വേനൽമഴ...🍂💛: ഭാഗം 70

venal mazha

രചന: റിൻസി പ്രിൻസ്‌

ഒരുപക്ഷേ നിസ്സഹായയായ പെൺകുട്ടിയോട് തോന്നിയ സഹതാപം ആയിരിക്കാം, മിഥുനും ആയുള്ള ബന്ധങ്ങൾ എല്ലാം അവസാനിപ്പിച്ച് തിരികെ വരുന്നവളോട് പ്രണയം പറയാൻ കാത്തിരുന്നവനേ സംബന്ധിച്ച് ഈ വാർത്ത ഹൃദയഭേദകമായിരുന്നു .. ആദ്യമൊക്കെ മിഥുൻ അവളെ സ്നേഹിച്ചിരുന്നെങ്കിൽ നന്നായിരുന്നു എന്നാണ് തോന്നിയത്. പിന്നീട് എപ്പോഴോ ആ മോഹം തന്നിലേക്ക് വഴിമാറി, എപ്പോഴൊക്കെയോ അവൾ സ്നേഹിച്ചു പോയിരുന്നു, അവളുടെ കണ്ണുകൾ എപ്പോഴോ ഹൃദയം കീഴടക്കി തുടങ്ങിയിരുന്നു... മിഥുന് അവൾ വെറുമൊരു ജോലിക്കാരി ആണ് എന്ന് മനസ്സിലാക്കി നിമിഷം മുതൽ ആയിരുന്നു അവൾ ഒരു മോഹമായി തന്റെ ഉള്ളിൽ ചേക്കേറുന്നത്,പലവട്ടം അവളെ കുറിച്ച സംസാരിക്കുമ്പോൾ ഒഴിഞ്ഞു മാറുന്നവന്റെ പ്രവർത്തി കൂടിയായപ്പോൾ ആ ഇഷ്ടത്തിന് മാറ്റ് കൂടി.... അവൻ ഒരിക്കലും അവളെ സ്വീകരിക്കില്ലന്ന് മനസ്സിലാക്കിയതുകൊണ്ട് തന്നെയാണ് അവളെ സ്നേഹിച്ചത്.. എല്ലാ കെട്ടുപാടുകളും ഉപേക്ഷിച്ചുവരുന്നവളോട് നിനക്കിനി ഞാനുണ്ടെന്ന് തുറന്നു പറയണം എന്ന് തോന്നിയിരുന്നു.... ആദ്യമായി അവൾ തന്നോട് മനസ്സ് തുറന്ന ആ ദിവസം, എന്റെ ജീവിതത്തിൽ ഇനി മറ്റൊരു വിവാഹമോ പുരുഷനൊ ഉണ്ടാവില്ലന്ന് അവൾ തന്നോട് തുറന്നു പറഞ്ഞ ദിവസം....

താനാകെ തളർന്നു പോയിരുന്നു, പതുക്കെ തന്റെ ഇഷ്ടം പറഞ്ഞു മനസ്സിലാക്കാം എന്ന് ആണ് അന്ന് പ്രതീക്ഷിച്ചത്.... പിന്നീട് ഒരു കാത്തിരിപ്പായിരുന്നു ഇരുവരും വേർപിരിയാൻ വേണ്ടി, അതിനാണ് പലവട്ടം ഡിവോഴ്സിനെക്കുറിച്ച് ഓർമിപ്പിച്ചത്.... ഓരോ വട്ടവും അതിൽ നിന്നും ഒഴിഞ്ഞു മാറുമ്പോൾ ഉള്ളിൽ ഒരു ഭയം തോന്നി... പിന്നീട് ഇരുവരുടെയും ഉത്സാഹം തന്നെ ഭയപ്പെടുത്താൻ തുടങ്ങിയിരുന്നു.... അടുത്ത സമയം കണ്ടപ്പോഴും അവളുടെ ആ പുഞ്ചിരി തന്റെ ഹൃദയത്തിൽ ഒരു വേദന നിറയ്ക്കുകയായിരുന്നു.... ഇരുവരും തമ്മിൽ പ്രണയിച്ചു പോകുമോ എന്ന് ഒരുവേള താനും സംശയിച്ചു പോയിരുന്നു, വല്ലാതെ തളർന്നു തുടങ്ങിയിരുന്നു സനൂപ്... മിഥുന് അത് മനസ്സിലാക്കാതിരിക്കാൻ അവൻ ഒരുപാട് കഷ്ടപ്പെട്ടു... പലവട്ടം മിഥുന് മുഖം നൽകാതെ അവൻ മറ്റു ദിശയിലേക്ക് മുഖംതിരിച്ചു.... മിഥുൻ ഇപ്പോഴും വാചാലനായി അവന്റെ പെണ്ണിനെ കുറിച്ച് സംസാരിക്കുകയാണ്.... അവന്റെ ഹൃദയത്തിൽ അത്രമേൽ അവൾ കൂടുകൂട്ടി എന്ന് വാക്കുകളിലൂടെ തന്നെ മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു.... " എന്താടാ ഞാൻ നിന്നോട് മുൻപ് ഇത് പറയാത്തതിന്റെ പിണക്കമാണോ നിനക്ക്...? വാടിയ സനൂപിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് മിഥുൻ ചോദിച്ചു.....

"ഹേയ് അല്ലടാ... ഇത് നിന്റെ ജീവിതമാണ്, തിരഞ്ഞെടുക്കേണ്ടത് നീയാണ്.... ഏറ്റവും മികച്ചത് തന്നെ നീ തിരഞ്ഞെടുത്തു, അല്ലെങ്കിലും എത്രനാൾ എന്ന് കരുതി നീ ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കുന്നത്....? എന്താണെങ്കിലും ഒരു കൂട്ട് അനിവാര്യമായിരുന്നു, ഏറ്റവും മികച്ച കൂട്ട് തന്നെയാണ്, നിന്നെപ്പോലെ ഒരാൾക്ക് സരയുവിനെ പോലെ ഒരു പെൺകുട്ടിയെ ഇഷ്ടപ്പെടാൻ സാധിക്കുമോന്ന സംശയം മാത്രമേ എനിക്കുള്ളൂ, ആ സംശയം എനിക്കുണ്ടായിരുന്നു.... സനൂപ് അവശതയോടെ പറഞ്ഞു... " നിനക്കറിയാലോ ഒരിക്കലും എന്റെ സങ്കല്പങ്ങളിലുള്ള ഒരു കുട്ടി അല്ല സരയു. അങ്ങനെ ഒരു പെൺകുട്ടി സ്വപ്നങ്ങളിൽ പോലും കണ്ടിട്ടില്ല, പക്ഷേ നമ്മൾ ആഗ്രഹിക്കുന്നത് അല്ല ദൈവം നമുക്ക് വേണ്ടി തിരഞ്ഞെടുക്കുന്നത്. എല്ലാ സങ്കല്പങ്ങൾക്കും നേരെ ഓപ്പോസിറ്റ് ആണ്. വിപരീതദിശയിൽ ഒഴുകുന്നതു പോലെ, ഒരുപക്ഷേ പൊരുത്തം ഇല്ലായ്മകളായിരിക്കാം ഞങ്ങളിലെ പൊരുത്തം. ഒരു കാര്യവുമില്ല കോമൺ ആയിട്ടുള്ള ഒരു ഇഷ്ടങ്ങൾ ഇല്ല ഞങ്ങൾക്കിടയിൽ... യാത്രകളിൽ ആണെങ്കിൽ അയാൾക്ക് ഇഷ്ടം ഗ്രാമങ്ങളാണ് എനിക്കിഷ്ടം സിറ്റികളാണ്, അങ്ങനെ എല്ലാ കാര്യത്തിലും ഒരുപാട് വിപരീതങ്ങൾ ആണ് ഞങ്ങളുടെ ഇഷ്ടങ്ങൾ...എന്നിട്ടും എപ്പോഴൊക്കെയോ പരസ്പരം ഇഷ്ടപ്പെട്ടു തുടങ്ങി എന്ന് പറയുന്നതാണ് സത്യം ഒരുപക്ഷേ സരയുവിന്റെ മനസ്സിന്റെ നന്മ ആയിരിക്കാം.. അത്രമാത്രം എന്നെ കീഴ്പ്പെടുത്തിക്കളഞ്ഞു അവൾ...

അവൾക്കു വേണ്ടിയാണ് ഇത്രകാലവും ഞാൻ കാത്തിരുന്നത് എനിക്ക് തന്നെ തോന്നി, അവളെപ്പറ്റി പറയുമ്പോഴുള്ള അവന്റെ ഉത്സാഹം കണ്ടു സനൂപിന് വേദന തോന്നിയിരുന്നില്ല അല്ലെങ്കിലും ഒരു സുഹൃത്ത് നിലയിൽ താൻ എത്രയോവട്ടം ആഗ്രഹിച്ചതാണ് അവനൊരു കൂട്ട് ഉണ്ടാവണമെന്ന്, സരയുവിനെ പരിചയപ്പെടുത്തിക്കൊടുത്ത നിമിഷം എങ്ങനെയെങ്കിലും ഇത് സത്യമായിരുന്നെങ്കിൽ ഇരുവരും ഒരുമിച്ച് ജീവിച്ചിരുന്നുവെങ്കിൽ എന്ന് എപ്പോഴോ സ്വപ്നം കണ്ടു തുടങ്ങി താൻ. കണ്ട സ്വപ്നം സത്യം ആയിരിക്കുകയാണ്, പക്ഷേ ആദ്യം കണ്ട സ്വപ്നം ആണെന്ന് മാത്രം...! ഒരു പുഞ്ചിരിയാണ് പകരം സനൂപ് നൽകിയത്... " സരയൂ നല്ല കുട്ടിയാ നിനക്ക് നന്നായിട്ട് ചേരും.... ഒരിക്കലും വിഷമിപ്പിക്കരുത്, ഒരുപാട് വേദനകൾ അനുഭവിച്ചതാണ്.... " ഞാനായിട്ട് ഒരിക്കലും വിഷമിപ്പിക്കില്ല " ബാക്കിയുള്ള ലീഗൽ ഫോർമാലിറ്റീസ് ചെയ്യണം.. ഒരുപാട് കോംപ്ലിക്കേഷൻ ഉണ്ടാകും എത്രയും പെട്ടെന്ന് അതിനുള്ള കാര്യങ്ങൾ ചെയ്യണം.... വിവാഹം നിയമപരമായി രെജിസ്റ്റർ ചെയ്യണം.. " അതിനുള്ള കാര്യങ്ങളൊക്കെ നീ ഒന്ന് റെഡിയാക്കി തരുമോ...? ഞാൻ എവിടെയാണെന്ന് വച്ചാൽ വരാം.. ഒക്കെ തയ്യാറാക്കി തന്നാൽ മതി.. മിഥുൻ പറഞ്ഞു..

"ഞാൻ എല്ലാം ചെയ്തോളാം, നീ വിഷമിക്കേണ്ട... പെട്ടന്ന് ഉത്തരവാദിത്വമുള്ള സുഹൃത്ത് ആയി സനൂപ്.. " ഞാൻ ചെല്ലട്ടെ... നിനക്ക് സമയം വൈകും, "ശരിയാഡാ ഒരു ഫോട്ടോഷൂട്ട് ഉണ്ട്... " നിന്നെ ഒന്ന് കാണാൻ ഞാൻ വരുന്നുണ്ട്. "ഞാൻ എപ്പോഴും ഫ്രീ അല്ലേ, നീ അല്ലേ തിരക്കിലായത്.... വിളിച്ചാൽ കിട്ടാതെ... " സത്യം പറഞ്ഞാൽ കുറച്ചുകാലം ഞാൻ മറ്റൊരു ലോകത്തായിരുന്നു അവിടെ മറ്റൊന്നുമുണ്ടായിരുന്നില്ല,ഞാനും സരയൂ മാത്രം... " ഇനി എന്നും അങ്ങനെ ഒരു ലോകത്തിനുവേണ്ടി നീ കുറച്ച് സമയം കണ്ടെത്തണം, നിന്നെ വിശ്വസിച്ച് നിനക്കൊപ്പം നിൽക്കുന്ന പെണ്ണാണ് അവളുടെ നിസ്സഹായാവസ്ഥ മൂലമാണ് നിനക്ക് അരികിൽ എത്തിയത്.... ഇനി അങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുത്, " ഇനി ഞാൻ ജീവിച്ചിരിക്കുമ്പോൾ ഇനി അവൾക്ക് ഒരു വേദനയും ഉണ്ടാകില്ല, "ഈ ഒരു മനസ്സു മാത്രം മതിയെടാ.... ഉള്ളിലേ വേദനയെ കാണാതെ ഒളിപ്പിച്ച അവൻ പുറത്തേക്കിറങ്ങി... പുതിയ സ്വപ്നങ്ങളുമായി മിഥുനും തന്നെ യാത്രയാരംഭിച്ചു, ജീവിതം ഒരു പുഴപോലെ ഒഴുകി.... ഇരുവർക്കുമിടയിൽ പ്രണയം തീവ്രമായി തന്നെ നിലനിന്നു, ഇതിനിടയിൽ അവസാനവട്ട ചികിത്സയ്ക്കും മറ്റുമായി അരുന്ധതിക്കൊപ്പം വിദേശത്തേക്ക് പോകേണ്ടി വന്നതിനാൽ മിഥുൻ ഒരാഴ്ച സരയുവിനെ സ്വന്തം വീട്ടിൽ ആക്കിയാണ് പോയത്...

അവനെ കാണാതെ ഒരാഴ്ച നിൽക്കുകയെന്നത് വളരെ വേദന നിറഞ്ഞ അനുഭവമായിരുന്നു.... എങ്കിലും പരീക്ഷക്കാലം ആയതുകൊണ്ടുതന്നെ അവർക്കൊപ്പം പോകാൻ അവൾക്ക് കഴിയുമായിരുന്നില്ല, അരുന്ധതിക്കും ചികിത്സയിൽ നല്ല മാറ്റം ഉണ്ടെന്നും മരുന്നുകൾ നന്നായി തന്നെ ഫലത്തിൽ വരുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചത്, മിഥുന് പുതിയ പ്രതീക്ഷകൾ നൽകി... അരുന്ധതിയുമായി വന്നതിനുശേഷം സരയുവിനെ കാണാൻ ആയിരുന്നു അവന്റെ ഹൃദയം നിലവിളിച്ചത്... അങ്ങനെ അരുന്ധതിയെ വീട്ടിൽ ഇറക്കിയതിനു ശേഷം വീട്ടിലേക്ക് കയറുക പോലും ചെയ്യാതെ നേരെ മിഥുൻ യാത്രതിരിച്ചത് സരയുവിന്റെ അരികിലെക്ക് ആയിരുന്നു... ഇതുവരെ അറിയാത്ത ഒരു കാത്തിരിപ്പിന്റെ സുഖം രണ്ടുപേരും അറിയുകയായിരുന്നു, ഒരാഴ്ചക്കാലം അകലെ ആയിരുന്നുവെങ്കിലും മനസ്സുകൾ അരികിലുണ്ടായിരുന്നു... ഒരു വീഡിയോ കോളിങ് അപ്പുറം അവൾക്ക് പറയാനുള്ളത് കേൾക്കാൻ അവനുണ്ടായിരുന്നു, അതുപോലെ തന്നെ തിരിച്ചും... പരീക്ഷയും മറ്റുമായി തിരക്കിലായിരുന്നു സരയു, വിശേഷങ്ങൾ എല്ലാം തന്നെ അവനെ അറിയിക്കാൻ മറന്നിരുന്നില്ല അവൾ,

അമ്മ കൂടി എഴുന്നേറ്റ് നടന്നതോടെ ഇരട്ടി സന്തോഷം ആയിരുന്നു ആ വീട്ടിൽ,അടുത്ത് ഉള്ളവർ എല്ലാവരും സരയുവിനെ ഒരു ആരാധനയോടെയാണ് നോക്കിയത്, മംഗലത്ത് നിന്നും എല്ലാവരും കാണാനെത്തിയിരുന്നു... അവൾ തിരിച്ച് അവിടേക്ക് പോയിരുന്നു, ഒരുപാട് വിശേഷങ്ങൾ ഉണ്ടായിരുന്നു പറയാനും കേൾക്കാനും... ഉച്ചയോടെ മിഥുന്റെ ഓടി ഗേറ്റിനരികിൽ വന്നു നിന്നപ്പോൾ അയൽവക്കത്തുള്ളവരാണ് ആദ്യം ഇറങ്ങിവന്നത്... ആരാധനയോടെ അവനെ എല്ലാവരും നോക്കുമ്പോഴും അവന്റെ കണ്ണുകൾ പാറിയത് അകത്ത് പ്രിയപ്പെട്ടവളിലേക്കായിരുന്നു... അവനെ കണ്ടതും പടിയിലേക്ക് ഇറങ്ങിവന്നവൾക്ക് കാലുകളെ നിയന്ത്രിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല... അവന്റെ അരികിൽ എത്തിയപ്പോഴേക്കും കിതച്ചു പോയിരുന്നു അവൾ... ചെറുചിരിയോടെ അവളെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ച് എല്ലാവരെയും നോക്കി ചിരിച്ച് അവൻ അകത്തേക്ക് കയറി, " എങ്ങനെയുണ്ടായിരുന്നു കണ്ണേട്ടാ യാത്ര....? അമ്മയ്ക്ക് എങ്ങനെ ഉണ്ട്, നമുക്ക് ഇന്ന് വൈകുന്നേരം തന്നെ പോവല്ലേ...?

ഞാൻ ബാഗ് എല്ലാം പാക്ക് ചെയ്തു വെച്ചിരിക്കുകയാണ്... ഒറ്റ ശ്വാസത്തിൽ അനവധി ചോദ്യങ്ങളും ഉത്തരങ്ങളും.. അവൾ എത്ര ഉത്സാഹവതി ആണെന്ന് അവനു മനസിലായി... ഏറെ സന്തോഷത്തോടെ മകളുടെ ആനന്ദത്തെ നോക്കി കാണുകയായിരുന്നു രാഘവൻ... " മോൻ ഇങ്ങോട്ട് വന്നതേയുള്ളൂ.... ഭക്ഷണം വല്ലതും കഴിക്കട്ടെ, മുത്തശ്ശിയാണ് അത് പറഞ്ഞത്.. " മോനെ അകത്തേക്ക് ഇരിക്കെ, എല്ലാവരും കുട്ടിയെ തന്നെ നോക്കുന്നു... അമ്മ പറഞ്ഞതോടെ അവൻ അകത്തേക്ക് കയറി ഇരുന്നു... " എങ്കിൽ ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം... സരയുവിന് ആവേശമായിരുന്നു അവനെ ഊട്ടാൻ... അവളുടെ പ്രവർത്തികൾ ചെറുചിരിയോടെ ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് വളരെ പ്രഭയോടെ മാലയിട്ട് ഒരു ചെറുപ്പക്കാരന്റെ ചിത്രം അവന്റെ കണ്ണുകളിൽ പതിഞ്ഞത്... ഒരു നിമിഷം അവന്റെ മനസ്സിലൂടെ ചില ഓർമ്മകൾ പാഞ്ഞുപോയി, ഇത്രനാളും ഇവിടെ വന്നിട്ട് ഈ ചിത്രം താൻ ശ്രദ്ധിച്ചില്ലെന്നു ആ നിമിഷമാണ് അവൻ ചിന്തിച്ചത്.... വീണ്ടും അവൻ ആ ചിത്രത്തിലേക്ക് നോക്കി, ഓർമ്മകൾ മനസ്സിലേക്ക് കയറി വന്നു... ഹൃദയത്തിലൊരു ഇടി വെട്ടുന്നത് മിഥുൻ അറിഞ്ഞു........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story