വേനൽമഴ...🍂💛: ഭാഗം 65

venal mazha

രചന: റിൻസി പ്രിൻസ്‌

ആരെയും മോഹിപ്പിക്കുന്ന കുടജാദ്രിയുടെ സൗന്ദര്യം ആവോളം നുകർന്ന് പരസ്പരം തങ്ങളിൽ മാത്രം നിറഞ്ഞു നിന്ന ഒരു യാത്രയുടെ മനോഹര നിമിഷങ്ങളിൽ ആയിരുന്നു ഇരുവരും... ഒരു ജീപ്പിൽ ആണ് യാത്ര.... കുടജാദ്രിയുടെ സൗന്ദര്യം മറ്റൊന്നിനോളം വരില്ല, സൗപർണ്ണികാ നദിയും, അത്യപൂർവ്വമായ നിബിഢവനങ്ങളിലെ അകത്തളങ്ങളിലൂടെ കുടജാദ്രിമലകളെ കീഴടക്കിയുള്ള യാത്ര ആദിശങ്കരാചാര്യരുടെ സർവ്വജ്ഞപീഠമെന്ന പൂർണ്ണതയിൽ ചെന്നവസാനിക്കുന്നു. മലമുടികളിലേക്ക് കയറുന്ന പാതയുടെ തുടക്കത്തിലാണ് കുടജാദ്രിയിലെ ഭദ്രകാളി ക്ഷേത്രം.സമുദ്രനിരപ്പിൽ നിന്ന് 1342 മീറ്റർ ഉയരത്തിലാണ് കുടജാദ്രിമല. ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യമുണ്ട് കുടജാദ്രിക്ക്.ശബ്ദ കോലാഹലങ്ങളോന്നും ഇല്ല. താഴ്വാരത്തെ മഴക്കാടുകൾ മഞ്ഞ് മൂടിയിരിക്കുന്നുണ്ട്. ഇടുങ്ങിയ വഴികളിലൂടെ മുന്നോട്ട് നടന്നപ്പോൾ പേരറിയാത്ത മരങ്ങളുടെ കൂട്ടം കണ്ടു. ഒറ്റനോട്ടത്തിൽ വനമെന്ന് തോന്നിക്കും. മരങ്ങളിൽ വള്ളികൾ തൂങ്ങിയാടുന്നുണ്ട്. . ഇരുൾ കയറിയ വഴിയിലേക്ക് തിരിയുന്നതിന് മുൻപ് കറുത്ത പലകയിൽ ‘ഗണേശ ഗുഹ’ എന്നെഴുതിയ സൂചന ബോർഡ് മരത്തിൽ തറച്ചിരിക്കുന്നു. ഇതുവഴി പത്ത് മിനിറ്റ് നടന്നാൽ ഗണേശ ഗുഹയിലെത്താം.

ചെറിയൊരു ഗുഹയിൽ ഗണപതി വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നു. ആരോ തെളിച്ചുവെച്ച ദീപവും പൂക്കളും പൂജാസാധനങ്ങളും ഇവിടെയുണ്ട്. ഉരുളൻ കല്ലുകളും അരുവിയും കടന്നു മജ്ജയെ മരവിപ്പിക്കുന്ന തണുപ്പിന്റെ അകമ്പടിയോടെ പ്രണയത്തിന്‍റെ സര്‍വ്വജ്ഞപീഠം കയറുകയായിരുന്നു ഇരുവരും..പ്രകൃതി ഒരുക്കി വച്ച കാഴ്ചയുടെ അപാരതകൾ കണ്ണിനെയും മനസ്സിനെയും ഭ്രമിപിച്ചു കൊണ്ടേയിരുന്നു,കാൽ വഴുക്കാതിരിക്കാൻ പരസ്പരം കരങ്ങൾ പുണർന്നു..കുറച്ചു കൂടി കഴിയവേ സർവ്വജ്ഞവിദ്യാപീഠം കാണാൻ തുടങ്ങി, സരയുവിന് മനസ്സ് തുടി കൊട്ടി...കുറച്ച് കരിങ്കല്ലുകൾ വെട്ടിയൊതുക്കി ഉണ്ടാക്കിയ ചതുരത്തിലുള്ള ഒരു കൊച്ചു ക്ഷേത്രം . അതിനുള്ളിൽ ശങ്കരാചാര്യരുടെ ഒരു ചെറിയ വിഗ്രഹം .. കല്ലുകളെല്ലാം വർഷങ്ങൾ കൊണ്ട് വെയിലും മഴയുമേറ്റ് കരുവാളിച്ചിരിന്നു .മൂകാംബികദേവിയുടെ മൂലസ്ഥാനം അതിനപ്പുറത്തായിരുന്നു . ദേവി ശങ്കരാചാര്യർക്ക് മുന്നിൽ പ്രത്യക്ഷയായ സ്ഥലം ...വർഷങ്ങൾക്കിപ്പറവും തുരുമ്പു പിടിക്കാത്ത ഒരു ഇരുമ്പ് ദണ്ഡ് ഉയർന്നു നില്ക്കുന്നതു കാണാം . പിന്നെയും കുറച്ചു കൂടി പോയാൽ വേനലിലും വറ്റാത്ത ഒരുറവയുമുണ്ട് .. പീഠത്തിന്റെ അരികിൽനിന്ന് പ്രാർത്ഥിക്കുമ്പോൾ മിഴികൾ നിറയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു,

സന്തോഷംകൊണ്ട് ആണെങ്കിലും സങ്കടം കൊണ്ട് ആണെങ്കിലും ആ മിഴിനീർ നീക്കിയെറിയാൻ അവന്റെ വിരലുകൾക്ക് ശേഷി ഉണ്ടായിരുന്നു... ഏറെ പ്രണയത്തോടെ അതിനു മുൻപിൽ നിന്ന് അവളെ ചേർത്തുപിടിക്കുമ്പോൾ അവന്റെ ഉള്ളിൽ നിറഞ്ഞു നിന്നത് ഒരു പ്രാർത്ഥന മാത്രമായിരുന്നു തന്നിൽനിന്ന് ഒരു ശക്തിക്കും ഇവളെ അകറ്റാൻ സാധിക്കരുത് എന്ന് .. ആ പ്രാർത്ഥന ഭഗവാൻ ഒരു പക്ഷേ മനസ്സിൽ സ്വീകരിച്ചിട്ടുണ്ട്, ലോകത്തിൽ ഒരു ശക്തിക്കും ഇരുവരെയും പിരിക്കാൻ പറ്റില്ലന്ന് ഒരു അനുഗ്രഹം ഭഗവാൻ നൽകിയത് പോലെ തോന്നി രണ്ടുപേർക്കും... പ്രണയം നിറഞ്ഞു നിൽക്കുന്ന കുടജാദ്രിയിലെ കുളിരിനെ തങ്ങളിൽ ആവാഹിച്ച്,സർവ്വജ്ഞപീഠത്തിലെ കൊച്ചു ശങ്കരനോട് നന്ദി പറഞ്ഞു കുന്നിറങ്ങാൻ തുടങ്ങി... സൗപർണികയിലേക്ക് വീണ്ടും യാത്ര... തിരിച്ചു സൗപർണികയിൽ മുങ്ങി നിവർന്ന് വന്നവനെ ഏറെ കരുതലോടെ ഒരു അമ്മയുടെ വാൽസല്യത്തോടെ തല തുവർത്തി കൊടുത്തവൾ, വീണ്ടുമൊരിക്കൽക്കൂടി ദേവിയുടെ മുൻപിൽ ചെന്ന് നൽകിയ അനുഗ്രഹങ്ങൾക്കും നൽകാൻ പോകുന്ന അനുഗ്രഹങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു തിരികെ മുറിയിലേക്ക് എത്തി രണ്ടാളും... ഹോട്ടൽ റൂമിലെ ഗ്ലാസ് വിൻഡോയിലൂടെ താഴേക്ക് നോക്കി നിൽക്കുന്നതിനിടയിൽ പല ഓർമ്മകളും അവളുടെ മനസ്സിനെ വന്ന് ഉണർത്തിക്കൊണ്ടിരുന്നു...

അതിൽ അനുഭവിച്ച ബുദ്ധിമുട്ടുകളും ഇപ്പോൾ അനുഭവിക്കുന്ന സൗഭാഗ്യങ്ങളും വരെ നിറഞ്ഞു നിന്നു.... ആദ്യമായി ഒരു ഭയത്തോടെ അവനെ നോക്കിയതും, പിന്നീടവൻ തന്റെ ആരൊക്കെയോ ആയതും, ഇന്ന് തന്റെ എല്ലാമായി മാറിയതുമൊക്കെ ഒരു സിനിമ പോലെ അവളുടെ മനസ്സിലൂടെ കടന്നുപോയി.... ഇപ്പോഴും തനിക്ക് വിശ്വസിക്കാൻ സാധിക്കാത്ത സുഖമുള്ള ഒരു സ്വപ്നമാണ് നടക്കുന്നതെന്ന് പോലും സരയൂ സംശയിച്ചുപോയ നിമിഷങ്ങൾ.... പിറകിലൂടെ വന്ന് തന്നെ ചേർത്തു പിടിച്ചവന്റെ സാമീപ്യമാണ് അവളെ വീണ്ടും വർത്തമാനകാലത്തിലേക്ക് തിരികെ കൊണ്ടുവന്നത്.... ആദ്യമായി കാണുന്നതുപോലെ ഏറെ പ്രണയം നിറഞ്ഞ മിഴികളോടെ അവനെ നോക്കുമ്പോൾ, ഒരു കൂവള ദളമായി മാറിയവൾ.... അവളെ അവൾ അറിയുകയായിരുന്നു അവന്റെ മിഴികളിലൂടെ... കണ്ണുകൾ ചിമ്മി കാണിച്ച് അവളെ തന്റെ നെഞ്ചോട് ചേർത്തിരുന്നു അവൻ... " ഹാപ്പി ആയോ....? ഒരു പ്രണയത്തോടെ അവളുടെ കാതിൽ അവൻ മൊഴിഞ്ഞ നിമിഷം സന്തോഷത്തോടെ അവൾ അവനെ പുണർന്നു... അതിൽ അവനുള്ള മറുപടി ഉണ്ടായിരുന്നു, " ഇനി എന്താ ആഗ്രഹം...? ഈ ലോകത്തിന്റെ കോണിൽ എവിടെയെങ്കിലും നമുക്ക് മാത്രമായിട്ട് പോയാലോ...?

ഒരുപാട് സന്തോഷത്തോടെ കുറച്ചുദിവസം.... കവിളിൽ തലോടി ചോദിച്ചു അവൻ... " കണ്ണേട്ടൻ ഒപ്പം ഉള്ളപ്പോ എവിടെയും എനിക്ക് സന്തോഷം മാത്രമേയുള്ളൂ.... പക്ഷേ നമുക്ക് തിരികെ പോണം, എനിക്ക് ഇപ്പൊൾ എല്ലാരെയും കാണാൻ തോന്നുന്നുണ്ട്,അമ്മയും അച്ഛനും പിന്നെ നമ്മുടെ അമ്മയെയും അങ്ങനെ എല്ലാവരെയും... എന്റെ സന്തോഷം ഈ ലോകത്തോട് മുഴുവൻ എനിക്ക് വിളിച്ചു പറയാൻ തോന്നുന്നു... ഇപ്പോൾ കണ്ണേട്ടൻ എന്റെ സ്വന്തമല്ലേ, എന്റെ മാത്രമല്ലേ...... അവനു പരിചിതമല്ലാത്ത പുതുഭാവത്തോടെ ചോദിക്കുന്നവളെ അവൻ കൗതുകത്തോടെ നോക്കി.. " എന്നും കണ്ണേട്ടൻ നിന്റെ മാത്രമാണ്.... നിന്നിലും വലുതായി മറ്റാർക്കും മറ്റൊന്നിനും എന്നിൽ അധികാരമില്ല, " സത്യമാണോ...? ഒരു ചോദ്യം എയ്തു അവൾ.. " സത്യമല്ലേ...? മറുചോദ്യം ചോദിച്ചവൻ... ചെറുചിരിയോടെ അവന്റെ ഷർട്ടിലെ ബട്ടൺസിൽ കറക്കി ചിരിച്ചവളെ അവൻ അവളെ തന്നെ നോക്കി... " ഇനി എന്നെ ഒറ്റയ്ക്കാക്കിയിട്ട് ഒരുപാട് ദിവസം കണ്ണേട്ടൻ ഷൂട്ടിങ്ങിന് പോകുമോ...? ഒരുപക്ഷേ ഇനി എനിക്ക് കണ്ണേട്ടന് പിരിഞ്ഞിരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല... " എനിക്കും...! ആർദ്രമായിരുന്നു അവന്റെ സ്വരം... "

കുറച്ചു കാലത്തേക്ക് ഷൂട്ടിങ്ങും തിരക്കുകൾ ഒക്കെ മാറ്റിവച്ചിരിക്കുകയാണ്, ഈ പടത്തിന്റെ റിലീസിന് മുന്നേ ആയിട്ടുള്ള കുറച്ച് പ്രമോഷൻ വർക്ക് കൂടി ഉണ്ട്... അതും കൂടി കഴിഞ്ഞാൽ ഫുൾ ഫ്രീ, ഇനി കുറച്ചു നാൾ നമ്മുടെ മാത്രമായ ഒരു ലോകത്തിലേക്ക് ഒതുങ്ങി കൂടണം... കുറെ യാത്ര പോണം, നമ്മൾ മാത്രമായി... പിന്നെ തന്റെ എഡ്യൂക്കേഷൻ പൂർത്തിയാവണം, പിന്നെ നമുക്ക് സെറ്റിൽ ആവണം, ഒരു കുഞ്ഞു സാരയുവോ മിഥുനോ അങ്ങനെ രണ്ടാളും വേണം... ഒരാൾ പോരാട്ടോ സരയൂ... രണ്ടുപേര് വേണം,ഞാൻ ഒരാളെ ഉണ്ടായിരുന്നുള്ളൂ... അച്ഛനും അമ്മയും തമ്മിൽ ഒരുപാട് സ്നേഹം ആയിരുന്നു, അവരുടെ ലോകത്ത് ആയിരുന്നു അവർ.. അവിടെ ഞാൻ രണ്ടാംസ്ഥാനക്കാരൻ ആണ്... അച്ഛൻ ഇല്ലാതായപ്പോൾ അമ്മയ്ക്ക് വല്ലാതായിപ്പോയി, ഇപ്പൊൾ എനിക്ക് മനസ്സിലാക്കാൻ സാധിക്കും, എത്രത്തോളം തീവ്രമായിരുന്നു ആ സ്നേഹം എന്ന്... അമ്മയെ അച്ഛനെ ഒന്നും കുറ്റം പറയാൻ പറ്റില്ല, അത്രത്തോളം അമ്മ അച്ഛനയെയും അച്ഛൻ അമ്മയെയും സ്നേഹിച്ചിരുന്നു, താൻ എന്റെ ജീവിതത്തിലേക്ക് വന്നതിനുശേഷം ആ സ്നേഹത്തിന്റെ അർത്ഥം എനിക്ക് മനസ്സിലാവുന്നുണ്ട്.... ഇന്ന് താൻ എനിക്കും ഞാൻ തനിക്കും എങ്ങനെയാണോ അങ്ങനെ തന്നെ ആയിരുന്നു... അതിനിടയിൽ ചിലപ്പോൾ നമ്മുടെ കുഞ്ഞുപോലും രണ്ടാം സ്ഥാനത്ത് ആയേക്കാം... ഭാര്യയും ഭർത്താവും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം തീവ്രമാണെങ്കിൽ അങ്ങനെ വരും,

പക്ഷേ സഹോദരങ്ങൾ വേണം.. ഇപ്പൊൾ താൻ പറയാറില്ലേ ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന്,തന്റെ അച്ഛനേക്കാളും അമ്മയെക്കാളും ഏറ്റവും കൂടുതൽ താൻ സംസാരിക്കുന്നത് ചേട്ടനെ കുറിച്ച് ആണ്, അത് തന്നെ അത്രത്തോളം തന്റെ ഏട്ടൻ കെയർ ചെയ്തിട്ട് ഉള്ളതുകൊണ്ട് ആണ്.. എന്നെ അങ്ങനെ കെയർ ചെയ്യാൻ ആരുമുണ്ടായിരുന്നില്ല, നമ്മുടെ കുഞ്ഞിന് ആ അവസ്ഥ വരരുത്.... എനിക്കോ തനിക്കോ നാളെ എന്തെങ്കിലും സംഭവിച്ചാലും ആ കുഞ്ഞു ഒറ്റപ്പെട്ടു പോകരുത്... സങ്കടം പറയാൻ സന്തോഷം പറയാൻ ഒരു സുഹൃത്തിനെ പോലെ ഒരാൾ കൂടി വേണം, അതുകൊണ്ട് ഒരാൾ ഉണ്ടായിക്കഴിഞ്ഞാൽ നമുക്ക് വലിയ ലാഗ് ഒന്നും എടുക്കാതെ തന്നെ അടുത്ത ആളെ കുറിച്ച് ചിന്തിക്കണം, മനസ്സിലായോ...? അവൻ വാചാലാനായി.. " കണ്ണേട്ടൻ ഒരുപാട് ആലോചിച്ചു കൂട്ടിയിട്ടുണ്ടല്ലോ. " ഒരുപാട് ആലോചിച്ചു.... പക്ഷേ ഒരു ജീവിതത്തെക്കുറിച്ച് ഞാൻ സ്വപ്നം കാണുന്നത് ആദ്യമാണ്, ശിഖയെ വിവാഹം കഴിക്കണം എന്ന് തീരുമാനിച്ച സമയത്ത് പോലും ഞാൻ വിവാഹം എന്നതിനപ്പുറം ജീവിതത്തെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ കുട്ടികളെ കുറിച്ചോ ഒന്നും ചിന്തിച്ചിട്ടില്ല, പക്ഷേ ഇപ്പോൾ അങ്ങനെയല്ല,

ഞാനും താനും നമ്മുടെ കുട്ടികളും പിന്നെ നമുക്ക് പ്രായം ആവുന്നതും അവരുടെ വിവാഹം പോലും ഞാൻ സ്വപ്നം കാണുന്നുണ്ട്... അത്രത്തോളം ഞാൻ ഈ ജീവിതത്തെ ഇഷ്ടപ്പെട്ട് തുടങ്ങിയിരുന്നു, എല്ലാം മറന്ന് നമുക്ക് ഒരുമിച്ച് ജീവിച്ചു തുടങ്ങണം.... ഇന്നുമുതൽ വേണോ..? ഏറെ പ്രണയത്തോടെ അവൻ ചോദിച്ചു..... ചെറു ചിരിയോടെ അവൾ തലയാട്ടി, ഒരു നിമിഷം അവൻ അത്ഭുതത്തോടെ അവളെ നോക്കി... " സീരിയസ് ആയിട്ട് പറഞ്ഞതാണോ...? വീണ്ടും അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു, " പിന്നല്ലാതെ...! ഇക്കാര്യത്തിൽ ഞാൻ തമാശ പറയോ...? എനിക്ക് എത്രയും പെട്ടെന്ന് എന്റെ കണ്ണേട്ടന്റെ മാത്രമാവണം, എല്ലാ അർത്ഥത്തിലും.... ഇമചിമ്മാതെ അവൻ അവളെ തന്നെ നോക്കിയിരുന്നു....പിന്നെ ആ കുഞ്ഞു മുഖം തന്റെ കൈകുമ്പിളിൽ എടുത്തു, ചുണ്ടുകളിൽ നേർത്ത ഒരു ചുംബനം നൽകി... വളരെ മൃദുലമായി എന്നാൽ പ്രണയത്തിന്റെ തീവ്രത മുഴുവൻ പകർന്നു നൽക്കുന്ന ഒരു ചുംബനം.... പ്രണയം മാത്രം നിറഞ്ഞു നിൽക്കുന്ന ഒരു ചുംബനം... പുറത്ത് നിലാവിൽ നിശാഗന്ധി പൂത്തു തുടങ്ങി.....അവന്റെ കൈ വിരലുകൾ അവളുടെ അനവൃതമായ പുറം കഴുത്തിൽ വീണ മീട്ടി... ആദ്യമായാണ് പ്രണയവും രതിയും ഇടകലർന്ന സരയുവിന്റെ ഭാവം അവൻ കാണുന്നത്... അത് അവനിലെ പുരുഷനെ കൂടുതൽ കൂടുതൽ ആവേശഭരിതനാക്കി.... രണ്ടുപേർക്കും പുളകങ്ങൾ സമ്മാനിക്കാൻ ആ മോഹരാവ് തയ്യാറായി...

അവളുടെ അഴകിലെ അഗ്നിയെ സ്വീകരിക്കാൻ അവൻ തയ്യാറായി... പുതു മണ്ണിനെ പുണരുന്ന പുതുമഴയുടെ സംഗമോത്സവം പോലെ അവൻ അവളിൽ പെയ്യാൻ വെമ്പി.... അവനു വേണ്ടി അവൾ ഒരു റോസാപ്പൂവിതളായി മാറിക്കഴിഞ്ഞിരുന്നു... തന്നിലെ തേൻ നുകരാൻ അവനാകുന്ന ചിത്രശലഭത്തെ ക്ഷണിക്കുകയായിരുന്നു അവൾ... നുകരും തോറും മതിയാവാത്ത തേനായിരുന്നു അവന് അവൾ.. ആ രാവ് അവസാനിക്കാതിരുന്നെങ്കിൽ എന്ന് അവർ ആഗ്രഹിച്ചു.. മിഴികളിൽ നിറഞ്ഞു നിന്ന പ്രണയത്തെ ഉടലിലേക്ക് പകർത്തിയെഴുതാൻ തയ്യാറായവർ... അവന്റെ ചുംബനവർഷത്തിൽ തനു തളർന്നവൾ ഉടയടകൾ തന്നിൽ നിന്ന് അകന്നനിമിഷം മിഴികൾ വലിച്ചടച്ചു.. അത്രമേൽ ഇഷ്ടത്തോടെ ഇരുവരും പരസ്പരം സ്വന്തമാകാൻ ആഗ്രഹിച്ചു... നാണവും നഗ്നതയും കവർന്നവൻ അവളിലെ മൃദുവികാരങ്ങൾ പോലും സ്വന്തമാക്കി.. ആദ്യരോമഹർഷത്തിന്റെ നിമിഷത്തിന്റെ അനുഭൂതിയിൽ സ്വയം മറന്നവൾ... സുഖമുള്ള നോവായി അവൻ അവളിൽ പടർന്നു തുടങ്ങിയ നിമിഷം ആ നിശയിൽ താരാഗണങ്ങൾ പോലും കണ്ണുചിമ്മാതെ ആ പ്രണയസംഗമത്തിന് സാക്ഷ്യം വഹിച്ചു... ഒരു ചെറുനോവോടെ അവൻ അവന്റെ പെണ്ണിനെ പൂർണ്ണയാക്കി...,.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story