ആ നിമിഷം: ഭാഗം 16

aanimisham

എഴുത്തുകാരി: ഗീതു അല്ലു

ആകർഷിനൊപ്പം ബദ്രിയെ അന്വേഷിച്ചു ഇറങ്ങുമ്പോൾ അനന്തൻ മൗനമായിരുന്നു..... അവന്റെ ചിന്തകളിലത്രയും ജാൻവിയുടെ കണ്ണുകളിലെ പ്രതീക്ഷയും ആകർഷിന്റെ കണ്ണുകളിലെ സങ്കടവുമായിരുന്നു... ബദ്രി ജാൻവിയുടെയാരാണെന്ന് അവനിപ്പോൾ ഒരു ഊഹമുണ്ട്... ആകർഷിനുമറിയാം അവൻ ആരെന്ന്.... താൻ ഒറ്റയ്ക്കാണ് ബദ്രിയെ അന്വേഷിക്കാൻ ഇറങ്ങിയത്... ഒട്ടും പ്രതീക്ഷിക്കാതെയാണ് ആകർഷ് ഒപ്പം വന്നു കയറിയത്... "നീയും വരുന്നുണ്ടോ " " മ്മ്... ജാൻവിയുടെ ബദ്രിയെ എത്രയും വേഗം കാണാൻ ഒരു കൊതി... കാത്തിരിക്കാൻ ക്ഷമയില്ലെടാ... " ആകർഷിന്റെ വാക്കുകളിൽ വേദന നിറഞ്ഞു... ഉള്ളിലെ സങ്കടം മുഖത്ത് വരാതിരിക്കാൻ ശ്രമിക്കുന്നുണ്ട്...അനന്തൻ വണ്ടി മുന്നോട്ട് എടുത്തു.. " നിനക്ക് എങ്ങനെ അറിയാം അയ്യാളെ " "ജാൻവി പറഞ്ഞു... അവളുടെ ബദ്രിയെ കുറിച്ച്..." "ആരാ അവൻ?" "ജാൻവിയുടെ പ്രാണൻ "

പിന്നീട് ഒരു സംസാരവും രണ്ടു പേർക്കുമിടയിൽ ഉണ്ടായില്ല... അനന്തന്റെ മനസ്സ് ആകർഷിന്റെ ആ വാചകത്തിൽ മാത്രം കുരുങ്ങി കിടന്നു... "ജാൻവിയുടെ പ്രാണൻ " അപ്പോഴേ അനന്തൻ ഊഹിച്ചിരുന്നു ജാൻവി എല്ലാം ആകർഷിനോട് പറഞ്ഞു എന്ന്... അവൾ കാത്തിരിക്കുകയാവും... ബദ്രിയുമായി അവളുടെ മുന്നിൽ ചെല്ലുമ്പോൾ തന്നോടും ഉർവിയോടും എല്ലാം പറയാൻ... അവനും കാത്തിരിക്കുകയാണ് എല്ലാം അറിയാൻ... ആകർഷിന് വേദനയാണ്.... അവനിൽ നിന്നും അവൾ അകലുന്നു...... ജാൻവിയുടെ നാവിൽ നിന്നും അവൻ കേട്ട ബദ്രി എന്ന പേരു അവനെ അത്രമേൽ അസ്വസ്ഥമാക്കിയപ്പോഴാണ് അതാരെന്ന് ചോദിച്ചത്... അതിനുള്ള അവളുടെ മറുപടി.... അറിയുകയായിരുന്നു... ബദ്രിയെ...അവളുടെ വാക്കുകളിലൂടെ തന്നെ... അവന്റെ പേരു പറയുമ്പോൾ തന്നെ തിളങ്ങുന്ന അവളുടെ കണ്ണുകൾ... വ്യതിയാനം സംഭവിക്കുന്ന ശ്വാസഗതി...

എല്ലാം തെളിയിക്കുന്നുണ്ടായിരുന്നു അവൾക്ക് അവൻ എത്രമേൽ പ്രിയപ്പെട്ടതാണെന്ന്... ആകർഷ് കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാരി... അനന്തന് അറിയാൻ സാധിക്കുന്നുണ്ടായിരുന്നു അവന്റെ വേദന... പക്ഷെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് മാത്രം അറിയില്ല... " ഡാ " അനന്തന്റെ വിളി കെട്ട് ആകർഷ് കണ്ണുകൾ തുറന്നു... വണ്ടി ഒരു റോഡ് സൈഡിൽ നിർത്തിയിട്ടിരിക്കുകയാണ്... ആകർഷ് ചുറ്റും നോക്കി... മുന്നിലായി ഒരു വഴികാട്ടി ബോർഡ്‌ കാണാം... ഒറ്റപ്പാലം എന്നെഴുതിയിരിക്കുന്നു അതിൽ... " എത്തിയോ ശ്രീ " ഒന്ന് മൂരി നിവർത്തി കൊണ്ട് അവൻ ചോദിച്ചു... തിരിച്ചു മറുപടി ഒന്നുമില്ലാത്തത് കൊണ്ട് അവൻ തല ചെരിച്ചു നോക്കി... അനന്തൻ വേദനയോടെ നോക്കുന്നു...ആകർഷ് കഷ്ടപ്പെട്ട് മുഖത്ത് ഒരു പുഞ്ചിരി വരുത്തി... " നീ എന്താ ഇങ്ങനെ നോക്കുന്നെ "

" ആകർഷ്.. ടാ.. ബദ്രി... അതാരാണെന്ന് ഇപ്പോൾ നമുക്ക് രണ്ടാൾക്കും ഒരു ഊഹമുണ്ട്... ഇനി എന്താ ചെയ്യാ " " ഹഹ... നിനക്ക് ഇപ്പോഴും ഊഹം മാത്രേയുള്ളോ.. എങ്കിൽ എനിക്കുറപ്പുണ്ട് അതാരെന്ന് " അനന്തൻ മനസ്സിലാകാത്ത ഭാവത്തിൽ അവനെ ഒന്ന് നോക്കി... " വിശദമായി ജാൻവി തന്നെ പറയട്ടെ.... പിന്നെ എന്റെ കാര്യം... വേദനയുണ്ട്... ചങ്കൊക്കെ വല്ലാതെ നോവുന്നുണ്ട്... എങ്കിലും സഹിക്കും ഞാനത്... കാരണം എന്റെ സന്തോഷം അവളുടെ ചിരി മാത്രമാണ്... " "നിനക്ക് അവളോട് പറയാമായിരുന്നില്ലേ " അതിനു മറുപടിയായി ആകർഷ് ഒന്ന് ചിരിച്ചു.. " നിനക്കറിയില്ലേ ശ്രീ നിന്റെ അനിയത്തിയെ... അവളുടെ ഹൃദയത്തിൽ എനിക്ക് അമൂല്യമായൊരു സ്ഥാനം ഉണ്ടെടാ... അവളുടെ ബെസ്റ്റ് ഫ്രണ്ട്.... ആ സ്ഥാനം നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല... സോ എന്റെ കാര്യം നീയും ഞാനും ഉർവിയും മാത്രം അറിഞ്ഞാൽ മതി കേട്ടല്ലോ... " " ബദ്രി അവളെ അംഗീകരിച്ചില്ലായെങ്കിൽ.. " അതിനും ഒരു പൊട്ടിച്ചിരിയായിരുന്നു ആദ്യം ആകർഷിന്റെ മറുപടി...

" എന്റെ പൊന്ന് ശ്രീ... അത് നിനക്ക് ബദ്രിയെ കുറിച്ച് ഒന്നും അറിഞ്ഞൂടാത്തോണ്ട് തോന്നുന്നതാ... നീ വണ്ടിയെടുക്ക്... ഇനി കുറച്ചേയുള്ളു... അവനെ കാണുമ്പോൾ... അറിയുമ്പോൾ.. നിന്റെ എല്ലാ സംശയങ്ങളും മാറും.. " പക്ഷെ അനന്തന് അപ്പോഴും വേദന തന്നെ... തന്റെ അടുത്ത സുഹൃത്താണ് ആകർഷ്.. ഒരുപക്ഷെ ഒരേയൊരു സുഹൃത്ത്.. അത് പോലെ തന്റെ പ്രിയപ്പെട്ട അനിയത്തിയാണ് ജാൻവി... ജീവന്റെ ഒരംശം... രണ്ടു പേരെയും വേദനിപ്പിക്കാൻ കഴിയില്ല... താൻ ആരുടെ കൂടെ നിൽക്കും... ആരുടെ കൂടെ നിന്നാലും മറ്റേയാൾക്ക് അത് വേദന സമ്മാനിക്കും.. അവന്റെ മുഖത്തെ ഭാവ മാറ്റം ആകർഷ് ശ്രദ്ധിച്ചു.. " നിന്റെ മനസ്സിലെ സംശയം എനിക്കറിയാം... നീ നിൽക്കേണ്ടത് ജാൻവിയുടെ കൂടെയാണ്... കാരണം എന്റെ സന്തോഷം അവളാണ്... അവൾ നിറഞ്ഞു ചിരിക്കുമ്പോൾ ഞാനും ഹാപ്പിയാണ്.. അതുകൊണ്ട് എന്റെ പൊന്ന് മോൻ അവളെ സന്തോഷിപ്പിക്കാൻ നോക്ക് ട്ടാ.. " അനന്തൻ ഒരു ചിരിയോടെ വണ്ടിയെടുത്തു... അവൻ ഓർക്കുകയായിരുന്നു ആകർഷിനെ... വെറും വാക്കുകളിലൂടെ ഒരാളെ പ്രണയിക്കുക...

പ്രാണനെ പോലെ സ്നേഹിക്കുക... സ്വന്തം പ്രൊഫഷൻ പോലും മറന്ന് അവൾക്ക് കാവലിരിക്കുക... പ്രതീക്ഷയില്ലാതെ പ്രണയിക്കുക... നഷ്ടപ്പെടും എന്നറിഞ്ഞിട്ടും യാതൊരു സ്വാർത്ഥ ചിന്തയുമില്ലാതെ അവളുടെ സന്തോഷം മാത്രം ആഗ്രഹിക്കുക... അവനെപ്പോലെ നിസ്വാർത്ഥമായി പ്രണയിക്കാൻ ഒരുപക്ഷേ അവനു മാത്രേ സാധിക്കൂ... അവനു വേണ്ടി മാത്രം ഒരു പ്രാർത്ഥന അനന്തന്റെ മനസ്സിൽ നിറഞ്ഞു.. പക്ഷെ അവിടേക്ക് പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്ന ജാൻവിയുടെ മുഖം തെളിഞ്ഞു വന്നു... അനന്തൻ വീണ്ടും സംശയത്തിലാണ്ടു... ആർക്ക് വേണ്ടി പ്രാർത്ഥിക്കണം.... അവനു ബദ്രിയോട് ഒരു നീരസം തോന്നി... പെട്ടെന്ന് തന്നെ അവൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.... പാടില്ല... അവനെ കുറിച്ച് ഒന്നും അറിയില്ല... എല്ലാം നല്ലപടി അവസാനിക്കാൻ കാത്തിരിക്കാം... അതിനു വേണ്ടി പ്രാർത്ഥിക്കാം... അൽപ്പ സമ്മയത്തിനകം അവരുടെ വണ്ടി ഒരു ചെറിയ ആഗ്രഹാരം പോലെ ഒരു സ്ഥലത്തെത്തി... വണ്ടി ഒതുക്കി ഇറങ്ങുമ്പോൾ തന്നെ കണ്ടത് ഒരു ക്ഷേത്രമാണ്... അനന്തനും ആകർഷും ഒരു നിമിഷം കണ്ണടച്ച് പ്രാർത്ഥിച്ചു...

അടുപ്പിച്ചടുപ്പിച്ചുള്ള കുറെ വീടുകൾ.. ഓരോ വീടിനു മുന്നിലും കോലം വരച്ചിട്ടുണ്ട്.. ചന്ദനത്തിന്റെയും കർപ്പൂരത്തിന്റെയും മണം നിറഞ്ഞ അന്തരീക്ഷം... എവിടുന്നോ ഒരു വയലിൻ സംഗീതം കേൾക്കാം... "അലൈപായുധേ കണ്ണാ" എന്ന കീർത്തനം മനോഹരമായി വയലിനിൽ വായിക്കുന്നു... അനന്തൻ ആ സംഗീതം ആസ്വദിക്കുന്നുണ്ട്... ആകർഷും അത് ആസ്വദിച്ചാണ് നടക്കുന്നത്... ചുണ്ടുകളിൽ ഒരു ചിരിയുമുണ്ട്...അവരുടെ നടത്തം ആ നടപ്പാതയുടെ അറ്റത്തായുള്ള ഒരു വീട്ടിൽ നിന്നു... ഇപ്പോൾ വയലിന്റെ ശബ്ദം നല്ലതുപോലെ കേൾക്കാം...അനന്തന്റെ മുഖത്ത് ആകാംഷ നിറഞ്ഞു... കണ്ണുകളിൽ അത്ഭുതവും... അവനെ ഒരു ചിരിയോടെ നോക്കികൊണ്ട് ആകർഷ് പുറത്ത് തൂക്കിയിട്ടിരിക്കുന്ന മണിയിൽ ഒന്ന് തട്ടി... പെട്ടെന്ന് തന്നെ അകത്തെ വയലിൻ ശബ്ദം നിലച്ചു... നിമിഷങ്ങൾക്കകം അവർക്കു മുന്നിൽ ആ വാതിൽ തുറന്നു.... ഒരു ചെറുപ്പക്കാരൻ...

ഇരുപത്തിയഞ്ചോ ഇരുപത്തിയാറോ വയസ് കാണും... ചെറുതായി നീണ്ട മുടിയിഴകൾ... വെട്ടിയൊതുക്കിയ താടി... നുണക്കുഴികൾ ഉണ്ടെന്ന് തോന്നുന്നു... പെട്ടെന്ന് അറിയില്ല പക്ഷെ... നെറ്റിയിൽ ഒരു ഭസ്മ കുറിയുണ്ട്... നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്ന പൂണൂലിന്റെ ചെറിയൊരു ഭാഗം ഇട്ടിരിക്കുന്ന ഷർട്ടിന്റെയുള്ളിൽ കൂടി പുറത്തു കാണുന്നുണ്ട്...അനന്തനും ആകർഷും അവനെ ആകമാനം ഒന്ന് നോക്കി...ഇതാകുമോ ബദ്രി.. അവന്റെ കണ്ണുകളും അവരെ വീക്ഷിക്കുകയായിരുന്നു... ആകർഷിനെ അവൻ ഒരു അപരിചിതത്വത്തോടെ നോക്കിയെങ്കിലും അനന്തനെ കണ്ട് അവന്റെ കണ്ണുകൾ തിളങ്ങി... പരിചയമുള്ള ആരെയോ കണ്ടത് പോലെ... പക്ഷെ പെട്ടെന്ന് തന്നെ അവിടെ വേദന നിറയുന്നു.. "ബദ്രി " അനന്തൻ സംശയത്തോടെ വിളിച്ചു... അവൻ അതെയന്നർത്ഥത്തിൽ തലയാട്ടി കൊണ്ട് വാതിലിൽ നിന്നും മാറി..

അകത്തേക്കുള്ള ക്ഷണമാണതെന്ന് മനസ്സിലായി... രണ്ടു പേരും ചെരുപ്പ് അഴിച്ചിട്ടു അകത്തേക്ക് കയറി.. വൃത്തിയിൽ സൂക്ഷിച്ചിരിക്കുന്ന ഒരു കൊച്ച് വീട്... അതിന്റെ മുറ്റത്തും ഉണ്ട് മനോഹരമായ ഒരു കോലം... അകത്തളങ്ങളിൽ എല്ലാം കുന്തിരിക്കത്തിന്റെ മണം... അപ്പോഴാണ് അവരുടെ നോട്ടം മേശമേൽ വച്ചിരിക്കുന്ന വയലിനിലേക്ക് നീണ്ടത്... "ബദ്രിയുടേതാണോ " വയലിൻ ചൂണ്ടി അനന്തൻ ചോദിച്ചതും അവൻ നിറഞ്ഞ ചിരിയോടെ തലയാട്ടി...അനന്തനും ഒന്ന് ചിരിച്ചു... അപ്പോൾ ഇതാവും ജാൻവിയുടെ മനസ്സിൽ ആദ്യം സ്ഥാനം പിടിച്ചത്.. അവൾക്ക് സംഗീതവും നൃത്തവും ഭ്രാന്താണ്.... അനന്തൻ ചിരിയോടെ ഓർത്തു.. " ഞാൻ ആരാണെന്ന് അറിയുമോ തനിക്ക് " വീണ്ടും അനന്തന്റെ ചോദ്യം... അപ്പോഴെല്ലാം ആകർഷ് ബദ്രിയെ നോക്കിക്കാണുകയായിരുന്നു... അനന്തന്റെ ചോദ്യത്തിന് വീണ്ടും അറിയുമെന്നുള്ള രീതിയിൽ ഉള്ള ഒരു തലയാട്ടൽ മാത്രം...അവൻ ആകർഷിനെക്കൂടി പരിചയപ്പെടുത്തി... അതിനും ചിരിയോടെയുള്ള ഒരു തലയാട്ടൽ മാത്രമാണ് ബദ്രി ചെയ്തത്...

അനന്തന് അവന്റെ ആ പ്രവൃത്തി മുഷിച്ചിൽ സൃഷ്ടിച്ചു... അവൻ ഒന്ന് മുഖം ചുളിച്ചു... " താൻ എന്താ ഒന്നും മിണ്ടാത്തെ... " അനന്തന്റെ ചോദ്യത്തിൽ നീരസം നിഴലിച്ചു... ആകർഷ് പക്ഷെ സംശയത്തോടെ ബദ്രിയെ തന്നെ നോക്കി... അവന്റെ മനസ്സിൽ ജാൻവി പറഞ്ഞ ഒരു വാചകം തെളിഞ്ഞു വന്നു.. " അവൻ എനിക്ക് പൂർണ്ണനാണ്... യാതൊരു കുറവുകളുമില്ലാത്ത മനുഷ്യൻ... എനിക്കുമാത്രം " ആകർഷ് അസ്വസ്ഥതയോടെ അനന്തനെയും ബദ്രിയെയും നോക്കി.... അത് വരെ ചിരിയോടെ നിന്ന ബദ്രി പെട്ടെന്ന് തല കുനിച്ചു.... അപ്പോഴും മറുപടിയൊന്നും പറയാതെ നിൽക്കുന്ന ബദ്രിയെ കണ്ട് അനന്തൻ ചോദ്യം ഒന്ന് കൂടി ആവർത്തിച്ചു.. " അവൻ സംസാരിക്കില്ല മോനെ " ഒരു സ്ത്രീ അകത്തുന്നു പുറത്തേക്ക് നടന്നുവന്ന് കൊണ്ട് പറഞ്ഞു... ഒരു മങ്ങിയ നിറമുള്ള ചേലയാണ് വേഷം... മുടിയിൽ അവിടെ ഇവിടെയായി നര വീണിട്ടുണ്ട്... ഒഴിഞ്ഞ നെറ്റിത്തടം... അനന്തൻ കേട്ട വാർത്തയുടെ ഞെട്ടലിലാണ്... ആകർഷിന് നേരിയ ഒരു അമ്പരപ്പ് മാത്രം.... അറിയില്ലായിരുന്നു...

എങ്കിലും ഇത്രയും നേരത്തെ ബദ്രിയുടെ പെരുമാറ്റത്തിൽ നിന്നും ജാൻവിയുടെ വാക്കുകളിൽ നിന്നും അവനത് ഊഹിച്ചിരുന്നു... ബദ്രി അവരെ നോക്കി ചിരിച്ചു... വേദന മറച്ചുവച്ചുകൊണ്ടുള്ള ചിരി... അനന്തന്റെ കണ്ണിൽ തെളിഞ്ഞ സഹതാപത്തെ നശിപ്പിക്കാൻ വേണ്ടിയുള്ള ചിരി.. " മക്കളെവിടുന്നാ " ബദ്രിയുടെ അമ്മയുടെ ചോദ്യത്തിനു ആകർഷാണ് മറുപടി നൽകിയത്... " ഞങ്ങളും പാലക്കാട് നിന്നാണ്...മണ്ണാർക്കാട്.. " " ബദ്രിയേ കാണാൻ വന്നെയാണോ.. " "അതെ " "അവനെ എങ്ങനെ അറിയാം " അവരുടെ ആ ചോദ്യത്തിന് എന്ത് മറുപടി പറയണം എന്ന് ആകർഷ് ഒന്ന് ആലോചിച്ചു... പെട്ടെന്ന് ബദ്രി അനന്തനെ ചൂണ്ടികാട്ടി കൈകൊണ്ട് എന്തൊക്കെയോ കാട്ടി... " ഓഹ്.. ഇതായിരുന്നോ ജാനി മോളുടെ... " അവരുടെ സ്വരത്തിൽ നിരാശ നിഴലിച്ചു... അവർ അനന്തനെ തന്നെ നോക്കി നിൽക്കുകയാണ്... വീണ്ടും ബദ്രി അവരെ തട്ടി വിളിച്ചു എന്തൊക്കെയോ കൈ കൊണ്ട് കാണിക്കുന്നുണ്ട്.. " അയ്യോ.. ഇവരോട് സംസാരിച്ചു നിന്ന് ഞാൻ അത് ഓർത്തില്ല...മക്കൾക്ക് കുടിക്കാൻ കാപ്പി പോരെ "

തലയ്ക്കു ചെറുതായി ഒന്ന് തട്ടി ചോദ്യത്തിന് ഉത്തരം പോലും കാത്തു നിൽക്കാതെ അവർ അകത്തേക്ക് പോയി... അവർ പോയതും മൂന്ന് പേർക്കും ഇടയിൽ മൗനം തളംകെട്ടി.... " എനിക്കറിയില്ലായിരുന്നു ബദ്രി... അവൾ നിന്നെ കുറിച്ചു ഒന്നും പറഞ്ഞില്ല.. അവൾക്ക് നിന്നെ കാണണം.. ഞാൻ തന്നെ കണ്ടെത്തി കൊണ്ട് ചെല്ലണം ഇത് മാത്രമാണ് പറഞ്ഞത് " അനന്തൻ പറഞ്ഞത് കേട്ടതും അവൻ ഒന്ന് ചിരിച്ചു... മറുപടി പറയാൻ ആഗ്രഹിക്കുന്നുണ്ട്.. അവൾ പറയാത്തതെല്ലാം പറയാൻ കൊതിക്കുന്നുണ്ട്... പക്ഷെ അതിനു സാധിക്കുന്നില്ല എന്നത് ഓർക്കേ അവനു സങ്കടം തോന്നി... അവനറിയാം തന്റെ ഭാഷ അനന്തന് മനസ്സിലാവില്ല എന്ന്... അപ്പോഴേക്കും ബദ്രിയുടെ അമ്മ രണ്ട് ഗ്ലാസിൽ കാപ്പിയുമായി വന്നു... രണ്ടു പേരും അത് ഊതി കുടിക്കുകയാണ്.. "നിങ്ങൾ എന്താ വന്നത് " " അത്.. അമ്മേ... ജാൻവിയ്ക്ക് ബദ്രിയെ ഒന്ന് കാണണം എന്ന് പറഞ്ഞു.... കൂടെ കൊണ്ട് പോകാൻ " വാക്കുകൾ വിക്കിയാണ് അനന്തൻ പറഞ്ഞൊപ്പിച്ചത്...അവർ ബദ്രിയെ ഒന്ന് നോക്കി.. " നീ.. നീ പോകുന്നുണ്ടോ കണ്ണാ " അലിവോടെയുള്ള അവരുടെ ചോദ്യത്തിന് അവൻ പോകുന്നു എന്ന് തലയാട്ടി... " അവൻ വരുന്നു എന്നാ പറഞ്ഞത് " അത് കേട്ടപ്പോൾ ആകർഷിന് സന്തോഷമായി... അനന്തന് പക്ഷെ മനസ്സറിഞ്ഞു സന്തോഷിക്കാൻ സാധിക്കുന്നില്ല.... അവൻ ഒന്ന് കൂടി ബദ്രിയെ നോക്കി... ബദ്രിയും അനന്തനെ തന്നെ നോക്കി നിൽക്കുന്നു.................. (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story