വേനൽമഴ...🍂💛: ഭാഗം 67

venal mazha

രചന: റിൻസി പ്രിൻസ്‌

ഈ ജീവിതകാലം മുഴുവൻ നമുക്ക് മുൻപിൽ ഇല്ലേ കണ്ണേട്ടാ..? അവന്റെ നെഞ്ചിൽ ഒരു ചിത്രം കോറിയിട്ട് അവൾ ചോദിച്ചു.. " ഇല്ലല്ലോ... ഇനി കുറച്ചു മാസങ്ങൾ മാത്രമേ നമ്മുടെ മുൻപിലുള്ളു, നമ്മുടെ കോൺട്രാക്ട് അങ്ങനെയല്ലേ...? അവന്റെ ആ മറുപടിയിൽ ഒരു നിമിഷം അവളുടെ നെഞ്ചിൽ ഒരു ഭയം നിറഞ്ഞുനിന്നു.. ഒന്നും മിണ്ടാതെ സ്തബ്ധയായി നിൽക്കുന്നവളെ കുറച്ചു സമയം നോക്കി നിന്നിട്ട് ഒന്ന് പൊട്ടി ചിരിച്ചിരുന്നു മിഥുന്.... " പേടിച്ചു പോയോ...? എല്ലാം കവർന്നു ഞാൻ തന്നെ പറ്റിച്ചു എന്ന് തോന്നിയോ...? ചുമ്മാ പറഞ്ഞതല്ലേഡോ തന്റെ റിയക്ഷൻ കാണാൻ വേണ്ടി.... ഈ ജീവിതകാലം മാത്രമല്ല അടുത്ത ഒരു ജീവിതകാലം മുഴുവനും നമുക്ക് സ്വന്തമായിട്ടുണ്ട്, ഈ ജന്മവും വരുന്ന ഏഴ് ജന്മങ്ങളിലും എനിക്ക് തന്നെ തന്നെ വേണം.... നിയെന്നൊരാളിൽ മാത്രം ഭ്രമണം ചെയ്യുകയാണ് ഞാൻ..... അത്രയ്ക്ക് ഇഷ്ടം ആണ് എനിക്ക് തന്നെ.... ഒരു വലിക്ക് അവളെത്തന്നെ നെഞ്ചിലേക്ക് ചേർത്തുപിടിച്ച് അവൻ പറഞ്ഞപ്പോൾ ആ മിഴികൾ നിറഞ്ഞിരുന്നു, " എന്താടാ ഇത്...? ഞാൻ പറഞ്ഞത് വിഷമം ആയോ...? ഞാൻ ഇങ്ങനെ ഇടയ്ക്ക് എന്തെങ്കിലും കോമഡി പറയും, അത് വലിയ കാര്യമൊന്നുമല്ല... ഒത്തിരി ഇഷ്ടമുള്ളവരോട് ഞാൻ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും....

തനിക്ക് ഫീൽ ആണെങ്കിൽ ഞാൻ ഇനി അങ്ങനെ ഒന്നും പറയില്ല.... " എനിക്ക് പെട്ടെന്ന് കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി.... ഇനി കണ്ണേട്ടൻ ഇല്ലാതെ ഒരു നിമിഷം പോലും എനിക്ക് പറ്റില്ല, നിറഞ്ഞു പോയി ആ മിഴികൾ... " ഞാനില്ലാതെ താൻ ഇനി ഉണ്ടെങ്കിൽ അതിനർത്ഥം ഈ ഭൂമിയിൽ നിന്ന് തന്നെ ഞാൻ പോയിട്ടുണ്ടാവും എന്നാണ്.... അല്ലാതെ ഹൃദയത്തിൽ ഒരു മിടിപ്പ് എങ്കിലും ബാക്കിയുണ്ടെങ്കിൽ താൻ ഒറ്റയ്ക്ക് ആവില്ല, ഈ ജീവിതകാലം മുഴുവൻ എനിക്കൊപ്പമുണ്ടാവും.... എങ്കിലും ഇനി ഇങ്ങനെ വേദനിപ്പിക്കുന്ന തമാശകളെ നമ്മുക്ക് വേണ്ടാ.... സോറി.... " കണ്ണേട്ടാ.... " തനിക്ക് വിഷമമുണ്ടാക്കുന്ന ഒന്നും ഇനി ഞാൻ പറയില്ല... തനിക്കത് ഫീൽ ആണെങ്കിൽ വീണ്ടും സോറി.... ഒരു നിമിഷം അവൻ ചെവിയിൽ പിടിച്ച് മാപ്പ് പറയുന്നതുപോലെ കാണിച്ചപ്പോൾ അവളും അറിയാതെ ചിരിച്ചു പോയിരുന്നു.... മൂകാംബികയിലെ വിശേഷപ്പെട്ട സിന്ദൂരം അവൻ തന്നെയാണ് അവളുടെ സീമന്തരേഖയിൽ ചുവപ്പിച്ചത്... " ഇനി നമ്മൾ എവിടെക്കാ പോകുന്നത്....? " നമുക്ക് വീട്ടിലേക്ക് പോകാം... എല്ലാരേയും കാണണം എനിക്ക്.... "

പക്ഷേ എനിക്ക് തന്നെ കണ്ടു മതിയായില്ല.... അവളുടെ നീളൻ മുടിയിഴകൾ പിറകിലേക്ക് ഒതുക്കി തന്റെ മീശരോമങ്ങളാൽ കഴുത്തിൽ ഒന്ന് ഉരസിയാണ് അവൻ പറഞ്ഞത്.... ഇങ്ങനെ കുറെ നാൾ കൂടി നമുക്ക് എവിടെയെങ്കിലും പറന്നു നടക്കാം.... നമ്മുടെ മാത്രമായിട്ട്, " ഇനി പറന്നാൽ ഞാൻ തോറ്റു പോകും.... ഇപ്പോൾ തന്നെ ഒരുപാട് ക്ലാസ് പോയി, ഇന്നലെ ഞാൻ ഓർത്തത് അത്... " ശരിയാണല്ലോ തന്റെ ക്ലാസ്സ് ഒരുപാട് പോയി അല്ലേ...? ഞാൻ അതിനെക്കുറിച്ച് ഓർത്തില്ല, ക്ലാസ്സ്‌ കഴിഞ്ഞതിനു ശേഷം നല്ലൊരു അടിപൊളി യാത്ര തന്നെ നടത്താം.... അവൻ പറഞ്ഞു.. " കണ്ണേട്ടാ എനിക്ക് വീട്ടിലൊന്ന് പോകണം.. "അതിനെന്താ പോകാല്ലോ.... പക്ഷേ അവിടെ നിൽക്കാൻ ആഗ്രഹമുണ്ട് എന്ന് പറയരുത്... "ആഗ്രഹമുണ്ട് പക്ഷേ എനിക്ക് കണ്ണേട്ടനെ കാണാതെ നിൽക്കാൻ പറ്റില്ല.... " താൻ പറഞ്ഞാലും ഞാൻ സമ്മതിക്കില്ല, തന്നെ കാണാതെ ഒരു ദിവസം മുഴുവൻ പോലും എന്നെക്കൊണ്ട് ഇനി പറ്റില്ല, നമുക്ക് രണ്ടുപേർക്കും കൂടെ വീട്ടിലേക്ക് പോകാം... അതിനു ശേഷം തിരിച്ചു പോരാം, എല്ലാവരും കണ്ടു ഹാപ്പി ആയിട്ട് വേണെങ്കിൽ ഒരു ദിവസം അവിടെ നിൽക്കാം... പക്ഷേ ഞാനും കൂടി കാണും, തന്നെ ഒറ്റയ്ക്ക് വിടില്ല... " ശരിക്കും കണ്ണേട്ടൻ അവിടെ വന്ന് നിൽക്കുമോ...? " അതെന്താ..?

അങ്ങനെ ഒരു ചോദ്യം... ഞാൻ വന്നിട്ടില്ലേ...? " അത് അന്നൊരു പ്രേത്യേക സാഹചര്യം ആയോണ്ട് അല്ലേ..? അതുപോലെ ഇപ്പോൾ വരുമോ..? " വരും... അത്രയ്ക്ക് പ്രിയപ്പെട്ടതാണ് താൻ എനിക്ക്.... താൻ മാത്രമാണ് ഈ ലോകത്തിൽ എനിക്ക് പ്രിയപ്പെട്ടത്..... . ഒന്നും മിണ്ടാതെ ഏറെനേരം അവനെ തന്നെ നോക്കി ഇരുന്ന് അവന്റെ മുഖം ഉള്ളംകൈയിൽ കോരിയെടുത്ത് ആ മുഖത്തേക്ക് ആഴത്തിലൊരു ചുംബനം നൽകിയവൾ.... അവന്റെ കവിളിലേക്ക് തന്റെ ചുണ്ടുകളാൽ ഒരു ചുംബനം നൽകിയവൾ... " ഒന്നൂടെ ഒന്ന് ഉറങ്ങിയാലോ...? കുസൃതിയോടെ കീഴ്ച്ചുണ്ട് കടിച്ചു മീശ പിരിച്ച് ഒരു കണ്ണിറുക്കി അവൻ ചോദിച്ചപ്പോൾ അവളൊന്നു കൂർപ്പിച്ചു നോക്കി..... " മര്യാദയ്ക്ക് പോയി കുളിക്കാൻ നോക്ക്.... ഉച്ചയ്ക്ക് പോകേണ്ട...? " ഈ പെണ്ണ് ഒട്ടും റൊമാന്റിക് അല്ല... ചെറുചിരിയോടെ അവൻ ബാത്ത്റൂമിലേക്ക് കയറിയിരുന്നു.... തമ്മിൽ പ്രണയം പകർന്ന് നൽകിയ നിമിഷങ്ങളുടെ ഓർമയിൽ ആയിരുന്നു അവൾ. രാത്രിയോടെയാണ് രണ്ടുപേരും വീട്ടിലേക്ക് എത്തുന്നത്... രണ്ടുപേരും എത്തിയപ്പോഴേക്കും അരുന്ധതി കിടന്നിട്ട് ഉണ്ടായിരുന്നു...

രണ്ടുപേരുടെയും മുഖത്തെ സന്തോഷവും ഉത്സാഹവും ലക്ഷ്മിയിൽ ഒരു സമാധാനം നിറച്ചിരുന്നു.... അരുന്ധതിയുടെ മുറിയിലേക്ക് ചെന്ന് അരുന്ധതിയെ കണ്ട് സംസാരിച്ചതിന് ശേഷമാണ് രണ്ടുപേരും തിരികെ മുറിയിലേക്ക് പോകാൻ തയ്യാറായത്, " നിങ്ങൾ ഭക്ഷണം കഴിച്ചിരുന്നോ അതോ...? ലക്ഷ്മി ചോദിച്ചു " ഞങ്ങൾ പുറത്തുനിന്ന് കഴിച്ചിട്ട് ലക്ഷ്മിയമ്മേ വന്നത്,കിടന്നോളൂ... നേരം ഒരുപാട് ആയില്ലേ, മിഥുൻ ആണ് മറുപടി പറഞ്ഞത്... രണ്ടുപേരെയും നോക്കി ഹൃദയം നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ച് ലക്ഷ്മിയും അകത്തേക്ക് പോയി... സമാധാനം നിറഞ്ഞ രാത്രിയായിരുന്നു അത്... രണ്ടു പേരുടെയും മുഖത്ത് തെളിഞ്ഞു നിൽക്കുന്ന സന്തോഷം ഇരുവരുടെയും ജീവിതത്തിന്റെ സന്തോഷം തന്നെയാണെന്ന് അരുന്ധതിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു... ഇനി തനിക്ക് സ്വസ്ഥമായി ലോകത്തോട് വിട പറയാം, തന്റെ മകൻ ഒറ്റയ്ക്കല്ല... അവനെ സ്നേഹിക്കുന്ന ഒരുവൾ ഒപ്പമുണ്ട്... അത്രമേൽ പ്രിയപ്പെട്ട വഴികാട്ടിയായി, മികച്ച മാർഗദർശിയായി അത്രമേൽ ഇഷ്ടപ്പെട്ട പ്രണയിനിയായി തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കുന്ന സുഹൃത്തായി അങ്ങനെ അവന് ഒരാളെ കിട്ടി കഴിഞ്ഞു...

ആ സമാധാനം അരുന്ധതിയുടെ കണ്ണുകളിലും നിറഞ്ഞുനിന്നു. മുറിയിലേക്ക് ചെന്നതും സരയു കുളിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി... "എന്റെ കൊച്ചേ ഇനി ഈ നട്ടപ്പാതിരക്ക് കുളിക്കാൻ നിൽക്കാതെ ഇങ്ങോട്ട് വന്നു കിടന്നെ.... ചേട്ടന് നന്നായിട്ട് ഉറക്കം വരുന്നു,കുളിയൊക്കെ കഴിഞ്ഞ് വരുമ്പോൾ ഒരുപാട് താമസിക്കും... കൊഞ്ചിയുള്ള അവന്റെ വർത്തമാനം കേട്ട് അവൾ അവനെ ഒന്ന് നോക്കി.... " ഉറക്കം വരുന്നെങ്കിൽ കണ്ണേട്ടൻ കിടന്നോളൂ.... യാത്ര കഴിഞ്ഞു വന്നിട്ട് കുളിക്കാതെ ഇങ്ങനെ കിടന്നാൽ എനിക്ക് ഉറക്കം വരില്ല, " അങ്ങനെ എന്നെ നീ ഉറക്കണ്ട.... കഴിഞ്ഞ കുറെ രാത്രികളിൽ ഞാൻ നന്നായി ഉറങ്ങി.... ഒരു താളത്തിൽ അവൻ പറഞ്ഞു... " എങ്കിലിന്ന് കണ്ണേട്ടന്റെ ഉറക്കം പോകും, അല്ലാതെ വേറെ ഒരു കാര്യം ഇല്ല... എനിക്ക് നല്ല ക്ഷീണമുണ്ട് ഞാൻ കുളി കഴിഞ്ഞു വന്ന ഉടനെ ഉറങ്ങണം എന്ന് ആണ് കരുതുന്നത്... എന്തെങ്കിലും ദുരുദ്ദേശം മനസ്സിൽ വച്ചാണ് ഉറങ്ങാതിരിക്കുന്നതെങ്കിൽ അത് കയ്യിലിരിക്കട്ടെ... ചെറുചിരിയോടെ അവനെ നോക്കി പറഞ്ഞിട്ട് അകത്തേക്ക് കയറിയപ്പോൾ അവന്റെ മുഖത്ത് നിരാശ പ്രകടമായിരുന്നു... എങ്കിലും അതൊരു ചെറുപുഞ്ചിരിക്ക് വളരെ പെട്ടെന്ന് തന്നെ വഴിമാറി....

കുളി കഴിഞ്ഞ് അവളെത്തിയപ്പോഴേക്കും അവൻ പകുതി ഉറക്കം പിടിച്ചിരുന്നു... ഒരു കൊച്ചു കുഞ്ഞിനെ പോലെ കിടന്നുറങ്ങുന്നവനെ കണ്ടപ്പോൾ അവൾക്ക് വാത്സല്യമാണ് തോന്നിയത്... അരികിലേക്ക് ചെന്നു മുടിയിഴകളിൽ ഒന്ന് തഴുകി പുതപ്പെടുത്തു പുതപ്പിച്ചു... അവളുടെ സാന്നിധ്യം അറിഞ്ഞു എന്നതുപോലെ അവൻ അവളെ ഒരു കൈയ്യാൽ തന്റെ നെഞ്ചോടു ചേർത്തു... കണ്ണുകൾ തുറക്കാതെ തന്നെ അവളെ തന്റെ കരവലയങ്ങളുടെ സംരക്ഷണത്തിൽ ആഴ്ത്തി.... ഒരു പുതപ്പിനിടയിൽ രണ്ടുപേരും പരസ്പരം പുണർന്നു നിദ്രയെ പുണർന്നു, കരുതലിന്റെ സ്നേഹസ്പർശം മാത്രമായി ആ രാവ് കടന്നുപോയി... കാലത്തെ ഉറക്കം എഴുന്നേറ്റ ഉടനെ തന്നെ അവൾ പൂജാമുറിയിൽ പോയി പ്രാർത്ഥന കഴിഞ്ഞ് അടുക്കളയിലേക്ക് ആണ് ചെന്നത്.... ലക്ഷ്മിയോട് പതിവ് കുശലങ്ങളും യാത്രയുടെ വിശേഷങ്ങളും ഒക്കെ പങ്കു വെച്ചതിനു ശേഷം നേരെ മുറിയിലേക്ക് ചെന്നു... മിഥുന് അപ്പോഴും ഉണർന്നിട്ടില്ല... ഫോണെടുത്തു വീട്ടിലേക്കു വിളിച്ചു, രണ്ടുവട്ടം കഴിഞ്ഞപ്പോഴാണ് ഫോൺ എടുക്കപ്പെട്ടത്...

താൻ ഉപയോഗിച്ച ഫോൺ ഉപയോഗിക്കുന്നത് കുഞ്ഞിയാണ്... ഫോണെടുത്ത് അച്ഛനും അമ്മയും ആശുപത്രിയിൽ ആണെന്ന് അവൾ പറഞ്ഞപ്പോൾ കുറച്ചു കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്ത് അച്ഛന്റെ നമ്പറിലേക്ക് വിളിച്ചു, കുറച്ചു സമയം സംസാരിച്ചതിന് ശേഷമാണ് അച്ഛൻ സന്തോഷവാർത്തയെ കുറിച്ച് പറഞ്ഞത്... അമ്മ നടന്നു എന്ന് കേട്ടത് ഓർമയുള്ളൂ... ബാക്കി സന്തോഷംകൊണ്ട് കണ്ണുകൾ നിറയുകയായിരുന്നു, അച്ഛൻ അതിനെ കുറിച്ച് വാതോരാതെ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്... ഒന്നും അവൾ കേട്ടില്ല, ആ സന്തോഷവാർത്ത മാത്രം കാതിൽ മുഴങ്ങി.... ആ നിമിഷം തന്നെ മിഥുനെ ചേർത്തുപിടിക്കണം എന്ന് അവൾക്ക് തോന്നി... അല്ലെങ്കിലും തന്റെ സന്തോഷങ്ങളുടെ എല്ലാം തുടക്കവും ഒടുക്കവും അവിടെ തന്നെയാണല്ലോ........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story