വേനൽമഴ...🍂💛: ഭാഗം 72

venal mazha

രചന: റിൻസി പ്രിൻസ്‌

ഫോൺ വെച്ചതും വരുത്തിവെച്ച ഒരു ചിരിയോടെ അവൻ പുറത്തേക്ക് പോകാൻ തയ്യാറായി, ഉള്ളിൽ ഒരു കനൽ എരിയുമ്പോഴും... രണ്ടുപേരും കുറേസമയം വീട്ടിലിരുന്നു... എല്ലാവരോടും സംസാരിച്ച് ഭക്ഷണവും കഴിച്ചാണ് രണ്ടാളും ഇറങ്ങിയത്, ഉള്ളിൽ വലിയ വേദനകൾ നിലനിൽക്കുന്നുണ്ടെങ്കിലും അത് മുഖത്ത് പ്രകടിപ്പിക്കാതെ നല്ല രീതിയിൽ തന്നെ പെരുമാറിയിരുന്നു മിഥുൻ... അല്ലെങ്കിലും താൻ ജീവിതത്തിലും ഒരു നല്ല നടനാണെന്ന് എത്രയോ തവണ തെളിയിച്ചിരിക്കുന്നു, അഭ്രപാളിയിൽ നിറഞ്ഞുനിൽക്കുന്ന നടനം തന്നെയാണ് ഇപ്പോൾ ജീവിതത്തിലും നടത്തിക്കൊണ്ടിരിക്കുന്നത് എന്നും അവനു തോന്നിയിരുന്നു... ജീവിതത്തിൽ അഭിനയിക്കുന്നത് ഒട്ടും ഇഷ്ടമില്ലാത്ത ഒരു വ്യക്തിയാണ് താൻ,എങ്കിലും പലപ്പോഴും ജീവിതം തന്നെ കൊണ്ട് പല വേഷങ്ങൾ കെട്ടിക്കുന്നു... തിരികെയുള്ള യാത്രയിൽ കുറേ ദിവസം മാറി നിന്ന് വിശേഷങ്ങൾ ആയിരുന്നു അവൾക്ക് പങ്കു വെക്കാനുള്ളത്... പഠനത്തെക്കുറിച്ച് വീടിനെക്കുറിച്ച് വീട്ടുകാരെ കുറിച്ച് അവന്റെ വീഡിയോ കോളിനെ കുറിച്ച് പോലും അവൾക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നു...

ആ നിമിഷം അവൾക്ക് മുൻപിൽ മികച്ച കേൾവിക്കാരൻ ആയിരുന്നു മിഥുൻ... ഇടയ്ക്കു എന്തൊക്കെയോ അവൾ ചോദിക്കുന്നുണ്ടെങ്കിലും അവൻ മറ്റൊരു ലോകത്തിലായിരുന്നു, മൂളിയും ചിരിച്ചും അതിന് മറുപടികൾ പറഞ്ഞെങ്കിലും അവന്റെ മുഖഭാവത്തിൽ വരുന്ന മാറ്റം അവളും ശ്രദ്ധിച്ചിരുന്നു... "കണ്ണേട്ടന് സത്യത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ..? ഞാൻ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു, എന്തോ മാനസിക പ്രയാസങ്ങൾ, അവളുടെ ചോദ്യത്തിൽ ഹൃദയം നുറുങ്ങിയവന്.... എങ്ങനെയാണ് പെണ്ണെ എന്റെ വേദനക്ക് കാരണം നീ തന്നെയാണ് എന്ന് തുറന്നു പറയുന്നത്... വേദനിപ്പിക്കുന്ന സത്യങ്ങളാണ് പറയാനുള്ളത്, ഒരുപക്ഷേ അത് കേട്ടാൽ ഒരിക്കലും നീ എന്നോട് ക്ഷമിക്കില്ല... ഉള്ളിൽ അവൻ ഒരു നൂറു തവണ അവളോട് മാപ്പ് ചോദിച്ചു, " അന്ന് നിന്റെ ചേട്ടൻ മരിച്ചപ്പോൾ എന്താ പോലീസ്സിൽ ഒന്നും പരാതി കൊടുക്കാതിരുന്നത്... അസ്വഭാവികമായി മരണം അല്ലേ...?

അതിനെക്കുറിച്ച് വീട്ടുകാർ ആരും യാതൊരു പരാതിയുമായി പോയില്ലല്ലോ...? അവന്റെ പെട്ടെന്നുള്ള ചോദ്യത്തിൽ അവളും സ്മൃതികളിലേക്ക് പോയിരുന്നു.... " അന്ന് അതിനൊന്നും പറ്റുന്ന മാനസികാവസ്ഥയിലായിരുന്നില്ല ഞങ്ങൾ.... ചേട്ടന്റെ നഷ്ടം ഞങ്ങളെ അത്രമാത്രം തളർത്തി കളഞ്ഞിരുന്നു, പിന്നെ എന്തു പറഞ്ഞ് പരാതി കൊടുക്കും..? ജീവിതപ്രയാസങ്ങൾ ഒരുപാടുണ്ടായിരുന്നു ഏട്ടന്. ആത്മഹത്യ ചെയ്തതാണെങ്കിലോ...? മാത്രമല്ല പരാതി കൊടുക്കണമെങ്കിൽ അതിനും വേണം സ്വാധീനം ഒക്കെ, ഒന്നുമുണ്ടായിരുന്നില്ല, ഏട്ടന്റെ മരണം കൊണ്ട് ഞങ്ങൾക്ക് നഷ്ടം സംഭവിച്ചു, ഇനി പരാതി കൊടുത്താലും ഏട്ടനെ തിരികെ കിട്ടില്ലല്ലോ, വീണ്ടും വേദനിപ്പിക്കുന്ന എന്തെങ്കിലും കൂടി അറിയാൻ സാധിക്കും, അത് അറിയാൻ എനിക്കും അച്ഛനും താൽപര്യമുണ്ടായിരുന്നില്ല.. " എങ്കിലും പെട്ടെന്നുള്ള മരണം അതിന്റെ കാരണം എന്താണെന്ന് എപ്പോഴെങ്കിലും തിരക്കാൻ നിങ്ങൾക്ക് തോന്നിയിട്ടില്ലേ...? " ചിലപ്പോഴൊക്കെ ഞാൻ ആലോചിക്കാറുണ്ട് പക്ഷേ ഏട്ടനും എന്തൊക്കെയോ തെറ്റ് ചെയ്തിട്ടുണ്ട് എന്ന് എന്റെ മനസ്സ് എപ്പോഴും പറയും... ഈശ്വരന്മാർക്ക് ഇഷ്ടമില്ലാത്ത എന്തോ ജോലിക്ക് പോയിട്ടുണ്ട്, കൈ നിറയെ കാശ് കൊണ്ടുവരും എന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ അതുറപ്പിച്ചത് ആണ്...

ഞാൻ ഏട്ടനോട് പറഞ്ഞത് ആണ് മോശം വഴിയിലൂടെയുള്ള പണമൊന്നും നമുക്ക് വേണ്ടെന്ന്.... അന്ന് ഞാൻ ഒരിക്കലും അങ്ങനെയൊന്നും ചെയ്യില്ലന്നും നമ്മൾ ചെയ്യുന്ന ജോലിക്ക് അനുസരിച്ച് പണം മാത്രമേ വാങ്ങു എന്നൊക്കെ പറഞ്ഞു, ഒരുപക്ഷേ വീട്ടിലെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വർദ്ധിച്ചപ്പോൾ പെട്ടെന്ന് പണക്കാരൻ ആവാമെന്നുള്ള ഒരു ദുർബുദ്ധി തോന്നിയിട്ടുണ്ടാവും, ആ ബുദ്ധി ആകും അങ്ങനെ ഒരു അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിച്ചത്, പറഞ്ഞപ്പോഴേക്കും അവളുടെ മിഴികൾ നിറഞ്ഞിരുന്നു.... മിഥുൻറെയും... അവൾ കാണാതെ അവൻ അതൊപ്പി കളഞ്ഞിരുന്നു.... ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷ അതാണ് താൻ കാരണം ഇല്ലാതെയായത്... അവന് തല പെരുക്കുന്നത് പോലെ തോന്നിയിരുന്നു... " എനിക്ക് സനൂപിനെ ഒന്ന് കാണണം... വീട്ടിലേക്ക് ഇറങ്ങുന്നില്ല, തന്നെ വീട്ടിലേക്ക് വിട്ടതിനുശേഷം സനൂപിനെ കണ്ടിട്ട് ഞാൻ തിരികെ വീട്ടിലേക്ക് വരാം... " എന്താ അത്യാവശ്യം ആയിട്ട്...? " ഒന്നുമില്ല ഞാൻ നമ്മുടെ കാര്യങ്ങളൊക്കെ കഴിഞ്ഞദിവസം അവനോട് പറഞ്ഞത്, അപ്പൊൾ ഞാൻ നേരത്തെ ഒന്നും പറഞ്ഞില്ല എന്നൊരു പരിഭവം... അതിന്റെ പേരിൽ ആള് പിണക്കത്തിലാണ്,

അത് മാറ്റാൻ വേണ്ടിയാണ്..... " എന്താ കണ്ണേട്ടൻ പറഞ്ഞത്... അവൾക്ക് അറിയാൻ ആകാംഷ ആയി.. " എനിക്ക് എന്റെ പെണ്ണ് ഇല്ലാതെ ഇനി പറ്റില്ലന്ന്... ഡിവോഴ്സിനെ പറ്റി ഇനി സംസാരിക്കേണ്ടന്ന്... പെട്ടെന്ന് വിഷാദം നിറഞ്ഞ അവളുടെ മുഖത്ത് നാണം പല വർണ്ണങ്ങൾ വിതറി തുടങ്ങിയിരുന്നു.... വീടിനു മുൻപിൽ അവളെ ഇറക്കി ഒരു വാടിയ പുഞ്ചിരി അവൾക്ക് സമ്മാനിച്ച് അവന്റെ കാർ പാഞ്ഞുപോയി..... ആ യാത്രയിൽ തന്നെ സനൂപിനെ വിളിച്ച് കാണാനുള്ള സ്ഥലത്തെക്കുറിച്ച് അറിയിച്ചിരുന്നു. .... സ്ഥലം പറഞ്ഞതിനുശേഷം വളരെ അസ്വസ്ഥനായിരുന്നു മിഥുൻ, കാറിനുള്ളിൽ ഇരുന്ന് കുറച്ചു സമയങ്ങൾക്ക് ശേഷം സനൂപ് അവിടേക്ക് എത്തുകയും ചെയ്തിരുന്നു... കാറിനുള്ളിലേക്ക് കയറി നോക്കിയപ്പോൾ തന്നെ അവൻ അസ്വസ്ഥൻ ആണെന്ന് സനൂപിന് തോന്നിയിരുന്നു... " എന്താടാ എന്തുപറ്റി...? " ഒരു പ്രശ്നമുണ്ടടാ... " എന്താ സരയും ആയിട്ട് എന്തെങ്കിലും പ്രശ്നമുണ്ടോ...? സനൂപിന് ആകാംക്ഷയായി... " ഇപ്പൊൾ പ്രശ്നമൊന്നുമില്ല.. പക്ഷേ പ്രശ്നം ഉണ്ടാവും, " എന്താ നീ പറയുന്നത്...? സരയു എന്നെ വിട്ടു പോകും, എനിക്ക് ഉറപ്പാണ്, " എന്താണ് മിഥുനെ കാര്യം പറ...! "സന്ദീപ് ആരാണെന്ന് നിനക്കറിയോ...?

"സന്ദീപോ ..?ഏത് സന്ദീപ്.? നീ എന്താ പരസ്പരബന്ധമില്ലാത്ത സംസാരിക്കുന്നത്...? "സന്ദീപ് ആരാണെന്ന് നമുക്ക് രണ്ടുപേർക്കും അറിയാം, പക്ഷെ നമ്മുക്ക് രണ്ടുപേർക്കും അറിയാത്ത ഒരു കാര്യമുണ്ട് സരയൂ സന്ദീപിന്റെ പെങ്ങളാണെന്ന്... " ഏത് സന്ദീപ്...? നീ മനസിലാകും പോലെ പറ... " അന്ന് ഫൈറ്റ് മാസ്റ്റർ ഭാരത് പരിചയപ്പെടുത്തിയ സന്ദീപിനെ നീ ഓർക്കുന്നില്ലേ...? ശിഖയുടെ കാര്യത്തിനുവേണ്ടി....! പിറ്റേന്ന് പത്രത്തിൽ വന്ന വാർത്ത നീ ഓർക്കുന്നില്ലേ..? " അയാളാണോ സരയുവിന്റെ ചേട്ടൻ...? കുറച്ചു മണിക്കൂറുകൾക്ക് മുൻപ് തന്നിൽ നിറഞ്ഞ അതേ ഞെട്ടൽ തന്നെ അവനിലും മിഥുൻ കണ്ടിരുന്നു... " അതെ... " നീ.... ഇത് എങ്ങനെ അറിഞ്ഞു...? " ഞാൻ ഇന്ന് ആണ് ഫോട്ടോ അവിടെ കണ്ടത്... അപ്പോഴാണ് മനസ്സിലായത്..... " എന്നിട്ട് നീ സരയുവിനോട് ഒന്നും പറഞ്ഞില്ലേ...? " ഞാൻ എന്താടാ അവളോട് പറയുന്നത്...,? എല്ലാം ഞാൻ കാരണമാണെന്നോ..? അവളുടെ ഏട്ടൻ മരിക്കാൻ കാരണം ഞാനാണ് എന്നോ.? ആ കുടുംബത്തെ അനാഥം ആക്കാൻ ഹേതുവായത് ഞാനാണെന്നോ...? "

ഒന്നും മനപൂർവ്വം അല്ലല്ലോ, സംഭവിച്ച പോയതല്ലേ... മാത്രമല്ല അയാളെ നമ്മൾ ഒന്നിനും നിർബന്ധിച്ചിട്ടില്ല,അയാളുടെ ആവശ്യമായിരുന്നു അത്... ഒരുവട്ടം പോലും നമ്മൾ അതിനു വേണ്ടി അയാളെ നമ്മൾ നിർബന്ധിച്ചിട്ടില്ല, പിന്നെ നമ്മളെങ്ങനെ തെറ്റുകാർ ആകുന്നത്....? , അയാളെക്കുറിച്ച് ഒന്നും നമ്മുക്ക് അറിയില്ല... സനൂപ് അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.. " ഇതൊക്കെ എങ്ങനെയാണ് ഞാൻ പറയുക.... ഇനി ഞാൻ ധൈര്യം സംഭരിച്ച് ഇതൊക്കെ പറഞ്ഞു എന്ന് തന്നെ ഇരിക്കട്ടെ, ഇതൊക്കെ അംഗീകരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..? ജീവനാ അവൾക്ക് അവളുടെ ഏട്ടൻ... അത് ഓരോ വാക്കിലും എനിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ട്... ആ ഏട്ടന്റെ മരണം ഞാൻ കാരണം ആണ് സംഭവിച്ചത് എന്ന് അവളറിഞ്ഞാൽ പിന്നെ എന്റെ ജീവിതത്തിൽ നിന്നും അവൾ അകന്നു പോകും, മിഥുന് പൊട്ടികരഞ്ഞു .. ആ കണ്ണുനീർ സനൂപിന് കാണിച്ചു കൊടുത്തു അവന്റെ പ്രിയപ്പെട്ടവളെ നഷ്ടമാകരുത് എന്ന് മാത്രമാണ് അവൻ അപ്പോൾ ചിന്തിച്ചത് എന്ന്.......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story