ആ നിമിഷം: ഭാഗം 10

aanimisham

എഴുത്തുകാരി: ഗീതു അല്ലു

ആകർഷിനെ കണ്ടതിനു ശേഷം ഇരുവരും നേരെ ജാൻവിയുടെ അടുക്കലേക്കാണ് പോയത്.... അവളെ അപ്പോഴേക്കും റൂമിലേക്ക് മാറ്റിയിരുന്നു... കയ്യിൽ ക്യാനുലയുമായി കട്ടിലിൽ ചാരി ഇരിക്കുന്ന ജാൻവിയെ കാണെ ഉർവിയുടെ കണ്ണുകൾ നിറഞ്ഞു വന്നു.... അനന്തൻ കയ്യിൽ ഒന്നമർത്തിയതും അവൾ കണ്ണുകൾ തുടച്ചു ജാൻവിയ്ക്കരുകിലേക്ക് നടന്നു... " മോളേ " അത്രമേൽ സ്നേഹത്തോടെ അവളുടെ തലയിൽ തലോടി ഉർവി വിളിച്ചതും ഒരു സ്വപ്നത്തിൽ നിന്നെന്ന പോലെ ജാൻവി ഉണർന്ന് ഉർവിയുടെ മുഖത്തേക്ക് ഉറ്റു നോക്കി... തികച്ചും അപരിചിതമായ ഭാവം.... അവളിൽ നിറഞ്ഞു നിന്നിരുന്ന കുറുമ്പും കുസൃതിയും ഒക്കെ നഷ്ട്ടമായതു പോലെ...അനന്തന്റെ മനസ്സിൽ ഒരേ സമയം ആശ്വാസവും ഭയവും നിറഞ്ഞു... ഇത് പഴയ ജാൻവിയിലേക്കുള്ള തുടക്കമാണ്.... അവന്റെ മനസ്സ് അവനോട് തന്നെ മന്ത്രിച്ചു കൊണ്ടിരുന്നു... ഇതിനോടകം തന്നെ ഉർവിയ്ക്കും അത് തോന്നി തുടങ്ങിയിരുന്നു... " ശ്രീയേട്ടാ.... ചേച്ചി " അൽപ്പം പക്വത എത്തിയ വിളി.... എന്നാൽ പൂർണ്ണമായും യഥാർത്ഥ ജാൻവി ആയോ എന്ന് ചോദിച്ചാൽ അതും ഇല്ല....

ബാല്യത്തിൽ നിന്നും കൗമാരത്തിലേക്ക് ചേക്കേറിയ മനസ്സ്... ഉർവിയ്ക്ക് അവളുടെയാ മാറ്റം വലിയ ആശ്വാസം ആണ് നൽകിയത്....തിരിച്ചു വരവ്... പലരുടെയും ജീവിതം യഥാർത്ഥ പാതയിലേക്ക് കടന്നു വരുന്നതിനു വേണ്ടിയുള്ള തിരിച്ചു വരവ്... ആ സന്തോഷം പുഞ്ചിരിയായി ഉർവിയുടെ ചുണ്ടിലും സ്ഥാനം പിടിച്ചു... " ആഹാ... ഉഷാറായാല്ലോ ആള്... ഒന്ന് പേടിപ്പിച്ചു നീ " ജാൻവിയുടെ മൂക്കിന്റെ തുമ്പിൽ മെല്ലെ ഒന്ന് പിടിച്ചു വലിച്ചു കൊണ്ട് ഉർവിയത് പറഞ്ഞപ്പോൾ പതിഞ്ഞ ശബ്‌ദത്തിൽ അനന്തനും ചിരിക്കുന്നുണ്ടായിരുന്നു... " എനിക്കെന്താ ചേച്ചി പറ്റിയെ.. ഒന്നും അങ്ങട് ഓർമ കിട്ടുന്നില്ല.. " തലയുടെ രണ്ടു വശവും അമർത്തി പിടിച്ചു മുഖം ചുളിച്ചു പറയുന്ന ജാൻവിയെ കാണെ അത് വരെ തോന്നിയിരുന്ന സന്തോഷമൊക്കെ നഷ്ട്ടപ്പെട്ടു പോകുന്നത് പോലെ തോന്നു ഉർവിയ്ക്ക്... അവളുടെ മനസ്സിൽ തോന്നിയ സങ്കർഷങ്ങളുടെ പ്രതിഭലനം എന്നോണം ആ സന്ദർഭത്തിനും ഒരു മുറുക്കം കടന്നു വന്നു... അത് മനസ്സിലാക്കിയത് പോലെ അനന്തനാണ് പിന്നീട് സംസാരിച്ചത്... " ഒന്നുമില്ലെടാ... മോളൊന്ന് തല ചുറ്റി വീണു... അത്രേ ഉള്ളൂ "

" മ്മ്... ശ്രീയേട്ടാ അച്ഛനും അമ്മയും എവിടെ " പുറത്തേക്ക് നോക്കി കൊണ്ടുള്ള അവളുടെ ആ ചോദ്യത്തിൽ രണ്ടു പേരും ഞെട്ടി പോയിരുന്നു.... അവർ ഇന്നീ ലോകത്തിലില്ല എന്ന് അവൾ ഓർക്കുന്നു കൂടിയില്ല... ആ സത്യം അവളെ അറിയിച്ചാൽ ആ ഒരു ഷോക്ക് കൂടി ഇനി അവൾക്ക് താങ്ങാൻ പറ്റുമോ.... അനന്തനും ഉർവിയും നിന്നു പരുങ്ങുന്നത് കണ്ട് ജാൻവി ഒരിയ്ക്കൽ കൂടി ആ ചോദ്യം ചോദിച്ചു... " അവരൊക്കെ അങ്ങ് കൽക്കട്ടയിൽ അല്ലെ ഡോ... താൻ പഠിക്കാൻ ഒറ്റയ്ക്കല്ലേ ഇങ്ങോട്ട് വന്നത്... ഇത്ര പെട്ടെന്ന് എല്ലാം മറന്നു പോയോ " ഗാഭീര്യം നിറഞ്ഞ ആ ശബ്ദം കേൾക്കെ മൂവരുടെയും നോട്ടം വാതിൽക്കലേക്ക് നീണ്ടു... അവിടെ ചിരിയോടെ നിൽക്കുന്ന ആകർഷിനെ കണ്ടപ്പോൾ തന്നെ അനന്തനും ഉർവിയ്ക്കും പകുതി ആശ്വാസം ആയി... ഇരുവരുന്ന നന്ദിയോടെ അവനെ ഒന്ന് നോക്കി... അവർക്കുള്ള മറുപടിയായി അവൻ ഇരുകണ്ണുകളും ചിമ്മി ഒന്ന് ചിരിച്ചു കാണിച്ചു...അതെ ചിരിയോടെ തന്നെ ജാൻവിയ്ക്കരുകിലേക്ക് വന്നു അവളുടെ കാൻപോളകൾ വിടർത്തി നോക്കാൻ തുടങ്ങി... " എന്താണെന്ന് അറിയില്ല ഡോക്ടർ... എനിക്കൊന്നും ഓർക്കാൻ കഴിയാത്തത് പോലെ... " ജാൻവിയുടെ സ്വരത്തിൽ ചെറിയൊരു ജാള്യത നിറഞ്ഞിരുന്നു...

" അതൊന്നും സാരമില്ല... പഠിത്തത്തിൽ ഈ കുഞ്ഞു തല പുകയ്ക്കുന്നുണ്ടാ അങ്ങനെയൊക്കെ... അതൊക്കെ മാറ്റാൻ ഞങ്ങൾ ഒരു വഴി കണ്ടു പിടിച്ചിട്ടുണ്ട്... ഇയ്യാൾ കൂടെ ഇങ്ങു നിന്നു തന്നാൽ മതി " ചിരിയോടെ ആകർഷ് അത് പറഞ്ഞപ്പോൾ അവളും സമ്മതമെന്നോണം തലയാട്ടി... അതിനിടയിൽ അനന്തന് ഒരു ഫോൺ വന്നു അവൻ പുറത്തേക്കിറങ്ങിയിരുന്നു... അവളുടെ കൈ പിടിച്ചു പൾസ് റേറ്റ് ഒന്ന് കൂടി നോക്കി അവൻ ഉർവിയ്ക്ക് നേരെ തിരിഞ്ഞു... " ചെറിയ വിളർച്ച ഉണ്ട്.... അതൊന്ന് ശ്രദ്ധിക്കണേ ഉർവി... അവിടെ നീയും അനന്തനും ഉള്ളത് കൊണ്ടാണ് ഞാൻ ഇങ്ങനെ കൂൾ ആയിട്ട് പെരുമാറുന്നത് " ആകർഷിന്റെ സംസാരത്തിൽ ജാൻവിയോടുള്ള പ്രത്യേക താല്പര്യം നിറഞ്ഞു നിന്നു... അത് ഉർവി ശ്രദ്ധിക്കുകയും ചെയ്തു... ഉള്ളിൽ എവിടെയോ ഒരു തണുപ്പ് നിറയുന്നത് പോലെ അവൾക്ക് തോന്നി... "ശ്രീ എവിടെ ഉർവി " " അനന്തേട്ടൻ ഫോൺ വന്നു പുറത്തേക്കിറങ്ങി .. " " ആഹ്... എങ്കിൽ താൻ വന്നേ.. എനിക്ക് രണ്ടു പേരോടും ഒരു കാര്യം കൂടി പറയാൻ ഉണ്ട് " ആകർഷ് പുറത്തേക്കിറങ്ങാൻ തുടങ്ങിയതും എന്തോ ഓർത്തത്‌ പോലെ ജാൻവിയ്ക്കരുകിലേക്ക് തിരിച്ചു വന്നു... " ഇപ്പൊ ഒന്നും ആലോചിക്കാതെ ഒന്ന് മയങ്ങിക്കോളൂ...

തന്റെ എല്ലാ അസ്വസ്ഥതകളും മാറുന്നതും കാത്ത് കുറച്ചാളുകൾ ഇരിപ്പുണ്ടെ " അവളുടെ കവിളിൽ ഒന്ന് തട്ടി അവൻ പുറത്തേക്കിറങ്ങി... പിറകെ തന്നെ ഉർവിയും... അവരുടെ പോക്കും നോക്കി നെഞ്ചിലേക്ക് കയ്യും വച്ച് പതുക്കെ ഒന്ന് കണ്ണുകൾ അടയ്ക്കുകയായിരുന്നു ജാൻവി.. പെട്ടെന്ന് എന്തോ ഓർത്തത്‌ പോലെ അവൾ കണ്ണുകൾ തുറന്നു... അവളുടെ നോട്ടം തന്റെ നെഞ്ചിൽ പറ്റി ചേർന്നു കിടക്കുന്ന ആ താലിയിലേക്ക് വീണു... **************** ആകർഷും ഉർവിയും പുറത്തേക്കിറങ്ങുമ്പോൾ മുറിയ്ക്ക് പുറത്തുള്ള കസേരയിൽ കണ്ണടച്ചിരിക്കുകയായിരുന്നു അനന്തൻ...ആകർഷ് നടന്നു വന്നു അവന്റെ തോളിൽ കൈ വച്ച്... അനന്തൻ കണ്ണ് തുറന്നു നോക്കുമ്പോൾ മുന്നിൽ ആകർഷിനെ കണ്ട് പെട്ടെന്ന് പിടഞ്ഞെണീറ്റു... " ടാ... ജാൻവി.. അവൾക്ക് " ഓരോ വാക്കും പറഞ്ഞു തീരാൻ പറ്റാതെ ഉഴറുന്ന അനന്തന്റെ മനസ്സിൽ ജാൻവിയോടുള്ള ആകുലത നിറഞ്ഞു നിന്നു... " മ്മ്.. ഇപ്പോൾ അവളെ ഒന്നും അറിയിക്കേണ്ട ശ്രീ... ഞാൻ ഇപ്പൊ പറഞ്ഞത് മാത്രം അവൾ അറിഞ്ഞാൽ മതി... അതിൽ കൂടുതൽ അവൾക്ക് താങ്ങാൻ കഴിയില്ല...

പൂർണ്ണമായും അവൾ നോർമൽ ആകുമ്പോൾ നമുക്ക് അവളെ എല്ലാം പറഞ്ഞു മനസ്സിലാക്കാം... അത് വരെ ഇങ്ങനെ പോട്ടെ " " മ്മ്.. ശെരിയെടാ... നീ പെട്ടെന്ന് തന്നെ ആ കോയമ്പത്തൂരിലെ ഡീറ്റെയിൽസ് അന്വേഷിച്ചു പറ.. ഇനി ഒന്നും താമസിപ്പിക്കണ്ട... ഒന്നും " അവസാനത്തെ ആ വാചകം അൽപ്പം കടുപ്പിച്ചു ഉർവിയെ നോക്കിയാണ് അവൻ പറഞ്ഞത്... അതിൽ നിന്നു തന്നെ അനന്തൻ എന്തൊക്കെയോ മനസ്സിൽ തീരുമാനിച്ചിട്ടുണ്ടെന്ന് ഉർവിയ്ക്ക് മനസ്സിലായി.. അവരോട് യാത്ര പറഞ്ഞു ആകർഷ് മുന്നോട്ട് നടക്കുമ്പോഴും അവന്റെ മനസ്സ് ജാൻവിയ്‌ക്കൊപ്പം നിൽക്കുകയായിരുന്നു... അവൻ മനസ്സിൽ അടക്കി വച്ചിരിക്കുന്ന പ്രണയം മുഴുവൻ പുറത്തേക്കൊഴുകുന്നത് പോലെ... അവൻ വലതു കൈ ഇടതു നെഞ്ചിലായി അമർത്തി കണ്ണടച്ചു ഒരു ദീർഘ നിശ്വാസം എടുത്തു കൊണ്ട് നടന്നു നീങ്ങി.. അവന്റെയാ പോക്ക് നോക്കി നിന്നു കൊണ്ട് അനന്തനും ഉർവിയും അകത്തേക്കും കയറി.. **************** അകത്തേക്ക് കയറിയ അനന്തനും ഉർവിയും മുന്നിലെ കാഴ്ച കണ്ട് ഒരു നിമിഷം സ്ഥബ്ദരായി പോയി.... ജാൻവിയുടെ കഴുത്തിൽ കിടക്കുന്ന താലി കയ്യിലെടുത്തു തിരിച്ചും മറിച്ചും നോക്കുകയാണ് അവൾ... അതെന്താണ് എന്ന് അവൾക്ക് മനസ്സിലായി എന്നത് മുഖ ഭാവത്തിൽ നിന്നും വ്യക്തമാണ്..

തങ്ങളെ കണ്ടു കഴിഞ്ഞാൽ അവൾ ചോദ്യങ്ങളുടെ കെട്ട് അഴിക്കും എന്ന് ഉറപ്പാണ്... എന്ത് ഉത്തരം നൽകും.. രണ്ടു പേരും ഒരേ പോലെ ചിന്തിച്ചു.... ആ നിമിഷം തന്നെ ജാൻവി അവരെ കണ്ടു... അവളുടെ കണ്ണിൽ സംശയങ്ങളുടെ കൂമ്പാരം... ഉർവിയും അനന്തനും അവൾക്കൊപ്പം കാട്ടിലിലേക്ക് ഇരുന്നു... " ചേച്ചി.. ഇത്... ഇത് താലിയല്ലേ " ഉറപ്പാണ്.. എങ്കിലും അവൾ ഒന്ന് കൂടി ചോദിച്ചു... " മ്മ്.. അതെ " തല താഴ്ത്തിയാണ് ഉർവി മറുപടി പറഞ്ഞത്... ശബ്ദം നന്നേ നേരത്തിരുന്നു... അനന്തൻ അപ്പോഴും ഇനിയുള്ള ചോദ്യത്തിന്റെ ഉത്തരം ആലോചിക്കുകയാണ്.. " അപ്പോൾ എന്റെ കല്യാണം കഴിഞ്ഞോ.. ആരാ... ആരാ ആൾ " ആകാംഷ നിറഞ്ഞ ചോദ്യം.. എങ്കിലും അത് പോലും ഓർക്കാൻ സാധിക്കുന്നില്ലല്ലോ എന്ന ഒരു കുഞ്ഞു പരിഭവം ആ ശബ്ദത്തിൽ നിഴലിച്ചു.... അവളുടെയാ ചോദ്യത്തിന് ഉർവിയും അനന്തനും പരസ്പരം നോക്കി.. നിറഞ്ഞ മിഴികളോട് തന്നെ ഉർവി അനന്തന് നേരെ വിരൽ ചൂണ്ടി.. അപ്പോഴേക്കും അനന്തന്റെ തല കുനിഞ്ഞു പോയിരുന്നു.... അവന്റെ ഹൃദയം ഒരു ഭാരം എടുത്തു വച്ചതു പോലെ വേദനിച്ചു... അവൻ തല ഉയർത്തി നോക്കിയതേ ഇല്ല... എന്നാൽ ഉർവി കണ്ടു...അത് കേട്ടപ്പോൾ ജാൻവിയുടെ കണ്ണിലുണ്ടായ അത്ഭുതം... പതിയെ അത് സന്തോഷത്തിലേക്ക് വഴി മാറുന്നത്...

ആ കണ്ണുകളിൽ ഒരു തിളക്കം നിറയുന്നത്... അത് കാണെ ഉർവിയ്ക്ക് എന്തോ ഒരു സങ്കടം മൂടുന്നത് പോലെ തോന്നി.... തന്റേതല്ല എന്ന് പറഞ്ഞു പഠിപ്പിച്ചതാണ്.. മറ്റൊരാളുടേതാവാൻ പോവുകയാണ് എന്ന് ഉറപ്പിച്ചതാണ്... എങ്കിലും ജാൻവിയുടെ കണ്ണിലെ ആ തിളക്കം കാണെ നോവുന്നു... ചിലപ്പോൾ അനന്തേട്ടൻ തന്റെ ആദ്യത്തെയും അവസാനത്തേയും പ്രണയം ആയതുകൊണ്ടാവാം... അല്ലെങ്കിൽ തിരിച്ചു കിട്ടുമോ എന്ന് ഒരു ഉറപ്പു പോലും ഇല്ലാതെ ജാൻവിയെ സ്നേഹിക്കുന്ന ആകർഷേട്ടനെ ഓർത്തിട്ടാവാം... ഉർവി പല രീതിയിൽ സമദാനിക്കാൻ ശ്രമിച്ചു... ജാൻവി കട്ടിലിൽ ഇരുന്ന അനന്തന്റെ കൈകൾക്ക് മേലെ കൈ വച്ച് അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി... അപ്പോഴേക്കും അവനും അവളെ തലയുയർത്തി നോക്കിയിരുന്നു... ജാൻവിയുടെ കണ്ണുകളിലെ തിളക്കം അവനും കണ്ടു... അവനും എന്തോ വല്ലായ്മ പോലെ തോന്നി അത് കാണെ.. അവളുടെ കണ്ണിൽ തനിക്കായി പ്രണയം നിറയുന്നുവോ... ആ ചിന്ത പോലും അവനെ നോവിച്ചു... അവൻ തല ചരിച്ചു ഉർവിയെ നോക്കി... അവൾ ഒന്നും മിണ്ടാതെ ജാൻവിയെ നോക്കിയിരിക്കുകയാണ്... " സത്യാണോ ശ്രീയേട്ടാ... നമ്മുടെ കല്യാണം കഴിഞ്ഞോ " സന്തോഷത്തോടെയുള്ള ജാൻവിയുടെ ചോദ്യം കേൾക്കെ യാന്ത്രികമായി തന്നെ തലയാട്ടിയിരുന്നു അനന്തൻ............. (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story