വേനൽമഴ...🍂💛: ഭാഗം 76

venal mazha

രചന: റിൻസി പ്രിൻസ്‌

 രാത്രിയുടെ ഏതോ ഒരു യാമത്തിൽ സരയു കണ്ണുകൾ തുറന്നപ്പോൾ ഉണർന്നു കിടക്കുകയാണ് മിഥുൻ..! എന്തൊക്കെയോ ആലോചിച്ച് ഇരിക്കുകയാണ് അവൻ, കുറച്ച് സമയം അവന്റെ മുഖത്തേക്ക് തന്നെ നോക്കി തിരിഞ്ഞു സരയു കിടന്നു... താൻ ഉണർന്നു പോലും അവൻ അറിഞ്ഞിട്ടില്ല... എന്തോ ഗ്രാഹ്യമായ ചിന്തയിലാണ് അവൻ... പെട്ടെന്ന് അവളവനെ കൈകളാൽ പുണർന്നു... ഞെട്ടിയത് പോലെ അവൻ അവളുടെ മുഖത്തേക്ക് നോക്കി, " എന്താ കണ്ണേട്ട...! എന്തുപറ്റി കണ്ണേട്ടന് ഉറക്കം പോലുമില്ലല്ലോ..... അവന്റെ തല മുടിയിൽ തലോടി കൊണ്ട് അവൾ ചോദിച്ചു... " എന്നോട് പറയാൻ പറ്റാത്ത എന്തോ സങ്കടം ആണെന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ട് ഞാൻ ചോദിക്കാത്തത്, ചോദിച്ചു വിഷമിപ്പിച്ചാൽ പിന്നെ അത് സങ്കടം ആവുമെന്ന് കരുതിയിട്ട് ആണ്.. എങ്കിലും കണ്ണേട്ടന് വേദനിക്കുന്നത് കാണാൻ വയ്യ... എന്നോട് പറയാൻ പറ്റുമെങ്കിൽ പറ, കണ്ണേട്ടന്റെ മനസ്സിനെ അലട്ടുന്ന പ്രശ്നമെന്താ...? ഒരു നിമിഷം അവന്റെ നെഞ്ചകം ഒന്ന് പിടഞ്ഞു... തന്നെ ഇത്രത്തോളം മനസ്സിലാക്കിയ ഒരു പെണ്ണിനോട് എങ്ങനെയാണ് താനിത് മറച്ചുവയ്ക്കുന്നത്..? തിരിഞ്ഞ് അവൾക്കരികിലേക്ക് കിടന്ന് ആ നെറ്റിയിൽ അവൻ മുത്തമിട്ടു,

ഏറെ സ്നേഹത്തോടെ ആ മുഖം കൈകുമ്പിളിൽ എടുത്ത് കവിളുകളിലും ചുണ്ടുകളിലുമൊക്കെ അവൻ തന്റെ മുദ്ര പതിപ്പിച്ചു.... ഭ്രാന്തമായി ചുംബിക്കുന്നവനെ അവൾ മനസ്സിലാവാതെ നോക്കി... ഒട്ടും എതിർക്കാതെ തന്നെ അവൾ അവന്റെ ചുംബനത്തെ ഏറ്റുവാങ്ങി... ചുംബനത്തിന് ഒരു അറുതി വന്നപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. " ഒരുപക്ഷേ ഇനി ഒരിക്കലും ഇങ്ങനെ പൂർണമനസ്സോടെ നീ എന്റെ സ്നേഹം ഏറ്റുവാങ്ങില്ല... ഇടർച്ചയോടെ അവൻ പറഞ്ഞു.. " എന്താ കണ്ണേട്ടാ ഈ പറയുന്നത്...? എനിക്കൊന്നും മനസ്സിലാവുന്നില്ല, അവന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു... " നമുക്ക് ബാൽക്കണിയിലേക്ക് ഇരിക്കാം... എനിക്ക് കുറച്ചു കാര്യം നിന്നോട് സംസാരിക്കാൻ ഉണ്ട്, അത്രയും പറഞ്ഞ് മറുപടിക്കു കാക്കാതെ അവൻ അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നിരുന്നു....അവളും അവനെ അനുഗമിച്ചു, രണ്ടുപേരും ആ നടത്തം നിന്നത് ബാൽക്കണിയിലാണ്... അവളുടെ മുഖത്തേക്ക് നോക്കി ഒന്നും പറയാനുള്ള ധൈര്യം തനിക്കില്ലെന്ന് അവന് ഉറപ്പായിരുന്നു, പുറത്തെ നിലാ വെളിച്ചത്തിലേക്കു നോക്കിനിൽക്കുന്നവന്റെ തോളിൽ അവൾ കൈവച്ചു... " എന്താ കണ്ണേട്ടാ..?

എന്താണെങ്കിലും പറ, നമുക്ക് പറ്റുന്ന കാര്യമാണെങ്കിൽ പരിഹാരമുണ്ടാക്കാം... " പരിഹാരം ഉണ്ട്...! പക്ഷേ അത് നിന്റെ കയ്യിൽ മാത്രമേ ഉള്ളൂ, " എന്താ കണ്ണേട്ടാ ഈ പറയുന്നത്...? എനിക്ക് ഒന്നും മനസ്സിലാവുന്നില്ല "പറയാം...! അതിനുമുൻപ് ഞാൻ ചോദിക്കുന്നതിനു നീ എനിക്ക് മറുപടി തരണം... " എന്താ കണ്ണേട്ട... " എന്റെ ഭാഗത്തുനിന്ന് നിന്റെ നിന്നോട് അറിയാതെ എന്തെങ്കിലും ഒരു തെറ്റ് സംഭവിച്ചു പോയാൽ നീ അതിന് എനിക്ക് മാപ്പ് തരില്ലേ...? " കണ്ണേട്ടൻ എന്തൊക്കെയാണ് ചോദിക്കുന്നത്...? " എനിക്ക് മനസ്സിലാവുന്നില്ല... " സനൂപ് എന്നോട് പറഞ്ഞു നിന്നോട് ഇക്കാര്യം പറയരുതെന്ന്, പക്ഷേ നിന്നോട് മറച്ചുവച്ച് ഒരു നിമിഷം പോലും എനിക്ക് ജീവിക്കാൻ സാധിക്കുന്നില്ല...! ഓരോ വട്ടവും കള്ളം ചെയ്യുന്ന പോലെ എനിക്ക് തോന്നുന്നത്... നീ എന്ത് ശിക്ഷ വിധിച്ചാലും അത് സ്വീകരിക്കാൻ ഞാൻ തയ്യാറാണ്.... പക്ഷേ നിന്നോട് ഞാൻ തുറന്നു പറയുക തന്നെ ചെയ്യും, " എന്താ കണ്ണേട്ടാ...? അവൾക്ക് ഭയം തോന്നിയിരുന്നു, " കണ്ണേട്ടൻ എന്താണെങ്കിലും പറ... " ഞാൻ പറയുന്നത് കേട്ട് നീ ഒരുപക്ഷേ എന്നെ ഉപേക്ഷിച്ചു പോകും.... " അതിനു ഞാൻ മരിക്കണം കണ്ണേട്ടാ...

അവളുടെ ആ വാക്കുകൾ അവനിൽ വല്ലാത്ത ഒരു ആത്മവിശ്വാസം നിറച്ചിരുന്നു... " പറയട്ടെ...? " പറ കണ്ണേട്ടാ . " പറഞ്ഞ് അവസാനിക്കുമ്പോൾ ഒരുപക്ഷേ നിനക്ക് എന്നോട് വെറുപ്പ് തോന്നിയേക്കാം... നിന്റെ ഏട്ടൻ മരിക്കാൻ അറിഞ്ഞോ അറിയാതെയോ കാരണമായത് ഞാനാണ്... സരയുവിന് ഭൂമി താഴ്ന്നു താൻ താഴേക്ക് പോകുന്നതു പോലെയാണ് തോന്നിയത്... ഒന്നും മനസ്സിലാവാതെ ഒരു ഞെട്ടലോടെ അവൾ അവനെ നോക്കി.... " എന്റെ വിവാഹരാത്രി, ശിഖയെ ഒരിക്കലും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ ഞാൻ കണ്ട ആ രാത്രി...! അന്നത്തെ ആ കാഴ്ച എന്നെ ഒരു ഭ്രാന്തനാക്കി കളഞ്ഞിരുന്നു... രാവും പകലും നിർത്താതെയുള്ള മദ്യപാനത്തിനിടയിൽ ഞാൻ പല കാര്യങ്ങളെ കുറിച്ചും ചിന്തിച്ചു, അവളെ കൊന്നാലോ എന്ന് പോലും ഞാൻ മനസ്സിൽ കരുതി..... പിന്നെ കരുതി കൊല്ലാൻ പാടില്ല, ഇഞ്ചിഞ്ചായി അവളെ അനുഭവിപ്പിക്കണം... ഞാൻ അനുഭവിച്ച വേദനകൾ ഒക്കെ അവൾ അറിയണം, അങ്ങനെ ഞാനൊരു തീരുമാനമെടുത്തു... ഞാൻ അനൂപിനോട് അത് പറഞ്ഞു, അവനെന്നേ തിരുത്താൻ ശ്രമിച്ചെങ്കിലും ഞാൻ ആ തീരുമാനത്തിൽ നിന്ന് മാറില്ല എന്ന് മനസ്സിലാക്കിയതോടെ സമ്മതിച്ചു ..

സമ്മതിപ്പിച്ചു, എന്റെ ശവം കാണേണ്ടി വരും എന്ന് പറഞ്ഞപ്പോൾ അവൻ സമ്മതിക്കുകയായിരുന്നു... എനിക്ക് പരിചയമുള്ള ഒരു ഫൈറ്റ് മാസ്റ്റർ ഉണ്ട്, ഭാരത്, അയാൾക്ക് ചില കൊട്ടേഷൻ ടീമിനെ ഒക്കെ പരിചയമുണ്ട്.. എന്നെ കൂട്ടിക്കൊണ്ട് അയാൾ എനിക്ക് ഒരാളെ പരിചയപ്പെടുത്തി തന്നു... രുദ്രൻ എന്നായിരുന്നു, അയാളുടെ പേര് അയാളുടെ കൂടെ ഒരു സഹായി പയ്യൻ ഉണ്ടായിരുന്നു... ചെറിയ ചില അടിപിടി കേസുകൾ മാത്രം ചെയ്തിരുന്ന ഇവർക്ക് മുൻപിലേക്ക് ആണ് ഞാൻ എത്തുന്നത്... ശിഖയെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും തട്ടിക്കൊണ്ടു വരണം എന്ന് മാത്രമേ ഞാൻ പറഞ്ഞിരുന്നുള്ളൂ.... അവളെ കൊണ്ടെന്ന് ഉപദ്രവിക്കാൻ ഒന്നുമായിരുന്നില്ല, കുറച്ചുദിവസം ആരും കാണാതെ എവിടെയെങ്കിലും പൂട്ടിയിട്ടതിന് ശേഷം എന്റെ അരിശം തീരുന്നതുവരെ അവളെ തല്ലണം.... അതിനപ്പുറം മറ്റൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല, ചെയ്തു പോയ തെറ്റിനെ ഓർത്ത് അവൾ ഉരുകണം.... അതിനുവേണ്ടി ഷൂട്ടിംഗ് കഴിയുമ്പോൾ അവളെ കൊണ്ടുവരണമെന്ന് മാത്രമായിരുന്നു ഞാനും പറഞ്ഞത്... അതിന് ഞാൻ അവർക്ക് ഓഫർ ചെയ്തത് 10 ലക്ഷം രൂപയായിരുന്നു... അവരെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു തുക ആയിരുന്നു, രുദ്രന്റെ സഹായിയായ പയ്യനെ കൊണ്ട് ഇത് ചെയ്യിപ്പിക്കാം എന്ന് ഞങ്ങളോട് അയാൾ പറഞ്ഞു. അയാൾക്ക് രണ്ട് ലക്ഷം രൂപ കൊടുക്കാമെന്ന് ഏൽക്കുകയും ചെയ്തു,

ക്ലോറോഫോം അടക്കമുള്ള സാധനങ്ങൾ വാങ്ങുകയും ചെയ്തു... അപ്പോഴാണ് സഹായി ആയ പയ്യനെ പരിചയപ്പെടുത്തി ശിഖയ്ക്ക് നൽകാം എന്ന് പറഞ്ഞത് ഭരത് ആയിരുന്നു... ആ സഹായി പയ്യന്റെ പേര് സന്ദീപ് എന്നായിരുന്നു....! അത് നിന്റെ ചേട്ടൻ ആയിരുന്നു... സരയുവിൽ വീണ്ടും ഒരു നടുക്കം ഉണ്ടായി.... " കാഴ്ചയിൽ തന്നെ ഒരു സാധാരണക്കാരനായ പയ്യൻ ആയതുകൊണ്ട് അവൻ ലൊക്കേഷനിലെത്തിയാൽ ആർക്കും സംശയം തോന്നില്ല എന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു, ഒരു കഥ പറയാൻ ആണെന്ന് പറഞ്ഞു ഫോർട്ട് കൊച്ചിയിലേക്ക് അവളെ വിളിച്ചു വരുത്താമെന്ന് സന്ദീപ് ഞങ്ങൾക്ക് ഉറപ്പുതന്നു.. ഭരത് ആണ് ഷൂട്ടിംഗ് സെറ്റിലേക്ക് അവരെ പറഞ്ഞു വിട്ടത്... മാസ്റ്ററുടെ കെയറോഫിൽ ശിഖയെ കാണുവാനും സന്ദീപിന് സാധിച്ചു... വൈകുന്നേരം അഞ്ചു മണിയാവുമ്പോൾ കഥ പറയാൻ എത്താമെന്ന് സന്ദീപ് പറഞ്ഞു, അത് ശിഖ സമ്മതിക്കുകയും ചെയ്തു... അതിനുവേണ്ടി ഒരു ഹോട്ടലിൽ മുറിയെടുത്തു രുദ്രൻ, എന്നാൽ ശിഖ ഒറ്റയ്ക്ക് വരുമെന്നും, ക്ലോറോഫോം മണപ്പിച്ച് അവളെ ബോധരഹിത ആകാമെന്നും ആയിരുന്നു സന്ദീപിന്റെയും രുദ്രന്റെയും പ്ലാൻ... പക്ഷേ അവൾ വന്നത് ഒറ്റയ്ക്കായിരുന്നില്ല...

അവളുടെ കാമുകനായ ആ സംവിധായകനൊപ്പം ആയിരുന്നു... അയാൾ എന്തിനും പോകുന്ന ഒരാൾ ആണ്... ആരെയും കൊല്ലാൻ പോലും മടിയില്ലാത്ത ഒരുത്തൻ..! റാം..! ശിഖ വന്നതോടെ സന്ദീപും രുദ്രനും ശിഖയെ ബലമായി പിടിച്ചു കൊണ്ടു പോകാൻ നോക്കി... റാം എതിർത്തു. അയാൾക്ക് പരിചയമുള്ള ഒരു ഹോട്ടൽ ആയിരുന്നു അത്, അത് ഞങ്ങൾക്ക് അറിയില്ലായിരുന്നു.... ഞാനും സനൂപും കാര്യങ്ങളൊന്നും അറിയുന്നില്ല, അവർ തമ്മിൽ അടിപിടിയായി, ആ അടിപിടി കത്തിക്കുത്തിൽ അവസാനിച്ചു... റാമിന്റെ കയ്യിൽ നിന്നും സന്ദീപിന് കുത്തേറ്റു... മർമ്മസ്ഥാനത്ത് തന്നെ കുത്തേറ്റത് കൊണ്ട് അപ്പോൾ തന്നെ സന്ദീപ് മരിച്ചു...! ഈ വിവരം പുറത്ത് അറിഞ്ഞാൽ എല്ലാവരുടെയും ഇമേജിനെയും ഹോട്ടലിന്റെ പേരിനെയും ബാധിക്കുമെന്നുള്ളതു കൊണ്ട് തന്നെ ഇത് ഒതുക്കിത്തീർക്കാൻ അവിടെ തന്നെ എല്ലാവരും തീരുമാനിച്ചു... ഞാൻ പറഞ്ഞതിന്റെ ഇരട്ടി തുക രുദ്രന് നൽകാമെന്ന് റാം ഉറപ്പുകൊടുത്തു... ബോഡി എവിടെയാണെന്ന് വച്ചാൽ നശിപ്പിച്ചു കളയാം എന്ന് അവൻ ഉറപ്പും കൊടുത്തു... ഒരു തെളിവും അവശേഷിപ്പിക്കാതെ, കുത്തേറ്റാണ് സന്ദീപ് മരിച്ചത് എന്ന തെളിവ് ഇല്ലാതെ...

അവർ പോയതിനുശേഷം രാത്രിയിൽ ഹോട്ടലുടമയുടെ സഹായത്തോടെ സന്ദീപിന്റെ ബോഡി റെയിൽവേ ട്രാക്കിൽ കൊണ്ടുപോയിട്ടുണ്ട്.. ശരീരത്തിലൂടെ വണ്ടി കയറി ഇറങ്ങിയത് കൊണ്ട് തന്നെ പോസ്റ്റുമോർട്ടം നടത്താൻ ബാക്കി ഒന്നും കിട്ടില്ലെന്ന് ഉറപ്പായിരുന്നു, ഇതൊക്കെ പിന്നീട് രുദ്രൻ തന്നെ ഭരതിനോട് ഏറ്റു പറഞ്ഞ കാര്യങ്ങളാണ്... അങ്ങനെയാണ് ഇത്രയും കാര്യങ്ങൾ ഞാൻ അറിഞ്ഞത്....! പിന്നെ പലവട്ടം രുദ്രൻ ഈ കാര്യം പറഞ്ഞു ഭീഷണിപെടുത്താൻ തുടങ്ങിയപ്പോഴൊക്കെ പണം കൊടുത്തതും ഞാനായിരുന്നു...! പിന്നീട് ഏതോ ഒരു കൊട്ടേഷൻ സംഘവുമായുള്ള ഏറ്റുമുട്ടലിൽ അയാൾ മരിച്ചു എന്ന് അറിഞ്ഞു.... ഇതിനെപ്പറ്റി ആരോടും ആരും പറഞ്ഞില്ല..! പറഞ്ഞാൽ എല്ലാരും കൂടി കേസിൽ പെടുമെന്ന് ഉറപ്പുള്ളത് കൊണ്ട്.. അങ്ങനെ ആ അധ്യായം അവസാനിച്ചു.. അന്നുമുതൽ ഇന്നുവരെ ഞാൻ കാരണം ഒരു ചെറുപ്പക്കാരൻ മരിച്ചു എന്നുള്ള കുറ്റബോധവും പേറിയാണ് സരയു ഞാൻ ജീവിക്കുന്നത്.... അത് നിന്റെ ചേട്ടനാണ് എന്ന് അറിഞ്ഞപ്പോൾ അത് കൂടി, എനിക്ക് നീ മാപ്പ് തരുമോ..? എനിക്ക് അറിയില്ല, പക്ഷേ അപേക്ഷിക്കാൻ മാത്രമേ ഈ നിമിഷം എനിക്ക് സാധിക്കു, അവൻ അവളുടെ കാലിൽ വീണു... ജീവച്ഛവം പോലെ നിൽക്കുന്നവളെ മിഥുൻ ഒന്ന് നോക്കി... കണ്ണിൽ നിന്നും ഉതിർന്നു വീഴുന്ന കണ്ണുനീർ മാത്രമായിരുന്നു അവൾ ജീവനോടെയുണ്ട് എന്നതിനുള്ള ഒരു തെളിവ്.........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story