ആ നിമിഷം: ഭാഗം 14

aanimisham

എഴുത്തുകാരി: ഗീതു അല്ലു

എഴുന്നേറ്റ് ഇരിക്കുമ്പോഴും തന്റെ മുന്നിൽ തെളിഞ്ഞു വന്ന രൂപത്തെ ഓർക്കുകയാണ് ജാൻവി...അത്രമേൽ ആഴത്തിൽ ഹൃദയത്തിൽ പതിഞ്ഞ രൂപം.... അവളുടെ ഹൃദയമിടിപ്പ് പോലും ക്രമാതീതമായി ഉയരുന്നു.... നെറ്റിക്കിരുവശത്തുകൂടിയും വിയർപ്പ് ചാലിട്ടൊഴുകുന്നു.... തന്റെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ പോലും നിയന്ത്രിക്കാനാകാതെ അവളുടെ കൈകൾ കഴുത്തിലെ താലിയിൽ മുറുകെ പിടിക്കുന്നുണ്ടായിരുന്നു.... ജാൻവിയുടെ ബഹളം കെട്ട് അവിടെ അവളെ നോക്കുന്ന സ്ത്രീ പെട്ടെന്ന് അകത്തേക്ക് വന്നു.. ശ്വാസം പോലും എടുക്കാൻ ബുദ്ധിമുട്ടുന്ന അവളെ അവർ മാറോടടുക്കി പിടിച്ചു... അപ്പോഴും അവളുടെ നാവ് ഒരു പേരു മാത്രമാണ് ഉരുവിടുന്നത്... " ബദ്രി " *************** രാവിലെ തന്നെ ആകർഷിന്റെ ഫോൺ വന്നിട്ട് കോയമ്പത്തൂരിലേക്ക് പുറപ്പെട്ടതാണ് അനന്തനും ഉർവിയും.... ആകർഷ് ഉർവിയുടെ വിവാഹം മുടങ്ങിയ ആ രാത്രി തന്നെ ജാൻവിയുടെ അടുത്തേക്ക് തിരിച്ചു പോയിരുന്നു... രാവിലെ തന്നെ അവന്റെ കാൾ വന്നപ്പോൾ ടെൻഷനോടെയാണ് അവർ ഇറങ്ങിയത്...

ഒരുമിച്ചു ഇത്രയും ദൂരത്തേക്കുള്ള യാത്രയിൽ ഭദ്ര എന്തെങ്കിലും മുടക്കു പറയും എന്ന് രണ്ടു പേരും ഭയന്നിരുന്നു... എന്നാൽ പ്രതീക്ഷിച്ച പോലെ ഒന്നും ഉണ്ടായില്ല... അല്ലെങ്കിലും ഇപ്പോൾ ഭദ്ര മാറിയിരിക്കുന്നു... ചെയ്ത് പോയ പ്രവൃത്തികൾ അവരെ കുത്തി നോവിക്കുന്നു... ചെയ്ത തെറ്റുകളുടെ ശിക്ഷ സ്വയം ഏറ്റുവാങ്ങാൻ തയ്യാറായിരിക്കുന്നു..... കാറിൽ ഇരിക്കുമ്പോഴും ഉർവിയും അനന്തനും പരസ്പരം ഒന്നും സംസാരിച്ചില്ല.... രണ്ടു പേരും പേടിയോടെയാണ് ഇരിക്കുന്നത്... പെട്ടെന്ന് എത്തണം എന്നല്ലാതെ ആകർഷ് മറ്റൊന്നും പറഞ്ഞിരുന്നില്ല... ഉർവി പേടിയോടെ വിരലുകൾ പരസ്പരം കൊരുത്തു വലിക്കുന്നുണ്ട്... അനന്തന്റെ കൈകൾ സ്റ്റിയറിങ്ങിൽ മുറുകെ പിടിക്കുന്നുണ്ട്... രണ്ടു പേരുടെയും പേടിയുടെ ആഴം മനസ്സിലാക്കി തരുന്ന പ്രവൃത്തികൾ... **************** ആശ്രമത്തിന്റെ മുറ്റത്തേക്ക് അനന്തന്റെ വണ്ടി ഒരു ഇരമ്പലോടെ വന്നു നിന്നു... അതിൽ നിന്നും ഇറങ്ങിയ ഉർവിയും അനന്തനും ഒന്ന് മുഖത്തോട് മുഖം നോക്കിയതിനു ശേഷം ഉള്ളിലേക്ക് നടന്നു...

അവിടെ ഉള്ളിലായി ഒരു മുറിയിൽ ചിരിയോടെ ആശ്രമത്തിലെ സ്വാമിയോട് സംസാരിച്ചു നിൽക്കുന്ന ആകർഷിനെ കണ്ടതും രണ്ടു പേരും അങ്ങോട്ടേക്ക് പോയി... അവരെ രണ്ടിനെയും കണ്ടതും സ്വാമിയും ആകർഷും നിറഞ്ഞ ഒരു ചിരി സമ്മാനിച്ചു... സത്യത്തിൽ അവരുടെ ചിരി കണ്ടപ്പോൾ രണ്ടാൾക്കും ആശ്വാസമാണ് തോന്നിയത്... " എന്താടാ... എന്താ പെട്ടെന്ന് വരാൻ പറഞ്ഞത് " ആധിയോടെ ആകർഷിന്റെ തോളിൽ കൈ വച്ചു അനന്തൻ ചോദിച്ചതും അവൻ അതെ നിറഞ്ഞ ചിരിയോടെ ഉള്ളിലേക്ക് നോക്കി.... അവന്റെ നോട്ടത്തിന്റെ പിന്നാലെ തന്നെ ഉർവിയുടെയും അനന്തന്റെയും കണ്ണുകൾ പാഞ്ഞു .. ആശ്രമത്തിലെ ഒരു സ്ത്രീയോടൊപ്പം നടന്നു വരുന്ന ജാൻവി... അവളിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടോയെന്നു രണ്ടു പേരും സൂഷ്മമായി നോക്കി... " രണ്ട് പേരും നോക്കണ്ടാ... അവൾ പഴയ ജാൻവിയാണ്.... നിങ്ങളുടെ കുറുമ്പ് നിറഞ്ഞ ജാൻവി... എല്ലാ യാഥാർഥ്യങ്ങളും തിരിച്ചറിഞ്ഞവൾ..." സ്വാമിജിയുടെ വാക്കുകൾ ഒരു കുളിർമഴ പോലെയാണ് അനന്തനും ഉർവിയ്ക്കും തോന്നിയത്...

സന്തോഷത്തോടെ അവളെ ചേർത്തു പിടിക്കാൻ അവർ ആഗ്രഹിച്ചു... അവർ ഇരുവരും ഒരുപോലെ കാത്തിരുന്ന #ആ_നിമിഷം വന്നെത്തിയിരിക്കുന്നു... സന്തോഷം കൊണ്ട് ഉർവിയുടെ കണ്ണുകൾ പോലും നിറഞ്ഞൊഴുകി... അനന്തനും അതെ അവസ്ഥയിലാണ്... പെട്ടെന്നാണ് ഇരുവരുടെയും ഓർമയിലേക്ക് ജാൻവിയുടെ കഴുത്തിലെ താലി തെളിഞ്ഞു വന്നത്... ഇനി അതിനെന്മേലുള്ള ജാൻവിയുടെ തീരുമാനം... അവളുടെ യഥാർത്ഥ തീരുമാനം.. അതിപ്പോൾ അറിയാൻ സാധിക്കും.... എന്തായാലും അംഗീകരിച്ചേ പറ്റൂ... രണ്ടു പേരും അതിനായി മനസ്സിനെ സജ്ജമാക്കുകയായിരുന്നു... ആകർഷും സ്വാമിജിയും മുഖത്തോട് മുഖം നോക്കി ഒന്ന് ചിരിച്ചു... അപ്പോഴേക്കും ജാൻവി അവർക്കരുകിൽ എത്തിയിരുന്നു... രണ്ടു പേരെയും കണ്ട് അവളുടെ കണ്ണുകൾ തിളങ്ങി... ഹൃദയം സന്തോഷത്താൽ വീർപ്പുമുട്ടി... അപ്പോഴേക്കും ഉർവി അവളെ ചേർത്തു പിടിച്ചു... അവളെ കെട്ടിപിടിച്ചു സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം പ്രകടിപ്പിക്കുമ്പോഴും ജാൻവിയുടെ കണ്ണ് അനന്തന്റെ നേർക്ക് ആയിരുന്നു ... അവളുടെയാ നോട്ടം... അതവിനിൽ അസ്വസ്ഥത നിറച്ചു... ദേഷ്യമാണോ...

പുച്ഛമാണോ.. എന്ന് പോലും തിരിച്ചറിയാനാകാത്ത ഭാവം ആ മിഴികളിൽ നിറഞ്ഞിരുക്കുന്നു... അനന്തന്റെ ഹൃദയവും ക്രമീതീതമായി ഉയർന്ന് മിടിക്കാൻ തുടങ്ങി.... ഉർവിയിൽ നിന്നും അകന്നു മാറി അവൾ അനന്തന് നേരെ തിരിഞ്ഞു... ഏറെ നേരം അവർക്കിടയിൽ മൗനം മാത്രമായിരുന്നു... " മോളേ " അനന്തന്റെ ശബ്ദം... അത്രമേൽ ദയനീയതയോടെയുള്ള വിളി...അവന്റെയാ നിസ്സഹയനീയത പോലും ജാൻവിയ്ക്ക് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..... ഉർവി ഇനിയെന്ത് എന്നുള്ള മുഖഭാവത്തോടെ നിൽക്കുകയാണ്... ആ സന്ദർഭത്തിലും ചിരി മായാതെ നിൽക്കുന്നത് ആകർഷിനും സ്വാമിജിയ്ക്കും മാത്രമാണ്... പക്ഷെ അത് ആരും ശ്രദ്ധിക്കുന്നുമില്ല... " ഹൗ ആർ യൂ ഡിയർ ഹസ്ബൻഡ് " അവളുടെ സ്വരത്തിൽ നിഴലിച്ച പുച്ഛം അനന്തൻ ശ്രദ്ധിച്ചു... എങ്കിലും അവളുടെയാ ഹസ്ബൻഡ് എന്നുള്ള വിളി അവനെ ചുട്ടുപൊള്ളിക്കുന്നുണ്ട്.... പണ്ട് വെക്കേഷനു വരുമ്പോൾ ഉർവിയ്ക്കും മുന്നേ ഏട്ടാ എന്നും വിളിച്ചു തന്നെ കെട്ടിപിടിക്കുന്ന ജാൻവിയുടെ മുഖമായിരുന്നു അവന്റെ മനസ്സിലപ്പോൾ.... അവളെ തനിക്ക് നഷ്ട്ടമായിരിക്കുന്നോ...

താൻ അത്രമേൽ സ്നേഹിച്ച... തന്നെ അത്രമേൽ സ്നേഹിച്ച... തന്റെ അനിയത്തിയായി മാത്രം കണ്ടവൾ... ഇന്ന് അവളുടെ താലിയുടെ അവകാശം ചോദിക്കുകയാണോ... അവളുടെ ആ വിളി അനന്തനെ പല ചിന്തകളിലേക്കും തിരിച്ചു വിട്ടിരുന്നു.... " ഹലോ ... എന്താണ് പ്രിയപ്പെട്ട ഭർത്താവേ ഒന്നും മിണ്ടാതെ നിൽക്കുന്നത് " അനന്തന്റെ മുഖത്തിന്‌ നേരെ കൈവീശി ഒരു ചെറു ചിരിയോടെ ജാൻവി ചോദിച്ചതും അനന്തൻ ഒന്ന് പതറി പോയി... " അത്... ഒന്നുമില്ല മോളേ.. ഞാൻ " അവൻ പറയാൻ വാക്കുകൾ കിട്ടാതെ വിഷമിക്കുകയായിരുന്നു... പ്രതീക്ഷകൾക്ക് വിരുദ്ധമായി സംഭവിക്കുന്നു... " ജാൻവി... മോളേ... അനന്തേട്ടൻ.... " എന്തോ പറയാൻ വന്ന ഉർവിയെ ജാൻവി കയ്യെടുത്തു വിലക്കി... അവളുടെയാ പ്രവൃത്തിയിൽ തന്നെ പറയാൻ വന്നത് ഉർവി പാതി വഴിയിൽ നിർത്തി... " ഉർവിയേച്ചി ഇത് ഞാനും എന്റെ ഭർത്താവും തമ്മിലുള്ള സംസാരം അല്ലെ.. അതിനിടയിൽ ചേച്ചിയ്ക്കെന്താ പറയാൻ ഉള്ളത്... അതോ എന്നേക്കാൾ അവകാശം ചേച്ചിയ്ക്കുണ്ട് എന്ന് തെളിയിക്കാൻ ശ്രമിക്കുവാണോ "

ജാൻവിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഞെട്ടി നിന്നു പോയി ഉർവി... അവളിൽ ഇങ്ങനെ ഒരു മാറ്റം... അവർ രണ്ടു പേരും അത് പ്രതീക്ഷിച്ചിരുന്നില്ല... അനന്തനിൽ ജാൻവി അധികാരം സ്ഥാപിക്കുന്നുവെന്നതിൽ ഉപരി അവൾ തന്നോട് ഒരു അന്യയെ പോലെ സംസാരിക്കുന്നു... ഉർവിയെ ഉലച്ചു കളഞ്ഞത് അതാണ്‌... അവളുടെ നെഞ്ച് വിങ്ങി... സങ്കടം ഉള്ളിൽ തന്നെ കടിച്ചമർത്താൻ ശ്രമിച്ചു.. പണിപ്പെട്ടു ഒരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു... പരാജയമായിരുന്നു ഫലം... ജാൻവി വീണ്ടും അനന്തന് നേരെ തിരിഞ്ഞു... " ഞരമ്പ് ഡോക്ടർ പറഞ്ഞു കാര്യങ്ങളൊക്കെ... ശ്രീയേട്ടൻ കാത്തിരിക്കുകയായിരുന്നു എന്ന്... നോർമൽ ആകുമ്പോഴുള്ള എന്റെ തീരുമാനം അറിയാൻ... " അനന്തൻ മുഖമുയർത്തി ജാൻവിയെ ഒന്ന് നോക്കി... തികച്ചും ശാന്തമായാ ഭാവം... ചൊടികളിൽ ഒരു ചെറു പുഞ്ചിരി... അവളുടെ ഭാവത്തിൽ നിന്നും തീരുമാനം എന്തെന്ന് ഊഹിക്കാൻ കഴിയുമായിരുന്നില്ല... " ഞാൻ തീരുമാനം പറയട്ടെ ശ്രീയേട്ടാ " അവളുടെയാ ചോദ്യത്തിന് കണ്ണടച്ച് കൊണ്ടുള്ള ഒരു മൂളൽ മാത്രമായിരിന്നു അനന്തന്റെ മറുപടി...

"ഹും... ശെരി... അപ്പോൾ ഞാൻ തീരുമാനം പറയാം " അവൾ ചുരിദാറിനുള്ളിൽ നിന്നും ആ താലി പുറത്തേക്കെടുത്തു... " നീലമനയിൽ ഡോക്ടർ അനന്തശ്രീ നാരായണൻ കെട്ടിയ ഈ താലി ജാൻവി മഹാദേവ് ഒരിക്കലും അഴിച്ചു മാറ്റാൻ ഉദ്ദേശിക്കുന്നില്ല... അതായത് അനന്തശ്രീ എന്ന എന്റെ ശ്രീയേട്ടന്റെ ഉത്തമഭാര്യയായി ജീവിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു എന്ന് " ആ താലിയിലേക്ക് മാത്രം നോക്കി ജാൻവി പറഞ്ഞ വാക്കുകൾ ഒരു ഇടിമുഴക്കം പോലെയാണ് അനന്തനും ഉർവിയും കേട്ടത്... ഉർവി പ്രതീക്ഷിച്ചതെന്തോ സംഭവിച്ചത് പോലെ തല താഴ്ത്തി... അനന്തന് വേദനയായിരുന്നു ആ വാക്കുകൾ സമ്മാനിച്ചത്..... അവന്റെ ഹൃദയം നോവുന്നു.. പച്ചയ്ക്ക് കീറിമുറിച്ചത് പോലെ നോവുന്നു... ജാൻവി പതുക്കെ ഉർവിയുടെ അടുത്തേക്ക് വന്നു... ചൂണ്ടുവിരൽ കൊണ്ട് അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി.. കരയില്ല എന്ന വാശിപോലെ പിടിച്ചു നിർത്തിയിരിക്കുന്ന കണ്ണുനീർ....

ജാൻവിയിൽ പ്രത്യേകിച്ച് ഭവമാറ്റം ഒന്നുമില്ല... " എന്റെ തീരുമാനം ശെരിയല്ലേ ചേച്ചി... ഏഹ്... ഏത് സാഹചര്യത്തിൽ ആയാലും എന്റെ കഴുത്തിൽ ഒരു താലി വീണു... അപ്പോൾ അത് ഞാൻ അംഗീകരിക്കണ്ടേ.. അതല്ലേ ഉത്തമയായ ഒരു സ്ത്രീ ചെയ്യേണ്ടത്... അല്ലെ? " ജാൻവി ഉർവിയുടെ തോളിൽ പിടിച്ചുലച്ചു കൊണ്ടാണ് ചോദിക്കുന്നത്... ശെരിയാണ്... ഏത് സാഹചര്യത്തിലായാലും അവളുടെ കഴുത്തിൽ വീണ താലിയ്ക്ക് ഒരു പവിത്രതയുണ്ട്... അത് അംഗീകരിച്ചേ മതിയാകൂ... ഉർവിയുടെ മനസ്സിലെ ചിന്ത... ആ ചിന്തകൾക്കവസാനം ജാൻവിയ്ക്ക് മറുപടിയായി ഉർവി അതെ എന്ന് തലയാട്ടി... അത് കാണെ അനന്തന് സങ്കടവും ദേഷ്യവും അധികരിച്ചു.... ജാൻവി ഒരു ചിരിയോടെ അവളിൽ നിന്നും രണ്ടടി പിന്നിലേക്ക് മാറി............... (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story