക്ക് കുറച്ചുകൂടി സമയം കണ്ണേട്ടാ....

ബാക്കി പറയാൻ അവൾക്ക് മടി തോന്നിയിരുന്നു... ചെറുചിരിയോടെ അവളെ ഒന്ന് ഇറുകെ പുണർന്നവൻ, പിന്നെ ഒന്നും മിണ്ടാതെ അവളുടെ പിൻ കഴുത്തിൽ ആഴത്തിൽ ഒന്നു മുത്തി.... " എനിക്ക് മനസ്സിലാവും... സമയം എത്ര വേണേലും എടുത്തോളൂ, സാരമില്ല, ആ കാത്തിരിപ്പ് എന്നെ ഒരിക്കലും മടുപ്പിക്കില്ല, മറിച്ച് കൂടുതൽ നിന്നെ പ്രണയിക്കാൻ കരുത്ത് നൽകുകയുള്ളൂ, എങ്കിലും ഒന്നു ചോദിച്ചോട്ടെ എന്നോടുള്ള വിശ്വാസം കുറവ് കൊണ്ടാണോ ഇനിയും നിനക്ക് ഈ അകലം... " അല്ല കണ്ണേട്ടാ അങ്ങനെ പറയരുത്, എനിക്കൊരു ആഗ്രഹമുണ്ട് ആ ആഗ്രഹം നടത്തി തരണം,സത്യം പറഞ്ഞാൽ കണ്ണേട്ടൻ പറയുന്ന കാര്യങ്ങളൊക്കെ എന്റെ മനസ്സും ആഗ്രഹിക്കുന്ന കാര്യങ്ങൾ തന്നെയാണ്, പക്ഷേ അതിൽ നിന്നൊക്കെ എന്നെ പിൻവലിക്കുന്നത് എന്റെ കഴുത്തിൽ കിടക്കുന്ന താലി തന്നെയാണ്... മനസ്സിലാകാതെ അവളെ തന്റെ നെഞ്ചിൽ നിന്നും അകറ്റി അവളുടെ മുഖത്തേക്ക് നോക്കി അവൻ... " താൻ ഈ പറയുന്നതിന്റെ അർത്ഥം എനിക്ക് മനസ്സിലാവുന്നില്ല... " എന്റെ കഴുത്തിൽ താലി കെട്ടുമ്പോൾ ഒട്ടും ഇഷ്ടം ഇല്ലാതെയാണ് കണ്ണേട്ടന് കെട്ടിയത്, ഒരു നാടകത്തിനുവേണ്ടി എത്തിയവൾ മാത്രമായിരുന്നു ഞാൻ... പക്ഷേ ഇന്ന് അങ്ങനെയല്ല,

അത്ര ആഴത്തിൽ ഒന്നും ആ താലികെട്ടിനെ അന്ന് ഞാനും കണ്ടിട്ടുണ്ടായിരുന്നില്ല, പക്ഷേ ഇന്ന് അങ്ങനെയല്ല.. കണ്ണേട്ടൻ ഇല്ലാതെ ഒരു ജീവിതം എനിക്ക് അസാധ്യമാണെന്ന് ഞാൻ മനസ്സിലാക്കിയ നിമിഷങ്ങളാണ്... സാഹചര്യത്തിന്റെ പുറത്ത് ഇഷ്ടമില്ലാതെ കെട്ടിയ ഈ താലി നെഞ്ചോട് ചേർന്ന് കിടക്കുമ്പോൾ തന്നെ ചുട്ടുപൊള്ളിക്കും കണ്ണേട്ടാ, ഇതേ താലി തന്നെ അതേ ദേവിയുടെ മുൻപിൽ വച്ച് ഒരിക്കൽകൂടി കണ്ണേട്ടൻ എന്റെ കഴുത്തിൽ കെട്ടി തരണം, ആ ദിവസം ഞാൻ പൂർണ്ണമനസ്സോടെ എന്റെ മനസ്സും ശരീരവും കണ്ണേട്ടന് സമർപ്പിക്കും, അത് എന്റെ ഒരു വിശ്വാസമാണ് കണ്ണേട്ടാ... അവകാശത്തോടെ അധികാരത്തോടെ എന്റെ ശരീരത്തിൽ കണ്ണേട്ടൻ തൊടണം... അല്ലാതെ എനിക്കു പറ്റുന്നില്ല... കണ്ണേട്ടാ ഞാൻ ഒരുപാട് ശ്രമിച്ചു നോക്കി, കണ്ണേട്ടന് എന്നോടുള്ള ഫീലിംഗ് എനിക്ക് മനസ്സിലാവുന്നുണ്ട്, അതെ ഫീലിംഗ്സ് എനിക്ക് തിരിച്ചു കണ്ണനോട് ഉണ്ട്, പക്ഷേ അത് പ്രകടിപ്പിക്കാൻ എനിക്ക് പറ്റുന്നില്ല.... ഞാൻ ഒരുപാട് ചിന്തിച്ചു നോക്കിയിട്ടും എനിക്ക് പറ്റുന്നില്ല കണ്ണേട്ടാ, അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു ... " എന്താടാ ഇത്... ഇത്രയും ഒരു ചെറിയ കാര്യത്തിനാണോ താൻ കരയുന്നത്..? ഇങ്ങനെ ഒരു ആഗ്രഹമുണ്ടായിരുന്നെങ്കിൽ തനിക്ക് എന്നോട് ആദ്യം പറഞ്ഞാൽ പോരായിരുന്നോ..? "താലി കെട്ടാതെ കണ്ണേട്ടൻ എന്റെ ശരീരത്തിൽ ഓരോ വട്ടം തൊടുമ്പോഴും ശിഖ പറയുപോലെ ഒരു ചീത്ത പെണ്ണാണ് എന്ന് എനിക്ക് സംശയം തോന്നും,

" സരയൂ.... അവന്റെ ശബ്ദം വല്ലാതെ ഉയർന്നു തുടങ്ങിയിരുന്നു, " ഇപ്പോൾ പറഞ്ഞത് ഇരിക്കട്ടെ... ഇനി മേലിൽ താൻ ഈ വാക്ക് ഉപയോഗിക്കരുത്,തനിക്ക് അങ്ങനെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അത് എന്നോട് പറഞ്ഞാൽ മതി, ഇങ്ങനെ എന്തെങ്കിലും കാണിച്ചാൽ മാത്രമേ എനിക്ക് തന്നോട് സ്നേഹം തോന്നുവെന്നില്ല... എന്റെ ഇഷ്ടം തന്റെ ശരീരത്തോടല്ല, എനിക്ക് തന്നെ പോലെ ആരോടും ഇഷ്ടം തോന്നിയിട്ടില്ല...എനിക്ക് അത് പറയാൻ അറിയില്ല... ഇങ്ങനെയൊന്നും പറയരുത്, എനിക്ക് സഹിക്കാൻ പറ്റാതെ വരും, ഈ പടത്തിന്റെ ഷൂട്ടിംഗ് കഴിയട്ടെ ഉടനെ തന്നെ നമുക്ക് മൂകാംബികയ്ക്ക് പോകാം... അവിടെ വച്ച് തന്റെ ആഗ്രഹം പോലെ മൂകാംബികാദേവിയുടെ നടയിൽ വച്ച് തന്നെ തന്റെ കഴുത്തിൽ ഞാൻ താലിചാർത്തും, അതിന്റെ പേരിൽ ഇനി വിഷമിക്കേണ്ട... പോരെ... പിന്നെ ഇനി മൂകാംബികയിൽ പോകുന്നത് ഞാൻ തന്നോട് ഒരു കുരുത്തക്കേടും കാണിക്കാൻ പോകുന്നില്ല... ഒക്കെ..? പെട്ടന്ന് ഒന്നും മിണ്ടാതെ അവൾ അവനെ കെട്ടിപ്പിടിച്ചു,ഒരു നിമിഷം അവൻ അമ്പരന്നുപോയി..

" എന്താടോ...? " അങ്ങനെ തീർത്ത് പറയേണ്ട ഇടയ്ക്ക് എനിക്ക് ഇങ്ങനെ സങ്കടം ഒക്കെ വരുമ്പോൾ എന്നെ ഇങ്ങനെ മുറുക്കി കെട്ടിപിടിക്കണം, അത് എനിക്ക് ഭയങ്കര ഇഷ്ടമാ, അങ്ങനെ കെട്ടിപ്പിടിക്കുമ്പോൾ എനിക്ക് വലിയ സമാധാനം തോന്നും... എനിക്ക് ആരോ ഉള്ളത് പോലെ, എനിക്ക് ഒരു പ്രത്യേക സുരക്ഷിതത്വം തോന്നും, എനിക്കും ഒരാൾ ഉണ്ടെന്ന്, എനിക്ക് വേണ്ടി എന്തും ചെയ്യും എന്നൊക്കെ ഒരു തോന്നൽ... ആരുമില്ലാത്തവർക്ക് ആരെങ്കിലും ഉണ്ടേന്നുള്ള തോന്നൽ നൽകുന്ന സന്തോഷം ചെറുതല്ല കണ്ണേട്ടാ.... " അതൊരു തോന്നൽ ആണോടാ....? ഞാൻ നിനക്ക് വേണ്ടി അല്ലേ ജീവിക്കുന്നത്..? ഇപ്പൊൾ എന്റെ ഓരോ നിമിഷങ്ങളും നിനക്ക് വേണ്ടി മാത്രമാണ്.... നീ ഇല്ലെങ്കിൽ ഞാൻ ഇല്ല, ആ ഒരു അവസ്ഥയിലാണ് ഞാൻ.... ഏറെ ആർദ്രമായി അവളുടെ തലമുടി ഇഴകളിൽ തഴുകി അവൻ പറഞ്ഞു......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story