ആ നിമിഷം: ഭാഗം 5

aanimisham

എഴുത്തുകാരി: ഗീതു അല്ലു

നീ എന്താ ഉദ്ദേശിച്ചത് " സംശയത്തോടെയുള്ള അനന്തന്റെ ചോദ്യം കേട്ട് ആകർഷ് ഒന്ന് ചിരിച്ചു... " ജാൻവിയ്ക്ക് ബോധം വരുമ്പോൾ അവൾ നിന്നെ അംഗീകരിച്ചില്ലെങ്കിൽ നിങ്ങൾ പിരിയും... അവളുടെ സമ്മതത്തോടെ നീ ഉർവിയെ കെട്ടും... അത് പോലെ... അവളുടെ സമ്മതത്തോടെ തന്നെ ഞാൻ അവളെയും അങ്ങ് കെട്ടിക്കോട്ടെ എന്ന് " ആകർഷ് ഒരു പ്രത്യേക താളത്തിൽ പറഞ്ഞു നിർത്തി... അനന്തന് കരയണോ ചിരിക്കണോ എന്നറിയാത്ത ഒരു ഭാവമായിരുന്നു....ആകർഷ് അപ്പോഴും അതെ ചിരിയോടെ രണ്ടു കയ്യും താടിയിൽ താങ്ങി അനന്തനെ നോക്കി ഇരിക്കുകയാണ്..... അനന്തൻ അവൻ പറഞ്ഞ വാക്കുകളിലൂടെ സഞ്ചരിക്കുകയാണ്...

ഒരുപക്ഷെ ജാൻവിയോടുള്ള സഹതാപം ആണോ ആകർഷിനെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചതെന്നുള്ള സംശയവും അനന്തന് ഉണ്ടായി....അവന്റെ മനസ്സ് വായിച്ചത് പോലെ ആകർഷ് വീണ്ടും സംസാരിച്ചു തുടങ്ങി.. " നീ ഇപ്പൊ ആലോചിക്കുന്നത് എനിക്ക് അവളോട് സഹതാപമാണോ എന്നല്ലേ... ഒരിക്കലും അല്ലേടാ... പ്രണയം മാത്രം... അത് മാത്രമേ എനിക്കവളോടുള്ളു.... നമ്മൾ പഠിക്കുന്ന സമയത്ത് നീ എപ്പോഴും പറയുന്ന നിന്റെ അനിയത്തിയെ കുറിച്ച് കേൾക്കുമ്പോൾ ആദ്യമൊക്കെ കൗതുകം ആയിരുന്നു... നിങ്ങൾക്കിടയിലെ ആ ബോണ്ട്‌.. അതിനോടുള്ള കൗതുകം... പിന്നെ അത് ആ പെണ്ണിനോടും തോന്നി തുടങ്ങി... നീ അവളെ കുറിച്ച് പറയുന്ന ഓരോ വാക്കും മനസ്സിൽ കുറിച്ചിട്ടു...

നീ കാണിച്ചു തന്ന അവളുടെ ഫോട്ടോ കണ്ണിലല്ല... മനസ്സിലാണ് പതിഞ്ഞത്... ഇപ്രാവശ്യം അവർ നാട്ടിൽ വരുന്നു എന്ന് നീ പറഞ്ഞപ്പോഴേ ഞാൻ തീരുമാനിച്ചതാണ് അവളോട് എല്ലാം പറയണം എന്ന്.... പക്ഷെ വിധി മറ്റൊന്നായി.... എന്റെ മുന്നിൽ അവളെ എത്തിച്ചത് എന്റെ പെഷ്യന്റ് ആയിട്ട്... തകർന്ന് പോയി... എങ്കിലും കാത്തിരുന്നു... കണ്മുന്നിൽ ദൈവം കൊണ്ട് തന്നല്ലോ എന്ന് ആശ്വസിച്ചു .... അവൾ നോർമൽ ആകുമ്പോൾ എല്ലാവരോടും എല്ലാം പറഞ്ഞു അവളെ സ്വന്തമാക്കാം എന്ന് കരുതി... പക്ഷെ അവിടെയും വിധി എന്നെ ചതിച്ചു..." അവൻ കണ്ണിൽ ഉരുണ്ട് കൂടിയ കണ്ണുനീർ രണ്ടു വിരലുകൾ ഉപയോഗിച്ച് അമർത്തി തുടച്ചു നീക്കി...

അനന്തൻ അപ്പോഴും അവൻ പറഞ്ഞ വാക്കുകൾ സൃഷ്ട്ടിച്ച ഞെട്ടലിൽ ആയിരുന്നു.... ആകർഷ് വർഷങ്ങളായി ജാൻവിയെ പ്രണയിക്കുന്നു.... തിരിച്ചു കിട്ടുമോ എന്ന് പോലും ഉറപ്പില്ലാതെ.... നേരിട്ട് ഒന്ന് കാണാതെ... മിണ്ടാതെ.... പരസ്പരം അറിയാതെ... പ്രണയത്തിന്റെ മറ്റൊരു മുഖം ആകർഷിൽ കാണുകയായിരുന്നു അനന്തൻ.. തെല്ലൊരു നേരത്തെ മൗനത്തിനു ശേഷം ആകർഷ് വീണ്ടും തുടർന്നു... " നിന്റെയും ജാൻവിയുടെയും വിവാഹം ആണെന്ന് അറിഞ്ഞപ്പോൾ നിന്നോട് എനിക്ക് ദേഷ്യമാണ് തോന്നിയത്... പക്ഷെ നിന്റെ സാഹചര്യങ്ങൾ ഓർത്തപ്പോൾ സഹതാപവും...എല്ലാം നിന്നെ അറിയിക്കാം എന്ന് കരുതിയതാണ്... പക്ഷെ അപ്പോഴേക്കും അമ്മ ഹോസ്പിറ്റലിൽ ആയി....നിനക്കറിയാല്ലോ..

എനിക്ക് ഈ ലോകത്ത് ആകെ കൂടിയുള്ള ബന്ധം അമ്മ അല്ലെ... അപ്പോൾ ആ ടെൻഷനിൽ നിന്നെ ഒന്നും അറിയിക്കാനും പറ്റിയില്ല... അമ്മ ഒന്ന് ഓക്കേ ആയി വന്നപ്പോഴേക്കും നിന്റെയും ജാൻവിയുടെയും വിവാഹം കഴിഞ്ഞു... സഹിക്കാൻ പറ്റിയില്ല സത്യത്തിൽ... ഒരുതരം സങ്കടവും ദേഷ്യവും ഓക്കേ കൂടിയുള്ള ഒരു വികാരമായിരുന്നു മനസ്സ് നിറയെ... അതാണ്‌ ഞാൻ ആദ്യം നിന്നോട് അങ്ങനെ ഒക്കേ പെരുമാറിയത് പോലും... " പറഞ്ഞു കഴിഞ്ഞതും ആകർഷ് അനന്തന്റെ കയ്യിൽ പിടിച്ചു തല കുനിച്ചിരുന്നു... അനന്തൻ ഒരു ചിരിയോടെ അവന്റെ കയ്യ് വിടുവിപ്പിച്ചു അരികിലേക്ക് വന്നു... അവന്റെ താടിയിൽ പിടിച്ചു മുഖം ഉയർത്തി.....

കലങ്ങി കിടക്കുന്ന അവന്റെ കണ്ണുകളിൽ കാണമായിരുന്നു അവനു ജാൻവിയോടുള്ള പ്രണയം... കൂടെ പിറപ്പിനെ പോലെ സ്നേഹിക്കുന്നവൻ... എന്നും എപ്പോഴും എന്തിനും കൂടെ നിന്നിട്ടുണ്ട്... അങ്ങനെയുള്ള അവന്റെ കണ്ണും താൻ കാരണം നിറഞ്ഞിരിക്കുന്നു... അനന്തന് വല്ലാത്ത കുറ്റബോധം തോന്നി... അതെ സമയം ഭദ്രയോട് അടങ്ങാത്ത ദേഷ്യവും... ഒരാളുടെ സ്വാർത്ഥതയ്ക്ക് മുന്നിൽ എത്ര പേരുടെ ജീവിതമാണ് ഉത്തരം കിട്ടാത്ത ചോദ്യം പോലെയായത്... അനന്തൻ ആകർഷിനെ ചേർത്തു പിടിച്ചു... " എന്റെ ജാൻവി മോൾക്ക് നിന്നെ സ്വീകരിക്കാൻ പൂർണ്ണ സമ്മതമാണെങ്കിൽ ഞാൻ തന്നെ അവളെ നിനക്ക് തരും... അവൾക്ക് സമ്മതമാണെങ്കിൽ മാത്രം "

അനന്തന്റെ ശബ്ദത്തിൽ ഉണ്ടായിരുന്ന ആ ഉറപ്പ് മാത്രം മതിയായിരുന്നു ആകർഷിന്... " അത് മതി അനന്താ... അവൾക്ക് സമ്മതമാണെങ്കിൽ അവളെ എനിക്ക് തന്നേക്കണം... ഞാനും കാത്തിരിക്കുകയാണ് ആ നിമിഷത്തിനു വേണ്ടി.. " രണ്ടു പേരും നിറഞ്ഞ പുഞ്ചിരിയോടെ പരസ്പരം കെട്ടിപിടിച്ചു... *************** ഉച്ച ഭക്ഷണത്തിനു ശേഷമുള്ള ചെറിയ ഒരു മയക്കത്തിലായിരുന്നു ഉർവിയും ജാൻവിയും... അവ്യക്തമായ എന്തൊക്കെയോ കാഴ്ചകൾ തന്റെ സ്വപ്നത്തിലേക്ക് കടന്നു വരുന്നത് ജാൻവി അറിയുന്നുണ്ടായിരുന്നു... നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുന്ന ഒരു ചെറുപ്പക്കാരൻ.... അവൻ തന്റെ നേർക്ക് രണ്ടു കയ്യും നിവർത്തി പിടിച്ചിട്ടുണ്ട്... മുഖം വ്യക്തമല്ല...

ജാൻവിയ്ക്ക് എന്തൊക്കെയോ അസ്വസ്ഥത തോന്നി.... അവൾ ഒരു ഞെട്ടളൂടെ കണ്ണ് തുറന്നു.... അവൾ വല്ലാതെ വിയർത്തു... നെറ്റിക്കിരുവശത്തു കൂടിയും വിയർപ്പ് ചാലിട്ടൊഴുകി.... അവൾക്ക് തല പൊട്ടി പോകും പോലെ തോന്നി... അവൾ രണ്ടു കയ്യും കൊണ്ട് തല അമർത്തി പിടിച്ചു... ഉർവി കണ്ണ് തുറന്നു നോക്കുമ്പോൾ കാണുന്നത് ഈ കാഴ്ചയാണ്.. അവൾ വെപ്രാളത്തോടെ ജാൻവിയ്ക്കരുകിലേക്ക് നീങ്ങി വന്നു... " എന്താ മോളേ... എന്ത് പറ്റി... " ഉർവിയുടെ സ്വരത്തിൽ ആകുലത നിറഞ്ഞു.. " തല വേദനിക്കുന്നു ചേച്ചി.. പൊട്ടി പോകും പോലെ തോന്നുവാ... ഞാൻ മരിച്ചു പോകും " ജാൻവിയുടെ സ്വരത്തിൽ അവശത നിറഞ്ഞിരുന്നു...

ഉർവി പെട്ടെന്ന് കട്ടിലിൽ നിന്ന് ഇറങ്ങി ജാൻവിയുടെ മെഡിസിൻ ബോക്സ്‌ എടുത്തു... അതിൽ നിന്നും ദൃതിയിൽ ഒരു ഗുളിക എടുത്ത് വെള്ളവുമായി ജാൻവിയ്ക്ക് കൊടുത്തു....അത് കഴിച്ചു കഴിഞ്ഞു അൽപ്പ സമയത്തിനകം ജാൻവി വീണ്ടും ഉറക്കമായി... ഉർവി അവൾക്കരുകിൽ തന്നെ ഇരുന്നു... **************** വൈകിട്ട് ഹോസ്പിറ്റലിൽ നിന്നും അനന്തൻ അൽപ്പം നേരത്തെ ഇറങ്ങി... ജാൻവിയെ നോക്കുന്നതിനു വേണ്ടി ഒരാളെ ഏർപ്പാടാക്കണം... അതാണ് ഉദ്ദേശം... ജാൻവിയ്ക്ക് വേണ്ടി ഉർവി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്... ഇപ്പോൾ തന്നെ കല്യാണത്തിന് മുൻപും ശേഷവുമായി ഒരുപാട് ക്ലാസ്സ്‌ അവൾക്ക് മിസ്സ്‌ ആയി... ഇനി അത് പറ്റില്ല...

ഇതിനു മുന്നേ വല്യമ്മായി ജാൻവിയെ സ്വന്തം മകളെ പോലെ നോക്കുമായിരുന്നു... ഇപ്പോൾ എല്ലാം മാറി... ആളുകൾ ഓക്കേ എത്ര പെട്ടെന്നാണ് മാറുന്നത്... ഒന്ന് കണ്ണടച്ച് തുറക്കുന്ന നിമിഷം മതി ആളുകളുടെ മനസ്സ് മാറി മറിയാൻ... അനന്തൻ ഒരു നെടുവീർപ്പോടെ ഓർത്തു കൊണ്ട് വണ്ടി ഓടിച്ചു... ആ വണ്ടി ഒരു ചെറിയ ഏജൻസിയ്ക്ക് മുന്നിലായി നിന്നു... ഹോം നഴ്സ്മാരെ അറേഞ്ച് ചെയ്യുന്ന ഒരു ചെറിയ ഏജൻസി... അനന്തൻ അവരോട് കാര്യങ്ങൾ പറഞ്ഞു.... ഫോർമാലിറ്റീസ് ഓക്കേ തീർത്ത് അഡ്വാൻസും കൊടുത്തു... നാളെ തന്നെ ആളു വരും എന്ന് ഉറപ്പും വാങ്ങി അവിടുന്ന് ഇറങ്ങി... തിരിച്ചുള്ള യാത്രയിൽ അവന്റെ മനസ്സ് മുഴുവൻ ആകർഷ് പറഞ്ഞ വാക്കുകളായിരുന്നു...

എല്ലാം ഉർവിയോട് പറയണം... അവൾക്കാകും ഏറ്റവും കൂടുതൽ സന്തോഷമാവുക... ജാൻവിയെ ചെറിയച്ഛന്റെ മകളായിട്ടല്ല.. സ്വന്തം കൂടപ്പിറപ്പായിട്ടാണ് അവൾ കാണുന്നത്.. അത് കൊണ്ട് തന്നെ അവളുടെ കണ്ണുനീർ വീഴ്ത്തിയും ജീവിതം ഇരുട്ടിലാക്കിയും ഒരിക്കലും ഉർവി സ്വന്തം ജീവിതം സുരക്ഷിതമാക്കില്ല.... അനന്തൻ പലതും ഓർത്തു ചിരിയോടെ വണ്ടി ഓടിച്ചു... നീലമനയുടെ മുറ്റത്തേക്ക് അവന്റെ വണ്ടി കയറുമ്പോൾ തന്നെ കണ്ടിരുന്നു മുറ്റത്തു കിടക്കുന്ന മറ്റൊരു വണ്ടി... അനന്തൻ സംശയത്തോടെ വണ്ടിയിൽ നിന്നും ഇറങ്ങി അകത്തേക്ക് കയറി... ആകാതിരിക്കുന്ന ആളിനെ കണ്ടതും അനന്തന് ദേഷ്യം നിയന്ത്രിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല...അവൻ സ്വയം മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ട് ദേഷ്യം നിയന്ത്രിക്കാൻ ശ്രമിച്ചു...അതിയായ ദേഷ്യത്തോടെ അനന്തൻ അയ്യാളുടെ പേര് ഉച്ചരിച്ചു.. "യദു ".......... (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story