അഥർവ്വ: ഭാഗം 12

adharva

എഴുത്തുകാരി: അമ്മു അമ്മൂസ്

ശ്രീയുടെ മുഖം മനസ്സിൽ തെളിഞ്ഞു വന്നതും ഇതുവരെ എരിഞ്ഞ കനൽ ചെറുതായി കെട്ടടങ്ങിയത് പോലെ തോന്നി അവന്.. താനിന്ന് അരക്കെട്ടിൽ ചുറ്റിപ്പിടിച്ചപ്പോൾ ആ കണ്ണുകളിൽ തെളിഞ്ഞ പേടിയും പിടച്ചിലും ഓർക്കേ അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നിരുന്നു... അതേ പുഞ്ചിരിയോടെ അവന്റെ കണ്ണുകൾ ആകാശത്തേക്ക് ചലിച്ചു... മേഘങ്ങൾക്കിടയിലൂടെ ഒളിഞ്ഞു നോക്കുന്ന നക്ഷത്രങ്ങൾക്കിടയിൽ അവനാ പെണ്ണിനെ കണ്ടു... തനിക്കായി മാത്രം വിരിയുന്ന പുഞ്ചിരി കണ്ടു... ഉള്ളിൽ അലയടിക്കുന്ന കടലൊരല്പം ശാന്തമായത് പോലെ... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ""തൊട്ട് പോകരുത്....."" ദക്ഷിന്റെ അലർച്ച ചെവിയിൽ മുഴങ്ങിയതും അല്ലിയൊരു ഞെട്ടലോടെ കണ്ണുകൾ വലിച്ചു തുറന്നു.... ശരീരമാകെ വിയർത്തു കുളിച്ചിരുന്നു.... ഇനിയും ആ മുഖം മനസ്സിൽ നിന്നും മാഞ്ഞു പോയിട്ടില്ല എന്ന് തോന്നി...ഇരുട്ട് നിറഞ്ഞ മുറിയിലേക്ക് കണ്ണുകൾ ചലിച്ചപ്പോഴാണ് സ്വപ്നമായിരുന്നു എന്ന് മനസ്സിലായത്.. അവളൊരു ആശ്വാസത്തോടെ മുഖം അമർത്തി തുടച്ചു.... കൈയെത്തിച്ചു മേശമേൽ ഇരുന്ന വെള്ളമെടുത്തു കുടിച്ചിറക്കി... അറിയില്ല എന്തിനാണ് ഡോക്ടറുടെ ആ പെരുമാറ്റം ഇത്രത്തോളം മനസ്സിനെ ബാധിക്കുന്നതെന്ന്...

ആദ്യമായി അങ്ങനെയൊരു മുഖം കണ്ടതിനാലാണെന്ന് മനസ്സിനെ വിശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴും അതിനുമപ്പുറം തന്നിലയാൾ സ്വാധീനം ഉറപ്പിച്ചിരിക്കുന്നു എന്നവളൊരു ഞെട്ടലോടെ ഓർത്തു.. നിറഞ്ഞ കണ്ണുകൾ അമർത്തിത്തുടച്ചു തലയണയിലേക്ക് മുഖം പൂഴ്ത്തുമ്പോഴും കണ്ണുകളിൽ അവന്റെ രൂപം മാത്രം നിറഞ്ഞു നിന്നിരുന്നു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 കുളത്തിലേക്ക് പോകാൻ വേണ്ടി ഉമ്മറത്തേക്ക് ഇറങ്ങിയപ്പോൾ ചാരു കസേരയിൽ എന്തോ ആലോചിച്ചിരിക്കുന്ന അവിയെ കണ്ടതും ജഗന്നാഥൻ ഒന്ന് നിന്നു... രാത്രി ഉറങ്ങിയിട്ടില്ല എന്നത് ആ കണ്ണുകളുടെ ക്ഷീണത്തിൽ നിന്നും വ്യക്തമായിരുന്നു.. ""എന്താടോ.... ഇവിടെ വന്നിരിക്കുന്നത്.. രാത്രി ഉറക്കമൊന്നും ഇല്ലെന്നുണ്ടോ..."" അച്ഛന്റെ ശബ്ദം കേട്ടതും അവി ഞെട്ടിപ്പിടഞ്ഞു എഴുന്നേറ്റു... അവന്റെ മുഖത്ത് എന്തൊക്കെയോ അസ്വസ്ഥതകൾ നിറഞ്ഞു നിൽക്കുന്നതായി തോന്നി അയാൾക്ക്... ഒന്നുകൂടി ശ്രദ്ധയോടെ നോക്കി.... ""എന്താ അവി.... വീണ്ടും എന്തെങ്കിലും ഉണ്ടായോ..."" ""ഹ്മ്മ്.... ""അവിയൊരു നെടുവീർപ്പോടെ മൂളി... ""എന്തൊക്കെയോ വരാനിരിക്കുന്നത് പോലെ എന്റെ മനസ്സ് പറയുന്നച്ഛ.... കഴിഞ്ഞ ദിവസം വിശ്വനു സർപ്പദംശനമേറ്റ ശേഷം ശ്രീയുടെ നേരെയും വന്നിരുന്നു ഒരു നാഗം...."" അവൻ പറയുന്നത് കേട്ടപ്പോൾ ജഗന്നാഥന്റെ മുഖത്ത് അമ്പരപ്പ് നിറഞ്ഞു... അയാളൊരു ഭയത്തോടെ അവനെ നോക്കി.. വീണ്ടും ഒരിക്കൽ കൂടി ആ ഓർമ്മകളിൽ കൂടി സഞ്ചരിക്കുകയായിരുന്നു അവി....

ഭയന്നു വിറച്ചു നിൽക്കുന്ന ശ്രീയുടെ രൂപം വീണ്ടും ഒരിക്കൽ കൂടി മനസ്സിൽ നിറഞ്ഞു നിന്നു.. ""ആ സമയത്ത് ഞാനവിടെ എത്തിയതുകൊണ്ടാണ് എന്ന് തോന്നുന്നു അതിഴഞ്ഞു പോയത്.... അല്ലായിരുന്നുവെങ്കിൽ..."".. അവന്റെ വാക്കുകൾ ഒന്ന് മുറിഞ്ഞു.. ""ഹ്മ്മ്...."" ജഗന്നാഥൻ ഒന്നമർത്തി മൂളി കണ്ണുകൾ അടച്ചു നിന്നു... ""ഇന്നലെ രക്തം കണ്ടു അല്ലെ.."" അച്ഛൻ പറഞ്ഞപ്പോൾ അവിയൊന്ന് മൂളി... അച്ഛന്റെ മുഖത്തും ചെറുതായി ഭയം നിഴലിക്കുന്നത് കണ്ടു... ""ഹ്മ്മ്.... നീ എല്ലാം അറിയാൻ സമയമായിരിക്കുന്നു... ഇനിയും വൈകിയാൽ ഒന്നല്ല... പല ജീവനുകളും നഷ്ടമായി എന്ന് വരും... പിഴയ്ക്കുന്ന ഒരോ ചുവടിലും മരണം പതിയിരിപ്പുണ്ട്..."" ചെന്ന് കുറച്ചു നേരം ഒന്ന് മയങ്ങിക്കോളൂ... ഇന്നലെ രാത്രി ഒരല്പം പോലും കണ്ണടച്ചില്ലല്ലോ.. പറയുന്ന കാര്യങ്ങൾ ജാഗ്രതയോടെ ശ്രവിക്കണമെങ്കിൽ ശരീരത്തിൽ നിന്നും ഈ ക്ഷീണം മാറണം... അതിന് ശേഷം ദേഹശുദ്ധി വരുത്തി പൂജാ മുറിയിലേക്ക് വന്നോളൂ.....""" അവിയുടെ മറുപടിയ്ക്ക് കാത്തു നിൽക്കാതെ അവന്റെ തോളിലൊന്ന് ആശ്വസിപ്പിക്കും വിധം തട്ടിയിട്ട് ജഗന്നാഥൻ മുന്നോട്ട് നടന്നു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 കാലിന് നീറ്റൽ തോന്നിയപ്പോഴാണ് ശ്രീ കണ്ണുകൾ തുറക്കുന്നത്... രാത്രി ഉറങ്ങുന്നതിന്റെ ഇടയിൽ മരുന്ന് ചുറ്റിയ കെട്ടൊക്കെ അഴിഞ്ഞു പോയിരുന്നു...

അത്രയും ആഴത്തിലുള്ള മുറിവാല്ലെങ്കിലും ഉരഞ്ഞു മുറിഞ്ഞതിനാൽ നല്ല നീറ്റൽ ഉണ്ടായിരുന്നു.. ശ്രദ്ധയോടെ കാലൊന്ന് നേരെ വച്ചു... ഇന്നലത്തെ പോലെ ചോരയൊന്നും വരുന്നില്ല... മരുന്നിന്റെ ആകണം... രാവിലെ അവിയേട്ടൻ മരുന്ന് വെക്കാൻ ചെല്ലാൻ പറഞ്ഞത് അപ്പോഴാണ് ഓർമ്മ വന്നത്.. അറിയാതെ ശരീരമാകെ ഒരു വിറയൽ കടന്നു പോയി.. ഇന്നലെ അവി ചെയ്തതൊക്കെ ആലോചിക്കുമ്പോൾ വല്ലാത്തൊരു സന്തോഷം ഉള്ളിൽ നിറയുന്നുണ്ടായിരുന്നു.. ഒരിക്കലും വിചാരിച്ചതല്ല ഇതുപോലെ ചേർത്ത് പിടിക്കുമെന്ന്... വെറുതെ കൈകളൊന്ന് അരക്കെട്ടിൽ തഴുകി... ഇപ്പോഴും അവന്റെ കൈകൾ അവിടെ തന്നെ ബലമായി ചേർത്ത് പിടിച്ചിരിക്കുന്നത് പോലെ.. രാവിലെ അവിടേക്ക് പോകുന്നതാലോചിക്കുമ്പോൾ തന്നെ വല്ലാത്ത വെപ്രാളം തോന്നുന്നു... വേഗം തന്നെ ഒരു പ്ലാസ്റ്റിക് കവർ എടുത്തു കാലിൽ വെള്ളം നനയാത്ത വിധം ചുറ്റിക്കെട്ടി കുളിയൊക്കെ കഴിഞ്ഞു ഇറങ്ങി... കാല് വയ്യാത്തതിനാൽ ജോലിക്ക് പോകേണ്ട എന്നൊരു സമാധാനം ഉണ്ടായിരുന്നു.. അതുകൊണ്ട് തന്നെ പതിവ് സാരി മാറ്റി ചുരിദാർ എടുത്തിട്ടു.... ഇന്നലത്തെ മരുന്നൊക്കെ തുടച്ചു നീക്കി മുറിവ് വൃത്തിയാക്കുമ്പോളാണ് അമ്മ വിളിച്ചത്..

""ശ്രീ... ദാ നിന്നെ കാണാൻ ഒരാള് വന്നിരിക്കുന്നു.."" ""ഈശ്വരാ.... അവിയേട്ടൻ ആണോ എന്തോ.... അങ്ങോട്ട്‌ ചെല്ലാമെന്ന് പറഞ്ഞതല്ലേ... പിന്നെന്തിനാണാവോ ഇങ്ങോട്ട് വന്നത്..."" വെപ്രാളത്തോടെ കൈയിലെ പഞ്ഞിയൊക്കെ എടുത്തു വച്ചു ഉമ്മറത്തേക്ക് നടന്നു.. നടക്കുമ്പോൾ മുറിവ് ഇളകുന്നതിനാലാകണം വേദന തോന്നുന്നുണ്ടായിരുന്നു.. ഹാളിൽ അമ്മയോട് സംസാരിച്ചിരിക്കുന്ന അവിയെ കണ്ടതും മുഖത്തൊരു ചിരി വരുത്തി... അടുത്ത് തന്നെ അല്ലിയും ഇരിപ്പുണ്ട്... തന്നെ കണ്ടതും കുസൃതിയോടെ ചിരിക്കുന്നത് കണ്ടു.... ""ഞാൻ.... ഞാൻ അങ്ങോട്ടേക്ക് വരുമായിരുന്നല്ലോ... ""മടിച്ചു മടിച്ചു പറഞ്ഞു.. ""എന്തിനാ.. മണ്ണും പൊടിയും കേറി ഈ മുറിവ് പഴുപ്പിക്കാനോ.... നീ രണ്ടു മൂന്ന് ദിവസം കഴിഞ്ഞു വന്നാൽ മതി അങ്ങോട്ടേക്ക്... ഇന്നലെ മരുന്ന് തന്നുവിടാൻ പറ്റിയില്ല.... ഇനിയിപ്പോ അമ്മ വച്ചു തന്നോളും.. കൂട്ട് ഞാൻ കൊണ്ട് വന്നിട്ടുണ്ട് അരച്ച് ഇട്ടാൽ മതി ...."" അവിയേട്ടന്റെ വാക്കുകൾക്ക് അമ്മ നന്ദിയോടെ ചിരിക്കുന്നത് കണ്ടു.. പക്ഷേ ഉള്ളിലാകെ ഒരു നിരാശ മൂടുന്നുണ്ടായിരുന്നു .. മരുന്ന് വച്ചു തരുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നോ... ഉള്ളിലെ നിരാശ പുറത്തറിയാതിരിക്കാൻ വേഗം തന്നെ ഒരു ചിരിയുടെ മൂടുപടം അണിഞ്ഞു തലയാട്ടി കാണിച്ചു..

പെട്ടെന്നായിരുന്നു അവിയേട്ടൻ അടുത്തേക്ക് വരുന്നത് കണ്ടത്....കാര്യമെന്താ എന്നറിയാതെ പകച്ചു നോക്കുമ്പോഴേക്കും ആൾ നിലത്തേക്കിരുന്ന് കാലെടുത്തു മടിയിലേക്ക് വച്ചിരുന്നു... ഞെട്ടലോടെ കാലെടുത്തു മാറ്റാൻ ശ്രമിച്ചെങ്കിലും ബലമായി പിടിച്ചതിനാൽ കഴിഞ്ഞില്ല.. അവിയേട്ടനെ ദയനീയമായി നോക്കിയെങ്കിലും അവിടെ പ്രത്യേകിച്ച് ഭാവമൊന്നും കണ്ടില്ല... ശ്രദ്ധയോടെ മുറിവ് നോക്കുന്നുണ്ട്.. വീണ്ടും കാൽ അനക്കാൻ നോക്കിയതോടെ ദേഷ്യത്തിൽ നോക്കി... ""അടങ്ങി നിൽക്ക് പെണ്ണെ.... മുറിവൊന്ന് നോക്കട്ടെ...."" ""ഓഹ്... ""ചുണ്ട് കോട്ടി പിന്നെ മര്യാദക്ക് നിന്നു... ""ഹ്മ്മ്... ചെറുതായി ഉണങ്ങി തുടങ്ങിയിട്ടുണ്ട്... രണ്ടു ദിവസം കൂടി ആ മരുന്ന് അരച്ച് ഇട്ടാൽ മതിയാകും... മുറിവ് ഉണങ്ങിയിട്ട് വന്നാൽ മതി.. പൊടി കയറരുത്....."" എല്ലാം തലയാട്ടി മൂളിക്കേട്ടു... അല്ലിയെ നോക്കാനേ പോയില്ല... അല്ലാതെ തന്നെ അവിടുള്ള ഭാവം അറിയാമായിരുന്നു.. ""ഇവൾക്ക് ഇവിടേക്ക് വരണം എന്ന് പറഞ്ഞപ്പോൾ കൂടെ വന്നതാ... എങ്കിൽ പിന്നെ മരുന്നും കൂടി തരാം എന്ന് വിചാരിച്ചു..

."" അവിയേട്ടന്റെ മറുപടി കേട്ട് കണ്ണ് തള്ളി നിൽക്കുന്ന അല്ലിയെയും അവളെ കൂർപ്പിച്ചു നോക്കുന്ന ആളെയും കണ്ടപ്പോൾ ചിരിപൊട്ടുന്നുണ്ടായിരുന്നു.. അല്ലിയെ ഇവിടെ നിർത്തി പുറത്തേക്ക് ഇറങ്ങുമ്പോഴും ആളൊന്ന് തിരിഞ്ഞു നോക്കുന്നത് കണ്ടു... എത്രയൊക്കെ തടയാൻ ശ്രമിച്ചിട്ടും കണ്ണുകൾ വീണ്ടും അങ്ങോട്ടേക്ക് തന്നെ സഞ്ചരിച്ചിരുന്നു..... ആ നോട്ടവും തന്നിലേക്ക് തന്നെയാണെന്ന് കണ്ട് പിടച്ചിലോടെ തല താഴ്ത്തുമ്പോൾ കവിളിൽ ചുവപ്പ് രാശി പടർന്നു തുടങ്ങിയിരുന്നു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 അവി കുളിച്ചു വേഷം മാറ്റി അച്ഛന് മുന്നിലായി വന്നിരുന്നു... മുൻപിലുള്ള താളിയോലകൾ ഓരോന്നായി തുറന്നു നോക്കുകയായിരുന്നു ജഗന്നാഥൻ.. ""ഈ പ്രെശ്നങ്ങൾക്കെല്ലാം ഒരുത്തരമേയുള്ളു അവി.... അത് നീയാണ്... നിന്നിലേക്കുള്ള വഴിയായി തിരഞ്ഞെടുത്തിരിക്കുന്നത് ശ്രീ മോളെയും.... ഇനി മുന്നോട്ടുള്ള ഒരു ചുവട് പിഴച്ചാൽ തന്നെ പകരം കൊടുക്കേണ്ടി വരുന്നത് ആരുടെയെങ്കിലും ജീവനാകും..."" അവി ഞെട്ടലോടെയാണ് അച്ഛന്റെ വാക്കുകൾ കേട്ടിരുന്നത്... അതേ സമയം നൂറ്റാണ്ടിന് മുൻപ് തുടങ്ങിയ പകയുടെ ചരിത്രമായിരുന്നു ജഗന്നാഥന്റെ മനസ്സിൽ...............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story