അഥർവ്വ: ഭാഗം 11

adharva

എഴുത്തുകാരി: അമ്മു അമ്മൂസ്

അവിയും ശ്രീയും കണ്ണിൽ നിന്ന് മറയും വരെ ദേഷ്യം അടക്കാൻ കഴിയാതെ മുഷ്ടി ചുരുട്ടി നിന്നു ദക്ഷ്.... അവന്റെ നോട്ടം ശ്രീയുടെ രക്തം വീണ മണ്ണിലേക്ക് പാളി വീണു... പതിയെ നിലത്തായി മുട്ട് കുത്തി ഇരുന്നു... വിരൽ നീട്ടി അവളുടെ കാലിൽ തറച്ച ചില്ല് പതിയെ കൈയിലേക്ക് എടുത്തു... അതിന്റെ തുമ്പത്തായി പടർന്നിരിക്കുന്ന അവളുടെ രക്തത്തിലേക്ക് അവൻ കണ്ണിമയ്ക്കാതെ നോക്കി നിന്നു... ശേഷം കൈയൊന്ന് നീട്ടി ശ്രദ്ധയോടെ വിരലിൽ ഒപ്പി എടുത്തു... കൈയിലേക്ക് പടർന്ന രക്തത്തെ ഒരു ഗൂഢമായ പുഞ്ചിരിയോടെ നോക്കിയിരുന്നു.. അപ്പോളവന്റെ കണ്ണുകളൊന്ന് തിളങ്ങി... വേർതിരിച്ചറിയാത്ത ഒരു ഭാവത്തോടെ അവയാ ചോരപ്പാടുകളിൽ തന്നെ തറഞ്ഞിരുന്നു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 വീടിന്റെ അടുത്ത് എത്താറായിട്ടും അവി ഇതുവരെ തന്നിൽ നിന്നും അകന്നു മാറിയിട്ടില്ല എന്ന് കണ്ടു അവൾക്ക് വല്ലാത്ത ജാള്യത തോന്നി... അവിയേട്ടനോട് ചേർന്ന് നടക്കുന്നതിനാലാക്കണം വഴിയിൽ കൂടി പോകുന്നവരൊക്കെ ഒന്ന് നോക്കി പോകുന്നുണ്ട്... ""ആ.... ആളുകൾ ശ്രദ്ധിക്കുന്നു.... ഞ... ഞാൻ അല്ലിടെ കൂടെ വന്നോളാം..."" അരക്കെട്ടിൽ നിന്നും അവന്റെ കൈ ഒന്ന് മാറ്റാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.. ""എന്താ വേണ്ടത് എന്നെനിക്കറിയാം... മര്യാദക്ക് നടക്ക് ശ്രീ..."

ഗൗരവം നിറഞ്ഞ സ്വരത്തിൽ മറുപടി കിട്ടിയതും പിണക്കം നിറഞ്ഞു മുഖത്ത്.. പിന്നെയൊന്നും പറയാൻ നിന്നില്ല... വീടിന്റെ ഉമ്മറത്തു എത്തിയതും അവി കാല് തട്ടാതെ ശ്രീയെ ശ്രദ്ധയോടെ പടിയിലേക്ക് ഇരുത്തി.. ""ഞാൻ മരുന്ന് എടുത്തിട്ട് വരാം.. നീ ഇവളുടെ അടുത്ത് തന്നെ ഉണ്ടാകണം..."" അല്ലിയെ നോക്കിയൊന്ന് പറഞ്ഞിട്ട് അവി മരുന്ന്ശാലയിലേക്ക് നടന്നു.. ഇവിടൊന്നും ശ്രദ്ധിക്കാതെ ഏതൊക്കെയോ ചിന്തകളിൽ മുഴുകി നടക്കുന്ന അല്ലിയെ കാൺകെ അവളൊന്ന് പിരികം ചുളിച്ചു .. ""നീ ഇനിയും ആ വഴക്ക് ആലോചിച്ചു നടക്കുവാണോ എന്റെ അല്ലി.... അത് ചിലപ്പോൾ ഡോക്ടർക്ക് അത്രയും പ്രിയപ്പെട്ടതായിരിക്കും... മറ്റൊരാൾ തൊടുന്നത് ചിലപ്പോൾ ഇഷ്ടപ്പെട്ടെന്ന് വരില്ല..."" ശ്രീയുടെ വാക്കുകൾ കേട്ട് മുഖത്തൊരു ചിരിയണിയാൻ ശ്രമിക്കുമ്പോഴും ദക്ഷിന്റെ കോപം നിറഞ്ഞ ആ മുഖവും അലർച്ചയും മനസ്സിൽ നിന്നും പോകുന്നില്ലായിരുന്നു. .ആദ്യമായിട്ടായിരുന്നു ദക്ഷിനെ അങ്ങനെയൊരു ഭാവത്തിൽ കാണുന്നത്.. ആദ്യമായി കണ്ട നാൾ മുതൽ ഇന്ന് വരേയ്ക്കും സൗമ്യമായി മാത്രമേ സംസാരിച്ചിട്ടുള്ളൂ.. ""

എന്നാലും ഡോക്ടർ ഒന്ന് ദേഷ്യപ്പെട്ടപ്പോഴേക്കും ചിലർക്കൊക്കെ ഇത്രേം സങ്കടം എന്താണാവോ..."" അല്ലിയെ ഒന്ന് ഒളിക്കണ്ണിട്ട് നോക്കി ശ്രീ പറഞ്ഞു... അവളുടെ മുഖത്ത് ചമ്മൽ നിറയുന്നത് കൗതുകത്തോടെ നോക്കി ഇരുന്നു.. പെട്ടെന്ന് തന്നെ അല്ലി മുഖത്തുനിന്ന് ചമ്മലൊക്കെ മാറ്റി പുച്ഛ ഭാവം വരുത്തി... ""അല്ലിക്ക് എന്തെങ്കിലും ഉണ്ടെങ്കിലേ.. അല്ലി നേരിട്ട് ചെന്നങ്ങു പറഞ്ഞോളും... അല്ലാതെ ഇവിടെയുള്ള ചില പൂച്ചകളെ പോലെ കണ്ണും കണ്ണും നോക്കി പാല് കുടിച്ചു നടക്കില്ല.."". കൈ രണ്ടും ഇടുപ്പിൽ കുത്തി അവൾ ശ്രീയേ നോക്കി വീറോടെ പറഞ്ഞു.. ശ്രീ മറുപടി പറയാനായി തുടങ്ങുമ്പോഴാണ് അരച്ചെടുത്ത മരുന്നും ചുറ്റിക്കെട്ടാനുള്ള തുണിയുമായി അവി നടന്നു വരുന്നത് കണ്ടത്... അവി അടുത്ത് എത്താറായപ്പോളേക്കും സംസാരമൊക്കെ നിർത്തി നേരെ ഇരുന്നു.. വയ്ക്കുമ്പോൾ ചെറിയ ഒരു നീറ്റൽ തോന്നും... അവളുടെ താഴെയുള്ള പടിക്കെട്ടിൽ ഇരുന്നുകൊണ്ട് അവി പറഞ്ഞു... അവളുടെ കാലിൽ പിടിക്കാനായി അവി കൈ നീട്ടിയതും ശ്രീയൊരു വെപ്രാളത്തോടെ കാൽ പിന്നിലേക്ക് വലിച്ചു.. ""ത.. തന്നാൽ മതി... ഞാൻ വച്ചോളാം മരുന്ന്...."" കൈ നീട്ടിയെങ്കിലും അവിയുടെ രൂക്ഷമായ നോട്ടം കണ്ടപ്പോൾ വേണ്ടിയിരുന്നില്ല എന്ന് തോന്നി.. അവളെ ഒന്ന് കനത്തിൽ നോക്കിയിട്ട് അവി മുറിവിൽ തട്ടാതെ കാല് സ്വല്പം ബലത്തിൽ മുന്നിലേക്ക് നീട്ടി പിടിച്ചു... അവനെ പേടിയോടെ നോക്കിയിരിക്കുകയായിരുന്നു ശ്രീ..

""കണ്ണടച്ചു പിടിച്ചോ... വേദന കാണും..."" പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞതും കണ്ണുകൾ രണ്ടും ബലമായി ഇറുക്കെ അടച്ചു... അവി കൂടെ കരുതിയ വെള്ളം എടുത്തു മുറിവ് നന്നായി കഴുകി... മുറിവിലേക്ക് വെള്ളം വീണതും ശ്രീയോന്ന് എരിവ് വലിച്ചു അല്ലിയുടെ കൈയിലേക്ക് മുറുക്കെ പിടിച്ചു.. ചതച്ചെടുത്ത മരുന്ന് അവൻ ശ്രദ്ധയോടെ ഒരു കൈയിലെടുത്തു... മുറിവിലേക്ക് അത് വച്ചതും ശ്രീ വെപ്രാളത്തോടെ നീറ്റൽ കാരണം അവന്റെ കൈ എടുത്തു മാറ്റാൻ തുടങ്ങി... അടച്ചു പിടിച്ചിട്ടും രണ്ടു കണ്ണുകളിൽ നിന്നും കണ്ണീര് ഒലിച്ചു ഇറങ്ങുന്നുണ്ടായിരുന്നു.. ""കഴിഞ്ഞു.... ഇത്രേ ഉള്ളു... "" അവളുടെ മുഖം കണ്ടപ്പോൾ അവൻ പതിയെ പറഞ്ഞു... അപ്പോഴും നിക്ഷേധാർത്ഥത്തിൽ തലയാട്ടി അല്ലിയുടെ കൈയിൽ മുറുക്കെ പിടിച്ചിരിക്കുകയായിരുന്നു ശ്രീ... പതിയെ പതിയെ ആദ്യത്തെ നീറ്റൽ മാറി മരുന്നിന്റെ തണുപ്പ് കാലിലേക്ക് പടരാൻ തുടങ്ങിയതും അവളൊരു ആശ്വാസത്തോടെ കൈ അയച്ചു... കാലിന് അവൾ കൊടുത്തിരുന്ന ബലം കുറഞ്ഞപ്പോൾ മരുന്നിന്റെ നീറ്റൽ വിട്ട് മാറി എന്ന് അവിക്ക് മനസ്സിലായി.. ശ്രീയെ നോക്കിയപ്പോൾ ഇപ്പോഴും കണ്ണുകളടച്ചു ഇരിക്കുകയാണ്... രണ്ടു കവിളിലും കണ്ണുനീർ ഒഴുകിയ പാട് ഉണങ്ങിയിരിക്കുന്നു... ചെറിയ കുട്ടികളെ പോലെ കണ്ണും പൂട്ടി ചുണ്ട് കൂർപ്പിച്ചു ഇരിക്കുന്ന അവളെ കണ്ടതും അവനൊന്നു ചിരിച്ചു.. പിന്നെ ഒട്ടും ബലം കൊടുക്കാതെ തുണി എടുത്തു പതിയെ ഒന്ന് ചുറ്റിവച്ചു മുറിവിന് മേലെ...

""നാളെ രാവിലെ ഞാൻ ഒന്നൂടെ മരുന്ന് വച്ചു തരാം.. ഇന്നിനി കാലിൽ വെള്ളം നനയ്ക്കരുത്... ബലം കൊടുത്തു നിൽക്കുകയും വേണ്ട... രാവിലെ ആയിട്ടും നീറ്റലോ വേദനയോ തോന്നുന്നുണ്ട് എങ്കിൽ പറയണം... പിന്നെ മണ്ണും പൊടിയും ഒന്നും ആക്കരുത് കാലിൽ.."" അവി പറഞ്ഞതൊക്കെ കേട്ട് സമ്മത ഭാവത്തിൽ തലയാട്ടി.. ""വാ.... ഞാൻ കൊണ്ടാക്കാം...."". അതും പറഞ്ഞു എഴുന്നേൽക്കുന്ന അവിയെ നോക്കി കണ്ണു മിഴിച്ചു നിൽക്കുകയായിരുന്നു ശ്രീ... അല്ലിയെ നോക്കിയപ്പോൾ അവളും അത്ഭുതം കലർന്ന ഭാവത്തിൽ അവിയെ നോക്കുന്നത് കണ്ടു... പിന്നെ കുസൃതി നിറഞ്ഞ ഒരു നോട്ടം തനിക്ക് നേരെയും നീളുന്നത് കണ്ടപ്പോൾ അവൾ അല്ലിയെ നോക്കി കണ്ണുരുട്ടി കാണിച്ചു.. ""അ... അടുത്തല്ലേ.... ഞാൻ തനിയെ പൊക്കോളാം...."" മടിച്ചു മടിച്ചു പറഞ്ഞു... എന്തെന്നറിയില്ല ഒറ്റയ്ക്ക് അവിയുടെ കൂടെ പോകാൻ വല്ലാത്തൊരു വെപ്രാളം തോന്നുന്നുണ്ടായിരുന്നു.. ""നിന്നോടല്ലേ ഞാൻ നേരത്തെ പറഞ്ഞതൊന്നും... ആ ചെരുപ്പ് നീയെങ്ങനെ ഈ ചുറ്റിക്കെട്ടിന്റെ മുകളിൽ കൂടി ഇടും... കാലിന് ബലം കൊടുക്കാൻ പാടില്ല... മണ്ണും ചെളിയും ആക്കരുത് കാല് കഴുകാൻ പറ്റില്ല ഇന്നെന്ന് ഞാൻ പറഞ്ഞതല്ലേ.."" അവൻ ശാസനയോടെ പറഞ്ഞതും മുഖത്ത് പിണക്കം നിറഞ്ഞു...

വീണ്ടും ചോദിച്ചപ്പോൾ മനസ്സിലായി എന്ന ഭാവത്തിൽ തലയാട്ടി... ""വാ എഴുന്നേൽക്ക്.... "" അവി കൈ നീട്ടിയതും അല്ലിയെ ദയനീയമായി നോക്കി... ചിരി സഹിച്ചു വേറെ എങ്ങോട്ടോ നോക്കി നിൽക്കുന്ന അല്ലിയെ നോക്കി പല്ലിറുമ്മി വീണ്ടും അവിയിലേക്കായി കണ്ണുകൾ.. അവന്റെ മുഖത്തെ ഗൗരവം കണ്ടപ്പോൾ മനസ്സില്ലാ മനസ്സോടെ അവന്റെ കൈയിലേക്ക് കൈ കൊടുത്തു... ശ്രീയുടെ രണ്ടു കൈയിലും പിടിച്ചു ശ്രദ്ധയോടെ കാല് തട്ടാതെ അവി എഴുന്നേൽപ്പിച്ചു... അവനെ നോക്കാൻ വല്ലാത്ത മടി തോന്നി ശ്രീക്ക്.. എഴുന്നേറ്റ ഉടനേ കൈ വിടീക്കാൻ നോക്കിയെങ്കിലും അവി ബലമായി പിടിച്ചതിനാൽ കഴിഞ്ഞില്ല... അവനെ നോക്കുമ്പോളേക്കും കുറച്ചു മുൻപ് കൊണ്ട് വന്നത് പോലെ അരക്കെട്ടിൽ കൈ ചുറ്റി ചേർത്ത് നിർത്തിയിരുന്നു.. പ്രതികരിക്കാൻ കഴിയാതെ നിന്നു പോയി.. അവിയവളെ ശ്രദ്ധയോടെ കാറിന്റെ അടുത്തേക്ക് നടത്തി... പല തവണ അവന്റെ കൈ എടുത്തു മാറ്റുവാൻ ശ്രമിച്ചെങ്കിലും ദഹിപ്പിക്കുന്ന ഒരു നോട്ടം തിരികെ കിട്ടിയപ്പോൾ പിന്നെ ഒന്നും തടയാൻ പോയില്ല... അവളെയും കാറിലിരുത്തി അവി പോകുന്നത് ഒരു ചിരിയോടെ നോക്കി നിൽക്കുകയായിരുന്നു അല്ലി... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

അവി അസ്വസ്ഥതയോടെ ഉമ്മറത്തെ ചാരു കസേരയിലേക്ക് ഇരുന്നു... നേരം പാതിരാ ആയിതുടങ്ങിയിരുന്നു.. ചുറ്റിനുമുള്ള നിശബ്ദതക്കും ചെറുതായി വീശുന്ന തണുത്ത കാറ്റിനും ഉള്ളിലെ അഗ്നിയെ തണുപ്പിക്കാൻ കഴിയില്ല എന്ന് തോന്നി... ശ്രീയുടെ കാലിലേക്ക് തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന ദക്ഷ്ന്റെ രൂപം ഉള്ളിൽ തെളിഞ്ഞതും അവനൊരു ഈർഷ്യയോടെ കണ്ണുകൾ അടച്ചു... ദക്ഷിന്റെ ഒരോ പെരുമാറ്റവും ഉള്ളിലേക്ക് ഒരു തിരശീലയിൽ എന്നത് പോലെ മനസ്സിലേക്ക് കടന്നു വന്നു... വീട്ടിലേക്ക് ചെന്നപ്പോൾ തന്നെ കണ്ടതോടെ അവന്റെ കണ്ണുകളിൽ തെളിഞ്ഞ നിരാശയും ഭയവും വ്യക്തമായി കണ്ടതാണ്... സംസാരിക്കുന്നതിനിടയിലും അവന്റെ കണ്ണുകൾ പലപ്പോഴും ശ്രീയിൽ തന്നെ തറഞ്ഞിരുന്നു എന്നവൻ അസ്വസ്ഥതയോടെ ഓർത്തു.. ശ്രീയുടെ മുഖം മനസ്സിൽ തെളിഞ്ഞു വന്നതും ഇതുവരെ എരിഞ്ഞ കനൽ ചെറുതായി കെട്ടടങ്ങിയത് പോലെ തോന്നി അവന്.. താനിന്ന് അരക്കെട്ടിൽ ചുറ്റിപ്പിടിച്ചപ്പോൾ ആ കണ്ണുകളിൽ തെളിഞ്ഞ പേടിയും പിടച്ചിലും ഓർക്കേ അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നിരുന്നു... അതേ പുഞ്ചിരിയോടെ അവന്റെ കണ്ണുകൾ ആകാശത്തേക്ക് ചലിച്ചു... മേഘങ്ങൾക്കിടയിലൂടെ ഒളിഞ്ഞു നോക്കുന്ന നക്ഷത്രങ്ങൾക്കിടയിൽ അവനാ പെണ്ണിനെ കണ്ടു... തനിക്കായി മാത്രം വിരിയുന്ന പുഞ്ചിരി കണ്ടു.................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story