വേനൽമഴ...🍂💛: ഭാഗം 74

venal mazha

രചന: റിൻസി പ്രിൻസ്‌

അവളുടെ മുടി വകഞ്ഞുമാറ്റി ആ കഴുത്തിലേക്ക് ചുംബനമേകാൻ തുടങ്ങിയ നിമിഷം അവന്റെ കാതിലൊരു നിസ്സഹായനായി ചെറുപ്പക്കാരന്റെ ജീവന് വേണ്ടിയുള്ള ശബ്ദം അലയടിച്ചു... പെട്ടെന്ന് അവൻ അവളിൽ നിന്നും മുഖം മാറ്റി, ഒരു നിമിഷം തന്റെ ചുംബനം ഏൽക്കാൻ വേണ്ടി ഒരു മുല്ലമൊട്ടു വിരിയും പോലെ തലകുനിച്ചവളെ കണ്ട് അവന് വേദനയും തോന്നിയിരുന്നു... പെട്ടെന്ന് അവൻ സനൂപ് പറഞ്ഞ കാര്യങ്ങളെ കുറിച്ച് ഓർത്തു, ഇല്ല... താനൊന്നും അവളുടെ മുൻപിൽ അറിഞ്ഞതായി ഭാവിക്കാൻ പാടില്ല, തന്റെ ഓരോ ഭാവമാറ്റത്തിൽ നിന്നും അവൾ സത്യം അറിഞ്ഞേക്കാം, അതിനുള്ള ഇടം കൊടുക്കരുത്.... സനൂപ് പറഞ്ഞതുപോലെ നിലവിൽ അവൾ ഒന്നും അറിയാൻ ഉള്ള സാധ്യത ഇതുവരെ മുൻപിൽ കാണുന്നില്ല, അതുകൊണ്ട് തന്നെ കൂടുതലായി ഈ കാര്യത്തിൽ ഭയപ്പെടേണ്ട ആവശ്യമില്ല, അവൻ സ്വയം പറഞ്ഞു മനസ്സിലാക്കി.... തന്റെ മുടിയിഴകളിൽ തലോടി കൊണ്ട് എന്തോ ചിന്തിച്ചു കൊണ്ടിരിക്കുന്നവനെ കണ്ടു ഒരുനിമിഷം അവൾക്കും അത്ഭുതം തോന്നിയിരുന്നു... " കണ്ണേട്ടാ...! എന്തുപറ്റി...? അവനെ തട്ടി വിളിച്ചു കൊണ്ട് ചോദിച്ചു അവൾ...

ആ നിമിഷമാണ് അവൻ ബോധത്തിലേക്ക് വന്നത്, എന്ത് മറുപടി പറയണമെന്നറിയാതെ അവൻ അവളെ തന്നെ സൂക്ഷിച്ചുനോക്കി... അവനെന്തോ കാര്യമായ മാനസിക വിഷമമുണ്ടെന്ന് അവൾക്കും തോന്നിയിരുന്നു... " എന്താ എന്തുപറ്റി...? അവളുടെ ചോദ്യത്തിൽ തന്നെ അവന്റെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു, " ഇയ്യോ... എന്താണ് ഏട്ടാ..? പെട്ടന്നവൾ അവന്റെ മുഖം കൈകുമ്പിളിൽ ചേർത്തുപിടിച്ച് ചോദിച്ചു, " ഒന്നുമില്ല ഭയങ്കര തലവേദന... പെട്ടെന്ന് കണ്ണുകൾ ഒളിപ്പിച്ച് അവൻ പറഞ്ഞു, " അതിനാണോ കണ്ണേട്ടൻ കരഞ്ഞത്...? " ഞാൻ കരഞ്ഞില്ലോ..? തലവേദന കൂടിയപ്പോൾ എനിക്ക് കണ്ണിൽ കൂടി വെള്ളം വന്നതാ, അല്ലാതെ കരഞ്ഞത് ഒന്നുമല്ല, സമർത്ഥമായ ഒരു കള്ളം അവൻ പറഞ്ഞു... " എങ്കിൽ ഒരു കാര്യം ചെയ്യ് കണ്ണേട്ടൻ ഇവിടെ എന്റെ മടിയിലേക്ക് കിടക്ക്, ഞാൻ ബാം ഇട്ടു തരാം.... അവളുടെ ഒരു തലോടൽ ആ ഒരു നിമിഷം അവനും ആവശ്യമായിരുന്നു, അതുകൊണ്ടു തന്നെ മറുത്തൊന്നും പറയാതെ അവളുടെ മടിത്തട്ടിൽ അവൻ അഭയം തേടി കമിഴ്ന്നു കിടന്ന് അവളുടെ വയറിൽ ചുംബനം നൽകിയപ്പോഴും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു,

ഒന്നും മനസ്സിലാവാതെ അവൾ ബാം ഇട്ട അവന്റെ നെറ്റിയിൽ മൃദുലമായി തിരുമ്മി, അതിനിടയിൽ മുടിയിഴകളിൽ തഴുകുവാനും അവൾ മറന്നില്ല.... ആ നിമിഷം അവളുടെ മടിത്തട്ട് അവന്റെ അഭയസ്ഥാനം ആയിരുന്നു.... ഒരു അമ്മയുടെ വാത്സല്യത്തോടെ മൃദുലമായി അവന് വാത്സല്യം പകർന്നു നൽകിക്കൊണ്ടിരുന്നു അവൾ... അവളുടെ സ്നേഹ പരിലാളനങ്ങളുടെ തഴുകലിൽ എപ്പോഴോ സ്വയം മറന്നവൻ നിദ്രയെ കൂട്ടുപിടിച്ചു, കുറേസമയം മനസ്സിൽ നിറഞ്ഞു നിന്ന പല പ്രശ്നങ്ങൾക്കും അവധി കൊടുത്തു കൊണ്ട് മനോഹരമായ ഒരു നിദ്ര അവനെ തേടി വന്നിരുന്നു.... അവനെ ഉണർത്താതെ ഒരു കൊച്ചുകുഞ്ഞിന് നൽകുന്ന ശ്രെദ്ധയോടെ പതിയെ അവനെ കാട്ടിലിലേക്ക് കിടത്തി... അതിനു ശേഷം ഒരിക്കൽ കൂടി അവൾ അവനെ തഴുകി... അവനു നല്ല ക്ഷീണം ഉണ്ട് എന്ന് ആ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു... ആ നിഷ്കളങ്ക മുഖം കണ്ടപ്പോൾ വീണ്ടും വാത്സല്യം ആണ് അവളിൽ ഉണർന്നത്... ഒരു ചുംബനം നൽകി ആ മുടിയിഴകൾ ഒക്കെ നന്നായി മാടിയൊതുക്കി അവന്റെ കാലിൽ കിടന്ന ഷൂസും സോക്സും എല്ലാം അഴിച്ചുമാറ്റിയവൾ... കുറച്ച് സമയം ഉറങ്ങട്ടെ എന്ന് അവൾക്കും തോന്നിയിരുന്നു,

അവന്റെ മനസ്സിൽ ആരോടും പറയാൻ പറ്റാത്ത എന്തൊരു വേദന കിടക്കുന്നുണ്ട്, തന്നോട് പറയാൻ സാധിക്കാത്ത ഒരു വേദനയാണ്, ഇല്ലെങ്കിൽ അവൻ താനുമായി പങ്കുവച്ചേനെ എന്ന് അവൾക്ക് ഉറപ്പായിരുന്നു, തന്നോട് പറയാത്ത പ്രധാനപ്പെട്ട കാര്യങ്ങൾ ഒന്നും തന്നെ അവനില്ല എന്ന് അവൾക്ക് മനസ്സിലായിരുന്നു... അതുകൊണ്ട് തന്നെ താൻ അറിയേണ്ട വിഷയം ആയിരിക്കില്ല എന്നും ജോലിസംബന്ധമായ എന്തോ വേദനയാണ് അവനെ അലട്ടുന്നത് എന്നും അവൾ അനുമാനിച്ചു, അങ്ങനെ അവൾ ആശ്വസിക്കുകയായിരുന്നു.. ¡¡¡ തനിക്ക് തന്നെ തന്നെ സ്വയം നഷ്ടപ്പെട്ടത് പോലെയാണ് സനൂപിന് തോന്നിയത്... സ്വയം മറന്നിരുന്നവൻ മദ്യപിക്കുകയായിരുന്നു, നഷ്ട്ടങ്ങളുടെ പട്ടിക പൂർണ്ണമായി എന്ന് അവനു നന്നായി മനസ്സിലായി... അച്ഛനുമമ്മയും ചെറുപ്പത്തിൽതന്നെ മരിച്ചപ്പോൾ ആരും ഇല്ലാതെ ആയി അനാഥലയത്തിൽ എത്തി...പൊതുവെ ഉൾവലിഞ്ഞ തനിക്ക് മിഥുന് മാത്രമായിരുന്നു സുഹൃത്ത് ആയി ഉണ്ടായിരുന്നത്, ആ സൗഹൃദം ഒരു മികച്ച സൗഹൃദം തന്നെയായിരുന്നു... സൗഹൃദത്തെക്കാൾ ഉപരി ഒരു സാഹോദര്യം ആയിരുന്നു അവനുമായി കാത്തു സൂക്ഷിച്ചിരുന്നത്,

വളരെ അവിചാരിതമായാണ് മിഥുനും ആയി ആദ്യമായി പരിചയപ്പെടുന്നത്... ചെന്നൈ നഗരത്തിലെ തിരക്കുകൾക്കിടയിൽ സിനിമാമോഹവുമായി എത്തിയ ഒരു പയ്യൻ, അത് മാത്രം ആയിരുന്നു അന്ന് അവൻ.... പിന്നീട് പതുക്കെ പതുക്കെ അവന്റെ വളർച്ച കണ്ടവനാണ് താൻ.. വളർച്ച വർദ്ധിക്കും തോറും അവന്റെ സ്വഭാവത്തിൽ യാതൊരു മാറ്റവും വന്നില്ല, ആദ്യമായി താൻ കണ്ടപ്പോൾ ചാൻസ് ചോദിയ്ക്കാനെത്തിയ ആ പയ്യൻ തന്നെയായിരുന്നു പിന്നീടും അവൻ, ഒരിക്കലും അവന്റെ സ്വഭാവങ്ങളിൽ മാറ്റം വന്നില്ല... മനസ്സ് തുറന്ന് അവൻ തന്നെ സ്നേഹിച്ചു, ഒരു സഹോദരന്റെ സ്ഥാനം നൽകി, ചെറുപ്പത്തിൽ അനുഭവിച്ച വേദനകളെ കുറിച്ചും തന്റെ മനസ്സിൽ ഒരു ചെപ്പിൽ അടച്ച സൂക്ഷിച്ച് പ്രണയത്തെ കുറിച്ചും ഒക്കെ വാചാലനായി അവൻ... അവനെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയതും താൻ ആയിരുന്നു, അതുകൊണ്ട് തന്നെ അവന്റെ പ്രണയനഷ്ടം എത്രത്തോളം ഭീകരമായിരുന്നു എന്ന് തനിക്ക് ഉറപ്പായിരുന്നു, അതുകൊണ്ടുതന്നെയാണ് അവന് വീണ്ടും ഒരു ജീവിതം ഉണ്ടായി കാണണമെന്ന് ആഗ്രഹിച്ചത്.... ഒരുപക്ഷേ തന്റെ അച്ഛനും അമ്മയ്ക്കും ശേഷം തന്റെ സ്വന്തം എന്ന് ഒക്കെ തനിക്ക് പറയാൻ സാധിക്കൂന്ന വ്യക്തിയെന്നത് മിഥുൻ മാത്രമായിരിക്കും.

മിഥുന് വേണ്ടി സരയുവിനെ കാണുവാൻ പോയപ്പോഴും ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു യഥാർത്ഥത്തിൽ ഇവർ സ്നേഹിച്ചിരുന്നുവെങ്കിൽ എന്ന് .. നല്ലൊരു ജീവിതം അവന് ലഭിച്ചിരുന്നെങ്കിൽ എന്ന്, പലവട്ടം അവളെപ്പറ്റി പറയുമ്പോഴും അവൻ കോപത്താൽ നിറയുമ്പോൾ ആ നിസ്സഹായയായ പെൺകുട്ടിയുടെ മുഖം മാത്രമായിരുന്നു മനസ്സിൽ നിറഞ്ഞു നിന്നിരുന്നത്... ഒരു വർഷത്തേക്ക് കരാർ തീർന്നു തിരികെ പോകുമ്പോൾ അവൾക്ക് വിവാഹമെന്ന ഒരു സ്വപ്നം ഉണ്ടായിരിക്കില്ലെന്ന് ഉറപ്പായിരുന്നു, എങ്കിലും അവളോട് തന്റെ പ്രണയം പറഞ്ഞു ചേർത്തു പിടിക്കണം എന്ന് തോന്നി.... പ്രണയത്തിലും ഉപരി ജീവിതത്തിൽ അവൾ ഒറ്റപ്പെടരുത് എന്ന ആഗ്രഹം ആണ് അപ്പോൾ തോന്നിയത്.. കാരണം ഒറ്റപ്പെടലിന്റെ വേദന അനുഭവിച്ച വന്നാവനായിരുന്നു താൻ.. മിഥുന് ഉപേക്ഷിക്കുമ്പോൾ അവളോട് താൻ ഉണ്ടെന്ന് പറയണം എന്ന് ആഗ്രഹിച്ചു, ഒരു ചെറിയ മോഹമായി വളർന്നത് പിന്നീട് പടർന്നു പന്തലിക്കുക ആയിരുന്നു.... തന്റെ മനസ്സിൽ രാത്രികളിലെ സ്വപ്നങ്ങളിൽ നായിക ആയി അവൾ കൂട്ടിനെത്തി.... ആരൊക്കെയോ ഉണ്ടെന്ന് ഒരു തോന്നൽ അവൾ തോന്നിപ്പിച്ചു.

പിന്നീട് ഒരിക്കൽ മിഥുൻ അല്ലാതെ മറ്റൊരാളുടെ ജീവിതത്തിൽ ഉണ്ടാവില്ല എന്ന് അവൾ തുറന്നു പറഞ്ഞ ദിവസം സ്വപ്നങ്ങൾക്ക് ചെറിയൊരു മങ്ങലേറ്റിരുന്നു, പിന്നീട് മിഥുന്റെ തുറന്നുപറച്ചിൽ കൂടി ആയപ്പോൾ അത് പൂർണമായി... എങ്കിലും ആത്മാർത്ഥമായി അവർക്ക് നല്ല ജീവിതം ലഭിക്കണമെന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്, എങ്കിലും ഓർമ്മകൾക്ക് മരണമില്ല... പ്രണയനഷ്ടം അത് ചെറുത് ആണേലും വലുത് ആണേലും വേദന ഒരുപോലെ തീവ്രമാണല്ലോ... ഒരാൾക്ക് ഒരാളെ സ്നേഹിക്കാൻ മറ്റൊരാളുടെ അനുവാദം വേണ്ട എന്നുള്ളത് ഉറപ്പാണ്, പക്ഷേ മറക്കണം എന്നുണ്ടെങ്കിൽ അതിനു കടമ്പകൾ ഏറെയാണ്..... വീണ്ടും വീണ്ടും മദ്യക്കുപ്പികൾ കാലിയായി തുടങ്ങി, പെട്ടന്നാണ് മുറ്റത്തൊരു വാഹനത്തിന്റെ ഇരമ്പൽ കേട്ടത്, പെട്ടെന്ന് അവൻ പുറത്തേക്ക് നോക്കി, കോളിംഗ് ബെൽ അടിച്ചതും വാതിൽ തുറന്നു നോക്കിയപ്പോൾ മുൻപിൽ നിൽക്കുന്ന വ്യക്തിയെ കണ്ടു അവൻ അമ്പരന്നു........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story