ആ നിമിഷം: ഭാഗം 8

aanimisham

എഴുത്തുകാരി: ഗീതു അല്ലു

ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു...... ഓരോ ദിവസവും ഉർവിയുടെയും യദുവിന്റെയും വിവാഹ ആലോചന മുറുകി വരുന്നു... ഉർവി ഇതൊന്നും തന്നെ ബാധിക്കുന്നില്ല എന്ന മട്ടിലാണ് നടപ്പ്.... ഭദ്രയോട് മിണ്ടാറെ ഇല്ല... മഹേശ്വറിനോട് ആവശ്യത്തിന് മാത്രം മിണ്ടും.... അവളുടെ ലോകം ക്ലാസും ജാൻവിയും ആയി ചുരുങ്ങി... ഉർവിയ്ക്ക് ക്ലാസ്സ്‌ ഉള്ളത് കൊണ്ട് ജാൻവിയെ നോക്കാൻ അനന്തൻ ഒരു ഹോംനഴ്സിനെ ഏർപ്പാടാക്കിയിരുന്നു.... അവർ അവളെ സ്വന്തം മകളെ പോലെയാണ് നോക്കുന്നത്... അത് കാണുമ്പോൾ ഭദ്ര എന്തെങ്കിലും കുത്തുവാക്ക് പറയും... ആരും അത് ശ്രദ്ധിക്കില്ല.... ജാൻവിയെ കരയിപ്പിച്ചാൽ അവൾ തന്നെ തിരിച്ചു എന്തെങ്കിലും പണി കൊടുക്കും... അങ്ങനെ കൊണ്ടും കൊടുത്തും ജാൻവിയും ഭദ്രയും ഒരു വീട്ടിൽ കഴിയുന്നത് ശെരിയല്ല എന്ന് തോന്നിയപ്പോൾ അനന്തൻ ഒരു തീരുമാനം എടുത്തു...

ജാൻവിയെയും കൂട്ടി അവന്റെ വീട്ടിലേക്ക് മാറാം... കൂട്ടിനു ഹോംനഴ്സ് ആയി നിൽക്കുന്ന ലിസി ചേച്ചിയും... പക്ഷെ ഉർവി സമ്മതിച്ചില്ല... അവരും കൂടി പോയാൽ ആ വീട്ടിൽ ഒറ്റയ്ക്കാകും എന്ന് അവൾ കാല് പിടിക്കുന്നത് പോലെ പറഞ്ഞപ്പോൾ അനന്തൻ തീരുമാനം മാറ്റി... ഇപ്പൊ എല്ലാം പഴയത് പോലെ തന്നെ... ആകെ ഉള്ള മാറ്റം ഉർവിയുടെ മോതിര വിരലിൽ യദു ദേവ് എന്ന് പേര് കൊത്തിയ ഒരു സ്വർണ്ണ മോതിരം സ്ഥാനം പിടിച്ചു എന്നത് മാത്രമാണ്... അവൾ അച്ഛന് വേണ്ടി അതും സമ്മതിച്ചു.... നിശ്ചയത്തിന്റെ അന്ന് ഒഴിഞ്ഞു മാറാൻ അനന്തൻ ഒരുപാട് ശ്രമിച്ചു... മഹേശ്വറിന്റെ നിർബന്ധത്തിനു മുന്നിൽ അവനും മുട്ട് മടക്കി... അവൻ സ്വന്തമെന്ന് കരുതിയവളെ മറ്റൊരുവന്റേതെന്ന് പ്രഖ്യാപിക്കുന്നത് നിറ കണ്ണുകളാലെ അനന്തൻ നോക്കി നിന്നു... ഉർവിയും ആ നിമിഷം അവനെ ഒന്ന് നോക്കി.... നിസ്സഹായതയുടെ നോട്ടം...

ആ കാഴ്ച അവന്റെ ഹൃദയത്തെ കീറി മുറിച്ചു...തന്നോടുള്ള വാശി പോലെ യദു ഉർവിയെ ചേർത്തു പിടിക്കുമ്പോഴൊക്കെ അനന്തൻ സ്വയം നിയന്ത്രിച്ചു.... ആ നിയന്ത്രണത്തിന് പുറത്ത് താൻ വന്നാൽ യദുവിനെ തള്ളി മാറ്റി ഉർവിയെ ചേർത്തു പിടിച്ചു അവൾ തന്റെയാണെന്ന് അലറി വിളിക്കുമോ എന്ന് പോലും അവൻ ഭയന്നു... അവിടെ നിന്നും ഒന്ന് മാറി നിന്നപ്പോഴാണ് ആകർഷ് അവന്റെ അടുത്ത് വന്നു നിന്നത്. രണ്ടു പേരും മൗനമായിരുന്നു... രണ്ടു പേരുടെയും മനസ്സിൽ വലിയൊരു കടൽ ആർത്തിരമ്പുന്നത് അവർ രണ്ടു പേരും അറിഞ്ഞു.....രണ്ടു പേരും ഒരേ വഞ്ചിയിലെ യാത്രക്കാരാണെന്ന് അവർക്ക് ഒരുനിമിഷം തോന്നി പോയി.. രണ്ടു പേരുടെയും പ്രണയം കയ്യെത്തും ദൂരത്തുണ്ട്... എന്നാൽ സ്വന്തമാക്കാൻ മാത്രം വിധിയില്ല.... പ്രണയം ചിലപ്പോൾ അങ്ങനെയാണ്... പ്രണയിക്കാൻ മാത്രമേ പറ്റൂ... സ്വന്തമാക്കാൻ പറ്റില്ല...വിരഹത്തിന്റെ വേദന കൂടി നൽകുന്ന വികാരം....

ഒരു വാക്ക് പോലും അങ്ങോട്ടും ഇങ്ങോട്ടും പറയാതെ അവർ പരസ്പരം ആശ്വാസമേകി.... വലിഞ്ഞു മുറുകിയ ആ അന്തരീക്ഷത്തിന് അയവു വരുത്തിയത് ജാൻവിയുടെ ഉറക്കെയുള്ള ചിരിയാണ്.... ലിസി ചേച്ചിയുടെ കയ്യിൽ തൂങ്ങി ഉർവിയോട് എന്തോ പറഞ്ഞു പൊട്ടി ചിരിക്കുന്ന ജാൻവി... അത് കാണെ ഒരു ജോഡി കണ്ണിൽ വാത്സല്യവും മറ്റൊരു ജോഡി കണ്ണിൽ പ്രണയവും നിറഞ്ഞു.... അവരുടെ കണ്ണിലെ തിളക്കം കുറയ്ക്കാൻ എന്ന പോലെ അവളുടെ കഴുത്തിലെ താലി സൂര്യ പ്രകാശമേറ്റ് ഒന്ന് തിളങ്ങി... **************** നിശ്ചയത്തിന് ശേഷം ഉർവി പിന്നെയും അനന്തനിൽ നിന്നും അകലം പാലിച്ചിരുന്നു... ശരീരം കൊണ്ട് അകലുമ്പോഴും മനസ്സ് കൊണ്ട് അവൾ അവനൊപ്പം തന്നെ സഞ്ചരിച്ചു....യദുവുമായി ഒരു രീതിയിലും അടുക്കാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല.... ശ്രമിച്ചില്ല എന്നതാണ് സത്യം... ഭദ്രയുമായി അവൾ അവസാനം സംസാരിച്ചതും വഴക്കിട്ടതുമെല്ലാം യദുവിന്റെ പേരും പറഞ്ഞാണ്....

അനന്തൻ ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമേ അല്ല എന്നും പറഞ്ഞാണ് നടപ്പ്.... അനന്തനും ഉർവിയോട് യദുവിന്റെ കാര്യങ്ങളൊ കല്യാണകാര്യങ്ങളോ സംസാരിച്ചില്ല.... ആകെ ഉള്ള സംസാരം ജാൻവിയെ കുറിച്ചാണ്... അതും അളന്നു തൂക്കി മാത്രം.... ഒരുവേള അവൻ ആലോചിച്ചിട്ടുണ്ട്.....താൻ ഉർവിയിൽ നിന്നും ഇത്രയും അകന്നോ എന്ന്... പിന്നെയും മനസ്സിനെ പറഞ്ഞു പഠിപ്പിക്കും.... അതാണ്‌ നല്ലത്... അവൾ മറ്റൊരാളിന്റെതാകാൻ പോവുകയാണ്... തനിക്ക് ഒരു അവകാശവും ഇല്ലാത്ത പെണ്ണ്....ചിലപ്പോഴൊക്കെ അവൻ അവനെ തന്നെ വിശേഷിപ്പിക്കാറുണ്ട്... "പ്രണയം കൊണ്ട് മുറിവേറ്റവൻ " .... **************** അന്ന് ഒരു ദിവസം ജാൻവിയുമായി മുറ്റത്തെ മാവിൻ ചുവട്ടിൽ ഇരിക്കുകയായിരുന്നു ഉർവി... ക്ലാസ്സ്‌ ഇല്ലാത്ത ദിവസം.... ആശുപത്രിയിൽ എന്തോ അത്യാവശ്യം വന്നത് കൊണ്ട് അനന്തൻ അവിടേക്ക് പോയി.... ഉർവി ഉള്ളത് കൊണ്ട് അന്ന് ലിസ ചേച്ചിയും വന്നിരുന്നില്ല....

മാവിന് ചുറ്റും കെട്ടിയിട്ടുള്ള തറയിലേക്ക് കാലുയർത്തി വച്ച് തല ഉർവിയുടെ മടിയിലും വച്ച് കിടക്കുകയാണ് ജാൻവി... രണ്ടു പേരും എന്തൊക്കെയോ പറയുന്നുണ്ട്.... പഴയത് എന്തെങ്കിലും ഒക്കെ അവൾക്ക് ഓർമ വരുന്നുണ്ടോ എന്ന് അറിയാനുള്ള സംസാരമാണ്.... പക്ഷെ നിരാശ മാത്രാമാണ് ഫലം... അപ്പോഴാണ് അവിടേക്ക് ഒരു ബ്ലാക്ക് പജേറോ വന്നു നിന്നത്...ആ വണ്ടി വന്നപ്പോൾ തന്നെ ഉർവിയ്ക്ക് അതാരാണെന്ന് മനസ്സിലായി...അതിനനുസരിച്ചു അവളുടെ മുഖം ചുളിഞ്ഞു... വണ്ടിയിൽ നിന്നും പുറത്തേക്കിറങ്ങിയ യദു ഉർവിയെയും ജാൻവിയെയും കണ്ട് അവർക്കരുകിലേക്ക് വന്നു... അവനെ കണ്ടതും ജാൻവിയും ദേഷ്യത്തിലായി...അവർക്കരുകിലേക്ക് ചിരിയോടെ നടന്നു വരുന്ന യദുവിനെ കണ്ടതും ജാൻവി ചവിട്ടിതുള്ളി അകത്തേക്ക് പോയി..... അവൾക്കൊപ്പം പോകാൻ നിന്ന ഉർവിയെ യദു തന്നെ അവിടെ പിടിച്ചു നിർത്തി..

" ഹാ... തന്റെ അടുത്തോട്ടു വന്നപ്പോ താൻ ഇത് എവിടെ പോകുവാടോ " " അത് ഞാൻ... ജാൻവി ഒറ്റയ്ക്ക്... " ഉർവി വാക്കുകൾക്കായി പരതി.... " അവൾക്ക് ബുദ്ധിക്ക് അല്ലെ കുഴപ്പം ഉള്ളൂ... ശെരിക്കും ആള് വലുതല്ലേ " വല്ലാത്തൊരു ഭാവത്തോടെ ജാൻവി പോയ വഴിയേ നോക്കി പറഞ്ഞ യദുവിന്റെ വാക്കുകളിലെ ദ്വയാർത്ഥം ഉർവി ശ്രദ്ധിച്ചില്ല... അവൾക്കെങ്ങനെയെങ്കിലും അവന്റെ അടുത്ത് നിന്നും പോയാൽ മതി എന്നാണ്... " ഉർവി...നീ എന്തിനാ ഇങ്ങനെ എന്നിൽ നിന്ന് ഒഴിഞ്ഞു മാറുന്നെ.. കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ നമ്മൾ ഭാര്യയും ഭർത്താവുമാണ്... അപ്പോഴും നീ ഇങ്ങനെ ഒഴിഞ്ഞു മാറുമോ " ദുഖത്തോടെ പറയുന്ന യദുവിനെ കാണെ ഉർവിയ്ക്ക് ഒരു കുറ്റബോധം തോന്നി... താൻ ചെയ്യുന്നത് തെറ്റാണോ. ... അവൾക്ക് സ്വയം പുച്ഛം തോന്നി... മനസ്സിൽ മറ്റൊരാൾക്ക്‌ സ്ഥാനം നൽകി.അവനെ മറക്കാൻ കഴിയാതെ വേറൊരാൾക്ക് താലി കെട്ടാൻ തല കുനിയ്ക്കാൻ പോകുന്നു... തെറ്റാണു... തിരുത്തണം... യദുവേട്ടൻ തന്നെ താലി കെട്ടി കഴിയുന്ന നിമിഷം തൊട്ടെങ്കിലും മാറണം... അത് വരെ അതിനു വേണ്ടി തയ്യാറെടുക്കണം....

ഉർവി പലതും മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.... ആ സമയമത്രയും യദുവിനോട് അവൾക്ക് ഒരു അനുകമ്പ തോന്നിയിരുന്നു... എന്നാൽ അവന്റെ തുടർന്നുള്ള ഓരോ വാക്കും കേൾക്കെ അത് മുഴുവൻ തീരുകയും ചെയ്തു... " ഉർവി... നിനക്കറിയുമോ... നീ ഇങ്ങനെ എന്നെ ഒഴിവാക്കിയത് കൊണ്ടല്ലേ നിന്നെ നേടിയെടുക്കാൻ ഞാൻ ഭദ്ര അപ്പയെ മുന്നിൽ നിർത്തി കളിച്ചത്... ഇപ്പൊ ജയിച്ചതും ഞാനല്ലേ " വല്ലാത്തൊരു ഭാവത്തോടെ ചിരിച്ചു കൊണ്ട് അവളുടെ ഇരു ചുമലിലും കയ്യമർത്തി പറയുന്ന യദുവിനെ കാണെ ഉർവിയ്ക്ക് ഒരു ഭയം തോന്നി തുടങ്ങിയിരുന്നു.. അപ്പോൾ ഇയ്യാൾ പറഞ്ഞിട്ടാണോ അമ്മ എന്നെയും അനന്തേട്ടനേയും പിരിച്ചത്... ഞാൻ കരുതിയത് അമ്മ സ്വയം ഓരോന്ന് ചെയ്ത് കൂട്ടിയതാണെന്നല്ലേ....അല്ല.. ഇയാളാണ് ഞങ്ങളെ ചതിച്ചത്... " ഉർവി... വർഷങ്ങൾക്ക് ശേഷം അപ്പയെ കാണാൻ ഈ വീട്ടിൽ വന്നപ്പോൾ എന്റെ കണ്ണിൽ ആദ്യം പതിഞ്ഞത് നീയാ...

പക്ഷെ നിന്റെ ഒരു നോട്ടം പോലും എന്റെ മേൽ വീണില്ല... സഹിച്ചില്ല എനിക്കത്... നീ അനന്തനെ ചുറ്റിപ്പറ്റി ജീവിക്കുമ്പോൾ ഞാൻ നിന്നെ സ്വന്തക്കാനാ ശ്രമിച്ചേ... എന്ത് കൊണ്ടാണെന്നു അറിയുമോ.... എന്റെ ഒരു നോട്ടം പോലും കിട്ടാൻ പെൺകുട്ടികൾ കാത്ത് നിൽക്കുമ്പോൾ നീ മാത്രം എന്നെ അവഗണിച്ചു... അത് കൊണ്ട് മാത്രം...ഇപ്പൊ നീ എന്റെ സ്വന്തം ആയില്ലേ.. കണ്ടില്ലേ ഇത്രേ ഉള്ളൂ... " അവളുടെ കയ്യുയർത്തി മോതിരത്തിൽ അമർത്തി ചുംബിച്ചു കൊണ്ട് അവൻ അത് പറയുമ്പോൾ പൊള്ളി പിടഞ്ഞു പോയി ഉർവി... ഒരുനിമിഷത്തെ ഞെട്ടലിനപ്പുറം കൈ ഉയർത്തി അവന്റെ കരണം പുകയ്ക്കുമ്പോൾ ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു അവൾ... ദേഷ്യത്തിന്റെ ഉച്ചസ്ഥായിയിൽ അവനോട് പറയാൻ ഉള്ള വാക്കുകൾ പോലും അവളുടെ തൊണ്ടയിൽ കുടുങ്ങി....

കണ്ണുകൾ അനുസരണ ഇല്ലാതെ ഒഴുകി ഇറങ്ങി.... " നിനക്കറിയുവോ ടാ എത്ര ജീവിതങ്ങളാ നിന്റെ ഈ ചീപ്പ്‌ ഈഗോയിൽ നശിച്ചു പോയതെന്ന് " അലറുകയായിരുന്നു ഉർവി.... ഒരിക്കൽ കൂടി അവളുടെ കൈ ഉയർന്നു താഴ്ന്നു... യദുവിന്റെ കണ്ണുകളിൽ ചുവപ്പ് രാശി നിറഞ്ഞു... അവൻ ഉർവിയുടെ മുടിയിൽ കുത്തി പിടിച്ചു ഊക്കോടെ മുറ്റത്തേക്ക് തള്ളി.... ഈ കാഴ്ച്ച കണ്ടു കൊണ്ടാണ് ജാൻവി അവിടേക്ക് വന്നത്.. അവളുടെ മുന്നിൽ കൂടി പല കാഴ്ചകളും അവ്യ്കതമായി ചലിച്ചു.... ഇടയിൽ എപ്പോഴോ ഒരു പെൺകുട്ടിയെ കൈ നീട്ടി അടിക്കുന്ന ഒരു ചെറുപ്പക്കാരന്റെ മുഖം മുന്നിൽ തെളിയവേ അവൾ ബോധ രഹിതയായി വീണിരുന്നു.......... (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story