ആ നിമിഷം: ഭാഗം 4

aanimisham

എഴുത്തുകാരി: ഗീതു അല്ലു

അകത്തേക്ക് കയറിയതും ജാൻവി മുകളിലേക്ക് കയറി പോയി... ഉർവിയും അവൾക്ക് പിന്നാലെ പോകാൻ തുടങ്ങിയപ്പോഴാണ് ഭദ്ര അവിടേക്ക് വന്നത്... ഉർവി അവരെ ശ്രദ്ധിക്കാതെ മുകളിലേക്ക് നടക്കാൻ തുടങ്ങി... "ഉർവി ഒന്ന് നിന്നെ..." ഭദ്രയുടെ ആ വിളിയിൽ ഉർവി അവിടെ തന്നെ നിന്നു... " എന്താ നിന്റെ തീരുമാനം... ആ മന്ദബുദ്ധി പെണ്ണിനേയും നോക്കി ജീവിതകാലം മുഴുവൻ ഇങ്ങനെ കഴിയാനാണോ " ഭദ്രയുടെ ചോദ്യത്തിന് ഉർവിയുടെ ദേഷ്യത്തിന്റെ ആഴം കൂടുന്നത് അവളറിഞ്ഞു..... പക്ഷെ ഒന്നും മിണ്ടാതെ സംയമനം പാലിച്ചു നിൽക്കുകയായിരുന്നു അവൾ... അമ്മയാണ്... തനിക്ക് ജന്മം നൽകിയവളാണ്... തന്നെ ശിക്ഷിക്കാൻ അധികാരം ഉള്ളവളാണ്...

ആ മനസ്സ് വേദനിപ്പിക്കുന്ന തരത്തിൽ ഒന്നും സംസാരിക്കരുത്... ഉർവി അവളോട് തന്നെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു.... ഉർവിയുടെ പ്രതികരണം ഒന്നുമില്ലാത്തത്തിനാലാവാം ഭദ്ര അവൽക്കരികിലേക്ക് വന്നു അവളെ ചേർത്ത് പിടിച്ചു.... " മോളേ.. സംഭവിക്കാൻ ഉള്ളതൊക്കെ സംഭവിച്ചു.... ഇപ്പോൾ ജാൻവി ശ്രീയുടെ ഭാര്യ ആണ്... ഇപ്പോൾ അവനത് അംഗീകരിക്കാൻ പറ്റിയില്ലെങ്കിലും എന്നെങ്കിലും അവനത് അംഗീകരിച്ചേ മതിയാകൂ ......അത്ര പെട്ടെന്നൊന്നും അവരുടെ ബന്ധം അറുത്തു മുറിച്ചു മാറ്റാൻ പറ്റില്ല... അങ്ങനെ വരുമ്പോ എന്റെ മോൾ ഒറ്റയ്ക്കായി പോകും ..... അതിനു മാത്രം ഞാൻ സമ്മതിക്കില്ല...അതുകൊണ്ട് എന്റെ മോൾ അമ്മ പറയുന്നത് അനുസരിക്കണം "

ഇത്രയും നാൾ വാശിയോടെയും ആക്ഞ്ഞാ സ്വരത്തോടെയും സംസാരിച്ച ഭദ്ര അപേക്ഷ ഭാവത്തോടെ മുന്നിൽ നിൽക്കുന്നത് കണ്ട് ഉർവി തെല്ലൊന്ന് അതിശയിച്ചു... അവരുടെ സംസാരം കെട്ടിട്ടാവണം അവളുടെ കണ്ണ് ചെറുതായിട്ട് കലങ്ങിയിട്ടുണ്ട്....അനന്തനെ നഷ്ട്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു എന്നാണ് അമ്മ പറഞ്ഞത്... അവൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി... ഒരു തേങ്ങൽ തൊണ്ട കുഴിയോളം വന്നു നിൽക്കുന്നു.... " അമ്മേ... ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ... അനന്തേട്ടനെ എനിക്ക് നഷ്ടപ്പെട്ടതല്ലല്ലോ... നഷ്ടപ്പെടുത്തിയതല്ലേ.... അതും അമ്മ " ഉർവിയുടെ ആ ചോദ്യം ഭദ്രയെ ഒന്ന് ഞെട്ടിച്ചു... അവർ അത് പുറത്തു കാട്ടത്തെ അവളെ തന്നെ നോക്കി നിന്നു...

" അമ്മയ്ക്കറിയുമോ... ഞാൻ... ഞാൻ എത്ര മാത്രം അനന്തേട്ടനെ ഇഷ്ടപ്പെട്ടിരുന്നു എന്ന്.... എന്തൊക്കെയോ നേടാൻ വേണ്ടി അമ്മ അനന്തേട്ടനെ എന്നിൽ നിന്നകറ്റി... അപ്പൊ അമ്മ എന്താ എന്റെ മനസ്സ് കാണാതെ പോയത്.... " അവളുടെ ഓരോ വാക്കും മുറിഞ്ഞു പോകുന്നുണ്ടായിരുന്നു.... കരച്ചിലടക്കാൻ അവൾ നന്നേ പ്രയാസപ്പെട്ടു... അവളുടെ ആ ഭാവം കാണെ ചെയ്ത പ്രവൃത്തിയിൽ ഒരു നിമിഷം ഭദ്രയ്ക്ക് കുറ്റബോധം തോന്നിയോ.... ഇല്ല... അവരിപ്പോഴും സ്വന്തം പ്രവൃത്തി ശെരി എന്ന് വിശ്വസിക്കുകയാണ്.... " നീ ഇപ്പൊ കഴിഞ്ഞ കാലത്തെ പറ്റിയാണ് പറയുന്നതും ചിന്തിക്കുന്നതും... അത് മനസ്സിലാക്ക് ഉർവി... " ഭദ്രയുടെ ഉള്ളിലെ ദേഷ്യം വാക്കുകളിലൂടെ പുറത്തേക്ക് വരുന്നുണ്ടായിരുന്നു....

" കഴിഞ്ഞ കാലമായാലും വരാൻ ഉള്ള കാലമായാലും ഈ ഉർവിയുടെ ജീവിതത്തിൽ അനന്തേട്ടൻ അല്ലാതെ മറ്റാരും ഉണ്ടാവില്ല... അനന്തേട്ടനെ നഷ്ടപ്പെട്ടുവെങ്കിൽ ഞാൻ സഹിച്ചോളാം അത്... ആ സ്ഥാനത്തേക്ക് വേറെ ആരും വരില്ല... അതിനായിട്ട് അമ്മ ശ്രമിക്കേണ്ട.... എന്റെ മനസ്സിൽ ഞാൻ പവിത്രതയോടെ കാത്തു സൂക്ഷിച്ച പ്രണയത്തിനു ഒരു രീതിയിലും കളങ്കം ഏൽപ്പിക്കാൻ ഞാൻ സമ്മതിക്കില്ല... " ഒരു അലർച്ചയോടെയാണ് ഉർവി അവസാന വാചകം പറഞ്ഞു നിർത്തിയത്.... ഭദ്ര അവളുടെ ഭാവ പകർച്ച കണ്ട് ഞെട്ടി നിന്നു... ഒഴുകി ഇറങ്ങിയ രണ്ടു കണ്ണുകളും അമർത്തി തുടച്ചു കൊണ്ട് ഉർവി മുകളിലേക്ക് കയറി പോയി...

അവൾ പോയ വഴി നോക്കി നിന്ന ഭദ്രയ്ക്ക് ഒരു നിമിഷം തലയ്ക്കു അടി കിട്ടിയത് പോലെയാണ് തോന്നിയത്... പിന്നെ എന്തോ ഓർത്തെന്ന പോലെ അവരുടെ ചുണ്ടിൽ ഒരു ഗൂഡമന്ദസ്മിതം വിരിഞ്ഞു... " ഇല്ല മോളേ... ഇത്ര ഒക്കെ ചെയ്യാൻ പറ്റുമെങ്കിൽ നിന്നെ യദുവിനെ കൊണ്ട് വിവാഹം ചെയ്യിക്കാനും ഭദ്രയ്ക്ക് അറിയാം " **************** ജാൻവിയ്ക്ക് ഒപ്പം മുകളിലത്തെ ബാൽക്കണിയിലെ ആട്ടുകട്ടിലിൽ ഇരിക്കുകയാണ് ഉർവി... കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്... ജാൻവിയ്ക്ക് അത് കാണെ കരച്ചിൽ വന്നു... അവൾ രണ്ടു കൈ കൊണ്ടും ഉർവിയുടെ കണ്ണ് നീര് തുടച്ചു നീക്കി... അവളുടെ ആ പ്രവൃത്തിയിലാണ് ഉർവി സ്വപ്ന ലോകത്തു നിന്നും പുറത്ത് വന്നത്... അവൾ പെട്ടെന്ന് കണ്ണ് തുടച്ചു കൊണ്ട് ജാൻവിയെ നോക്കി ഒന്ന് ചിരിച്ചു.... ആ ചിരിക്ക് പിറകിൽ അവളുടെ സങ്കടം മുഴുവനായും അവൾ അതി സമർത്ഥമായി ഒളിപ്പിച്ചു... " എന്തിനാ ചേച്ചി കരഞ്ഞേ "

ചുണ്ട് പിളർത്തി കൊച്ച് കുഞ്ഞുങ്ങളെ പോലെ ചോദിക്കുന്ന ജാൻവിയെ കാണെ ഉറവിക്ക് അതിയായ വാത്സല്യം തോന്നി... അവൾ ഒരു കയ്യുയർത്തി ജാൻവിയെ തന്നോട് ചേർത്തു പിടിച്ചു നെറുകയിൽ ചുംബിച്ചു... " ഇല്ലെടാ... ചേച്ചീടെ കണ്ണിൽ എന്തോ വീണതാ... അല്ലാണ്ട് കരഞ്ഞതല്ല... " ചിരിയോടെ പറയുന്ന ഉർവിയെ കണ്ടപ്പോൾ ജാൻവിയും ചിരിച്ചു... ഒരു പൂച്ച കുഞ്ഞിനെ പോലെ ഉർവിയുടെ നെഞ്ചോട് ചേർന്നു കിടന്നു കൊണ്ട് അവൾ എന്തൊക്കെയോ പറയാൻ തുടങ്ങി ..... അപ്പോഴേക്കും ഉർവിയുടെ മനസ്സ് വീണ്ടും കെട്ട് പൊട്ടിയ പട്ടം കണക്കെ പറക്കാൻ തുടങ്ങി.... " എന്തിനാ പെണ്ണെ നീ ഇങ്ങനെ ആയത്.... അതുകൊണ്ടല്ലേ എല്ലാം സംഭവിച്ചത്.... "

അറിയാതെ ആണെങ്കിലും ഒരു പരിഭവം ഉറവിയ്ക്കുള്ളിൽ നിറഞ്ഞുവോ... പെട്ടെന്നാണ് അവൾ ആകർഷിനെ കാണുന്ന കാര്യം അനന്തനെ വിളിച്ചു പറഞ്ഞില്ല എന്ന് ഓർത്തത്... അവൾ ഫോൺ എടുത്തു അനന്തന്റെ നമ്പർ ഡയൽ ചെയ്ത് ചെവിയോട് ചേർത്തു... ************** ഒപിയിൽ ഇരിക്കുമ്പോഴാണ് അനന്തന്റെ ഫോൺ ബെല്ലടിച്ചത്... ഉർവിയുടെ പേര് കണ്ടതും അനന്തന് ആകാരണമായ ഒരു ഭയം തോന്നിത്തുടങ്ങി... ഇനി ജാൻവിയ്ക്ക് എന്തെങ്കിലും... പെട്ടെന്ന് തന്നെ അവൻ ഫോൺ അറ്റൻഡ് ചെയ്തു... " ഹാ... അനന്തേട്ടാ.. ഞാൻ ആകർഷേട്ടനെ കാണുന്ന കാര്യം ഓർമ്മിക്കാൻ വേണ്ടി വിളിച്ചേയെ " അപ്പോഴാണ് അനന്തൻ ആ കാര്യം ഓർത്തത്... " ഹാ.. ഉർവി ഞാൻ പോയി കണ്ടോളാം "

അതിനു മറുപടിയായി അവൾ ഒന്ന് മൂളി കൊണ്ട് കാൾ കട്ട്‌ ചെയ്തു... അനന്തൻ ഒരുവേള ഓർത്തു... " ഉർവിയും തന്നിൽ നിന്നും അകലാൻ ശ്രമിക്കുന്നുണ്ട്.... അല്ലെങ്കിലും എല്ലാം ശെരിയാകുന്നത് വരെയും അത് തന്നെയാണ് നല്ലത്... " അവൻ ഒരു ദീർഘ നിശ്വാസം എടുത്തുകൊണ്ടു അടുത്ത പേഷ്യന്റിനെ വിളിക്കാൻ നിർദേശം നൽകി ജോലിയിലേക്ക് തിരിഞ്ഞു... ഏകദേശം ഉച്ചയോടെ അവന്റെ ഒപി അവസാനിച്ചു... അപ്പോഴാണ് ആകർഷിനെ കാണുന്നതിനെ കുറിച്ച് ഓർത്തത്‌... അവിടേക്ക് പോകുന്നതിനായി ചെയറിൽ നിന്നും എണീറ്റപ്പോഴാണ് സുമുഖനായ ഒരു ചെറുപ്പക്കാരൻ അവിടേക്ക് കയറി വന്നത്... അനന്തന്റെ അതെ പ്രായം തന്നെ തോന്നിക്കുന്നു....

" ആ... ആകർഷ്... ഞാൻ നിന്നെ കാണാൻ അങ്ങോട്ട് വരാൻ തുടങ്ങുകയായിരുന്നു... " അയ്യാളെ കണ്ടയുടനെ അനന്തൻ പറഞ്ഞു... അതിനു മറുപടിയായി ഒന്ന് ചിരിച്ചു കൊണ്ട് അവൻ അനന്തന്റെ മുന്നിലെ കസേര വലിച്ചിട്ട് അതിലേക്ക് ഇരുന്നു.... അവന്റെ മുഖം കാണെ സീരിയസ് ആയ എന്തോ കാര്യമാണ് അവനു പറയാൻ ഉള്ളതെന്ന് അനന്തന് തോന്നി... " എന്താടാ കാണണം എന്ന് പറഞ്ഞത്... ജാൻവിയ്ക്ക് എന്തെങ്കിലും പ്രശ്നം " അനന്തന്റെ ആ ചോദ്യത്തിൽ ജാൻവിയോടുള്ള എല്ലാ കരുതലും നിറഞ്ഞിരുന്നു... " അനിയത്തിയോടുള്ള സ്നേഹമാണോ ഭാര്യയോടുള്ള സ്നേഹമാണോ ഇപ്പൊ കാണിക്കുന്ന ഈ ആകാംഷ " ആകർഷിന്റെ ആ ചോദ്യയത്തിൽ ഒരു പുച്ഛം നിറഞ്ഞത് അനന്തൻ ശ്രദ്ധിച്ചു...

" നീ എന്താ ആകർഷ് ഇങ്ങനെ ചോദിക്കുന്നത്.. നിനക്കെല്ലാം അറിയുന്നതല്ലേ.... എന്റെ സാഹചര്യങ്ങൾ അല്ലെ "... പറഞ്ഞു പൂർത്തിയാക്കാൻ ആവാതെ അനന്തൻ തല കുനിച്ചിരുന്നു.... അത് കണ്ടപ്പോൾ ആകർഷിനും സങ്കടം തോന്നി... വർഷങ്ങളായി അറിയുന്നവനാണ്...അടുത്ത സുഹൃത്താണ്... അവന്റെയും ഉർവിയുടെയും പ്രണയം അത്രമേൽ ആഴത്തിലുള്ളതാണെന്ന് ആരെക്കാളും നന്നായിട്ട് അറിയുന്നവനാണ്... എന്നിട്ടും താൻ എന്തിനു അവനെ വാക്കുകളാൽ കുത്തി നോവിച്ചു... ആകർഷ് ആ ചിന്തയോടെ അനന്തന്റെ കൈ അമർത്തി പിടിച്ചു... " സോറി ടാ... ഞാൻ പെട്ടെന്ന് എന്തോ ഓർത്തത് കൊണ്ട് അങ്ങനെ ചോദിച്ചതാണ്.. സോറി " ആകർഷിന്റെ വാക്കുകൾ കേൾക്കെ അനന്തൻ മുഖം ഉയർത്തി നോക്കി... അവന്റെ മുഖത്ത് ജീവനില്ലാത്ത ഒരു ചിരിയുണ്ട്...

" ഡാ.. ഞാൻ നിന്നെ കാണണം എന്ന് പറഞ്ഞത് ജാൻവിയുടെ കാര്യം ചോദിക്കാൻ തന്നെയാണ്... എങ്ങനെ ഉണ്ട്.. " " പഴയത് പോലെ തന്നെ... ഇടയ്ക്ക് ഓക്കേ തല വേദന എന്ന് പറയും... അപ്പോൾ നീ തന്ന ഗുളിക കൊടുക്കും " " മ്മ്.... പഴയത് എന്തെങ്കിലും ഓക്കേ ഓർത്തെടുക്കാൻ തലച്ചോറ് ശ്രമിക്കുന്നുണ്ടാവാം.. അപ്പോൾ ഉണ്ടാകുന്ന സ്‌ട്രെയിൻ മൂലമാണ് തലവേദന വരുന്നത്... അത് കാര്യമാക്കണ്ട.... വല്ല്യ രീതിയിൽ ഉണ്ടെങ്കിൽ മാത്രം ഇങ്ങോട്ട് ഒന്ന് കൊണ്ട് വാ... അല്ലെങ്കിൽ അതൊരു പോസിറ്റീവ് സൈൻ ആണ് " ആകർഷ് ഒരു ചിരിയോടെ പറഞ്ഞു നിർത്തി... അത് കേട്ടപ്പോൾ അനന്തനും ആശ്വാസം തോന്നി.. " മ്മ്.. അവൾക്ക് പെട്ടെന്നു എല്ലാം ഓർമ വന്നു പഴയതു പോലെ ആകണേ എന്നാണ് ഇപ്പോൾ പ്രാർത്ഥന...

എങ്കിലേ ഇപ്പൊ ചോദ്യ ചിഹ്നം പോലെ നിൽക്കുന്ന മൂന്ന് ജീവിതങ്ങൾക്ക് ഉത്തരം ലഭിക്കൂ " അനന്തൻ ആ പറഞ്ഞത് മനസ്സിലാകാത്തത് പോലെ ആകർഷ് അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി... " നീ എന്താ ഉദ്ദേശിച്ചത് " ആകർഷിന്റെ മനസ്സിലെ സംശയം ചോദ്യ രൂപത്തിൽ പുറത്തു വന്നു... " ടാ അവളെ എനിക്ക് ഇപ്പോഴും എന്റെ ഭാര്യയായി സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞിട്ടില്ല.... കല്യാണം കഴിഞ്ഞതിന്റെ പേരിൽ എനിക്ക് ആകെ വന്ന മാറ്റം ഉർവിയോടുള്ള എന്റെ പ്രണയം ഞാൻ മനസ്സിന്റെ ഒരു മൂലയിൽ കുഴിച്ചു മൂടി എന്നുള്ളതാണ് " " അപ്പോൾ ജാൻവിയെ നിനക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല എന്നാണോ... " ആകർഷിന്റെ ആ ചോദ്യത്തിൽ ദേഷ്യവും നിരാശയും നിഴലിച്ചു...

" അങ്ങനെ അല്ലേടാ... ജാൻവി നോർമൽ ആയി കഴിഞ്ഞ് ഞാൻ കെട്ടിയ താലി അംഗീകരിക്കുകയാണെങ്കിൽ സമയമെടുത്തിട്ടായാലും അവളെ ഞാനും അംഗീകരിക്കും.. എങ്ങനെയെങ്കിലും ഉർവിയെ മറ്റൊരു ജീവിതത്തിലും എത്തിക്കും.... അല്ല മറിച്ചാണ് ജാൻവി പറയുന്നതെങ്കിൽ അവളുടെ തീരുമാനം പോലെ ഞാനും പെരുമാറും " ആകർഷിന് എല്ലാം കേട്ടിട്ട് ചിരിക്കണോ കരയണോ എന്ന് പോലും മനസ്സിലായില്ല.. " അല്ല.. അപ്പോൾ ഉർവി... അവളും ഇങ്ങനെ ആണോ ചിന്തിക്കുന്നത് " ആകർഷിനറിയാമായിരുന്നു എന്ത് കാര്യത്തിനും ഉർവിയും അനന്തനും ഒരുപോലെയെ ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുള്ളു എന്ന്.. എങ്കിലും അവൻ വെറുതെ ചോദിച്ചു...

" മ്മ്.. അതെ... എന്നോട് ഇതിനെ പറ്റി ഒന്നും സംസാരിച്ചിട്ടില്ല... എങ്കിലും അവളുടെ മനസ്സിലും ഇതാണെന്ന് എനിക്കുറപ്പുണ്ട് " " മ്മ്... അപ്പോൾ നിങ്ങൾ രണ്ടു പേരും കാത്തിരിപ്പിലാണ്... ജാൻവി പഴയത് പോലെ ആകുന്നതിനും.. അവിടെ നിന്ന് ഒരു പുതു ജീവിതം തുടങ്ങുന്നതിനും വേണ്ടി.. അല്ലെ " ആകർഷിന്റെ ആ ചോദ്യത്തിന് ഒരു പുഞ്ചിരിയോടെ അനന്തൻ ഒന്ന് മൂളി..പെട്ടെന്ന് ആകർഷ് അനന്തന്റെ രണ്ടു കയ്യും കൂട്ടി പിടിച്ചു അവന്റെ നെഞ്ചോട് ചേർത്തു... അവന്റെ ആ പ്രവൃത്തിയിൽ അനന്തൻ ഞെട്ടി അവനെ ഒന്ന് നോക്കി... " ഡാ.. നിങ്ങൾക്കൊപ്പം ഞാനും കാത്തിരുന്നോട്ടെ അവളുടെ തിരിച്ചു വരവിനായി... അതൊരിക്കലും അവളുടെ ഡോക്ടർ ആയല്ല... " ആകർഷ് എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാകാതെ അനന്തൻ അവനെ തുറിച്ചു നോക്കി........... (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story