ആ നിമിഷം: ഭാഗം 2

aanimisham

എഴുത്തുകാരി: ഗീതു അല്ലു

ചിന്തകൾക്കപ്പുറം നീലമന എന്ന തറവാട്ട് കെട്ടിന്റെ മതിൽക്കെട്ടിനകത്തേക്ക് അവരുടെ വാഹനം ഒരു ഇരമ്പലോടെ വന്നു നിന്നു... ജാൻവിയെ നിലവിളക്ക് നൽകി അകത്തേക്ക് കയറ്റാനും മധുരം നൽകാനുമൊക്കെ വല്യമ്മായി തന്നെയായിരുന്നു ഉത്സാഹത്തോടെ മുന്നിൽ നിന്നത്.... പക്ഷെ ആ സമയം ഭർത്താവിന്റെ അനുജന്റെ മകൾക്ക് നല്ല ജീവിതം കിട്ടിയതിലുള്ള സന്തോഷമായിരുന്നില്ല അവർക്ക്... മറിച്ചു ഒരു ബാധ്യത ഒഴിവാക്കി തന്റെ മകളുടെ ജീവിതം സുരക്ഷിതമാക്കാൻ ഒരുപടി കൂടി മുന്നോട്ട് സഞ്ചരിച്ചതിന്റെ ചരിഥാർഥ്യം ആയിരുന്നു.... അമ്പലത്തിലെയും വീട്ടിലെയും ചടങ്ങുകൾ എല്ലാം ചെയ്ത് ജാൻവി നന്നായി ക്ഷീണിച്ചു...

അത് മനസ്സിലാക്കി ഉർവി അവളെ കൂട്ടി മുറിയിലേക്ക് പോയി.... സാരിയും ആഭരണങ്ങളും ഒക്കെ അഴിച്ചു ഒന്ന് കുളിപ്പിച്ച് കൊണ്ട് വന്നപ്പോഴേക്കും ജാൻവി ഉറങ്ങാൻ തുടങ്ങി... അവളെ കാട്ടിലിലേക്ക് ചായ്ച്ചു കിടത്തി ഉർവിയും അവൾക്കൊപ്പം കിടന്നു.... വല്യമ്മായി ഇടയ്ക്ക് വന്നു ജാൻവിയെ അവിടെ കിടത്തിയതിനു ഉർവിയെ വഴക്ക് പറഞ്ഞുവെങ്കിലും അവൾ അത് ശ്രദ്ധിച്ചില്ല.... അവൾക്കറിയാമായിരുന്നു ആ സമയം അനന്തൻ ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന്..... ഉർവിയുടെ വിരലുകൾ യാന്ത്രികമായി ജാൻവിയുടെ മുടിയിഴകളിൽ തഴുകി കൊണ്ടിരുന്നു....അവളുടെ മനസ്സിലപ്പോൾ രാവിലെ താൻ കേട്ട അമ്മയുടെ വാക്കുകളായിരുന്നു....

അമ്മയാണത്രെ അനന്തേട്ടനെ ചതിച്ചത്... ഉദ്ദേശം രണ്ടാണ്... ഒന്ന് സുഖമില്ലാത്ത ജാൻവിയെ എങ്ങനെയും ഒഴിവാക്കുക... രണ്ട് തന്നെയും അനന്തേട്ടനെയും തമ്മിൽ അകറ്റുക.... എന്തിനെന്നു ചോദിച്ചാൽ അമ്മയുടെ ആങ്ങളയുടെ മകൻ... ദി ഗ്രേറ്റ്‌ ബിസിനസ്‌ മാൻ യദു ദേവുമായി തന്റെ വിവാഹം നടത്താൻ...അതിനു കൂട്ട് നിന്നത് യദുവേട്ടൻ തന്നെയാണ്... അമ്മയുടെ മനസ്സിലെ തുലാസ്സിൽ ഡോക്ടർ അനന്തശ്രീയ്ക്കും യദു ദേവിനും രണ്ട് ഭാരമായിരുന്നു... അത് കൊണ്ട് തന്നെ സ്വത്തുക്കൾ കൂടുതൽ ഉള്ള യദു ദേവിനെ സെലക്ട്‌ ചെയ്യാൻ അമ്മയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല... പക്ഷെ അവിടെ അമ്മ കാണാതെ പോയ ഒന്നുണ്ട്... തന്റെയും അനന്തേട്ടന്റെയും പ്രണയം...

അതിനു വർഷങ്ങളുടെ പഴക്കം ഉണ്ടെന്ന് പോലും അമ്മ ഓർത്തില്ലേ... അമ്മയുടെ സെന്റിമെന്റൽ നാടകത്തിനു മുന്നിൽ അച്ഛനും മുട്ട് മടക്കിയതോടെ നഷ്ടം ഉർവിക്കും അനന്തനും മാത്രമായി.... പക്ഷെ അമ്മ തിരിച്ചറിയാതെ പോയ ഒന്നുണ്ട്... ഉർവി മഹേശ്വർ എന്ന സ്ത്രീയുടെ പാതിയായി ഒരു പുരുഷൻ വരുന്നുണ്ടെങ്കിൽ അത് അനന്തശ്രീ നാരായണൻ മാത്രമാവും... ആരുടേയും കണ്ണുനീരും ശാപവും വാങ്ങിക്കാതെ അത് സാധ്യമാവുമെങ്കിൽ മാത്രം ഉർവി മഹേശ്വറിന്റെ സീമന്ത രേഖ ചുവക്കും.... ❤❤❤❤❤❤❤❤❤❤❤❤ ഈ സമയം അത്രയും അനന്തനും തന്റെ ജീവിതം ഗതി മാറി ഒഴുകിയ നിമിഷങ്ങൾ ഓർത്തു കിടക്കുകയായിരുന്നു...

ഒരുവേള തന്റെ അമ്മ കൂടെയുണ്ടായിരുന്നുവെങ്കിൽ എന്ന് പോലും അവൻ ആഗ്രഹിച്ചു...നീലമനയിൽ വാസുദേവ വർമ്മയുടെ മൂത്ത മകൾ മാധവി വർമ... തന്റെ അമ്മ... തനിക്ക് രണ്ടു വയസ്സുള്ളപ്പോൾ ഇഹലോക വാസം വെടിഞ്ഞു... അതിനു ശേഷം അച്ഛന്റെയും വല്യമ്മാവന്റെയും വല്യമ്മായിയുടെയും സ്നേഹത്തിലും ശിക്ഷണത്തിലുമാണ് വളർന്നത്... വല്യമ്മാവൻ തന്നെ നിർബന്ധിച്ചു ഞങ്ങളെ നീല മനയിലേക്ക് കൊണ്ട് വന്നു...വല്യമ്മാവൻ എന്ന് വച്ചാൽ അമ്മയുടെ മൂത്ത ആങ്ങള.... മഹേശ്വർ... അദ്ദേഹത്തിന്റെ ഭാര്യ ഭദ്ര... അമ്മയ്‌ക്ക് ഒരു ആങ്ങള കൂടിയുണ്ട്... തന്റെ ചെറിയമ്മാവൻ... മഹാദേവ്..അദ്ദേഹത്തിന്റെ ഭാര്യ വിശ്വ വാണി...

അവർ രണ്ടു പേരും കൽക്കട്ടിയിലാണ്... ചെറിയമ്മാവനും ചെറിയമ്മായിയും അവിടെ രബീന്ദ്ര ഭാരതി യൂണിവേഴ്സിറ്റിയിൽ അധ്യാപകർ ആയിരുന്നു... എല്ലാം കൊണ്ടും സന്തോഷകരമായ ജീവിതം.. തനിക്ക് ആറ് വയസ്സുള്ളപ്പോഴാണ് ഉർവി ജനിക്കുന്നത്... പിന്നെയും ഒരു വർഷം കഴിഞ്ഞ് ചെറിയമ്മായിക്ക് ജാൻവിയും ജനിച്ചു... ഉർവിയും താനുമായിരുന്നു ഏറ്റവും കൂട്ട്... ജാൻവി തങ്ങൾക്കിടയിലേക്ക് വെക്കേഷന് മാത്രം വരുന്ന അതിഥി... അവളെ സ്നേഹിക്കാൻ മാത്രമായിരുന്നു താനും ഉർവിയും മത്സരിച്ചിരുന്നത്... ശരീരത്തിനൊപ്പം മനസ്സും വളർന്നു തുടങ്ങിയപ്പോൾ ഉർവി എന്ന കളിക്കൂട്ടുകാരി അനന്തശ്രീയ്ക്ക് പ്രണയിനിയായി...

തിരിച്ചും അങ്ങനെ തന്നെ... ജാൻവി രണ്ടു പേരുടെയും കുഞ്ഞനുജത്തിയും.... ആരെയും അസൂയപ്പെടുത്തുന്ന തങ്ങളുടെ പ്രണയത്തിനു വീട്ടുകാരും മൗനനുവാദം നൽകി... ജീവിതത്തിന്റെ വഴിതിരിവിൽ താൻ ഒരു ഡോക്ടർ ആയി... ചെറു പ്രായത്തിൽ തന്നെ അറിയപ്പെടുന്നൊരു കാർഡിയോളജിസ്റ്.... ഉർവിയും തന്നെ പോലെ മെഡിസിന് ചേർന്നു... ജാൻവി ഒരു കോളേജ് അധ്യാപിക ആവാനാണ് ആഗ്രഹിച്ചത്.... കൽക്കട്ടയിൽ തന്നെ അവൾ ഡിഗ്രി കംപ്ലീറ്റ് ആക്കി... ബാക്കി പഠനം നാട്ടിൽ മതിയെന്ന് തീരുമാനിച്ചു ചെറിയമ്മാവനും ചെറിയമ്മായിക്കും ഒപ്പം നാട്ടിലേക്ക് തിരിച്ചു വന്നതാണവൾ.... അവരെ എയർപോർട്ടിലേക്ക് കൂട്ടാൻ പോയത് തന്റെ അച്ഛനും...

തറവാട്ടിലേക്കുള്ള ആ യാത്രയിൽ ഒരു ആക്‌സിഡന്റിൽ അവർ മൂന്നുപേരും അങ്ങ് പോയി... ജാൻവിയെ മാത്രമാണ് തിരിച്ചു കിട്ടിയത്... പക്ഷെ അവൾ പഴയതു പോലെ ആയിരുന്നില്ല..... ഭൂതകാലം മറന്ന് അവൾ വീണ്ടും ബാല്യത്തിലേക്ക് തിരിച്ചു പോയിരിക്കുന്നു... ആദ്യമൊക്കെ അച്ഛനില്ല എന്ന സത്യത്തോട് പൊരുത്തപ്പെടാൻ പാടായിരുന്നു... ആ സമയമത്രയും വല്യമ്മായിയും വല്യമ്മാവനും ഉർവിയും കൂടെ തന്നെ നിന്നു... വീണ്ടും ജീവിതത്തിലേക്കുള്ള തിരിച്ചു വരവ്... കൂട്ടിനു ഒരു കൈ താങ്ങായി ഉർവിയും ഉണ്ടായിരുന്നു.... പിന്നീട് ആകെ ഉള്ള സങ്കടം ജാൻവി ആയിരുന്നു... അവളെ എങ്ങനെയും ചികിൽസിച്ചു നേരെയാക്കണം എന്ന് കരുതി ഇരിക്കുമ്പോഴാണ് ഈ സംഭവ വികാസങ്ങളൊക്കെ...

ഇതിനിടയിൽ എപ്പോഴാണോ വല്യമ്മായി എന്റെയും ഉർവിയുടെയും ബന്ധത്തിനു എതിരായത്.... പണ്ട് ഒളിച്ചോടിപോയ വല്യമ്മായിയുടെ ആങ്ങളയും കുടുംബവും തിരിച്ചു വന്നതിനു ശേഷമാണോ... എങ്കിലും എന്തിന് വേണ്ടി.... അനന്തന്റെ മനസ്സിൽ നിരവധി ചോദ്യങ്ങൾ മാത്രം അവശേഷിച്ചു... ചിന്തകൾക്കൊടുവിൽ അവനും ഒന്ന് മയങ്ങി... വൈകുന്നേരം വല്യമ്മാവൻ ആണ് വന്നു വിളിച്ചുണർത്തിയത്.... കണ്ണ് തുറന്നു നേരെ നോക്കിയത് ആ മുഖത്തേക്കാണ്.... ആ കണ്ണുകളിൽ അപ്പോഴും കുറ്റ ബോധം തളം കെട്ടി നിൽക്കുന്നു... കണ്ണുനീർ ഉരുണ്ടു കൂടിയിരിക്കുന്നു...ആ ചുണ്ടുകൾ വിതുമ്പുന്നത് പിടയ്ക്കുന്ന നെഞ്ചോട് അവൻ നോക്കിയിരുന്നു...

" മാപ്പ്... ഭദ്രയുടെ വാശിക്ക് മുന്നിൽ നിന്റെയും എന്റെ മോളുടെയും മനസ്സ് നോവിക്കേണ്ടി വന്നു എനിക്ക്... ശപിക്കരുത്...ഞങ്ങളോടുള്ള വെറുപ്പ് ജാൻവി മോളോട് കാണിക്കരുത്.... " പറച്ചിലിനിടയിലും അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയും വാക്കുകൾ മുറിയുകയും ചെയ്യുന്നുണ്ടായിരുന്നു... " അരുത് വല്യമ്മാവ... എന്നോട് ഇങ്ങനെ ഒന്നും പറയരുത്... ജാൻവിയോട് ഒരു തരിമ്പ് പോലും ദേഷ്യം ഇല്ല എനിക്ക്.... ഞാൻ എന്തിനു അവളോട് ദേഷ്യം കാണിക്കണം... ചുറ്റുമുള്ളവരുടെ കള്ളത്തരങ്ങൾ ഒന്നും തിരിച്ചറിയാൻ അവൾക്ക് സാധിക്കില്ല എന്ന് എനിക്കറിയാലോ... പിന്നെ ബാക്കിയൊക്കെ വിധി പോലെ നടക്കും.... ഞാനും ഉർവിയും ഒരു തപസ്യയിലാണ്...

എല്ലാത്തിനും അവസാനം എല്ലാവരുടെയും നിറഞ്ഞ ചിരി മാത്രം ബാക്കിയവണെ എന്ന പ്രാർത്ഥനയോടെയുള്ള ഒരു തപസ്യ... " അവൻ പറഞ്ഞതിന്റെ അർത്ഥം ഗ്രഹിക്കാൻ സാധിക്കാതെ അയ്യാൾ അവിടുന്നു നടന്നകന്നു... അനന്തൻ പുറത്തേക്ക് നോക്കിയപ്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു.... അവൻ ഒന്ന് ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങി.... ഉർവി വിളക്ക് വച്ചിട്ട് ഉമ്മറത്തു തന്നെ ഇരിപ്പുണ്ട്... അവൾക്കടുത്തായി തന്നെ ജാൻവിയും ഉണ്ട്.... ജാൻവി എന്തൊക്കെയോ പറയുന്നുണ്ട്.... എല്ലാം ഒരു ചിരിയോടെ കേൾക്കുന്നുണ്ടെങ്കിലും ഉർവിയുടെ മനസ്സ് അവിടെയെങ്ങും ഇല്ല എന്ന് തോന്നി അനന്തന്..... അനന്തൻ അവർക്കരുകിലേക്ക് ചെന്നപ്പോൾ ജാൻവി ഓടി വന്നു കെട്ടിപിടിച്ചു...

ഒരു നിമിഷം അനന്തന്റെ നോട്ടം പിന്നെയും ഉർവിയെ തേടി ചെന്നു... അവൾക്ക് സങ്കടമായിട്ടുണ്ടാവുമോ... ഇല്ല... അവൾ ചിരിയോടെ ജാൻവിയുടെ പ്രവൃത്തി നോക്കിയിരിക്കുകയാണ്... അല്ലെങ്കിലും താൻ എന്തൊരു പൊട്ടനാണ്... അത് ഉർവിയാണ്... അനന്തനെ അവനെക്കാൾ കൂടുതൽ മനസ്സിലാക്കിയ പെണ്ണ്.... ഈ കാഴ്ച അവൾക്ക് സ്ഥിരം ഉള്ളതിൽ ഒന്ന് മാത്രമാണ്... അതിനപ്പുറം ഒന്നും തോന്നില്ല.... അവൻ സ്വയം ആശ്വസിച്ചു... പക്ഷെ ജാൻവിയുടെ ആ പ്രവൃത്തിയിൽ ഉർവിയുടെ ഉള്ളൊന്ന് പിടഞ്ഞിരുന്നു.... ജാൻവി അനന്തന്റെ താലിയുടെ അവകാശി ആയിരിക്കുന്നു എന്ന തിരിച്ചറിവ് വന്നപ്പോൾ ഉണ്ടായൊരു പിടച്ചിൽ... അവൾ അത് സമർത്ഥമായി ഒളിപ്പിച്ചു എന്ന് മാത്രം....

കുറെ നേരം മൂവരും അവിടിരുന്നു സംസാരിച്ചു...അൽപ്പ സമയം കഴിഞ്ഞു ഭക്ഷണം കഴിഞ്ഞു അനന്തൻ നേരെ മുറിയിലേക്ക് പോയി... ഈ നേരം വരെയും അവൻ വേറെ ആരോടും ഒന്നും മിണ്ടിയില്ല... കട്ടിലിൽ ചാരിയിരുന്നു മുഖത്തിന്‌ മുകളിൽ കൈ വച്ച് കണ്ണടച്ചിരിക്കുകയായിരുന്നു അവൻ... അപ്പോഴാണ് മുറിക്ക് പുറത്ത് ജാൻവിയുടെയും വല്യമ്മായിയുടെയും വഴക്ക് കേൾക്കുന്നത്... അവൻ മുറി തുറന്നു പുറത്തേക്കിറങ്ങി... അവിടെ ജാൻവിയുടെ കയ്യിൽ ബലമായി പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു വല്യമ്മായി...അനന്തനെ കണ്ടതും ജാൻവി ആ കൈ വിടുവിപ്പിച്ചു അവന്റടുക്കലേക്ക് ചേർന്നു നിന്നു ചിണുങ്ങി..

" ശ്രീയേട്ടാ.. ഈ വല്യമ്മ എന്നെ ഉർവി ചേച്ചീടെ അടുത്ത് കിടക്കാൻ സമ്മതിക്കുന്നില്ല " കൊച്ച് കുഞ്ഞുങ്ങളെ പോലെ ചിണുങ്ങിക്കൊണ്ട് ജാൻവി പറഞ്ഞതും അനന്തൻ ഭദ്രയെ ഒന്ന് തറപ്പിച്ചു നോക്കി... " അത്.. ശ്രീമോനെ ഭാര്യ ഭർത്താവിന്റെ കൂടെയല്ലേ കിടക്കേണ്ടത്... അതാ ഞാൻ.. " അവർ പറഞ്ഞു മുഴുവപ്പിക്കാതെ അവന്റെ മുഖത്തേക്ക് ഉറ്റ് നോക്കി... അവിടെ അവരെ ചുറ്ററിക്കാനുള്ള അഗ്നി ഉള്ളതായി തോന്നി അവർക്ക്... അവന്റെ മുഖം കാണെ അവർ ഒന്ന് പരുങ്ങി... " ജാൻവി എന്റെ ഭാര്യ അല്ലെ... അപ്പോൾ അവളുടെ കാര്യങ്ങൾ ഞാൻ തീരുമാനിച്ചോളാം... അവൾ ഉർവിയുടെ കൂടെ തന്നെ കിടന്നോളും... " ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവരുടെ മറുപടിയ്ക്ക് കാത്തു നിൽക്കാതെ അനന്തൻ മുരിയ്ക്കുള്ളിൽ കയറി വാതിൽ അടച്ചു... അനന്തന്റെ തീരുമാനം തന്റെ പദ്ധതികൾക്കൊരു വിലങ്ങു തടിയാകുമോ എന്നുള്ള ഭയത്തിലായിരുന്നു ഭദ്ര അപ്പോൾ...... (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story