വേനൽമഴ...🍂💛: ഭാഗം 66

venal mazha

രചന: റിൻസി പ്രിൻസ്‌

സുഖമുള്ള നോവായി അവൻ അവളിൽ പടർന്നു തുടങ്ങിയ നിമിഷം ആ നിശയിൽ താരാഗണങ്ങൾ പോലും കണ്ണുചിമ്മാതെ ആ പ്രണയസംഗമത്തിന് സാക്ഷ്യം വഹിച്ചു... ഒരു ചെറുനോവോടെ അവൻ അവന്റെ പെണ്ണിനെ പൂർണ്ണയാക്കി... പുലർകാല കിളികളുടെ കളകളാരവം കേട്ട് കൊണ്ടാണ് സരയു കണ്ണുകൾ തുറന്നത്... കണ്ണുകൾ തുറന്നതും ഒരു നിമിഷമെടുത്തു അവൾ താൻ എവിടെയാണെന്ന് മനസ്സിലാക്കിയെടുക്കാൻ, ബെഡ് ലാമ്പിന്റെ വെളിച്ചത്തിൽ ആരുടെയോ നെഞ്ചിൽ തല ചായ്ച്ച് ആണ് താൻ കിടക്കുന്നത് എന്ന് മാത്രമായിരുന്നു അവൾക്ക് മനസ്സിലായത്... പെട്ടെന്നാണ് അവന്റെ നെഞ്ചിലാണ് താൻ ചാഞ്ഞ് കിടക്കുന്നതെന്നും അവൻ തന്നെ സ്നേഹത്താൽ നിറഞ്ഞ കരവലയത്തിൽ ബന്ധിച്ചിരിക്കുന്നതാണെന്നും മനസ്സിലായത്... തന്റെ കഴുത്തിടുക്കിലേക്ക് മുഖം ചേർത്തുവെച്ച് ഒരു കുഞ്ഞിനെ പോലെ തന്നെ ചേർത്തുപിടിച്ചു ഉറങ്ങുകയാണ് അവൻ.. ഒരു നിമിഷം അവൾ അവനോട് വാത്സല്യമാണ് അവൾക്ക് തോന്നിയത്, കഴിഞ്ഞ രാത്രിയുടെ ആലസ്യങ്ങളും ശീൽക്കാരങ്ങളും എല്ലാം ഓർമകളായി ഒരു നിമിഷം അവളുടെ മനസ്സിലേക്ക് ഓടിയെത്തി... പെട്ടെന്ന് എവിടെ നിന്നോ ഒരു നാണം വന്നവളെ മൂടി, നാളേറെയായി ഉള്ളിൽ മൂടി വച്ച അനുരാഗം ഇന്നലെ എല്ലാ അർത്ഥത്തിലും പൂർണ്ണമായി... എഴുനേൽക്കാൻ ശ്രമിക്കവേ അവൻ ഒരിക്കൽ കൂടി അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു,

" നേരം വെളുത്തു കണ്ണേട്ടാ....ഞാൻ എഴുന്നേൽക്കട്ടെ... " കുറച്ചു കഴിയട്ടെ.... ഉറക്കത്തിന്റെ ആലസ്യത്തിൽ പറഞ്ഞവൻ അതിനൊപ്പം അവളുടെ കഴുത്തിൽ ഒരു ചുടുചുംബനം നൽകാനും മറന്നില്ല... അവളെ ഒരിക്കൽക്കൂടി തന്നോട് ചേർത്ത് ആ പുലരിയുടെ സൗന്ദര്യം അവൻ ആവോളം നുകർന്നു, ഉടുപ്പിയിലെ കുളിരണിഞ്ഞ പ്രഭാതത്തിലും ആ പുതപ്പിനടിയിൽ രണ്ടുപേരും വീണ്ടും വിയർത്തു....! പ്രണയം തുളുമ്പി നിൽക്കുന്ന ഒരു സംഗമത്തിന് കൂടി ഉഡുപ്പിയിലെ ആ പ്രഭാതം സാക്ഷ്യം വഹിച്ചു..!അവന്റെ വികാരങ്ങൾ അവളിലെ ചിരാതിൽ അഗ്നിയായി വീണ്ടും. ❤️ രാഘവന്റെ കൈപിടിച്ച് പതിയെ നടന്നു തുടങ്ങിയപ്പോൾ ആദ്യമായി പിച്ചവയ്ക്കുന്ന ഒരു കുട്ടിയുടെ ഭാവമായിരുന്നു സരോജിനിക്ക്... ഏറെ പ്രതീക്ഷയോടെ അവർ ഭർത്താവിന്റെ മുഖത്തേക്ക് നോക്കി ഇനി ഒരിക്കലും സാധിക്കില്ല എന്ന് വിചാരിച്ച് സ്വപ്നമാണ് അദ്ദേഹത്തിന്റെ കണ്ണുകളും നിറഞ്ഞിട്ടുണ്ട്, " ചേട്ടാ ഇനി കുഴപ്പമില്ല... പെട്ടെന്ന് നടന്നോളും, ചെറുചിരിയോടെ വിനയ് ഡോക്ടർ പറഞ്ഞപ്പോൾ ദൈവദൂതനായാണ് അയാളെ ആ നിമിഷം രാഘവനു തോന്നിയത്.... " ഇനി ഒരുപാട് ദിവസം ഇവിടെ തുടരേണ്ടി വരില്ല... കുറച്ചു കുഴമ്പും കഷായങ്ങളും ഒക്കെ ഉണ്ടെന്നേയുള്ളൂ അതൊക്കെ കഴിഞ്ഞതിനുശേഷം നന്നായെന്നു തിരുമണം... അത് കഴിഞ്ഞ് വീട്ടിലേക്ക് പോകാം, പിന്നെ ഇടയ്ക്ക് ഇവിടേക്ക് വന്നാൽമതി...

എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ എന്നെ അറിയിച്ചാൽ മതി... എന്നും രാവിലെയും വൈകിട്ടും ഇങ്ങനെ നടക്കണം, കുറച്ചുദിവസം ഒന്ന് പിടിച്ചു നടക്കാൻ പറ്റുമോന്ന് നോക്കണം... ഒരിക്കലും വടി ഉപയോഗിച്ച് നടന്ന് പഠിക്കരുത്, പിന്നെ അത് വെച്ച് മാത്രം നടക്കാൻ പറ്റു, ചേട്ടനെ പിടിച്ചു നടന്നാൽ മതി... പതുക്കെ പതുക്കെ തന്നെ നടക്കാൻ പറ്റുമപ്പോൾ... ഇതൊക്കെ സ്റ്റെപ് ബൈ സ്റ്റെപ് ആണ്, അല്ലാതെ ഒറ്റദിവസം കൊണ്ട് ഇതെല്ലാം നടക്കും എന്ന് വിചാരിക്കരുത് കേട്ടോ, " ഇത്രയും പോലും ഞാൻ പ്രതീക്ഷിച്ചതല്ല ഡോക്ടറെ... മിഥുൻ കുഞ്ഞു പറയുമ്പോഴും ഞാൻ വിശ്വസിച്ചില്ല, ഇതൊക്കെ സംഭവിക്കും എന്ന്.... ഇവളൊരു വിരൽ പോലും അനക്കാൻ സാധിക്കാതെയാണ് കിടന്നിരുന്നത്... നമ്മൾ നടക്കില്ലെന്ന് വിചാരിച്ച ഒരു കാര്യം നടക്കില്ല ചേട്ടാ, എല്ലാ കാര്യങ്ങളും നടക്കുമെന്ന് വിചാരിക്കണം... ജീവിതത്തെ പോസിറ്റീവ് ആയിട്ട് കാണണം, ഏതായാലും നിങ്ങൾ എന്തെങ്കിലുമൊക്കെ പറഞ്ഞു നടക്ക് ഞാൻ ഒരു കാപ്പി കുടിച്ചിട്ട് വരാം.... മുറിയിൽ നിന്നും അയാൾ പിൻവാങ്ങിയപ്പോൾ ഏറെ സന്തോഷത്തോടെ രാഘവൻ സരോജിനിയുടെ മുഖത്തേക്ക് നോക്കി.... " എല്ലാത്തിനും കാരണം സരയുവിന്റെ ഭാഗ്യം ആണ്...

അതിന്റെ അംശം ആണ് നമുക്ക് കൂടി ലഭിച്ചത്, ഭാഗ്യം ചെയ്ത കുട്ടി അവള് എന്റെ കുട്ടിയാണ്.... ഒരുപാട് വിഷമിച്ചിട്ടുണ്ട് അവൾ... നിനക്ക് കൂടി വയ്യാതെയായപ്പൊൾ വീട് നോക്കാൻ വേണ്ടി എന്തൊക്കെ ജോലിക്ക് പോയി, അതിനിടയ്ക്ക് പഠിത്തം, അവസാനം വീട്ടുപണിക്ക് വരെ പോകേണ്ടി വന്നില്ലേ അവൾക്ക്.... മക്കളെ ശരിക്ക് വളർത്താൻ സാധിക്കാത്ത ഒരു ഗതികെട്ട അച്ഛനായി പോയില്ലേ ഞാൻ... രാഘവന്റെ കണ്ണുകൾ നിറഞ്ഞു. " ചേട്ടൻ ഇങ്ങനെ വിഷമിക്കേണ്ട,നമ്മുടെ വേദനയൊക്കെ ഈശ്വരൻ കണ്ടു. അതുകൊണ്ടല്ലേ നമുക്ക് സ്വപ്നത്തിൽ പോലും വിചാരിക്കാൻ സാധിക്കാത്ത ഒരു വിവാഹാലോചന വന്നത്... മോളെ വിളിച്ച് ഈ സന്തോഷം പറയണ്ടേ... സരോജിനി അയാളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു... " വേണ്ട ഇപ്പൊൾ അറിയിക്കേണ്ട, അവൾ ഇവിടെ ഇല്ല... നിനക്ക് സംസാരിക്കാൻ ആയിട്ട് പറയാം എന്ന് ഞാൻ കരുതിയത്, മിഥുന്നോടൊപ്പം ഷൂട്ടിങ്ങിന് പോയിരിക്കുകയാണ്... കേരളത്തിനു പുറത്തെവിടെയോ ആണ്... അരുന്ധതി മേഡം വിളിച്ചിട്ടുണ്ടായിരുന്നു,അപ്പൊൾ പറഞ്ഞതാ, അവരെ രണ്ടാളും ഒരുമിച്ച് അങ്ങനെ നിൽക്കുന്നു പോലും ഇല്ലല്ലോ... വല്ലപ്പോഴും അല്ലേ ഒരുമിച്ചു ഉണ്ടാകാൻ അവസരങ്ങൾ ഉണ്ടാകുന്നത്, പോയിട്ട് വരട്ടെ.. ഇപ്പൊൾ വിളിച്ചുപറഞ്ഞാൽ നിന്നെ കാണാൻ ആണെന്ന് പറഞ്ഞു അവൾ ഇങ്ങോട്ട് ഓടി വരും, പിന്നെ മിഥുന് മോന് അത് ഒരു ബുദ്ധിമുട്ടാവില്ലേ, വലിയ വലിയ ആളുകളല്ലേ... വന്നിട്ട് പറഞ്ഞാ മതി... "

എന്നിട്ട് കുറേ ദിവസം അവളെ വീട്ടിൽ കൊണ്ട് നിർത്തണം, എത്രയോ വർഷങ്ങളായി എന്റെ കുഞ്ഞിനെ ഞാൻ എന്തെങ്കിലും ഉണ്ടാക്കി കൊടുത്തിട്ട്.... അവൾക്ക് ഇഷ്ടമുള്ളതൊക്കെ കുറേ ഉണ്ടാക്കി കൊടുക്കണം, " അങ്ങനെ കുറേ ദിവസം ഒന്നും ഇനി അവളെ നമുക്ക് കിട്ടില്ല... ഇപ്പോൾ നമ്മുടെ മാത്രമല്ലല്ലോ, മിഥുന് മോന് വലിയ ഇഷ്ടം ആണ്..ഇത്രയൊക്കെ ചെയ്യണമെങ്കിൽ അവളെ എന്തുമാത്രം ഇഷ്ടം ആയിട്ടാ... അവളുടെ കാര്യം മാത്രം നോക്കിയാൽ പോരെ..? അവരുടെയൊക്കെ അന്തസ്സിന് നമ്മളെ കുറിച്ച് പറയാൻ പോലും നാണക്കേട് ആണ്... എന്നിട്ടും നമുക്ക് എന്തെല്ലാം സൗകര്യങ്ങൾ അവർ ചെയ്തു തരുന്നത്, ഒക്കെ അവളോടുള്ള ഇഷ്ടം കൊണ്ട് ആണ്... ഈ സ്നേഹം എന്നും നിലനിന്നാൽ മതി... സിനിമാക്കാരുടെ കാര്യം ഒക്കെ നമ്മൾ കേൾക്കുന്നത് അല്ലെ..? മാത്രമല്ല ആ കുട്ടി ഒന്ന് വിവാഹം കഴിച്ചത് ആണ്, ആദ്യത്തെ ഇഷ്ടം തീരുമ്പോൾ എന്റെ കുട്ടിയെ വേദനിപ്പിക്കാതെ ഇരുന്നാൽ മതിയായിരുന്നു... അത്രയേ ഉള്ളൂ എനിക്ക്, ഒരു അച്ഛന്റെ വേവലാതി ആ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു.... മനസ്സിൽ നിറഞ്ഞു നിന്ന് തുടങ്ങിയ സന്തോഷത്തിന് ചെറിയൊരു മങ്ങലേൽക്കുന്നത് സരോജിനിയും അറിഞ്ഞു.... "

ആദ്യം വിവാഹം കഴിച്ചതാണോ...? അതുവരെ അറിയാത്ത ഒരു സത്യം തനിക്ക് മുൻപിൽ ഭർത്താവ് പറഞ്ഞപ്പോൾ അത്ഭുതത്തോടെ സരോജിനി ചോദിച്ചു.. " വിവാഹം എന്ന് പറഞ്ഞാൽ വിവാഹരാത്രിയിൽ തന്നെ പിരിഞ്ഞു എന്ന് ആണ് പറയുന്നത്... എന്താ കാര്യം എന്ന് ഒന്നും അറിയില്ല, സ്നേഹിച്ച് കെട്ടിയ കുട്ടി ആയിരുന്നുവത്രേ, എന്നിട്ടും അത് പിരിഞ്ഞു, പിന്നെ ഒന്നര വർഷത്തിനു ശേഷമാണ് സരയുവിനെ കാണുന്നതും ഇഷ്ടപ്പെടുന്നതും ഒക്കെ.. ആദ്യത്തെ ബന്ധത്തെക്കുറിച്ച് നമ്മളാരും കൂടുതൽ ചോദിച്ചില്ല, എനിക്കൊരു പേടി ഉണ്ടായിരുന്നു... എങ്കിലും സരയൂനോട് ഞാൻ അത് പറഞ്ഞില്ല... ഞാൻ പറയുമ്പോൾ കുട്ടിക്ക് വന്ന ഭാഗ്യം ഞാനായിട്ട് തട്ടിക്കളഞ്ഞു എന്ന് അവൾക്ക് തോന്നിയാലോ, നല്ല രീതിയിൽ വിവാഹം കഴിപ്പിച്ച് അയക്കാൻ എനിക്ക് മാർഗ്ഗമില്ല... അപ്പൊൾ പിന്നെ ഒരു ഭാഗ്യം വരുമ്പോൾ ഞാനായിട്ട് അതിനെതിരെ നിൽക്കേണ്ട എന്ന് കരുതി, "എങ്കിലും ഒരു രണ്ടാംകെട്ടുകാരനെ കൊണ്ട് നമ്മുടെ മോളെ കല്യാണം കഴിക്കേണ്ടിയിരുന്നില്ല ചേട്ടാ... സരോജിനി തന്റെ വേദന പറഞ്ഞു... " അതിലൊന്നും ഒരു കാര്യവുമില്ല സരോജിനി, രണ്ടാകെട്ട് ആണെങ്കിലും ഒന്നാംകെട്ട് ആണെങ്കിലും സ്നേഹത്തോടെ ജീവിക്കാൻ ഉള്ളതാണ്, അതാണ് കാര്യം, ആദ്യമായിട്ട് കല്യാണം കഴിച്ച് എത്രയോ ജീവിതങ്ങൾ തകർന്നിരിക്കുന്നു... മിഥുന് മോന് വലിയ ഇഷ്ടം ആണ് മോളെ... ആ ഇഷ്ടം നിലനിൽക്കണമെന്ന് മാത്രം നമ്മളെ പ്രാർത്ഥിച്ചാൽ മതി, അയാളുടെ അഭിപ്രായം ശരിയാണെന്ന് അവർക്കും തോന്നി. ❤️ മിഥുൻ കണ്ണുകൾ തുറന്നപ്പോൾ സരയു മുറിയിൽ ഉണ്ടായിരുന്നില്ല...

കഴിഞ്ഞ രാത്രിയുടെയും കടന്നുപോയ നിമിഷങ്ങളുടെയും ഓർമകൾ അവനിലും നിറഞ്ഞു. ഹൃദയത്തിൽ ഒരു വേനൽമഴ ഇന്നലെ പെയ്തു തോർന്നു.. അതിന്റെ കുളിര് തന്നെ ഇപ്പോഴും ശീതികരിക്കുന്നു... ഇന്നലെ നിലനിലാവിൽ അലിഞ്ഞത് കേവലം വികാരം മാത്രമായിരുന്നില്ല.. തന്റെ ചുംബനമേറ്റപ്പോൾ വിടർന്ന ചെമ്പകം പോലെ തന്റെ പെണ്ണ് തന്റെ നെഞ്ചിൽ ചേർന്ന് അനുരാഗിണിയായ നിമിഷം അവനെ ആനന്ദത്തിലാഴ്ത്തി.... തന്റെ കാമനകൾ തഴുകി ഉണർത്തിയവളിലെ പ്രണയം തന്റെ പ്രാണനിൽ അലിഞ്ഞു ചേർന്ന് കഴിഞ്ഞു. അവളില്ലാതെ ഒരു കിനാവും തന്റെ കണ്ണുകളിൽ ഇനി വിടരില്ല,അത്രമേൽ ഹൃദയത്തിൽ വേര് ഉറപ്പിച്ചവൾ.. അത്രമേൽ പ്രിയപ്പെട്ട എല്ലാമാണവൾ, കുറച്ചു സമയങ്ങൾക്കു ശേഷം അകത്തുനിന്നും കുളി കഴിഞ്ഞ് ഇറങ്ങി വരുന്നവളെ കണ്ട് ചെറുചിരിയോടെ ആണ് അവൻ നോക്കിയത്... " താൻ എപ്പോഴാണ് എഴുന്നേറ്റു പോയത്, ഞാൻ അറിഞ്ഞില്ലല്ലോ... " ഞാൻ മനപ്പൂർവ്വം കണ്ണേട്ടന് ഉണർത്താതെ എഴുന്നേറ്റത് ആണ്... " അതു കൊള്ളാം ഞാൻ എന്റെ ഭാര്യയെ ഒന്ന് സ്നേഹിച്ച് തുടങ്ങിയിട്ടേയുള്ളൂ... അപ്പോഴത്തേക്കും നീ ഇങ്ങനെ ഒളിച്ചുകളി നടത്തിയാലോ, അപ്പൊൾ എന്റെ സ്നേഹം കൂടിക്കൂടി വരുമ്പോൾ നീ എവിടെ പോയി ഒളിക്കും...? അവളെ പിടിച്ചു നെഞ്ചോട് ചേർത്തുപിടിച്ച് ആണ് അവൻ പറഞ്ഞത്, " ഈ ജീവിതകാലം മുഴുവൻ നമുക്ക് മുൻപിൽ ഇല്ലേ കണ്ണേട്ടാ..? അവന്റെ നെഞ്ചിൽ ഒരു ചിത്രം കോറിയിട്ട് അവൾ ചോദിച്ചു.. " ഇല്ലല്ലോ... ഇനി കുറച്ചു മാസങ്ങൾ മാത്രമേ നമ്മുടെ മുൻപിലുള്ളു, നമ്മുടെ കോൺട്രാക്ട് അങ്ങനെയല്ലേ...? അവന്റെ ആ മറുപടിയിൽ ഒരു നിമിഷം അവളുടെ നെഞ്ചിൽ ഒരു ഭയം നിറഞ്ഞുനിന്നു....,.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story