അഥർവ്വ: ഭാഗം 10

adharva

എഴുത്തുകാരി: അമ്മു അമ്മൂസ്

""രണ്ടിനും മുടിഞ്ഞ ഇഷ്ടമാ ഡോക്ടറെ അങ്ങോട്ടും ഇങ്ങോട്ടും... പക്ഷേ കൊന്നാലും പറയില്ല.... പറയിപ്പിക്കാമോ എന്ന് ഞാനൊന്ന് നോക്കട്ടെ... ഇടയ്ക്ക് ചിലപ്പോൾ ഡോക്ടർ ടെ ഹെല്പ് ഉം ചോദിച്ചു എന്നിരിക്കും.. കട്ടക്ക് കൂടെ നിന്നെക്കണെ..."". അവൾ രഹസ്യം എന്ന രീതിയിൽ അവനോടായി പറഞ്ഞു.. ഇടയ്ക്കിടയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും കാണാത്ത രീതിയിൽ പരസ്പരം നോക്കുന്ന അവിയെയും ശ്രീയെയും കണ്ടതും അവൻ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി... അവിയുടെ നോട്ടം അവനിലേക്ക് വീഴുന്നത് കണ്ടപ്പോൾ വേഗം തന്നെ അതുവരെ ഉണ്ടായിരുന്ന ഭാവം മാറ്റി മുഖത്തൊരു ചിരി അണിഞ്ഞു.. ""വീടൊക്കെ എങ്ങനെ ദക്ഷ്.... നാട്ടിലെ സൗകര്യങ്ങൾ ഒക്കെയേ കിട്ടൂ... "" അവി ചുറ്റും ഒന്ന് കണ്ണോടിച്ചു ചിരിയോടെ പറഞ്ഞു.. ""ഓഹ്... ഇതൊക്കെ മതിയെടോ... ധാരാളം..... അവി ഉണ്ടാകും എന്ന് അല്ലി പറഞ്ഞിരുന്നില്ല..."" അവനൊരല്പം മടിച്ചു മടിച്ചു പറഞ്ഞു... ""എനിക്കിവിടെ അടുത്തുള്ള ഒരു വീട് വരെ പോകേണ്ട ആവശ്യം ഉണ്ട്.... അവര് ചെറിയ രീതിയിൽ ഒരു മരുന്ന് തോട്ടം നോക്കി വളർത്തുന്നുണ്ട്..... നിങ്ങള് അകത്തേക്ക് നടന്നോ... ഞാനൊരു പത്തു മിനിറ്റിനുള്ളിൽ വരാം... ""

അവി അല്ലിയോടായി പറഞ്ഞുവെങ്കിലും കണ്ണുകൾ രണ്ടും ശ്രീയുടെ മുഖത്തു തറഞ്ഞിരുന്നു.. അത് കണ്ടെന്നോണം അല്ലിയോന്ന് ചുമച്ചു.... അവി ജാള്യതയോടെ കണ്ണുകൾ പിൻവലിച്ചു വേഗം പുറത്തേക്ക് ഇറങ്ങി.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 അല്ലിയുടെ പിന്നാലെ വീടിന്റെ അകത്തേക്ക് കയറുമ്പോഴും ശ്രീയുടെ ഉള്ളിൽ പരിഭ്രമം നിറഞ്ഞു നിന്നു... പഴയ വീടാണ്... പുതിയതായി താമസിക്കാൻ വരുന്നതുകൊണ്ട് ഓടൊക്കെ മാറ്റി പുതിയത് ഇട്ടിട്ടുണ്ട് എന്നല്ലാതെ കാര്യമായ മാറ്റങ്ങളൊന്നും ആ വീട്ടിൽ ഉണ്ടായിരുന്നില്ല... ഹാളിലേക്ക് എത്തിയതും അല്ലിയുടെ കണ്ണുകൾ ചുറ്റും ഒന്ന് കറങ്ങി.... ഇത്തിരി പൊക്കമുള്ള ഒരു മേശയും നാലഞ്ചു കസേരയുമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല... ""ടീവിയൊന്നും കൊണ്ട് വന്നില്ലേ ഡോക്ടറെ... ഇതൊന്നുമില്ലാതെ എങ്ങനെ നിൽക്കുന്നു... ഈ നാട്ടിൽ ആണെങ്കിൽ ഫോണിന് റേഞ്ച് ഉം കുറവാ... "" കസേരകളിൽ ഒന്നിലേക്ക് ഇരുന്നുകൊണ്ട് അല്ലി അത്ഭുതത്തോടെ ചോദിച്ചു.. ""ഇതാടോ രസം... പിന്നെ വന്ന ജോലിയൊക്കെ തീർക്കണ്ടേ... അതിന്റെ ഇടയിൽ ടീവിയൊക്കെ കാണാൻ എവിടാഡോ സമയം.."". പറയുന്നതിനിടയിലും പലപ്പോഴും അവന്റെ കണ്ണുകൾ അലസമായി വെറുതെ ചുറ്റും കണ്ണോടിച്ചുകൊണ്ടിരുന്ന ശ്രീയിൽ പതിഞ്ഞിരുന്നു...

""എന്തേ... കൂട്ടുകാരിക്ക് ഇങ്ങോട്ടേക്കു വന്നത് ഇഷ്ടായില്ല എന്ന് തോന്നുന്നല്ലോ..."" കുസൃതി നിറഞ്ഞ ചിരിയോടെ അവൻ പറഞ്ഞതും ശ്രീ പെട്ടെന്ന് ഞെട്ടി അവനെ നോക്കി.. ഒരു നിമിഷത്തേക്ക് എന്ത് മറുപടി പറയും എന്നറിയാതെ അവൾ പരിഭ്രമത്തോടെ വിരലുകൾ കൂട്ടിപ്പിടിച്ചുകൊണ്ട് മടിയിലേക്ക് നോക്കി ഇരുന്നു.. രണ്ടാളെയും നോക്കി ചിരിയോടെ മുഖം തിരിക്കുന്നതിനിടയിലാണ് മേശയുടെ ഓരത്തായി നിലത്ത് വച്ചിരുന്ന പെട്ടിയിലേക്ക് അല്ലിയുടെ നോട്ടം ചെല്ലുന്നത്.. ""ആഹാ.... ഡോക്ടർക്ക് പുരാവസ്തു ശേഖരവും ഉണ്ടോ...."" അവൾ മുന്നോട്ട് നീങ്ങിയിരുന്നു കൈ നീട്ടി പതിയെ ആ പെട്ടി എടുക്കാൻ ശ്രമിച്ചു.. ""തൊട്ട് പോകരുത് അതിൽ...."" ഒരലർച്ചയായിരുന്നു ദക്ഷ്... അല്ലിയുടെ കൈകൾ ഒരു നിമിഷത്തേക്ക് ചലനമറ്റ് അന്തരീക്ഷത്തിൽ തന്നെ നിന്നു.. വലിഞ്ഞു മുറുകിയ മുഖവും ചുവപ്പ് രാശി പടർന്നു തുടങ്ങിയ കണ്ണുകളുമായി അവളെ നോക്കുന്ന ദക്ഷിനെ കണ്ടതും അല്ലിയുടെ ഉള്ളിൽ ഭയം നിറഞ്ഞു.... വിളറി വെളുത്തു നിൽക്കുന്ന അല്ലിയെയും ശ്രീയെയും കാൺകെ ദക്ഷ് ഒരു നിമിഷത്തേക്ക് കണ്ണുകൾ അടച്ചു ശ്വാസം നീട്ടി എടുത്തു.. ""സീ അല്ലി.... താനിപ്പോൾ എടുക്കാൻ പോയ ആ പെട്ടി എനിക്ക് അത്രയും പ്രിയപ്പെട്ടതാണ്.. അതാണ് പെട്ടെന്ന് ദേഷ്യം വന്നത് ... അല്ലാതെ....""

അവനൊരു ക്ഷമാപണം പോലെ പറഞ്ഞു നിർത്തി.. കുറച്ചു മുൻപ് നടന്നതിൽ നിന്നും ഇനിയും മുക്തയായിട്ടില്ലായിരുന്നു അല്ലി... വീണ്ടും വീണ്ടും ദക്ഷിന്റെ ഉച്ചത്തിലുള്ള അലർച്ച ചെവിയിൽ മുഖങ്ങും പോലെ... അവനെ നോക്കി ഒരോ തവണയും ഒരു മങ്ങിയ പുഞ്ചിരി നൽകാൻ ശ്രമിക്കുമ്പോളൊക്കെ കണ്ണുകൾ അനുസരണയില്ലാതെ വീണ്ടും വീണ്ടും നിറയുന്നുണ്ടായിരുന്നു.. തരിച്ചു നിൽക്കുകയായിരുന്നു ശ്രീയും. ഒരിക്കലും അവനിൽ നിന്നും ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല.. അല്ലിയെ നോക്കിയപ്പോൾ ഉള്ളിലെ സങ്കടം പുറത്ത് അറിയാതിരിക്കാനായി ചുണ്ട് കൂട്ടിപ്പിടിച്ചു ചിരിക്കാൻ ശ്രമിക്കുന്നത് കണ്ടു ""ഏട്ടൻ വന്നു തോന്നുന്നു... ഞങ്ങളിറങ്ങട്ടെ ഡോക്ടറെ... ചെന്നിട്ടു വേണം വിളക്ക് വയ്ക്കാൻ..."" മുറ്റത്തു കാൽപ്പെരുമാറ്റം കേട്ടതും അല്ലി തിടുക്കപ്പെട്ടു എഴുന്നേറ്റു.. ഒരിക്കൽ കൂടി അവനായി ഒരു മങ്ങിയ പുഞ്ചിരി നൽകി ശ്രീയുടെ കൈയും പിടിച്ചു പുറത്തേക്ക് ഇറങ്ങി...പുറത്തേക്ക് നടക്കുമ്പോഴും കൈ രണ്ടും ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.. കഴിഞ്ഞു പോയതോർത്തു ദക്ഷ് കണ്ണുകളടച്ചു നിന്നു... തനിക്കും തന്റെ ലക്ഷ്യത്തിനുമിടയിലുള്ള ദൂരം കൂടുന്നതായി തോന്നി അവന്.. തെല്ലൊരു ഈർഷ്യയോടെ അവൻ തലയൊന്ന് കുടഞ്ഞു പുറത്തേക്ക് നടന്നു.. ""ആഹാ... അങ്ങോട്ട്‌ പോയതിനേക്കാൾ സ്പീഡിൽ ആണല്ലോ ഇങ്ങോട്ട് വരുന്നത്..."" അവി കളിയായി ചോദിച്ചതും പിണക്കത്തോടെ മുഖം കോർപ്പിച്ചു...

""അത് ഞാനൊന്ന് വഴക്ക് പറഞ്ഞതിന്റെയാ... ഇപ്പോൾ മാറിക്കോളും..."" വാതിൽപ്പടിയിൽ നിന്ന് ചിരിയോടെ പറയുന്ന ദക്ഷിനെ കണ്ടതും അല്ലി പരിഭവത്തോടെ മുഖം തിരിച്ചു.. ""ഞങ്ങള് നടക്കുവാ ഏട്ടാ..."" അതും പറഞ്ഞു ശ്രീയുടെ കൈയും പിടിച്ചു പോകുന്ന അവളെ നോക്കി ചിരിയോടെ നിൽക്കുകയായിരുന്നു അവി.. അവൻ വെറുതെ വീടിന്റെ ചുറ്റും ഒന്ന് കണ്ണുകളോടിച്ചു... മുറ്റമൊക്കെ ഇന്നലെ വൃത്തിയാക്കിയതാ എന്ന് തോന്നുന്നു... ഒരു ചെടി പോലും ബാക്കി വയ്ക്കാതെ മുഴുവനും വെട്ടി മാറ്റിയിരിക്കുന്നു... മുറ്റത്തുണ്ടായിരുന്ന മാവിന്റെയും പ്ലാവിന്റെയും ശിഖരങ്ങളും മുറിച്ചു മാറ്റിയിരിക്കുന്നു... അവനൊന്നു നെറ്റി ചുളിച്ചു... ""എന്താടോ....."" ദക്ഷിന്റെ ചോദ്യം കേട്ടപ്പോഴാണ് കണ്ണുകൾ പിൻവലിക്കുന്നത്.. മറുപടി പറയാൻ തുടങ്ങുമ്പോഴാണ് ശ്രീയുടെ ഉച്ചത്തിലുള്ള അലർച്ച കേൾക്കുന്നത്.... അവന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു .. ഒരു നിമിഷംകൊണ്ടവൻ കാറ്റ് പോലെ പുറത്തേക്ക് പാഞ്ഞു.. നിലത്തിരുന്നു രണ്ടു കൈകളും കാൽ പാദത്തിൽ അമർത്തിപ്പിടിച്ചു കരയുന്ന ശ്രീയെയാണ് വഴിയിലേക്ക് എത്തിയ ഉടനേ കാണുന്നത്.. കൈകൾക്കിടയിലൂടെ രക്തം ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു.. ""എ...... എന്താ.... ""അവി അവളുടെ അടുത്തേക്ക് മുട്ട്കുത്തി ഇരുന്നു...

""അറിയില്ല ഏട്ടാ.... ചില്ല് കൊണ്ടതാ എന്ന് തോന്നുന്നു.... പക്ഷേ അവള് ചെരുപ്പിട്ടിട്ടുണ്ടായിരുന്നല്ലോ.... എങ്ങനെയാ തട്ടിയത് എന്നറിയില്ല...."" അല്ലിയുടെ സ്വരത്തിൽ പരിഭ്രമം നിറഞ്ഞു... അവി അവളുടെ കാല് പിടിച്ചു നോക്കാൻ തുടങ്ങിയതും ശ്രീ കൈ രണ്ടും ഒന്നുകൂടി കാലിൽ ചേർത്ത് പിടിച്ചിരുന്നു... വേണ്ടെന്ന ഭാവത്തിൽ ഇടയ്ക്കിടെ തല വെട്ടിക്കുന്ന ശ്രീയെ അവി ഗൗരവത്തോടെ നോക്കി.. ""നോക്കട്ടെ ശ്രീ... മുറിവ് നോക്കിയാലല്ല മരുന്ന് തരാൻ പറ്റൂ.... "" ഇത്തിരി കനത്തിൽ ഗൗരവത്തോടെ പറഞ്ഞതും മടിച്ചു മടിച്ചു കൈ മാറ്റുന്നത് കണ്ടു... അപ്പോഴും കണ്ണുകൾ രണ്ടും നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.. ചെറിയ ഒരു മുറിവേ ഉള്ളു.... അവൾ ഇരിക്കുന്നതിന്റെ അടുത്തായി ഒരു പൊട്ടിയ ചില്ല് കുപ്പി കിടക്കുന്നത് കണ്ടു... അതായിരിക്കണം കാലിൽ കൊണ്ടത്.. അവി വേഗം തന്നെ ഉടുത്തിരുന്ന മുണ്ടിൽ നിന്നും അല്പം കീറിയെടുത്തു കാലിലെ ചോര ഒപ്പി എടുത്തു.... കണ്ണിമയ്ക്കാതെ അവിയെ നോക്കി ഇരിക്കുകയായിരുന്നു ശ്രീ.... ആദ്യമായിട്ടാണ് ശ്രീയെന്ന് വിളിക്കുന്നതും തന്നോടീ കരുതൽ കാണിക്കുന്നതും.... സാധാരണ ഗൗരവം നിറഞ്ഞ സ്വരത്തിൽ ശ്രീനിത എന്ന് മാത്രേ വിളിക്കാറുള്ളു.... ശ്രദ്ധയില്ലാതെ ഓരോന്ന് വരുത്തുന്നതിന് നല്ല വഴക്കും കിട്ടും..... ഒരു സ്വപ്നമാണോ ഇപ്പോൾ മുന്നിൽ കാണുന്നത് എന്ന് തോന്നി അവൾക്ക്... അപ്പോഴേക്കും ദക്ഷ് മുറിവിൽ വയ്ക്കാനുള്ള പഞ്ഞിയും മരുന്നും എടുത്തു വന്നിരുന്നു...

വേഗം തന്നെ പഞ്ഞിയിൽ മരുന്നാക്കി അവളുടെ കാലിലേക്ക് കൈ നീട്ടിയ ദക്ഷിനെ കൈ ഉയർത്തി തടഞ്ഞു അവി... "" വേണ്ടെടോ.. ഈ മരുന്നൊന്നും ശീലമില്ല അവൾക്ക്... ഇപ്പോൾ ഇത്തിരി തുളസി ചതച്ചു നീര് വെക്കാം... ബാക്കി ഞാൻ വീട്ടിലേക്ക് ചെന്ന് മരുന്ന് അരച്ചിട്ട് കൊടുത്തോളാം..."" ദക്ഷിന്റെ അഭിപ്രായത്തിനു കാക്കാതെ അവി പറഞ്ഞു നിർത്തി... അവി പറഞ്ഞത് കേട്ട് ഞെട്ടിയിരിക്കുകയായിരുന്നു ശ്രീ... എത്രയോ തവണ ഈ മരുന്നുകളൊക്കെ വച്ചിരിക്കുന്നു...അല്ലിയെ നോക്കിയപ്പോൾ ചുണ്ട് കൂട്ടി ചിരിയടക്കുന്നത് കണ്ടു.. കേട്ടത് ഇഷ്ടപ്പെടാത്തത് പോലെ ദക്ഷിന്റെ മുഖം ഇരുളുന്നത് കണ്ടു.. അവിയെ നോക്കിയപ്പോൾ അതൊന്നും ശ്രദ്ധിക്കാതെ അല്ലിയെ തുളസിയില കൊണ്ട് വരാനായി കണ്ണ് കാണിക്കുന്നത് കണ്ടു... അല്ലി കൊണ്ട് വന്ന ഇലകൾ പതിയെ കൈയിലേക്ക് വച്ചു ഞെരിച്ചു വെള്ളം തളിച്ച് അവി പതിയെ മുറിവിലേക്ക് നീര് ഇറ്റിച്ചു കൊടുത്തു... ""ശ്ശ്ശ്ശ്ശ്..... "" ശ്രീയോന്ന് എരിവ് വലിച്ചു കണ്ണുകൾ ഇറുക്കെ അടച്ചു.... നല്ല നീറ്റൽ തോന്നുന്നുണ്ടായിരുന്നു.... അല്പം കഴിഞ്ഞതും ആ നീറ്റലിനു കുറവ് തോന്നി കണ്ണുകൾ ചെറുതായി തുറന്നു നോക്കി... അവി അപ്പോഴേക്കും അടുത്ത് നിന്ന് എഴുന്നേറ്റു മാറിയിരുന്നു... ""നിനക്ക് നടക്കാൻ പറ്റുമോ ഒരു കാലുകൊണ്ട്.... മുറിവുള്ള കാലിന് അനക്കം തട്ടാതെ നടക്കണം..."" പറ്റുമെന്ന ഭാവത്തിൽ തലയാട്ടിയപ്പോളേക്കും പിടിച്ചെഴുന്നേൽപ്പിക്കാൻ വേണ്ടി അവി കൈ നീട്ടുന്നത് കണ്ടു..

""ഞ.... ഞാൻ.... അല്ലി ടെ കൈ പിടിച്ചു എഴുന്നേറ്റോളാം..."". വെപ്രാളത്തോടെ പറയുമ്പോഴേക്കും അവിയുടെ മുഖത്ത് ദേഷ്യം നിറഞ്ഞിരുന്നു.. ""പറയുന്നത് കേട്ടാൽ മതി... രണ്ടും കൂടി നടുവും തല്ലി വീണിട്ട് ഇരട്ടി പണി ആക്കാൻ...."" അവി ദേഷ്യത്തോടെ പറഞ്ഞതും ഇത്തിരി ദേഷ്യത്തോടെ ചുണ്ട് കൂർപ്പിച്ചു... അവി അവളുടെ രണ്ടു തോളിലും പിടിച്ചു ശ്രദ്ധയോടെ കാലിന് ബലം കൊടുക്കാതെ എഴുന്നേൽപ്പിച്ചു... ഒരു കാൽ മാത്രം നിലത്തു ഊന്നി നിൽക്കാൻ പറഞ്ഞു അവളോട്... ""ഇനി മറ്റേ കാൽ മാത്രം മുന്നോട്ട് വയ്ക്ക്..."" അവളുടെ അരയിലൂടെ കൈ ചുറ്റി അവി പറഞ്ഞതും ഞെട്ടലോടെ ആ മുഖത്തേക്ക് നോക്കി... ഗൗരവത്തിൽ തന്നെ നിൽക്കുന്ന അവിയെ കണ്ടതും എന്ത് ചെയ്യണം എന്നറിയാതെ തറഞ്ഞു നിന്നു പോയി.. ശരീരമാകെ ഒരു വിറയൽ കടന്നു പോകും പോലെ.... ഇത്തരത്തിലുള്ള ഒരധികാര ഭാവം അവിയിൽ നിന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല..അല്ലിയെ നോക്കിയപ്പോൾ അതേ അമ്പരപ്പ് തന്നെയായിരുന്നു അവളുടെ മുഖത്തും നിറഞ്ഞു നിന്നത്.. ""എന്നേ നോക്കി നിൽക്കാനല്ല പറഞ്ഞത്.... ആ കാൽ പതിയെ എടുത്തു വയ്ക്ക് മുന്നോട്ട്...."" ഇത്തിരി ഉച്ചത്തിൽ അവി പറഞ്ഞതും ഞെട്ടലോടെ നോട്ടം പിൻവലിച്ചു...

അവൻ പറഞ്ഞതുപോലെ മുറിവില്ലാത്ത കാൽ മാത്രം നിലത്തേക്ക് ചവിട്ടി പതിയെ നടക്കാൻ തുടങ്ങി... മുറിവുള്ള കാലിന്റെ വശത്തുനിന്നായിരുന്നു അവി ചേർത്ത് പിടിച്ചത്... അതുകൊണ്ട് പ്രത്യേകിച്ച് ബുദ്ധിമുട്ട് തോന്നിയിരുന്നില്ല മുന്നോട്ട് നടക്കാൻ.. അവനോട് ചേർന്ന് നടക്കുമ്പോൾ ശരീരമാകെ ഒരു തളർച്ച പോലെ.... നെറ്റിയിലും കഴുത്തിലുമൊക്കെ പേടി കാരണം വിയർപ്പ് തുള്ളികൾ പൊടിഞ്ഞിരുന്നു....അവളുടെ ബുദ്ധിമുട്ട് അറിഞ്ഞെന്നോണം ചുണ്ടിൽ വിരിഞ്ഞ ചിരിയോളിപ്പിച്ചു അവനൊരിക്കൽ കൂടി ഗൗരവത്തിന്റെ മൂടുപടം അണിഞ്ഞു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 അവിയും ശ്രീയും കണ്ണിൽ നിന്ന് മറയും വരെ ദേഷ്യം അടക്കാൻ കഴിയാതെ മുഷ്ടി ചുരുട്ടി നിന്നു ദക്ഷ്.... അവന്റെ നോട്ടം ശ്രീയുടെ രക്തം വീണ മണ്ണിലേക്ക് പാളി വീണു... പതിയെ നിലത്തായി മുട്ട് കുത്തി ഇരുന്നു... വിരൽ നീട്ടി അവളുടെ കാലിൽ തറച്ച ചില്ല് പതിയെ കൈയിലേക്ക് എടുത്തു... അതിന്റെ തുമ്പത്തായി പടർന്നിരിക്കുന്ന അവളുടെ രക്തത്തിലേക്ക് അവൻ കണ്ണിമയ്ക്കാതെ നോക്കി നിന്നു... ശേഷം കൈയൊന്ന് നീട്ടി ശ്രദ്ധയോടെ വിരലിൽ ഒപ്പി എടുത്തു... കൈയിലേക്ക് പടർന്ന രക്തത്തെ ഒരു ഗൂഢമായ പുഞ്ചിരിയോടെ നോക്കിയിരുന്നു.. അപ്പോളവന്റെ കണ്ണുകളൊന്ന് തിളങ്ങി... വേർതിരിച്ചറിയാത്ത ഒരു ഭാവത്തോടെ അവയാ ചോരപ്പാടുകളിൽ തന്നെ തറഞ്ഞിരുന്നു....................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story