ആ നിമിഷം: ഭാഗം 3

aanimisham

എഴുത്തുകാരി: ഗീതു അല്ലു

ജാൻവിയെ തിരിച്ചു ഉർവിയുടെ മുറിയിലേക്ക് കൊണ്ട് പോകുമ്പോൾ അവരെ പ്രതീക്ഷിച്ചെന്നവണ്ണം ഉർവി വാതിലിൽ തന്നെ നിൽപ്പുണ്ടായിരുന്നു.... ഉർവിയെ കണ്ട മാത്രയിൽ തന്നെ ജാൻവി അവൾക്കാരുകിലേക്ക് ഓടി.. അവളെ ചേർത്ത് പിടിച്ചു അകത്തേക്ക് നടക്കുമ്പോഴും ഉർവി ദേഷ്യത്തോടെ ഭദ്രയെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.... ജാൻവിയെ കട്ടിലിലേക്ക് കിടത്തി പുതപ്പിച്ചു കൊടുത്തതിനു ശേഷം ഇപ്പൊ വരാം എന്നും പറഞ്ഞു നെറ്റിയിൽ ഒരു ഉമ്മയും നൽകി ഉർവി പുറത്തേക്കിറങ്ങി... അവിടെ അവളെ കാത്ത് ഭദ്ര നിൽപ്പുണ്ടായിരുന്നു... ഉർവി അവരുടെ മുന്നിലേക്ക് വന്നു കൈ കെട്ടി അവരെ തന്നെ ഉറ്റു നോക്കി നിന്നു...

അവളുടെ ആ നോട്ടത്തിൽ തനിക്കുണ്ടാകുന്ന പതർച്ച മറച്ചു പിടിക്കാൻ ഭദ്ര വല്ലാതെ കഷ്ടപ്പെടുന്നുണ്ടായിരുന്നു... സാരി തലപ്പ് വച്ച് കഴുത്തിലെയും നെറ്റിയിലെയും വിയർപ്പ് ഒപ്പുമ്പോഴും അവർ ഉർവിയെ സാകൂതം വീക്ഷിച്ചു... " എന്തെ.. അമ്മേടെ പ്ലാൻ ഒന്നും നടന്നില്ലേ " അവളുടെ പുച്ഛത്തോടെയുള്ള ചോദ്യത്തിന് മുന്നിൽ ഭദ്ര പിന്നെയും വിയർത്തു.... അവർ വാക്കുകൾക്കായി പരതി.... പക്ഷെ ഒന്നും പറയാൻ സാധിക്കുന്നില്ല... " അത് അനന്ത ശ്രീയാണ് അമ്മേ.. ഈ ഉർവിയുടെ മാത്രം അനന്തേട്ടൻ.... അവിടെ അമ്മയുടെ ഒരു പ്ലാനും നടക്കില്ല... എനിക്കുറപ്പുണ്ട് ആ മനുഷ്യൻ ജാൻവിയെ ഒരിക്കലും ഭാര്യയായി കാണില്ല..

അതിനു വേണ്ടി അമ്മ എന്ത് തറ പരുപാടി കാണിച്ചാലും ആ മനസ്സിൽ ജാൻവിയുടെയും ഉർവിയുടെയും സ്ഥാനങ്ങൾക്ക് ഒരു മാറ്റവും സംഭവിക്കില്ല.... " അത്ര മേൽ ഉറപ്പോടെ ഓരോ വാക്കും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഉർവിയെ അവർ അതിയായ ദേഷ്യത്തോടെ നോക്കി... " എന്റെ മോളോന്നവിടെ നിന്നെ... " ഭദ്രയുടെ ദാർഷ്ട്യതോടെയുള്ള ആ വിളിയിൽ ഉർവിയുടെ കാലുകൾ നിച്ഛലമായി.... അവൾ അവരെ കേൾക്കാൻ തയ്യാറായി അവിടെ നിന്നു... " മോളുടെ ഉദ്ദേശം എന്താ... മറ്റൊരുവളുടെ താലി പൊട്ടിച്ചു സ്വന്തമാക്കാനോ.... ഈ ഭദ്രയ്ക്ക് ജീവനുള്ളിടത്തോളം കാലം അതിനു ഞാൻ സമ്മതിക്കില്ല... നീ എങ്ങനെ ജീവിക്കണം എന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട്...

അത് പോലെ തന്നെ നീ ജീവിക്കും " അത്യധികം വാശിയോടെ ഭദ്ര അത് പറഞ്ഞു നിർത്തുമ്പോഴും ഉർവി യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ നിന്നു.... തന്റെ വാക്കുകൾ അവളിൽ ഒരു ചലനവും സൃഷ്ടിച്ചില്ലേ എന്ന് ഒരുവേള ഭദ്ര ചിന്തിച്ചു... "കഴിഞ്ഞോ... എങ്കിൽ ഇനി എനിക്ക് പറയാനുള്ളത് കൂടി കേട്ടോ.... ഉർവി ആരുടേയും കണ്ണുനീർ വീഴ്ത്തിയോ ശാപം വാങ്ങിയോ ഒന്നും ഇത് വരെ സ്വന്തമാക്കിയിട്ടില്ല... ഇനിയും അങ്ങനെ തന്നെയാവും... പക്ഷെ കാത്തിരിക്കും..... എന്റെ ദേഹി ദേഹം ഉപേക്ഷിച്ചു പോകുന്നത് വരെയും കാത്തിരിക്കും.... ആരൊക്കെ എതിർത്താലും " അവളുടെ ആ ഉറച്ച വാക്കുകൾ ഭദ്രയുടെ മനസ്സിലെ അഗ്നിയെ വീണ്ടും ആളികത്തിച്ചു....

" ഒന്നുകൂടി അമ്മ കേട്ടോളൂ... ജാൻവി ബോധത്തിലേക്ക് വരുന്നത് വരെ മാത്രമേ ജാൻവി ആ താലി കഴുത്തിൽ അണിയൂ.... പഴയ ജാൻവി ആകുമ്പോൾ അവൾ തന്നെ അത് അഴിച്ചു മാറ്റും... അത് എനിക്കുറപ്പാണ് " ഉർവിയുടെ ആ വാക്കുകൾ ഭദ്രയുടെ മനസ്സിൽ ഒരു നടുക്കം സൃഷ്ടിച്ചു..... ഭദ്ര മുഖമുയർത്തി ഉർവിയെ നോക്കി... അപ്പോഴേക്കും അവൾ മുറിയിൽ കയറി വാതിൽ അടച്ചു... ഭദ്ര ഒരു നിമിഷം ആ വാതിലിലേക്ക് തന്നെ ഉറ്റ് നോക്കി നിന്നു..അവരുടെ മനസ്സിൽ പലവിധ ചിന്തകൾ നിറഞ്ഞു... ഇതേ സമയം ജാൻവിയെ ഉറക്കുകയായിരുന്നു ഉർവി.... ഒരു കൊച്ച് കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഉറങ്ങുന്ന ജാൻവിയുടെ മുഖത്തേക്ക് നോക്കി ഇരിക്കുകയാണ് ഉർവി...

വിരലുകൾ അവളുടെ മുടിയിഴകളെ തഴുകുന്നുണ്ട്... അവളുടെ മനസ്സ് നിറയെ ഭദ്രയുടെ വാക്കുകളാണ്... അത് അവളെ കുത്തി നോവിക്കുന്നു... അവൾക്ക് ആർത്തലച്ചു ഒന്ന് കരയാൻ പോലും തോന്നി... താൻ മറ്റൊരുവളുടെ താലി പൊട്ടിക്കാനാണോ ആഗ്രഹിക്കുന്നത്...ആ ചിന്തയിൽ ശരീരം സ്വയമൊരു അഗ്നികുണ്ഡം ആകുന്നതു പോലെയാണ് അവൾക്കനുഭവപ്പെട്ടത്.... അവളുടെ ഉള്ളിൽ ഉർവി എന്ന പ്രണയിനിയും ഉർവി എന്ന സഹോദരിയും തമ്മിൽ വലിയൊരു വാഗ്വാദത്തിൽ ഏർപ്പെട്ടു... ആ വാഗ്വദത്തിനോടുവിൽ ഉർവി ഉറച്ച ഒരു തീരുമാനത്തിൽ എത്തി... ജാൻവി എന്ന് പഴയയത്‌ പോലെ ആകുന്നോ... അന്ന് അവൾ തീരുമാനിക്കട്ടെ എന്ത് വേണം എന്ന്...

അത് വരെയും താൻ അനന്തേട്ടനെ മറ്റൊരു കണ്ണിൽ കാണില്ല.... ആ തീരുമാനത്തിനോടുവിൽ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ അമർത്തി തുടച്ചു അവളും ജാൻവിയോട് ചേർന്നു കിടന്നു... അനന്തനും അന്ന് ഉറക്കം ഇല്ലാത്ത രാത്രിയാണ്... ഇന്ന് പകൽ കൊണ്ട് താൻ ഒരു ഭർത്താവായിരിക്കുന്നു... പക്ഷെ ഭാര്യയുടെ സ്ഥാനത്ത് ഉർവിയല്ല... ജാൻവി..... ഒരുപക്ഷെ ഉർവിയായിരുന്നു തന്റെ താലിക്ക് അവകാശി ആയതെങ്കിൽ ഇന്നീ ലോകത്തെ ഏറ്റവും സന്തോഷവാനയ മനുഷ്യൻ താൻ ആയിരുന്നേനെ എന്നവൻ ഒരുവേള ഓർത്തു... കിടന്നിട്ട് ഉറക്കം വരാതെ അവൻ ബാൽക്കണിയിലേക്ക് ഇറങ്ങി നിന്നു... നിശാഗന്ധി പൂക്കളുടെ സൗരഭ്യവുമായി ഒരു കാറ്റ് അവനെ തഴുകി പോയി...

എന്തുകൊണ്ടോ അവനു ആ പൂക്കളുടെ സൗന്ദര്യം കൂടി ആസ്വദിക്കണം എന്ന തോന്നലുണ്ടായി.. അവയ്ക്കായി അവന്റെ കണ്ണുകൾ ആ മുറ്റത്താകെ ഓടി നടന്നു.... പക്ഷെ ആദ്യം കണ്ണിൽ പെട്ടത് ഗന്ധരാജൻ പൂക്കളാണ്... അവന്റെ മനസ്സിൽ ഗന്ധരാജൻ പൂവും ജാൻവിയും ഒരുപോലെയാണെന്ന് തോന്നി... രാത്രിയുടെ കാമുകി എപ്പോഴും നിശാഗന്ധിയാണ്.... എങ്കിലും ആൾക്കാർ ഗന്ധരാജൻ പൂവിനെ നിശയുടെ ഭാര്യയായി ഉപമിക്കുന്നു.... പ്രണയം ഇല്ലാത്തിടത്തു എങ്ങനെ ഒരു ഭാര്യ ഭർതൃ ബന്ധം ഉണ്ടാവാനാണ്.... ആരും ഇതൊന്നും ചിന്തിക്കാറില്ലേ....അനന്തന്റെ മനസ്സ് ഒരു നൂല് പൊട്ടിയ പട്ടം പോലെ പലതും ആലോചിച്ചു കൂട്ടി...ചിന്തകൾക്കാവസാനം ഒരു ചോദ്യം മാത്രം അവശേഷിച്ചു...

ഇനിയെന്ത്?? അതിനുള്ള ഉത്തരവും അവൻ തന്നെ കണ്ടെത്തി... ജാൻവി എന്ന് പഴയയത്‌ പോലെ ആകുന്നോ... അന്ന് അവൾ തീരുമാനിക്കട്ടെ എന്ത് വേണം എന്ന്... അത് വരെയും താൻ ഉർവിയെ മറ്റൊരു കണ്ണിൽ കാണില്ല...... രാത്രയുടെ ഏതോ യാമത്തിൽ അവനും തിരികെ വന്നു കിടന്നു ഉറങ്ങിയിരുന്നു... ഉർവിയെയും അനന്തനെയും പോലെ ഉറക്കം ഇല്ലാതെ അലയുകയായിരുന്നു ഭദ്രയും... തന്റെ അടുത്ത് സുഖമായി കിടന്നുറങ്ങുന്ന മഹേശ്വറിനെ കാണെ അവരുടെ ദേഷ്യം പോലും വർധിച്ചു... " ഹും.... കിടക്കുന്ന കിടപ്പു കണ്ടില്ലേ... സ്വന്തം മകളുടെ കാര്യത്തിൽ ഒരു ചിന്തയുമില്ലാത്ത മനുഷ്യൻ.... ബാക്കിയുള്ളവന്റെ സമാധാനം മുഴുവൻ പോയി " പിറുപിറുത്തുകൊണ്ട് അവർ ഒന്ന് തിരിഞ്ഞു കിടന്നു...

മനസ്സ് മുഴുവൻ ഉർവി പറഞ്ഞ വാക്കുകളായിരുന്നു... "ഒരുപക്ഷെ ജാൻവിക്ക് സ്വബോധം തിരിച്ചു കിട്ടിയാൽ അവൾ ശ്രീയെ വേണ്ടെന്ന് വയ്ക്കുമോ... അങ്ങനെ ആയാൽ ആ ചെറുക്കൻ വീണ്ടും എന്റെ മോളുടെ അടുക്കലേക്ക് വരില്ലേ.... അവളാണെങ്കിൽ അവനെ കാത്തിരിക്കും പോലും... "ഭദ്രയ്ക്ക് ആകെ ഭ്രാന്ത്‌ പിടിക്കുന്നത് പോലെ തോന്നി... " ഇല്ല... ജാൻവി ഒരിക്കലും പഴയത് പോലെയാകാൻ പാടില്ല... ഇനി അഥവാ ആയാലും ഉർവിയുടെയും യദുവിന്റെയും വിവാഹം കഴിഞ്ഞു മതി... എങ്ങനെയും അത് പെട്ടെന്ന് നടത്തണം " എല്ലാം തീരുമാനിച്ചുറപ്പിച്ചത് പോലെ ഭദ്ര ഒന്ന് നിഗൂഢമായി ഒന്ന് ചിരിച്ചു... പിറ്റേന്ന് അനന്തൻ പതിവിലും വൈകിയാണ് ഉണർന്നത്..

അതുകൊണ്ട് തന്നെ പതിവ് ജോഗിങ് അവൻ ഒഴിവാക്കി... ആഗ്രഹിക്കാത്ത പലതുമാണ് ജീവിതത്തിൽ നടന്നത്... അതുകൊണ്ട് തന്നെ അതിനു വേണ്ടി പ്രത്യേകിച്ച് ലീവ് ഒന്നും എടുത്തിരുന്നില്ല... അവൻ ഒരു ഫോർമൽ ഡ്രെസ്സും ധരിച്ചു റെഡി ആയി കോട്ടും സ്റ്റെത്തും എടുത്ത് താഴേക്ക് വന്നു... അവിടെ ഡൈനിങ് ടേബിളിൽ ഉർവിയും ജാൻവിയുമുണ്ടായിരുന്നു... ഉർവി ജാൻവിക്ക് ഭക്ഷണം വാരി കൊടുക്കുകയാണ്... ജാൻവി കഴിക്കുന്നതിന്റെ ഇടയിൽ എന്തൊക്കെയോ പറഞ്ഞു പൊട്ടിച്ചിരിക്കുന്നുണ്ട്... ഉർവിയും അവളും മാത്രം ഉള്ളൊരു ലോകം.... അവിടെ മറ്റാർക്കും പ്രവേശനം ഇല്ലാത്തതു പോലെയാണ് രണ്ടു പേരുടെയും പെരുമാറ്റം...

കഴിപ്പിച്ചു കഴിഞ്ഞു കയ്യും മുഖവും കഴുകി ഉർവി ജാൻവിയെ അങ്ങോട്ട് കൊണ്ട് വന്നു... അനന്തൻ ഗോവണിപ്പടിയിൽ നിന്ന് കുറച്ചു നേരം അവരെ നോക്കി... ജാൻവി എന്തോ പറഞ്ഞത് കേട്ട് ചിരിച്ചു കൊണ്ട് ഉർവി നേരെ നോക്കിയത് അനന്തന്നെയാണ്... അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു... ഉള്ളുകൊണ്ട് അവൾ സ്വയം പറഞ്ഞു പഠിക്കുകയായിരുന്നു... ഇന്ന് മുതൽ ഉർവിയും അനന്തനും തമ്മിൽ മറ്റൊരു ബന്ധവും ഇല്ല എന്ന്... അനന്തന്റെ മനസ്സിലും അതെ ചിന്ത തന്നെയാണ്... അവനും ഉർവിയെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ജാൻവിയുടെ തലയിൽ ചെറുതായി ഒന്ന് കൊട്ടിക്കൊണ്ട് പുറത്തേക്കിറങ്ങി... ജാൻവി ചിണുങ്ങിക്കൊണ്ട് ഉർവിയെ നോക്കി...

അവൾ ഒന്നുമില്ല എന്ന് കണ്ണടച്ച് കാട്ടിയതും ഉർവി കുണുങ്ങി ചിരിച്ചു കൊണ്ട് അനന്തന്റെ പിറകെ പോയി..ഉർവിയും അവളുടെ കൂടെ ഉമ്മറത്തേക്ക് ഇറങ്ങി.. അനന്തൻ സോപാനത്തിൽ ഇരുന്ന് ഷൂ ഇടുകയാണ്... ജാൻവി അവന്റെ അരികിൽ അവൻ ചെയ്യുന്നതും നോക്കി നിൽക്കുന്നു... ഉർവി അങ്ങോട്ട് വന്നതും അനന്തൻ തലയുയാർത്തി നോക്കി... " അനന്തേട്ടന് ഇന്ന് പോണോ " " മ്മ്.. ഇപ്പൊ ഒപിയില് നല്ല തിരക്കുള്ള സമയമാ... ലീവ് ആക്കാൻ പറ്റില്ല... " " മ്മ്.. ജാൻവിയെ ഇനി അമ്മയ്ക്ക് ശ്രദ്ധിക്കാൻ വയ്യെന്നാ പറയുന്നേ " ഉർവി പറഞ്ഞത് കേട്ടതും അനന്തൻ അത് പ്രതീക്ഷിച്ചിരുന്നത് പോലെ ഒന്ന് ചിരിച്ചു... " മ്മ്.. ജാൻവിയെ നോക്കാൻ ഞാൻ ആരെയെങ്കിലും ഏർപ്പാടാക്കാം...

നാളെ കൂടി എന്തായാലും നീ ഒന്ന് ലീവ് എടുക്ക്... അപ്പോഴേക്കും ഞാൻ ഒരാളെ കണ്ടെത്തിക്കോളാം " അനന്തന്റെയും ഉർവിയുടെയും സംസാരം ശ്രദ്ധിച്ചു നിൽക്കുകയാണ് ജാൻവി.. അവളുടെ മുഖത്തെ ഗൗരവും വീർപ്പിച്ചു വച്ചിരിക്കുന്ന കവിളുമൊക്കെ കാണെ രണ്ടു പേരും പൊട്ടി വന്ന ചിരി അടക്കി പിടിച്ചു..... ഷൂ ഇട്ടു കഴിഞ്ഞ് അനന്തൻ പോകാനായി ഇറങ്ങി.. " അനന്തേട്ടൻ കഴിച്ചില്ലല്ലോ " " വേണ്ട " ഉർവിയുടെ ചോദ്യത്തിനു ഒറ്റ വാക്കിൽ ഉത്തരം നൽകി അവൻ ജാൻവിയെ നോക്കി... " നല്ല കുട്ടിയായിട്ട് ഇരിക്കണം.. ചേച്ചിയേ ഉപദ്രവിക്കൊന്നും ചെയ്യരുത്... പിന്നെ വല്യമ്മായീടെ എടുത്ത് വഴക്കിനും പോകരുത് " അനന്തന്റെ ഓരോ വാക്കിലും ജാൻവി സമ്മതമെന്നോണം തല കുലുക്കുന്നുണ്ട്...

അത് കാണെ ചിരിയോടെ അവൻ കാറിന്റെ അടുക്കലേക്ക് പോയി... ജാൻവിയും ഉർവിയും അവൻ കടന്നു പോകുന്നത് വരെ അവിടെ തന്നെ നിന്നു...അവൻ പോയി കഴിഞ്ഞപ്പോഴാണ് ഉർവി ഡോക്ടർ ആകർഷിനെ കാണുന്ന കാര്യം അനന്തനെ ഓർമിപ്പിച്ചില്ലല്ലോ എന്ന് ഓർത്തത്... കുറച്ചു കഴിഞ്ഞ് വിളിച്ചു പറയാം എന്ന് കരുതി അവൾ ജാൻവിയെയും കൂട്ടി അകത്തേക്ക് നടന്നു...ജാൻവിയെ ചികിൽസിക്കുന്ന ന്യൂറോളജിസ്റ് ആണ് ഡോക്ടർ ആകർഷ്... അനന്തനും ആകർഷും ഒരേ ഹോസ്പിറ്റലിലാണ് വർക്ക്‌ ചെയ്യുന്നത്... കൂടാതെ അനന്തന്റെ സുഹൃത്തും...ജാൻവിയുടെ എന്തോ കാര്യം സംസാരിക്കുന്നതിനു വേണ്ടി ഇന്ന് അവനെ ഒന്ന് കാണാൻ ചെല്ലണം എന്ന് പറഞ്ഞിരുന്നു... അകത്തേക്ക് കയറുമ്പോഴും ആകർഷ് എന്തിനാവും കാണണം എന്ന് പറഞ്ഞത് എന്ന ചിന്തയായിരുന്നു ഉർവിയുടെ മനസ്സ് നിറയെ........ (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story