അഥർവ്വ: ഭാഗം 13

adharva

എഴുത്തുകാരി: അമ്മു അമ്മൂസ്

അവി കുളിച്ചു വേഷം മാറ്റി അച്ഛന് മുന്നിലായി വന്നിരുന്നു... മുൻപിലുള്ള താളിയോലകൾ ഓരോന്നായി തുറന്നു നോക്കുകയായിരുന്നു ജഗന്നാഥൻ.. ""ഈ പ്രെശ്നങ്ങൾക്കെല്ലാം ഒരുത്തരമേയുള്ളു അവി.... അത് നീയാണ്... നിന്നിലേക്കുള്ള വഴിയായി തിരഞ്ഞെടുത്തിരിക്കുന്നത് ശ്രീ മോളെയും.... ഇനി മുന്നോട്ടുള്ള ഒരു ചുവട് പിഴച്ചാൽ തന്നെ പകരം കൊടുക്കേണ്ടി വരുന്നത് ആരുടെയെങ്കിലും ജീവനാകും..."" അവി ഞെട്ടലോടെയാണ് അച്ഛന്റെ വാക്കുകൾ കേട്ടിരുന്നത്... അതേ സമയം നൂറ്റാണ്ടിന് മുൻപ് തുടങ്ങിയ പകയുടെ ചരിത്രമായിരുന്നു ജഗന്നാഥന്റെ മനസ്സിൽ.. അച്ഛന്റെ മനസ്സിൽ എന്തൊക്കെയോ കനലുകൾ ഇനിയും അവശേഷിക്കുന്നതായി തോന്നി അവിക്ക്. അവൻ ജാഗ്രതയോടെ അച്ഛന്റെ ഒരോ വാക്കുകൾക്കുമായി കാത് കൂർപ്പിച്ചു.. ""കുറച്ചൊക്കെ നിനക്കും അറിയാം അവി... ഇന്നും ദൈവങ്ങളുടെ കൂടെ ഗരുഡനെ കൂടി ആരാധിക്കുന്ന തറവാടാണ് ഇത്... അതിനോരോന്നിനും പിന്നിൽ ഇനിയും മണ്മറഞ്ഞു പോയിട്ടില്ലാത്ത ചരിത്രങ്ങളുണ്ട്.. നിന്റെ മുത്തച്ഛന്റെ അച്ഛന്റെ കാലം മുതൽക്കാണ് ഗരുഡ ദേവനെ കൂടി തറവാട്ടിൽ ആരാധിച്ചു തുടങ്ങിയത്... എല്ലാത്തിന്റെയും തുടക്കം അവനിൽ നിന്നായിരുന്നു മർത്താണ്ഡനിൽ നിന്നും...

നിന്റെ മുത്തച്ഛന്റെ അച്ഛനായ മാനവേന്ദ്രനാണ് വൈകുണ്ഠത്തിലെ അന്നത്തെ അധിപൻ. ചെറിയ രീതിയിലുള്ള വൈദ്യവും ജ്യോതിഷവും ഒക്കെ കൈമുതലായി കൂടെ ഉണ്ടായിരുന്നു അദ്ദേഹത്തിന്... ആയിടയ്ക്കാണ് മർത്താണ്ഡനും കുടുംബവും ഈ നാട്ടിലേക്ക് കുടിയേറി താമസിക്കാൻ വരുന്നത്.... ഇപ്പോഴത്തെ നമ്മുടെ ആയുർവേദ ആശുപത്രിയുടെ പിന്നിലായി ഒരു തകർന്നു കിടക്കുന്ന മനയുണ്ട്... അതവര് വിലയ്ക്ക് വാങ്ങി... ആദ്യം തന്നെ തന്റെ കൈയിലുള്ള നുറുങ്ങു മരുന്നുകൾ നൽകി ആളുകളെ കൈയിലെടുക്കുകയായിരുന്നു മർത്താണ്ഡൻ... പോകെ പോകെ തറവാട്ടിലേക്ക് മരുന്ന് തിരക്കി വരുന്നവരുടെ എണ്ണം നന്നേ കുറഞ്ഞു.... വളരെ പെട്ടെന്നായിരുന്നു മർത്താണ്ഡന്റെ വളർച്ച... ആദ്യമാദ്യം സൗജന്യമായി കൊടുത്തു തുടങ്ങിയ മരുന്നുകൾക്ക് പിന്നീട് പണം വാങ്ങാൻ തുടങ്ങി... അപ്പോഴേക്കും ജനങ്ങളുടെ മനസ്സിലൊരു വിശ്വാസ്യത അയാൾ നേടിയിരുന്നു... ചുറ്റുമുള്ള നിലങ്ങൾ ഓരോന്നായി മർത്താണ്ഡന്റേതായി മാറി.... അതയാളെ തെല്ലൊന്നുമല്ല അഹങ്കാരിയാക്കിയത്... മർത്താണ്ഡൻ വൈദ്യം ചെയ്യുമെങ്കിലും ചില മരുന്ന് കൂട്ടുകൾ വൈകുണ്ഠം തറവാട്ടിലെ കാരണവർക്ക് മാത്രം സ്വന്തമായിരുന്നു...

അവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സർപ്പ വിഷം നിമിഷ നേരങ്ങൾ കൊണ്ട് ശരീരത്തിൽ നിന്നും ഇല്ലാതെയാക്കുന്ന മരുന്ന് കൂട്ട്... അത് നേടാനായിരുന്നു പിന്നീട് മർത്താണ്ഡന്റെ ശ്രമം. സ്വാധീനിക്കാനുള്ള ശ്രമങ്ങൾ ഓരോന്നായി പരാജയപ്പെട്ടപ്പോൾ ഉള്ളിൽ പക നിറഞ്ഞു. പണമായും പൊന്നായും വാഗ്ദാനങ്ങൾ നിറഞ്ഞെങ്കിലും ഫലമൊന്നും കാണാതെയുള്ള നിരാശയിൽ ഏത് വിധേനയും ആ മരുന്ന് കൂട്ട് സ്വന്തമാക്കണം എന്ന വാശി മർത്താണ്ഡന്റെ ഉള്ളിൽ നിറഞ്ഞു.. പതിയെ പതിയെ ആഭിചാരത്തിലേക്ക് തിരിഞ്ഞു തുടങ്ങി അയാളും കൂട്ടാളികളും...എങ്കിലും മാനവേന്ദ്രൻ പതറാതെ നിന്നു.. ആയിടയ്ക്കാണ് ഗ്രാമത്തിൽ നിന്നും പെൺകുട്ടികളെ കാണാതാകുന്നതായി വാർത്ത പടർന്നു തുടങ്ങിയത്... ഒക്കെയും കൗമാരത്തിലേക്ക് കടന്ന പെൺകുട്ടികൾ.. അർദ്ധരാത്രി സ്വന്തം വീടുകളിൽ നിന്ന് വരെ കാണാതെ ആകുന്നു....കൂടുതലും പണിക്കാരുടെ കുടിലിലെ പെൺകുട്ടികളായിരുന്നു....ആരും ചോദിക്കാനോ അന്വേഷിക്കാനോ ഇല്ലാത്ത പെൺകുട്ടികൾ.. ആളുകൾ ആകെ ഭയന്നു വിറച്ചിരുന്നു... പലരും മുത്തച്ഛനോട് വന്നപേക്ഷിച്ചു അവരുടെ മക്കളെ തിരികെ കിട്ടാനായി... കവടി നിരത്തിയിട്ടും മഷി നോക്കിയിട്ടും ഒന്നും തെളിഞ്ഞില്ല.... ആരോ മന്ത്ര ശക്തി കൊണ്ട് ഒരു കവചം തീർക്കും പോലെ.... ഒരു മറയ്ക്ക് പിന്നിൽ നിന്നും ഇത് ചെയ്യുന്നവരെ കണ്ടെത്താതെ ഊണും ഉറക്കവും പോലും മുത്തച്ഛൻ ഉപേക്ഷിച്ചു..

മൂന്ന് ദിവസത്തെ കഠിന വ്രതത്തിനും ഉപവാസത്തിനും ശേഷം നാലാം നാൾ കവടി നിരത്തി.... ഇടിഞ്ഞു കിടക്കുന്ന പടിക്കെട്ടുകളാണ് ആദ്യം മനസ്സിൽ തെളിഞ്ഞത്... ബന്ധനത്തിൽ അകപ്പെട്ട ഒരായിരം സർപ്പങ്ങളുടെ സീൽക്കാര ശബ്ദം ചുറ്റും മുഴങ്ങും പോലെ...അരുതാത്തത് എന്തോ നടക്കും പോലെ അവ ഉച്ചത്തിൽ വിലപിക്കുന്നുണ്ടായിരുന്നു... മുത്തച്ഛൻ അതേ ഗൗരവത്തിൽ തന്നെ മുന്നോട്ടുള്ള തടസ്സങ്ങൾ ഓരോന്നായി അഴിച്ചു തുടങ്ങി...മനസ്സ് പൂർണ്ണമായും സമർപ്പിച്ചു കണ്ണുകൾ അടച്ചിരുന്നു... ഉച്ചത്തിൽ മന്ത്രങ്ങൾ ജപിച്ചു കൊണ്ടിരുന്നു... ആദ്യം കണ്ണിൽ തെളിഞ്ഞത് ഒരു കൊച്ചു പെൺകുട്ടിയാണ്... അവളെങ്ങനെ അർദ്ധ ബോധവസ്ഥയിൽ എന്ന പോലെ ഒരു തൂണിലേക്ക് ചാരി ഇരിക്കുന്നു... രണ്ടു കണ്ണുകളും തളർച്ച ബാധിച്ചെന്നത് പോലെ കൂമ്പി അടഞ്ഞിരുന്നു... ചുവന്ന പട്ട് ഞൊറിഞ്ഞു ഒരു ചേല പോലെ അവളെ ചുറ്റിയിരുന്നു... നെറ്റിയിൽ കുങ്കുമം കൊണ്ട് വലിയ ഒരു പൊട്ട് കുത്തിയിരിക്കുന്നു... തളർച്ചയോടെ വാടി കുഴഞ്ഞിരിക്കുന്ന അവളെ രണ്ടു കൈകൾ കോരി എടുത്തു മുന്നോട്ട് നടക്കുന്നത് കണ്ടതും മാനവേന്ദ്രന്റെ നെറ്റി ഒന്ന് ചുളിഞ്ഞു.. അവളെ എടുത്തു മുന്നോട്ട് നടക്കുന്ന ആ രൂപത്തിന് പതിയെ മർത്താണ്ഡന്റെ ഛായ വന്നു തുടങ്ങി...

അയാളാ പെൺകുട്ടിയെ കുറച്ചു മുൻപിലായുള്ള കരിങ്കല്ലിന്റെ മുകളിലേക്ക് കിടത്തുന്നതും അവൾക്ക് ചുറ്റും മന്ത്രങ്ങളുമായി നടക്കുന്നതും കണ്മുന്നിൽ എന്നത് പോലെ മാനവേന്ദ്രൻ കണ്ടു..... അയാളുടെ കൈയിലേക്ക് ആരോ വച്ചു കൊടുത്ത ഇരുതല മൂർച്ചയുള്ള വാൾ അവളിലേക്ക് അടുത്തതും അയാളൊരു ഞെട്ടലോടെ കണ്ണുകൾ വലിച്ചു തുറന്നു... മുൻപിൽ കണ്ട ദൃശ്യങ്ങളുടെ ഭീകരത അപ്പോഴും മാറിയിട്ടില്ലായിരുന്നു.. സർപ്പങ്ങളുടെ ആ നിലവിളിച്ചുകൊണ്ടുള്ള സീൽക്കാര ശബ്ദം ചുറ്റും നിറയും പോലെ തോന്നിയതും മാനവേന്ദ്രൻ തളർച്ചയോടെ കണ്ണുകൾ അടച്ചു ചുമരിലേക്ക് ചാഞ്ഞിരുന്നു.. മുന്നോട്ടുള്ള ഒരോ നീക്കങ്ങളും കണക്ക് കൂട്ടുകയായിരുന്നു അയാളുടെ മനസ്സ്.."" അച്ഛൻ പറയുന്ന വാക്കുകൾ കേട്ടതും ഉള്ളം കാലിലൂടെ ഒരു പെരുപ്പ് ശരീരമാകെ പടരും പോലെ തോന്നി അവിക്ക്... അവിശ്വസനീയതയോടെ അവന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഫോണിലെ കാൾ നോട്ടിഫിക്കേഷൻ ലേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു അല്ലി. ശ്രീയോട് സംസാരിച്ചുകൊണ്ട് ഇരുന്നപ്പോൾ കാൾ വന്നത് കണ്ടിട്ടും മനപ്പൂർവം എടുത്തിരുന്നില്ല... ""ഡോക്ടറാണ്... രാവിലെ മുതൽ വിളിച്ചുകൊണ്ടേ ഇരിക്കുന്നു...

""ശ്രീ നോക്കുന്നത് കണ്ടപ്പോൾ മടിച്ചു മടിച്ചു പറഞ്ഞു.. അവളുടെ മുഖം ഒന്ന് മാറിയത് പോലെ തോന്നി.. എങ്കിലും എടുക്കാനായി കണ്ണുകൾ കൊണ്ട് കാണിച്ചു... ഒടുവിൽ ഇനിയും എടുക്കാതെ ഇരിക്കേണ്ട എന്ന് കരുതി അവളൊരു മടിയോടെ ഫോൺ എടുത്തു ചെവിയോട് ചേർത്തു..ജനലിന്റെ അരികിലേക്ക് നടന്നു.. ""ചിലരൊക്കെ ഭയങ്കര ഗൗരവത്തിൽ ആണെന്ന് തോന്നുന്നല്ലോ... ഫോൺ എടുത്താൽ സാധാരണ ഒരു നൂറു ചോദ്യം ഇങ്ങോട്ട് വരുന്നതാണല്ലോ.."" താൻ മിണ്ടാതെ ഇരിക്കുന്നതറിഞ്ഞു മറുവശത്തു നിന്നും കുസൃതി നിറഞ്ഞ സ്വരം കേട്ടതും അവളുടെ മുഖത്ത് ഒരു ചിരി വിടർന്നു.. എങ്കിലും ഒന്നും പറയാൻ പോയില്ല.. ""ഇന്നലെ ദേഷ്യപ്പെട്ടതിനാണ് ഈ പിണക്കമെങ്കിൽ സോറി... ഇന്നലേ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നെടോ.."". അപ്പോഴും മൗനത്തെ തന്നെ കൂട്ട് പിടിച്ചു.. ""ഹാ എന്തെങ്കിലും ഒന്ന് പറയെടോ.. താനിങ്ങനെ ഒന്നും മിണ്ടാതെ ജനലിൽ കൂടി പുറത്തേക്ക് നോക്കി നിൽക്കുന്നത് കാണാൻ ഒരു രസവുമില്ല.."" അത് കേട്ടതും ഞെട്ടലോടെ ചുറ്റും നോക്കി... റോഡിന്റെ മറുവശത്തായി കൈകൾ കെട്ടി ബൈക്കിലേക്ക് ചാരി നിൽക്കുന്ന അവനെ കണ്ടതും കണ്ണുകൾ വികസിച്ചു.................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story