അഥർവ്വ: ഭാഗം 1

adharva

എഴുത്തുകാരി: അമ്മു അമ്മൂസ്

മുന്നോട്ട് വെക്കുന്ന ഒരോ ചുവടിലും ശരീരം കുഴയും പോലെ തോന്നി അവൾക്ക്... രണ്ടു കാൽ പാദങ്ങളിലൂടെയും രക്തം പനച്ചിറങ്ങുന്നുണ്ടായിരുന്നു... ശ്വാസം നെഞ്ചിൽ തന്നെ തടഞ്ഞു നിൽക്കും പോലെ. ഒരോ അടി വെയ്ക്കുമ്പോഴും കണ്ണുകളിൽ ഇരുട്ട് നിറയുന്നുണ്ടായിരുന്നു. ചുറ്റും ഇരുട്ട് മാത്രമാണ് നിറഞ്ഞു നിൽക്കുന്നത്... ദേഹമാകെ മുറിവുകൾ കാരണം വല്ലാതെ ചുട്ട് നീറുന്നു.... സാരിത്തലപ്പെടുത്തു ഒന്നൂടെ ദേഹം പൊതിഞ്ഞു പിടിച്ചു... നടക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല... പക്ഷേ ഇന്നിവിടെ നിന്നാൽ ആ നിമിഷം എല്ലാം അവസാനിക്കും... പിന്നിൽ നിന്നും കാലടികൾ അടുത്തേക്ക് വരുന്ന ശബ്ദം കേട്ടതും ഉള്ളിൽ ഭയം പെരുമ്പറ കൊട്ടിത്തുടങ്ങിയിരുന്നു.തനിക്ക് മുൻപിലുള്ള അവസാനത്തെ വഴിയും അടയും പോലെ. ഒരോ ചുവടുകൾക്കും ശക്തി ക്ഷയിക്കും പോലെ... ഒടുവിൽ തളർന്നു നിലത്തേക്ക് ഊർന്നു വീഴുമ്പോഴേക്കും കാതടപ്പിക്കുന്ന ഒരു പ്രകമ്പനം അവിടമാകെ മുഴങ്ങിയിരുന്നു. ഒരലർച്ചയോടെ കണ്ണുകൾ വലിച്ചു തുറന്നപ്പോഴാണ് താനിപ്പോഴും തന്റെ മുറിയിൽ തന്നെയാണെന്ന് മനസ്സിലായത്. സ്വപ്നവും യാഥാർഥ്യവും തമ്മിലുള്ള അകലം മനസ്സിലാകാതെ കുറച്ചു നേരം തരിച്ചിരുന്നു പോയി അവൾ... ശരീരമാകെ വെട്ടി വിയർത്തിരുന്നു...കഴിഞ്ഞ കുറച്ചു നാളുകളായി ഈ സ്വപ്നം തന്നെ വിടാതെ പിന്തുടരുന്നുണ്ട്...

ഇതിന് പിന്നിൽ എന്തൊക്കെയോ കാരണമുണ്ടെന്ന് മനസ്സ് പറയും പോലെ... എന്താണ് എന്നറിയില്ലെങ്കിലും എന്തോ ഒരു ഭയം മനസ്സിനെ വരിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു... കുറച്ചു നേരമെടുത്തു ശ്വാസമൊന്ന് നേരെയാക്കിയപ്പോളാണ് വാതിലിൽ ശക്തിയായി മുട്ട് കേട്ടത്. അലർച്ച കേട്ടപ്പോൾ അമ്മയും അച്ഛനുമൊക്കെ പേടിച്ചിട്ടുണ്ടാകും എന്നോർത്തപ്പോൾ അവളിൽ ഒരു ചിരി വിടർന്നു. പ്രതീക്ഷിച്ചത് പോലെ തന്നെ വാതിൽ തുറന്നപ്പോഴേക്കും മറ്റൊന്നിനും കാത്ത് നിൽക്കാതെ ഭാമ അവൾക്കരികിലേക്ക് എത്തിയിരുന്നു.. ""എന്താ ശ്രീമോളെ... ഇന്നും കണ്ടോ എന്റെ കുട്ടി ആ സ്വപ്നം...."" അവളുടെ മുടിയിലൊക്കെ വിരലോടിച്ചു ഭാമ ആധിയോടെ ചോദിച്ചപ്പോൾ അവളൊന്ന് ചിരിച്ചു... ""ഞാൻ അത് തന്നെ ആലോചിച്ചു കിടന്നിട്ടാകും എന്റെ അമ്മേ.... അല്ലാതെ പിന്നെ വേറെന്താ..."" എന്നിട്ടും വിശ്വാസം വരാത്തതുപോലെ അമ്മയും അച്ഛനും നിന്നപ്പോൾ മനഃപൂർവം ഒന്നും സംഭവിക്കാത്തത് പോലെ തന്നെ നടിച്ചു. ""സത്യായിട്ടും കുഴപ്പമില്ലമ്മേ... ഓരോന്ന് ആലോചിച്ചു കിടന്നിട്ട് വെറുതെ സ്വപ്നം കണ്ടെന്നേ ഉള്ളു."" താടിയിൽ പതിയെ പിടിച്ചു കൊഞ്ചിച്ചുകൊണ്ട് പറഞ്ഞപ്പോൾ അമ്മ കൈയിൽ ചെറുതായി ഒരു തല്ല് തന്നു... ""അതെങ്ങനാ.. അവി മോന്റെ വീട്ടിൽ ചെന്നിട്ട് ജഗന്നാഥൻ മാഷിന്റെ അടുത്ത് പറഞ്ഞു ഒന്ന് ജപിച്ചു വാങ്ങാൻ പറഞ്ഞാൽ കേൾക്കില്ലല്ലോ. നീ ജോലിക്ക് പോകുന്നതിന്റെ തൊട്ടടുത്തു തന്നെയല്ലേ വീട്... പെണ്ണിന് അഹമ്മതി വല്ലാണ്ട് കൂടുന്നുണ്ട്.."" അവി....ആ പേര് കേട്ടപ്പോൾ ഉള്ളിലാകെ ഒരു നോവ് പടരും പോലെ..

വൈകുണ്ഠത്തിലെ ജഗന്നാഥന്റെയും നന്ദിനിയുടേം മകൻ അഥർവ്വ.... പരിചയം ഉള്ളവരുടെയൊക്കെ അവി.. കുട്ടിക്കാലം മുതൽക്കെപ്പോഴോ മനസ്സിൽ കയറിയ രൂപമാണ്... പക്ഷേ തിരിച്ചൊരു നോട്ടം പോലും ലഭിച്ചിരുന്നില്ല. തന്നെ കാണുമ്പോൾ മാത്രം ആ മുഖത്തൊരു പുച്ഛം നിറയും. അതുകൊണ്ട് തന്നെ കഴിവതും മുന്നിൽ ചെന്ന് പെടാറില്ല..തന്നോട് മാത്രമുള്ള നീരസത്തിന്റെ കാരണം ഇന്നും അറിയില്ല.. വലിയ കൂട്ടാണ് അലംകൃതയുമായി.. അവൾ വഴിയാണ് അവളുടെ ഏട്ടനെ കൂടുതൽ അറിഞ്ഞതും... അല്ലിയുടെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്ന സ്നേഹമുള്ള ഏട്ടനായിരുന്നു എന്നും മനസ്സിൽ.... നാട്ടിലും വീട്ടിലും ഉള്ളവർക്കെല്ലാം ഒരുപോലെ പ്രിയങ്കരനായ അവി. പക്ഷേ തന്നെ കാണുമ്പോൾ മാത്രം ആ നെറ്റി ഒന്ന് ചുളിയും. മുഖം വെട്ടിച്ചു അകത്തേക്ക് കയറി പോകുമ്പോൾ കാരണം അറിയാതെ പലപ്പോഴും തറഞ്ഞു നിന്നു പോയിട്ടുണ്ട്... അപ്പോഴൊക്കെ കൂടെയുള്ള അല്ലിയെ വിഷമിപ്പിക്കാതിരിക്കാൻ വേണ്ടി അവളുടെ ഏട്ടന്റെ രണ്ടു കുറ്റം പറയും... ഒന്നും സംഭവിക്കാത്തത് പോലെ ചിരിച്ചു കാണിക്കും. പഠിത്തം കഴിഞ്ഞു ഒരു ജോലി അന്വേഷിച്ചു തുടങ്ങിയപ്പോൾ അവൾ തന്നെയാണ് അവരുടെ ആയുർവേദ മരുന്ന് കമ്പനിയിൽ ജോലി വാങ്ങി തന്നത്. ഇന്നിപ്പോൾ അവിടെ ജോലിക്ക് കയറിയിട്ട് വർഷം ഒന്നാകുന്നു.. വീട്ടിൽ ഉള്ളതിനേക്കാൾ ഗൗരവമാണ് അവിയേട്ടന് കമ്പനിയിൽ. ഏതെങ്കിലും ഒരു മരുന്നിന്റെ കൂട്ട് ഇത്തിരി പാളിയാൽ കണ്ണ് പൊട്ടുന്ന ചീത്ത പറയും. ആള് തന്നെയാണ് എല്ലാത്തിന്റെയും മേൽനോട്ടം.

ഏറ്റവും കൂടുതൽ വഴക്ക് കേൾക്കുന്നതിനാൽ കൂടെ ജോലി ചെയ്യുന്ന പലർക്കും സഹതാപമാണ്. കൺകോണിലൂടെ ഒഴുകി ഇറങ്ങിയ കണ്ണുനീർ തുള്ളിയെ വാശിയോടെ തുടച്ചു നീക്കി. എപ്പോഴാണ് ആ മുഖം ഇത്രത്തോളം ആഴത്തിൽ മനസ്സിൽ കയറിക്കൂടിയത് എന്നറിയില്ല.. എന്തോ ഇന്നാ അവഗണന വല്ലാതെ വേദനിപ്പിക്കുന്നുണ്ട്... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 പുലർച്ചെയോടടുത്തിരുന്നു ഉറക്കം പിടിച്ചപ്പോൾ... ഇപ്പോളതൊരു ശീലമായി മാറി കഴിഞ്ഞിരിക്കുന്നു.. കഴിഞ്ഞ കുറച്ചു നാളുകളായി ഇത്തരത്തിലുള്ള സ്വപ്‌നങ്ങൾ വല്ലാതെ ശല്യം ചെയ്യുന്നു... എവിടെയോ ഒറ്റപ്പെട്ട തന്നെയാണ് മിക്ക ദിവസങ്ങളിലും ഒരലർച്ചയോടെ കണ്ട് ഉണരാറ്... ചിലപ്പോളൊക്കെ അവിയേട്ടന്റെ മുഖവും അതിലുണ്ടെന്ന് തോന്നും... പക്ഷേ പിന്നീട് ഒരിക്കൽ കൂടി ആലോചിക്കുമ്പോഴേക്ക് എല്ലാം മറന്നിട്ടുണ്ടാകും. രാവിലെ ഉണരാനും നന്നേ വൈകിയിരുന്നു. രണ്ടാമത്തെ അലാറവും അടിച്ചു നിന്നപ്പോൾ അമ്മയാണ് ഒടുവിൽ വന്നു വിളിച്ചുണർത്തിയത്. പിന്നെയൊരു ഓട്ടമായിരുന്നു... എന്തൊക്കെയോ ചെയ്‌തെന്ന് വരുത്തി തിരക്കിട്ടു ഓടി ഇറങ്ങി... അല്ലെങ്കിൽ ഇന്നത്തെ കാര്യത്തിലും ഒരു തീരുമാനമാകും എന്ന് ഉറപ്പായിരുന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 തോളിൽ കിടന്നിരുന്ന തോർത്ത്‌ മുണ്ടെടുത്തു പടിക്കെട്ടിലേക്ക് വെച്ച് അഥർവ്വ പതിയെ ഒരോ പടവുകളായി കുളത്തിലേക്ക് ഇറങ്ങി... വെള്ളത്തിൽ ഒന്ന് മുങ്ങി നിവർന്നപ്പോളേക്കും സുഖമുള്ള ഒരു തണുപ്പ് ശരീരമാകെ പടരും പോലെ തോന്നി അവന്. ചെറിയ ഒരു ചിരിയോടെ വേഗം കുളിയൊക്കെ തീർത്തു ഈറൻ മാറി ഉടുത്ത് വീട്ടിലേക്ക് നടന്നു.

വീട്ടിലേക്ക് കയറുമ്പോഴാണ് ഓടിപ്പിടച്ചു വരുന്ന ശ്രീയെ കാണുന്നത്. ദൂരെ നിന്നെ നോക്കി ചിരിക്കുന്നുണ്ട്... അവളെ നോക്കി ഒന്ന് പുച്ഛത്തോടെ ചിരിച്ചിട്ട് മുന്നോട്ട് നടന്നു... അപ്പോഴേക്ക് ഓടി അടുത്തേക്ക് എത്തിയിരുന്നു അവൾ... ""അവിയേട്ടാ...."" വിളിച്ചതും ദേഷ്യത്തോടെ ഒന്ന് നോക്കി... ""എന്തിനാ ഇങ്ങനെ ദേഷ്യം കാണിക്കുന്നത്... കമ്പനി അല്ലല്ലോ സാറെ എന്ന് വിളിക്കാൻ..."" ചുണ്ട് രണ്ടും കൂട്ടി അവനെ പിണക്കത്തോടെ നോക്കി. അതിനവൻ മറുപടി ഒന്നും പറഞ്ഞില്ല... ""ജഗനച്ഛൻ ഉണ്ടോ വീട്ടിൽ... "" അവനിൽ നിന്നും മറുപടി ഒന്നും ലഭിക്കാതെ ആയപ്പോൾ വീണ്ടും ചോദിച്ചു..... അല്ലി വിളിക്കുന്നത് കേട്ട് തുടങ്ങിയ ശീലമാണ്... ഇപ്പോൾ അങ്ങനെയേ നാവിൽ വരൂ... ""അതേ ഉണ്ടോ ഇല്ലിയോ എന്ന് പറ... എനിക്കൊരു ചരട് ജപിക്കണം... "" കേട്ട ഭാവം കാണിക്കാതെ പോകുന്ന അവനെ നോക്കി ഇത്തിരി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു... ചിറഞ്ഞുള്ള ഒരു നോട്ടമാണ് പകരം കിട്ടിയത്.. എന്നിട്ടും വിടാൻ ഭാവമില്ലാത്തത് പോലെ വീണ്ടും ചോദിച്ചു... ""ആഹ് .. അവിടുണ്ട്..."" അവളെ നോക്കി ഒന്ന് കനപ്പിച്ചു പറഞ്ഞിട്ട് പിന്നെയൊരു സംസാരത്തിന് ഇട നൽകാതെ കുറച്ചു വേഗത്തിൽ നടന്നു... ""നാശം പിടിക്കാൻ..."" പോകുന്ന വഴി പിറുപിറുത്തുകൊണ്ട് പോകുന്ന അവനെ നോക്കി ഒരു നിമിഷം ചിരിയോടെ നിന്നു... വാച്ചിലേക്ക് നോക്കിയതും ആ ചിരി തനിയെ മാഞ്ഞു.... ""എന്റീശ്വരാ..... ഇനിയും പതിനഞ്ചു മിനിറ്റ് കൂടിയേ ഉള്ളു... അതിനുള്ളിൽ ചരടും പൂജിച്ചു വാങ്ങി ജോലിക്ക് എത്തണം.... ഇന്നും കൂടി പൂജിച്ചില്ലെങ്കിൽ പിന്നെ അമ്മ വീട്ടിലേക്ക് കയറ്റില്ല..."" 🔸🔸🔸🔸

അവി ഓഫീസിലേക്ക് പോകാൻ വേണ്ടി ഒരുങ്ങി ഇറങ്ങി വന്നപ്പോഴാണ് ഉമ്മറത്ത് അച്ഛന്റെ കൂടെ ഇരിക്കുന്ന ശ്രീയെ കാണുന്നത്. അച്ഛൻ കാര്യമായി എന്തോ പ്രാർത്ഥിക്കുന്നുണ്ട്... അവളതെല്ലാം ശ്രദ്ധയോടെ നോക്കി ഇരിക്കുകയാണ്... അവളെയൊന്ന് സൂക്ഷിച്ചു നോക്കിയപ്പോളാണ് ദിവസങ്ങളായി നഷ്ടപ്പെട്ട ഉറക്കത്തിന്റെ സൂചനയെന്നോണം അകത്തേക്ക് കുഴിഞ്ഞ കൺതടങ്ങൾ കാണുന്നത്... ഒരു നിമിഷം അവന്റെ നെറ്റി ഒന്ന് ചുളിഞ്ഞു... ഭയമൊളിപ്പിക്കാൻ ശ്രമിക്കുന്ന ആ കണ്ണുകളും നെറ്റിയിൽ പൊടിഞ്ഞു തുടങ്ങിയ വിയർപ്പ് തുള്ളികളും അപ്പോഴായിരുന്നു ശ്രദ്ധിക്കുന്നത്.. ഒരു നിമിഷം അവളെ നോക്കി നിന്നെങ്കിലും വേഗം തന്നെ കണ്ണുകൾ പിൻവലിച്ചു ഊണ് മുറിയിലേക്ക് നടന്നു... ""ഇനി അങ്ങനത്തെ സ്വപ്നം ഒന്നും കാണില്ലാട്ടോ... മോള്‌ നല്ല മിടുക്കി ആയിട്ട് ഇരുന്നോ.... രണ്ടു ദിവസം കൂടി കഴിഞ്ഞാൽ അല്ലി ഇങ്ങെത്തും... പിന്നെ രണ്ടാൾക്കും കൂടി തകർക്കാനുള്ളതാ...."" ജഗച്ഛൻ ചിരിച്ചോണ്ട് താടിയിൽ പിടിച്ചൊന്ന് കൊഞ്ചിച്ചു പറഞ്ഞപ്പോൾ ഇതുവരെ ഉണ്ടായിരുന്ന പേടിയൊക്കെ അകന്നു പോകും പോലെ തോന്നി... വീണ്ടും എന്തൊക്കെയോ പറഞ്ഞിരുന്നപ്പോഴാണ് നന്ദിനിയമ്മ കഴിക്കാൻ വിളിച്ചുകൊണ്ടു പോയത്... എത്ര വേണ്ടെന്ന് പറഞ്ഞിട്ടും കേൾക്കാതെ കൈയിൽ പിടിച്ചുവലിച്ചു... ""നിന്റെ ന്യായം ഒന്നും കേൾക്കണ്ട... ഒന്നും കഴിക്കാതെ ഇരുന്ന് പെണ്ണങ് കോലം കെട്ടു... ഇതിനും വേണ്ടി എന്താണ് നിനക്ക് പ്രശ്നം... ഓരോന്ന് ആലോചിച്ചു കിടന്നിട്ട് എന്തൊക്കെയോ സ്വപ്നം കണ്ടു എന്ന് പറഞ്ഞിട്ട്...""

അമ്മ ശാസനയോടെ പറഞ്ഞതും വേറെ വഴി ഇല്ലാതെ കൂടെ ചെന്നു.. ഊണ്മുറിയിൽ എത്തിയപ്പോഴേ കണ്ടു വലിഞ്ഞു മുറുകിയ മുഖവുമായി ഇരിക്കുന്ന അഥർവ്വയേ... അമ്മയെ നോക്കിയപ്പോൾ അതൊന്നും ശ്രദ്ധിച്ചിട്ടില്ല എന്ന് തോന്നി... ആ മുഖം കണ്ടപ്പോൾ പിന്നെ ഒരു ചുവട് പോലും വെയ്ക്കാൻ കഴിഞ്ഞില്ല... ദയനീയമായി നോക്കിയപ്പോളും അവിടെ അതേ ഗൗരവം തന്നെ ആയിരുന്നു... ""അമ്മേ അഞ്ചു മിനിറ്റ് കൂടിയേ ഉള്ളു കമ്പനിയിൽ ചെല്ലാൻ... ഞാൻ വൈകുന്നേരം വന്നു കഴിച്ചോളാം...."" ""മിണ്ടാണ്ട് ഇരിക്ക് ശ്രീ.... ഒരു ദിവസം ഒന്ന് വൈകി എന്ന് വിചാരിച്ചു ഒരു കുഴപ്പവുമില്ല... അവിയല്ലേ അവിടുത്തെ കാര്യങ്ങൾ ഒക്കെ നോക്കുന്നത്... അവനും ഇവിടെ ഇരിക്കുന്നത് കണ്ടില്ലേ.... എന്തായാലും കഴിക്കാതെ നിന്നെ ഇന്ന് വിടില്ല..."" അമ്മ അറുത്തു മുറിച്ചു പറഞ്ഞതും വേറെ വഴി ഇല്ലാതെ അവിടേക്ക് ഇരുന്നു... അവിയേട്ടനെ നോക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല... മുഖമുയർത്താതെ കഴിക്കുന്നതിനു ഇടയിലും എതിർവശത്തു പല്ല് ഞെരിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു... എങ്ങനെയൊക്കെയോ വേഗത്തിൽ കഴിക്കാൻ ശ്രമിക്കുമ്പോളേക്കും ആള് എഴുന്നേറ്റു പോയിരുന്നു... അത് കണ്ടതും സ്പീഡ് ഒന്നൂടെ കൂട്ടി...എങ്ങനെയൊക്കെയോ വേഗം കഴിച്ചു തീർത്തു എഴുന്നേറ്റു.. ഭാഗ്യം ആള് പോയിട്ടില്ല.... വീടിനോട് ചേർന്ന് തന്നെയാണ് മരുന്ന്ശാലയും... നടക്കാനുള്ള ദൂരമേ ഉള്ളു... ശ്രീയെ ഒന്ന് ഗൗരവത്തോടെ നോക്കിയിട്ട് അഥർവ്വ പുറത്തേക്ക് ഇറങ്ങിയതും രാജീവ്‌ മുറ്റത്തേക്ക് ഓടി വന്നതും ഒരുമിച്ചായിരുന്നു.. ""അവിക്കുഞ്ഞെ...... """ വാക്കുകൾ കിട്ടാതെ ശ്വാസം എടുക്കാൻ പാട് പെട്ടുകൊണ്ട് അയാൾ റോഡിലേക്ക് വിരൽ ചൂണ്ടുന്നുണ്ടായിരുന്നു..... ( തുടരും )

Share this story